ഇരുപതാം നൂറ്റാണ്ടിന്റെ പകുതി പിന്നിടുമ്പാഴാണ് ലോകത്ത് ആദ്യമായി ഇന്റ൪നെറ്റ് കടന്നു വരുന്നത്. ഇന്റര്‍നെറ്റ് ഇന്ന് വായുവും വെള്ളവും പോലെ ഓരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. അതിന്റെ ഭാഗമായ സോഷ്യല്‍ മീഡിയയുടെ (സാമൂഹ്യ മാധ്യമങ്ങള്‍) കാര്യവും അങ്ങനെ തന്നെ. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും മറ്റേതൊരു ഭാഗത്തെയും വാര്‍ത്തകളും വിശേഷങ്ങളും കൈമാറാന്‍ നിമിഷങ്ങള്‍ക്കകം അവ മുഖാന്തിരം സാധ്യമാകുന്നു. അതിനു പുറമേ മറ്റ് ധാരാളം പ്രയോജനങ്ങളും അവക്കുണ്ട്. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, യുട്യൂബ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ പറ്റാത്ത വിധം അതിന്റെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട് എന്ന൪ത്ഥം.
ഒരു മനുഷ്യന്റെ ജീവിത ലക്ഷ്യം നരകത്തില്‍ നിന്നും രക്ഷപെട്ട്, സ്വ൪ഗത്തില്‍ പ്രവേശിക്കലാണ്. ഏതൊരു കാര്യത്തിലെന്നപോലെ സോഷ്യല്‍ മീഡിയയും ഒരാളെ നരകത്തിലോ സ്വ൪ഗത്തിലോ കൊണ്ടുചെന്നെത്തിക്കാം. അതുകൊണ്ടുതന്നെ ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ അവന്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവയില്‍ പ്രധാനപ്പെട്ട ചിലത് സൂചിപ്പിക്കുന്നു.
ഒന്നാമതായി, തിന്‍മകളുമായി ബന്ധപ്പെട്ട കാര്യത്തില്‍, അതിന്റെ ചെറിയൊരു അംശത്തിനുപോലും സോഷ്യല്‍ മീഡിയ ഉപയോഗിക്കരുത്. സൂക്ഷ്മമായി പരിശോധിച്ചാല്‍, നന്മയുടെ പ്രസരണത്തെക്കാള്‍ തിന്മയുടെ വ്യാപനത്തിനാണ് കൂടുതലായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്താനാകും. എന്നാല്‍ സത്യവിശ്വാകള്‍ക്ക് അത് പാടില്ല. തിന്‍മകളില്‍ നിന്നും യാതൊന്നും പ്രവ൪ത്തിക്കാതിരിക്കുകയെന്നത് സത്യവിശ്വാസികള്‍ക്ക് നി൪ബന്ധമാണ്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ وَمَا أَمَرْتُكُمْ بِهِ فَافْعَلُوا مِنْهُ مَا اسْتَطَعْتُمْ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ നിങ്ങളോട് വിരോധിച്ചത് മുഴുവനും നിങ്ങള്‍ കയ്യൊഴിക്കുക, കല്‍പ്പിച്ചതാകട്ടെ നിങ്ങള്‍ കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുക. (മുസ്ലിം:1337)
إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلْفَٰحِشَةُ فِى ٱلَّذِينَ ءَامَنُوا۟ لَهُمْ عَذَابٌ أَلِيمٌ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല. (ഖു൪ആന്‍ :24/19)
ആയശ(റ)യെ കുറിച്ച് മുനാഫിഖുകളും അറിവില്ലാതെ ചില വിശ്വാസികളും പറഞ്ഞു പരത്തിയ അപവാദ പ്രചരണത്തിന്‍റെ വിഷയത്തിലാണ് ഈ ആയത്ത് ഇറങ്ങിയത്. ഈ ആയത്തിന്‍റെ വിശദീകരണത്തില്‍ ഇമാം ഇബ്നുല്‍ ഖയ്യിം (റഹി) പറഞ്ഞു:
“തിന്മ പ്രചരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പോലും ദുനിയാവിലും ആഖിറത്തിലും ഇത്ര വേദനയുള്ള ശിക്ഷ ഉണ്ടെങ്കില്‍ അത് പ്രചരിപ്പിക്കുകയെന്ന പണി സ്വയം ഏറ്റെടുക്കുകയും, അതിന് മുന്നിട്ടിറങ്ങുകയും ചെയ്തവരുടെ അവസ്ഥ എന്തായിരിക്കും? ഇബ്ലീസിനുള്ള അനുസരണവും, ഇബ്ലീസിന്‍റെ പണി സ്വയം ഏറ്റെടുക്കലും ആണിത്. ഇവന്‍ ആരേ കുറിച്ചാണോ തിന്മകള്‍ പ്രചരിപ്പിക്കുന്നത്; ആ വ്യക്തിയുടെ തിന്മകള്‍ ആകാശം നിറയെ ഉണ്ടെങ്കിലും അതിനേക്കാള്‍ എത്രയോ ഗൌരവമുള്ള തിന്മയാണ് അവ പ്രചരിപ്പിക്കുന്നവന്‍ ചെയ്തിരിക്കുന്നത്! തെറ്റുകള്‍ പറ്റിയവന്‍ ചിലപ്പോള്‍ രാത്രികളില്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി പാശ്ചാത്താപം തേടുകയും അവന്‍റെ തിന്മകള്‍ അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്തിട്ടുണ്ടായിരിക്കാം. എന്നാല്‍ ഇവനോ?! അവന്‍റെ പ്രവര്‍ത്തനം മുഅമിനീങ്ങളെ ഉപദ്രവിക്കലും, അവരുടെ രഹസ്യങ്ങള്‍ അന്വേഷിച്ചറിയലും, അവരെ വഷളാക്കലുമാണ്.” (ബദാഇഉല്‍ ഫവാഇദു: 2/484)
രണ്ടാമതായി, നന്‍മകളുടെ കാര്യത്തിന് മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കുക. സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുക വഴി നമുക്ക് ധാരാളം നന്‍മകള്‍ ചെയ്യാനും ധാരാളം പ്രതിഫലം കരസ്ഥമാക്കാനും കഴിയും.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ
നബി ﷺ പറഞ്ഞു : ആരെങ്കിലും ഒരാള്‍ക്ക് ഒരു നന്മ കാണിച്ചുകൊടുത്താല്‍ അത് പ്രവര്‍ത്തിച്ചവന് ലഭിക്കുന്ന പ്രതിഫലത്തിന് സമാനമായ പ്രതിഫലം അവനും (കാണിച്ച് കൊടുത്തവനും) ലഭിക്കുന്നു. (മുസ്‌ലിം:1893)
ഇമാം നവവി(റഹി) പറഞ്ഞു: പ്രസ്തുത അറിയിക്കല്‍ വാക്ക് കൊണ്ടോ ആംഗ്യം കൊണ്ടോ എഴുത്ത് കൊണ്ടോ ആയാലും ശരി.
മൂന്നാമതായി, മനുഷ്യ ജീവിതത്തില്‍ ഏറെ വിലപ്പെട്ടതായ സമയത്തെ വെറുതെ പാഴാക്കി കളയുന്നതായിരിക്കരുത് സത്യവിശ്വാസികളുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍. ധാരാളം സത്യവിശ്വാസികള്‍ സോഷ്യല്‍ മീഡിയയുടെ കാര്യത്തില്‍ വഞ്ചിക്കപ്പെട്ടിട്ടുള്ളത് ഈ കാര്യത്തിലാണ്. ദിനേനെ മണിക്കൂറുകള്‍ അനാവശ്യമായി അവ൪ അതില്‍ കഴിച്ചു കൂട്ടുന്നു. സോഷ്യല്‍ മീഡിയയിലെ വിവിധങ്ങളായ ഇനങ്ങള്‍, ആവശ്യത്തിലധികം ഗ്രൂപ്പുകള്‍, തുടങ്ങി പല കാരണങ്ങളാലാണ് ഇങ്ങനെ അനാവശ്യമായി സമയം പാഴാക്കുന്നത്. അതുകാരണത്താല്‍ ധാരാളം നന്‍മകള്‍ പ്രവ൪ത്തിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്.
നാളെ പരലോകത്ത് അല്ലാഹുവിന്റെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നതാണ് സമയമെന്നതിനാല്‍, ഒരു നിമിഷം പോലും വെറുതെ കളയാന്‍ സത്യവിശ്വാസികള്‍ക്ക് പാടില്ല.
عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ[أربع]: عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ
അബൂബർസയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല.
1. തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്.
2. തന്റെ അറിവ് കൊണ്ട് എന്താണ് പ്രവർത്തിച്ചതെന്ന്.
3. തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്.
4. തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമിദി: 2417)
സോഷ്യല്‍ മീഡിയകളൊന്നുമില്ലാത്ത കാലത്താണ് ഇക്കാര്യം നബി ﷺ പറഞ്ഞിട്ടുള്ളതെന്ന കാര്യം പ്രത്യേകം ഓ൪ക്കുക.
നാലാമതായി, ദുന്‍യാവിലോ ആഖിറത്തിലോ ഉപകാരമില്ലാത്ത് എല്ലാ കാര്യങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ ഒഴിഞ്ഞു നില്‍ക്കുക. ഏറ്റവും പ്രധാനപ്പെട്ടത് മാത്രം ശ്രദ്ധിക്കുകയും മറ്റുള്ളവയെ അവഗണിക്കുകയും ചെയ്യുക എന്ന ഒരു പെരുമാറ്റച്ചട്ടം നാം സ്വയം സ്വീകരിക്കേണ്ടതുണ്ട്. അനിവാര്യമല്ലാത്ത ഗ്രുപ്പുകളില്‍ നിന്ന് അകന്ന് നില്‍ക്കുക. ഉപകാരമില്ലാത്ത പോസ്റ്റുകളും കമന്റുകളും ഒഴിവാക്കുക. സോഷ്യല്‍ മീഡിയകളില്‍ കൈമാറ്റം ചെയ്യപ്പെടുന്ന കാര്യങ്ങളില്‍ നല്ലൊരു ശതമാനവും സമയം കൊല്ലുന്നതിനപ്പുറം ആര്‍ക്കും പ്രത്യേകിച്ചും ഒരു ഉപകാരവും ഇല്ലാത്തവയാണ്. ഇഹലോകത്തിനോ പരലോകത്തിനോ പ്രയോജനമില്ലാത്ത എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക.
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم “مِنْ حُسْنِ إسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ”.
അബുഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്നെ ബാധിക്കാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുകയെന്നത് ഒരു ഉത്തമ വ്യക്തിയുടെ ഇസ്ലാമിക സ്വഭാവത്തില്‍ പെട്ടതാകുന്നു. (തിര്‍മിദി:2318)
ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: തീര്‍ച്ചയായും, ഒഴിവ് സമയമുണ്ടായിട്ടും ഇഹലോകത്തിനോ പരലോകത്തിനോ യാതൊന്നും പ്രവര്‍ത്തിക്കാത്തവനോട് ഞാന്‍ കഠിനമായി കോപമുള്ളവനാകുന്നു.
അഞ്ചാമതായി, അല്ലാഹുവിനുള്ള ഇബാദത്തുകള്‍ക്ക് സോഷ്യല്‍ മീഡിയ തടസ്സമാകരുത്. നമസ്കാരം, ദിക്റ്, ഖു൪ആന്‍ പാരായണം, സാമൂഹിക സേവനങ്ങള്‍ തുടങ്ങി ധാരാളം ഇബാദത്തുകള്‍ സത്യവിശ്വാസികള്‍ക്ക് നി൪വ്വഹിക്കാനുണ്ട്. സോഷ്യല്‍ മീഡിയകളില്‍ വ്യാപതരാകുന്നതുകൊണ്ട് ചില൪ക്ക് ജമാഅത്ത് നമസ്കാരം നഷ്ടപ്പെടുന്നു, ചില൪ക്ക് സുന്നത്ത് നമസ്കാരങ്ങളോ, ദിക്റ്-ദുആകളോ, ഖു൪ആന്‍ പാരായണമോ ഒക്കെ നഷ്ടപ്പെടുന്നു. ദഅ്വത്തിന്റെ പേരിലാണ് ചില൪ ഇതിനെ ന്യായീകരിക്കുന്നത്. ദഅ്വത്തിന്റെ പേരില്‍ സ്വന്തം ജീവിതത്തിലെ ക൪മ്മങ്ങള്‍ പാഴാക്കുന്നതിനെ ദീന്‍ ഒരിക്കലും അനുവദിച്ചിട്ടില്ല. ഇബാദത്തുകളുടെ കാര്യത്തില്‍പോലും അതിര് കവിയൽ പാടില്ലെങ്കില്‍, സോഷ്യല്‍ മീഡിയയിലെ അതിര് കവിയൽ പാടില്ലാത്തതാണെന്ന് തിരിച്ചറിയുക.
ആറാമതായി, സോഷ്യല്‍ മീഡിയയുടെ വിഷയത്തില്‍ പിശാചിന്റെ കുതന്ത്രങ്ങളെയും നഫ്സിന്റെ ഇച്ഛകളെയും അതിജയിക്കാന്‍ കഴിയേണ്ടതുണ്ട്. അല്ലാഹുവിനെ ഇബാദത്ത് ചെയ്തുകൊണ്ട് ധാരാളം സമയം കഴിച്ചു കൂട്ടല്‍ ദീനില്‍ പെട്ടതാണ്. അത്തരം സല്‍ക൪മ്മങ്ങളെ തടയാന്‍ വേണ്ടി പിശാച് പരിശ്രമിക്കുന്നതാണ്. ഖു൪ആന്‍ പാരായണം ചെയ്യാന്‍ വേണ്ടി ഇരിക്കുമ്പോള്‍ പിശാച് അത് തടസ്സപ്പെടുത്താന്‍ വേണ്ടി പരിശ്രമിക്കും. ജമാഅത്ത് നമസ്കാരം നി൪വ്വഹിച്ച ശേഷം ദിക്റ്-ദുആകള്‍ക്കിരിക്കാതെ എന്തെങ്കിലും ചെറിയ കാരണങ്ങള്‍ ഇട്ടുകൊണ്ട് പിശാച് ആളുകളെ എഴുന്നേല്‍പ്പിക്കും. രാവിലെയും വൈകുന്നേരത്തെയും ദിക്റുകളുടെ കാര്യവും അങ്ങനെ തന്നെ. ഇന്ന് ധാരാളം ആളുകളെ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പിശാച് വഞ്ചിക്കുന്നു. ജമാഅത്ത് നമസ്കാരം നി൪വ്വഹിച്ച് ഉടനെ പലരും വെറുതെ ഒന്ന് വാട്സ് ആപ്പ് നോക്കുന്നു. പിന്നെ അവന്റെ ശ്രദ്ധ മുഴുവനും അത് വായിക്കാനും അതിന്റെ മറുപടി നല്‍കാനുമാണ്. മനുഷ്യന്റെ നഫ്സും അതിനോട് വല്ലാതെ താല്‍പ്പര്യം കാണിക്കും. അങ്ങനെ ദിക്റ്-ദുആകള്‍ക്കിരിക്കാതെ അവന്‍ എഴുന്നേറ്റ് പോകുന്നു. രാവിലെയും വൈകുന്നേരത്തെയും ദിക്റുകള്‍ നി൪വ്വഹിക്കുമ്പോഴും ഖു൪ആന്‍ പാരായണം ചെയ്യുമ്പോഴും ഇടക്ക് സോഷ്യല്‍ മീഡിയയില്‍ ഇടപെടുകയും പിന്നെ അതില്‍ മുഴുകുകയും ദിക്റും ഖു൪ആന്‍ പാരായണവും ഉപേക്ഷിക്കുകയും ചെയ്യുന്നു. മനസ്സ് സോഷ്യല്‍ മീഡിയകളില്‍ കെട്ടിപിണഞ്ഞ് കിടക്കുന്നവരെ സംബന്ധിച്ചിടത്തോളം പിശാചിന് ഇത് എളുപ്പമാകുന്നു. ഒന്ന് വാട്സ് ആപ്പിലോ ഫെയ്സ് ബുക്കിലോ നോക്കാന്‍ വേണ്ടി തോന്നിപ്പിച്ചാല്‍ മാത്രം മതി.
ഏകാന്തമായി ഒരു സ്ഥലത്ത് ഇരുന്ന് അല്ലാഹുവിനെ ഓ൪ക്കല്‍, മനസ്സിനെ സ്വയം വിചാരണ ചെയ്യല്‍ ഇതൊക്കെ ഇടക്കൊക്കെ സത്യവിശ്വാസികള്‍ക്ക് ആവശ്യമാണ്. ഇതിലെല്ലാം സോഷ്യല്‍ മീഡിയ തടസ്സമാമെന്നതൊരു സത്യമാണ്. ഇവിടെയെല്ലാം അല്ലാഹുവിന് വേണ്ടി ഒഴിഞ്ഞിരിക്കാനും കുറച്ച് നേരത്തേക്ക് സോഷ്യല്‍ മീഡിയ ഒഴിവാക്കുവാനും കഴിയേണ്ടതുണ്ട്. അതിന് കഴിയുന്നില്ലെങ്കില്‍ നാം സോഷ്യല്‍ മീഡിയയുടെ അടിമയായി തീ൪ന്നിരിക്കുന്നുവെന്ന സത്യം തിരിച്ചറിയുക. ഇവിടെയെല്ലാം സ്വന്തത്തോട് ജിഹാദ് ചെയ്യാന്‍ സത്യവിശ്വാസികള്‍ക്ക് സാധിക്കണം. അല്ലാഹുവിനുള്ള അനുസരണത്തിന് വേണ്ടി സ്വന്തം നഫ്സിനെ പരിശീലിപ്പിച്ചെടുക്കുക. അതിന് വേണ്ടി കഠിനമായി പ്രയത്നിക്കുക അഥവാ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കനുസൃതമായി സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ക്രമീകരിച്ചുകൊണ്ടാണ് ഒരാള്‍ സ്വന്തത്തോട് ജിഹാദ് ചെയ്യുന്നത്.
عن فضالة بن عبيد عَنِ النَّبِي صلى الله عليه وسلم قَالَ: المجاهِدُ من جاهَدَ نَفسَه في اللَّهِ
ഫളാലത്ത് ബ്നു ഉബൈദ്(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ കാര്യത്തിൽ നഫ്സിനോട് ജിഹാദ് ചെയ്യുന്നവനാണ് മുജാഹിദ് (സ്വഹീഹുല്‍ ജാമിഅ്:6679)
قال مَالك بن دينَار – رحمه الله : جَاهِدوا أهواءكم كَمَا تُجاهِدون أعدائكم
മാലിക് ബ്നു ദീനാ൪ (റഹി) പറഞ്ഞു; നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളോട് ജിഹാദ് ചെയ്യുന്നപോലെ നിങ്ങളുടെ ഇച്ഛകളോട് ജിഹാദ് ചെയ്യുക. [ الكامل في اللغة والأدب (١٨٧)]
സ്വന്തത്തോട് ജിഹാദ് ചെയ്യുന്നയാളെ സംബന്ധിച്ചിടത്തോളം, അയാള്‍ ഉദ്ദേശിച്ചിട്ടുള്ള ഇബാദത്ത് പൂ൪ത്തീകരിച്ചിട്ട് മാത്രമേ, സോഷ്യല്‍ മീഡിയ ഇടപെടുകയുള്ളൂ.
ഏഴാമതായി, സോഷ്യല്‍ മീഡിയയില്‍ ഏതൊരു കാര്യം പോസ്റ്റ് ചെയ്യുമ്പോഴും, ഷെയര്‍ ചെയ്യുമ്പോഴും ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ചെയ്യുക. അല്ലാത്തപക്ഷം പലപ്പോഴും തൃപ്തികരമല്ലാത്ത ഭവിഷ്യത്തുകൾ നേരിട്ടേക്കും. സത്യാവസ്ഥ മനസ്സിലാക്കാതെ എടുക്കുന്ന നടപടികളെപ്പറ്റി അവസാനം ഖേദിക്കേണ്ടിവരികയും ചെയ്യും.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺇِﻥ ﺟَﺎٓءَﻛُﻢْ ﻓَﺎﺳِﻖٌۢ ﺑِﻨَﺒَﺈٍ ﻓَﺘَﺒَﻴَّﻨُﻮٓا۟ ﺃَﻥ ﺗُﺼِﻴﺒُﻮا۟ ﻗَﻮْﻣًۢﺎ ﺑِﺠَﻬَٰﻠَﺔٍ ﻓَﺘُﺼْﺒِﺤُﻮا۟ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠْﺘُﻢْ ﻧَٰﺪِﻣِﻴﻦَ
സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി. (ഖു൪ആന്‍ :49/6)
وَلَوْلَآ إِذْ سَمِعْتُمُوهُ قُلْتُم مَّا يَكُونُ لَنَآ أَن نَّتَكَلَّمَ بِهَٰذَا سُبْحَٰنَكَ هَٰذَا بُهْتَٰنٌ عَظِيمٌ
നിങ്ങൾ അത് കേട്ട സന്ദർഭത്തിൽ ഞങ്ങൾക്ക് ഇതിനെ പറ്റി സംസാരിക്കുവാൻ പാടുള്ളതല്ല. (അല്ലാഹുവേ,) നീ എത്ര പരിശുദ്ധൻ! ഇത് ഭയങ്കരമായ ഒരു അപവാദം തന്നെയാകുന്നു എന്ന് നിങ്ങൾ എന്തുകൊണ്ട് പറഞ്ഞില്ല? (ഖു൪ആന്‍ :24/16)
കാള പെറ്റൂ എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന രീതി ഏറെ ആപൽക്കരമായിരിക്കും. അത് പിന്നീട് കൊടും ഖേദത്തിന് ഇട വരുത്തിയേക്കും. അതിനാൽ അവധാനതയോടെ കാര്യങ്ങൾ വിലയിരുത്തി നിജസ്ഥിതി ഉറപ്പുവരുത്തിയിട്ട് വേണം അതിന്റെ തുടർ നടപടികളിലേക്ക് നീങ്ങാൻ. സുലൈമാൻ നബി(അ)യുടെ ചരിത്രത്തിലൂടെയും ഇക്കാര്യം നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. ഹുദ്ഹുദ് പക്ഷിയെ നിരീക്ഷിക്കുന്നതിലും അത് കൊണ്ടുവന്ന വാർത്തയെ കുറിച്ച് മനസ്സിലാക്കുന്നതിലും സുലൈമാൻ നബി(അ) കാണിച്ച അവധാനതയും തീരുമാനവും സംബന്ധിച്ച് അല്ലാഹു പറയുന്നു:
قَالَ سَنَنظُرُ أَصَدَقْتَ أَمْ كُنتَ مِنَ ٱلْكَٰذِبِينَ
(സുലൈമാൻ (അ)) പറഞ്ഞു: നീ സത്യം പറഞ്ഞതാണോ അതല്ല നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലായിരിക്കുന്നുവോ എന്ന് നാം നോക്കാം. (ഖു൪ആന്‍ :27/27)
മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പണ്ഡിതന്മാരും നേതാക്കളും തീരുമാനമെടുക്കുന്നതിനു മുമ്പായി സ്വന്തം അഭിപ്രായ പ്രകാരം ധൃതി കാട്ടി എടുത്തുചാടുകയും വികാര പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന ചിലരുണ്ട്. ഇത് പലപ്പോഴും സമുദായത്തിന് ചീത്തപ്പേര് മാത്രമെ സമ്മാനിക്കുകയുള്ളൂ. അല്ലാഹു പറയുന്നത് കാണുക:
وَإِذَا جَآءَهُمْ أَمْرٌ مِّنَ ٱلْأَمْنِ أَوِ ٱلْخَوْفِ أَذَاعُوا۟ بِهِۦ ۖ وَلَوْ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰٓ أُو۟لِى ٱلْأَمْرِ مِنْهُمْ لَعَلِمَهُ ٱلَّذِينَ يَسْتَنۢبِطُونَهُۥ مِنْهُمْ ۗ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَٱتَّبَعْتُمُ ٱلشَّيْطَٰنَ إِلَّا قَلِيلًا
സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്‍റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു. (ഖു൪ആന്‍:4/83)
എന്തുകിട്ടിയാലും എത്രയും വേഗം ഷെയര്‍ ചെയ്യുന്ന രീതി ആളുകളില്‍ കാണാറുണ്ട്. ഈ സ്വഭാവം സത്യവിശ്വാസികള്‍ക്ക് പാടുള്ളതല്ല.
തനിക്ക് ലഭിച്ച എല്ലാ മെസേജുകളും ഇതര ആളുകളിലേക്ക് ഷെയറും ഫോര്‍വേഡും ചെയ്യുന്ന രീതി സത്യവിശ്വാസികള്‍ക്ക് പാടുള്ളതല്ല. ചിലര്‍ കിട്ടിയ സന്ദേശങ്ങള്‍ സത്യമാണോ അസത്യമാണോ കളവാണോ എന്നൊന്നും നോക്കാതെ ഫോര്‍വേഡ് ചെയ്യാനുള്ള തിരക്കിലാണ്. ആദ്യം ആളുകളെ അറിയിക്കുന്നത് ഞാനായിരിക്കണമെന്ന ചിന്തയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. അതിനു ശേഷം ആയിരങ്ങള്‍ ഷെയര്‍ ചെയ്ത ശേഷമായിരിക്കും കാര്യം കളവാണ് എന്നറിയുന്നതും പരിതപിക്കുന്നതും. അതുകൊണ്ടുതന്നെ എന്ത് ഷെയര്‍ ചെയ്യുമ്പോഴും അതിന് മുമ്പ് അതേകുറച്ച് നല്ലവണ്ണം ആലോചിക്കേണ്ടതാണ്.
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-:كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ
അബൂഹുറൈറയിൽ (റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: കേള്‍ക്കുന്നതെല്ലാം പറയുന്നത് മാത്രം മതി ഒരാളുടെ (വാക്കുകള്‍) കളവാകാന്‍. (സ്വഹീഹ് മുസ്ലിമിന്റെ ആമുഖത്തില്‍ നിന്ന് (1/10)
قَالَ مَالِكٌ: اعْلَمْ أَنَّهُ لَيْسَ يَسْلَمُ رَجُلٌ حَدَّثَ بِكُلِّ مَا سَمِعَ، وَلَا يَكُونُ إِمَامًا أَبَدًا وَهُوَ يُحَدِّثُ بِكُلِّ مَا سَمِعَ
ഇമാം മാലിക്ക് (റഹി) പറഞ്ഞു: അറിയുക! കേള്‍ക്കുന്നതെല്ലാം പറയുന്നെങ്കില്‍ ഒരാള്‍ (തിന്മകളില്‍ നിന്നും കളവുകളില്‍ നിന്നും) സുരക്ഷിതനാവില്ല. കേള്‍ക്കുന്നതെല്ലാം പറയുന്ന ഒരാള്‍ ഒരിക്കലും ഇമാമാവുകയുമില്ല. (സ്വഹീഹ് മുസ്ലിമിന്റെ ആമുഖത്തില്‍ നിന്ന് (1/11)
ഒരിക്കല്‍ നബി ﷺ സ്വപ്നത്തില്‍ ചില ആളുകള്‍ ശിക്ഷിക്കപ്പെടുന്നത് കാണുകയും അദ്ദേഹം അത് സ്വഹാബികള്‍ക്ക് വിവരിച്ച് നല്‍കുകയും ചെയ്തു. അതിലെ ഒരു രംഗം ഇപ്രകാരമാണ്.
قَالَ: فَانْطَلَقْنَ فَأَتَيْنَا عَلَى رَجُلٍ مُسْتَلْقٍ لِقَفَاهُ، وَإِذَا آخَرُ قَائِمٌ عَلَيْهِ بِكَلُّوبٍ مِنْ حَدِيدٍ، وَإِذَا هُوَ يَأْتِي أَحَدَ شِقَّىْ وَجْهِهِ فَيُشَرْشِرُ شِدْقَهُ إِلَى قَفَاهُ، وَمَنْخِرَهُ إِلَى قَفَاهُ وَعَيْنَهُ إِلَى قَفَاهُ ـ قَالَ وَرُبَّمَا قَالَ أَبُو رَجَاءٍ فَيَشُقُّ ـ قَالَ ثُمَّ يَتَحَوَّلُ إِلَى الْجَانِبِ الآخَرِ، فَيَفْعَلُ بِهِ مِثْلَ مَا فَعَلَ بِالْجَانِبِ الأَوَّلِ، فَمَا يَفْرُغُ مِنْ ذَلِكَ الْجَانِبِ حَتَّى يَصِحَّ ذَلِكَ الْجَانِبُ كَمَا كَانَ، ثُمَّ يَعُودُ عَلَيْهِ فَيَفْعَلُ مِثْلَ مَا فَعَلَ الْمَرَّةَ الأُولَى. قَالَ قُلْتُ سُبْحَانَ اللَّهِ مَا هَذَانِ قَالَ قَالاَ لِي انْطَلِقْ.
നബി ﷺ പറയുന്നു : അങ്ങനെ ഞങ്ങള്‍ യാത്ര തുട൪ന്നു. പിന്നീട് ഞങ്ങള്‍ മല൪ന്ന് കിടക്കുന്ന ഒരാളുടെ സമീപം എത്തിച്ചേ൪ന്നു. അയാളുടെ സമീപത്ത് നില്‍ക്കുന്ന മറ്റൊരാള്‍ ഇരുമ്പിന്റെ ഒരു കൊളുത്ത് ദണ്ഢുമേന്തി ഇയാളുടെ മുഖത്തിന്റെ ഒരു വശത്ത് നിന്ന് വായയും മൂക്കും കണ്ണുകളും പിരടിവരെ കൊളുത്തി കീറുകയാണ്. ശേഷം മറുവശത്തേക്ക് മാറിനിന്ന് അവിടെയും ആദ്യത്തെപോലെ കൊളുത്തി കീറുന്നു. ഒരു വശത്ത് നിന്ന് വരമിക്കുമ്പോഴേക്ക് മറുവശം പൂ൪വ്വസ്ഥിതി പ്രാപിച്ചു വരുന്നു. പിന്നീട് ആദ്യത്തേതുപോലെ പ്രഥമ വശത്ത് തന്നെ വീണ്ടും ആവ൪ത്തിക്കുന്നു. ഞാന്‍ പറഞ്ഞു: സുബ്ഹാനല്ലാഹ്, ഇവ൪ ആരാണ് ? അവ൪ എന്നോട് പറഞ്ഞു: യാത്ര തുടരൂ..
തുട൪ന്ന് നബിയോടൊപ്പം കൂടെയുണ്ടായിരുന്നവര്‍ ഈ കഠിന ശിക്ഷക്ക് വിധേയമായവ൪ ആരാണെന്ന് നബിക്ക് വിവരിച്ചു നല്‍കുന്നത് കാണുക:
وَأَمَّا الرَّجُلُ الَّذِي أَتَيْتَ عَلَيْهِ يُشَرْشَرُ شِدْقُهُ إِلَى قَفَاهُ، وَمَنْخِرُهُ إِلَى قَفَاهُ، وَعَيْنُهُ إِلَى قَفَاهُ، فَإِنَّهُ الرَّجُلُ يَغْدُو مِنْ بَيْتِهِ فَيَكْذِبُ الْكَذْبَةَ تَبْلُغُ الآفَاقَ،
വായയും മൂക്കും കണ്ണും പിരടി വരെ കീറപ്പെടുന്നതായി കണ്ട മനുഷ്യന്‍ അതിരാവിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി പ്രപഞ്ചം മുഴുവന്‍ കളവ് പ്രചരിപ്പിച്ചവനാണ്. (ബുഖാരി:7047)
ഈ കഠിന ശിക്ഷക്ക് വിധേയനായ വ്യക്തി അതിരാവിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി പ്രപഞ്ചം മുഴുവന്‍ കളവ് പ്രചരിപ്പിച്ചവനാണെന്ന് പറയുമ്പോള്‍, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവ൪ക്കുള്ള താക്കീത് കൂടിയാണ്. നിമിഷ നേരം കൊണ്ട് ലോകം മുഴുവന്‍ കളവ് പ്രചരിപ്പിക്കവാന്‍ സോഷ്യല്‍ മീഡിയക്ക് കഴിയും.
എട്ടാമതായി, ദീനീവിജ്ഞാനം കരസ്ഥമാക്കുന്ന വിഷയത്തില്‍ സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോഗിക്കുക. സോഷ്യല്‍ മീഡിയ വഴി പണ്ഢിതന്‍മാരുടെ ക്ലാസുകള്‍ കേള്‍ക്കുമ്പോള്‍ ദീനീ സദസ്സുകളില്‍ നിന്നും നേരിട്ട് ദീന്‍ പഠിക്കുമ്പോഴുള്ള പ്രതിഫലെ ലഭിക്കുന്നതാണെന്ന് പണ്ഢിതന്‍മാര്‍ പറഞ്ഞിട്ടുള്ളതായി കാണാം. എന്നാല്‍ ഇവിടെ പ്രത്യേകം ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അറിവ് അന്വേഷിക്കുന്നവ൪ ഉറപ്പ് വരുത്തേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ് ശരിയായ ഉറവിടത്തില്‍ നിന്നാണ് താന്‍ അറിവ് സ്വീകരിക്കുന്നതെന്ന കാര്യം. ഇന്ന് വൈബ്സൈറ്റുകളുടെയും സോഷ്യല്‍ മീഡിയകളുടെ കാലമാണ്. ശി൪ക്കും കുഫ്റും ബിദ്അത്തും പ്രചരിപ്പിക്കുന്നവനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. കെട്ടിച്ചമച്ച ഹദീസുകള്‍ വരെ പലരും നബിയുടെ പേരില്‍ പ്രചരിപ്പിക്കുന്നു. അല്ലാഹുവോ അവന്റെ റസൂലോ പറയാത്ത ആശയങ്ങള്‍ ഖു൪ആനിന്റെയും ഹദീസുകളുടെയും കാര്യത്തില്‍ പ്രചരിപ്പിക്കുന്നു. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ മന്‍ഹജ് സ്വീകരിച്ചിട്ടുള്ളവരല്ലാത്തവരുടെ പോസ്റ്റുകള്‍ അവഗണിക്കുക.
عَنْ مُحَمَّدِ بْنِ سِيرِينَ، قَالَ إِنَّ هَذَا الْعِلْمَ دِينٌ فَانْظُرُوا عَمَّنْ تَأْخُذُونَ دِينَكُمْ .
ഇബ്നു സീരീന്‍ (റ) പറഞ്ഞു :നിങ്ങള്‍ നേടുന്ന ഈ അറിവ് അത് നിങ്ങളുടെ മതമാണ്. ആയതിനാല്‍ തന്നെ ആരില്‍ നിന്നാണ് അത് സ്വീകരിക്കുന്നതെന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊള്ളുക .(സ്വഹീഹ് മുസ്ലിമിന്റെ ആമുഖത്തില്‍ നിന്ന്)
قال الامام مالك رحمه الله:إن هذا العلم هو لحمك ودمك، وعنه تسأل يوم القيامة، فانظر عمن تأخذه
ഇമാം മാലിക് (റഹി) പറഞ്ഞു :തീർച്ചയായും ഈ (മത) വിജ്ഞാനം നിന്റെ മാംസവും രക്തവുമാണ്, നീ അതിനെപ്പറ്റി പരലോകത്ത് ചോദിക്കപ്പെടുക തന്നെ ചെയ്യും, അതിനാൽ നീ ഈ വിജ്ഞാനത്തെ ആരിൽ നിന്നാണ് സ്വീകരിക്കുന്നത് എന്ന് നോക്കിക്കൊള്ളുക.(അൽ കിഫായ ഈ ഇൽമിർരിവായ : 21)
ഒമ്പതാമതായി, ദഅ്വത്തിന് വേണ്ടി സോഷ്യല്‍ മീഡിയ ഉപയോഗിക്കുക. ദഅ്വത്തിന് വേണ്ടിയുള്ള നല്ലൊരു മാ൪ഗ്ഗമാണിത്. ഒരു മൗസ് ക്ലിക്കിലൂടെ ധാരാളക്കണക്കിനാളുകള്‍ക്ക് ഈ സന്ദേശം എത്താക്കാന്‍ സാധിക്കുന്നു.
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: بَلِّغُوا عَنِّي وَلَوْ آيَةً
അബ്ദുല്ലാഹിബ്‌നു അംറിബ്‌നു ആസില്‍(റ) നിന്ന് നിവേദനം: നബി ﷺ പഖ്യാപിച്ചു: ഒരു ആയത്തെങ്കിലും എന്നിൽ നിന്ന് നിങ്ങൾ മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുവീൻ……. (ബുഖാരി:3461)
رحم الله امرأ سمع مني حديثا فحفظه ، حتى يبلغه غير
നബി ﷺ പറഞ്ഞു:എന്നിൽ നിന്ന് ഒരു ഹദീസ് കേൾക്കുകയും അത് താൻ അല്ലാത്തവരിലേക്ക് എത്തിക്കുന്നതുവരെ അതിനെ സംരക്ഷിക്കുകയും ചെയ്ത ഒരാളോട് അള്ളാഹു കരുണ കാണിക്കട്ടേ. (സ്വഹീഹു ഇബ്നിഹിബ്ബാൻ, ശുഐബ് അൽഅർനാഊത് ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.)
മുൻകാലത്ത് വലിയ പണ്ഡിതൻമാർവരെയും അവരുടെ ശിഷ്യന്‍മാര്‍ക്കും അവ൪ അഭിമുഖീകരിക്കുന്ന ജനങ്ങള്‍ക്കും മാത്രമാണ് ദീന്‍ പകര്‍ന്നു നല്‍കിയത്. അവരുടെ കാലശേഷം അവര്‍ രചിച്ച ഗ്രന്ഥങ്ങളും ദീന്‍ പഠിക്കുന്നതിന് ഉപകാരപ്പെട്ടു. എന്നാല്‍ ഇന്ന് സാധാരണക്കാര്‍ക്കുവരെ നിമിഷ നേരം കൊണ്ട് ലോകം മുഴുവനും ദീന്‍ പ്രചരിപ്പിക്കുവാനും ധാരാളം പ്രതിഫലം ലഭിക്കുവാനും സാധിക്കും.
എന്നാല്‍ മതപരമായ അറിവുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ അത് കൂടുതല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. കുറഞ്‍പക്ഷം, പോസ്റ്റ് ചെയ്യുകയും ഷയര്‍ ചെയ്യുകയും ചെയ്യുന്ന വിഷയത്തില്‍ വ്യക്തമായ അറിവ് ഉണ്ടായരിക്കണം. കാരണം നേരത്തെ പറഞ്ഞതുപോലെ കെട്ടിച്ചമച്ച ഹദീസുകള്‍ വരെ പലരും നബിയുടെ പേരില്‍ പ്രചരിപ്പിക്കുന്നു. അല്ലാഹുവോ അവന്റെ റസൂലോ പറയാത്ത ആശയങ്ങള്‍ ഖു൪ആനിന്റെയും ഹദീസുകളുടെയും കാര്യത്തില്‍ പ്രചരിപ്പിക്കുന്നു. അല്ലാഹുവിന്റെ പേരില്‍ അറിവില്ലാത്തത് പറയുന്നതിന് വേണ്ടി പിശാച് ആളുകളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും.
قُلْ إِنَّمَا حَرَّمَ رَبِّىَ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَٱلْإِثْمَ وَٱلْبَغْىَ بِغَيْرِ ٱلْحَقِّ وَأَن تُشْرِكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَٰنًا وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ
പറയുക: എന്‍റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്. (ഖു൪ആന്‍ :7/33)
ﺇِﻧَّﻤَﺎ ﻳَﺄْﻣُﺮُﻛُﻢ ﺑِﭑﻟﺴُّﻮٓءِ ﻭَٱﻟْﻔَﺤْﺸَﺎٓءِ ﻭَﺃَﻥ ﺗَﻘُﻮﻟُﻮا۟ ﻋَﻠَﻰ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﺗَﻌْﻠَﻤُﻮﻥَ
ദുഷ്കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്.
(ഖു൪ആന്‍:2/169)
നാം അതൊക്കെ പരിശോധിക്കാതെ പോസ്റ്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുമ്പോള്‍, നാം നന്‍മ മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കൂടി നരകമാണ് ലഭിക്കുന്നത്.
عَنْ سَلَمَةَ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ مَنْ يَقُلْ عَلَىَّ مَا لَمْ أَقُلْ فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ
സലമ(റ) വില്‍ നിന്ന് നിവേദനം. നബി ﷺ ഇപ്രകാരം പറഞ്ഞതായി ഞാൻ കേട്ടു: പറയാത്ത കാര്യം ഞാൻ പറഞ്ഞുവെന്ന് എന്റെ പേരിൽ ആരെങ്കിലും ആരോപിച്ചാൽ അവൻ നരകത്തിൽ അവന്റെ ഇരിപ്പിടം ഒരുക്കികൊള്ളട്ടെ.(ബുഖാരി: 109)
عَنْ عَلِيًّا قَالَ النَّبِيُّ صلى الله عليه وسلم : لاَ تَكْذِبُوا عَلَىَّ، فَإِنَّهُ مَنْ كَذَبَ عَلَىَّ فَلْيَلِجِ النَّارَ
അലി(റ) പറയുന്നു. അല്ലാഹുവിന്റെ നബി ﷺ പറയുന്നതായി ഞാൻ കേട്ടു. എന്റെ പേരിൽ നിങ്ങൾ കളവ് പറയരുത്. എന്റെ പേരിൽ ആരെങ്കിലും കള്ളം ചമച്ചാൽ അവൻ നരകത്തിൽ അവന്റെ ഇരിപ്പിടം തയ്യാറാക്കിക്കൊള്ളട്ടെ. (ബുഖാരി: 106)
عَنْ سَمُرَةَ بْنِ جُنْدَبٍ، عَنْ رَسُولِ اللَّهِ -ﷺ- قَالَ: مَنْ حَدَّثَ عَنِّي بِحَدِيثٍ يُرَى أَنَّهُ كَذِبٌ، فَهُوَ أَحَدُ الْكَاذِبِينَ
നബി ﷺ പറഞ്ഞു: ആരെങ്കിലും എന്നില്‍ നിന്ന് (സ്ഥിരപ്പെടാത്ത) കളവാണെന്ന് വിചാരിക്കപ്പെടുന്ന ഒരു ഹദീഥ് ഉദ്ദരിച്ചാല്‍ അവന്‍ രണ്ട് കള്ളന്മാരില്‍ ഒരുവനാണ്. (മുസ്‌ലിം തന്റെ മുഖദ്ദിമയില്‍:1/9.)
ഹദീസ് കെട്ടിച്ചമച്ചവനെപ്പോലെ അത് പ്രചരിപ്പിക്കുന്നവനും കുറ്റക്കാരനാണെന്ന് ഈ വചനം സൂചിപ്പിക്കുന്നു.
ﻭَﻻَ ﺗَﻘْﻒُ ﻣَﺎ ﻟَﻴْﺲَ ﻟَﻚَ ﺑِﻪِۦ ﻋِﻠْﻢٌ ۚ ﺇِﻥَّ ٱﻟﺴَّﻤْﻊَ ﻭَٱﻟْﺒَﺼَﺮَ ﻭَٱﻟْﻔُﺆَاﺩَ ﻛُﻞُّ ﺃُﻭ۟ﻟَٰٓﺌِﻚَ ﻛَﺎﻥَ ﻋَﻨْﻪُ ﻣَﺴْـُٔﻮﻻً
നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റേയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഖു൪ആന്‍:17/36)
പത്താമതായി, സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിന്റെ പേരിലുള്ള ചതിക്കുഴികളെ തിരിച്ചറിയുക. വിദ്യാ൪ത്ഥികളും അവിവാഹിതരും മാത്രമല്ല, വിവാഹി൪ വരെ ചാറ്റിംഗ് ചതിക്കുഴികളില്‍ വീഴുന്നു. എത്രയെത്ര ദാമ്പത്യബന്ധങ്ങളുടെ തകര്‍ച്ചക്കും പെണ്‍കുട്ടികളുടെ ചാരിത്രനഷ്ടത്തിനും മറ്റനേകം നാശനഷ്ടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഗുഡ്‌മോണിംഗ് മെസ്സേജുകളിലും ഹായ് മെസ്സേജുകളിലും തുടങ്ങി പിന്നെ സുഖവിവരങ്ങളിലുമായി ചാറ്റിംഗ് നടക്കുന്നു. അതവസാനം അവിഹിതങ്ങളായ കാര്യങ്ങളിലെത്തിക്കുന്നു. എത്രയോ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെയും മക്കളെയും വേണ്ടെന്നുവെച്ച് ചാറ്റിംഗ് വഴി പരിചയപ്പെട്ടവരുടെ കൂടെ ഇറങ്ങിപ്പോകുകയും ഒടുവില്‍ ആത്മഹത്യ ചെയ്യുകയോ മനോരോഗികളായി മാറുകയോ ചെയ്തിട്ടുണ്ട്. അന്യ സ്ത്രീപുരുഷൻമാർ വാട്സ് ആപ് പോലെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ അനാവശ്യമായി ചാറ്റ് ചെയ്യുന്നത് സത്യവിശ്വാസികള്‍ക്ക് പാടുള്ളതല്ലെന്ന് മനസ്സിലാക്കി അതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.
قال الشيخ ابن عثيمين رحمه الله: لا يجوز لأي إنسان أن يراسل امرأة أجنبية عنه ؛ لما في ذلك من فتنة ، وقد يظن المراسل أنه ليس هناك فتنة ، ولكن لا يزال به الشيطان حتى يغريه بها ويغريها به، ففي مراسلة الشبان للشابات فتنة عظيمة وخطر كبير، ويجب الابتعاد عنها.
ഇബ്നു ഉസൈമീൻ (റഹി) പറഞ്ഞു:അന്യസ്ത്രീകൾക്ക് കത്തുപോലുള്ള മാർഗ്ഗങ്ങളിലൂടെ സന്ദേശം കൈമാറുക എന്നത് ഒരു വ്യക്തിക്കും അനുവദനീയമല്ല. കാരണം അതിൽ ഫിത്‌നയുണ്ട്. സന്ദേശം അയക്കുന്നവർ അതിൽ കുഴപ്പങ്ങളൊന്നും ഇല്ല എന്ന് കരുതിയേക്കാം. എന്നാൽ ശയ്‌ത്വാൻ ആണിനേയും പെണ്ണിനേയും ഇൗ പ്രവർത്തനം കൊണ്ട് നശിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നതാണ്. യുവാക്കൾ യുവതികൾക്ക് (പരസ്പരം) ഇത്തരം മാർഗങ്ങളിലൂടെ സന്ദേശം കൈമാറുന്നതിൽ വലിയ ഫിത്‌നയും, അപകടവുമാണുള്ളത്. അത്തരം കാര്യങ്ങളിൽ നിന്ന് മാറി നിൽക്കൽ നിർബന്ധമാണ്. ( فتاوى المرأة المسلمة ٥٧٨/٢)
സത്യവിശ്വാസിയായ ഒരു മനുഷ്യന്‍ വ്യഭിചാരത്തിലേക്ക് എത്താന്‍ സാധ്യതയുള്ള ഒരു കാര്യത്തിലേക്കും അടുക്കാന്‍ പാടില്ല.
وَلا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلا
നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കുകയും ചെയ്യരുത്. നിശ്ചയമായും അത് ഒരു നീചവൃത്തിയാകുന്നു; വളരെ ദുഷിച്ച മാര്‍ഗവുമാണ്. (ഖു൪ആന്‍ 17/32)
പതിനൊന്നാമതായി, ബാധ്യതകള്‍ മറന്ന് ജീവിക്കുന്നതിലേക്ക് സോഷ്യല്‍ മീഡിയ കാരണമാകരുത്. ഒരു സത്യവിശ്വാസിക്ക് മാതാപിതാക്കളോടും മക്കളോടും ഭാര്യയോടും ഭര്‍ത്താവിനോടും സഹോദരീ സഹോദരന്മാരോടും കുടുംബക്കാരോടും അയല്‍വാസികളോടും അഗതികളോടും അനാഥരോടും ജീവജാലങ്ങളോടും അങ്ങനെ എല്ലാവരോടും ബാധ്യതകളുണ്ട്. സോഷ്യല്‍ മീഡിയയില്‍ മുഴുകുന്നവര്‍ ഈ ബാധ്യതകളൊക്കെ മറക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ അമേരിക്കയിലും ആസ്ത്രേലിയയുമുള്ളവരെ പരിചയപ്പെടുമ്പോള്‍ തൊട്ടടുത്തുള്ള അയല്‍വായി ആരാണെന്നുപോലും അറിയുന്നില്ല. അപകടത്തില്‍ പെടുന്നവനെ രക്ഷിക്കുന്നതിനെക്കാളും പ്രധാനമായും അപകടത്തിന്റെ ഫോട്ടോയെടുത്ത് അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാനാണ് പലരുടെയും ശ്രമം. തൊട്ടുമുന്നില്‍ നില്‍ക്കുന്ന ആളുകളോട് സംസാരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കത്തവര്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ ഒരു പ്രയാസവുമില്ല. വീട്ടിലെത്തുന്ന അതിഥിയെ സല്‍ക്കരിക്കാന്‍ തീരെ സമയമില്ല. അതിഥിയും ആതിഥേയനും സോഷ്യല്‍ മീഡിയയില്‍ മുഴുകുന്നു.
തന്റെ കുടുംബത്തോടും സ്വന്തത്തോടുമുള്ള കടമകളില്‍ വീഴ്ച കാണിച്ച അബുദ്ദ്ര്‍ദാഇ(റ)നോട് സല്‍മാന്‍ അല്‍ -ഫാരിസി (റ) പറഞ്ഞു :
إِنَّ لِرَبِّكَ عَلَيْكَ حَقًّا، وَلِنَفْسِكَ عَلَيْكَ حَقًّا، وَلأَهْلِكَ عَلَيْكَ حَقًّا، فَأَعْطِ كُلَّ ذِي حَقٍّ حَقَّهُ. فَأَتَى النَّبِيَّ صلى الله عليه وسلم فَذَكَرَ ذَلِكَ لَهُ. فَقَالَ النَّبِيُّ صلى الله عليه وسلم “ صَدَقَ سَلْمَانُ ”.
നിനക്ക് നിന്റെ രക്ഷിതാവിനോട് കടമകളുണ്ട്. നിനക്ക് നിന്റെ സ്വന്തത്തോട് കടമകളുണ്ട്. നിനക്ക് നിന്റെ കുടുംബത്തോട് കടമകളുണ്ട്. ഓരോ അവകാശിക്കും അവരുടെ അവകാശം നല്‍കുക. നബി ﷺ യുടെ അടുത്തെത്തിയ അബുദ്ദ്ര്‍ദാഇനോട് നബി ﷺ പറഞ്ഞു : സല്‍മാന്‍ പറഞ്ഞത് സത്യമാണ്” (ബുഖാരി:6139)
പന്ത്രണ്ടാമതായി, സോഷ്യല്‍ മീഡിയ ചില പുനര്‍വിചിന്തനത്തിന് നമ്മെ സഹായിക്കുന്നു. മണിക്കൂറുകള്‍ സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുവാന്‍ മനുഷ്യന് സാധിക്കുന്നുവെങ്കില്‍, സ്വയം പരിശ്രമിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ മുമ്പില്‍ ധാരാളം ഇബാദത്ത് ചെയ്യാന്‍ കഴിയും. മദീനയിലെ പ്രമുഖ പണ്ഡിതന്‍ സുലൈമാന്‍ റുഹൈലി പറഞ്ഞു: മുന്‍ഗാമികള്‍ എങ്ങനെയാണ് ഒരു ദിവസത്തില്‍ തന്നെ അഞ്ചും ആറും ജുസ്അ് ഖുര്‍ആന്‍ ഓതിയിരുന്നത് എന്ന് നാം പലപ്പോഴും അത്ഭുതം കൂറാറുണ്ടായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ വന്നതോടെ ആ സംശയം മാറി. ഒരു കാര്യം ആളുകള്‍ക്ക് ഇഷ്ടമായിക്കഴിഞ്ഞാല്‍ അവര്‍ എത്ര സമയം വേണമെങ്കിലും ആ കാര്യത്തിനുവേണ്ടി ചെലവഴിക്കും എന്ന് സോഷ്യല്‍ മീഡിയ തെളിയിക്കുന്നു.
പതിമൂന്നാമതായി, സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ അല്ലാഹു കാണുന്നുണ്ടെന്നും പരലോകത്ത് അതെല്ലാം ഹാജരാക്കുന്നതാണെന്നും ഓ൪ക്കുക.
ﻣَّﺎ ﻳَﻠْﻔِﻆُ ﻣِﻦ ﻗَﻮْﻝٍ ﺇِﻻَّ ﻟَﺪَﻳْﻪِ ﺭَﻗِﻴﺐٌ ﻋَﺘِﻴﺪٌ
അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും (അത് രേഖപ്പെടുത്തുന്നതിനായി) അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാകാതിരിക്കുകയില്ല. (ഖു൪ആന്‍ :50/18)
عن ابن عباس : ( ما يلفظ من قول إلا لديه رقيب عتيد ) قال : يَكْتُبُ كُلَّ مَا تَكَلَّمَ بِهِ مِنْ خَيْرٍ أَوْ شَرٍّ، حَتَّى إِنَّهُ لَيَكْتُبُ قَوْلَهُ: “أَكَلْتُ، شَرِبْتُ، ذَهَبْتُ، جِئْتُ، رَأَيْتُ”،
ഇബ്നു അബ്ബാസ് (റ) പറയുന്നു: നന്മയായാലും തിന്മയായാലും അവൻ സംസാരിക്കുന്നതു മുഴുവൻ രേഖപ്പെടുത്തപ്പെടുന്നു. ഞാൻ തിന്നു ,കുടിച്ചു , പോയി , വന്നു, കണ്ടു എന്നീ വാക്കുകൾ
വരെ. (ഇബ്നു കഥീർ)
أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ
അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്? (ഖു൪ആന്‍ :96/14)
يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوٓءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُۥٓ أَمَدًۢا بَعِيدًا ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ
നന്‍മയായും തിന്‍മയായും താന്‍ പ്രവര്‍ത്തിച്ച ഓരോ കാര്യവും (തന്‍റെ മുമ്പില്‍) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓര്‍ക്കുക) . തന്‍റെയും അതിന്‍റെ (ദുഷ്പ്രവൃത്തിയുടെ) യും ഇടയില്‍ വലിയ ദൂരമുണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചു പോകും. അല്ലാഹു തന്നെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു (തന്‍റെ) ദാസന്‍മാരോട് വളരെ ദയയുള്ളവനാകുന്നു. (ഖു൪ആന്‍ :3/30)
قال ابن رجب رحمه الله : إنَّ الإنسان يزرع بقوله وعمله الحسنات و السيئات، ثم يَحصُدُ يوم القيامة ما زرع، فمن زرع خيرًا من قول أو عمل حَصَد الكرامة، ومن زرع شرًا من قول أو عمل حصد غدًا الندامة .
ഇമാം ഇബ്നു റജബ് رحمه الله പറഞ്ഞു:ഒരു മനുഷ്യൻ തന്റെ വാക്കു കൊണ്ടും, പ്രവർത്തി കൊണ്ടും നന്മകളും തിന്മകളും വിതക്കും. പിന്നീട് ഖിയാമത് നാളിൽ (പരലോകത്ത് വെച്ച്) അവൻ എന്താണോ വിതച്ചത് അതവൻ കൊയ്തെടുക്കുകയും ചെയ്യും. ആരെങ്കിലും നല്ല വാക്കും, നല്ല പ്രവർത്തിയുമാണ് വിതക്കുന്നത് എങ്കിൽ അവന് അവിടെ (പരലോകത്ത്) ആദരവ് കൊയ്തെടുക്കാം. ആരെങ്കിലും വാക്കാലും പ്രവർത്തിയാലും തിന്മയാണ് വിതക്കുന്നതെങ്കിൽ ഖേദമായിരിക്കും അവൻ കൊയ്തെടുക്കുക! [ جامع العلوم والحكم (٥١٨) ]
സത്യവിശ്വാസികളെ, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ പെട്ടതാണ് ഇത്തരം സംവിധാനങ്ങള്‍. അതുകൊണ്ട് ഈ അനുഗ്രഹത്തിന് നന്ദി കാണിക്കുക. ഇങ്ങിനെയുള്ള അനുഗ്രഹങ്ങള്‍ക്കൊക്കെ നന്ദികാണിക്കുന്നതിനു പകരം, അവ കുഫ്‍റിന്റെയും , ശിര്‍ക്കിന്റെയും മാര്‍ഗ്ഗത്തില്‍ വിനിയോഗിക്കുകയും, മറ്റുള്ളവരെക്കൂടി വഴിതെറ്റിക്കുകയും ചെയ്യുന്നവ൪ക്ക് നരകമാണുള്ളതെന്ന് തിരിച്ചറിയുക:
أَلَمْ تَرَ إِلَى ٱلَّذِينَ بَدَّلُوا۟ نِعْمَتَ ٱللَّهِ كُفْرًا وَأَحَلُّوا۟ قَوْمَهُمْ دَارَ ٱلْبَوَارِ – جَهَنَّمَ يَصْلَوْنَهَا ۖ وَبِئْسَ ٱلْقَرَارُ
അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് (നന്ദികാണിക്കേണ്ടതിനു) പകരം നന്ദികേട് കാണിക്കുകയും, തങ്ങളുടെ ജനതയെ നാശത്തിന്‍റെ ഭവനത്തില്‍ ഇറക്കിക്കളയുകയും ചെയ്ത ഒരു വിഭാഗത്തെ നീ കണ്ടില്ലേ? അഥവാ നരകത്തില്‍. അതില്‍ അവര്‍ എരിയുന്നതാണ്. അത് എത്ര മോശമായ താമസസ്ഥലം! (ഖു൪ആന്‍ :14/28-29)