സ്വർഗ്ഗീയ കവാടങ്ങൾ

THADHKIRAH

സ്വർഗ്ഗത്തിന് വിശാലമായ കവാടങ്ങളുണ്ട്. വിശ്വാസികളും മലക്കുകളും അവയിലൂടെ പ്രവേശിക്കുന്നതാണ്. അല്ലാഹു പറഞ്ഞു:

هَٰذَا ذِكْرٌ ۚ وَإِنَّ لِلْمُتَّقِينَ لَحُسْنَ مَآبٍ ‎﴿٤٩﴾‏ جَنَّاتِ عَدْنٍ مُّفَتَّحَةً لَّهُمُ الْأَبْوَابُ ‎﴿٥٠﴾

ഇതൊരു ഉൽബോധനമത്രെ. തീർച്ചയായും സൂക്ഷ്മതയുള്ളവർക്ക് മടങ്ങിച്ചെല്ലാൻ ഉത്തമമായ സ്ഥാനമുണ്ട്. അവർക്ക് വേണ്ടി കവാടങ്ങൾ തുറന്നുവെച്ചിട്ടുള്ള ജന്നാത്തുഅദ്ൻ (സ്ഥിരവാസ ത്തിന്റെ സ്വർഗ്ഗത്തോപ്പുകൾ). (വി. ക്വു. സ്വാദ്: 49,50)
സ്വർഗ്ഗാവകാശികൾ സ്വർഗ്ഗപ്രവേശനത്തിന് അടുക്കുമ്പോൾ അവ തുറക്കപ്പെടുകയും മലക്കുകൾ സലാമോതിയും അഭിവാദ്യമർപ്പിച്ചും അവരെ സ്വർഗ്ഗ കവാടങ്ങളിൽ സ്വീകരിക്കുമെന്നും അല്ലാഹു പറയുന്നു:

 وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ ‎﴿٧٣﴾

തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവർ സ്വർഗ്ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങൾ തൂറന്ന് വെക്കപ്പെട്ട നിലയിൽ അവർ അതിന്നടുത്ത് വരുമ്പോൾ അവരോട് അതിന്റെ കാവൽക്കാർ പറയും: നിങ്ങൾക്ക് സമാധാനം. നിങ്ങൾ സംശുദ്ധരായിരിക്കുന്നു. അതിനാൽ നിത്യവാസികളെന്ന നിലയിൽ നിങ്ങൾ അതിൽ പ്രവേശിച്ചുകൊള്ളുക.  (വി. ക്വു. സുമർ: 73)

جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۖ وَالْمَلَائِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ ‎﴿٢٣﴾‏ سَلَامٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى الدَّارِ ‎﴿٢٤﴾

അതായത്, സ്ഥിരവാസത്തിനുള്ള സ്വർഗ്ഗത്തോപ്പുകൾ. അവരും, അവരുടെ പിതാക്കളിൽ നിന്നും, ഇണകളിൽ നിന്നും സന്തതികളിൽ നിന്നും സദ്വൃത്തരായിട്ടുള്ളവരും അതിൽ പ്രവേശിക്കുന്നതാണ്. മലക്കുകൾ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കൽ കടന്നുവന്നിട്ട് പറയും: നിങ്ങൾ ക്ഷമ കൈക്കൊണ്ടതിനാൽ നിങ്ങൾക്ക് സമാധാനം! അപ്പോൾ അന്തിമഭവനം (സ്വർഗ്ഗം) എത്ര മെച്ചം! (വി. ക്വു. അർറഅ്ദ്: 23,24)
അല്ലാഹു പറയുന്നു:

 ادْخُلُوهَا بِسَلَامٍ ۖ ذَٰلِكَ يَوْمُ الْخُلُودِ ‎﴿٣٤﴾‏

(അവരോട് പറയപ്പെടും:) സമാധാനപൂർവ്വം നിങ്ങളതിൽ പ്രവേശിച്ച് കൊള്ളുക. ശാശ്വതവാസത്തിനുള്ള ദിവസമാകുന്നു അത്.  (വി. ക്വു. ക്വാഫ്: 34)

