അല്ലാഹു പറയുന്നു:
وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ﴿٨٥﴾
ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനിൽ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തിൽ അവൻ നഷ്ടക്കാരിൽ പെട്ടവനുമായിരിക്കും. (വി.ക്വു. ആലു ഇംറാൻ: 85)
إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ ۗ
തീർച്ചയായും അല്ലാഹുവിങ്കൽ മതം എന്നാൽ ഇസ്ലാമാകുന്നു… (വി.ക്വു. ആലു ഇംറാൻ: 19)
وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ ﴿١٥٣﴾
നിശ്ചയം, ഇതത്രെ എന്റെ നേരായപാത. നിങ്ങൾ അത് പിന്തുടരുക. മറ്റുമാർഗ്ഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗ്ഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ചുകളയും. നിങ്ങൾ സൂക്ഷ്മത പാലിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണത്. (വി.ക്വു. അൽ അൻആം: 153)
ഇമാം മുജാഹിദ് പറഞ്ഞു: “ആയത്തിൽ പരാമർശിച്ച ‘സുബുൽ'(മാർഗ്ഗങ്ങൾ) കൊണ്ടുള്ള ഉദ്ദേശം ബിദ്അത്തുകളും സന്ദേഹങ്ങളുമാകുന്നു”
ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്നും നിവേദനം: അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ
“വല്ലവനും, നമ്മുടെ ഈ (മത)കാര്യത്തിൽ അതിലില്ലാത്തത് പുതുതായി ഉണ്ടാക്കിയാൽ അത് (അവനടക്കം) തള്ളപ്പെടേണ്ടതാണ്”
മറ്റൊരു റിപ്പോർട്ടിൽ:
مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
“വല്ലവനും, നമ്മുടെ കൽപ്പനയില്ലാത്ത ഒരു കാര്യം പ്രവൃത്തിച്ചാൽ ആ കാര്യം (അവനടക്കം) തള്ളപ്പെടേണ്ടതാണ്”
അബൂഹുറയ്റ رَضِيَ اللَّهُ عَنْه യിൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلَّا مَنْ أَبَى قَالُوا يَا رَسُولَ اللَّهِ وَمَنْ يَأْبَى قَالَ مَنْ أَطَاعَنِي دَخَلَ الْجَنَّةَ وَمَنْ عَصَانِي فَقَدْ أَبَى
“എന്റെ സമുദായം മുഴുവനും സ്വർഗ്ഗത്തിൽ പ്രവേശിക്കും. വിസമ്മതിച്ചവർ ഒഴികെ. അവർ ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതരേ, ആരാണ് വിസമ്മതിച്ചവർ? അദ്ദേഹം പറഞ്ഞു: ആര് എന്നെ അനുസരിച്ചുവോ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. ആര് എന്നെ ധിക്കരിച്ചുവോ അവൻ വിസ്സമതിച്ചു, തീർച്ച”
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْه നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
أَبْغَضُ النَّاسِ إِلَى اللَّهِ ثَلَاثَةٌ: مُلْحِدٌ فِي الْحَرَمِ ، وَمُبْتَغٍ فِي الْإِسْلَامِ سُنَّةَ الْجَاهِلِيَّةِ ، وَمُطَّلِبُ دَمِ امْرِئٍ بِغَيْرِ حَقٍّ لِيُهَرِيقَ دَمَهُ
“അല്ലാഹുവിലേക്ക് ജനങ്ങളിൽ ഏറ്റവും വെറുക്കപ്പെട്ടവർ മൂന്നുകൂട്ടർ ആകുന്നു: ഹറമിൽ തെറ്റുപ്രവർത്തിക്കുന്നവർ, ഇസ്ലാമിൽ ജാഹിലിയ്യാ കർമ്മങ്ങൾ കൊതിക്കുന്നവർ, ഒരു മുസ്ലിമിന്റെ രക്തം അന്യായമായി ചിന്തുന്നതിനുവേണ്ടി അത് തേടിനടക്കുന്നവൻ”
ശൈഖുൽ ഇസ്ലാം ഇബ്നു തയ്മിയ്യഃ പറഞ്ഞു: “ഈ വചനത്തിൽ പ്രവാചകൻ ﷺ പറഞ്ഞ, ‘സുന്നത്തുൽ ജാ ഹിലിയ്യഃ’ (ജാഹിലിയ്യാ ചര്യകൾ) എന്നതിൽ മൊത്തത്തിൽ എല്ലാ അജ്ഞാതകാല ചര്യകളും ഉൾപ്പെടും. വേദക്കാരുമായോ, വിഗ്രഹാരാധകരുമായോ, അല്ലെങ്കിൽ മറ്റു വല്ലതുമായോ ബന്ധപ്പെട്ട എല്ലാ ചര്യകളും ഈ പറഞ്ഞതിന്റെ കീഴിൽ വരും; പൂർവ്വകാല പ്രവാചകന്മാർ കൊണ്ടുവന്ന ആദർശങ്ങൾക്ക് അവ വ്യത്യസ്തമായാൽ.”
ഹുദൈഫ رَضِيَ اللَّهُ عَنْه പറഞ്ഞു:
يَا مَعْشَرَ الْقُرَّاءِ اسْتَقِيمُوا فَقَدْ سَبَقْتُمْ سَبْقًا بَعِيدًا فَإِنْ أَخَذْتُمْ يَمِينًا وَشِمَالًا لَقَدْ ضَلَلْتُمْ ضَلَالًا بَعِيدًا
“പണ്ഡിത വിദ്യാർത്ഥി സമൂഹമേ, നിങ്ങൾ ഇസ്ലാമിക മാർഗ്ഗത്തിൽ നേരെ ചലിക്കണം. എങ്കിൽ നിങ്ങൾ നന്മയിൽ വിദൂരത്തേക്ക് മുന്നേറി. നിങ്ങൾ സന്മാർഗ്ഗത്തിൽ നിന്ന് ഇടവും വലവും (മാർഗ്ഗങ്ങൾ) സ്വീകരിച്ചാൽ നിങ്ങൾ അങ്ങേയറ്റം വഴിതെറ്റി.”
ഇബ്നു വദ്ദ്വാഹിന്റെ റിപ്പോർട്ടിൽ “അദ്ദേഹം പള്ളിയിൽ പ്രവേശിച്ച് വിജ്ഞാന സദസ്സുകൾക്കരികിൽ നിന്നുകൊണ്ടായിരുന്നു ഇത് പറഞ്ഞിരുന്നത്”എന്നാണുള്ളത്.
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْه പറഞ്ഞു:
ليس عام إلا والذي بعده شر منه ، لا أقول عام أمطر من عام ، ولا عام أخصب من عام ، ولا أمير خير من أمير ، لكن ذهاب علمائكم وخياركم ثم يحدث أقوام يقيسون الأمور بآرائهم فيهدم الإسلام ويثلم
“ഒരു വർഷവുമില്ല, അതിന് ശേഷമുള്ളത് മുമ്പത്തതിനേക്കാൾ തിന്മയുള്ളത് ആകാതെ. എന്നുപറഞ്ഞാൽ, ഒരു വർഷത്തേതിനേക്കാൾ മറ്റൊരു വർഷം മഴകൂടിയതാവുക, ഒരു വർഷത്തേതിനേക്കാൾ മറ്റൊരു വർഷം ഫലഭൂയിഷ്ഠമായതാവുക, ഒരു അമീറിനേക്കാൾ മറ്റൊരു അമീർ നല്ലവനാകുക എന്നൊന്നുമല്ല. പ്രത്യുത, നിങ്ങളുടെ ഉലമാക്കളും, ഉത്കൃഷ്ടരും, മരണം വരിച്ച് യാത്രയാവുകയും, ഒരു വിഭാഗം തങ്ങളുടെ അഭിപ്രായങ്ങൾക്കൊത്ത് കാര്യങ്ങൾ താരതമ്യം ചെയ്യുന്നവരായി പിറകൊള്ളും എന്നതാണ്. അതോടെ അത്തരക്കാർ ഇസ്ലാമിനെ തകർക്കും. ഇസ്ലാം വികൃതമാവുകയും ചെയ്യും.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല