നരകത്തിന് ഏഴ് കവാടങ്ങൾ ഉണ്ടെന്നും ഓരോ കവാടങ്ങളിലൂടേയും നരകത്തിൽ പ്രവേശിക്കുവാൻ ഇബ്ലീസിന് അനുയായികളുണ്ടെന്നും അല്ലാഹു വ്യക്തമാക്കി.
അല്ലാഹു പറഞ്ഞു:
وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ ﴿٤٣﴾ لَهَا سَبْعَةُ أَبْوَابٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ ﴿٤٤﴾
തീർച്ചയായും നരകം അവർക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു. അതിന് ഏഴ് കവാടങ്ങളുണ്ട്. ഓരോ വാതിലിലൂടെ കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്. വി. ക്വു. (15: 43,44)
അവിശ്വാസികൾ നരകത്തോട് അടുക്കുമ്പോൾ നരകത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും എന്നന്നേക്കുമായി അവർ അതിൽ പ്രവേശിക്കുകയും ചെയ്യും. അല്ലാഹു പറഞ്ഞു:
وَسِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ آيَاتِ رَبِّكُمْ وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَٰذَا ۚ قَالُوا بَلَىٰ وَلَٰكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ ﴿٧١﴾ قِيلَ ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَبِئْسَ مَثْوَى الْمُتَكَبِّرِينَ ﴿٧٢﴾
സത്യനിഷേധികൾ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവർ അതിന്നടുത്തുവന്നാൽ അതിന്റെ വാതിലുകൾ തുറക്കപ്പെടും. നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങൾ ഓതി കേൾപ്പിക്കുകയും, നി ങ്ങൾക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങൾക്ക് താക്കീതുനൽകുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തിൽ നിന്നു തന്നെയുള്ള ദൂതന്മാർ നിങ്ങളുടെ അടുക്കൽ വന്നിട്ടില്ലേ എന്ന് അതിന്റെ (നരകത്തിന്റെ) കാവൽക്കാർ അവരോട് ചോദിക്കുകയും ചെയ്യും. അവർ പറയും: അതെ, പ ക്ഷെ, സത്യനിഷേധികളുടെമേൽ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടുപോയി. (അവരോട്) പറയപ്പെടും: നിങ്ങൾ നരകത്തിന്റെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതിൽ നിത്യവാസികളായിരിക്കും. എന്നാൽ അഹങ്കാരികളുടെ പാർപ്പിടം എത്ര മോശം. വി. ക്വു. (39: 71,72)
നരകാവകാശികൾ നരകത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ നരക കവാടങ്ങൾ അടക്കപ്പെടുന്നതാണ്. അല്ലാഹു പറഞ്ഞു:
നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചവർ ആരോ, അവരത്രെ ഇടതുപക്ഷത്തിന്റെ ആൾക്കാർ. അവരുടെമേൽ അടച്ചുമൂടിയ നരകാഗ്നിയുണ്ട്. വി. ക്വു. (90: 19,20)
وَمَا أَدْرَاكَ مَا الْحُطَمَةُ ﴿٥﴾ نَارُ اللَّهِ الْمُوقَدَةُ ﴿٦﴾ الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ ﴿٧﴾ إِنَّهَا عَلَيْهِم مُّؤْصَدَةٌ ﴿٨﴾ فِي عَمَدٍ مُّمَدَّدَةٍ ﴿٩﴾
‘ഹുത്ത്വമ’ എന്നാൽ എന്താണെന്ന് നിനക്കറിയാമോ? അത് ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്ന, അല്ലാഹുവിന്റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു. തീർച്ചയായും അത് നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട് അവരുടെമേൽ അടച്ചുമൂടപ്പെടുന്നതായിരിക്കും. വി. ക്വു. (104:59)
അന്ത്യനാൾ സംഭവിക്കുന്നതിന് മുമ്പായിതന്നെ ചിലപ്പോൾ നരക കവാടങ്ങൾ അടക്കപ്പെടും. റമദാൻ മാസമായാൽ നരക കവാടങ്ങൾ അടക്കപ്പെടുമെന്ന് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
إِذَا جَاءَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ وَغُلِّقَتْ أَبْوَابُ النَّارِ وَصُفِّدَتْ الشَّيَاطِينُ
“റമദ്വാൻ മാസമായാൽ സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടും. നരകത്തിന്റെ കവാടങ്ങൾ അടക്കപ്പെടും. ശൈത്വാന്മാർ ബന്ധിക്കപ്പെടും” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല