ഇസ്‌റാഉം, മിഅ്‌റാജും സ്വപ്നമോ, ശാരീരികമോ? : അമാനി മൗലവി

THADHKIRAH

ഒരു രാത്രിയില്‍ മക്കയില്‍ നിന്നും അക്കാലത്ത് ഒരു മാസം വഴിദൂരമുള്ള ബൈത്തുല്‍ മുഖദ്ദസിലേക്കും, അവിടെ നിന്ന് ആകാശത്തേക്കും അല്ലാഹു നബി ﷺ യെ കൊണ്ടുപോവുകയും അത്ഭുതക്കാഴ്ചകള്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. ഈ രണ്ടു യാത്രകളില്‍ ഒന്നാമത്തെത് ഇസ്‌റാഅ്(രാപ്രയാണം അഥവാ രാവുയാത്ര) എന്നും രണ്ടാമത്തെത് മിഅ്‌റാജ്(ആകാശാരോഹണം അഥവാ വാനയാത്ര) എന്നും അറിയപ്പെടുന്നു. മക്കയിലെ ശത്രു പീഡനങ്ങളും ഉപരോധങ്ങളും തീര്‍ത്ത പരീക്ഷണങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ നബി ﷺ യുടെ സഹായികളും സാന്ത്വനവുമായിരുന്ന പിതൃവ്യനായ അബൂത്വാലിബും പ്രിയ സഖി ഖദീജയും വിടപറഞ്ഞ ദുഃഖത്തിന്റെ ദിനങ്ങള്‍ക്കിടയില്‍ ഒരു ആശ്വാസത്തിന്റെ തലോടല്‍ കൂടിയായിരുന്നു ഈ രാപ്രയാണവും വാനയാത്രയും.

ഇസ്ലാമിക പ്രമാണങ്ങൾ പരിശോധിച്ചാൽ ഇസ്‌റാഉം, മിഅ്‌റാജും ശാരീരികമാണെന്ന് അഥവാ ഉണര്‍ച്ചയില്‍ നബി ﷺ യുടെ ശരീരത്തോട്‌ കൂടിതന്നെയായിരുന്നുവെന്ന് കാണാൻ കഴിയും. എന്നാൽ ഇസ്‌റാഉം, മിഅ്‌റാജും ശാരീരികമല്ലെന്നും ആത്മീയമാണെന്നും അഥവാ സ്വപ്നത്തിലായിരുന്നുവെന്നും ചിലർ പ്രചരിപ്പിക്കാറുണ്ട്. ഇസ്‌റാഅ് ശാരീരികമാണെന്നും എന്നാൽ മിഅ്‌റാജ് ആത്മീയമാണെന്നും മറ്റ് ചിലരും പ്രചരിപ്പിക്കാറുണ്ട്. . മുഹമ്മദ് അമാനി മൗലവി (റഹി) തന്റെ ഖുർആൻ വിശദീകരണത്തിൽ സൂറ: അൽ ഇസ്റാഅ ഒന്നാം വചനത്തിന്റെ വിശദീകരണത്തിന് ശേഷം ഇസ്‌റാഉം, മിഅ്‌റാജും (രാവുയാത്രയും, വാനയാത്രയും) എന്ന പേരിൽ ഒരു വിശദീകരണ കുറിപ്പ് നൽകുന്നുണ്ട്. ഈ വിഷയത്തിൽ സത്യം മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിശദീകരണ കുറിപ്പ് ഏറെ സഹായകരമാണ്. യാതൊരു മാറ്റത്തിരുത്തലുകളും വരുത്താതെ അത് താഴെ ചേർക്കുന്നു.

ഇസ്‌റാഉം, മിഅ്‌റാജും (രാവുയാത്രയും, വാനയാത്രയും)

ഉമര്‍, അലി, ഇബ്‌നുമസ്‌ഊദ്‌, അനസ്‌, അബൂഹുറയ്‌റഃ, അബൂദര്‍റ്‌ഃ, ഇബ്‌നു അബ്ബാസ്‌ (റ) മുതലായ സ്വഹാബീ പ്രമുഖന്‍മാരില്‍ നിന്നും, ഉമ്മുഹാനീ, അസ്‌മാഉ്‌ (റ) എന്നീ പ്രമുഖ വനിതാ സ്വഹാബികളില്‍ നിന്നുമായി ബുഖാരീ, മുസ്‌ലിം (റ) തുടങ്ങിയ ഹദീഥ്‌ പണ്‌ഡിതന്‍മാര്‍ പല മാര്‍ഗങ്ങളില്‍ക്കൂടി ഈ വിഷയം സംബന്ധിച്ച്‌ ധാരാളം ഹദീഥുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ചിലതില്‍ സുദീര്‍ഘമായും, ചിലതില്‍ സംക്ഷിപ്‌തമായും സംഭവം വിവരിക്കപ്പെട്ടിരിക്കുന്നു. വിശദാംശങ്ങളില്‍ ചില രിവായത്തുകള്‍ തമ്മില്‍ അല്‍പം ചില വ്യത്യാസങ്ങള്‍ കാണപ്പെടുമെങ്കിലും പ്രധാന വശങ്ങളില്‍ അവ തമ്മില്‍ യോജിപ്പ്‌ കാണാവുന്നതാണ്‌. മിക്കവാറും ഹദീഥുകളും രിവായത്തുകളും ഉദ്ധരിച്ചശേഷം ഇബ്‌നു കഥീര്‍ (റ) ഇസ്‌റാഇനെപ്പറ്റി പ്രസ്‌താവിച്ചതിന്റെ ചുരുക്കം താഴെ കൊടുക്കുന്നു:-

