സ്വർഗ്ഗം ഉന്നതങ്ങളിലായുള്ള പദവികളും ദറജഃകളുമാണ്. തങ്ങളുടെ സ്ഥാനമാനങ്ങൾക്കനുസരിച്ച് സർഗ്ഗവാസികൾ അവയിൽ ഇടം കണ്ടെത്തുന്നതുമാണ്. അല്ലാഹു പറഞ്ഞു:
وَمَن يَأْتِهِ مُؤْمِنًا قَدْ عَمِلَ الصَّالِحَاتِ فَأُولَٰئِكَ لَهُمُ الدَّرَجَاتُ الْعُلَىٰ ﴿٧٥﴾
സത്യവിശ്വാസിയായിക്കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചിട്ടാണ് വല്ലവനും അവന്റെയടുത്ത് ചെല്ലുന്നതെങ്കിൽ അത്തരക്കാർക്കുള്ളതാകുന്നു ഉന്നതമായ പദവികൾ. (വി. ക്വു. താഹാ: 75)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
إِنَّ فِى الْجَنَّةِ مِائَةَ دَرَجَةٍ أَعَدَّهَا اللَّهُ لِلْمُجَاهِدِينَ فِى سَبِيلِهِ ، كُلُّ دَرَجَتَيْنِ مَا بَيْنَهُمَا كَمَا بَيْنَ السَّمَاءِ وَالأَرْضِ، فَإِذَا سَأَلْتُمُ اللَّهَ فَسَلُوهُ الْفِرْدَوْسَ، فَإِنَّهُ أَوْسَطُ الْجَنَّةِ وَأَعْلَى الْجَنَّةِ، وَفَوْقَهُ عَرْشُ الرَّحْمَنِ، وَمِنْهُ تَفَجَّرُ أَنْهَارُ الْجَنَّةِ
“നിശ്ചയം സ്വർഗ്ഗത്തിന് നൂറ് പദവികളുണ്ട്. അല്ലാഹു അവയെല്ലാം അവന്റെ മാർഗ്ഗത്തിലുള്ള മുജാഹിദീങ്ങൾക്ക് ഒരുക്കിവെച്ചതാകുന്നു. ഓരോ ഇരുപദവികൾക്കിടയിലും ആകാശഭൂമികൾക്കിടയി ലുള്ളത്ര ദൂരമുണ്ട്. നിങ്ങൾ അല്ലാഹുവോട് തേടിയാൽ ഫിർദൗസ് തേടുക. കാരണം അത് സ്വർഗ്ഗത്തിന്റെ മദ്ധ്യവും സ്വർഗ്ഗത്തിന്റെ അത്യുന്നതവുമാകുന്നു. അതിന് മുകളിലാകുന്നു റഹ്മാനായ അല്ലാഹുവിന്റെ അർശ്. അതിൽനിന്നാകുന്നു സ്വർഗ്ഗീയ നദികൾ പൊട്ടിയൊഴുകുന്നത്”. (ബുഖാരി)
സ്വർഗ്ഗീയ പദവികളുടെ അത്യുന്നതിയിൽ അൽവസീലഃ
സ്വർഗ്ഗത്തിൽ അത്യുന്നതമായ ദറജഃ അൽവസീലഃയാണ്. അല്ലാഹുവിന്റെ വേണ്ടുകയാൽ ആ ഉന്നത പദവി നേടുന്നത് ഒരു വ്യക്തി മാത്രമായിരിക്കും. നമ്മുടെ പ്രവാചകൻ മുഹമ്മദ് ﷺ ആയിരിക്കും ആ അനുഗ്രഹീത വ്യക്തിത്വം. സ്വഹാബികൾ നബി ﷺ യോട് ചോദിച്ചു:
وَمَا الْوَسِيلَةُ قَالَ ﷺ أَعْلَى دَرَجَةٍ فِى الْجَنَّةِ لاَ يَنَالُهَا إِلاَّ رَجُلٌ وَاحِدٌ وَأَرْجُو أَنْ أَكُونَ أَنَا هُوَ
എന്താണ് വസീലഃ? തിരുനബി ﷺ പറഞ്ഞു: “സ്വർഗ്ഗത്തിലെ ഉന്നത പദവിയാണ്. ഒരു വ്യക്തി മാത്രമാണ് അത് നേടുക. ആവ്യക്തി ഞാനാകുവാൻ ഞാൻ ആശിക്കുന്നു”
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
الْوَسِيلَةُ دَرَجَةٌ عِنْدَ اللهِ لَيْسَ فَوْقَهَا دَرَجَةٌ ، فَسَلُوا اللَّهَ أَنْ يُؤْتِيَنِي الْوَسِيلَةَ.
“അൽവസീലഃ അല്ലാഹുവിന്റെയടുക്കൽ ഒരു പദവിയാണ്. അതിന്റെ മുകളിൽ യാതൊരു പദവിയുമില്ല. അതിനാൽ ആ വസീലഃയെ എനിക്ക് നൽകുന്നതിനുവേണ്ടി നിങ്ങൾ അല്ലാഹുവോട് തേടുക”.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا سَمِعْتُمُ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ ثُمَّ صَلُّوا عَلَىَّ فَإِنَّهُ مَنْ صَلَّى عَلَىَّ صَلاَةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا ثُمَّ سَلُوا اللَّهَ لِىَ الْوَسِيلَةَ فَإِنَّهَا مَنْزِلَةٌ فِى الْجَنَّةِ لاَ تَنْبَغِى إِلاَّ لِعَبْدٍ مِنْ عِبَادِ اللَّهِ وَأَرْجُو أَنْ أَكُونَ أَنَا هُوَ فَمَنْ سَأَلَ لِىَ الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ
“നിങ്ങൾ മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നത്) കേട്ടാൽ, അയാൾ പറയുന്നതുപോലെ നിങ്ങളും പറയുക. ശേഷം നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക. കാരണം, വല്ലവനും എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അതുകൊണ്ട് അല്ലാഹു അവന് പത്ത് കാരുണ്യങ്ങളെ വർഷിക്കും. ശേഷം നിങ്ങൾ അല്ലാഹുവോട് എനിക്കുവേണ്ടി വസീലഃയെ തേടുക. കാരണം അത് സ്വർഗ്ഗത്തിലെ ഒരു പദവിയാണ്. അല്ലാഹുവിന്റെ ദാസന്മാരിൽ ഒരു ദാസനുമാത്രമാണ് അത് ചേരുക. ആ വ്യക്തി ഞാനാകുവാൻ ഞാൻ ആശിക്കുന്നു. വല്ലവനും എനിക്കുവേണ്ടി വസീലഃയെ തേടിയാൽ അവന് ശഫാഅത്ത് ലഭിക്കുന്നതാണ്.” (മുസ്ലിം)
സ്വർഗ്ഗീയ ഉന്നതങ്ങളിൽ തിരുനബിയുടെ കൂടെ
നബി ﷺ യോടൊപ്പം സ്വർഗ്ഗത്തോപ്പിലേക്ക് മുൻകടക്കുവാനും സ്വർഗ്ഗീയ ഉന്നതങ്ങളിൽ ഇടം കാണുവാനും അല്ലാഹു അനുഗ്രഹിക്കുന്ന ചിലരെ കുറിച്ച് തെളിവുകൾ വന്നിരിക്കുന്നു.
റബീഅഃ ഇബ്നു കഅ്ബ് അൽഅസ്ലമി رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം: അദ്ദേഹം പ്രവാചകനോ ﷺ ട് പറഞ്ഞു:
أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ. قَالَ ﷺ: أَوْ غَيْرَ ذٰلِكَ؟ قُلْتُ: هُوَ ذَاكَ. قَالَ: ട്ടفَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ
“താങ്കളോട് ഞാൻ സ്വർഗ്ഗത്തിലെ താങ്കളുടെ സൗഹൃദവാസം ചോദിക്കുന്നു. പ്രവാചകൻ ﷺ പറഞ്ഞു: അതല്ലാത്ത വല്ലതുമുണ്ടോ? അദ്ദേഹം പറഞ്ഞു: അതാണ് വേണ്ടത്. പ്രവാചകൻ ﷺ പറഞ്ഞു: താങ്കൾ കൂടുതൽ സുജൂദ് ചെയ്ത് എന്നെ സഹായിക്കുക”. (മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أنَا وَكَافِلُ اليَتِيمِ في الْجَنَّةِ كَهَاتَيْنِ، وأَشاَرَ بإِصْبعَيْهِ يَعْنِي السَّبَّابَةَ وَالوُسْطَي وفرَّجَ بينهُمَا
“ഞാനും അനാഥകളെ സംരക്ഷിക്കുന്നവനും സ്വർഗ്ഗത്തിൽ ഇപ്ര കാരമായിരിക്കും. അദ്ദേഹം തന്റെ ചൂണ്ടുവിരലും മദ്ധ്യവിരലും ചൂണ്ടുകയും അവക്കിടയിൽ വേർപ്പെടുത്തുകയും ചെയ്തു”. (ബുഖാരി)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ عَالَ جَارِيَتَيْنِ حَتَّىٰ تَبْلُغَا، جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ وَضَمَّ أَصَابِعَهُ.
“ഒരാൾ രണ്ട് പെൺമക്കളെ പ്രായപൂർത്തിയാകുന്നതുവരെ ചിലവുനൽകി പോറ്റിവളർത്തിയാൽ അയാളും ഞാനും അന്ത്യനാളിൽ വരും. പ്രവാചകൻ തന്റെ വിരലുകൾ ചേർത്തുവെച്ചു” (മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَن عالَ جاريَتَيْن، دخلتُ أنا وهو الجنَّة كهاتين ، وأشار بأصبُعَيْهِ
“ഒരാൾ രണ്ട് പെൺമക്കളെ ചിലവുനൽകി പോറ്റിവളർത്തിയാൽ അയാളും ഞാനും ഈ രണ്ട്(വിരലുകൾപോലെ) സ്വർഗ്ഗത്തിൽ പ്രവേശിക്കും. തിരുമേനി ﷺ തന്റെ രണ്ട് വിരലുകൾകൊണ്ട് സൂചിപ്പിച്ചു”
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
من عال ابنتين أو أختين أو ثلاثا، أو أختين أو ثلاثا، حتى يبن ، أو يموت عنهن ، كنت أنا وهو في الجنة كهاتين وأشار بأصبعه الوسطى والتي تليها
“ഒരാൾ രണ്ട് പെൺമക്കളെ അല്ലെങ്കിൽ മൂന്ന് പെൺമക്കളെ, രണ്ട് സഹോദരിമാരെ അല്ലെങ്കിൽ മൂന്ന് സഹോദരിമാരെ വിവാഹം കഴിക്കുന്നതുവരെ അല്ലെങ്കിൽ അവരിൽനിന്ന് മരിച്ച് പോകുന്നതുവരെ ചിലവുനൽകി പോറ്റിവളർത്തിയാൽ അയാളും ഞാനും സ്വർഗ്ഗത്തിൽ ഇവരണ്ടും പേലെയായിരിക്കും. തിരുമേനി ﷺ തന്റെ മദ്ധ്യവിരൽകൊണ്ടും അതിനുതൊട്ടുള്ള വിരലുകൊണ്ടും സൂചിപ്പിച്ചു”.
സ്വർഗ്ഗത്തിൽ ഉയർന്ന പദവിയും താഴ്ന്നപദവിയും
സ്വർഗ്ഗത്തിൽ ഏറ്റവും ഉയർന്ന പദവിയിലും ഏറ്റവും താ ഴ്ന്ന പദവിയിലും ഒരുക്കപ്പെട്ട അനുഗ്രഹങ്ങളെ അറിയിക്കുന്ന ഒരു ഹദീഥ് അൽമുഗീറത്തുബ്നു ശുഅ്ബ رَضِيَ اللَّهُ عَنْهُ യിൽനിന്ന് ഇപ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
سَأَلَ مُوسَى رَبَّهُ مَا أَدْنَى أَهْلِ الْجَنَّةِ مَنْزِلَةً قَالَ هُوَ رَجُلٌ يَجِىءُ بَعْدَ مَا أُدْخِلَ أَهْلُ الْجَنَّةِ الْجَنَّةَ فَيُقَالُ لَهُ ادْخُلِ الْجَنَّةَ. فَيَقُولُ أَىْ رَبِّ كَيْفَ وَقَدْ نَزَلَ النَّاسُ مَنَازِلَهُمْ وَأَخَذُوا أَخَذَاتِهِمْ فَيُقَالُ لَهُ أَتَرْضَى أَنْ يَكُونَ لَكَ مِثْلُ مُلْكِ مَلِكٍ مِنْ مُلُوكِ الدُّنْيَا فَيَقُولُ رَضِيتُ رَبِّ. فَيَقُولُ لَكَ ذَلِكَ وَمِثْلُهُ وَمِثْلُهُ وَمِثْلُهُ وَمِثْلُهُ. فَقَالَ فِى الْخَامِسَةِ رَضِيتُ رَبِّ. فَيَقُولُ هَذَا لَكَ وَعَشَرَةُ أَمْثَالِهِ وَلَكَ مَا اشْتَهَتْ نَفْسُكَ وَلَذَّتْ عَيْنُكَ. فَيَقُولُ رَضِيتُ رَبِّ. قَالَ رَبِّ فَأَعْلاَهُمْ مَنْزِلَةً قَالَ أُولَئِكَ الَّذِينَ أَرَدْتُ غَرَسْتُ كَرَامَتَهُمْ بِيَدِى وَخَتَمْتُ عَلَيْهَا فَلَمْ تَرَ عَيْنٌ وَلَمْ تَسْمَعْ أُذُنٌ وَلَمْ يَخْطُرْ عَلَى قَلْبِ بَشَرٍ. قَالَ وَمِصْدَاقُهُ فِى كِتَابِ اللَّهِ عَزَّ وَجَلَّ (فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ)
“മൂസാ (അ) തന്റെ രക്ഷിതാവിനോട് ചോദിച്ചു: സ്വർഗ്ഗവാസികളിൽ ഏറ്റവും താഴ്ന്ന പദവി എന്താണ്? അല്ലാഹു പറഞ്ഞു: (സ്വർഗ്ഗാർഹർ സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെട്ടാൽ ഒരാൾ വരും. അയാളോട് അപ്പോൾ പറയപ്പെടും: “താങ്കൾ സ്വർഗ്ഗത്തിൽ പ്രവേശിക്കു ക.” അയാൾ പറയും: രക്ഷിതാവേ, ജനങ്ങളെല്ലാം അവരുടെ സ്ഥാനങ്ങളിൽ ചെന്നിറങ്ങുകയും അവർക്കെടുക്കുവാനുള്ളതെല്ലാം എടുക്കുകയും ചെയ്തിരിക്കെ എങ്ങിനെയാണ്? അയാളോട് അപ്പോൾ പറയപ്പെടും: ഭൗതിക ലോകത്തെ രാജാക്കന്മാരിൽ ഒരു രാജാവിന്റെ ഉടമസ്ഥതയിലുള്ളത്ര നിനക്കുണ്ടായാൽ നീ തൃപ്തി പ്പെടുമോ? അയാൾ പറയും: രക്ഷിതാവേ, ഞാൻ തൃപ്തിപ്പെട്ടു. അപ്പോൾ അല്ലാഹു പറയും: നിനക്ക് അതും അതിന്റെ അത്രയും അതിന്റെ അത്രയും അതിന്റെ അത്രയും അതിന്റെ അത്ര യും ഉണ്ട്. അഞ്ചാമത് പറയുമ്പോൾ അയാൾ പറയും: രക്ഷിതാവേ, ഞാൻ തൃപ്തിപ്പെട്ടു. അപ്പോൾ അല്ലാഹു പറയും: നിനക്ക് അതും അതിന്റെ പതിന്മടങ്ങുമുണ്ട്. നിന്റെ മനസ്സ് ഇച്ഛിച്ചതും കണ്ണിന് ആനന്ദകരമായതും നിനക്കുണ്ട്. അയാൾ പറയും: രക്ഷിതാവേ, ഞാൻ തൃപ്തിപ്പെട്ടു. മൂസാ (അ) ചോദിച്ചു: രക്ഷിതാ വേ, സ്വർഗ്ഗവാസികളിൽ ഏറ്റവും ഉയർന്ന പദവി എന്താണ്? അല്ലാഹു പറഞ്ഞു: അവരെയാണ് ഞാൻ ഉദ്ദേശിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തത്. എന്റെ കൈകൊണ്ട് അവരു ടെ കറാമത്ത് ഞാൻ നട്ടിരിക്കുന്നു. ഞാൻ തന്നെ (അതിന് മാറ്റം വരുകയോ നഷ്ടം വരുകയോ ചെയ്യാതിരിക്കുവാൻ) അതിന്മേൽ മുദ്ദ്ര വെച്ചിരിക്കുന്നു. (ആ കറാമത്ത്) ഒരു കണ്ണും കാണാത്തത്ര, ഒരു കാതും കേൾക്കാത്തത്ര, ഒരു മനുഷ്യ ഹൃദയവും ഭാവനയിൽ കൊണ്ടുവരാത്തത്ര (മഹത്തരമാണ്). അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ അതിന്റെ തെളിവ്:
فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ﴿١٧﴾
…എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായി ക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാ വുന്നതല്ല (വി. ക്വു. സജദഃ :17) എന്നതാണ് (മുസ്ലിം)
സ്വർഗ്ഗത്തിൽ പദവി ഉയരുവാൻ
സ്വർഗ്ഗത്തിന്റെ ഉന്നത പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന പുണ്യങ്ങളിൽ പെട്ടതാണ് സന്താനങ്ങൾ മാതാപിതാക്കളുടെ പാപമോചനത്തിനായി അല്ലാഹുവോട് തേടുകയെന്നത്. താഴെ വരുന്ന ഹദീഥ് അക്കാര്യം വ്യക്തമാക്കുന്നു. അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ اللَّهَ عَزَّ وَجَلَّ لَيَرْفَعُ الدَّرَجَةَ لِلْعَبْدِ الصَّالِحِ فِي الْجَنَّةِ فَيَقُولُ يَا رَبِّ أَنَّى لِي هَذِهِ؟ فَيَقُولُ بِاسْتِغْفَارِ وَلَدِكَ لَكَ
“നിശ്ചയം, അല്ലാഹു ഒരു സ്വാലിഹായ അടിമക്ക് സ്വർഗ്ഗത്തിൽ തന്റെ പദവി ഉയർത്തികൊടുക്കും. അപ്പോൾ അയാൾ (അടിമ) പറയും: രക്ഷിതാവേ, എനിക്ക് ഇതെങ്ങനെയാണ് (ലഭിച്ചത്)? അപ്പോൾ അല്ലാഹു പറയും: നിന്റെ മകൻ നിനക്കുവേണ്ടി പാപമോചനത്തിന് തേടിയതുകൊണ്ട്”.
സന്തതികളെ ഉത്തമരായി വളർത്തൽ രക്ഷിതാക്കളുടെ ബാധ്യതയാണ്. ദുആഇന്റേയും ഇസ്തിഗ്ഫാറിന്റേയും മഹത്വവും ആവശ്യകതയും അവരെ ബോധ്യപ്പെടുത്തലും പഠിപ്പിക്കലും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട പ്രധാന വിഷയവുമാണ്.
അബ്ദുൽ ജബ്ബാർ അബ്ദുല്ല