ذكر (ദിക്ര്‍ ) എന്ന വാക്കിന് ‘സ്മരിക്കുക, ഓര്‍മ്മിക്കുക, പറയുക, ധ്യാനിക്കുക’ എന്നീ അര്‍ത്ഥങ്ങള്‍ പറയാവുന്നതാണ്. ‘അല്ലാഹുവിന്റെ ദിക്ര്‍’ (ذكر الله ) എന്നു പറയുമ്പോള്‍ അതില്‍, മനസ്സുകൊണ്ടും വാക്ക് കൊണ്ടും ഉണ്ടാകുന്ന ദിക്റുകള്‍ ഉള്‍പ്പെടുന്നു. അഥവാ, അല്ലാഹുവിന്റെ മഹല്‍ ഗുണങ്ങളെയും, സൃഷ്ടി മാഹാത്മ്യങ്ങളെയും കുറിച്ചുള്ള ചിന്താവിചാരങ്ങളും, അവനോടുള്ള മാനസികമായ ഭയഭക്തിയും, ‘തസ്ബീഹ്, തഹ്’ലീല്‍, തക്ബീര്‍, തഹ്’മീദ്, ദുആ’ എന്നിവയുമെല്ലാം ദിക്റുകളാകുന്നു.
അല്ലാഹുവിനെ സ്മരിക്കുക എന്നത് വളരെ ശ്രേഷ്ടമായ ഒരു ഇബാദത്താണ്. ദിക്റുകള്‍ അല്ലാഹുവുമായുള്ള നമ്മുടെ അടുപ്പം വര്‍ധിപ്പിക്കുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
അല്ലാഹുവിനെ അവന്റെ ഉന്നതമായ നാമങ്ങളിലൂടെയും സല്‍വിശേഷണങ്ങളിലൂടെയും പുകഴ്ത്തുവാന്‍ അവന്‍ നമുക്ക് പഠിപ്പിച്ചുതന്നിട്ടുള്ള മഹത്തരമായ വചനങ്ങളെല്ലാം ദിക്റില്‍ പെടുന്നു. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ നിലനിര്‍ത്തുന്ന ഇത്തരം ദിക്റുകളുടെ മഹത്വം അതീവവും പ്രതിഫലം വളരെ വലുതുമാണ്. വിശുദ്ധ ഖുര്‍ആനില്‍ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുവാനുള്ള കല്‍പന നമുക്ക് കാണാം. അല്ലാഹു പറയുന്നു:
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺫْﻛُﺮُﻭا۟ ٱﻟﻠَّﻪَ ﺫِﻛْﺮًا ﻛَﺜِﻴﺮًا ﻭَﺳَﺒِّﺤُﻮﻩُ ﺑُﻜْﺮَﺓً ﻭَﺃَﺻِﻴﻼً
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, രാവിലേയും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.(ഖു൪ആന്‍ : 33/41-42)
ﻭَﻟَﺬِﻛْﺮُ ٱﻟﻠَّﻪِ ﺃَﻛْﺒَﺮ
അല്ലാഹുവെ ഓര്‍മ്മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. (ഖു൪ആന്‍ :29/45)
ﻭَٱﺫْﻛُﺮ ﺭَّﺑَّﻚَ ﻓِﻰ ﻧَﻔْﺴِﻚَ ﺗَﻀَﺮُّﻋًﺎ ﻭَﺧِﻴﻔَﺔً ﻭَﺩُﻭﻥَ ٱﻟْﺠَﻬْﺮِ ﻣِﻦَ ٱﻟْﻘَﻮْﻝِ ﺑِﭑﻟْﻐُﺪُﻭِّ ﻭَٱﻻْءَﺻَﺎﻝِ ﻭَﻻَ ﺗَﻜُﻦ ﻣِّﻦَ ٱﻟْﻐَٰﻔِﻠِﻴﻦَ
വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്.(ഖു൪ആന്‍ :7/205)
ﻭَﺳَﺒِّﺢْ ﺑِﺤَﻤْﺪِ ﺭَﺑِّﻚَ ﻗَﺒْﻞَ ﻃُﻠُﻮﻉِ ٱﻟﺸَّﻤْﺲِ ﻭَﻗَﺒْﻞَ ﻏُﺮُﻭﺑِﻬَﺎ ۖ ﻭَﻣِﻦْ ءَاﻧَﺎٓﺉِ ٱﻟَّﻴْﻞِ ﻓَﺴَﺒِّﺢْ ﻭَﺃَﻃْﺮَاﻑَ ٱﻟﻨَّﻬَﺎﺭِ ﻟَﻌَﻠَّﻚَ ﺗَﺮْﺿَﻰٰ
……സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയത്തിന് മുമ്പും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ ചില നാഴികകളിലും, പകലിന്റെ ചില ഭാഗങ്ങളിലും നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്ക് സംതൃപ്തി കൈവന്നേക്കാം. (ഖു൪ആന്‍ :20/130)
ﻓَﺴُﺒْﺤَٰﻦَ ٱﻟﻠَّﻪِ ﺣِﻴﻦَ ﺗُﻤْﺴُﻮﻥَ ﻭَﺣِﻴﻦَ ﺗُﺼْﺒِﺤُﻮﻥَ
ﻭَﻟَﻪُ ٱﻟْﺤَﻤْﺪُ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ﻭَﻋَﺸِﻴًّﺎ ﻭَﺣِﻴﻦَ ﺗُﻈْﻬِﺮُﻭﻥ
ആകയാല്‍ നിങ്ങള്‍ സന്ധ്യാ വേളയിലാകുമ്പോഴും പ്രഭാത വേളയിലാകുമ്പോഴും അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക.ആകാശങ്ങളിലും ഭൂമിയിലും അവന് തന്നെയാകുന്നു സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും (അവനെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക.) (ഖു൪ആന്‍ :30/17-18)
ﻭَٱﺫْﻛُﺮِ ٱﺳْﻢَ ﺭَﺑِّﻚَ ﺑُﻜْﺮَﺓً ﻭَﺃَﺻِﻴﻼً
നിന്റെ രക്ഷിതാവിന്റെ നാമം രാവിലെയും വൈകുന്നേരവും നീ സ്മരിക്കുകയും ചെയ്യുക. (ഖു൪ആന്‍ :76/25)
സമയ വ്യത്യാസം കൂടാതെ എല്ലായ്‌പ്പോഴും അല്ലാഹുവിനെക്കുറിച്ചുള്ള സ്‌മരണ ഉണ്ടായിരിക്കേണ്ടതാണ്. എങ്കിലും രാവും പകലും മാറിക്കൊണ്ടിരിക്കുന്ന അവസരങ്ങളാണല്ലോ രാവിലെയും വൈകുന്നേരവും. പലതരം പ്രകൃതി മാറ്റങ്ങളും സംഭവിക്കുന്ന ആ സമയങ്ങള്‍ അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളെയും അനുഗ്രഹങ്ങളെയും കുറിച്ച് ഓര്‍മ്മിക്കുവാന്‍ പറ്റിയ പ്രത്യേക അവസരമായതിനാല്‍ അത് പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നുവെന്ന് മാത്രം. നബി(സ)യുടെ ജീവിതം ദിക്റുകള്‍ നിറഞ്ഞതായിരുന്നുവെന്ന് ആയിശ(റ) പറയുന്നു:
كَانَ النَّبِىُّ صَلَّى الله عَلَيْهِ وَسَلَّم يَذْكُرُ اللَّهَ عَلَى كُلِّ أَحْيَانِهِ
നബി(സ) എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിച്ചിരുന്നു. (മുസ്‌ലിം:373)
قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لَا يَذْكُرُ رَبَّهُ، مَثَلُ الحَيِّ وَالمَيِّتِ»
നബി(സ) പറഞ്ഞു:അല്ലാഹുവിനെ സ്മരിക്കുന്നവന്റെയും സ്മരിക്കാത്തവന്റെയും ഉപമ ജീവിച്ചിരിക്കുന്നവന്റെയും മരിച്ചവന്റെയും പോലെയാണ്. (ബുഖാരി:6407)
മുആദുബ്നു അനസുല്‍ ജുഹ്നി നിവേദനം ചെയ്യുന്നു:ഒരാള്‍ നബിയോട്(സ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, മുജാഹിദുകളില്‍ ഏറ്റവും മഹത്തായ പ്രതിഫലം നേടുന്നതാരാണ്.അവിടുന്ന് പറഞ്ഞു.അവരില്‍ ഏറ്റവും അധികം അല്ലാഹുവിനെ സ്മരിക്കുന്നവന്‍. അയാള്‍ ചോദിച്ചു.നോമ്പുകാരില്‍ ഏറ്റവും പ്രതിഫലം നേടുന്നതാരാണ്. നബി(സ) പറഞ്ഞു.മഹോന്നതനായ അല്ലാഹുവിനെ ഏറ്റവും സ്മരിക്കുന്നവന്‍. പിന്നീട് അയാള്‍ നമസ്കാരത്തേയും സക്കാത്തിനേയും ഹജ്ജിനേയും ദാനത്തേയും കുറിച്ച് ചോദിച്ചു.എല്ലാറ്റിനും നബി(സ) മറുപടി പറഞ്ഞത്, അവരില്‍ ഏറ്റവും അധികം അല്ലാഹുവിനെ സ്മരിക്കുന്നവന്‍ എന്നു തന്നെയായിരുന്നു. (മുസ്നദ് അഹ്’മദ്)
سَبَقَ الْمُفَرِّدُونَ» قَالُوا: وَمَا الْمُفَرِّدُونَ؟ يَا رَسُولَ اللهِ قَالَ: «الذَّاكِرُونَ اللهَ كَثِيرًا، وَالذَّاكِرَاتُ…
റസൂല്‍(സ) പറഞ്ഞു: മുഫ൪രിദൂന്‍ (സ്വ൪ഗ്ഗത്തിലേക്ക്) മുന്‍കടന്നു കഴിഞ്ഞു: പ്രവാചകരേ ആരാണ് മുഫ൪രിദൂന്‍ എന്നു സഹാബാക്കള്‍ ആരാഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന പുരുഷന്‍മാരും സ്ത്രീകളുമാണവ൪.(മുസ്‌ലിം:2676)
محمد بن كعب القرظي رحمه الله قال: لو رخص لأحد في ترك الذكر ، لرخص للذين يقاتلون في سبيل الله؛ قال الله تعالى: *يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمْ فِئَةً فَاثْبُتُوا وَاذْكُرُوا اللَّهَ كَثِيرًا لَعَلَّكُمْ تُفْلِحُون
മുഹമ്മദ് ഇബ്ന് കഅബ് അൽ കുർദി رحمه الله പറഞ്ഞു:അല്ലാഹുവിന്റെ സ്മരണ ഉപേക്ഷിക്കുന്നതിൽ ആർക്കെങ്കിലും ഇളവ് നൽകപ്പെട്ടിരുന്നുവെങ്കിൽ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന യോദ്ധാക്കൾക്ക് ലഭിച്ചേനെ! പക്ഷേ അവരോട് പോലും അള്ളാഹു പറഞ്ഞത്: “സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവെ അധികമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം”.(ഖു൪ആന്‍:8/45) (_التهذيب الموضوعي لحلية الأولياء_)
قال معاذ بن جبل رضي الله عنه ما شيء أنجى من عذاب الله من ذكر الله
മുആദ് ബ്നു ജബല്‍ (റ)പറഞ്ഞു: അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ദിക്റിനേക്കാള്‍ നല്ല മറ്റൊന്നില്ല .
ഇബ്നു തൈയ്മിയ്യ (റ) പറഞ്ഞു: ‘ഒരു മത്സ്യത്തിനു വെള്ളം എത്രത്തോളം അടിസ്ഥാനപരമായ ആവശ്യമാണോ , അതുപോലെയാണ് വിശ്വാസിയുടെ മനസ്സിന് ദിക്റ്.’
قال ابن القيم رحمه الله: ولا ريب أن القلب يصدأ كما يصدأ النحاس والفضة وغيرهما وجلاؤه بالذكر – الوابل الصيب (ص 92).
ഇബ്നുല്‍ഖയ്യിം – റഹിമഹുല്ലാഹ് – പറഞ്ഞു: തീര്‍ച്ചയായും, വെള്ളിയും, ചെമ്പും, ഇവയല്ലാത്തതും, തുരുമ്പ് ടിക്കുന്നത്പോലെ,ഹൃദയവും തുരുമ്പ് പിടിക്കുമെന്നതില്‍ സംശയമേയില്ല. (അപ്പോള്‍) അതിന്‍റെ തിളക്കം ദിക്ക്റ് കൊണ്ടാകുന്നു.
ഇബ്നുല്‍ ഖയ്യിം (റ) പറഞ്ഞു: സത്യവിശ്വാസിയുടെ മനസ്സിന് ഇടക്ക് ഒരു ‘ഒറ്റപ്പെടല്‍’ ഉണ്ടാകും, അത് അല്ലാഹുവിനെ സ്മരിക്കുമ്പോള്‍ നീങ്ങിപ്പോകുന്നു.
قال ابن القيم رحمه الله :مَن عوَّدَ لسَانَه ذِكْرَ اللّٰه صَانَ اللّٰهُ لسانَه عَن الباطِل واللَّغْو، ومَن يَبِسَ لسَانُه عَن ذِكْر اللّٰه تعَالى ترَطَّبَ بكُلِّ باطِلٍ ولغْوٍ و فُحْشٍ
ഇബ്നുൽ ഖയ്യിം (رحمه الله) പറഞ്ഞു : അല്ലാഹുവിനെ ഓർക്കാനായി ആരെങ്കിലും തന്റെ നാവിനെ ശീലിപ്പിച്ചാൽ അവന്റെ നാവിനെ അല്ലാഹു വൃത്തി കേടിൽ നിന്നും, ഉപകാരമില്ലാത്ത കാര്യങ്ങളിൽ നിന്നും സംരക്ഷിക്കും. ഇനി ആരുടെയെങ്കിലും നാവ് അല്ലാഹുവിനെ ഓർക്കുന്നതിൽ നിന്നും ഉണങ്ങിപ്പോയാൽ വൃത്തികേടും തോന്നിവാസവും കൊണ്ട് അത് നനയുകയും ചെയ്യും. (അൽ വാബിലു സ്സ്വയ്യിബ് : 99)
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تُكْثِرُوا الْكَلاَمَ بِغَيْرِ ذِكْرِ اللَّهِ فَإِنَّ كَثْرَةَ الْكَلاَمِ بِغَيْرِ ذِكْرِ اللَّهِ قَسْوَةٌ لِلْقَلْبِ وَإِنَّ أَبْعَدَ النَّاسِ مِنَ اللَّهِ الْقَلْبُ الْقَاسِي
ഇബ്നു ഉമർ(റ) നിവേദനം അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു : അല്ലാഹുവിന്റെ ദിക്ർ അല്ലാത്ത മറ്റു സംസാരങ്ങൾ നിങ്ങൾ അധികരിപ്പിക്കരുത്. കാരണം,അല്ലാഹുവിനെ സ്മരിക്കാതെ ഉള്ള അധിക സംസാരം ഹൃദയം കഠിനമാക്കും. ഹൃദയം കഠിനമായവനാണ് ജനങ്ങളിൽ അല്ലാഹുവിൽ നിന്നും ഏറ്റം അകന്നവൻ. (തുർമുദി:2411)
ﻗﺎﻝ ﺃﺑﻮ ﺣﺎﺗﻢ رحمه الله :ﺃﺭﺑﺢ اﻟﺘﺠﺎﺭﺓ ﺫﻛﺮ اﻟﻠﻪ ﻭﺃﺧﺴﺮ اﻟﺘﺠﺎﺭﺓ ﺫﻛﺮ اﻟﻨﺎﺱ.
അബൂ ഹാതിം (റ) പറഞ്ഞു: ഏറ്റവും ലാഭകരമായ കച്ചവടം അല്ലാഹുവിനെ സ്മരിക്കലാണ്. ഏറ്റവും നഷ്ടകരമായ കച്ചവടം ജനങ്ങളെക്കുറിച്ച് സംസാരിക്കലാണ്. {بهجة المجالس 86}
ഇബ്നു ഉസൈമീൻ(റഹി) പറഞ്ഞു :ആരാണ് ലാഭം നേടിയവന്‍? ലാഭം നേടിയവനെന്ന് പറഞ്ഞാല്‍, അല്ലാഹുവിന്‍റെ സ്മരണയില്‍ മുഴുകിയവനാണ്.شرح رياض الصالحين ٤٤٦/٣.
ഒരു സത്യവിശ്വാസിയുടെ ജീവിതം എല്ലാ സമയത്തും ദിക്റുകള്‍ നിറഞ്ഞതാവണം. എല്ലായ്പ്പോഴും അല്ലാഹുവിന്റെ സ്മരണ നിലനി൪ത്തുന്ന രീതിയിലാണ് ഇസ്ലാമിലെ ഇബാദത്തുകള്‍ ക്രമീകരിച്ചിട്ടുള്ളത്.ഒരു സത്യവിശ്വാസി രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് അല്ലാഹുവിനെ സ്മരിച്ച് കൊണ്ടാണ്.രാത്രി ഉറങ്ങാന്‍ വേണ്ടി കിടക്കയിലേക്ക് പോകുമ്പേഴും അപ്രകാരം തന്നെ.ഒരു സത്യവിശ്വാസിയുടെ രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റതിന് ശേഷം രാത്രി ഉറങ്ങുന്നതിന് ഇടയിലുള്ള എല്ലാ സമയത്തും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്തേണ്ടതുണ്ട്.അവന്‍ ടോയ്’ലറ്റില്‍ പ്രവേശിക്കുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍, വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍, പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍, ഒരു നല്ലകാര്യം ചെയ്യുമ്പോള്‍, വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ എന്നിവയിലെല്ലാം അവന്‍ അല്ലാഹുവിന്റെ നാമത്തിലാണ് ചെയ്യുന്നത്.ഇതെല്ലാം ദിക്റുള്ളയാണ്. അവന്റെ അഞ്ച് നേരത്തെ ഫ൪ള് നമസ്കാരം, സുന്നത്ത് നമസ്കാരങ്ങള്‍, പ്രത്യേകം പഠിപ്പിച്ചിട്ടുള്ള ദിക്റുകള്‍, മറ്റ് ഇബാദത്തുകള്‍ എന്നിവയിലൂടെയെല്ലാം സത്യവിശ്വാസിക്ക് എല്ലായ്പ്പോഴും ദിക്റുള്ള നിലനി൪ത്താന്‍ സാധിക്കുന്നു.ഇനി അവന്റെ ദുനിയാവിന്റെ ആവശ്യങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ വരെ അല്ലാഹവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്തണമെന്ന് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.
ﻓَﺈِﺫَا ﻗُﻀِﻴَﺖِ ٱﻟﺼَّﻠَﻮٰﺓُ ﻓَﭑﻧﺘَﺸِﺮُﻭا۟ ﻓِﻰ ٱﻷَْﺭْﺽِ ﻭَٱﺑْﺘَﻐُﻮا۟ ﻣِﻦ ﻓَﻀْﻞِ ٱﻟﻠَّﻪِ ﻭَٱﺫْﻛُﺮُﻭا۟ ٱﻟﻠَّﻪَ ﻛَﺜِﻴﺮًا ﻟَّﻌَﻠَّﻜُﻢْ ﺗُﻔْﻠِﺤُﻮﻥَ
അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.(ഖു൪ആന്‍ : 62/10)
ﻫُﻮَ ٱﻟَّﺬِﻯ ﺟَﻌَﻞَ ﻟَﻜُﻢُ ٱﻷَْﺭْﺽَ ﺫَﻟُﻮﻻً ﻓَﭑﻣْﺸُﻮا۟ ﻓِﻰ ﻣَﻨَﺎﻛِﺒِﻬَﺎ ﻭَﻛُﻠُﻮا۟ ﻣِﻦ ﺭِّﺯْﻗِﻪِۦ ۖ ﻭَﺇِﻟَﻴْﻪِ ٱﻟﻨُّﺸُﻮﺭُ
അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ് (എന്ന കാര്യം മറക്കരുത്).(ഖു൪ആന്‍ : 67/15)
ഉപജീവ മാ൪ഗ്ഗം അന്വേഷിച്ച് ഭൂമിയിലൂടെ നടക്കുമ്പോള്‍ ആഖിറത്തിന്റെ കാര്യം മറക്കരുതെന്ന് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു,
അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നതിനും ദിക്റുകള്‍ നിലനിര്‍ത്തുന്നതിനും ഖുര്‍ആനിലും സുന്നത്തിലും വളരെയധികം ശ്രേഷ്ഠത വന്നിട്ടുണ്ട്.ഇത്തരക്കാ൪ക്ക് വലിയ പ്രതിഫലമാണ് അല്ലാഹു പ്രഖ്യാപിച്ചിട്ടുള്ളത്.
1. വിജയം ലഭിക്കും
ﻓَﺈِﺫَا ﻗُﻀِﻴَﺖِ ٱﻟﺼَّﻠَﻮٰﺓُ ﻓَﭑﻧﺘَﺸِﺮُﻭا۟ ﻓِﻰ ٱﻷَْﺭْﺽِ ﻭَٱﺑْﺘَﻐُﻮا۟ ﻣِﻦ ﻓَﻀْﻞِ ٱﻟﻠَّﻪِ ﻭَٱﺫْﻛُﺮُﻭا۟ ٱﻟﻠَّﻪَ ﻛَﺜِﻴﺮًا ﻟَّﻌَﻠَّﻜُﻢْ ﺗُﻔْﻠِﺤُﻮﻥَ
അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖു൪ആന്‍ : 62/10)
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺇِﺫَا ﻟَﻘِﻴﺘُﻢْ ﻓِﺌَﺔً ﻓَﭑﺛْﺒُﺘُﻮا۟ ﻭَٱﺫْﻛُﺮُﻭا۟ ٱﻟﻠَّﻪَ ﻛَﺜِﻴﺮًا ﻟَّﻌَﻠَّﻜُﻢْ ﺗُﻔْﻠِﺤُﻮﻥَ
സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവിനെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.(ഖു൪ആന്‍ :8/45)
2. പാപമോചനവും മഹത്തായ പ്രതിഫലവും ലഭിക്കും
عن أنس بن مالك قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ما من قومٍ اجتمعوا يذكرون اللهَ عزَّ وجلَّ لا يريدون بذلك إلا وجهَه؛ إلا ناداهم مُنادٍ من السماءِ: أن قوموا مَغفورًا لكم، قد بُدِّلت سيئاتُكم حسناتٍ.
അനസ് ഇബ്നു മാലിക്(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ വജ്ഹ് മാത്രം ഉദ്ദേശിച്ചുകൊണ്ട് അല്ലാഹുവിനെ സ്മരിച്ച് കൊണ്ട് വല്ലവരും ഒരുമിച്ച് കൂടിയാൽ ആകാശത്ത് നിന്നൊരു വിളിയാളൻ വിളിച്ച് പറയും: പാപങ്ങൾ പൊറുക്കപ്പെട്ടവരായി നിങ്ങൾ പൊയ്’ക്കൊ ള്ളുക, നിങ്ങളുടെ തിൻമകൾ നൻമയാക്കി മാറ്റപ്പെട്ടിരിക്കുന്നു. (صحيح الترغيب ١٥٠٤ )
ﺇِﻥَّ ٱﻟْﻤُﺴْﻠِﻤِﻴﻦَ ﻭَٱﻟْﻤُﺴْﻠِﻤَٰﺖِ ﻭَٱﻟْﻤُﺆْﻣِﻨِﻴﻦَ ﻭَٱﻟْﻤُﺆْﻣِﻨَٰﺖِ ﻭَٱﻟْﻘَٰﻨِﺘِﻴﻦَ ﻭَٱﻟْﻘَٰﻨِﺘَٰﺖِ ﻭَٱﻟﺼَّٰﺪِﻗِﻴﻦَ ﻭَٱﻟﺼَّٰﺪِﻗَٰﺖِ ﻭَٱﻟﺼَّٰﺒِﺮِﻳﻦَ ﻭَٱﻟﺼَّٰﺒِﺮَٰﺕِ ﻭَٱﻟْﺨَٰﺸِﻌِﻴﻦَ ﻭَٱﻟْﺨَٰﺸِﻌَٰﺖِ ﻭَٱﻟْﻤُﺘَﺼَﺪِّﻗِﻴﻦَ ﻭَٱﻟْﻤُﺘَﺼَﺪِّﻗَٰﺖِ ﻭَٱﻟﺼَّٰٓﺌِﻤِﻴﻦَ ﻭَٱﻟﺼَّٰٓﺌِﻤَٰﺖِ ﻭَٱﻟْﺤَٰﻔِﻈِﻴﻦَ ﻓُﺮُﻭﺟَﻬُﻢْ ﻭَٱﻟْﺤَٰﻔِﻈَٰﺖِ ﻭَٱﻟﺬَّٰﻛِﺮِﻳﻦَ ٱﻟﻠَّﻪَ ﻛَﺜِﻴﺮًا ﻭَٱﻟﺬَّٰﻛِﺮَٰﺕِ ﺃَﻋَﺪَّ ٱﻟﻠَّﻪُ ﻟَﻬُﻢ ﻣَّﻐْﻔِﺮَﺓً ﻭَﺃَﺟْﺮًا ﻋَﻈِﻴﻤًﺎ
(അല്ലാഹുവിന്) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവിനെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ – ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു. (ഖു൪ആന്‍ :33/35)
3. അല്ലാഹുവും ഓ൪ക്കും
ﻓَﭑﺫْﻛُﺮُﻭﻧِﻰٓ ﺃَﺫْﻛُﺮْﻛُﻢْ ﻭَٱﺷْﻜُﺮُﻭا۟ ﻟِﻰ ﻭَﻻَ ﺗَﻜْﻔُﺮُﻭﻥِ
ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്.(ഖു൪ആന്‍ :2/152)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : يَقُولُ اللَّهُ تَعَالَى أَنَا عِنْدَ ظَنِّ عَبْدِي بِي، وَأَنَا مَعَهُ إِذَا ذَكَرَنِي، فَإِنْ ذَكَرَنِي فِي نَفْسِهِ ذَكَرْتُهُ فِي نَفْسِي، وَإِنْ ذَكَرَنِي فِي مَلأٍ ذَكَرْتُهُ فِي مَلأٍ خَيْرٍ مِنْهُمْ،
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. അവന്‍ എന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവന്റെ കൂടെയുണ്ടായിരിക്കും. അവന്‍ സ്വയം (മനസ്സില്‍) എന്നെ ഓര്‍ത്താല്‍ ഞാന്‍ അവനെയും സ്വയം ഓര്‍ക്കും. ഒരു സംഘത്തില്‍വെച്ച് അവന്‍ എന്നെ ഓര്‍ത്താല്‍ (എന്നെക്കുറിച്ച് പ്രസ്താവിച്ചാല്‍) അവരെക്കാള്‍ ഉത്തമമായ ഒരു സംഘത്തില്‍വെച്ച് ഞാന്‍ അവനെയും ഓര്‍ക്കും (പ്രസ്താവിക്കും). (ബുഖാരി:7405)
4. മനസ്സുകള്‍ ശാന്തമായിത്തീരും
ﺃَﻻَ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ﺗَﻄْﻤَﺌِﻦُّ ٱﻟْﻘُﻠُﻮﺏُ
അറിയുക, അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായി തീരുന്നത്. (ഖു൪ആന്‍ :13:28)
ബോധവും ഉള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ക്കു ഭയാശങ്കകളോ ആശയ കുഴപ്പങ്ങളോ, അസ്വാസ്ഥ്യങ്ങളോ ഒന്നും തന്നെ ബാധിക്കുവാനില്ല. അവ൪ എപ്പോഴും ശാന്തരും വേവലാതി ഇല്ലാത്തവരും, സംതൃപ്തരും അതോടൊപ്പം ധീരചിത്തരുമായിരിക്കും. അവരുടെ വാക്കും, പ്രവൃത്തിയും, വിചാര വികാരങ്ങളുമേല്ലാം നിയന്ത്രിതങ്ങളുമായിരിക്കും.
5. ഏറ്റവും ശ്രേഷ്ഠമായ ക൪മ്മം.
أَلاَ أُنَبِّئُكُمْ بِخََيْرِ أَعْمَالِكُمْ وَأَزْكَاهَا عِنْدَ مَلِيكِكُمْ وَأَرْفَعِهَا فِي دَرَجَاتِكُمْ وَخَيْرٌ لَكُمْ مِنْ إِنْفَاقِ الذَّهَبِ وَالْوَرِقِ وَخَيْرٌ لَكُمْ مِنْ أَنْ تَلْقَوا عَدُوَّكُمْ فَتَضْرِبُوا أَعْنَاقَهُمْ وَيَضْرِبُوا أَعْنَاقَكُمْ قَالُوا: بَلَى، قَالَ: ذِكْرُ الله تَعَالَى
നബി (സ) പറഞ്ഞു: ‘നിങ്ങളുടെ ക൪മ്മങ്ങളില്‍ ഏറ്റവും ഉത്തമമായ ക൪മ്മവും, നിങ്ങളുടെ യജമാനനായ അല്ലാഹുവിങ്കല്‍ ഏറ്റവും പരിശുദ്ധമായതും, നിങ്ങളുടെ പദവികള്‍ ഏറ്റവും ഉയ൪ത്തുന്നതും, സ്വ൪ണ്ണവും വെള്ളിയും ചിലവഴിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് ഉത്തമമായതും , നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെ കണ്ടുമുട്ടുകയും നിങ്ങള്‍ അവരുടെ കഴുത്തിന് വെട്ടുകയും അവ൪ നിങ്ങളുടെ കഴുത്തിന് വെട്ടുകയും ചെയ്യുന്നതിനേക്കാള്‍ ഉത്തമമായതും ആയ ഒരു ക൪മ്മം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ ?’ അവ൪ പറഞ്ഞു: അതേ അല്ലാഹുവിന്റെ റസൂലേ, അവിടുന്ന് പറഞ്ഞു’.ഉന്നതനായ അല്ലാഹുവിനെ സ്മരിക്കുക (എന്നതാണത്). ( ഇബ്നുമാജ – ശൈഖ് അല്‍ബാനി സ്വഹീഹാക്കിയത്)
മഹാനായ സ്വഹാബി മുആദ് ബിന്‍ ജബല്‍ (റ) നബി (സ)യോട് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മമേതാണെന്നു ചോദിച്ചപ്പോള്‍ നബി(സ) പറഞ്ഞു.
أَنْ تَمُوتَ وَلِسَانُكَ رَطْبٌ مِنْ ذِكْرِ اللهِ تَعَالَى
‘അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാല്‍ നിന്റെ നാവു നനഞ്ഞിരിക്കെ നീ മരണം വരിക്കുക എന്നതാണത്.’ (സില്‍സിലത്തു സ്വഹീഹ – 1836)
‘കര്‍മ്മങ്ങളില്‍വെച്ച് ഏതാണ് കൂടുതല്‍ ശ്രേഷ്ടമായത് ?’ എന്ന്‍ ഒരാള്‍ നബി (സ)യോടു ചോദിച്ചപ്പോള്‍ അവിടുന്നു ഇങ്ങനെ മറുപടി കൊടുക്കയുണ്ടായി:
ان تفارق الدنيا ولسانك رطب من ذكر الله
‘അല്ലാഹുവിന്റെ ദിക്ര്‍’ നിമിത്തം നിന്റെ നാവ് നനഞ്ഞതായിക്കൊണ്ട് – നാവിനാല്‍ ദിക്ര്‍ നടത്തിക്കൊണ്ടിരിക്കെ – നീ ഇഹലോകവുമായി പിരിഞ്ഞുപോകലാകുന്നു’. (അഹ്’മദ്, തി൪മുദി)
കഅബ് – റളിയള്ളാഹു അന്‍ഹു – പറഞ്ഞു:”കാര്യങ്ങളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടം നിസ്ക്കാരവും, ദിക്ക്റുമാകുന്നു. യുദ്ധത്തിന്‍റെ സന്ദര്‍ഭത്തില്‍ വരെ അത് രണ്ട്കൊണ്ടും അവന്‍ കല്‍പിച്ചത് നിങ്ങള്‍ കാണുന്നില്ലേ.” (തഫ്സീര്‍ ഇബ്നു അബീ ഹാതിം-5/1711)
قال الإمام ابن القيم رحمه الله: فمن أراد أن ينال محبة الله عز وجل فليلهج بذكره
ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: ‘ആരെങ്കിലും അല്ലാഹുവിന്‍റെ ഇഷ്ടം കരസ്‌ഥമാക്കാന്‍ ഉദ്ദേശിച്ചാല്‍ *അവന്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയെ ശീലമാക്കിക്കൊള്ളട്ടെ. (അൽവാബിലു സ്വയ്യിബ്)
6. പിശാചിന്റെ ആക്രമണത്തില്‍ നിന്നും സുരക്ഷിതനായിരിക്കും.
ഹാരിഥുല്‍ അശ്അരിയില്‍ നിന്നും റിപ്പോ൪ട്ട് ചെയ്യപ്പെടുന്ന ഹദീസില്‍ കാണാം.സക്കരിയാ നബിയുടെ പുത്രന്‍ യഹ്’യായോട് അഞ്ച് വാക്കുകള്‍ പ്രാവ൪ത്തികമാക്കാനും അപ്രകാരം ഇസ്റാഈല്‍ സന്തതികളോട് നി൪ദ്ദേശിക്കാനും അല്ലാഹു കല്‍പ്പിച്ചു.അതില്‍ ചിലത് ഇപ്രകാരമായിരുന്നു.
وَآمُرُكُمْ أَنْ تَذْكُرُوا اللَّهَ فَإِنَّ مَثَلَ ذَلِكَ كَمَثَلِ رَجُلٍ خَرَجَ الْعَدُوُّ فِي أَثَرِهِ سِرَاعًا حَتَّى إِذَا أَتَى عَلَى حِصْنٍ حَصِينٍ فَأَحْرَزَ نَفْسَهُ مِنْهُمْ كَذَلِكَ الْعَبْدُ لاَ يُحْرِزُ نَفْسَهُ مِنَ الشَّيْطَانِ إِلاَّ بِذِكْرِ اللَّهِ
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കണമെന്നും ഞാന്‍ നിങ്ങളോട് കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ഒരാളെ പോലെയാകുന്നു. ശത്രു അയാളുടെ കാല്‍പാദങ്ങളെ പിന്തുടര്‍ന്ന് വേഗത്തില്‍ പുറപ്പെട്ടു. (അങ്ങനെ) അയാള്‍ ഒരു കോട്ടക്ക് അകത്ത് ഒളിച്ചു. അവരില്‍ (ശത്രുക്കളില്‍) നിന്ന് അയാളുടെ ശരീരത്തെ രക്ഷിച്ചു. അപ്രകാരം ഒരു അടിമ അല്ലാഹുവിനെ കൊണ്ടുള്ള സ്മരണകൊണ്ടല്ലാതെ പിശാചില്‍ നിന്നും അയാളുടെ ശരീരത്തെ രക്ഷിക്കുന്നില്ല. (തിര്‍മിദി:44/3102)
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ: إِذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ قَالَ الشَّيْطَانُ لاَ مَبِيتَ لَكُمْ وَلاَ عَشَاءَ . وَإِذَا دَخَلَ فَلَمْ يَذْكُرِ اللَّهَ عِنْدَ دُخُولِهِ قَالَ الشَّيْطَانُ أَدْرَكْتُمُ الْمَبِيتَ . وَإِذَا لَمْ يَذْكُرِ اللَّهَ عِنْدَ طَعَامِهِ قَالَ أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ
ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിന്റെ നാമം ഉച്ചരിച്ചാല്‍ പിശാച് (അവന്റെ പിശാചുക്കളായ കൂട്ടാളികളോട) പറയും: ‘നിങ്ങള്‍ക്ക് ഇവിടെ രാത്രിയില്‍ താമസിക്കാന്‍ സൗകര്യമില്ല, ഭക്ഷണവുമില്ല’. ഇനി ,പ്രവേശന സമയത്ത് അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതിരുന്നാല്‍ (അനുയായികളോടുള്ള) പിശാചിന്റെ പ്രതികരണം മേല്‍ പറഞ്ഞ താമസ സൗകര്യം ലഭ്യമാണ് എന്നായിരിക്കും. ഭക്ഷണ സമയത്ത് അല്ലാഹുവിന്റെ നാമം അവഗണിച്ചാല്‍ അവന്‍ പറയുന്നത് “നിങ്ങള്‍ക്കുള്ള ഭക്ഷണം നിങ്ങള്‍ നേടി കഴിഞ്ഞു” എന്നായിരിക്കും. (മുസ്‌ലിം:2018)
7. പരലോകത്ത് തണല്‍ ലഭിക്കും.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : سَبْعَةٌ يُظِلُّهُمُ اللَّهُ تَعَالَى فِي ظِلِّهِ يَوْمَ لاَ ظِلَّ إِلاَّ ظِلُّهُ إِمَامٌ عَدْلٌ، وَشَابٌّ نَشَأَ فِي عِبَادَةِ اللَّهِ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ، وَرَجُلاَنِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ، وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لاَ تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ
അബൂഹുറൈറ(റ) പറയുന്നു: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ തണലല്ലാത്ത മറ്റു യാതൊരു തണലുമില്ലാത്ത ദിവസം ഏഴ് വിഭാഗത്തിന് അവൻ തണല്‍ നൽകുന്നതാണ്. നീതിമാനായ നേതാവ്, അല്ലാഹുവിന് ഇബാദത്ത് ചെയ്തുകൊണ്ട് ജീവിച്ചു വളർന്ന യുവാവ്, ഹൃദയം എല്ലാ സമയവും പള്ളിയുമായി ബന്ധപ്പെട്ട മനുഷ്യൻ, അല്ലാഹുവിന്റെ പേരിൽ പരസ്‌പരം സ്നേഹിക്കുകയും അതായത് അവന്റെ പേരിൽ ഒന്നിക്കുകയും അവന്റെ പേരിൽ ഭിന്നിക്കുകയും ചെയ്ത രണ്ട് ആളുകൾ, സൗന്ദര്യവും സ്ഥാനമാനങ്ങളുമുള്ള ഒരു സ്‌ത്രീ അവിഹിത വേഴ്ചക്ക് ആവശ്യപ്പെട്ടപ്പോൾ ഞാൻ അല്ലാഹുവിനെ സൂക്ഷിക്കുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ മനുഷ്യൻ, വലത് കൈകൊണ്ട് കൊടുക്കുന്നത് ഇടത് കൈപോലും അറിയാത്ത വിധത്തിൽ വളരെ രഹസ്യമായി ദാനധർമ്മങ്ങൾ ചെയ്‌തവൻ, ഏകനായിരുന്നുകൊണ്ട് അല്ലാഹുവിനെ ഓർത്ത് കണ്ണുനീർ വാർത്തവൻ (ഇവരാണ് ഏഴു കൂട്ടർ). (ബുഖാരി:1423)
8. ശരീരം കൊണ്ട് ചെയ്യുന്ന ഇബാദത്തുകള്‍ക്ക് പകരം വെക്കാവുന്ന ക൪മ്മം
ഒരിക്കല്‍ പ്രായം ചെന്ന ഒരു സ്വഹാബി നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു. പ്രായാധിക്യത്താല്‍ ദീനീ ക൪മ്മങ്ങള്‍ എനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ എനിക്ക് മുറുകെ പിടിക്കുന്നതിനായി ഒരു കാര്യം പറഞ്ഞു തരൂവെന്ന് പറഞ്ഞപ്പോള്‍ നബി(സ) അദ്ദേഹത്തോട് പറഞ്ഞു.
لاَ يَزَالُ لِسَانُكَ رَطْبًا بِذِكْرِ اللهِ تَعَالَى
‘അല്ലാഹു തആലയെക്കുറിച്ചുള്ള സ്മരണയാല്‍ നിന്റെ നാവ് നനഞ്ഞിരിക്കട്ടെ.’ (തി൪മിദി – ഈ സ്വദീസ് സ്വഹീഹാണെന്ന് ശൈഖ് അല്‍ബാനി)
ബുഖാരിയിലും മുസ്‌ലിമിലും മറ്റു ചില സുനനുകളിലുമെല്ലാം വന്നിട്ടുള്ള ഒരു ഹദീസില്‍ അബൂഹുറൈറ(റ) പറയുന്നു: ഒരിക്കല്‍ മുഹാജിറുകളില്‍ പെട്ട ദരിദ്രര്‍ നബി (സ)യുടെ അടുത്തുവന്ന് പറഞ്ഞു: സമ്പന്നര്‍ ഉന്നത പദവികളും സ്ഥായിയായ സൗഖ്യവും കൊണ്ടുപോയി.കാരണം ഞങ്ങള്‍ നമസ്കരിക്കുന്നതു പോലെ അവര്‍നമസ്കരിക്കുകയും ഞങ്ങള്‍ നോമ്പ് നോല്‍ക്കുന്നതുപോലെ അവര്‍ നോമ്പ് നോല്‍ക്കുകയും ചെയ്യുന്നു. അവര്‍ സ്വദഖ ചെയ്യുന്നു ഞങ്ങള്‍ സ്വദഖ ചെയ്യുന്നില്ല. അവര്‍ അടിമകളെ മോചിപ്പിക്കുന്നു. ഞങ്ങള്‍ അടിമകളെ മോചിപ്പിക്കുന്നില്ല. അപ്പോള്‍ നബി (സ)പറഞ്ഞു: മുന്‍കടന്നുപോയവരോട് ഒപ്പമെത്താനും നിങ്ങള്‍ക്ക് ശേഷമുള്ളവരെ മുന്‍കടക്കുവാനും സാധിക്കുന്ന ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചു തരട്ടെയോ? അവര്‍ അതെയെന്നു പറഞ്ഞു: അപ്പോള്‍ നബി (സ) അവർക്ക് ഓരോ (ഫര്‍ള്) നമസ്കാര ശേഷവും മുപ്പത്തിമൂന്ന് പ്രാവശ്യം സുബ്ഹാനല്ലാഹ് എന്നും അല്‍ഹംദുലില്ലാഹ് എന്നും അല്ലാഹു അക്ബര്‍ എന്നും ശേഷം (നൂറ് തികച്ചുകൊണ്ട്) ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു… എന്ന് തുടങ്ങുന്ന ദിക്റും ചൊല്ലുവാന്‍ പഠിപ്പിച്ചുകൊടുത്തു.
ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ഖയ്യിം (റ) പറഞ്ഞു: നി൪ബ്ബന്ധമായതല്ലാത്ത ഏത് സുന്നത്തായ ക൪മ്മത്തിനും ദിക്റ് പകരം നില്‍ക്കുന്നതാണ്.’ [الوابل الصيب]
മറ്റൊരു റിപ്പോ൪ട്ടില്‍ എല്ലാ തക്ബീറുകളും, തസ്ബീഹുകളും, തഹ്മീദുകളും, തഹ്‌ലീലുകളും സ്വദഖയാകുന്നുവെന്ന് വന്നിട്ടുണ്ട്.
9. അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് രക്ഷ ലഭിക്കും
അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു :
مَا عَمِلَ ابْنُ آدَمَ عَمَلًا أَنْجَى لَهُ مِنْ عَذَابِ اللَّهِ مِنْ ذِكْرِ اللَّهِ
ആദമിന്റെ പുത്രൻ അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് തനിക്ക് അതിരക്ഷയായി ഒരു അമലും ചെയ്തിട്ടില്ല; ദിക്റുല്ലാഹിയേക്കാൾ.
ഒരു സത്യവിശ്വാസിയുടെ നിത്യജീവിതത്തില്‍ മരണം വരെ ‘ദിക്റുള്ള’ നിലനി൪ത്തേണ്ടതുണ്ട്.ഇത് ഗൗരവത്തില്‍ ചിന്തിക്കുകയാണെങ്കില്‍ ചിട്ടയായ പ്രവ൪ത്തനങ്ങളിലൂടെ ‘ദിക്റുള്ള’ മരണം വരെ നമ്മുടെ ജീവിത്തില്‍ നിലനി൪ത്താന്‍ കഴിയും.
1. നിത്യജീവിതത്തില്‍ നബി(സ) പഠിപ്പിച്ച ദിക്റുകള്‍ പ്രാവ൪ത്തികമാക്കുക.
ഒരു സത്യവിശ്വാസി രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍, ടോയ്’ലറ്റില്‍ പ്രവേശിക്കുമ്പോള്‍,ടോയ്’ലറ്റില്‍ നിന്ന് പുറത്തു വരുമ്പോള്‍, വുളു എടുക്കുമ്പോള്‍, പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍, വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍, പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍, പള്ളിയില്‍ നിന്ന് പുറത്തു വരുമ്പോള്‍, വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍, വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍, ഭക്ഷണം കഴിച്ച ശേഷം, വസ്ത്രം ധരിക്കുമ്പോള്‍, വസ്ത്രം അഴിക്കുമ്പോള്‍, വാഹനത്തില്‍ കയറുമ്പോള്‍, അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍, ഒരു നാട്ടിലേക്ക് ചെല്ലുമ്പോള്‍, തുമ്മുമ്പോള്‍, രാവിലേയും വൈകുന്നേരവും, ഉറങ്ങാന്‍ കിടക്കുമ്പോള്‍, ഒരു നല്ലകാര്യം ചെയ്യുമ്പോള്‍, തുടങ്ങി ദുനിയാവ് മുതല്‍ ആഖിറം വരെയുള്ള ജീവിതത്തിന്റെ സമസ്ത മേഖലകളില്‍ നബി(സ) പഠിപ്പിച്ചിട്ടുള്ള ദിക്റുകള്‍ അ൪ത്ഥവും ആശയവും ഗ്രഹിച്ചു കൊണ്ട് പ്രാവ൪ത്തികമാക്കുക. ഇത് അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്താന്‍ സഹായകകരമാണ്.
ഇമാം ഇബ്നുൽ ക്വയ്യിം رحمه الله പറഞ്ഞു:
وأفضلُ الذكرِ وأنْفعُهُ ما واطَأَ فيه القلبُ اللسانَ، وكان مِن الأذكارِ النبَوِيّةِ، وشهِدَ الذاكِرُ معانِيَهُ ومقاصِدَهُ
ഹൃദയവും നാവും ഒരുമിച്ച ദിക്റാണ് ഏറ്റവും ശ്രേഷ്ഠവും ഉപകാരപ്രദവുമായ ദിക്ർ. അത് നബി ﷺ പഠിപ്പിച്ചതായിരിക്കണം. ദിക്ർ ചൊല്ലുന്നവൻ അതിൻ്റെ അർത്ഥവും ലക്ഷ്യവും ശരിയായി അറിഞ്ഞിരിക്കുകയും വേണം. (അൽഫവാഇദ്)
2. നമസ്കാരം കൃത്യമായി നിലനി൪ത്തുക
അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്താന്‍ ഏറ്റവും സഹായകകരമായ കാര്യമാണ് നമസ്കാരം കൃത്യമായി നിലനി൪ത്തുക എന്നത്.പുരുഷന്‍മാ൪ ഫ൪ള് നമസ്കാരങ്ങള്‍ ജമാഅത്തായി പള്ളിയില്‍ തന്നെ നമസ്കരിക്കേണ്ടതാണ്.സ്ത്രീകളും പുരുഷന്‍മാരും സുന്നത്ത് നമസ്കാരങ്ങള്‍ അധികരിപ്പിക്കേണ്ടതാണ്.
മൂസാ നബിയോട് (അ) അല്ലാഹു നമസ്കാരം നിര്‍വഹിക്കാന്‍ പറഞ്ഞ അവസരത്തില്‍ അത് എന്നെ ഓര്‍മിക്കുന്നതിന് വേണ്ടിയെന്നാണ് പറഞ്ഞിട്ടുള്ളത്.
ﻭَﺃَﻗِﻢِ ٱﻟﺼَّﻠَﻮٰﺓَ ﻟِﺬِﻛْﺮِﻯ
എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. (ഖു൪ആന്‍ : 20/14)
3. ഖു൪ആന്‍ പാരായണം നിത്യശീലമാക്കുക
അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്താന്‍ ഏറ്റവും സഹായകകരമായ മറ്റൊരു കാര്യമാണ് ഖു൪ആന്‍ പാരായണം നിത്യശീലമാക്കുക എന്നുള്ളത്.’ഖു൪ആന്‍ പാരായണം’ ഏറ്റവും വലിയ ദിക്റാണ്. ഖു൪ആന്‍ അല്ലാഹുവിന്റെ സംസാരമാണ്. ഖു൪ആന്‍ പാരായണം നമ്മുടെ ദിനചര്യയാക്കി മാറ്റുക.അല്ലാഹു മനുഷ്യനോട് സംസാരിക്കുന്നത് അതിന്റെ അ൪ത്ഥവും ആശയവും ഗ്രഹിച്ചു കൊണ്ട് പാരായണം ചെയ്താല്‍ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്താന്‍ പര്യാപ്തമായ മാ൪ഗ്ഗമാണ്.
4. പ്രാ൪ത്ഥന അധികരിപ്പിക്കുക.
പ്രാ൪ത്ഥന അധികരിപ്പിക്കുന്നത് വഴി അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്താന്‍ കഴിയും. എല്ലാ പ്രാ൪ത്ഥനയും ദിക്റാണ്.
ﻗُﻞْ ﻣَﺎ ﻳَﻌْﺒَﺆُا۟ ﺑِﻜُﻢْ ﺭَﺑِّﻰ ﻟَﻮْﻻَ ﺩُﻋَﺎٓﺅُﻛُﻢْ
(നബിയേ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ് ? (ഖു൪ആന്‍ : 25/77)
5. അല്ലാഹുവിന്റെ സൃഷ്ടിപ്പിനേയും സൃഷ്ടി വൈഭവത്തേയും കുറിച്ച് ചിന്തിക്കുക
അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ആകാശഭൂമികളെ കുറിച്ചും മറ്റ് പ്രാപഞ്ചിക പ്രതിഫാസങ്ങളെ കുറിച്ചും ചിന്തിക്കുന്നവ൪ക്ക് ഇതിന്റെയെല്ലാം പിന്നിലുള്ള സൃഷ്ടാവിനെ ഓ൪ക്കാതിരിക്കാന്‍ കഴിയില്ല.
ﺇِﻥَّ ﻓِﻰ ﺧَﻠْﻖِ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ﻭَٱﺧْﺘِﻠَٰﻒِ ٱﻟَّﻴْﻞِ ﻭَٱﻟﻨَّﻬَﺎﺭِ ﻭَٱﻟْﻔُﻠْﻚِ ٱﻟَّﺘِﻰ ﺗَﺠْﺮِﻯ ﻓِﻰ ٱﻟْﺒَﺤْﺮِ ﺑِﻤَﺎ ﻳَﻨﻔَﻊُ ٱﻟﻨَّﺎﺱَ ﻭَﻣَﺎٓ ﺃَﻧﺰَﻝَ ٱﻟﻠَّﻪُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣِﻦ ﻣَّﺎٓءٍ ﻓَﺄَﺣْﻴَﺎ ﺑِﻪِ ٱﻷَْﺭْﺽَ ﺑَﻌْﺪَ ﻣَﻮْﺗِﻬَﺎ ﻭَﺑَﺚَّ ﻓِﻴﻬَﺎ ﻣِﻦ ﻛُﻞِّ ﺩَآﺑَّﺔٍ ﻭَﺗَﺼْﺮِﻳﻒِ ٱﻟﺮِّﻳَٰﺢِ ﻭَٱﻟﺴَّﺤَﺎﺏِ ٱﻟْﻤُﺴَﺨَّﺮِ ﺑَﻴْﻦَ ٱﻟﺴَّﻤَﺎٓءِ ﻭَٱﻷَْﺭْﺽِ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﻌْﻘِﻠُﻮﻥَ
ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞു തന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തു വര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും പല ദൃഷ്ടാന്തങ്ങളുമുണ്ട്. (ഖു൪ആന്‍ : 2/164)
ﺇِﻥَّ ﻓِﻰ ﺧَﻠْﻖِ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ﻭَٱﺧْﺘِﻠَٰﻒِ ٱﻟَّﻴْﻞِ ﻭَٱﻟﻨَّﻬَﺎﺭِ ﻻَءَﻳَٰﺖٍ ﻷُِّﻭ۟ﻟِﻰ ٱﻷَْﻟْﺒَٰﺐِ
ٱﻟَّﺬِﻳﻦَ ﻳَﺬْﻛُﺮُﻭﻥَ ٱﻟﻠَّﻪَ ﻗِﻴَٰﻤًﺎ ﻭَﻗُﻌُﻮﺩًا ﻭَﻋَﻠَﻰٰ ﺟُﻨُﻮﺑِﻬِﻢْ ﻭَﻳَﺘَﻔَﻜَّﺮُﻭﻥَ ﻓِﻰ ﺧَﻠْﻖِ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ﺭَﺑَّﻨَﺎ ﻣَﺎ ﺧَﻠَﻘْﺖَ ﻫَٰﺬَا ﺑَٰﻄِﻼً ﺳُﺒْﺤَٰﻨَﻚَ ﻓَﻘِﻨَﺎ ﻋَﺬَاﺏَ ٱﻟﻨَّﺎﺭِ
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മ്മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍. അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ. (ഖു൪ആന്‍ : 3/190-191)
ഇതെല്ലാം കേവലം യാദൃശ്ചികമായി ഉണ്ടായിട്ടുള്ളതല്ലെന്ന് ചിന്തിക്കുന്നവ൪ക്ക് ബോധ്യപ്പെടും.മാത്രമല്ല ഇതിനു പിന്നിലുള്ള അല്ലാഹുവിനെ കുറിച്ചുള്ള ദിക്റ് വ൪ദ്ധിക്കുകയും അവനെ പരിശുദ്ധപ്പെടുത്തുകയും ചെയ്യും.അഥവാ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ ഉള്ളവ൪ക്ക് മാത്രമാണ് ഈ പ്രപഞ്ചത്തിലെ ദൃഷ്ടാന്തങ്ങള്‍ മനസ്സിലാകുകയുള്ളൂവെന്ന് സാരം. ചിന്താശേഷി നഷ്ടപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം പ്രകൃതിയുടെ കേവല മാറ്റങ്ങള്‍ മാത്രമായിരിക്കും. ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതിന്റെയെല്ലാം പിന്നിലുള്ള സൃഷ്ടാവിനെ ബോധ്യപ്പെടുകയും ചെയ്യും.
ﺃَﻓَﻼَ ﻳَﻨﻈُﺮُﻭﻥَ ﺇِﻟَﻰ ٱﻹِْﺑِﻞِ ﻛَﻴْﻒَ ﺧُﻠِﻘَﺖْ
ﻭَﺇِﻟَﻰ ٱﻟﺴَّﻤَﺎٓءِ ﻛَﻴْﻒَ ﺭُﻓِﻌَﺖْ
ﻭَﺇِﻟَﻰ ٱﻟْﺠِﺒَﺎﻝِ ﻛَﻴْﻒَ ﻧُﺼِﺒَﺖْ
ﻭَﺇِﻟَﻰ ٱﻷَْﺭْﺽِ ﻛَﻴْﻒَ ﺳُﻄِﺤَﺖْ
ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്.പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്.ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്. (ഖു൪ആന്‍:88/17-20)
അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ആകാശങ്ങള്‍, ഭൂമികള്‍, പ൪വ്വതങ്ങള്‍, ജീവജാലങ്ങള്‍ എന്നിവയെ പഠിച്ചാല്‍ തന്നെ ഇതിന്റെ പിന്നിലുള്ള സൃഷ്ടാവിനെ ബോധ്യപ്പെടും. എന്തിന് സ്വന്തം ശരീരത്തിലേക്ക് നോക്കിയാല്‍ തന്നെയും ഇതിന്റെ പിന്നിലുള്ള സൃഷ്ടാവിനെ ബോധ്യപ്പെടും.
ﻭَﻓِﻰ ٱﻷَْﺭْﺽِ ءَاﻳَٰﺖٌ ﻟِّﻠْﻤُﻮﻗِﻨِﻴﻦَ ﻭَﻓِﻰٓ ﺃَﻧﻔُﺴِﻜُﻢْ ۚ ﺃَﻓَﻼَ ﺗُﺒْﺼِﺮُﻭﻥَ
ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്.) എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലെ? (ഖു൪ആന്‍:51/20)
6. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ പറ്റി ചിന്തിക്കുകയും നന്ദി കാണിക്കുയും ചെയ്യുക
അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്.
ﻭَﺇِﻥ ﺗَﻌُﺪُّﻭا۟ ﻧِﻌْﻤَﺔَ ٱﻟﻠَّﻪِ ﻻَ ﺗُﺤْﺼُﻮﻫَﺎٓ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻟَﻐَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാകില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെ. (ഖു൪ആന്‍:16/18)
അല്ലാഹു നമുക്ക് ഹിദായത്ത് നല്‍കി, ആരോഗ്യം നല്കി, മെച്ചപ്പെട്ട ജീവിത സൗകര്യം നല്‍കി, ഇണകളെ നല്‍കി, മക്കളെ നല്‍കി എന്നുവേണ്ട ആലോചിച്ചാല്‍ എണ്ണിക്കണക്കാക്കാന്‍ പറ്റാതത്ര നല്‍കി.ഇതിനെല്ലാം നാം നന്ദി കാണിക്കേണ്ടതുണ്ട്. ഈ ഒരു ചിന്ത ജീവിതത്തില്‍ നിലനി൪ത്തുന്നത് ദിക്റാണ്.
അല്ലാഹുവിന്റെ ദിക്റിനെ കുറിച്ച് പഠിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി നാം മനസ്സിലാക്കേണ്ടത്, ആ ദിക്റ് നമ്മുടെ ജീവിതത്തില്‍ പരിവ൪ത്തനം വരുത്തേണ്ടതുണ്ടെന്നാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടാണ് നാം നന്‍മകള്‍ ചെയ്യേണ്ടത്. അല്ലാഹുവിനെ കുറിച്ചുള്ള ഓ൪മ്മ കൊണ്ടാണ് നാം തെറ്റുകളില്‍ നിന്നെല്ലാം മാറി നില്‍ക്കേണ്ടത്. അല്ലാഹു നമ്മെ എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു, നമ്മുടെ നന്‍മ തിന്‍മകളാകുന്ന ക൪മ്മങ്ങളെല്ലാം അവന്റെ മലക്കുകള്‍ രേഖപ്പെടുത്തി വെക്കുന്നുണ്ട്, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഒറ്റക്ക് അവന്റെ അടുക്കല്‍ ചെല്ലേണ്ടതാണ് എന്നിങ്ങനെയുള്ള ചിന്തകള്‍ നമ്മുടെ ജീവിതത്തില്‍ നമ്മെ നിയന്ത്രിക്കേണ്ടതുണ്ട്.ഖു൪ആന്‍ നാം പഠിക്കുകയും പാരായണം ചെയ്യുകയും ചെയ്യുമ്പോള്‍ കരുത്തുറ്റ ഒരു വിശ്വാസം നാം ആ൪ജ്ജിച്ചെടുക്കേണ്ടതുണ്ട്.അല്ലാഹു പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നാം മനസ്സിലാക്കുന്നതിനപ്പുറം അതൊരു വിശ്വാസമായി മാറി നമ്മുടെ ജീവിതത്തെ അത് നിയന്ത്രിക്കണം. അപ്പോഴാണ് ദിക്റുള്ളയുടെ ഉന്നതമായ അവസ്ഥയിലേക്ക് നമുക്ക് എത്താന്‍ കഴിയുക.
ﺃَﻟَﻢْ ﻳَﻌْﻠَﻢ ﺑِﺄَﻥَّ ٱﻟﻠَّﻪَ ﻳَﺮَﻯٰ
അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു (എല്ലാം) കാണുന്നുണ്ടെന്ന് ? (ഖു൪ആന്‍:96/14)
ﻭَﻟَﻘَﺪْ ﺧَﻠَﻘْﻨَﺎ ٱﻹِْﻧﺴَٰﻦَ ﻭَﻧَﻌْﻠَﻢُ ﻣَﺎ ﺗُﻮَﺳْﻮِﺱُ ﺑِﻪِۦ ﻧَﻔْﺴُﻪُۥ ۖ ﻭَﻧَﺤْﻦُ ﺃَﻗْﺮَﺏُ ﺇِﻟَﻴْﻪِ ﻣِﻦْ ﺣَﺒْﻞِ ٱﻟْﻮَﺭِﻳﺪِ
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡി യെക്കാള്‍ അവനോട് അടുത്തവനും ആകുന്നു. (ഖു൪ആന്‍ :50/16)
ﻳَﺴْﺘَﺨْﻔُﻮﻥَ ﻣِﻦَ ٱﻟﻨَّﺎﺱِ ﻭَﻻَ ﻳَﺴْﺘَﺨْﻔُﻮﻥَ ﻣِﻦَ ٱﻟﻠَّﻪِ
അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. (ഖു൪ആന്‍:96/14)
ﺇِﻥَّ ﺑَﻄْﺶَ ﺭَﺑِّﻚَ ﻟَﺸَﺪِﻳﺪٌ
തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.(ഖു൪ആന്‍:85/12)
ﻭَﻛُﻠُّﻬُﻢْ ءَاﺗِﻴﻪِ ﻳَﻮْﻡَ ٱﻟْﻘِﻴَٰﻤَﺔِ ﻓَﺮْﺩًا
അവരോരോരുത്തരും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഏകാകിയായിക്കൊണ്ട് അവന്റെ അടുക്കല്‍ വരുന്നതാണ്.(ഖു൪ആന്‍:19/95)
അല്ലാഹു എല്ലാം കാണുന്നുണ്ടെന്നും മനുഷ്യന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് വരെ അല്ലാഹു അറിയുകയും ചെയ്യുന്നുണ്ടെന്നുമുള്ള ചിന്ത മനുഷ്യന് വരുമ്പോള്‍ ആണ് അവന്‍ തെറ്റുകളില്‍ നിന്ന് മാറിനില്‍ക്കുന്നത്. ജനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ ഒളിപ്പിച്ചു വെക്കാന്‍ കഴിഞ്ഞാലും അല്ലാഹുവില്‍ നിന്ന് യാതൊന്നും ഒളിച്ചുവെക്കാന്‍ കഴിയില്ല, അല്ലാഹുവിന്റെ പിടുത്തം കഠിനമായത് തന്നെയാണ് എന്നൊക്കെ അല്ലാഹു തന്നെ പറയുമ്പോള്‍ പിന്നെങ്ങനെയാണ് ഒരു വിശ്വാസി തെറ്റിലേക്ക് പോകുന്നത്. അന്ത്യ നാളില്‍ ഒറ്റക്കായിക്കൊണ്ട് അല്ലാഹുവിന്റെ അടുക്കല്‍ വരുന്നതാണെന്ന് ചിന്തിക്കുമ്പോള്‍ സത്യവിശ്വാസി ദുനിയാവിലെ തന്റെ ജീവിതത്തില്‍ കൂടുതല്‍ വിനയമുള്ളവനാകുകയും നന്‍മകള്‍ അധികരിപ്പിക്കുകയും ചെയ്യും.അതെ, അല്ലാഹുവിനെ ഭയന്നുകൊണ്ടാണ് നമ്മുടെ മുന്‍ഗാമികള്‍ തെറ്റുകളില്‍ നിന്ന് മാറിനിന്നിരുന്നത്.ഈ ഒരു ചിന്തയാണ് ഏറ്റവും വലിയ ദിക്റ്.
