മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യൻ

THADHKIRAH

മനുഷ്യന്റെ ഉൽപത്തിയെ – ആദം നബി عليه السلام യുടെ സൃഷ്‌ടിയെ  കുറിച്ച്‌ – പ്രസ്‌താവിക്കുമ്പോൾ അഥവാ മനുഷ്യൻ മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതാണെന്ന് പറയുമ്പോൾ വിശുദ്ധ ഖുര്‍ആൻ പ്രസ്തുത മണ്ണിനെ കുറിച്ച് വ്യത്യസ്തങ്ങളായ വാക്കുകൾ പ്രയോഗിച്ചതായി കാണാം.

 (1) تُرَابٍ (മണ്ണ്)

وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَكُم مِّن تُرَابٍ ثُمَّ إِذَآ أَنتُم بَشَرٌ تَنتَشِرُونَ

നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. (ഖുര്‍ആൻ:30/20)

{وَمِنْ آيَاتِهِ أَنْ خَلَقَكُمْ مِنْ تُرَابٍ} وذلك بخلق أصل النسل آدم عليه السلام

{നിങ്ങളെ അവൻ മണ്ണിൽനിന്നും സൃഷ്ടിച്ചു} ഇത് മനുഷ്യരാശിയുടെ ഉത്ഭവത്തെ സൂചിപ്പിക്കുന്നു. അതായത് ആദം عليه السلام യിൽ നിന്നുള്ള പരമ്പരയെ. (തഫ്സീറുസ്സഅ്ദി)

അല്ലാഹു പറഞ്ഞതുപോലെ:

إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ ۖ خَلَقَهُۥ مِن تُرَابٍ ثُمَّ قَالَ لَهُۥ كُن فَيَكُونُ

അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു. (ഖുര്‍ആൻ:3/59)

(2) طِينٍ (കളിമണ്ണ്)

إِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقُۢ بَشَرًا مِّن طِينٍ

നിന്‍റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌. (ഖുര്‍ആൻ:38/71)

{إِنِّي خَالِقٌ بَشَرًا مِنْ طِينٍ} أي: مادته من طين.

{തീർച്ചയായും ഞാൻ കളിമണ്ണിൽനിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാൻ പോകുകയാണ്} അവന്റെ നിർമാണ പദാർഥം കളിമണ്ണായിരിക്കും. (തഫ്സീറുസ്സഅ്ദി)

وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن سُلَٰلَةٍ مِّن طِينٍ

തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. (ഖുര്‍ആൻ:23/12)

കുഴഞ്ഞമാവ് പോലെയുള്ള കളിമണ്ണില്‍ നിന്നുള്ള ഏതോ ഒരു തരം സത്തില്‍ നിന്ന് ആദം عليه السلام സൃഷ്ടിക്കപ്പെട്ടു. ഇതാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ ഉത്ഭവം. (അമാനി തഫ്സീര്‍)

إِنَّا خَلَقْنَٰهُم مِّن طِينٍ لَّازِبِۭ

തീര്‍ച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത് പശിമയുള്ള കളിമണ്ണില്‍ നിന്നാകുന്നു. (ഖുര്‍ആൻ:37/11)

(3) حَمَإٍ مَّسْنُونٍ (കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ കളിമണ്ണ്)

وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن صَلْصَٰلٍ مِّنْ حَمَإٍ مَّسْنُونٍ

കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. (ഖുര്‍ആൻ:15/26)

الحمأ المسنون: الطين المتغير لونه وريحه من طول مكثه.

കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ കളിമണ്ണ്: നിറത്തിലും ഗന്ധത്തിലും മാറ്റം വന്നതും വളരെക്കാലമായി അങ്ങനെ തന്നെ കിടക്കുന്നതുമായ ചെളി. (തഫ്സീറുസ്സഅ്ദി)

ചെളിമണ്ണു – അഥവാ കളിമണ്ണു – എന്നത്രെ حَمَإ ന്റെ അര്‍ത്ഥം. مَّسْنُونٍ എന്ന വാക്കിന് പഴക്കം ചെന്നു മണത്തില്‍ വ്യത്യാസം വന്ന മണ്ണ് എന്നും, പശിമയുള്ള കുഴഞ്ഞമണ്ണ് എന്നും, പശിമ പിടിച്ച് കറുപ്പ് നിറം പൂണ്ട മണ്ണ് എന്നും, മൂശ പിടിച്ചു രൂപപ്പെടുത്തി പാകപ്പെടുത്തപ്പെട്ട മണ്ണ് എന്നുമൊക്കെ അര്‍ത്ഥം നല്‍കപ്പെട്ടു കാണുന്നു. (അമാനി തഫ്സീര്‍)

 (4) صَلْصَٰلٍ كَٱلْفَخَّارِ (കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന ഉണങ്ങിയ കളിമണ്ണ്)

خَلَقَ ٱلْإِنسَٰنَ مِن صَلْصَٰلٍ كَٱلْفَخَّارِ

കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു. (ഖുര്‍ആൻ:55/14)

{مِنْ صَلْصَالٍ كَالْفَخَّارِ} أي: من طين مبلول، قد أحكم بله وأتقن، حتى جف، فصار له صلصلة وصوت يشبه صوت الفخار الذي طبخ على النار .

{കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന കളിമണ്ണില്‍നിന്ന്} അതായത്: നനഞ്ഞ മണ്ണില്‍നിന്ന്. അത് ഉറപ്പുള്ളതും ദൃഢവുമാണ്. അത് ഉണ്ടാക്കിക്കഴിഞ്ഞാല്‍ അതിനൊരു പ്രത്യേക ശബ്ദമുണ്ടാകും; കലത്തിന്‍റെ ശബ്ദം പോലെ. വേവിച്ചെടുത്ത മണ്ണാണത്. (തഫ്സീറുസ്സഅ്ദി)

ചൂളവെച്ചു വേവിച്ചെടുത്ത ഇഷ്ടിക, കലം മുതലായവപോലെ, മുട്ടിയാല്‍ ചിലപ്പുണ്ടാകുന്നതും, നനവിന്റെ അംശമില്ലാത്തതുമായ കളിമണ്ണില്‍നിന്നു മനുഷ്യനെ സൃഷ്ടിച്ചുവെന്നാണ് ഈ വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചത്. (അമാനി തഫ്സീര്‍)

വാസ്തവത്തില്‍ ഇതൊന്നും വിഭിന്നങ്ങളായ അര്‍ത്ഥങ്ങളല്ല. മണ്‍പാത്രങ്ങളും മറ്റും ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന മണ്ണിന് ഈ ഗുണങ്ങളെല്ലാം ഉണ്ടായിരുന്നതുപോലെ, പ്രസ്തുത ഗുണങ്ങളാല്‍ മിശ്രമായ കളി മണ്ണുകൊണ്ട് രൂപപ്പെടുത്തുകയും, പിന്നീട് ചൂളവെക്കപ്പെട്ട മണ്ണ് പോലെ മുട്ടിയാല്‍ ചിലപ്പ്‌ വരത്തക്കവണ്ണം ഉണങ്ങുകയും ചെയ്ത മണ്ണ് കൊണ്ടുള്ള മൂശയില്‍ നിന്നാണ് അല്ലാഹു മനുഷ്യനെ സൃഷ്‌ടിച്ചതെന്ന് മൊത്തത്തില്‍ മനസ്സിലാക്കാം. (അമാനി തഫ്സീര്‍:15/26)

മനുഷ്യന്റെ ഉൽപത്തിയെ – അഥവാ ആദം നബി عليه السلام യുടെ സൃഷ്‌ടിയെ – കുറിച്ച്‌ പ്രസ്‌താവിക്കുമ്പോൾ മൂന്നുനാല് വാക്കുകൾ അല്ലാഹു ഉപയോഗിച്ചു കാണാം:

1) مِن تُرَابٍ (മണ്ണിൽനിന്ന്) എന്നും,
2) مِّن طِينٍ (കളിമണ്ണിൽനിന്ന്) എന്നും,
3) حَمَإٍ مَّسْنُونٍ (കറുപ്പ് നിറം വരുകയും മണത്തിൽ വിത്യാസം സംഭവിക്കുകയും ചെയ്‌തിട്ടുള്ള കുഴഞ്ഞു പാകപ്പെട്ട കളിമണ്ണ്) എന്നും,
4) صَلْصَالٍ كَالْفَخَّارِ (ചൂള വെക്കപ്പെട്ടിട്ടുള്ള ഇഷ്‌ടികപോലെ തട്ടിയാൽ ‘ചലപല’ ശബ്‌ദമുണ്ടാകുന്ന ഉണങ്ങിയ കളിമണ്ണ്) എന്നും.

ഇവയിൽ ഒന്നാമത്തെ വാക്ക് മനുഷ്യന്റെ ഉത്ഭവസ്ഥാനം സാമാന്യമായി ചൂണ്ടിക്കാട്ടുന്നു. ഒരു പാത്രമോ മറ്റോ ഉണ്ടാക്കുവാനുദ്ദേശിക്കുമ്പോൾ, ആദ്യം മണ്ണിൽനിന്ന് അതിനു പറ്റിയ തരം കളിമണ്ണ് തിരഞ്ഞെടുക്കപ്പെടുമല്ലോ. പിന്നീടത് കുഴച്ചും മറ്റും പാകപ്പെടുത്തി മൂശയിൽവെച്ച് രൂപം നൽകി ഉണങ്ങിയശേഷം ചൂളക്കുവെക്കുകയും ചെയ്യുന്നു. ഇതുപോലെ, ഏതോ ചില പരിവർത്തനഘട്ടങ്ങളെ കുറിക്കുന്നതാണ് ഈ വാക്കുകൾ എന്ന് മൊത്തത്തിൽ മനസ്സിലാക്കാം. ചില ഹദീഥുകളും ഇതിന് പിൻബലമായുണ്ട്. പക്ഷേ, ഓരോ ദശയേയും സംബന്ധിച്ച സൂക്ഷ്‌മമോ വിശദമോ ആയ വിവരണങ്ങളൊന്നും നൽകുവാൻ നമുക്ക് സാധ്യമല്ല. അതേ സമയത്ത് പരിണാമ വാദങ്ങൾ പോലെയുള്ള ഭൗതിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽമാത്രം മനുഷ്യൻ്റെ ഉൽപത്തിയെക്കുറിച്ച് വിധി കൽപിക്കുവാനും, ആ വിധിക്ക് അനുകൂലമല്ലെന്ന് കാണുന്ന പ്രമാണങ്ങളെ കേവലം ഉപമകളും അലങ്കാരങ്ങളുമാക്കി അവഗണിക്കുവാനും നമുക്ക്‌ നിവൃത്തിയില്ല. (അമാനി തഫ്സീ൪ :38/71)

وهذا يدل على شرف عنصر الآدمي المخلوق من الطين والتراب، الذي هو محل الرزانة والثقل والمنافع،

മണ്ണില്‍നിന്നും കളിമണ്ണില്‍നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യവര്‍ഗത്തിന്‍റെ ശ്രേഷ്ഠതയെയാണിത് അറിയിക്കുന്നത്. മണ്ണ് വിവേകത്തിന്‍റെയും മഹത്ത്വത്തിന്‍റെയും പ്രയോജനത്തിന്‍റെയും സ്ഥാനമാണ്. (തഫ്സീറുസ്സഅ്ദി)

Leave a Reply

Your email address will not be published.

Similar Posts