ادْخُلُوهَا بِسَلَامٍ آمِنِينَ ‎﴿٤٦﴾

നിർഭയരായി ശാന്തിയോടെ അതിൽ പ്രവേശിച്ച് കൊള്ളുക.( എന്ന് അവർക്ക് സ്വാഗതം ആശംസിക്കപ്പെടും) (വി.ക്വു.അൽഹിജ്ർ:46)

وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلَامًا ‎﴿٧٥﴾‏ 

അഭിവാദ്യത്തോടും സമാധാനാശംസയോടും കൂടി അവർ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്   (വി. ക്വു. അൽഫുർക്വാൻ: 75)

 

സ്വർഗ്ഗ കവാടങ്ങളുടെ വീതി

അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

وَالَّذِى نَفْسِى بِيَدِهِ إِنَّ مَا بَيْنَ الْمِصْرَاعَيْنِ مِنْ مَصَارِيعِ الْجَنَّةِ كَمَا بَيْنَ مَكَّةَ وَحِمْيَرَ ، أَوْ كَمَا بَيْنَ مَكَّةَ وَبُصْرَى 

“മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം, സ്വർഗ്ഗത്തിന്റെ വാതിൽ കട്ടിലുകൾക്കിടയിലെ ദൂരം മക്കയുടേയും ഹിംയറിന്റേയും അല്ലെങ്കിൽ മക്കയുടേയും ബുസ്വ്റായു ടേയും ഇടയിലേതുപേലുള്ള ദൂരമാണ്.”  (ബുഖാരി)

وَالَّذِى نَفْسُ مُحَمَّدٍ بِيَدِهِ إِنَّ مَا بَيْنَ الْمِصْرَاعَيْنِ مِنْ مَصَارِيعِ الْجَنَّةِ لَكَمَا بَيْنَ مَكَّةَ وَهَجَرٍ أَوْ كَمَا بَيْنَ مَكَّةَ وَبُصْرَى 

“മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനണെ സത്യം, സ്വർഗ്ഗത്തിന്റെ രണ്ട് വാതിൽ കട്ടിലുകൾക്കിടയിലെ ദൂരം മക്കയുടേയും ഹജറിന്റേയും അല്ലെങ്കിൽ മക്കയുടേയും ബുസ്വ്റായുടേയും ഇടയിലേതുപോലുള്ള ദൂരമാണ്”.  (മുസ്ലിം)
ഉത്ബഃ ഇബ്നു ഗസ്വാനിൽ رَضِيَ اللَّهُ عَنْهُ  നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:

وَلَقَدْ ذُكِرَ لَنَا أَنَّ مَا بَيْنَ مِصْرَاعَيْنِ مِنْ مَصَارِيعِ الْجَنَّةِ مَسِيرَةُ أَرْبَعِينَ سَنَةً وَلَيَأْتِيَنَّ عَلَيْهَا يَوْمٌ وَهُوَ كَظِيظٌ مِنْ الزِّحَامِ

“സ്വർഗ്ഗത്തിൽ രണ്ട് വാതിൽകട്ടിലുകൾക്കിടയിലെ ദൂരം നാൽപ്പത് വർഷത്തെ വഴിദൂരമാണെന്നും (ആളുകളാൽ) തിങ്ങിനിറയുന്ന ഒരു ദിനം അതിന് വരുമെന്നും ഞങ്ങളോട് പറയപ്പെട്ടിരിക്കുന്നു”.  (മുസ്ലിം)

 

സ്വർഗ്ഗ കവാടങ്ങളുടെ എണ്ണവും പേരുകളും

സ്വർഗ്ഗ കവാടങ്ങളുടെ എണ്ണം എട്ടാകുന്നു. നോമ്പുകാർക്ക് ബാബുർറയ്യാൻ, നമസ്കാരത്തിൽ കൃത്യതയുള്ളവർക്ക് ബാബുസ്സ്വലാത്ത്, ദാനധർമ്മശീലർക്ക് ബാബുസ്സ്വദകഃ, ജിഹാദ് ചെയ്യു ന്നവർക്ക് ബാബുൽജിഹാദ് എന്നിവ അവയിൽ ചിലതാണ്.
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

فِى الْجَنَّةِ ثَمَانِيَةُ أَبْوَابٍ ، فِيهَا بَابٌ يُسَمَّى الرَّيَّانَ لاَ يَدْخُلُهُ إِلاَّ الصَّائِمُونَ 

“സ്വർഗ്ഗത്തിൽ എട്ട് കവാടങ്ങളുണ്ട്. അവയിൽ ഒന്നിന് റയ്യാൻ എന്ന് പേര് വിളിക്കപ്പെടും. നോമ്പുകാരല്ലാതെ അതിൽ പ്രവേശിക്കുകയില്ല”.  (ബുഖാരി)

مَنْ أَنْفَقَ زَوْجَيْنِ فِى سَبِيلِ اللَّهِ نُودِىَ مِنْ أَبْوَابِ الْجَنَّةِ يَا عَبْدَ اللَّهِ ، هَذَا خَيْرٌ . فَمَنْ كَانَ مِنْ أَهْلِ الصَّلاَةِ دُعِىَ مِنْ بَابِ الصَّلاَةِ ، وَمَنْ كَانَ مِنْ أَهْلِ الْجِهَادِ دُعِىَ مِنْ بَابِ الْجِهَادِ ، وَمَنْ كَانَ مِنْ أَهْلِ الصِّيَامِ دُعِىَ مِنْ بَابِ الرَّيَّانِ ، وَمَنْ كَانَ مِنْ أَهْلِ الصَّدَقَةِ دُعِىَ مِنْ بَابِ الصَّدَقَةِ 

“വല്ലവരും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ രണ്ട് ഇണകളെ ചെല വുഴിച്ചാൽ സ്വർഗ്ഗീയ കവാടങ്ങളിലൂടെ അവൻ വിളിക്കപ്പെടും. അബ്ദുല്ലാ, ഇത് ഒരു നല്ല കാര്യമാകുന്നു. ആരാണോ നമസ്കാരക്കാരിൽപെട്ടത് അയാൾ ബാബുസ്സ്വലാത്തിലൂടെ ക്ഷണിക്കപ്പെടും. ആരാണോ ജിഹാദ് ചെയ്യുന്നവരിൽപെട്ടത് അയാൾ ബാബുൽജിഹാദിലൂടെ ക്ഷണിക്കപ്പെടും. ആരാണോ നോമ്പുകാരിൽ പെട്ടത് അയാൾ ബാബുർറയ്യാനിലൂടെ ക്ഷണിക്കപ്പെടും. ആരാണോ സ്വദകഃ നൽകുന്നവരിൽപെട്ടത് അയാൾ ബാബുസ്സ്വദക്വഃ യിലൂടെ ക്ഷണിക്കപ്പെടും.” (ബുഖാരി)

 

എട്ട് കവാടങ്ങളിലൂടെയും സ്വർഗ്ഗത്തിലേക്ക് ക്ഷണിക്കപ്പെടുവാൻ

എല്ലാ വാതിലുകളിലൂടെയും സർഗ്ഗത്തിലേക്ക് ക്ഷണിക്കപ്പെടുന്ന ഭാഗ്യവാന്മാരുണ്ട്. അല്ലാഹു ആ വിഭാഗത്തിൽ നാമേവരേയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടേ. പ്രസ്തുത വിഷയ ത്തിൽ ചില പ്രമാണവചനങ്ങൾ:
അബൂബകർ رَضِيَ اللَّهُ عَنْهُ  പറഞ്ഞു:

يَا رَسُولَ اللَّهِ ، مَا عَلَى مَنْ دُعِىَ مِنْ تِلْكَ الأَبْوَابِ مِنْ ضَرُورَةٍ ، فَهَلْ يُدْعَى أَحَدٌ مِنْ تِلْكَ الأَبْوَابِ كُلِّهَا قَالَ ‎ﷺ  نَعَمْ . وَأَرْجُو أَنْ تَكُونَ مِنْهُمْ 

“അല്ലാഹുവിന്റെ തിരുദൂതരേ, സ്വർഗ്ഗത്തിലേക്ക് വിളിക്കപ്പെടുന്ന വ്യക്തിക്ക് എല്ലാ കവാടങ്ങളിലൂടെയും വിളിക്കപ്പെടണമെന്ന യാതൊരു അനിവാര്യതയുമില്ലല്ലോ; (ഏതെങ്കിലും ഒന്നിലൂടെ വിളിക്കപ്പെട്ടാൽതന്നെ മതിയാവില്ലേ) വല്ലവരും അതിൽ എല്ലാ കവാടങ്ങളിലൂടെയും വിളിക്കപ്പെടുമോ? തിരുമേനി ‎ﷺ പറഞ്ഞു: “അതെ, താങ്കൾ അവരിൽ ആകട്ടേ എന്ന് ഞാൻ ആശിക്കുന്നു”.   (ബുഖാരി)
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

مَنْ قَالَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ عِيسَى عَبْدُ اللَّهِ وَابْنُ أَمَتِهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ وَأَنَّ الْجَنَّةَ حَقٌّ وَأَنَّ النَّارَ حَقٌّ أَدْخَلَهُ اللَّهُ مِنْ أَىِّ أَبْوَابِ الْجَنَّةِ الثَّمَانِيَةِ شَاءَ 

“അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും തീർച്ചയായും മുഹമ്മദ് അല്ലാഹുവിന്റെ ദാസനും ദൂതനും ആണെന്നും തീർച്ചയായും ഈസാ അല്ലാഹുവിന്റെ ദാസനും അവന്റെ ദാസിയുടെ പുത്രനും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കൽ നിന്നുള്ള ഒരാത്മാവുമാണെന്നും സ്വർഗ്ഗം സത്യമാണെന്നും നരകം സത്യമാണെന്നും ആർ സാക്ഷ്യംവഹിച്ചുവോ സ്വർഗ്ഗത്തിന്റെ എട്ടു കവാടങ്ങളിൽ താനുദ്ദേശിക്കുന്നതിലൂടെ അല്ലാഹു അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും”.  (ബുഖാരി, മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

مَا مِنْكُمْ مِنْ أحَدٍ يَتَوَضَّأُ فَيُحْسِنُ الْوُضُوءَ ثُمَّ يقولُ حِينَ يَفْرَغُ مِنْ وُضُوئِه: أشْهَدُ أنْ لاَ إلَهَ إلاَّ الله وَحْدَهُ لاَ شَرِيكَ لَهُ، وَأشْهَدُ أنَّ مُحمَّداً عَبْدُ هُ وَرَسُولُهُ، إلاَّ فُتِحَتْ لَهُ أبْوَابُ الْجَنَّةِ الثَّمَانِيَةُ، يَدْخُلُ مِنْ أيِّها شَاءَ

“നിങ്ങളിൽ ഒരാൾ വുദ്വൂഅ് ചെയ്യുന്നു: (പ്രവാചകൻ ‎ﷺ വുദ്വൂഅ് ചെയ്ത പോലെ) വുദ്വൂഇനെ നന്നാക്കുന്നു, വുദ്വൂഇൽനിന്ന് വിരമിച്ച ശേഷം:

أشْهَدُ أنْ لاَ إلَهَ إلاَّ الله وَحْدَهُ لاَ شَرِيكَ لَهُ، وَأشْهَدُ أنَّ مُحمَّداً عَبْدُهُ وَرَسُولُهُ

എന്ന് പറഞ്ഞാൽ അയാൾക്ക് സ്വർഗ്ഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടും. താൻ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ അയാൾക്ക് പ്രവേശിക്കാവുന്നതാണ്”. (ബുഖാരി, മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

إِذَا صَلَّتِ الْمَرْأَةُ خَمْسَهَا وَصَامَتْ شَهْرَهَا وَحَفِظَتْ فَرْجَهَا وَأَطَاعَتْ زَوْجَهَا قِيلَ لَهَا ادْخُلِي الْجَنَّةَ مِنْ أَيِّ أَبْوَابِ الْجَنَّةِ شِئْتِ

“ഒരു സ്ത്രീ അവളുടെമേൽ (നിർബന്ധമായ) അഞ്ചുനമസ്കാരങ്ങൾ നമസ്കരിക്കുകയും, അവളുടെ (റമദ്വാൻ) മാസത്തിൽ നോമ്പെടുക്കുകയും, അവളുടെ ഗുഹ്യാവയവം സൂക്ഷിക്കുകയും തന്റെ ഭർത്താവിനെ അനുസരിക്കുകയും ചെയ്താൽ. അവളോടു പറയപ്പെടും: സ്വർഗ്ഗീയ കവാടങ്ങളിൽ നീ ഉദ്ദേശിക്കുന്നതിലൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കുക”.
 
ഉത്ബത് അസ്സുലമി رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. അദ്ദേഹം പറയുന്നു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുന്നത് ഞാൻ കേട്ടു
مَا مِنْ مُسْلِمٍ يَمُوتُ لَهُ ثَلاَثَةٌ مِنَ الْوَلَدِ لَمْ يَبْلُغُوا الْحِنْثَ إِلاَّ تَلَقَّوْهُ مِنْ أَبْوَابِ الْجَنَّةِ الثَّمَانِيَةِ مِنْ أَيِّهَا شَاءَ دَخَلَ 
“പ്രായപൂർത്തിയാകുന്നതിന് മുമ്പ് കുട്ടികളിൽനിന്ന് മൂന്നുപേർ മരണപ്പെടുന്ന യാതൊരു മുസ്ലിമുമില്ല; സ്വർഗ്ഗത്തിന്റെ എട്ട് കവാടങ്ങളിൽനിന്നും അവർ അയാളെ സ്വീകരിക്കാതെ. ആ കവാടങ്ങളിൽ താനുദ്ദേശിക്കുന്നതിലൂടെ അയാൾക്ക് പ്രവേശിക്കാവുന്നതാണ്”         
 
സ്വർഗ്ഗത്തിന്റെ വലത്തേ കവാടത്തിലൂടെ പ്രവേശിക്കുന്നവർ
 
വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർ സ്വർഗ്ഗത്തിന്റെ വലതുഭാഗത്തുള്ള വാതിലിലൂടെ പ്രവേശിക്കുമെന്നും അവർ മറ്റു ജനവിഭാഗങ്ങളോടൊപ്പം ഇതര വാതിലുകളിൽ പങ്കാളി കളായിരിക്കുമെന്നും പദീഥുകളിൽ വന്നിട്ടുണ്ട്. 
ശഫാഅത്തിന്റെ വിഷയം വിവരിക്കുന്ന വിശാലമായ ഹദീഥിൽ അല്ലാഹു തിരുമേനി ‎ﷺ യോട് കൽപ്പിക്കുന്നതായി അല്ലാഹുവിന്റെ റസൂൽ ‎ﷺ തന്നെ പറയുന്നു:
يَا مُحَمَّدُ ارْفَعْ رَأْسَكَ ، سَلْ تُعْطَهْ ، وَاشْفَعْ تُشَفَّعْ ، فَأَرْفَعُ رَأْسِى ، فَأَقُولُ أُمَّتِى يَا رَبِّ ، أُمَّتِى يَا رَبِّ فَيُقَالُ يَا مُحَمَّدُ أَدْخِلْ مِنْ أُمَّتِكَ مَنْ لاَ حِسَابَ عَلَيْهِمْ مِنَ الْبَابِ الأَيْمَنِ مِنْ أَبْوَابِ الْجَنَّةِ وَهُمْ شُرَكَاءُ النَّاسِ فِيمَا سِوَى ذَلِكَ مِنَ الأَبْوَابِ
“മുഹമ്മദ്, താങ്കൾ താങ്കളുടെ തലയുയർത്തുക. താങ്കൾ ചോദി ക്കുക; താങ്കൾക്കത് നൽകപ്പെടും. താങ്കൾ ശഫാഅത്ത് ചെയ്യുക; താങ്കളുടെ ശഫാഅത്ത് സ്വീകരിക്കപ്പെടും.” അപ്പോൾ ഞാൻ എന്റെ തല ഉയർത്തും. അങ്ങിനെ ഞാൻ പറയും: രക്ഷിതാവേ, എന്റെ ഉമ്മത്ത്.  രക്ഷിതാവേ, എന്റെ ഉമ്മത്ത്. അ പ്പോൾ പറയപ്പെടും: ഓ മുഹമ്മദ്, താങ്കൾ താങ്കളുടെ ഉമ്മത്തിക ളിൽ ആരുടെമേലാണോ വിചാരണയില്ലാത്തത് അവരെ സ്വർഗ്ഗ കവാടങ്ങളിൽനിന്ന് വലതുഭാഗത്തുള്ള കവാടത്തിലൂടെ പ്രവേശി പ്പിക്കുക; അവർ മറ്റു ജനവിഭാഗങ്ങളോടൊപ്പം അതൊഴികെയുള്ള ഇതര വാതിലുകളിൽ പങ്കാളികളുമായിരിക്കും” (ബുഖാരി)
വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർ ആരെന്ന് വിവരിക്കുന്ന ഹദീഥുകൾ സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
عُرِضَتْ عَلَيّ الأُمَمُ. … فَقِيلَ لِي: هَذِهِ أُمّتُكَ. وَمَعَهُمْ سَبْعُونَ أَلْفاً يَدْخُلُونَ الْجَنّةَ بِغَيْرِ حِسَابٍ وَلاَ عَذَابٍ… فَقَالَ ‎ﷺ  هُمُ الّذِينَ لاَ يَسْتَرْقُونَ، وَلاَ يَكْتَوُون، وَلاَ يَتَطَيّرُونَ، وَعَلَى رَبّهِمْ يَتَوَكّلُونَ
“സമുദായങ്ങൾ എനിക്ക് വെളിപ്പെടുത്തപ്പെട്ടു… അപ്പോൾ എന്നോട് പറയപ്പെട്ടു. ഇത് നിന്റെ ഉമ്മത്തികളാണ് അവരുടെ കൂടെ എഴുപതിനായിരം ആളുകളുണ്ട്. അവർ വിചാരണയോ ശിക്ഷയോ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കും …  നബി ‎ﷺ പറഞ്ഞു: “അവർ മന്ത്രിച്ചൂതുവാൻ ആവശ്യപ്പെടാത്തവരും “കെയ്യ്’ (ചൂടുവെച്ചുള്ള ഒരുതരം ചികിത്സ) നടത്താത്തവരും ശകുനം നോക്കാത്തവരും തങ്ങളുടെ റബ്ബിൽ തവക്കുലാക്കുകയും ചെയ്യു ന്നവരാണ്”. … (ബുഖാരി) 
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
وَعَدَنِى رَبِّى أَنْ يُدْخِلَ الْجَنَّةَ مِنْ أُمَّتِى سَبْعِينَ أَلْفًا لاَ حِسَابَ عَلَيْهِمْ وَلاَ عَذَابَ مَعَ كُلِّ أَلْفٍ سَبْعُونَ أَلْفًا وَثَلاَثُ حَثَيَاتٍ مِنْ حَثَيَاتِ رَبِّى
എന്റെ രക്ഷിതാവ് എന്റെ ഉമ്മത്തികളിൽനിന്ന് എഴുപതിനായിരം പേരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാമെന്ന് എന്നോട് വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെമേൽ വിചാരണയോ ശിക്ഷയോ ഇല്ല. ഓരോ ആയിരത്തോടൊപ്പവും എഴുപതിനായിരം പേരുണ്ട്. എന്റെ രക്ഷിതാവിന്റെ കൈവാരലിൽ മൂന്ന് കോരലും”.

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts