ശുക്റിന്റെ സുജൂദ്

THADHKIRAH

അല്ലാഹു മനുഷ്യ൪ക്ക് നല്‍കിയിട്ടുള്ള അനുഗ്രങ്ങള്‍ക്ക് നന്ദി ചെയ്യണമെന്ന് അവന്‍ മനുഷ്യരോട് ആഹ്വാനം ചെയ്യുന്നുണ്ട്.

فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ

ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്‌.   (ഖു൪ആന്‍ :2/152)

ഒരു സത്യവിശ്വാസിക്ക് ജീവിതത്തില്‍ അനുഗ്രങ്ങള്‍ക്ക് ലഭിക്കുമ്പോഴും സന്തോഷമുണ്ടാകുമ്പോഴും പ്രയാസങ്ങള്‍ നീങ്ങുമ്പോഴുമെല്ലാം ശുക്റിന്റെ സുജൂദ് ചെയ്യല്‍ അല്ലാഹുവിനോടുള്ള നന്ദി കാണിക്കലിലും  നബിചര്യയിലും പെട്ടതാണ്.

عَنْ أَبِي بَكْرَةَ، أَنَّ النَّبِيَّ ـ صلى الله عليه وسلم ـ كَانَ إِذَا أَتَاهُ أَمْرٌ يَسُرُّهُ أَوْ يُسَرُّ بِهِ خَرَّ سَاجِدًا شُكْرًا لِلَّهِ تَبَارَكَ وَتَعَالَى 

അബീ ബക്റയില്‍ (റ)  നിന്ന് നിവേദനം: നബി (സ്വ) അദ്ദേഹത്തിന് സന്തോഷമുള്ള വല്ല വാര്‍ത്തയും സംഭവിക്കുകയോ അറിയിക്കപ്പെടുകയോ ചെയ്‌താല്‍ അല്ലാഹുവിനുള്ള നന്ദിയെന്നോണം സുജൂദില്‍ വീഴാറുണ്ടായിരുന്നു .
(ഇബ്നു മാജ:1394)
    
കഅബ് ബിന്‍ മാലിക്, മുറാറത്ത് ബിന്‍ റബീഅ്, ഹിലാല്‍ ബിന്‍ ഉമയ്യ (റ) എന്നീ സ്വഹാബികള്‍ തബൂക്ക് യുദ്ധത്തില്‍നിന്ന് മതിയായ കാരണങ്ങളില്ലാതെ പിന്‍മാറിയിരുന്നു. അവരുടെ കാര്യത്തില്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നും തീരുമാനം വരുന്നതുവരെ നബി(സ്വ) അവരെ മാറ്റി നിര്‍ത്തി. ജനങ്ങളെല്ലാം അവരെ ബഹിഷ്ക്കരിച്ചു. നാല്‍പത് ദിവസത്തിനു ശേഷം അവരുടെ കാര്യത്തില്‍ ഖുര്‍ആന്‍ അവതരിക്കുകയും അവരുടെ തൗബ സ്വീകരിക്കപ്പെടുകയും ചെയ്തു.

وَعَلَى ٱلثَّلَٰثَةِ ٱلَّذِينَ خُلِّفُوا۟ حَتَّىٰٓ إِذَا ضَاقَتْ عَلَيْهِمُ ٱلْأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنفُسُهُمْ وَظَنُّوٓا۟ أَن لَّا مَلْجَأَ مِنَ ٱللَّهِ إِلَّآ إِلَيْهِ ثُمَّ تَابَ عَلَيْهِمْ لِيَتُوبُوٓا۟ ۚ إِنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ

പിന്നേക്ക് മാറ്റിവെക്കപ്പെട്ട ആ മൂന്ന് പേരുടെ നേരെയും (അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു.) അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവര്‍ക്ക് ഇടുങ്ങിയതായിത്തീരുകയും, തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് ഞെരുങ്ങിപ്പോകുകയും, അല്ലാഹുവിങ്കല്‍ നിന്ന് രക്ഷതേടുവാന്‍ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്തപ്പോള്‍. അവന്‍ വീണ്ടും അവരുടെ നേരെ കനിഞ്ഞു മടങ്ങി. അവര്‍ ഖേദിച്ചുമടങ്ങുന്നവരായിരിക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.   (ഖു൪ആന്‍:9/118)
   
തനിക്ക് അല്ലാഹു പൊറുത്തുനല്‍കിയിരിക്കുന്നുവെന്ന സന്തോഷ വാ൪ത്ത  കഅബ് ബിന്‍ മാലിക് അറിയുന്ന രംഗം ഹദീസുകളില്‍ കാണാം.

سَمِعْتُ صَوْتَ صَارِخٍ أَوْفَى عَلَى جَبَلِ سَلْعٍ بِأَعْلَى صَوْتِهِ يَا كَعْبُ بْنَ مَالِكٍ، أَبْشِرْ‏.‏ قَالَ فَخَرَرْتُ سَاجِدًا

അപ്പോഴതാ, സല്‍അ്  മലയുടെ മുകളില്‍ നിന്ന്‌ ഒരാള്‍ അത്യുച്ചത്തില്‍ വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു: കഅ്‌ബുബ്‌നു മാലികേ, സന്തോഷിച്ചു കൊള്ളുക’ ഞാന്‍ അല്ലാഹുവിന്‌ സുജൂദായി നിലത്തുവീണു     (ബുഖാരി:4418)

ഇമാം ഇബ്നുല്‍ ഖയ്യിം (റഹി) പറയുന്നു:

وفي سجود كعب حين سمع صوت المبشر دليل ظاهر أن تلك كانت عادة الصحابة وهو سجود الشكر عند النعم المتجددة والنقم المندفعة ،  وقد سجد أبو بكر الصديق لما جاءه قتل مسيلمة الكذاب ، وسجد علي لما وجد ذا الثدية مقتولا في الخوارج وسجد رسول الله صلى الله عليه وسلم حين بشره جبرائيل أنه من صلى عليه مرة صلى الله عليه بها عشرا

(തനിക്ക് അല്ലാഹു പൊറുത്ത് തന്നതായി) സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട്‌ വന്നയാളുടെ ശബ്ദം കേട്ടപാട് കഅബ് ബിന്‍ മാലിക് (റ) സുജൂദ് ചെയ്തു എന്നുള്ളത് തന്നെ, ശുക്റിന്റെ സുജൂദ് എന്നത് സ്വഹാബത്ത് സാധാരണ ചെയ്യാറുണ്ടായിരുന്ന ഒരു കാര്യമാണ് എന്ന് വളരെ വ്യക്തമാണ്. അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോഴും പ്രയാസങ്ങള്‍ നീങ്ങുമ്പോഴും നിര്‍വഹിക്കുന്ന ശുക്റിന്റെ സുജൂദ് ആണത്. പ്രവാചകത്വം അവകാശപ്പെട്ട കള്ളനായ മുസൈലിമത്തിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ മഹാനായ അബൂ ബക്കര്‍ സ്വിദ്ദീഖ് (റ) ശുക്റിന്റെ സുജൂദ് ചെയ്തിട്ടുണ്ട്. (ഖവാരിജുകളുമായി യുദ്ധം ചെയ്ത വേളയില്‍ അവരുടെ അടയാളമായി അവരോടൊപ്പം ഉണ്ടാകുമെന്ന് നബി (സ്വ) പ്രവചിച്ച കൈമുട്ടിന് മുകളിലുള്ള ഭാഗത്ത് മുല പോലെ ഇറച്ചി തൂങ്ങിയ ഹുര്‍ഖൂസ് ബിന്‍ സുഹൈര്‍ എന്ന) മനുഷ്യനെ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ കണ്ടപ്പോള്‍ അലിയും (റ)  ശുക്റിന്റെ സുജൂദ് ചെയ്തിട്ടുണ്ട്. അതുപോലെ തന്റെ മേല്‍ ആര് സ്വലാത്ത് ചൊല്ലുന്നുവോ അവരുടെ മേല്‍ അല്ലാഹു പത്ത് സ്വലാത്ത് ചൊല്ലും എന്ന് ജിബ്‌രീല്‍ (അ) സന്തോഷവാര്‍ത്ത അറിയിച്ചപ്പോള്‍ അല്ലാഹുവിന്റെ റസൂലും (സ്വ) ശുക്റിന്റെ സുജൂദ് ചെയ്തിട്ടുണ്ട്.   (സാദുല്‍ മആദ്:3/511)

وَهَلْ أَتَىٰكَ نَبَؤُا۟ ٱلْخَصْمِ إِذْ تَسَوَّرُوا۟ ٱلْمِحْرَابَ – إِذْ دَخَلُوا۟ عَلَىٰ دَاوُۥدَ فَفَزِعَ مِنْهُمْ ۖ قَالُوا۟ لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَٱحْكُم بَيْنَنَا بِٱلْحَقِّ وَلَا تُشْطِطْ وَٱهْدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ – إِنَّ هَٰذَآ أَخِى لَهُۥ تِسْعٌ وَتِسْعُونَ نَعْجَةً وَلِىَ نَعْجَةٌ وَٰحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِى فِى ٱلْخِطَابِ – قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِۦ ۖ وَإِنَّ كَثِيرًا مِّنَ ٱلْخُلَطَآءِ لَيَبْغِى بَعْضُهُمْ عَلَىٰ بَعْضٍ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَقَلِيلٌ مَّا هُمْ ۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّٰهُ فَٱسْتَغْفَرَ رَبَّهُۥ وَخَرَّ رَاكِعًا وَأَنَابَ 

വഴക്ക് കൂടുന്ന കക്ഷികള്‍ പ്രാര്‍ത്ഥനാമണ്ഡപത്തിന്റെ മതില്‍ കയറിച്ചെന്ന സമയത്തെ വര്‍ത്തമാനം നിനക്ക് ലഭിച്ചിട്ടുണ്ടോ? അവര്‍ ദാവൂദിന്റെ അടുത്ത് കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദര്‍ഭം! അവര്‍ പറഞ്ഞു. താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ രണ്ട് എതിര്‍ കക്ഷികളാകുന്നു. ഞങ്ങളില്‍ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ താങ്കള്‍ ന്യായപ്രകാരം വിധി കല്‍പിക്കണം. താങ്കള്‍ നീതികേട് കാണിക്കരുത്‌. ഞങ്ങള്‍ക്ക് നേരായ പാതയിലേക്ക് വഴി കാണിക്കണം. ഇതാ, ഇവന്‍ എന്റെ സഹോദരനാകുന്നു. അവന് തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്‌. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവന്‍ പറഞ്ഞു; അതിനെയും കൂടി എനിക്ക് ഏല്‍പിച്ചു തരണമെന്ന്‌. സംഭാഷണത്തില്‍ അവന്‍ എന്നെ തോല്‍പിച്ച് കളയുകയും ചെയ്തു. അദ്ദേഹം (ദാവൂദ്‌) പറഞ്ഞു: തന്റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച് പേരേയുള്ളു അത്തരക്കാര്‍. ദാവൂദ് വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ് ചെയ്തതെന്ന്‌. തുടര്‍ന്ന് അദ്ദേഹം തന്റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു. (ഖു൪ആന്‍:38/21-24)

عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم سَجَدَ فِي ‏{‏ ص ‏}‏ وَقَالَ:   سَجَدَهَا دَاوُدُ تَوْبَةً وَنَسْجُدُهَا شُكْرًا

ഇബ്നു അബ്ബാസില്‍ (റ)  നിന്ന് നിവേദനം: സ്വാദ് സൂറത്തില്‍ വെച്ച് നബി (സ്വ) സുജൂദ് ചെയ്യുകയും ഇങ്ങനെ പറയുകയും ചെയ്തു: ദാവൂദ് (അ) പശ്ചാത്താപമെന്ന നിലക്ക് സുജൂദ് ചെയ്തു. നാം അത് നന്ദിയെന്ന നിലക്ക് ചെയ്യുന്നു. (നസാഇ:957)
‏       
വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ സൂറ: സ്വാദില്‍ (ആയത്ത്:24) തിലാവത്തിന്റെ സുജൂദ് ചെയ്യേണ്ടതാണ്. കാരണം നബി(സ്വ) ഈ ആയത്തില്‍ സുജൂദ് ചെയ്തിട്ടുണ്ട്.
    
സാധാരണ നമസ്കാരത്തിലോ അല്ലാതെയോ നിര്‍വഹിക്കപ്പെടുന്ന സുജൂദിനെ പോലെയാണ് ശുക്റിന്റെ സുജൂദിന്റെ രൂപവും. ശുക്റിന്റെ സുജൂദിന് വുളൂഅ് ബാധകമാണോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അത് സ്വീകാര്യയോഗ്യമാവാന്‍ വുളൂഅ് ഒരു നിബന്ധനയല്ല എന്നതാണ് പ്രബലമായ അഭിപ്രായം. കാരണം സന്തോഷത്തിന്റെ സന്ദര്‍ഭത്തില്‍ നബിയും(സ്വ) സ്വഹാബത്തും നേരിട്ട് സുജൂദ് നിര്‍വഹിച്ചിട്ടുണ്ട്. അതിനു മുന്‍പ് അവര്‍ വുളൂഅ് വരുത്തിയതായോ, വരുത്താന്‍ കല്പിച്ചതായോ പ്രതിപാദിക്കപ്പെട്ടിട്ടില്ല. അതുപോലെ തക്ബീര്‍ കെട്ടലും , സലാം വീട്ടലും ശുക്റിന്റെ സുജൂദില്‍ ഇല്ല. നേരിട്ട് സുജൂദിലേക്ക് പോകുകയാണ് ചെയ്യുന്നത്. അതില്‍ നിന്ന് നേരിട്ട് എഴുന്നേല്‍ക്കുകയും ചെയ്യുന്നു. ഒരൊറ്റ സുജൂദ് ആണ് ശുക്റിന്റെ സുജൂദ്. സാധാരണ മറ്റേത് സുജൂദുകളിലും പ്രാര്‍ഥിക്കുന്ന പ്രാര്‍ത്ഥന തന്നെയാണ് ഇതിലും പ്രാര്‍ഥിക്കേണ്ടത്. അതോടൊപ്പം അല്ലാഹുവെ ധാരാളമായി സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യാം. അതാണല്ലോ ശുക്റിന്റെ സുജൂദിന്‍റെ ഉദ്ദേശ്യവും. എന്നാല്‍ ശുക്റിന്റെ സുജൂദിനായി പ്രത്യേകം ഒരു പ്രാര്‍ത്ഥനയില്ല.
     
ജീവിതത്തില്‍ അനുഗ്രങ്ങള്‍ക്ക് ലഭിക്കുമ്പോഴും സന്തോഷമുണ്ടാകുമ്പോഴും പ്രയാസങ്ങള്‍ നീങ്ങുമ്പോഴുമെല്ലാം ശുക്റിന്റെ സുജൂദ് ചെയ്യല്‍ ഇന്ന് ആളുകള്‍ അവഗണിച്ചിരിക്കുന്നു. അറിവില്ലായ്മയും സുജൂദിന്റെ ശ്രേഷ്ടത മനസ്സിലാക്കാത്തതും സുന്നത്തിനോടുള്ള അവഗണനയുമാണ് ഇതിന്റെ കാരണം.

وَسَيَجْزِى ٱللَّهُ ٱلشَّٰكِرِينَ

നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്‌. (ഖു൪ആന്‍ :3/144)

وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ

നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും. എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ). (ഖു൪ആന്‍ :14/7)

فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ

ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്‌. (ഖു൪ആന്‍ :2/152)

إِن تَكْفُرُوا۟ فَإِنَّ ٱللَّهَ غَنِىٌّ عَنكُمْ ۖ وَلَا يَرْضَىٰ لِعِبَادِهِ ٱلْكُفْرَ ۖ وَإِن تَشْكُرُوا۟ يَرْضَهُ لَكُمْ

നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ആശ്രയത്തില്‍ നിന്ന് മുക്തനാകുന്നു. തന്റെ ദാസന്‍മാര്‍ നന്ദികേട് കാണിക്കുന്നത് അവന്‍ തൃപ്തിപ്പെടുകയില്ല. നിങ്ങള്‍ നന്ദികാണിക്കുന്ന പക്ഷം നിങ്ങളോട് അത് വഴി അവന്‍ സംതൃപ്തനായിരിക്കുന്നതാണ്‌    (ഖു൪ആന്‍ :39/7)

عَلَيْكَ بِكَثْرَةِ السُّجُودِ لِلَّهِ فَإِنَّكَ لاَ تَسْجُدُ لِلَّهِ سَجْدَةً إِلاَّ رَفَعَكَ اللَّهُ بِهَا دَرَجَةً وَحَطَّ عَنْكَ بِهَا خَطِيئَةً

സൌബാനില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ(സ്വ) പറയുന്നതായി ഞാൻ കേട്ടു : താങ്കള്‍ സുജൂദ് അധികരിപ്പിക്കുക. കാരണം താങ്കള്‍ അല്ലാഹുവിനു വേണ്ടി സുജൂദ് ചെയ്യുമ്പോഴെല്ലാം അത് മുഖേന അല്ലാഹു താങ്കള്‍ക്ക് ഒരു പദവി ഉയർത്തുകയും താങ്കളുടെ ഒരു പാപം പൊറുത്ത് തരികയും ചെയ്യുന്നതാണ്.   (മുസ്‌ലിം: 488)
   
എന്തുകൊണ്ടാണ് നമുക്ക് സുന്നത്തുകളോട് താല്പര്യം കുറഞ്ഞുപോയതെന്ന കാര്യവും ഗൌരവപൂ൪വ്വം ചിന്തിക്കേണ്ടതുണ്ട്. അല്ലാഹുവിനെ കുറിച്ചും അന്ത്യനാളിനെ കുറിച്ചും ബോധവും ഭയപ്പാടും ഉണ്ടായിരിക്കുകയും, അല്ലാഹുവിന്റെ സ്മരണ ശരിക്കും ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നവ൪ക്കേ സുന്നത്ത് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ സാധിക്കുകയള്ളൂ.

لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْءَاخِرَ وَذَكَرَ ٱللَّهَ كَثِيرًا

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌. (ഖു൪ആന്‍ :33/21)

നിങ്ങള്‍ക്ക് അല്ലാഹുവിന്റെ റസൂലില്‍ മാതൃകയുണ്ടായിട്ടുണ്ട് എന്ന് ആദ്യം പൊതുവില്‍ പറഞ്ഞശേഷം, ‘അതായതു, അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുകയും അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക് എന്ന് പ്രത്യേകം ഉണര്‍ത്തിയിരിക്കുന്നത്  ശ്രദ്ധേയമാകുന്നു. അപ്രകാരം യഥാ൪ത്ഥ സത്യവിശ്വാസികള്‍ ഈ സുന്നത്തുകളെയൊന്നും അവഗണിച്ച് തള്ളിക്കളയാറില്ല.

عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:  عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ ‏‏

അബൂ യഹ്’യാ സുഹൈബില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: വിചിത്രമാണ് ഈ സത്യവിശ്വാസിയുടെ കാര്യം. അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണകരമാണ്. ഇത് സത്യവിശ്വാസികൾക്കല്ലാതെ മറ്റാർക്കുമില്ല. സന്തോഷം ഉണ്ടാകുമ്പോൾ അവൻ നന്ദി കാണിക്കുന്നു. അങ്ങനെ അത് പുണ്യമായിതീരുന്നു. ദുരന്തം സംഭവിച്ചാൽ ക്ഷമപാലിക്കുന്നു. അങ്ങനെ അതും ഗുണകരമായിത്തീരുന്നു.   (മുസ്‌ലിം: 2999)

Leave a Reply

Your email address will not be published.

Similar Posts