`നബി ﷺ ഉണര്‍ച്ചയിലായിരുന്നപ്പോള്‍ തന്നെ-സ്വപ്‌നത്തിലല്ല- മക്കയില്‍ നിന്ന്‌ ബൈതുല്‍ മുക്വദ്ദസിലേക്ക്‌ `ബുറാക്വി’ന്‍മേല്‍ രാത്രിയില്‍ തിരുമേനി കൊണ്ടുപോകപ്പെട്ടു. പള്ളിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ മൃഗത്തെ (ബുറാക്വിനെ) വാതില്‍ക്കല്‍ കെട്ടി. പള്ളിയില്‍ കടന്ന്‌ രണ്ട്‌ റക്‌അത്ത്‌ `തഹിയ്യത്ത്‌’ നമസ്‌കരിച്ചു. പിന്നീട്‌ `മിഅ്‌റാജ്‌’ കൊണ്ടുവരപ്പെട്ടു. പല പടികളുള്ള കോണിപോലെയായിരുന്നു അത്‌. അതിലായി അടുത്ത ആകാശത്തിലേക്കും, മറ്റുള്ള ആകാശത്തിലേക്കും തിരുമേനി കയറിപ്പോയി. അതതിലെ പ്രധാനികളായ ആളുകള്‍ (മലക്കുകള്‍) തിരുമേനിയെ സ്വീകരിച്ചു. ആകാശങ്ങളിലുണ്ടായിരുന്ന പ്രവാചകന്‍മാര്‍ അവരവരുടെ പദവിക്രമമനുസരിച്ച്‌ നബി ﷺ സലാം പറയുകയും ചെയ്‌തു. അങ്ങനെ, ആറാം ആകാശത്തില്‍ `കലീമായ’ (അല്ലാഹുവിന്റെ സംസാരം നേരില്‍ കേട്ട പ്രവാചകനായ) മൂസാനബി(അ)യുടെയും, ഏഴാം ആകാശത്തില്‍ (അല്ലാഹുവിന്റെ ഉറ്റ ചങ്ങാതി എന്ന്‌ അല്ലാഹു വിശേഷിപ്പിച്ച) ഇബ്‌റാഹീം നബി (അ)യുടെയും അടുക്കല്‍ തിരുമേനി ചെന്നു. പിന്നീട്‌ അവിടെ നിന്നും അപ്പുറം കടന്നു അല്ലാഹു കണക്കാക്കുന്ന കാര്യങ്ങളെ രേഖപ്പെടുത്തുന്ന പേനകളുടെ ചലനം കേള്‍ക്കുമാറുള്ള ഒരു മണ്‌ഡലത്തില്‍ തിരുമേനി എത്തി. `സിദ്‌റതുല്‍ മുന്‍തഹാ’ എന്ന വൃക്ഷവും കണ്ടു. അതിമഹത്തായ പല കാര്യങ്ങളും കണക്കറ്റ വര്‍ണങ്ങളും, മലക്കുകളും അതിനെ ആവരണം ചെയ്‌തിരുന്നു. അവിടെവെച്ച്‌ ജിബ്‌രീല്‍ (അ)നെ അദ്ദേഹത്തിന്റെ സാക്ഷാല്‍രൂപത്തില്‍ അറുന്നൂറ്‌ ചിറകുകള്‍ സഹിതം തിരുമേനി കാണുകയുണ്ടായി. ബൈതുല്‍മഅ്‌മൂറും തിരുമേനി കണ്ടു. ഭൂമിയിലെ `കഅ്‌ബഃ’ യുടെ സ്ഥാപകനായ ഇബ്‌റാഹീം നബി (സ.അ) (അ) അതിലേക്ക്‌ പുറംചാരി ഇരിക്കുന്നതായിട്ടാണ്‌ തിരുമേനി കണ്ടത്‌. കാരണം അത്‌ ആകാശത്തിലെ `കഅ്‌ബഃ’യാകുന്നു. ദിവസംതോറും എഴുപതിനായിരം മലക്കുകള്‍ അതില്‍ പ്രവേശിച്ചു ആരാധനാകര്‍മങ്ങള്‍ നടത്തുന്നു. അവര്‍ പിന്നീട്‌ ക്വിയാമത്തുനാള്‍വരെ അതിലേക്ക്‌ മടങ്ങിവരുകയില്ല. തിരുമേനി സ്വര്‍ഗവും നരകവും കണ്ടു. അമ്പത്‌ നേരത്തെ നമസ്‌കാരം അവിടെ വെച്ച്‌ നിര്‍ബന്ധമാക്കപ്പെട്ടു. അനന്തരം (മൂസാനബിയുടെ ഉപദേശപ്രകാരം തിരുമേനി അല്ലാഹുവിനോട്‌ അപേക്ഷിച്ചതനുസരിച്ച്‌ എണ്ണം കുറേശ്ശെ ചുരുക്കിക്കൊടുത്തുകൊണ്ട്‌) അതില്‍ ലഘുത്വം നല്‍കി. അത്‌ അഞ്ച്‌ നേരമാക്കി ഇളവ്‌ ചെയ്‌തുകൊടുക്കുകയും ചെയ്‌തു. നമസ്‌കാരത്തിന്റെ മഹത്വവും, മനുഷ്യരോട്‌ അല്ലാഹുവിനുള്ള കാരുണ്യവും നിമിത്തമാണത്‌. പിന്നീട്‌ തിരുമേനി ബൈതുല്‍ മുക്വദ്ദസിലേക്ക്‌ ഇറങ്ങിപ്പോരുകയും (അവിടെ വെച്ചുകണ്ട) പ്രവാചകന്‍മാരെയും കൊണ്ട്‌ നമസ്‌കരിക്കുകയും ചെയ്‌തു. പിന്നീട്‌, തിരുമേനി ബുറാക്വിന്‍മേല്‍ കയറിക്കൊണ്ട്‌ (നിശാന്ത്യത്തിലെ) ഇരുട്ടത്ത്‌ തന്നെ മക്കയിലേക്ക്‌ മടങ്ങിവരുകയും ചെയ്‌തു. വാസ്‌തവം അല്ലാഹുവിനറിയാം. ആ യാത്രയില്‍ നബി ﷺ ക്ക്‌ പാലും തേനും മറ്റും കാണിക്കപ്പെട്ടതും അവിടുന്ന്‌ പാല്‍ തിരഞ്ഞെടുത്തതും ബൈത്തുല്‍ മുക്വദ്ദസില്‍ വെച്ചാണെന്നും, ആകാശത്ത്‌ വെച്ചാണെന്നും (രിവായത്ത്‌) വന്നിട്ടുണ്ട്‌. ഒരുപക്ഷേ, രണ്ടിടത്ത്‌ വെച്ചും അത്‌ ഉണ്ടായിരിക്കുവാന്‍ സാധ്യതയുണ്ട്‌. കാരണം, സന്ദര്‍ശനത്തിന്‌ വരുന്ന ആള്‍ക്ക്‌ നല്‍കപ്പെടുന്ന ഒരു സല്‍ക്കാരം പോലെയുള്ളതാണല്ലോ അത്‌. അല്ലാഹുവിനറിയാം. [ഇബ്‌നൂ കഥീറിന്റെ പ്രസ്‌താവന അവസാനിച്ചു].

നേരം പുലര്‍ന്നശേഷം രാത്രിയിലുണ്ടായ അസാധാരണവും അല്‍ഭുതകരവുമായ ഈ സംഭവത്തെക്കുറിച്ച്‌ നബി ﷺ ജനങ്ങളെ അറിയിക്കേണ്ട താമസം, ജനമധ്യെ അതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ പലതരത്തിലായിരുന്നു. കൈകൊട്ടിച്ചിരിക്കുന്നവര്‍, തലയില്‍ കൈവെച്ചു ആശ്ചര്യം പ്രകടിപ്പിക്കുന്നവര്‍ എന്നിങ്ങനെ പലരൂപത്തിലും അവര്‍ പരിഹാസത്തിന്റെയും, നിഷേധത്തിന്റെയും പ്രകടനങ്ങള്‍ നടത്തി. ചിലര്‍ അബൂബക്‌ര്‍ (റ)ന്റെ അടുക്കലേക്ക്‌ ഓടി വിവരം പറഞ്ഞു അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞു. നബി (സ.അ) അങ്ങിനെ പറഞ്ഞുവോ? എന്ന്‌ മാത്രമേ അദ്ദേഹത്തിന്‌ അറിയേണ്ടതുണ്ടായിരുന്നുള്ളൂ. `അതെ, അദ്ദേഹം അങ്ങിനെ പറഞ്ഞു’ എന്നറിഞ്ഞതോടെ അബൂബക്‌ര്‍ (റ) പറഞ്ഞു: `അദ്ദേഹം അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ സത്യമാണെന്ന്‌ ഞാന്‍ സാക്ഷ്യം വഹിക്കുന്നു.’ `ഒരു രാത്രി കൊണ്ട്‌ അവന്‍ ശാമില്‍ പോയി വന്നുവെന്ന്‌ പറഞ്ഞത്‌ താങ്കള്‍ വിശ്വസിക്കുന്നുവോ? അദ്ദേഹം മറുപടി പറഞ്ഞു: `അതിനെക്കാള്‍ വിദൂരമായ വിഷയത്തിലും ഞാനദ്ദേഹത്തെ വിശ്വസിക്കും. ആകാശത്ത്‌നിന്നുള്ള വര്‍ത്തമാനത്തില്‍ ഞാനദ്ദേഹത്തെ വിശ്വസിച്ചുവരുന്നു.’ -ഇത്‌ മുതല്‍ക്കാണ്‌ അദ്ദേഹത്തെപ്പറ്റി `സിദ്ദീക്വ്‌’ (الصدقة മഹാ സത്യവാന്‍-അഥവാ സത്യസന്ധന്‍) എന്ന്‌ വിളിക്കപ്പെട്ടുവന്നതെന്ന്‌ പറയപ്പെടുന്നു.

പിന്നീട്‌, ബൈതുല്‍ മുക്വദ്ദസ്‌ നേരില്‍ പോയി കണ്ടിട്ടുള്ളവരുടെ മുമ്പില്‍ വെച്ച്‌ ആ പള്ളിയെപ്പറ്റി പലതും ചോദിച്ചുകൊണ്ട്‌ മുശ്‌രിക്കുകള്‍ നബി ﷺ യെ പരീക്ഷണം നടത്തിനോക്കി. നബി ﷺ യുടെ വിവരണം തികച്ചും ശരിയാണെന്ന്‌ അവര്‍ക്ക്‌ ബോധ്യമായി. `ഈ വിവരണമൊക്കെ ശരിതന്നെ. എന്നാല്‍, ഞങ്ങളുടെ ഒരു വര്‍ത്തകസംഘം ശാമിലേക്ക്‌ പോയിട്ടുണ്ട്‌. അവരുടെ വര്‍ത്തമാനമെന്താണ്‌? ഇതായിരുന്നു അടുത്ത ചോദ്യം. ആ സംഘത്തില്‍ ഇത്ര ആളുകളുണ്ട്‌. ഇത്ര ഒട്ടകങ്ങളുണ്ട്‌; ഇന്ന ദിവസം അവര്‍ തിരിച്ചെത്തും എന്നൊക്കെ നബി ﷺ പ്രതിവചിച്ചു. അത്‌പോലെ അവര്‍ വന്നുചേരുകയും ചെയ്‌തു. പക്ഷേ, ഇത്‌കൊണ്ടൊന്നും അവര്‍ വിശ്വസിക്കുവാന്‍ ഒരുക്കമുണ്ടായിരുന്നില്ല. `മുഹമ്മദിന്റെ സിഹ്‌ര്‍ വല്ലാത്ത സിഹ്‌ര്‍ തന്നെ’ എന്ന്‌ പറഞ്ഞു തടിതപ്പിക്കളയുകയാണ്‌ അവര്‍ ചെയ്‌തത്‌.’

ബലവത്തായ അനേകം ഹദീഥുകളെ അടിസ്ഥാനമാക്കി ഇസ്‌റാഇലും മിഅ്‌റാജിലും നടന്ന പ്രധാന സംഭവങ്ങള്‍ ഇന്നവയാണെന്ന്‌ ഇബ്‌നുകഥീര്‍ (റ)ന്റെ മേലുദ്ധരിച്ച പ്രസ്‌താവനയില്‍ നിന്ന്‌ മനസ്സിലായല്ലോ. ഇസ്‌റാഇന്റെ ലക്ഷ്യം ചൂണ്ടിക്കാട്ടിക്കൊണ്ട്‌. لِنُرِيَهُ مِنْ آيَاتِنَا(അദ്ദേഹത്തിന്‌ നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ നിന്നും കാണിച്ചുകൊടുക്കുവാന്‍ വേണ്ടി) എന്ന്‌ അല്ലാഹു പറഞ്ഞതിന്റെ സാരം ഏറെക്കുറെ അതില്‍നിന്നു മനസ്സിലാക്കാവുന്നതാകുന്നു. മിഅ്‌റാജില്‍ നടന്ന ചില സംഭവങ്ങളെപ്പറ്റി സൂറതുന്നജ്‌മിലെ വചനങ്ങളിലും ഇത്‌പോലെ അതിന്റെ ലക്ഷ്യത്തെ സൂചിപ്പിച്ചുകൊണ്ട്‌ സൂറതുന്നജ്‌മില്‍ لَقَدْ رَأَىٰ مِنْ آيَاتِ رَبِّهِ الْكُبْرَىٰ (തീര്‍ച്ചയായും, അദ്ദേഹം തന്റെ റബ്ബിന്റെ അതിമഹത്തായ ദൃഷ്‌ടാന്തങ്ങളില്‍ നിന്നും കണ്ടിട്ടുണ്ട്‌) എന്ന്‌ പറഞ്ഞുകാണാം. കൂടാതെ, ഹദീഥുകളില്‍ പ്രസ്‌താവിക്കപ്പെട്ടിട്ടുള്ള മേലുദ്ധരിച്ചതില്‍പെട്ട ചില കാര്യങ്ങളും അല്ലാഹു അവിടെ എടുത്തുപറഞ്ഞിരിക്കുന്നു.

യുക്തിവാദക്കാര്‍ക്കും, ക്വുര്‍ആനിലോ, ഹദീഥിലോ കാണപ്പെടുന്ന അസാധാരണ സംഭവങ്ങളെ കഴിവതും സാധാരണവല്‍ക്കരിക്കുന്നതില്‍ താല്‍പര്യമെടുക്കുന്നവര്‍ക്കും ഇസ്‌റാഇന്റെയും മിഅ്‌റാജിന്റെയും വിവരണത്തില്‍ പലതും ദഹിക്കാത്തവയുണ്ടായിരിക്കും. അത്‌ സ്വാഭാവികവുമാണ്‌. നമ്മെ സംബന്ധിച്ചിടത്തോളം അല്ലാഹുവും റസൂലും വ്യക്തമായ ഭാഷയില്‍ പ്രസ്‌താവിച്ച ഏതുകാര്യവും മുഖവിലക്ക്‌ തന്നെ സ്വീകരിക്കുവാന്‍ നാം തയ്യാറാകുന്നു. ഒരു രാത്രി കൊണ്ട്‌ മക്കയില്‍ നിന്ന്‌ ഒരാള്‍ ബൈതുല്‍ മുക്വദ്ദസില്‍ പോയി വന്നത്‌, ഒരു മനുഷ്യന്‍ ആകാശത്തേക്ക്‌ കയറി തിരിച്ചുവന്നത്‌; മരണപ്പെട്ടുപോയ പ്രവാചകന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തത്തക്കവണ്ണം അവര്‍ക്ക്‌ രൂപം നല്‍കപ്പെട്ടത്‌ എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മുടെ അറിവിലും പരിചയത്തിലുമുള്ള പ്രകൃതി നിയമങ്ങള്‍ക്കതീതം തന്നെ. പക്ഷേ, ബുദ്ധിപരമായി നോക്കുമ്പോള്‍ അവയൊന്നും അസംഭവ്യങ്ങളല്ല. അല്ലാഹുവിനെ സംബന്ധിച്ചാണെങ്കില്‍, അവന്‍ ഉദ്ദേശിക്കുമ്പോള്‍ മാറ്റം സ്വീകരിക്കാത്ത പ്രകൃതി നിയമം എന്നൊന്നില്ലതാനും. പ്രകൃതിയെന്ന്‌ നാം ഏതിനെപ്പറ്റി പറയുന്നുവോ അത്‌, അല്ലാഹു സാധാരണമായി നടപ്പാക്കിവരുന്ന ചില നടപടി ക്രമങ്ങള്‍ മാത്രമാകുന്നു. നമുക്ക്‌ അതില്‍ മാറ്റം വരുത്തുവാന്‍ സാധ്യമല്ലെന്നത്‌ ശരി. അല്ലാഹുവിന്‌, അവന്‍ ഉദ്ദേശിക്കുന്നതെന്തും ചെയ്യാവുന്നതാകുന്നു. ( ويفعل الله مايشاء)

ഉണര്‍ച്ചയില്‍ നബി ﷺ യുടെ ശരീരത്തോട്‌ കൂടിതന്നെയായിരുന്നു ആ യാത്രയെന്നും, ഉറക്കത്തില്‍ സ്വപ്‌നരൂപത്തിലായിരുന്നു അതെന്നും രണ്ടഭിപ്രായങ്ങള്‍ പണ്‌ഡിതന്‍മാര്‍ക്കിടയില്‍ മുമ്പേ നിലവിലുണ്ട്‌. ആധുനിക കാലത്ത്‌ ഈ രണ്ടാമത്തെ അഭിപ്രായത്തിന്‌ പൂര്‍വാധികം സ്വീകരണവും, പ്രചാരവും കാണുമെങ്കിലും, സ്വഹാബികള്‍തൊട്ട്‌ അടുത്ത കാലംവരെയുള്ള-മുന്‍ഗാമികളും പിന്‍ഗാമികളുമടങ്ങുന്ന – ബഹുഭൂരിപക്ഷം പണ്‌ഡിതന്‍മാരും ഒന്നാമത്തെ അഭിപ്രായക്കാരാകുന്നു. ആഇശഃ, മുആവിയ, ഹസന്‍ (റ) എന്നിവര്‍ രണ്ടാമത്തെ അഭിപ്രായക്കാരായിട്ടാണ്‌ അറിയപ്പെടുന്നത്‌. ഇസ്‌റാഉ്‌ ശാരീരികവും മിഅ്‌റാജ്‌ ആത്മീയവും (അഥവാ സ്വപ്‌നത്തിലും) ആയിരുന്നുവെന്ന മൂന്നാമതൊരു അഭിപ്രായവും നിലവിലുണ്ടെങ്കിലും ആദ്യം പറഞ്ഞ രണ്ടഭിപ്രായങ്ങളും തമ്മില്‍ കൂട്ടിയിണക്കുവാനുള്ള ഒരു ശ്രമമായേ അത്‌ ഗണിക്കേണ്ടതുള്ളൂ.

നബി ﷺ ഉണര്‍ന്നിരിക്കുമ്പോള്‍ ശരീരത്തോടും ആത്മാവോടും കൂടിത്തന്നെയായിരുന്നു ആ യാത്രയെന്ന്‌ സ്ഥാപിക്കുന്നതിന്‌ താഴെ കാണുംവിധം പല തെളിവുകളും ഇബ്‌നുജരീര്‍, ഇബ്‌നുകഥീര്‍, റാസീ (റ) പോലെയുള്ള പ്രമുഖ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും, ഇമാം അസ്‌ക്വലാനീ (റ) പോലെയുള്ള ഹദീഥ്‌ പണ്‌ഡിതന്‍മാരും അവരവരുടെ ഗ്രന്ഥങ്ങളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഉദാഹരണമായി:-

(1) سُبْحَانَ الَّذِي എന്ന `തസ്‌ബീഹിന്റെ വാക്യത്തോടെയാണ്‌ അല്ലാഹു ഇസ്‌റാഇനെക്കുറിച്ച്‌ പ്രസ്‌താവിച്ചത്‌. വമ്പിച്ച കാര്യങ്ങളെക്കുറിച്ച്‌ പറയുമ്പോള്‍ മാത്രമാണ്‌ ഇങ്ങിനെയുള്ള തസ്‌ബീഹിന്റെ രൂപത്തിലുള്ള വാചകങ്ങള്‍ പ്രയോഗിക്കുക പതിവ്‌. അത്‌ കേവലം ഒരു സ്വപ്‌നം മാത്രമായിരുന്നുവെങ്കില്‍, ഈ പ്രയോഗത്തിന്‌ ഇവിടെ വിശേഷിച്ച്‌ സ്ഥാനമൊന്നുമില്ല.

(2) അതൊരു സ്വപ്‌നമായിരുന്നെങ്കില്‍, ക്വുറൈശികള്‍ അതിനെ നിഷേധിക്കുവാനോ ഇസ്‌ലാം സ്വീകരിച്ച ചിലര്‍ സംശയത്തോടെ ചോദ്യം ചെയ്യുവാനോ മുതിരുമായിരുന്നില്ല. അബൂബക്‌ര്‍ (റ) ആ വാര്‍ത്ത കേട്ട ഉടനെ അത്‌ ശരിവെച്ചതില്‍ ഒരു പ്രത്യേകതയും ഉണ്ടായിരിക്കുവാനും അവകാശമില്ല. അത്‌ നബി ﷺ യുടെ സത്യസന്ധതക്ക്‌ ഒരു തെളിവായിരിക്കുകയുമില്ല. സ്വപ്‌നത്തില്‍ ഇത്‌പോലെയുള്ള പലതും സംഭവിക്കാമെന്നുള്ളതില്‍ വിശേഷബുദ്ധിയുള്ളവരാരും തര്‍ക്കിക്കുകയില്ലല്ലോ.

(3) أَسْرَى بِعَبْدِهِ (തന്റെ അടിയാനെ അവന്‍ രാവുയാത്ര ചെയ്യിച്ചു) എന്നാണ്‌ അല്ലാഹു പറഞ്ഞത്‌. ആത്മാവിനെ മാത്രം ഉദ്ദേശിച്ചു അടിയാന്‍ (عَبْدِ) എന്ന്‌ പറയപ്പെടാറില്ല.

(4) `ബുറാക്വ്‌’ എന്ന ഒരു മൃഗത്തിന്റെ പുറത്തായിരുന്നു ആ യാത്രയെന്ന്‌ ഹദീഥുകളില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ശരീരത്തിന്നല്ലാതെ- ആത്മാവിന്‌ ഒരു മൃഗത്തിന്‍മേല്‍ സവാരി ചെയ്യേണ്ടുന്ന ആവശ്യമില്ല.

(5) രാവിലെയും, വൈകുന്നേരവും ഓരോ മാസത്തെ വഴിദൂരം സുലൈമാന്‍ നബി(അ)യെയും കൊണ്ട്‌ കാറ്റ്‌ ചലിച്ചിരുന്നുവെന്നും 34:12ലും, കണ്ണടച്ചു മിഴി തുറക്കുമ്പോഴേക്കും യമനിലെ രാജ്ഞിയുടെ സിംഹാസനം അവിടെ നി്‌ന്ന്‌ ശാമില്‍ സുലൈമാന്‍ (അ)ന്റെ മുമ്പില്‍ കൊണ്ടുവരപ്പെട്ടതായി 27:40ലും അല്ലാഹു പ്രസ്‌താവിച്ചിരിക്കുന്നു. അപ്പോള്‍ ആ രാത്രിയില്‍ ഒരു മാസത്തെ ദൂരം നബി ﷺ സഞ്ചരിച്ചതില്‍ അസാംഗത്യമൊന്നുമില്ല.

(6) ക്വുര്‍ആനിലും ഹദീഥുകളിലും വന്ന വാക്കുകള്‍ പരിശോധിച്ചാല്‍ നേര്‍ക്കുനേരെ മനസ്സിലാക്കാന്‍ കഴിയുന്നത്‌ ആ യാത്ര ശാരീരികവും ഉണര്‍ച്ചയിലും ആയിരുന്നുവെന്നാകുന്നു. എന്നിരിക്കെ, അതിനെ ആത്മീയമെന്നോ, സ്വപ്‌നക്കാഴ്‌ച എന്നോ വ്യാഖ്യാനിക്കുന്നത്‌ ന്യായമല്ല.

(7) സ്വഹാബികളില്‍പെട്ട ചുരുക്കം പേര്‍ അത്‌ ആത്മീയമായിരുന്നുവെന്നോ, സ്വപ്‌നത്തിലായിരുന്നുവെന്നോ പ്രസ്‌താവിച്ചിരുന്നാല്‍ തന്നെയും അവരെക്കാള്‍ എത്രയോ അധികം സ്വഹാബികള്‍ അതിന്‌ എതിരായിക്കെ ചിലരുടെ മാത്രം പ്രസ്‌താവന തെളിവായി എടുത്തുകൂടാത്തതാണ്‌. മാത്രമല്ല, എതിരഭിപ്രായക്കാരായി അറിയപ്പെടുന്ന സ്വഹാബികള്‍ മറ്റുള്ളവരെപ്പോലെ നബി ﷺ യുമായി അധികകാലം സഹവസിക്കുവാന്‍ സാധിച്ചിട്ടില്ലാത്തവരുമാകുന്നുവെന്നുള്ളത്‌ ശ്രദ്ധേയമാണ്‌.

ആത്മീയമായിരുന്നു, അഥവാ സ്വപ്‌നമായിരുന്നു എന്നതിന്‌ പറയപ്പെടാറുള്ള പ്രധാന തെളിവുകള്‍ ഇവയാകുന്നു:

(1) അന്ന്‌ റസൂല്‍ തിരുമേനിയുടെ ശരീരം കാണപ്പെടാതായിട്ടില്ല എന്ന്‌ ആഇശാ (റ)യുടെ ഒരു പ്രസ്‌താവന.

(2) അത്‌ സ്വപ്‌നത്തില്‍ അല്ലാഹു കാണിച്ചുകൊടുത്ത കാഴ്‌ചയായിരുന്നുവെന്ന മുആവിയഃ(റ)യുടെ പ്രസ്‌താവന. വാസ്‌തവത്തില്‍ ഈ രണ്ട്‌ തെളിവുകളും വിമര്‍ശന വിധേയങ്ങളാകുന്നു. കാരണം, നബി ﷺ യുടെ ആ യാത്ര ഉണ്ടായകാലത്ത്‌ ആഇശഃ(റ) നബി ﷺ യുടെ പത്‌നിയായിട്ടില്ലെന്ന്‌ മാത്രമല്ല, വളരെ ചെറുപ്പവുമായിരുന്നു. മുആവിയഃ (റ) ആകട്ടെ, ആ സംഭവകാലത്ത്‌ മുശ്‌രിക്കുകളുടെ കൂട്ടത്തിലായിരുന്നു. പിന്നീട്‌ ഏതാനും കൊല്ലങ്ങള്‍ക്ക്‌ ശേഷമാണദ്ദേഹം മുസ്‌ലിമായതും. ആ സ്ഥിതിക്ക്‌ ആ രണ്ടുപേര്‍ക്കും വിഷയത്തിന്റെ യഥാര്‍ഥ സ്ഥിതിയെപ്പറ്റി ശരിക്ക്‌ അറിയുവാനിടയില്ല. പിന്നീടത്‌ ഏതാനും ചില യുക്തിന്യായങ്ങള്‍ മാത്രമാണ്‌. അവയെ അതേ നിലവാരത്തിലുള്ള യുക്തിന്യായങ്ങള്‍ കൊണ്ട്‌തന്നെ വിമര്‍ശിക്കാവുന്നതുമാകുന്നു. والله اعلم

ലോകാവസാനം വരെയുള്ള മനുഷ്യസമുദായത്തിന്റെ റസൂലാണ്‌ നബിതിരുമേനി. എക്കാലത്തേക്കും ബാധകവും പക്വവുമായ ഒരു വേദഗ്രന്ഥവും നിയമസംഹിതയുമാണ്‌ തിരുമേനിക്ക്‌ ജനമധ്യെ സമര്‍പ്പിക്കുവാനുള്ളതും.നബി ﷺ ക്കാണെങ്കില്‍, വല്ല പാഠശാലയില്‍ നിന്നോ, അന്യരുടെ ശിക്ഷണത്തില്‍ വെച്ചോ മറ്റോ ഒന്നും പഠിച്ചറിയുവാന്‍ സന്ദര്‍ഭം കിട്ടിയിട്ടുമില്ല. വേദഗ്രന്ഥങ്ങളോ, ചരിത്രകൃതികളോ വായിച്ചറിഞ്ഞിട്ടുമില്ല. എഴുത്തും വായനയുംപോലും അറിഞ്ഞുകൂടാ. മനുഷ്യസമുദായമാകട്ടെ, ബുദ്ധിപരവും, ചിന്താപരവും, ശാസ്‌ത്രപരവുമെല്ലാം തന്നെ വളര്‍ന്നു വളര്‍ന്നുകൊണ്ടുമിരിക്കുന്നു. മനുഷ്യന്‌ ക്രമേണ സിദ്ധിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാനമണ്ഡലങ്ങളുടെയും പുരോഗമന സാഹചര്യങ്ങളുടെയും ഫലമായി ഭാവിതലമുറകള്‍ പുതിയ പുതിയ അറിവുകളും അനുഭവങ്ങളും നേടിക്കൊണ്ടിരിക്കുകയാണ്‌. ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്ത്‌ ഓര്‍ക്കുവാന്‍പോലും കഴിയാത്ത പല കാര്യങ്ങളും, അന്ന്‌ അസംഭവ്യമാണെന്ന്‌ പരക്കെ കരുതപ്പെട്ടിരുന്ന പല കാര്യങ്ങളും ഇന്ന്‌ മനുഷ്യജീവിതത്തിലെ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കുകയാണ്‌. ഉദാഹരണമായി: വായുവില്‍ മനുഷ്യന്‍ യഥേഷ്‌ടം സഞ്ചരിക്കുന്നതിനെപ്പറ്റി മുന്‍കാലത്ത്‌ വിഭാവനം ചെയ്‌വാന്‍പോലും കഴിഞ്ഞിരുന്നില്ല. ഇന്ന്‌ വായുവിലെ യാത്രയെ അല്ല- വായുമണ്‌ഡലത്തിനപ്പുറം കടന്നു- ഗോളാന്തരയാത്രകള്‍കൂടി മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്നു. നാളത്തെ കഥ എന്തൊക്കെയായിരിക്കുമെന്ന്‌ അല്ലാഹുവിനേ അറിഞ്ഞുകൂടൂ! അപ്പോള്‍, മനുഷ്യസാധാരണമായ പ്രകൃതിയുടെ പരിമിതികളെ കവച്ചുവെക്കുമാറ്‌ ആത്മീയ സവിശേഷതകളാല്‍ അനുഗൃഹീതരായ പ്രവാചകന്‍മാര്‍ക്ക്‌ -വിശേഷിച്ചും പ്രവാചക പ്രഭുവായ നബിതിരുമേനി ക്ക്‌-ഈ ഭൗതിക മണ്‌ഡലങ്ങള്‍ക്കപ്പുറം സ്ഥിതി ചെയ്യുന്ന ചില യാഥാര്‍ഥ്യങ്ങള്‍ സര്‍വ്വശക്തനും, സര്‍വ്വജ്ഞനുമായ അല്ലാഹു വെളിവാക്കിക്കൊടുക്കുകയും, പ്രവാചകന്‍മാരല്ലാത്ത മനുഷ്യര്‍ക്ക്‌ സിദ്ധിക്കാവതല്ലാത്ത ചില സിദ്ധികള്‍ കൊടുക്കുകയും ചെയ്യുന്നതില്‍ യുക്തിവിരുദ്ധമായി എന്താണുള്ളത്‌? ഇത്‌ ബാഹ്യലോകത്തിനപ്പുറം നമ്മുടെ ഊഹത്തിനും വിഭാവനത്തിനും അതീതമായ കണക്കറ്റ യാഥാര്‍ഥ്യങ്ങള്‍ നടമാടുന്ന മറ്റൊരു ആത്മീയ ലോകമുണ്ടെന്ന്‌ വിശ്വസിക്കുന്നവര്‍ക്ക്‌ ഇസ്‌റാഇലോ, മിഅ്‌റാജിലോ അസംഗതമായി ഒന്നുമില്ല.

അല്ലാഹു നബി ﷺ യോട്‌ പറയുന്നു:

وَأَنزَلَ ٱللَّهُ عَلَيْكَ ٱلْكِتَٰبَ وَٱلْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ ٱللَّهِ عَلَيْكَ عَظِيمًا 

(നിനക്ക്‌ അല്ലാഹു വേദഗ്രന്ഥവും വിജ്ഞാനവും ഇറക്കിത്തരികയും നിനക്കറിയാതിരുന്നത്‌ പഠിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. നിന്റെമേല്‍ അല്ലാഹുവിന്റെ അനുഗ്രഹം വമ്പിച്ചതാകുന്നു. (സൂറഃ നിസാഅ്‌: 113)

Leave a Reply

Your email address will not be published.

Similar Posts