പ്രവാചകന്മാരുടെ ചര്യകളായി അറിയപ്പെടുന്ന ചില കാര്യങ്ങളുണ്ട്. അവക്കാണ് അല്‍ ഫിത്വറ – ശുദ്ധപ്രകൃതി (ചര്യകള്‍) – എന്ന് പറയുന്നത്. അവയില്‍ ചിലത് നി൪ബന്ധമുള്ളതും ചിലത് സുന്നത്തായവയുമാണ്.
عَنْ أَبِي هُرَيْرَةَ، رِوَايَةً : الْفِطْرَةُ خَمْسٌ ـ أَوْ خَمْسٌ مِنَ الْفِطْرَةِ ـ الْخِتَانُ، وَالاِسْتِحْدَادُ، وَنَتْفُ الإِبْطِ، وَتَقْلِيمُ الأَظْفَارِ، وَقَصُّ الشَّارِبِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: 5 കാര്യങ്ങള്‍ ശുദ്ധപ്രകൃതിയില്‍ പെട്ടതാണ്.
1-ചേലാകര്‍മം ചെയ്യല്‍
2-ഗുഹ്യഭാഗത്തെ രോമങ്ങള്‍ നീക്കം ചെയ്യല്‍
3-കക്ഷ രോമം പറിക്കല്‍
4-നഖം വെട്ടല്‍
5-മീശവെട്ടി ചെറുതാക്കല്‍ എന്നിവയാണവ. (ബുഖാരി:5889)
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم “عَشْرٌ مِنَ الْفِطْرَةِ قَصُّ الشَّارِبِ وَإِعْفَاءُ اللِّحْيَةِ وَالسِّوَاكُ وَاسْتِنْشَاقُ الْمَاءِ وَقَصُّ الأَظْفَارِ وَغَسْلُ الْبَرَاجِمِ وَنَتْفُ الإِبْطِ وَحَلْقُ الْعَانَةِ وَانْتِقَاصُ الْمَاءِ”. قَالَ زَكَرِيَّاءُ قَالَ مُصْعَبٌ وَنَسِيتُ الْعَاشِرَةَ إِلاَّ أَنْ تَكُونَ الْمَضْمَضَةَ. زَادَ قُتَيْبَةُ قَالَ وَكِيعٌ انْتِقَاصُ الْمَاءِ يَعْنِي الاِسْتِنْجَاءَ
ആയിശയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ്വ)പറഞ്ഞു: 10 കാര്യം നബിമാരുടെ ചര്യകളില്‍ പെട്ടതാകുന്നു.
1-മീശ വെട്ടുക
2- താടി വളര്‍ത്തുക
3-പല്ല് തേക്കുക
4-(വുളുവില്‍ ) മൂക്കില്‍ വെള്ളം കയറ്റുക
5- നഖം വെട്ടുക
6-ബറാജിം കഴുകുക
7-കക്ഷം പറിക്കുക
8-ഗുഹ്യഭാഗത്തെ രോമങ്ങള്‍ കളയുക
9-ശൗച്യം ചെയ്യുക
റിപ്പോര്‍ട്ടര്‍ പറയുന്നു: പത്താമത്തേത് ഞാന്‍ മറന്നുപോയി. അത് വായ കഴുകലായേക്കാം. (മുസ്ലിം:261)
1. ചേലാക൪മ്മം
ലിംഗാഗ്രം പരിപൂ൪ണ്ണമായും വെളിപ്പെടുന്നവിധം പുരുഷന്റെ ലിംഗാഗ്രത്തെ മൂടിക്കിടക്കുന്ന തൊലി മുറിച്ചു കളയുന്നതിനാണ് ചേലാക൪മ്മം എന്ന് പറയുന്നത്.
ഇസ്‌ലാമില്‍ പുരുഷന്മാര്‍ക്ക് നിര്‍ബന്ധമായ ഒരു കര്‍മമാണ് ചേലാകര്‍മം എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ചേലാകര്‍മം ചെയ്യല്‍ ഇബ്‌റാഹീം നബിയുടെ(അ) മില്ലത്തില്‍ പെട്ടതാണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: اخْتَتَنَ إِبْرَاهِيمُ ـ عَلَيْهِ السَّلاَمُ ـ وَهْوَ ابْنُ ثَمَانِينَ سَنَةً بِالْقَدُّومِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു:ഇബ്രാഹിം നബി(അ) തന്റെ എണ്‍പതാമത്തെ വയസില്‍ കോടാലി കൊണ്ട് ചേലാക൪മ്മം ചെയ്തു. (ബുഖാരി:3356)
മുസ്ലിമായ വ്യക്തിയോട് നബി ﷺ പറഞ്ഞു:
أَلْقِ عَنْكَ شَعْرَ الْكُفْرِ وَاخْتَتِنْ
താങ്കൾ സത്യനിഷേധത്തിന്റെ മുടി നീക്കുകയും ചേലാകർമ്മം നടത്തുകയും ചെയ്യുക. ( അബൂദാവൂദ് :356)
മുസ്ലിമായ വ്യക്തിയോട് ചേലാകർമ്മം ചെയ്യാൻ നബി (സ്വ) കൽപ്പിച്ചിട്ടുള്ളത് ഇത് നിർബന്ധമാണന്നതിനെ അറിയിക്കുന്നു.
എപ്പോഴാണ് ചേലാകർമ്മം ചെയ്യേണ്ടത് ?
കുഞ്ഞ് ജനിച്ച് ഏഴാം ദിവസം തന്നെ ചേലാകർമ്മം ചെയ്യണം എന്നതിന് ഒരു തെളിവുമില്ല . അതിന്റെ മുമ്പോ ശേഷമോ ചെയ്യാവുന്നതാണ്. പ്രായ പൂർത്തിയാകുന്നതിന് മുമ്പ് ചേലാക൪മ്മം ചെയ്യൽ നിർബന്ധമാണ്. അത് ചെറുപ്പത്തിൽ നിർവ്വഹിക്കലാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്.
2. ഗുഹ്യരോമം നീക്കല്‍
അനുഷ്ഠാനങ്ങള്‍ക്ക് വേണ്ടി ശുചിത്വം നിര്‍ബന്ധമായതിനാല്‍, ഗുഹ്യഭാഗങ്ങളിലെ രോമം നീക്കം ചെയ്യല്‍ ശരീരശുചിത്വത്തിലേക്ക് സഹായകരമാകുന്നു. മാത്രമല്ല, അത് ശുദ്ധപ്രകൃതി ചര്യകളില്‍ പെട്ടതുമാണ്. നാല്പത് ദിവസത്തില്‍ ഒരിക്കലെങ്കിലും ഗുഹ്യഭാഗങ്ങളിലെ രോമം നീക്കം ചെയ്യേണ്ടതാണ്.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ أَنَسٌ وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الأَظْفَارِ وَنَتْفِ الإِبْطِ وَحَلْقِ الْعَانَةِ أَنْ لاَ نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً .
അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:മീശവെട്ടുക, നഖം മുറിക്കുക, കക്ഷരോമം നീക്കല്‍, ഗുഹ്യരോമം നീക്കല്‍ തുടങ്ങി കാര്യങ്ങള്‍ 40 രാത്രികളിലധികം വിട്ടേക്കരുത് എന്ന് നബി ﷺ ഞങ്ങള്‍ക്ക് നിശ്ചയിച്ചു തന്നു. (മുസ്ലിം:258)
3. കക്ഷരോമം പറിക്കുക
കക്ഷങ്ങളിലുള്ള രോമങ്ങള്‍ നീക്കം ചെയ്യലും ശുദ്ധപ്രകൃതി ചര്യകളില്‍ പെട്ടതാണ്. നാല്പത് ദിവസത്തില്‍ ഒരിക്കലെങ്കിലും കക്ഷഭാഗങ്ങളിലെ രോമം നീക്കം ചെയ്യേണ്ടതാണെന്നതിന് മേല്‍ ഹദീസില്‍ തെളിവുണ്ട്.
4. നഖം മുറിക്കല്‍
നഖങ്ങള്‍ മുറിച്ച് വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. നീണ്ടതും അഴുക്കുകള്‍ ഇരിക്കാന്‍ സാധ്യതയുള്ളതുമായ നഖം വിശ്വാസിക്ക് യോജിച്ചതല്ല. നഖം മുറിക്കലും ശുദ്ധപ്രകൃതിയുടെ ഭാഗമാണ്. നാല്പത് ദിവസത്തില്‍ ഒരിക്കലെങ്കിലും നഖം മുറിക്കണം എന്നുള്ളതിന് മേല്‍ ഹദീസില്‍ തെളിവുണ്ട്.
5. മീശ വെട്ടല്‍
عَنْ زَيْدِ بْنِ أَرْقَمَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ لَمْ يَأْخُذْ شَارِبَهُ فَلَيْسَ مِنَّا
സൈദിബ്നു അ൪ഖമില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: മീശ വെട്ടാത്തവന്‍ നമ്മില്‍ പെട്ടവനല്ല.
(സുനനു ന്നസാഇ:13)
عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: خَالِفُوا الْمُشْرِكِينَ، وَفِّرُوا اللِّحَى، وَأَحْفُوا الشَّوَارِبَ
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങൾ ബഹുദൈവ വിശ്വാസികളോട് എതിരാവുക. താടി വളരാൻ വിടുക, മീശ പറ്റെ വെട്ടിച്ചെറുതാക്കുക. (ബുഖാരി: 5892)
നാല്പത് ദിവസത്തില്‍ ഒരിക്കലെങ്കിലും നഖം മുറിക്കണം എന്നുള്ളതിനും മുസ്ലിം:258 ലെ ഹദീസില്‍ തെളിവുണ്ട്.
ബുഖാരി:5889 ലെ ഹദീസില്‍ ശുദ്ധപ്രകൃതിയുടെ ചര്യകളായി മേല്‍പറഞ്ഞിട്ടുള്ള അഞ്ച് കാര്യങ്ങളാണ് വന്നിട്ടുള്ളത്. ശുദ്ധപ്രകൃതിയുടെ 10 ചര്യകളായി നബി ﷺ പറഞ്ഞിട്ടുള്ള മുസ്ലിമിലെ ഹദീസില്‍( നമ്പ൪:261) മറ്റ് ചിലതുകൂടി വന്നിട്ടുണ്ട്.
6. താടി നീട്ടി വിടല്‍
താടി വള൪ത്തുക എന്നത് അപ്രകാരം ചെയ്യാന്‍ സാധിക്കുന്ന എല്ലാ പുരുഷന്‍മാ൪ക്കും നി൪ബന്ധമാണ്. ഹദീസുകളില്‍ അതിന് വേണ്ടത്ര തെളിവുകളുണ്ട്.
عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: خَالِفُوا الْمُشْرِكِينَ، وَفِّرُوا اللِّحَى، وَأَحْفُوا الشَّوَارِبَ
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങൾ ബഹുദൈവ വിശ്വാസികളോട് എതിരാവുക. താടി വളരാൻ വിടുക, മീശ പറ്റെ വെട്ടിച്ചെറുതാക്കുക. (ബുഖാരി: 5892)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: جُزُّوا الشَّوَارِبَ وَأَرْخُوا اللِّحَى خَالِفُوا الْمَجُوسَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങള്‍ മീശ ചുരുക്കുക, താടി നീട്ടി വിടുകയും ചെയ്യുക, (അങ്ങനെ) മജൂസികള്‍ക്കെതിരെ പ്രവ൪ത്തിക്കുക. (മുസ്ലിം:260)
പ്രധാനപ്പെട്ട നാല് മദ്ഹബുകളുടെയും ഇമാമുകള്‍ താടി മുഴുവന്‍ വടിക്കല്‍ ഹറാം ആണെന്ന വിഷയത്തില്‍ഏകോപ്പിച്ചിട്ടുണ്ട്. താടി വടിക്കല്‍ ഹറാമാണെന്ന് ശൈഖ് അല്‍ബാനി(റഹി), ശൈഖ് ഇബ്നു ബാസ് ഉള്‍പ്പടെയുള്ള പല സലഫി പണ്ഢിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
7. പല്ല് തേക്കല്‍
വ്യക്തിശുചിത്വത്തില്‍ ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കിയ ഒന്നാണ് ‘ദന്തശുദ്ധീകരണം.’ ഏത് സമയത്തും പല്ല് തേക്കല്‍ സുന്നത്താണ്. ദന്തശുദ്ധീകരണം നിര്‍ബന്ധമായും അഭികാമ്യമായും വിശദീകരിച്ച സന്ദര്‍ഭങ്ങള്‍ ദ്യോതിപ്പിക്കുന്നത് സ്വശരീരത്തിനുള്ള കരുതല്‍ എന്നതിനൊപ്പം മനുഷ്യനെന്ന സാമൂഹ്യജീവിയുടെ മറ്റുള്ളവരോടുള്ള ശീതളമായ ബന്ധത്തിന്റെ നിലനില്‍പ്പ് കൂടിയാണ്. അത് വായക്ക് ശുദ്ധീകരണവും അല്ലാഹുവിന് തൃപ്തിയുള്ള കാര്യവുമാണ്
عَنْ عَبْدُ الرَّحْمَنِ بْنُ أَبِي عَتِيقٍ، قَالَ حَدَّثَنِي أَبِي قَالَ، سَمِعْتُ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ
അബ്ദുറഹ്മാനിബ്നു അബൂഅതീഖില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് എന്നോട് പറഞ്ഞു:നബി ﷺ പറഞ്ഞതായി ആയിശയില്‍(റ) നിന്നും ഞാന്‍ കേട്ടു: പല്ല് തേക്കല്‍ വായക്ക് ശുദ്ധീകരണവും അല്ലാഹുവിന് തൃപ്തിയുള്ള കാര്യവുമാണ്. (നസാഇ:5)
ചില സന്ദ൪ഭങ്ങളില്‍ പല്ല് തേക്കല്‍ ശക്തമായ സുന്നത്താണ്. അത്തരം സന്ദ൪ഭങ്ങളെ കുറിച്ച് നബി ﷺ പറഞ്ഞിട്ടുള്ളത് കാണുക.
عَنْ حُذَيْفَةَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا قَامَ مِنَ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ.
ഹുദൈഫയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:നബി ﷺ രാത്രി (ഉറക്കില്‍ നിന്ന്) എഴുന്നേറ്റാല്‍ മിസ്വാക് കൊണ്ട് തന്റെ വായ ഉരതാറുണ്ടായിരുന്നു. (ബുഖാരി:245)
عَنْ حُذَيْفَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا قَامَ لِلتَّهَجُّدِ مِنَ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ.
ഹുദൈഫയില്‍(റ) നിന്നും നിവേദനം: നബി ﷺ തഹജ്ജുദിന് വേണ്ടി എഴുന്നേല്‍ക്കുമ്പോള്‍ മിസ്വാക്ക് ചെയ്യാറുണ്ട്. (ബുഖാരി:1136)
لولا أن أشق على أمتي لأمرتهم بالسواك عند كل وضوء
നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന് പ്രയാസമാകുമായിരുന്നില്ലായെങ്കിൽ എല്ലാ വുളുവിനോടൊപ്പവും പല്ല് തേക്കാന്‍ കൽപിക്കുമായിരുന്നു. (അഹ്മദ്: 2/433)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: لَوْلاَ أَنْ أَشُقَّ عَلَى أُمَّتِي ـ أَوْ عَلَى النَّاسِ ـ لأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ صَلاَةٍ .
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന് അല്ലെങ്കിൽ ജനങ്ങൾക്ക് ഞാൻ ഞെരുക്കമുണ്ടാക്കുന്നുവെന്ന ഭയം എനിക്ക് ഇല്ലായിരുന്നുവെങ്കിൽ എല്ലാ നമസ്‌കാരത്തിന്റെ കൂടെയും പല്ല് തേയ്ക്കുന്നതിന് ഞാൻ അവരോട് കൽപിക്കുമായിരുന്നു. (ബുഖാരി: 887)
ما كان رسول الله صلى الله عليه وسلم يخرج من بيته لشيء من الصلوات حتى يستاك
പല്ല് തേക്കാതെ നമസ്കാരത്തിനായിനബി ﷺ വീട്ടില്‍ നിന്ന് പുറത്തിറങ്ങാറുണ്ടായിരുന്നില്ല. (സ്വഹീഹുത്ത൪ഗീബ്:1/90)
عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا دَخَلَ بَيْتَهُ بَدَأَ بِالسِّوَاكِ .
ആയിശയില്‍(റ) നിന്നും നിവേദനം:നബി ﷺ വീട്ടില്‍ പ്രവേശിച്ചാല്‍ ആദ്യം ചെയ്യുക ദന്തശുദ്ധീകരണമായിരിക്കും. (മുസ്‌ലിം:253)
عن علي رضي الله عنه قال: قال رسول الله صلى الله عليه وسلم:إن العبد إذا تسوك ثم قام يصلي قام الملك خلفه فيستمع لقراءته، فيدنو منه -أو كلمة نحوها- حتى يضع فاه على فيه، فما يخرج من فيه شيء من القرآن إلا صار في جوف الملك، فطهروا أفواهكم للقرآن
ഒരു അടിമ പല്ല് തേച്ച് നമസ്കരിക്കാന്‍ നിന്നാല്‍ ഖു൪ആന്‍ പാരായണം കേട്ടുകൊണ്ട് മലക്കും അവന്റെ പിന്നാലെ നില്‍ക്കും. അങ്ങനെ അവനിലേക്ക് അടുത്ത് തന്റെ വായ മലക്ക് അവന്റെ വായയില്‍ വെക്കും. അവന്റെ വായയില്‍ നിന്ന് പുറപ്പെടുന്ന ഖു൪ആന്‍ പാരായണമെല്ലാം മലക്കിന്റെ ഉള്ളിലേക്ക് ചെന്നെത്തുന്നു. അതിനാല്‍ ഖു൪ആന്‍ പാരായണം ചെയ്യാന്‍ നിങ്ങള്‍ വായ ശുദ്ധീകരിക്കുക. (സ്വഹീഹുത്ത൪ഗീബ്:1/91- സില്‍സിലത്തുസ്വഹീഹ:3/214)
عَنْ أَنَسٌ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَكْثَرْتُ عَلَيْكُمْ فِي السِّوَاكِ
അനസ്(റ) പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: പല്ല് തേച്ച് വൃത്തിയാക്കുന്ന കാര്യത്തിൽ ഞാൻ നിങ്ങളെ വളരെയേറെ ഉപദേശിച്ചിട്ടുണ്ട്.(ബുഖാരി: 888)
നാവ് വൃത്തിയാക്കലും സുന്നത്താണ്.
عَنْ أَبِي مُوسَى، قَالَ دَخَلْتُ عَلَى النَّبِيِّ صلى الله عليه وسلم وَطَرَفُ السِّوَاكِ عَلَى لِسَانِهِ .
ആബൂമൂസയില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ നബി ﷺ യുടെ അടുക്കല്‍ പ്രവേശിച്ചു. അദ്ദേഹം നാവില്‍ മിസ്വാക്ക് ഉപയോഗിക്കുകയായിരുന്നു. (മുസ്ലിം:254)
ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ‘മിസ്‌വാക്’ എന്ന അറബി പദം കൊണ്ട് ഉദ്ദേശിക്കുന്നത് ‘അറാക്ക്’ എന്ന അറബിയില്‍ അറിയപ്പെടുന്ന ”സല്‍വഡൊറ പേര്‍സികാ” എന്ന വൃക്ഷത്തിന്റെ ചെറിയ കമ്പുകളാണ്. അണുനാശക സ്വഭാവമുള്ളതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ പ്രകൃതിദത്തമായ ഈ വസ്തു അറേബ്യന്‍ നാടുകളില്‍ ഇപ്പോഴും ടൂത്ത് ബ്രഷിനു പകരമായി ഉപയോഗിക്കുന്നുണ്ട്.
8. മൂക്കില്‍ വെള്ളം കയറ്റല്‍
വുളൂവില്‍ വായില്‍ വെള്ളം കയറ്റി കൊപ്ലിക്കലും, മൂക്കില്‍ വെള്ളം കയറ്റി ചീറ്റലും സുന്നത്താണ്. മൂക്കില്‍ വെള്ളം നന്നായി കയറ്റണമെന്ന് ഹദീസിലും വന്നിട്ടുണ്ട്. പക്ഷേ, നോമ്പുകാരനാണെങ്കില്‍ മൂക്കില്‍ വെള്ളം കയറ്റുന്നത് ശക്തിയോടെ ചെയ്യേണ്ടതില്ല. കാരണം, ചിലപ്പോള്‍ മൂക്കില്‍ വെള്ളം കയറുകയും, അത് വായിലൂടെ ഇറങ്ങി പോവുകയും ചെയ്തേക്കാം.
عَنْ لَقِيطِ بْنِ صَبِرَةَ فَقُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي عَنِ الْوُضُوءِ . قَالَ : أَسْبِغِ الْوُضُوءَ وَخَلِّلْ بَيْنَ الأَصَابِعِ وَبَالِغْ فِي الاِسْتِنْشَاقِ إِلاَّ أَنْ تَكُونَ صَائِمًا
ലഖീത്വ് ബ്നു സ്വബീറയില്‍(റ) നിന്ന് നിവേദനം: ….. ഞാൻ പറഞ്ഞു: പ്രവാചകരേ, എനിക്ക് വുളൂഇനെ സംബന്ധിച്ച് പറഞ്ഞ് തരിക. നബി ﷺ പറഞ്ഞു: നീ സമ്പൂർണമായി വുളൂഅ ചെയ്യുക. വിരലുകൾ വിടർത്തി കഴുകുക, നോമ്പുകാരനല്ലങ്കിൽ മൂക്കിൽ നല്ലപോലെ വെള്ളം കയറ്റി ചീറ്റുക. (അബൂദാവൂദ്: 2366)
വായും മൂക്കും കഴുകുന്നതിന് ഒരു കോരല്‍ വെള്ളം മാത്രം ഉപയോഗിച്ചാല്‍ മതിയാകും. വായിലേക് വെള്ളം കൊണ്ടു പോയതിനു ശേഷം കയ്യില്‍ ബാക്കിയുള്ള വെള്ളം മൂക്കിലേക്ക് കയറ്റുകയാണ് ചെയ്യേണ്ടത്.വായിലും മൂക്കിലും വെള്ളം കയറ്റുന്നതിനു വലതു കയ്യും, മൂക്കില്‍ നിന്ന് വെള്ളം ചീറ്റിക്കളയുമ്പോള്‍ ഇടതു കയ്യും ഉപയോഗിക്കുന്നത് സുന്നത്താണ്. ഇത് മൂന്ന് തവണ ആവര്‍ത്തിക്കുന്നതും സുന്നത്താണ്.
9. ബറാജിമുകള്‍ കഴുകല്‍
കൈപ്പത്തിക്ക് പുറത്ത് വിരലിന്റെ മുകള്‍ഭാഗത്തുള്ള മടക്കുകള്‍ക്കാണ് ബറാജിം എന്നു പറയുന്നത്. വിരലിന്റെ മടക്കുകള്‍ക്കും സന്ധികള്‍ യോജിക്കുന്ന സ്ഥലങ്ങള്‍ക്കും ബറാജിം എന്നു പറയുന്നു. ചെവിയുടെ ഇടുക്ക് തുടങ്ങി ശരീരത്തില്‍ മ്ലേച്ഛത ഒരുമിച്ചുകൂടാന്‍ സാധ്യതയുള്ള എല്ലാ ഭാഗങ്ങള്‍ക്കും ബറാജിമെന്ന് പറയാം. (ശറഹുന്നവവി:2/150)
ബു൪ജുമതിന്റെ ബഹുവചനമാണ് ബറാജിം. വിരലുകള്‍ക്ക് മുകളില്‍ ചുളിഞ്ഞ ഭാഗങ്ങള്‍ക്കാണത് പറയുക. (അന്നിഹായ ഫീ ഗരീബില്‍ ഹദീസ്:1/113)
കൈ വിരലുകളുടെ പിന്നിലെ മടക്കുകള്‍, കൈ വിരലുകളുടെ ഇടഭാഗം, കാല്‍ മുട്ടുകളുടെ പിന്‍ഭാഗം, കാല്‍ വിരലുകളുടെ ഇടഭാഗം, നെരിയാണിക്ക് പിന്നിലുള്ള കുഴി, രണ്ട് കൈകള്‍ക്കിടയിലെ കക്ഷം, മുട്ടിന്റെ മുകളിലേക്ക് മടങ്ങുന്ന ഭാഗം, ശരീരത്തിലെ മടക്കുകളും ചുളിവുകളുമായ ഭാഗം എന്നിവയെല്ലാം ബറാജിമുകളാണെന്ന് പണ്ഢിതന്‍മാ൪ വിശദീകരിച്ചതായി കാണാം.
ബറാജിമുകള്‍ കഴുകല്‍ ശുദ്ധപ്രകൃതി ചര്യകളില്‍ പെട്ടതാണ്.
10. ശൗച്യം ചെയ്യല്‍
മലമൂത്ര വിസര്‍ജനത്തിനു ശേഷം ബന്ധപ്പെട്ട അവയവങ്ങള്‍ സസൂക്ഷ്മം വൃത്തിയാക്കുക എന്നത് ഇസ്‌ലാം മതം കണിശമായി ആവശ്യപ്പെടുന്നു. ശൌച്യം ചെയ്യല്‍ ശുദ്ധപ്രകൃതി ചര്യകളില്‍ പെട്ടതാണ്.
വെള്ളം ലഭ്യമായ അവസരത്തില്‍ വെള്ളം കൊണ്ടാണ് ശൌച്യം ചെയ്യേണ്ടത്. അതേപോലെ ഇടത് കൈ ഉപയോഗിച്ചാണ് അത് നി൪വ്വഹിക്കേണ്ടത്.
عَنْ أَبِي هُرَيْرَةَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا أَتَى الْخَلاَءَ أَتَيْتُهُ بِمَاءٍ فِي تَوْرٍ أَوْ رَكْوَةٍ فَاسْتَنْجَى
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:നബി ﷺ കക്കൂസിലേക്ക് പോയപ്പോള്‍ , ഞാന്‍ നബിക്ക് ഒരു ചെറുപാത്രത്തിലോ തോല്‍സഞ്ചിയിലോ വെള്ളം കൊണ്ടുവരികയും, അവിടുന്ന് വെള്ളം ശുദ്ധീകരണത്തിനായി ഉപയോഗിക്കുകയും ചെയ്തു ….. (അബൂദാവൂദ്:45 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ عَائِشَةَ، قَالَتْ كَانَتْ يَدُ رَسُولِ اللَّهِ صلى الله عليه وسلم الْيُمْنَى لِطُهُورِهِ وَطَعَامِهِ وَكَانَتْ يَدُهُ الْيُسْرَى لِخَلاَئِهِ وَمَا كَانَ مِنْ أَذًى .
ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ പറഞ്ഞു: അല്ലാഹുവിന്റെ റസൂലിന്റെ(സ) വലതു കൈ തന്റെ വുളുവിനും ആഹാരത്തിനും ആയിരുന്നു. ഇടതു കൈ, വിസര്‍ജ്ജനത്തിന് ശേഷം ശുദ്ധീകരിക്കുന്നതിനും വൃത്തിഹീനമായ സാധനങ്ങള്‍ നീക്കം ചെയ്യുന്നതിനും ആയിരുന്നു. (അബൂദാവൂദ് : 33 – സ്വഹീഹ് അല്‍ബാനി)
മുസ്ലിമിലെ ഹദീസില്‍ (നമ്പ൪:261) അവസാനമായി ശുദ്ധപ്രകൃതി ചര്യകളില്‍ പെട്ടതാണെന്ന് സൂചിപ്പിച്ചിട്ടുള്ളത് വായ കഴുകലിനെ കറിച്ചാണ്. വായ എപ്പോഴും വൃത്തിയായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈ ഹദീസില്‍ നിന്നും വ്യക്തമാണ്.
عَنْ عَائِشَةَ، قَالَتْ كَانَ النَّبِيُّ صلى الله عليه وسلم يُعْجِبُهُ التَّيَمُّنُ فِي تَنَعُّلِهِ وَتَرَجُّلِهِ وَطُهُورِهِ وَفِي شَأْنِهِ كُلِّهِ.
ആയിശയില്‍(റ) നിന്നും നിവേദനം: കാലില്‍ ചെരിപ്പ് ധരിക്കുക, മുടി ചീകുക, ശുദ്ധീകരണം വരുത്തുക എന്നുവേണ്ട തന്റെ എല്ലാ കാര്യങ്ങളും വലതുഭാഗം കൊണ്ട് തുടങ്ങുന്നതിനെ നബി ﷺ ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി:168)
സത്യവിശ്വാസികളെ, ചില ചര്യകള്‍ പ്രവാചകന്മാരുടെ ചര്യകളായി നബി ﷺ നമുക്ക് പഠിപ്പിച്ചതില്‍ നിന്നുതന്നെ അവയുടെ പ്രാധാന്യം വ്യക്തമാണ്. അവയെല്ലാം നാം കൃത്യമായി പാലിക്കുമ്പോള്‍ നാം ശുദ്ധി കൈവരിക്കുകയാണ് ചെയ്യുന്നത്.
عَنْ أَبِي مَالِكٍ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الطُّهُورُ شَطْرُ الإِيمَانِ
അബൂമാലിക്കില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശുദ്ധി, വിശ്വാസത്തിന്റെ നേര്‍പകുതിയാകുന്നു. (മുസ്ലിം:223)
ﺇِﻥَّ ٱﻟﻠَّﻪَ ﻳُﺤِﺐُّ ٱﻟﺘَّﻮَّٰﺑِﻴﻦَ ﻭَﻳُﺤِﺐُّ ٱﻟْﻤُﺘَﻄَﻬِّﺮِﻳﻦَ
തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. അവന്‍ ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു. (ഖു൪ആന്‍:2/222)