അല്ലാഹുവിനെ ആരാധിക്കുന്നതിനായി ലോകത്ത് ആദ്യമായി നിർമ്മിച്ച ആരാധനാലയമാണ് ‘അല്ലാഹുവിന്റെ ഭവനം’ എന്നറിയപ്പെടുന്ന മക്കയിലുള്ള ‘കഅ്ബ’.
إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِى بِبَكَّةَ مُبَارَكًا وَهُدًى لِّلْعَٰلَمِينَ
തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു.) (ഖു൪ആന്‍ :3/96)
عَنْ أَبِي ذَرٍّ، قَالَ ـ رضى الله عنه ـ قَالَ قُلْتُ يَا رَسُولَ اللَّهِ، أَىُّ مَسْجِدٍ وُضِعَ فِي الأَرْضِ أَوَّلُ قَالَ ” الْمَسْجِدُ الْحَرَامُ ”. قَالَ قُلْتُ ثُمَّ أَىٌّ قَالَ ” الْمَسْجِدُ الأَقْصَى ”. قُلْتُ كَمْ كَانَ بَيْنَهُمَا قَالَ ” أَرْبَعُونَ سَنَةً،…. ”.
അബുദര്‍റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ആദ്യമായി ഭൂമിയില്‍ സ്ഥാപിതമായ പളളി ഏതാണ്. നബി ﷺ പറഞ്ഞു: (മക്കയിലുള്ള) മസ്ജിദുല്‍ഹറാം. പിന്നീട് ഏത് പളളിയാണെന്ന് ഞാന്‍ ചോദിച്ചു. നബി ﷺ പറഞ്ഞു: (ഫലസ്തീനിലുള്ള) ബൈത്തുല്‍ മുഖദ്ദസ്. എത്രകൊല്ലം ഇടവിട്ടാണ് അവ രണ്ടും സ്ഥാപിതമായത്? നബി ﷺ പറഞ്ഞു: നാല്പത് കൊല്ലം ഇടവിട്ട്. (ബുഖാരി:3366)
ആദ്യമായി നിർമ്മിച്ച ആരാധനാലയം ‘മസ്ജിദുല്‍ ഹറാം’ ആണെന്നാണ് ഈ ഹദീസിൽ പറഞ്ഞിട്ടുള്ളത്. കഅ്ബയും സമീപത്തുള്ള മസ്ജിദുമാണ് അതുകൊണ്ടുള്ള ഉദ്ദേശ്യം. മസ്ജിദുൽ ഹറാമിന്റെ മധ്യത്തിലായി സമചതുരാകൃതിയിലാണ് അല്ലാഹുവിന്റെ ഭവനമായ കഅ്ബ സ്ഥിതി ചെയ്യുന്നത്. സമചതുരമായതിനാലാണ് ഇതിന് കഅ്ബ എന്ന് വിളിക്കപ്പെടുന്നത്. അതിന്റെ വാതിൽ ഭൂതല നിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്നു.
കഅ്ബ എന്ന പേരിൽതന്നെ വിശുദ്ധ ഖുർആനിൽ അത് പരാമർശിക്കപ്പെട്ടിരിക്കുന്നു. അതല്ലാത്ത മറ്റ് പേരുകളിലും അത് അറിയപ്പെട്ടിരിക്കുന്നു.
جَعَلَ ٱللَّهُ ٱلْكَعْبَةَ ٱلْبَيْتَ ٱلْحَرَامَ قِيَٰمًا لِّلنَّاسِ
പവിത്ര ഭവനമായ കഅ്ബയെ അല്ലാഹു ജനങ്ങളുടെ നിലനില്‍പിന് ആധാരമാക്കിയിരിക്കുന്നു. (ഖു൪ആന്‍ :5/97)
അല്ലാഹു കഅ്ബയെ പവിത്ര ഭവനമെന്നാണ് ഈ ആയത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത്. പുരാതന മന്ദിരമെന്ന് കഅ്ബയെ മറ്റൊരു വചനത്തിൽ അല്ലാഹു വിശേഷിപ്പിച്ചത് കാണുക:
ثُمَّ لْيَقْضُوا۟ تَفَثَهُمْ وَلْيُوفُوا۟ نُذُورَهُمْ وَلْيَطَّوَّفُوا۟ بِٱلْبَيْتِ ٱلْعَتِيقِ
പിന്നെ അവര്‍ തങ്ങളുടെ അഴുക്ക് നീക്കികളയുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ. (ഖു൪ആന്‍ :22/29)
ഭൂമിയിലെ ഒരു നിർഭയ സ്ഥാനമാണ് കഅ്ബ. ആര് അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്.
وَإِذْ جَعَلْنَا ٱلْبَيْتَ مَثَابَةً لِّلنَّاسِ وَأَمْنًا
(ആ) വീട്ടിനെ [കഅ്ബഃയെ] നാം മനുഷ്യര്‍ക്ക് ഒരു സങ്കേതവും, ഒരു നിര്‍ഭയ(സ്ഥാന)വും ആക്കിവെച്ച സന്ദര്‍ഭം (ഓര്‍ക്കുക) (ഖുർആൻ:2/125)
وَمَن دَخَلَهُۥ كَانَ ءَامِنًا
ആര് അവിടെ (കഅ്ബയിൽ) പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്.(ഖുർആൻ:3/97)
മുഹമ്മദ് അമാനി മൗലവി رحمه الله എഴുതുന്നു: അതുപോലെത്തന്നെ, പണ്ട് കാലം മുതല്‍ക്കേ എല്ലാവരും അംഗീകരിച്ചു വന്ന ഒരു തത്വമാണ് അവിടെ ആര്‍ തന്നെ പ്രവേശിച്ചാലും അവന്‍ നിര്‍ഭയനാണ് (وَمَنْ دَخَلَهُ كَانَ آمِنًا) എന്നുള്ളതും, എത്ര വമ്പിച്ച അക്രമിയോ, കുറ്റവാളിയോ ആയാലും അവിടെ പ്രവേശിച്ചു കഴിഞ്ഞവന് അതൊരു പരിപൂര്‍ണ അഭയസ്ഥാനം തന്നെ. അവന്‍ ഉപദ്രവിക്കപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്കയില്ല. സ്വന്തം മാതാപിതാക്കളെ വെട്ടിക്കൊന്ന ഘാതകനെ അവിടെ വെച്ച് കണ്ടാല്‍, അവന്‍ പുറത്തുകടക്കുന്നത് നോക്കിനില്‍ക്കുവാനേ ഭരണാധികാരികള്‍ക്കുപോലും നിര്‍വ്വാഹമുള്ളൂ. അവിടെവെച്ച് പ്രതികാര നടപടി എടുത്തുകൂടാ. കൂടാതെ, ദൂരദേശങ്ങളില്‍ നിന്ന് കൊല്ലം തോറും ഹജ്ജ് കര്‍മത്തിനായി വരുന്നവര്‍ നിര്‍ഭയരായി വന്നുപോകത്തക്കവണ്ണം ഹജ്ജുമാസത്തിലും അതിന്‍റെ മുമ്പും പിമ്പുമായി ദുല്‍ക്വഅദ്, മുഹര്‍റം എന്നീ മാസങ്ങളിലും മുമ്പ് മുതലേ യുദ്ധം നിരോധിക്കപ്പെട്ടിട്ടുമുണ്ട്. ഇടക്കുവെച്ച് ഉംറഃ കര്‍മം ചെയ്യാന്‍ ചെല്ലുന്നവരുടെ സൗകര്യാര്‍ത്ഥം റജബു മാസവും യുദ്ധം നിരോധിക്കപ്പെട്ടിരിക്കുന്നു. ഇതെല്ലാം ജാഹിലിയ്യാ കാലത്തും, ഇസ്‌ലാമിലും നിലവിലുള്ള കാര്യങ്ങളത്രെ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 3/96 ന്റെ വിശദീകരണം)
കഅ്ബ ആദ്യമായി നിർമ്മിച്ചത് ആരാണെന്ന കാര്യത്തിൽ പണ്ഢിതൻമാർക്കിടയിൽ അഭിപ്രായ വ്യതായസമുണ്ട്. ഇബ്‌റാഹീം നബി عليه السلام യും മകൻ ഇബ്രാഹിം നബി عليه السلام യും കൂടി കഅ്ബയുടെ നിർമ്മാണം നടത്തിയത് വിശുദ്ധ ഖുർആൻ സൂചിപ്പിക്കുന്നത് കാണുക:
وَإِذْ يَرْفَعُ إِبْرَٰهِـۧمُ ٱلْقَوَاعِدَ مِنَ ٱلْبَيْتِ وَإِسْمَٰعِيلُ رَبَّنَا تَقَبَّلْ مِنَّآ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ
ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക.) (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍ :2/127)
ثُمَّ جَاءَ بَعْدَ ذَلِكَ، وَإِسْمَاعِيلُ يَبْرِي نَبْلاً لَهُ تَحْتَ دَوْحَةٍ قَرِيبًا مِنْ زَمْزَمَ، فَلَمَّا رَآهُ قَامَ إِلَيْهِ، فَصَنَعَا كَمَا يَصْنَعُ الْوَالِدُ بِالْوَلَدِ وَالْوَلَدُ بِالْوَالِدِ، ثُمَّ قَالَ يَا إِسْمَاعِيلُ، إِنَّ اللَّهَ أَمَرَنِي بِأَمْرٍ. قَالَ فَاصْنَعْ مَا أَمَرَكَ رَبُّكَ. قَالَ وَتُعِينُنِي قَالَ وَأُعِينُكَ. قَالَ فَإِنَّ اللَّهَ أَمَرَنِي أَنْ أَبْنِيَ هَا هُنَا بَيْتًا. وَأَشَارَ إِلَى أَكَمَةٍ مُرْتَفِعَةٍ عَلَى مَا حَوْلَهَا. قَالَ فَعِنْدَ ذَلِكَ رَفَعَا الْقَوَاعِدَ مِنَ الْبَيْتِ، فَجَعَلَ إِسْمَاعِيلُ يَأْتِي بِالْحِجَارَةِ، وَإِبْرَاهِيمُ يَبْنِي، حَتَّى إِذَا ارْتَفَعَ الْبِنَاءُ جَاءَ بِهَذَا الْحَجَرِ فَوَضَعَهُ لَهُ، فَقَامَ عَلَيْهِ وَهْوَ يَبْنِي، وَإِسْمَاعِيلُ يُنَاوِلُهُ الْحِجَارَةَ، وَهُمَا يَقُولاَنِ {رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ}. قَالَ فَجَعَلاَ يَبْنِيَانِ حَتَّى يَدُورَا حَوْلَ الْبَيْتِ، وَهُمَا يَقُولاَنِ {رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ }.
…….. മറ്റൊരിക്കൽ ഇബ്‌റാഹീം عليه السلام മകന്റെ അടുക്കല്‍ ചെന്നു. അന്നേരം ഇസ്മാഈല്‍ عليه السلام സംസമിന്റെ അടുത്തുള്ള ഒരു വൃക്ഷത്തിനു താഴെ അമ്പ് ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. പിതാവിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് എഴുന്നേറ്റ് ചെന്നു. (പരസ്പരം കണ്ടുമുട്ടുമ്പോള്‍) പിതാവും പുത്രനും ചെയ്യുന്നതെല്ലാം അവര്‍ ചെയ്തു. പിന്നീട് ഇബ്‌റാഹീം عليه السلام പറഞ്ഞു: ‘ഇസ്മാഈല്‍, അല്ലാഹു എന്നോട് ഒരു കാര്യം (ചെയ്യുവാന്‍) കല്‍പിച്ചിരിക്കുന്നു.’ ഇസ്മാഈല്‍ عليه السلام പറഞ്ഞു: ‘താങ്കളുടെ റബ്ബ് താങ്കളോട് പറഞ്ഞത് ചെയ്തുകൊള്ളുക.’ ഇബ്‌റാഹീം عليه السلام ചോദിച്ചു: ‘നീ എന്നെ സഹായിക്കുമോ?’ ഇസ്മാഈല്‍ عليه السلام പറഞ്ഞു: ‘ഞാന്‍ താങ്കളെ സഹായിക്കുന്നതാണ്.’ അവര്‍ താമസിച്ചിരുന്ന സ്ഥലത്തിനടുത്ത് ഉയര്‍ന്നുനില്‍ക്കുന്ന ചെറിയ മണ്‍കൂനകളുടെചുറ്റും ചൂണ്ടിക്കാണിച്ചകൊണ്ട് ഇബ്‌റാഹീം عليه السلام പറഞ്ഞു: ‘അല്ലാഹു എന്നോട് ഇവിടെ ഒരു ഭവനം നിര്‍മിക്കുവാന്‍ കല്‍പിച്ചിരിക്കുന്നു.’ അങ്ങനെ ഇരുവരും അതിനടുത്ത് ഭവനത്തിനുള്ള തൂണുകള്‍ ഉയര്‍ത്തി. ഇസ്മാഈല്‍ عليه السلام കല്ല് കൊണ്ടുവരുന്നു. ഇബ്‌റാഹീം عليه السلام നിര്‍മിക്കുന്നു. അങ്ങനെ കെട്ടിടം ഉയരത്തിലായി. ഇസ്മാഈല്‍ عليه السلام ഒരു കല്ല് കൊണ്ടുവന്ന് (പിതാവിന്) വെച്ചുകൊടുത്തു. അദ്ദേഹം (പിതാവ്) അതില്‍ കയറിനിന്ന് നിര്‍മാണം തുടരുന്നു. ഇസ്മാഈല്‍ عليه السلام അദ്ദേഹത്തിന് കല്ലുകള്‍ കൈമാറുന്നു. അവര്‍ ഇരുവരും ഇപ്രകാരം പറയുന്നുമുണ്ട്: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്നും നീ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണല്ലോ.’ നബി ﷺ പറയുകയാണ്: ”അങ്ങനെ അവര്‍ ഇരുവരും (അത്) നിര്‍മിക്കുകയാണ്. ആ ഭവനത്തിന് ചുറ്റും നടന്നുകൊണ്ട് അവര്‍ ഇരുവരും പറയുന്നുണ്ട്: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്നും നീ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണല്ലോ”. (ബുഖാരി:3364)
ഇവർ കഅ്ബ നിര്‍മ്മിക്കുന്നതിനു മുമ്പ് അവിടെ കഅ്ബ ഉണ്ടായിരുന്നോ ഇല്ലേ എന്ന എന്ന ഒരു ചര്‍ച്ച പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. പരിശുദ്ധ ഖുര്‍ആനിലോ സ്വഹീഹായ ഹദീഥുകളിലോ ഇബ്‌റാഹീം നബി عليه السلام യും ഇസ്മാഈല്‍ നബിعليه السلام യും നിര്‍മിക്കുന്നതിനുമുമ്പേ അവിടെ കഅ്ബ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടില്ല. മലക്കുകള്‍ മുമ്പേ അവിടെ കഅ്ബ നിര്‍മിച്ചിരുന്നെന്നും പിന്നീട് ആദം عليه السلام നിര്‍മിച്ചുവെന്നും അതിനു ശേഷം പലരുടെയും കൈകളാല്‍ നിര്‍മിക്കപ്പെടുകയും പിന്നീട് അതിന് നാശം സംഭവിക്കുകയും ചെയ്തുവെന്നും ആ സ്ഥലത്ത് തന്നെ പിന്നീട് ഇബ്‌റാഹീം നബി عليه السلام യും ഇസ്മാഈല്‍ നബി عليه السلام യും കഅ്ബ നിര്‍മിക്കുകയാണുണ്ടായതെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ട്. ഈ അഭിപ്രായം പൂര്‍ണമായും ശരിയെന്നോ ശരിയല്ലെന്നോ പറയുവാന്‍ കഴിയില്ല.
മുഹമ്മദ് അമാനി മൗലവി رحمه الله എഴുതുന്നു: ഇബ്‌റാഹീം നബി عليه السلام ക്ക് മുമ്പുതന്നെ കഅ്ബഃ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും, കാലക്രമത്തില്‍ അത് നശിച്ചുപോയ ശേഷം അതിന്‍റെ അടിത്തറയില്‍ നിന്ന് വീണ്ടും അതിനെ കെട്ടിപ്പൊക്കി പുനര്‍നിര്‍മാണം ചെയ്യുകയാണദ്ദേഹം ചെയ്തതെന്നുമാണ് പല മഹാന്‍മാരുടെയും അഭിപ്രായം. ഇതിന് പിന്‍ബലമായി പല രിവായത്തുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ മാര്‍ഗങ്ങള്‍ ബലവത്തല്ല. അതേ സമയം, ഈ അഭിപ്രായം ശരിയല്ലെന്ന് തീരുമാനിക്കത്തക്കവിധം ക്വുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും വ്യക്തമായ തെളിവുകളും ഇല്ല. അതുകൊണ്ട് വാസ്തവം അല്ലാഹുവിങ്കലേക്ക് വിടുവാനേ നിവൃത്തിയുള്ളൂ. രണ്ടായാലും ഭൂമിയില്‍ അല്ലാഹുവിനെ ആരാധിക്കുവാന്‍ സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ മന്ദിരം കഅ്ബഃയാണെന്നുള്ളതില്‍ സംശയമില്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 3/96 ന്റെ വിശദീകരണം)
കഅ്ബയുടെ നിര്‍മാണം നടക്കുമ്പോള്‍ ഇബ്‌റാഹീം നബി عليه السلام ഒരു കല്ലില്‍ കയറി നിന്ന് പടവ് പൂര്‍ത്തിയാക്കിയത് പറഞ്ഞുവല്ലോ. കഅ്ബ പടുത്തുയര്‍ത്തുവാന്‍ വേണ്ടി ഇബ്‌റാഹീം عليه السلامനിന്നിരുന്ന കല്ലാണ് മക്വാമു ഇബ്‌റാഹീം. ചുവര് പൊന്തിയപ്പോള്‍ അദ്ദേഹത്തിന് ചവിട്ടി നില്‍ക്കുവാന്‍ ഇസ്മാഈല്‍ عليه السلام കൊണ്ടുവന്ന് കൊടുത്തതാണത്. അങ്ങനെ, ഇസ്മാഈല്‍ عليه السلام കല്ലുകള്‍ കൊണ്ടുവരുകയും അദ്ദേഹം അതിന്‍മേല്‍ നിന്ന് ചുവര് പടുത്തു പൊന്തിക്കുകയും ചെയ്യുമായിരുന്നു. ഒരു ഭാഗം പൂര്‍ത്തിയാകുമ്പോള്‍ അത് മറ്റേ ഭാഗത്തേക്ക് നീക്കും. അങ്ങനെ പടവ് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ആ കല്ല് ഇബ്‌റാഹീം عليه السلام കഅ്ബയുടെ വാതിലിനടുത്ത് ഉപേക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കാല്‍പാടുകള്‍ രണ്ടും ആ കല്ലില്‍ വ്യക്തമായി പതിഞ്ഞിരുന്നു. കാലക്രമേണ ആ പാടുകള്‍ ഇല്ലാതെയാവുകയാണ് ചെയ്തത്.
കഅ്ബയുടെ വാതിലിനടുത്തുണ്ടായിരുന്ന ആ കല്ല് ഉമര്‍ رَضِيَ اللَّهُ عَنْهُ വിന്റെ ഖിലാഫത്ത് കാലത്ത് അവിടെ നിന്നും അല്‍പം നീക്കി. ത്വവാഫ് ചെയ്യുന്നവരുടെ പ്രയാസം കാരണം അവിടെ നിന്ന് പിന്നീട് ഇന്ന് നാം കാണുന്ന ആ സ്ഥലത്തേക്ക് മാറ്റി ഒരു ക്വുബ്ബക്കകത്താക്കുകയാണ് ചെയ്തത്. പിന്നീട് ഫൈസ്വല്‍ രാജാവ് അത് ഒരു പളുങ്ക് കൂടാരത്തിലാക്കി, ഗ്രില്‍സിലാക്കി അത് പൂട്ടിവെക്കുകയും ചെയ്തു. അതില്‍ തൊടലോ മുത്തലോ ഒന്നും പുണ്യമുള്ളതാക്കിയിട്ടില്ലെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ അതിനെ ഇടയിലാക്കി കഅ്ബഃയുടെ നേരെ തിരിഞ്ഞ് രണ്ട് റക്അത്ത് നമസ്‌കരിക്കലാണ് ഇസ്‌ലാം പുണ്യ കര്‍മമാക്കിയിട്ടുള്ളത്.
وَٱتَّخِذُوا۟ مِن مَّقَامِ إِبْرَٰهِـۧمَ مُصَلًّى
ഇബ്രാഹീം നിന്ന് പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര (പ്രാര്‍ത്ഥന) വേദിയായി സ്വീകരിക്കുക. (ഖു൪ആന്‍ :2/125)
കഅ്ബയെ ത്വവാഅ് ചെയ്യുന്നവർക്കും മറ്റ് ഇബാദത്തുകൾ നിർവ്വഹിക്കുന്നവർക്കുമായി അതിനെ ശുദ്ധമാക്കിവെക്കണമെന്നും അല്ലാഹു ഇബ്‌റാഹീം عليه السلام ക്കും ഇസ്മാഈല്‍ عليه السلام ക്കും കൽപ്പന കൊടുത്തു. അതായത് വിഗ്രഹങ്ങള്‍, ശിര്‍ക്ക്പരമായ ആരാധനകള്‍, മ്‌ളേച്ഛതകള്‍, തോന്നിയവാസങ്ങള്‍, സഭ്യമല്ലാത്ത സംസാരങ്ങള്‍, മാലിന്യങ്ങള്‍, അക്രമങ്ങള്‍ തുടങ്ങിയവയിൽ നിന്നെല്ലാം കഅ്ബ ശുദ്ധമായിരിക്കണം.
وَعَهِدْنَآ إِلَىٰٓ إِبْرَٰهِـۧمَ وَإِسْمَٰعِيلَ أَن طَهِّرَا بَيْتِىَ لِلطَّآئِفِينَ وَٱلْعَٰكِفِينَ وَٱلرُّكَّعِ ٱلسُّجُودِ
ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു. (ഖു൪ആന്‍ :2/125)
കഅ്ബഃയുടെ വാതിലിനെ അഭിമുഖീകരിക്കുന്നവരുടെ ഇടത് ഭാഗത്തെ മൂലയില്‍ സ്ഥിതി ചെയ്യുന്ന ‘ഹജറുല്‍ അസ്‌വദ്’ മുതല്‍ ആരംഭിച്ച് കഅ്ബയെ ഇടത് വശത്താക്കിക്കൊണ്ട് ഏഴുവട്ടം പ്രദക്ഷിണം ചെയ്യുന്നതിനാണ് ‘ത്വവാഫ്’ എന്ന് പറയുന്നത്. പള്ളികളില്‍ പ്രവേശിക്കുന്നവര്‍ രണ്ട് റക്അത്ത് തഹിയ്യത്ത് (ഉപചാര നമസ്‌കാരം) നമസ്‌കരിക്കുവാന്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് പോലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ പ്രവേശിക്കുന്നവര്‍ അതിന്റെ സ്ഥാനത്ത് ചെയ്യേണ്ടത് ത്വവാഫാണ്.
കഅ്ബയെ തകർക്കാൻ വന്ന ഒരു വൻ സൈന്യത്തെ അല്ലാഹു തുരത്തിയോടിച്ച് കഅ്ബയെ സംരക്ഷിച്ച ചരിത്രം വിശുദ്ധ ഖുർആൻ നമ്മെ അറിയിക്കുന്നുണ്ട്. അബീസീനിയായിലെ ചക്രവര്‍ത്തിയായിരുന്ന നജജാശീയുടെ കീഴില്‍ യമന്‍ ഭരിച്ചിരുന്ന രാജാവായിരുന്നു അബ്രഹത്ത്. യമനില്‍ ഒരു വമ്പിച്ച ക്രിസ്തീയ ദേവാലയം അവന്‍ പണിയുകയും ജനങ്ങളെ അങ്ങോട്ടു ആകര്‍ഷിക്കുവാനായി, മക്കയിലേക്കു ജനങ്ങള്‍ ഹജ്ജ് കര്‍മ്മത്തിനു പോകുന്ന പതിവു നിര്‍ത്തലാക്കി പകരം ആ ദേവാലയത്തിലേക്കു അവരെ തിരിച്ചു വിടാനും പരിപാടിയിട്ടു. അതില്‍ പ്രതിഷേധിച്ച് ഒരു അറബി ആ ദേവാലയത്തില്‍ കടന്നു മലവിസര്‍ജ്ജനം നടത്തി വൃത്തികേടാക്കുകയുണ്ടായെന്നും പറയപ്പെടുന്നു. കഅ്ബ പൊളിച്ചു നീക്കുമെന്നു ശപഥം ചെയ്തുകൊണ്ട് അബ്രഹത്ത് ഒരു വമ്പിച്ച സേനയുമായി മക്കായിലേക്കു നീങ്ങി. ഒരു യുദ്ധം നടത്തി നാടു കീഴടക്കുവാന്‍ ഉദ്ദേശിച്ചു വന്നതല്ലെന്നും, കഅ്ബ പൊളിച്ചുനീക്കല്‍ മാത്രമാണ് വരവിന്റെ ഉദ്ദേശ്യമെന്നും അറിയിച്ചു. കഅ്ബയുടെ മേല്‍നോട്ടം വഹിക്കുന്ന ആളും നബി ﷺ യുടെ പിതാമഹന്‍ അബ്‌ദുല്‍ മുത്ത്വലിബായിരുന്നു. മുമ്പില്‍ ആനയുമായി സൈന്യം മുന്നോട്ടു വെച്ചു. കഅ്ബയുടെ നേര്‍ക്കു തിരിഞ്ഞതോടെ ആന മുട്ടുകുത്തി മുമ്പോട്ടു നീങ്ങാതായി. വളരെ കിണഞ്ഞു പരിശ്രമിച്ചിട്ടും ആന മുമ്പോട്ടു അടിവെക്കുന്നില്ല. മറ്റേതു ഭാഗത്തേക്കു തിരിച്ചാലും അങ്ങോട്ടു തിരിയുവാന്‍ അതിനു തടസ്സവുമില്ല. അപ്പോൾ അല്ലാഹു അവരില്‍ ഒരുതരം പക്ഷിക്കൂട്ടങ്ങളെ നിയോഗിച്ചയച്ചു. ഒരു പ്രത്യേകതരം കല്ലുകള്‍ അവ സൈന്യത്തിനു മീതെ വര്‍ഷിച്ചു. ഇതുവഴി സൈന്യം നാമാവശേഷമായിത്തീര്‍ന്നു. അല്ലാഹു അവന്റെ മന്ദിരത്തെ (കഅ്ബയെ) കാത്തുരക്ഷിക്കുകയും ചെയ്തു. ഈ കൊല്ലത്തിലായിരുന്നു നബി ﷺ യുടെ ജനനവും ഉണ്ടായത്. ഈ സംഭവം സൂചിപ്പിച്ചുകൊണ്ട് വിശുദ്ധ ഖുർആനിൽ ഒരു സൂറത്ത് തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَٰبِ ٱلْفِيلِ ﴿١﴾ أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍ ﴿٢﴾ وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ ﴿٣﴾ تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ ﴿٤﴾ فَجَعَلَهُمْ كَعَصْفٍ مَّأْكُولِۭ ﴿٥﴾
ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു. ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ. അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി. (ഖു൪ആന്‍ :105/1-5)
ക്രിസ്തുവര്‍ഷം 571, മുഹര്‍റം മാസത്തിലാണ് ആനക്കലഹം ഉണ്ടായത്. നബി ﷺ യുടെ ജനനത്തിന്റെ ഏതാണ്ട് ഒന്നര മാസം മുമ്പായിരുന്നു അത്. അല്ലാഹുവിന്റെ വലിയൊരു ദൃഷ്ടാന്തമായിരുന്നു ഈ സംഭവം. നബി ﷺ യുടെ വരവിന്റെ ഒരു ആമുഖം കൂടിയായിരുന്നു അത്. കഅ്ബയെ വിഗ്രഹങ്ങളില്‍ നിന്നും ശുദ്ധീകരിക്കുമെന്നും അതിന്റെ ആദ്യ അവസ്ഥയിലേക്ക് അത് മടങ്ങുമെന്നും ഈ മതത്തിന് കഅ്ബയുമായി ശാശ്വതവും ആഴമേറിയതുമായ ബന്ധമുണ്ടാകുമെന്നുമുള്ള പല സൂചനകളും ഈ ആനക്കലഹ സംഭവത്തിലുണ്ട്
മുഹമ്മദ് നബി ﷺ പ്രവാചകനായി നിയോഗിക്കപ്പെടുന്നതിന്റെ അഞ്ച് വർഷങ്ങൾക്ക് മുമ്പ്, മക്കയിൽ സംഭവിച്ച ശക്തമായ വെള്ളപ്പൊക്കത്തില്‍ കഅ്ബയുടെ ഭിത്തികള്‍ക്ക് ബലക്ഷയം സംഭവിച്ചു. കല്ലുകൾ ഒന്നിന് മീതെ ഒന്നായി കെട്ടിവെച്ച രൂപത്തിലായിരുന്നു കഅ്ബയുടെ നിർമ്മാണം. അത് ദുർബലമായപ്പോൾ കഅ്ബ പുതുക്കിപ്പണിയാൻ ഖുറൈശികൾ തീരുമാനിച്ചു.
കഅ്ബയുടെ പുനർ നിർമ്മാണത്തിന് ശുദ്ധമായ സമ്പാദ്യമല്ലാത്ത ഹലാലല്ലാത്ത ഒരു തുട്ടുപോലും ഉപയോഗിക്കരുതെന്ന് അവർ നിബന്ധന വെച്ചു. കാരണം പരിശുദ്ധ ഗേഹത്തിന്റെ പുനര്‍നിര്‍മാണമാണ് നടക്കുന്നത്. അതിന് പരിശുദ്ധമായ സമ്പാദ്യം തന്നെ വേണം എന്നതായുരുന്നു അവരുടെ നിലപാട്. ഈ കണിശതയിലൂടെ പണം സ്വരൂപിച്ചപ്പോള്‍ ഇബ്‌റാഹീം ﷺ പണിതിരുന്ന അത്ര വലുപ്പത്തില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. അങ്ങനെ ഇന്നും നാം കാണുന്ന വലുപ്പത്തില്‍ അത് അവര്‍ പൂര്‍ത്തിയാക്കി. ബാക്കി ഭാഗം, കഅ്ബയുടെ ഭാഗം തന്നെയാണെന്ന് അറിയാനായി ഒരു ആര്‍ച്ചിന്റെ രൂപം അവിടെ അവര്‍ ഉണ്ടാക്കി വെച്ചു. അതിനുള്ളിലൂടെ ത്വവാഫ് പാടില്ല. കാരണം, കഅ്ബഃയുടെ ഉള്ളിലൂടെ ത്വവാഫ് ഇല്ല.
നബി ﷺ യും മഹത്തരമായ ഈ നിർമ്മാണത്തിൽ അവിടുത്തെ പിതൃസഹോദരങ്ങളോടൊപ്പം പങ്ക് ചേർന്നിട്ടുണ്ട്. അവിടുന്ന കല്ലുകൾ നീക്കുന്നതിലും ചുമർ കെട്ടിപ്പടുക്കുന്നതിലും അവരോടൊപ്പമുണ്ടായിരുന്നു. അന്ന് നബി ﷺ ക്ക് മുപ്പത്തി അഞ്ച് വയസ്സായിരുന്നു പ്രായം.
عَنْ جَابِرِ بْنِ عَبْدِ اللَّهِ قَالَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَنْقُلُ مَعَهُمُ الْحِجَارَةَ لِلْكَعْبَةِ وَعَلَيْهِ إِزَارُهُ. فَقَالَ لَهُ الْعَبَّاسُ عَمُّهُ يَا ابْنَ أَخِي، لَوْ حَلَلْتَ إِزَارَكَ فَجَعَلْتَ عَلَى مَنْكِبَيْكَ دُونَ الْحِجَارَةِ. قَالَ فَحَلَّهُ فَجَعَلَهُ عَلَى مَنْكِبَيْهِ، فَسَقَطَ مَغْشِيًّا عَلَيْهِ، فَمَا رُئِيَ بَعْدَ ذَلِكَ عُرْيَانًا صلى الله عليه وسلم.
ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ ഖുറൈശികളോടൊപ്പം കഅ്ബ: പുനരുദ്ധരിക്കാന്‍ കല്ല് ചുമന്നു കൊണ്ടുപോവുകയായിരുന്നു. ഒരു ഉടുതുണി മാത്രമേ നബി ﷺ യുടെ ശരീരത്തിലുണ്ടായിരുന്നുള്ളൂ. അന്നേരം പിതൃവ്യന്‍ അബ്ബാസ് നബി ﷺ യോടു പറഞ്ഞു: സഹോദരപുത്രാ! നീ നിന്‍റെ വസ്ത്രമഴിച്ച് ചുരുട്ടി ചുമലില്‍ വെച്ച് അതില്‍ കല്ല് വെച്ചുകൊണ്ട് പോന്നാല്‍ (നന്നായിരുന്നു). ജാബിര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു. ഉടനെ നബി ﷺ വസ്ത്രമഴിച്ച് ചുമലില്‍ വെച്ചു. താമസിയാതെതന്നെ ബോധം കെട്ടുവീഴുകയും ചെയ്തു. അതിനുശേഷം നബി ﷺ യെ നഗ്നനായി ഒരിക്കലും കണ്ടിട്ടില്ല. (ബുഖാരി:364)
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ لَمَّا بُنِيَتِ الْكَعْبَةُ ذَهَبَ النَّبِيُّ صلى الله عليه وسلم وَعَبَّاسٌ يَنْقُلاَنِ الْحِجَارَةَ فَقَالَ الْعَبَّاسُ لِلنَّبِيِّ صلى الله عليه وسلم اجْعَلْ إِزَارَكَ عَلَى رَقَبَتِكَ. فَخَرَّ إِلَى الأَرْضِ، وَطَمَحَتْ عَيْنَاهُ إِلَى السَّمَاءِ فَقَالَ “ أَرِنِي إِزَارِي ”. فَشَدَّهُ عَلَيْهِ.
ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: കഅ്ബ പുനർനിർമ്മിക്കുന്ന വേളയിൽ നബി ﷺ യും അബ്ബാസും നിർമ്മാണത്തിന് വേണ്ട കല്ലുകൾ ചുമക്കുന്നതിനായി പോയിരുന്നു. അങ്ങനെ അബ്ബാസ് പറഞ്ഞു: നിന്റെ മുണ്ട് ചുമലിൽ വെച്ചേക്കുക.അതോടെ അവിടുന്ന് ഭൂമിയിലേക്ക് നിലംപതിച്ചു. അവിടുത്തെ കണ്ണുകൾ ആകാശത്തേക്ക് ഉയരുകയും ചെയ്തു. അവിടുന്ന് പറയുന്നുണ്ടായിരുന്നു:എന്റെ മുണ്ട് കാണിച്ച് തരൂ. അവിടുന്ന് അത് മുറുക്കി ഉടുക്കുകയും ചെയ്തു. (ബുഖാരി:1582)
കഅ്ബയുടെ പുനർനിർമാണ പണികൾ നടത്തുന്ന സമയത്ത് നഗ്നത മറച്ചിരിക്കുന്ന തുണി അഴിച്ച് കൊണ്ട് കല്ല് ചുമക്കാൻ നബി ﷺ യുടെ പിതൃവ്യൻ അബൂത്വാലിബ് നബി ﷺ യോട് ആവശ്യപ്പെട്ടു. അറബികൾ അതൊരു മോശമായി കണ്ടിരുന്നില്ല. എന്നാൽ മ്ലേച്ഛതകളിൽ വീണുപോകുന്നതിൽ നിന്നും സുരക്ഷിതനായിരുന്നു നബി ﷺ . ആ സമയത്ത് നബി ﷺ യെ അല്ലാഹു ബോധരഹിതനാക്കുകയും നഗ്നത വെളിപ്പെടാതെ അദ്ധേഹത്തെ സംരക്ഷിക്കുകയും ചെയ്തു.
കഅ്ബയുടെ പുനർനിർമ്മാണത്തിന് ശേഷം മക്കക്കാർക്കിടയിൽ യുദ്ധസമാനമായ ഒരു സാഹചര്യം ഉടലെടുത്തിരിക്കുന്നു. വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഒരു യുദ്ധത്തിന് കാരണമായേക്കാവുന്ന തർക്കം. അതായത്, ഹജറുല്‍ അസ്‌വദ് ആര് അതിന്റെ സ്ഥാനത്ത് എടുത്ത് വെക്കും എന്നതില്‍ അവര്‍ക്കിടയില്‍ തര്‍ക്കമായി. ഓരോ ഗോത്രത്തലവന്മാരും അവരവരുടെ നാമം നിര്‍ദേശിച്ചു. തര്‍ക്കമായി. ഇനി ആരാണോ ഇവിടേക്ക് ആദ്യം വരുന്നത്, അവരുടെ നിര്‍ദ്ദേശം നമുക്ക് അംഗീകരിക്കാം എന്ന തീരുമാനത്തില്‍ അവര്‍ എത്തി. അല്ലാഹുവിന്റെ വിധി പ്രകാരം 35 വയസ്സ് പ്രായമുള്ള അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന് ജനങ്ങള്‍ വിളിക്കുന്ന മുഹമ്മദ് ﷺ ആണ് അവിടേക്ക് അന്നേരം കടന്നുവന്നത്. അന്ന് അവിടുന്ന് നബി ആയിട്ടില്ല. അവര്‍ അദ്ദേഹത്തോട് ആവശ്യം അറിയിച്ചു. അവിടുന്ന് ഒരു തുണി കൊണ്ടുവരാന്‍ അവരോട് പറഞ്ഞു. എന്നിട്ട് ആ തുണിയുടെ മധ്യത്തില്‍ ഹജറുല്‍ അസ്‌വദ് വെക്കുകയും, ഗോത്രത്തലവന്മാരോട് തുണിയുടെ അറ്റം പിടിച്ച് പൊക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇനി ആര് വെക്കും ഹജറുല്‍ അസ്‌വദ് അതിന്റെ സ്ഥാനത്ത്? എല്ലാം അല്ലാഹുവിന്റെ തീരുമാനമായിരുന്നു. അവിടുന്ന് തന്നെ ആ കല്ല് തുണിയില്‍ നിന്നും എടുത്ത് അതിന്റെ സ്ഥാനത്ത് സ്ഥാപിച്ചു.
കഅ്ബാലയത്തിന്റെ കിഴക്കേ അറ്റത്തുള്ള മൂലയിൽ പതിച്ച് വെച്ച നിലയിലാണ് ഹജറുൽ അസ്‌വദ് സ്ഥിതി ചെയ്യുന്നത്. അതിന്റെ നേർക്ക് നിന്നാണ് കഅ്ബ ത്വവാഫ് ചെയ്യാൻ ആരംഭിക്കുന്നത്. അത് അല്ലാഹുവിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. ഈ ശില സ്വര്‍ഗത്തില്‍ നിന്ന് ആദം നബി عليه السلام യോടൊപ്പം ഭൂമിയില്‍ വന്നതാണെന്നും കഅ്ബ പുനര്‍നിര്‍മാണ സമയത്ത് ഇബ്‌റാഹീം നബി عليه السلام യാണ് അത് കഅ്ബയില്‍ സ്ഥാപിച്ചതെന്നും പറയപ്പെടുന്നു. സ്വര്‍ഗത്തില്‍ നിന്ന് വരുന്ന സമയത്ത് ഈ ശില പാൽ പോലെ വെളുത്തതായിരുന്നുവെന്നും ഭൂമിയിലെ ജനങ്ങളുടെ പാപം കാരണമാണ് അത് കറുത്ത് പോയതെന്നും നബി ﷺ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഖുറൈശികള്‍ കഅ്ബ പണിതുയര്‍ത്തിയത് ഇബ്രാഹീം നബി عليه السلام അത് പണി കഴിപ്പിച്ചതു പോലെയല്ലായിരുന്നു. ഇബ്‌റാഹീം നബി عليه السلام യും ഇസ്മാഈല്‍ നബി عليه السلام യും പണിത രൂപത്തിന് ഖുറൈശികള്‍ ഒന്ന് രണ്ട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. അവര്‍ ഇരുവരും കഅ്ബ പണിതപ്പോള്‍ നിലത്തുനിന്ന് തന്നെ അതിലേക്ക് പ്രവേശിക്കാവുന്ന രൂപത്തിലുള്ള ഒരു വാതിലായിരുന്നു അതിനുണ്ടായിരുന്നത്. പുറത്ത് കടക്കാനും അപ്രകാരം ഒരു വാതില്‍ ഉണ്ടായിരുന്നു. ഖുറൈശികള്‍ അത് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് നന്നായി ഉയര്‍ത്തിയാണ് സ്ഥാപിച്ചത്. മറ്റൊരു മാറ്റം, കഅ്ബയുടെ നാല് ചുമരുകളുടെ വലുപ്പക്കുറവായിരുന്നു. സമ്പത്തിന്റെ കുറവു കാരണം, കഅ്ബ പുനര്‍നിര്‍മാണത്തിന് ഇബ്‌റാഹീം عليه السلام പണിത അതേ അടിത്തറയില്‍ പണിയാന്‍ ഖുറൈശികള്‍ക്കായില്ലല്ലോ. അതിനാല്‍ അവര്‍ മാറ്റി നിര്‍ത്തിയ ഭാഗം ഉള്‍പെടുത്തിക്കൊണ്ടും അവര്‍ അതിന് വരുത്തിയ മാറ്റങ്ങള്‍ ഇല്ലാതാക്കിയും ഇബ്‌റാഹീം നബി عليه السلام യും ഇസ്മാഈല്‍ നബി عليه السلام യും പണിതത് പോലെത്തന്നെ അതൊന്ന് പൂര്‍ണമായി പണിതാലോ എന്ന് നബി ﷺ ക്ക് മക്കാ വിജയത്തിന് ശേഷം ആഗ്രഹമുണ്ടായി. എന്നാല്‍ അവിടുന്ന് അപ്രകാരം ചെയ്തില്ല. അതിന്റെ കാരണമായി ആഇശ رَضِيَ اللَّهُ عَنْهَا യോട് അവിടുന്ന് പറഞ്ഞു:
يَا عَائِشَةُ لَوْلاَ أَنَّ قَوْمَكِ حَدِيثُو عَهْدٍ بِشِرْكٍ لَهَدَمْتُ الْكَعْبَةَ فَأَلْزَقْتُهَا بِالأَرْضِ وَجَعَلْتُ لَهَا بَابَيْنِ بَابًا شَرْقِيًّا وَبَابًا غَرْبِيًّا وَزِدْتُ فِيهَا سِتَّةَ أَذْرُعٍ مِنَ الْحِجْرِ فَإِنَّ قُرَيْشًا اقْتَصَرَتْهَا حَيْثُ بَنَتِ الْكَعْبَةَ
ആയിശാ, നിന്റെ സമൂഹം ശിര്‍ക്കില്‍ നിന്ന് അടുത്തു മാത്രം ഇസ്‌ലാമിലേക്ക് വന്നവരാണ്; അല്ലായിരുന്നെങ്കില്‍ ഞാന്‍ കഅ്ബ പൊളിക്കുകയും, അത് ഭൂമിയോട് ചേര്‍ക്കുകയും ചെയ്യുമായിരുന്നു. എന്നിട്ട് കിഴക്കും പടിഞ്ഞാറും ഭാഗത്തായി രണ്ട് വാതിലുകള്‍ അതില്‍ പണിയുകയും, ഹിജ്ര്‍റിന്റെ ഭാഗത്ത് നിന്ന് ആറ് മുഴം കഅ്ബയിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുമായിരുന്നു. ഖുറൈശികള്‍ കഅ്ബ പണിതപ്പോള്‍ അതില്‍ കുറവ് വരുത്തിയിരിക്കുന്നു. (മുസ്‌ലിം: 1333)
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ سَأَلْتُ النَّبِيَّ صلى الله عليه وسلم عَنِ الْجَدْرِ أَمِنَ الْبَيْتِ هُوَ قَالَ ” نَعَمْ ”. قُلْتُ فَمَا لَهُمْ لَمْ يُدْخِلُوهُ فِي الْبَيْتِ قَالَ ” إِنَّ قَوْمَكِ قَصَّرَتْ بِهِمُ النَّفَقَةُ ”. قُلْتُ فَمَا شَأْنُ بَابِهِ مُرْتَفِعًا قَالَ ” فَعَلَ ذَلِكِ قَوْمُكِ لِيُدْخِلُوا مَنْ شَاءُوا وَيَمْنَعُوا مَنْ شَاءُوا، وَلَوْلاَ أَنَّ قَوْمَكِ حَدِيثٌ عَهْدُهُمْ بِالْجَاهِلِيَّةِ فَأَخَافُ أَنْ تُنْكِرَ قُلُوبُهُمْ أَنْ أُدْخِلَ الْجَدْرَ فِي الْبَيْتِ وَأَنْ أُلْصِقَ بَابَهُ بِالأَرْضِ ”.
ആഇശ رَضِيَ اللَّهُ عَنْهَا പറയുന്നു: ഞാൻ നബി ﷺ യോട് ജദ്റിനെ കുറിച്ച് അതായത് ഹിജ്റിനെ കുറിച്ച് ചോദിച്ചു. അത് കഅ്ബയിൽ പെട്ടതാണോ നബി ﷺ പറഞ്ഞു അതെ. ഞാൻ ചോദിച്ചു:എങ്കിൽ എന്തുകൊണ്ടാണ് അവരത് കഅ്ബയിൽ ഉൾപ്പെടുത്താതിരുന്നത്? നബി ﷺ പറഞ്ഞു:നിന്റെ ജനങ്ങൾക്ക് അതിനുള്ള സമ്പാദ്യം തികയാതെ വന്നു. ഞാൻ ചോദിച്ചു: എന്തുകൊണ്ടാണ് കഅ്ബയുടെ വാതിൽ ഉയർന്ന നിലയിലായത്? നബി ﷺ പറഞ്ഞു: നിന്റെ ജനതയുടെ ചെയ്തിയാണ് അതും. അവർ ഉദ്ദേശിക്കുന്നവരെ പ്രവേശിപ്പിക്കുന്നതിനും ഉദ്ദേശിക്കുന്നവരെ തടയുന്നതിനുമാണ് അങ്ങനെ ചെയ്തിട്ടുള്ളത്. നിന്റെ ജനത വളരെ അടുത്ത് മാത്രം ജാഹിലിയത്തിൽ നിന്ന് വന്നവരാണ്. അവരുടെ ഹൃദയങ്ങൾക്ക് പ്രയാസകരമാകുമെന്ന് ഭയക്കുന്നില്ലായിരുന്നുവെങ്കിൽ ഹിജ്ർ ഞാൻ കഅ്ബക്കുള്ളിൽ പ്രവേശിപ്പിക്കുമായിരുന്നു. അതിലെ വാതിൽ ഞാൻ ഭൂമിയിലേക്ക് ചേർക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി:1584)
കഅ്ബയുടെ നാല് മൂലകള്‍ക്കും വ്യത്യസ്ത പേരുകളാണല്ലോ ഉള്ളത്. ഒന്ന്, ഹജറുല്‍ അസ്‌വദ് നില്‍ക്കുന്ന മൂല. രണ്ട്, റുക്‌നുല്‍ യമാനി. മൂന്ന്, റുക്‌നുല്‍ ഇറാക്വി. നാല് റുക്‌നുശ്ശാമി. അവസാനം പറഞ്ഞ രണ്ട് മൂലകളുടെ ഭിത്തിയുടെ മുകള്‍ ഭാഗത്താണ് മഴയോ മറ്റോ കാരണത്താല്‍ കഅ്ബയുടെ മുകളിലുള്ള വെള്ളം താഴെക്ക് ഒഴുക്കാനായി പാത്തിയുള്ളത്. അവിടുന്ന് ആഗ്രഹിക്കുന്നത് പോലുള്ള ഒരു പ്രവര്‍ത്തനം ഇനി കഅ്ബയുടെ കാര്യത്തില്‍ ചെയ്യണമെങ്കില്‍ ഈ ഭാഗങ്ങളെല്ലാം പൊളിക്കുകയും വേണം. പൊളിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ അതൊരു സംസാര വിഷയമാകുകയും ചെയ്യും.
മക്കാ വിജയത്തിന് ശേഷം ഇങ്ങനെ ഒരു പണിക്ക് അവിടുന്ന് തയ്യാറാകുന്ന പക്ഷം പുതിയതായി ഇസ്‌ലാമിലേക്ക് വന്നവരില്‍ അത് വിഷമവും സംശയവും ഉളവാക്കിയേക്കും. ‘കഅ്ബയെ ബഹുമാനിക്കുന്നുവെന്ന് വാദിക്കുന്ന ഈ മുഹമ്മദ് മക്ക വിജയിച്ചടക്കിയപ്പോള്‍ ആദ്യം ചെയ്തത് കഅ്ബഃ പൊളിക്കലാണ്’ എന്ന് അവര്‍ പറഞ്ഞേക്കും. നബി ﷺ കഅ്ബ പുതുക്കി നിർമ്മിക്കാത്തതിന്റെ കാരണം അതായിരുന്നു.
കാലം കുറെ പിന്നിട്ടു. നബി ﷺ വഫാതായി. ശേഷം ഖുലഫാഉര്‍റാശിദുകളായ അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍,അലി رَضِيَ اللَّهُ عَنْهُمْ തുടങ്ങിയവരുടെ ഖിലാഫത്തും കഴിഞ്ഞു. പിന്നീട് ഹസന്‍ رَضِيَ اللَّهُ عَنْهُ, മുആവിയ رَضِيَ اللَّهُ عَنْهُ എന്നിവരുടെ ഭരണവും കഴിഞ്ഞു. ശേഷം യസീദിന്റെ കാലത്ത് മക്കയിലെ അമീറായിരുന്ന അബ്ദുല്ലാഹിബ്‌നു സുബൈര്‍ رَضِيَ اللَّهُ عَنْهُ വിന് നബി ﷺ ക്ക് ഉണ്ടായത് പോലെയുള്ള ഒരു ആഗ്രഹം ഉണ്ടായി. അഥവാ, ഇബ്‌റാഹീം നബി عليه السلام യും ഇസ്മാഈല്‍ നബി عليه السلام യും പണിത അതേ വലുപ്പത്തിലും, രണ്ട് വാതിലുകളുള്ളതും, വാതിലുകള്‍ ഭൂമിയോട് സമനിരപ്പായതുമായി നിര്‍മിക്കുവാനാണ് അബ്ദുല്ലാഹിബ്‌നു സുബൈര്‍ رَضِيَ اللَّهُ عَنْهُ ആഗ്രഹം പ്രകടിപ്പിച്ചത്. അതിനായി അദ്ദേഹം പ്രമുഖരുമായി ചര്‍ച്ച ചെയ്തു. കൂട്ടത്തില്‍ പ്രമുഖനായ അബ്ദുല്ലാഹിബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വും ഉണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം പൊളിച്ച് പണിയേണ്ട, കേടുപാടുകള്‍ തീര്‍ത്താല്‍ മതി എന്നതായിരുന്നു. എന്നാൽ കഅ്ബ പുതുക്കി നിർമ്മിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. നബി ﷺ ഭയപ്പെട്ടതുപോലെയുള്ള ജനങ്ങളെ പേടിക്കേണ്ടുന്ന സാഹചര്യം ഇല്ലാതെയായതിനാലും അതിന് ചെലവഴിക്കാനുള്ള സാമ്പത്തിക ശേഷി ഉള്ളതിനാലുമാണ് അദ്ദേഹം അതിന് തുനിഞ്ഞത്.
അങ്ങനെ അബ്ദുല്ലാഹിബ്‌നു സുബൈർ رَضِيَ اللَّهُ عَنْهُ ഇബ്‌റാഹീം നബി عليه السلام യും ഇസ്മാഈല്‍ നബി عليه السلام യും ഉണ്ടാക്കിയ പോലെ കഅ്ബ പുനര്‍ നിര്‍മിച്ചു. അത് ഹിജ്‌റ 64 ല്‍ ആയിരുന്നു. ഇതിന്റെ പേരില്‍ പ്രശ്‌നം ഉടലെടുത്തിരുന്നു. കുഴപ്പം അദ്ദേഹത്തിന്റെ വധത്തില്‍ വരെ എത്തിച്ചേര്‍ന്നു. ഹജ്ജാജ്ബ്‌നു യൂസുഫിന്റെ കൈകളാല്‍ ഹിജ്‌റ 73 ല്‍ അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു.
പിന്നീട് ഹജ്ജാജായിരുന്നു അവിടത്തെ ഭരണാധികാരി. അദ്ദേഹം അബ്ദുല്ലാഹിബ്‌നു സുബൈര്‍ رَضِيَ اللَّهُ عَنْهُ പണിതതെല്ലാം പൊളിച്ചു മാറ്റി. നബി ﷺ യുടെ കാലത്തുണ്ടായിരുന്നത് പോലെ അത് പണിയുകയും ചെയ്തു.
ഹജ്ജാജിന്റെ കാലശേഷം അബ്ബാസീ ഭരണ കാലം എത്തിയപ്പോള്‍ മഹ്ദി എന്ന് പറയുന്ന ഭരണാധികാരിയുടെ കാലത്ത് അന്ന് ജീവിച്ചിരിപ്പുള്ള മഹാപണ്ഡിതനായ ഇമാം മാലിക്ബ്‌നു അനസ് رحمه الله യോട് ഗവര്‍ണര്‍, എന്ത് ചെയ്യണം, ഇത് മാറ്റി പഴയ രൂപത്തിലേക്ക് തന്നെ ആക്കിയാലോ എന്ന് കൂടിയാലോചന നടത്തി. ഇമാം മാലിക് رحمه الله പറഞ്ഞു: ‘അതിനെ (അങ്ങനെ തന്നെ) വിടാനാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്.’ അദ്ദേഹം ചോദിച്ചു: ‘എന്ത് കൊണ്ട്?’ അദ്ദേഹം പറഞ്ഞു: ‘ഭരണാധികാരികള്‍ ഒരാള്‍ പൊളിക്കുന്നു, മറ്റൊരാള്‍ പണിയുന്നു. ഇങ്ങനെ അതിനെ ഒരു കളിപ്പാട്ടമായി സ്വീകരിച്ചാല്‍ ആളുകളുടെ ഹൃദയത്തില്‍ നിന്ന് ആ ഭവനത്തെ തൊട്ടുള്ള ആ ഭയം നീങ്ങും എന്ന് ഞാന്‍ പേടിക്കുന്നു…’ അങ്ങനെ ഇന്ന് നാം കാണുന്നത് പോലെ അത് ഒഴിവാക്കപ്പെട്ടു.
