നരകത്തിന്റെ പേരുകൾ

THADHKIRAH

അല്ലാഹു നരകത്തിന് വിശുദ്ധ ക്വുർആനിലൂടെ പല പേരുകൾ ഉണർത്തിയിരിക്കുന്നു. ആ പേരുകളെ അറിയിക്കുന്ന ആയത്തുകളും നാമകരണം അർത്ഥമാക്കുന്ന ആശയങ്ങളും താഴെ നൽകുന്നു:
 
ജഹന്നം
ആഴത്തിൽ ആഘാതമായത് എന്നാണ് ജഹന്നം അർത്ഥമാക്കുന്നത്. അല്ലാഹു പറഞ്ഞു:
يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا ‎﴿١٣﴾
അവർ ജഹന്നമിലേക്ക്(നരകാഗ്നിയിലേക്ക്) ശക്തിയായി പിടിച്ച് തള്ളപ്പെടുന്ന ദിവസം.  വി. ക്വു. (52: 13)
 
ലള്വാ
കത്തിജ്ജ്വലിക്കുന്നതിനും കത്തിയാളുന്നതിനുമാണ് ലള്വാ എന്ന് പറയുന്നത്. കെട്ടടങ്ങുമ്പോഴെല്ലാം ജ്വാലയേറ്റി കത്തിക്കപ്പെടുന്ന ശിക്ഷയാണല്ലോ നരകം. അത് നരകവാസിയുടെ തൊലി കരിച്ചും ഉരിച്ചും അവന് നോവേറ്റുന്നതാണ്. അല്ലാഹു പറഞ്ഞു:
كَلَّا ۖ إِنَّهَا لَظَىٰ ‎﴿١٥﴾‏ نَزَّاعَةً لِّلشَّوَىٰ ‎﴿١٦﴾
സംശയം വേണ്ട, തീർച്ചയായും അത് ലള്വയാകുന്നു (ആളിക്കത്തുന്ന നരകം). തലയുടെ തൊലിയുരിച്ചുകളയുന്ന നരകാഗ്നി.  വി. ക്വു. (70: 15, 16)

ഹുത്വമഃ
തകർക്കുന്നത് എന്നാണ് ഹുത്വമഃ അർത്ഥമാക്കുന്നത്. തന്നിൽ എറിയപ്പെടുന്നതിനെയെല്ലാം തകർക്കുന്നതാണല്ലോ നരകം. നരകവാസിയുടെ തൊലിയും മാംസവും എല്ലുമെല്ലാം കത്തിച്ച് ഹൃദയത്തിൽ ആളി നോവിനെ പാരമ്യതയിലെത്തിക്കുന്ന തീയാണ് നരകത്തീ. അല്ലാഹു പറഞ്ഞു:
كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ ‎﴿٤﴾‏ وَمَا أَدْرَاكَ مَا الْحُطَمَةُ ‎﴿٥﴾‏ نَارُ اللَّهِ الْمُوقَدَةُ ‎﴿٦﴾‏ الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ ‎﴿٧﴾‏
നിസ്സംശയം, അവൻ ഹുത്വമഃയിൽ എറിയപ്പെടുകതന്നെ ചെയ്യും. ഹുത്വമഃ എന്നാൽ എന്താണെന്ന് നിനക്കറിയാമോ? അത് അല്ലാഹുവിന്റെ ജ്വലിപ്പിക്കപ്പെട്ട, ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ അഗ്നിയാകുന്നു. തീർച്ചയായും അത് അവരു ടെമേൽ അടച്ചുമൂടപ്പെടുന്നതായിരിക്കും. നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്  വി. ക്വു. (104: 4-7)
 
അസ്സഈർ
കൊട്ടാരസമാനമായ തീപൊരികളെ എടുത്തെറിയുന്ന ജ്വലകളാണ് നരകാഗ്നിക്ക്. മാത്രവുമല്ല കെട്ടടങ്ങുമ്പോഴെല്ലാം അതിന് ജ്വാലകളെ അധികരിച്ച് നൽകപ്പെടുകയും ചെയ്യുന്നതാണ്. സഈർ എന്നാൽ ജ്വാലയുള്ള തീയാകുന്നു. അല്ലാഹു പറഞ്ഞു:
وَكَذَٰلِكَ أَوْحَيْنَا إِلَيْكَ قُرْآنًا عَرَبِيًّا لِّتُنذِرَ أُمَّ الْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ الْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ ‎﴿٧﴾
അപ്രകാരം നിനക്ക് നാം അറബിഭാഷയിലുള്ള ക്വുർആൻ ബോധനം നൽകിയിരിക്കുന്നു. ഉമ്മുൽക്വുറാ(മക്ക)യിലുള്ളവർക്കും അതിനു ചുറ്റുമുള്ളവർക്കും നീ താക്കീത് നൽകുവാൻ വേണ്ടിയും, സംശയരഹിതമായ സമ്മേളനദിവസത്തെപ്പറ്റി നീ താക്കീത് നൽകുവാൻ വേണ്ടിയും. അന്ന് ഒരു വിഭാഗക്കാർ സ്വർഗത്തിലായിരിക്കും. മറ്റൊരു വിഭാഗക്കാർ സഈറിലും (ക ത്തിജ്വലിക്കുന്ന നരകത്തിലും. വി. ക്വു. (42: 7) 
 