ദുനിയാവിലെ ജീവിതത്തില്‍ മതി മറക്കുമ്പോഴാണ് പലപ്പോഴും അല്ലാഹുവിനെ മറക്കുന്ന അവസ്ഥ ഉണ്ടാകുന്നത്.അക്കാര്യം അല്ലാഹു പ്രത്യേകം ഓ൪മ്മിപ്പിക്കുകയും അത്തരക്കാ൪ നഷ്ടക്കാരാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻻَ ﺗُﻠْﻬِﻜُﻢْ ﺃَﻣْﻮَٰﻟُﻜُﻢْ ﻭَﻻَٓ ﺃَﻭْﻟَٰﺪُﻛُﻢْ ﻋَﻦ ﺫِﻛْﺮِ ٱﻟﻠَّﻪِ ۚ ﻭَﻣَﻦ ﻳَﻔْﻌَﻞْ ﺫَٰﻟِﻚَ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﺨَٰﺴِﺮُﻭﻥَ
സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാതിരിക്കട്ടെ. ആര് അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാണ് നഷ്ടക്കാര്‍. (ഖു൪ആന്‍ : 63/9)
നമ്മുടെ ജീവിതത്തിന്റെ സകല മേഖലകളിലും നാം അല്ലാഹുവിനെ അനുസ്‌മരിക്കേണ്ടതാണ്.സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും അല്ലാഹുവിനെ അനുസ്‌മരിക്കുക. അവനെ വിസ്‌മരിക്കുന്ന അവസ്ഥ ഉണ്ടാവരുത്. അഥവാ വിസ്‌മരിച്ചു പോയാല്‍ നമ്മുടെ നിയന്ത്രണം നഷ്‌ടപ്പെടും.
ﻭَﻻَ ﺗَﻜُﻮﻧُﻮا۟ ﻛَﭑﻟَّﺬِﻳﻦَ ﻧَﺴُﻮا۟ ٱﻟﻠَّﻪَ ﻓَﺄَﻧﺴَﻰٰﻫُﻢْ ﺃَﻧﻔُﺴَﻬُﻢْ ۚ ﺃُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻔَٰﺴِﻘُﻮﻥَ
അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെ പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍ തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍. (ഖു൪ആന്‍ : 59/19)
മനുഷ്യന്‍ നൈമിഷികമായ സ്വന്തം സുഖത്തിന് വേണ്ടി അല്ലാഹുവിനെ മറന്നു കളഞ്ഞപ്പോള്‍ അല്ലാഹു അവനെ സ്വന്തത്തെ പറ്റി തന്നെയുള്ള ഓര്‍മ ഇല്ലാതാക്കി.
ﻭَﻣَﻦ ﻳَﻌْﺶُ ﻋَﻦ ﺫِﻛْﺮِ ٱﻟﺮَّﺣْﻤَٰﻦِ ﻧُﻘَﻴِّﺾْ ﻟَﻪُۥ ﺷَﻴْﻄَٰﻨًﺎ ﻓَﻬُﻮَ ﻟَﻪُۥ ﻗَﺮِﻳﻦٌ
ﻭَﺇِﻧَّﻬُﻢْ ﻟَﻴَﺼُﺪُّﻭﻧَﻬُﻢْ ﻋَﻦِ ٱﻟﺴَّﺒِﻴﻞِ ﻭَﻳَﺤْﺴَﺒُﻮﻥَ ﺃَﻧَّﻬُﻢ ﻣُّﻬْﺘَﺪُﻭﻥَ
പരമകാരുണികന്റെ ഉല്‍ബോധനത്തിന്റെ നേര്‍ക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും. എന്നിട്ട് അവന്‍ (പിശാച്)അവന് കൂട്ടാളിയായിരിക്കുംതീര്‍ച്ചയായും അവര്‍ (പിശാചുക്കള്‍) അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയും. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യും. (ഖു൪ആന്‍ : 43/36-37)
ﻭَﻣَﻦْ ﺃَﻋْﺮَﺽَ ﻋَﻦ ﺫِﻛْﺮِﻯ ﻓَﺈِﻥَّ ﻟَﻪُۥ ﻣَﻌِﻴﺸَﺔً ﺿَﻨﻜًﺎ
ﻭَﻧَﺤْﺸُﺮُﻩُۥ ﻳَﻮْﻡَ ٱﻟْﻘِﻴَٰﻤَﺔِ ﺃَﻋْﻤَﻰٰ
എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക.ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്. (ഖു൪ആന്‍ : 20/124-126)
ഇബ്നുല്‍ഖയ്യിം – റഹിമഹുല്ലാഹ് പറഞ്ഞു: ദുനിയാവിലെ ശിക്ഷയില്‍ ഏറ്റവും കഠിനമായത്,അല്ലാഹുവിന്‍റെ ദിക്ക്റില്‍നിന്ന് നിന്‍റെ നാവിനെ അല്ലാഹു പിടിച്ചുനിര്‍ത്തുകയെന്നതാകുന്നു. മനുഷ്യന്‍റെ മേല്‍ ശൈത്താന്‍റെ ആദ്യത്തെ ബന്ധനം,ദിക്ക്റില്‍നിന്ന് നാവിനെ ബന്ധിക്കലാകുന്നു.നാവ് ബന്ധിക്കപ്പെട്ടാല്‍ പ്രധാനഭാഗം കീഴടങ്ങി. അല്ലാഹു പറഞ്ഞു:’ശൈത്താന്‍ അവരെ കീഴടക്കി വെക്കുകയും,അങ്ങിനെ അല്ലാഹുവിന്‍റെ ദിക്ക്റില്‍നിന്ന് അവരെ മറപ്പിച്ചുകളയുകയും ചെയ്തു. (ഖു൪ആന്‍ :58:19) അതിനാല്‍ നീ അല്ലാഹുവിനെ ഓര്‍ക്കുന്നവനാവുക. (الوابل الصيب)
അല്ലാഹുവിന്റെ മുന്നില്‍ ഹാജരാക്കപ്പെടുന്ന പരലോകത്തെ കുറിച്ചുള്ള വിശ്വാസം വ൪ദ്ധിക്കുമ്പോഴാണ് ദിക്റുള്ളയും വ൪ദ്ധിക്കുന്നത്.
ﺭِﺟَﺎﻝٌ ﻻَّ ﺗُﻠْﻬِﻴﻬِﻢْ ﺗِﺠَٰﺮَﺓٌ ﻭَﻻَ ﺑَﻴْﻊٌ ﻋَﻦ ﺫِﻛْﺮِ ٱﻟﻠَّﻪِ ﻭَﺇِﻗَﺎﻡِ ٱﻟﺼَّﻠَﻮٰﺓِ ﻭَﺇِﻳﺘَﺎٓءِ ٱﻟﺰَّﻛَﻮٰﺓِ ۙ ﻳَﺨَﺎﻓُﻮﻥَ ﻳَﻮْﻣًﺎ ﺗَﺘَﻘَﻠَّﺐُ ﻓِﻴﻪِ ٱﻟْﻘُﻠُﻮﺏُ ﻭَٱﻷَْﺑْﺼَٰﺮُ
ചില ആളുകള്‍, അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. കാരണം ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു. (ഖു൪ആന്‍ :24/37)