ഇന്ന് നിലവിലുള്ളത് കഅ്ബഃയുടെ രൂപം നബി ﷺ യുടെ കാലത്ത് ഖുറൈശികള്‍ പണിത രൂപമാണ്. അതാവട്ടെ, ഹജ്ജാജ് പണിതതുമാണ്.
ഇനി ഒരു കാലത്ത് പുനർനിർമ്മിക്കാനാകാത്തവിധം കഅ്ബ തകര്‍ക്കപ്പെടുമെന്ന് നബി ﷺ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. അഥവാ ആ കാലത്ത് കഅ്ബയുടെ ആവശ്യം ജനങ്ങള്‍ക്കില്ലാതെയാകും. അന്ന് അത് തകര്‍ക്കപ്പെടും. അതാകട്ടെ അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതുമാണ്.
عَنْ أَبِي هُرَيْرَةَ، قَالَ عَنِ النَّبِيِّ صلى الله عليه وسلم : يُخَرِّبُ الْكَعْبَةَ ذُو السُّوَيْقَتَيْنِ مِنَ الْحَبَشَةِ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:എതേ്യാപ്യയില്‍ നിന്നുള്ള, മെലിഞ്ഞ കാലുകളുള്ള ഒരാള്‍ കഅ്ബഃ പൊളിക്കുന്നതാണ്. (മുസ്‌ലിം:2909)
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : كَأَنِّي بِهِ أَسْوَدَ أَفْحَجَ، يَقْلَعُهَا حَجَرًا حَجَرًا .
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഞാന്‍ അവനെ നോക്കിക്കാണുന്നവനെ പോലെയാണിപ്പോള്‍. കറുത്ത, തുടകള്‍ക്കിടയില്‍ അകല്‍ച്ചയുള്ളവനാണവന്‍. അവന്‍ ഓരോ കല്ലുകളും നീക്കി നീക്കി അത് പൊളിച്ചു മാറ്റും’ (ബുഖാരി:1595)
ഇത് ഈസാ നബി عليه السلام യുടെ ആഗമനത്തിന് ശേഷമായിരിക്കും സംഭവിക്കുക എന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അന്ന് ഏറ്റവും മോശപ്പെട്ടവരുള്ള, അല്ലാഹു എന്ന് പറയാന്‍ പോലും ആളില്ലാത്ത കാലമാകും. ‘ഏറ്റവും വലിയ നികൃഷ്ടന്മാരിലല്ലാതെ അന്ത്യദിനം സംഭവിക്കില്ല’ എന്ന് അവിടുന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ടല്ലോ.
അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടി ജനങ്ങള്‍ക്കായി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരമാണ് കഅ്ബ. അതുകൊണ്ട് മറ്റെല്ലാ ആരാധാ മന്ദിരങ്ങളേക്കാള്‍ ശ്രേഷ്ഠമായതാണ് അത്. അവിടെ വന്ന് ഹജ്ജ് സംബന്ധമായ ആരാധനാ കര്‍മങ്ങള്‍ ചെയ്യുവാന്‍ സാധിക്കുന്ന എല്ലാവരും അത് നിര്‍വ്വഹിക്കല്‍ അല്ലാഹുവിനോടുള്ള മനുഷ്യരുടെ കടമയാകുന്നു.
إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِى بِبَكَّةَ مُبَارَكًا وَهُدًى لِّلْعَٰلَمِينَ ﴿٩٦﴾ فِيهِ ءَايَٰتُۢ بَيِّنَٰتٌ مَّقَامُ إِبْرَٰهِيمَ ۖ وَمَن دَخَلَهُۥ كَانَ ءَامِنًا ۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَٰلَمِينَ ﴿٩٧﴾
തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു.) അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍- (വിശിഷ്യാ) ഇബ്രാഹീം നിന്ന സ്ഥലം -ഉണ്ട്. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു. (ഖു൪ആന്‍ :3/96-97)
മുഹമ്മദ് അമാനി മൗലവി رحمه الله എഴുതുന്നു: ഒന്നാമതായി സ്ഥാപിക്കപ്പെട്ട ആരാധനാമന്ദിരം എന്നത് മാത്രമല്ല കഅ്ബഃയുടെ പ്രാധാന്യം. അത് അല്ലാഹുവിനാല്‍ ആശീര്‍വദിക്കപ്പെട്ടതും – അനുഗ്രഹീതമായതും – ലോകര്‍ക്ക് മാര്‍ഗദര്‍ശന കേന്ദ്രവുമാകുന്നു. (مُبَارَكًا وَهُدًى لِلْعَالَمِين) അവിടെ ആരാധ നാകര്‍മങ്ങള്‍ നടത്തുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് മഹത്തായ അനുഗ്രഹങ്ങളും, വമ്പിച്ച പുണ്യഫലങ്ങളും ലഭിക്കുന്നു. മറ്റു പള്ളികളില്‍ വെച്ച് ചെയ്യുന്നതിനെക്കാള്‍ അനവധി ഇരട്ടി പ്രതിഫലം അവിടെ വെച്ച് ചെയ്യുന്ന കര്‍മങ്ങള്‍ക്ക് ലഭിക്കുമെന്ന് നബി വചനങ്ങളില്‍ വന്നിട്ടുള്ളത് സ്മരണീയമാണ്. മുസ്‌ലിം സമുദായത്തിലുണ്ടായ എല്ലാ നന്മകള്‍ക്കുമുള്ള മാര്‍ഗദര്‍ശനം ആരംഭിച്ചത് അവിടെ നിന്നാണല്ലോ. ആ മാര്‍ഗദര്‍ശനം ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ തുടര്‍ന്നുകൊണ്ടുമിരിക്കുന്നു. അതിന്‍റെ പ്രാധാന്യത്തെയും, പവിത്രതയെയും തെളിയിക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങളും നിലവിലുണ്ട് (فِيه آِيَاتٌ بَيِّنَاتٌ). ഇബ്‌റാഹീം عليه السلام കഅ്ബഃ നിര്‍മാണം കഴിഞ്ഞിട്ട് പല ആയിരം കൊല്ലങ്ങള്‍ കഴിഞ്ഞു. സമുദായമദ്ധ്യെ അനേകം മാറ്റങ്ങള്‍ കഴിഞ്ഞുപോയി. എന്നിട്ടും അന്നുതൊട്ട് ഇന്നോളം ഇടതടവ് ബാധിക്കാത്ത ആ മന്ദിരം ജനങ്ങളാല്‍ ആദരിക്കപ്പെട്ടും ശുശ്രൂഷിക്കപ്പെട്ടും കൊണ്ടേ ഇരിക്കുന്നതും, അതിനെ നശിപ്പിക്കുവാനൊരുങ്ങി വന്ന ആനപ്പട്ടാളത്തില്‍ നിന്ന് ഒരു അസാധാരണ മാര്‍ഗത്തിലൂടെ അല്ലാഹു അതിനെ രക്ഷപ്പെടുത്തിയതും പോലെയുള്ള പലതും ഇതിന് ഉദാഹരണമത്രെ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 3/96 ന്റെ വിശദീകരണം)