സക്വർ
നരകത്തീ ഒന്നും വിടാതെ എല്ലാം നശിപ്പിക്കുകയും തൊലികളെ കരിച്ച് വികൃതമാക്കുകയും ചെയ്യുന്നതാണ്. സക്വറിനെ കുറിച്ച് അല്ലാഹു പറഞ്ഞു:
يَوْمَ يُسْحَبُونَ فِي النَّارِ عَلَىٰ وُجُوهِهِمْ ذُوقُوا مَسَّ سَقَرَ ‎﴿٤٨﴾
മുഖം നിലത്തു കുത്തിയനിലയിൽ അവർ നരകാഗ്നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം. (അവരോട് പറയപ്പെടും:) നിങ്ങൾ സക്വറിന്റെ(നരകത്തിന്റെ) സ്പർശനം അനുഭവിച്ച് കൊള്ളുക.  വി. ക്വു. (54: 48)
 سَأُصْلِيهِ سَقَرَ ‎﴿٢٦﴾‏ وَمَا أَدْرَاكَ مَا سَقَرُ ‎﴿٢٧﴾‏ لَا تُبْقِي وَلَا تَذَرُ ‎﴿٢٨﴾‏ لَوَّاحَةٌ لِّلْبَشَرِ ‎﴿٢٩﴾‏ عَلَيْهَا تِسْعَةَ عَشَرَ ‎﴿٣٠﴾‏ 
വഴിയെ ഞാൻ അവനെ സക്വറിൽ (നരകത്തിൽ) ഇട്ട് എരിക്കുന്നതാണ്. സക്വർ എന്നാൽ എന്താണെന്ന് നിനക്കറിയുമോ? അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല. അത് തൊലികരിച്ച് രൂപം മാറ്റിക്കളയുന്നതാണ്. അതിന്റെ മേൽനോട്ടത്തിന് പത്തൊമ്പത് പേരുണ്ട്. വി. ക്വു. (74: 26-30)

അൽജഹീം 
ജ്വാല കഠിനമായത് എന്നാണ് അൽജഹീം അർത്ഥമാക്കുന്നത്. അല്ലാഹു പറഞ്ഞു:
خُذُوهُ فَغُلُّوهُ ‎﴿٣٠﴾‏ ثُمَّ الْجَحِيمَ صَلُّوهُ ‎﴿٣١﴾‏
(അപ്പോൾ ഇപ്രകാരം കൽപനയുണ്ടാകും:) നിങ്ങൾ അവനെ പിടിച്ച് ബന്ധനത്തിലിടൂ. പിന്നെ അവനെ നിങ്ങൾ ജഹീമിൽ (ജ്വലിക്കുന്ന നരകത്തിൽ) പ്രവേശിപ്പിക്കൂ.  വി. ക്വു. (69: 30, 31)
 
അൽഹാവിയഃ
നരകം അഘാത ഗർത്തമാണ്. ആഴങ്ങൾക്കടിയിലാണ് നരകത്തിൽ എറിയപ്പെടുന്നവർ പതിക്കുന്നത്. ഹാവിയഃ അർത്ഥമാക്കുന്നത് ആഴം, പാതാളം എന്നൊക്കെയാണല്ലോ. 
അല്ലാഹു പറഞ്ഞു: 
وَأَمَّا مَنْ خَفَّتْ مَوَازِينُهُ ‎﴿٨﴾‏ فَأُمُّهُ هَاوِيَةٌ ‎﴿٩﴾‏ وَمَا أَدْرَاكَ مَا هِيَهْ ‎﴿١٠﴾‏ نَارٌ حَامِيَةٌ ‎﴿١١﴾‏
എന്നാൽ ഏതൊരാളുടെ തുലാസുകൾ തൂക്കം കുറഞ്ഞതായോ അവന്റെ സങ്കേതം ഹാവിയഃ ആയിരിക്കും. ഹാവിയഃ എന്നാൽ എന്താണെന്ന് നിനക്കറിയുമോ? ചൂടേറിയ നരകാഗ്നി യത്രെ അത്.   വി. ക്വു. (101: 8-11)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts