هَلْ أَتَىٰكَ حَدِيثُ ٱلْغَٰشِيَةِ
(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ? (ഖു൪ആന്‍:88/1)
ഉയിര്‍ത്തെഴുന്നേല്‍പ് നാളിലെ അവസ്ഥകളും അതില്‍ സംഭവിക്കുന്ന ഭയാനകമായ വിപത്തുക്കളുമാണ് ഇവിടെ അല്ലാഹു പറയുന്നത്. അതിന്റെ കാഠിന്യം സൃഷ്ടികളെ ആവരണം ചെയ്യും. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടും. രണ്ടു വിഭാഗങ്ങളായി അവര്‍ വേര്‍തിരിയും. ഒരു വിഭാഗം സ്വര്‍ഗത്തിലേക്കും മറ്റൊന്ന് കത്തിയാളുന്ന നരകത്തിലേക്കും. പിന്നീട് രണ്ട് വിഭാഗങ്ങളുടെയും അവസ്ഥകള്‍ അറിയിച്ചുതരുന്നു.
وُجُوهٌ يَوْمَئِذٍ خَٰشِعَةٌ
അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും. (ഖു൪ആന്‍:88/2)
നരകക്കാരെക്കുറിച്ച് പറയുന്നത് {അന്നേ ദിവസം ചില മുഖങ്ങള്‍} ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ നിന്ദ്യതയാലും അപമാനത്താലും താഴ്മ കാണിക്കുന്നതായിരിക്കും.
عَامِلَةٌ نَّاصِبَةٌ
പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. (ഖു൪ആന്‍:88/3)
മുഖങ്ങള്‍ വലിച്ചിഴക്കപ്പെടുകയും അതിനെ തീ ആവരണം ചെയ്യുകയും ചെയ്യുന്ന ശിക്ഷയാല്‍ ക്ഷീണിച്ചുപോയത്.
{അന്നേദിവസം ചില മുഖങ്ങള്‍ താഴ്മ കാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും} എന്നതിന് മറ്റൊരര്‍ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്. അവര്‍ ഇഹലോകത്ത് ആരാധനകളും പ്രവര്‍ത്തനങ്ങളും ചെയ്ത് ക്ഷീണിച്ചവരാണ്. പക്ഷേ, അത് സ്വീകരിക്കപ്പെടേണ്ട നിബന്ധനകള്‍ അവര്‍ പാലിച്ചിരുന്നില്ല. അതായത് ശരിയായ വിശ്വാസം ഉണ്ടായിരുന്നില്ല. അങ്ങനെ അന്ത്യനാളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ചിതറിയ ധൂളികളായി മാറും. ആശയപരമായി ഈ അര്‍ഥം ശരിയാണെങ്കിലും സന്ദര്‍ഭത്തോട് യോജിക്കുന്നില്ല. ശരിയായ അര്‍ഥം ആദ്യത്തേതു തന്നെയണ്. കാരണം അത് ഒരു പ്രത്യേക സന്ദര്‍ഭത്തോട് ബന്ധപ്പെട്ടാണുള്ളത്. അന്ത്യദിനത്തെക്കുറിച്ചും നരകക്കാതെ കുറിച്ചും എല്ലാവരെയും മൂടിക്കളയുന്ന അവസ്ഥയെ കുറിച്ചുമൊക്കെയാണ് പറയുന്നത്. ഇവിടെ ഇഹലോകാവസ്ഥകളെ കുറിച്ച് പറയുന്നില്ല.
تَصْلَىٰ نَارًا حَامِيَةً
ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്. (ഖു൪ആന്‍:88/4)
എല്ലാ സ്ഥലത്തു നിന്നും അവരെ ആവരണം ചെയ്യുന്ന കഠിനമായ ചൂട്.
تُسْقَىٰ مِنْ عَيْنٍ ءَانِيَةٍ
ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്. (ഖു൪ആന്‍:88/5)
അതായത്:കഠിനമായ ചൂടുള്ളത്.
وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ
അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ചുകളയും. (ഖു൪ആന്‍:18/29)
ഇതാണ് അവരുടെ പാനീയം. എന്നാല്‍ അവരുടെ ഭക്ഷണമോ?
لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ ﴿٦﴾ لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍ ﴿٧﴾
ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല. അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല. (ഖു൪ആന്‍:88/6-7)
രണ്ടിലൊരു കാര്യത്തിനു വേണ്ടിയാണ് ഭക്ഷണം. ഒന്നുകില്‍ വിശപ്പും അനുബന്ധ വിഷമങ്ങളും പരിഹരിക്കാന്‍. അല്ലെങ്കില്‍ ശുഷ്‌കിച്ചു പോകുന്നതില്‍ നിന്നും ശരീരത്തെ പരിപോഷിപ്പിക്കാന്‍. എന്നാല്‍ നരകത്തിലെ ഭക്ഷണം ഈ രണ്ട് പ്രയോജനങ്ങളും നല്‍കുന്നതല്ല. മറിച്ച് അങ്ങേയറ്റം കയ്പും ദുര്‍ഗന്ധവും ഉള്ള മോശമായ ഭക്ഷണം. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.
وُجُوهٌ يَوْمَئِذٍ نَّاعِمَةٌ
ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും. (ഖു൪ആന്‍:88/8)
എന്നാല്‍ നന്മയുടെ ആളുകള്‍, അവരുടെ മുഖങ്ങള്‍ അന്ത്യനാളില്‍; {തുടുത്ത് മിനുത്തത്} സുഖാനുഗ്രഹങ്ങളുടെ ശോഭ അവരുടെ ശരീരങ്ങളിലും മുഖങ്ങളിലുമുണ്ട്; അങ്ങേയറ്റത്ത സന്തോഷവും. മുഖങ്ങള്‍ പ്രകാശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
لِّسَعْيِهَا رَاضِيَةٌ
അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും. (ഖു൪ആന്‍:88/9)
{അവയുടെ പ്രയത്‌നത്തെപ്പറ്റി} ഇഹലോകത്ത് വെച്ച് അവര്‍ ചെയ്ത സല്‍പ്രവര്‍ത്തനങ്ങളാലും അല്ലാഹുവിന്റെ അടിമകള്‍ക്ക് അവര്‍ ചെയ്തുകൊടുത്ത നന്മകളാലും അവര്‍ {തൃപ്തിയടഞ്ഞവരുമായിരിക്കും} താന്‍ ചെയ്തതിന്റെ പ്രതിഫലം ഇരട്ടിയായി കാണുമ്പോള്‍ അതിന്റെ പരിണിതിയില്‍ സ്തുതി പറഞ്ഞ്, അതിന് ആഗ്രഹിച്ചതെല്ലാം ലഭിക്കുകയും ചെയ്തിരിക്കുന്നു. അതാണ് തൃപ്തിക്ക് കാരണം.
فِى جَنَّةٍ عَالِيَةٍ
ഉന്നതമായ സ്വര്‍ഗത്തില്‍. (ഖു൪ആന്‍:88/10)
അതാവട്ടെ {സ്വര്‍ഗത്തിലാണ്} സുഖാനുഗ്രഹങ്ങളെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന. {ഉന്നതമായ}ത് അതിന്റെ സ്ഥാനത്തിലും പദവിയിലും ഉയര്‍ന്ന പാര്‍പ്പിടങ്ങളിലും. അതിന് മാളികകളുണ്ട്. മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളാണുള്ളത്. അവിടെ അല്ലാഹു അവര്‍ക്ക് വേണ്ടി തയ്യാറാക്കിയ അനുഗ്രഹങ്ങള്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കും.
لَّا تَسْمَعُ فِيهَا لَٰغِيَةً
അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല. (ഖു൪ആന്‍:88/11)
{അവിടെ അവര്‍ കേള്‍ക്കുകയില്ല} സ്വര്‍ഗത്തില്‍. {നിരര്‍ത്ഥകമായ വാക്ക്} നിരര്‍ത്ഥകവും അനാവശ്യവുമായ വാക്ക്, പ്രത്യേകിച്ചും നിഷിദ്ധമായ വാക്കുകള്‍. മറിച്ച് അവിടെ കേള്‍ക്കുന്നത് ഉപകാരപ്രദവും അല്ലാഹുവിന്റെ സ്മരണകളെ ഉള്‍ക്കൊള്ളുന്നതും നിരന്തരം അല്ലാഹു അവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന അനുഗ്രഹം സ്മരിക്കുന്നതുമായിരിക്കും. ഹൃദയങ്ങള്‍ക്ക് വിശാലത ലഭിക്കുന്ന, മനസ്സിനെ സന്തോഷിപ്പിക്കുന്ന, സഹവാസത്തിന്റെ നല്ല മര്യാദകള്‍ ഉള്‍ക്കൊള്ളുന്ന വാക്കുകള്‍.
فِيهَا عَيْنٌ جَارِيَةٌ
അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്. (ഖു൪ആന്‍:88/12)
{അതില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവിയുണ്ട്} ഒഴുകുന്നത് എന്നത് ഒരു വര്‍ഗനാമമാണ്. അവരുടെ ആഗ്രഹമനുസരിച്ച് അവര്‍ക്ക് പൊട്ടിയൊഴുക്കുവാനും മാറ്റാനും കഴിയുന്ന ഒഴുകുന്ന ഉറവകളാണ് ഇവിടെ ഉദ്ദേശ്യം.
فِيهَا سُرُرٌ مَّرْفُوعَةٌ
അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും, (ഖു൪ആന്‍:88/13)
ഉയര്‍ത്തപ്പെട്ട ഇരിപ്പിടങ്ങള്‍. മൃദുലമായ വിരിപ്പുകളുണ്ട്.
وَأَكْوَابٌ مَّوْضُوعَةٌ
തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും. (ഖു൪ആന്‍:88/14)
വ്യത്യസ്തവും രുചികരവുമായ പാനീയങ്ങള്‍ നിറക്കപ്പെട്ട പാത്രങ്ങള്‍ അവരുടെ കൈകളിലുണ്ട്. അത് അവര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടതും അവരുടെ ഇഷ്ടത്തിനും ആവശ്യങ്ങള്‍ക്കും അനുസരിച്ച് ലഭ്യമാകുന്നതും ശാശ്വതരാക്കപ്പെട്ട കുട്ടികള്‍ അതുമായി അവരെ ചുറ്റിക്കൊണ്ടിരിക്കുകയും ചെയ്യും.
وَنَمَارِقُ مَصْفُوفَةٌ
അണിയായി വെക്കപ്പെട്ട തലയണകളും, (ഖു൪ആന്‍:88/15)
നേരിയ പട്ടുകൊണ്ടും മറ്റുമുള്ള തലയിണകള്‍. അല്ലാഹുവിന് മാത്രമെ അതിനെക്കുറിച്ചറിയൂ. അവയാകട്ടെ ചാരാനും ഇരിക്കാനും പറ്റുന്ന വിധം അണിയായി അതില്‍ വെച്ചിരിക്കുന്നു. അവര്‍ക്ക് അത് നിര്‍മിക്കുകയോ അണിയായി വെക്കുകയോ പോലും ചെയ്യേണ്ടി വരില്ല.
وَزَرَابِىُّ مَبْثُوثَةٌ
വിരിച്ചു വെക്കപ്പെട്ട പരവതാനികളുമുണ്ട്. (ഖു൪ആന്‍:88/16)
എല്ലാ ഭാഗത്തു നിന്നും അവരുടെ സദസ്സുകള്‍ നിറക്കപ്പെട്ട മനോഹരമായ വിരിപ്പുകള്‍.
ജനങ്ങളില്‍ നിന്നും പ്രവാചകനെ സത്യപ്പെടുത്താത്തവരെയും മറ്റും അതിന് പ്രേരിപ്പിച്ചുകൊണ്ടും അല്ലാഹുവിന്റെ സൃഷ്ടിപ്പുകളെക്കുറിച്ചും അവന്റെ ഏകത്വത്തെക്കുറിച്ചും ചിന്തിപ്പിക്കാനുമായി അല്ലാഹു പറയുന്നു:
أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ
ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. (ഖു൪ആന്‍:88/17)
അതിന്റെ സൃഷ്ടിപ്പിലെ പുതുമകളെയും അതിനെ തന്റെ അടിമകള്‍ക്ക് കീഴ്പ്പെടുത്തിയത് എങ്ങനെയെന്നും അവര്‍ക്ക് അത്യാവശ്യമായ അനേകം പ്രയോജനങ്ങള്‍ അവയിലൂടെ എങ്ങനെ ലഭ്യമാക്കുന്നുവെന്നും അവര്‍ ചിന്തിച്ചു നോക്കുന്നില്ലേ എന്നര്‍ഥം.
وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ
ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. (ഖു൪ആന്‍:88/18)
وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ
പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്. (ഖു൪ആന്‍:88/19)
വ്യക്തമായി കാണുന്ന രൂപത്തില്‍ ഭൂമിയെ ഉറപ്പിച്ചുനിര്‍ത്താന്‍ ഉപകരിക്കുന്നതും ഇളകാതെ നിര്‍ത്തുന്നതും ധാരാളം പ്രയോജനങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നിലയില്‍.
وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ
ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്. (ഖു൪ആന്‍:88/20)
അങ്ങേയറ്റം സൗകര്യപ്രദമായ വിധത്തില്‍ അത് വിശാലമാക്കപ്പെട്ടു. അതിനു മുകളില്‍ മനുഷ്യന് താമസം സൗകര്യപ്പെട്ടു. കൃഷിയും ഉല്‍പാദനവും കെട്ടിടങ്ങളും സാധ്യമായി; അതിലൂടെയുള്ള ഗതാഗത മാര്‍ഗങ്ങളും.
ഭൂമിയെ പരത്തി എന്നത് ഉരുണ്ട ഗോളമാണെന്നതിനെ നിരാകരിക്കുന്നില്ല. എല്ലാ ഭാഗത്തു നിന്നും ചക്രവാളങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അനുഭവവും ബുദ്ധിയും തെളിവുകളും ഇത് ബോധ്യപ്പെടുത്തുന്നു. കാഴ്ചയില്‍ ഭൂരിപക്ഷം ജനങ്ങളും മനസ്സിലാക്കിയതും പരന്നുകിടക്കുന്നതായി തന്നെ. ദൂരത്തെ അടുപ്പിക്കാന്‍ കഴിയുന്ന മാര്‍ഗങ്ങളുള്ള ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും. അതിന്റെ അധികം ഭാഗങ്ങളിലും ആളുകള്‍ എത്തിക്കഴിഞ്ഞു. ചെറിയൊരു വസ്തുവിനെ കുറിച്ച് പരന്നതെന്ന് പറയുമ്പോള്‍ അത് ശരിയായിരിക്കാം. എന്നാല്‍ വലുതും വിശാലവുമായ ഒന്നിനെക്കുറിച്ച് പറയുമ്പോള്‍ പരന്നത് എന്ന പരാമര്‍ശം അതിന്റെ ഗോളാകൃതിയെ നിരാകരിക്കുന്നില്ല. ആ വിവരണം വൈരുധ്യവുമല്ല എന്നാണ് അറിവും പരിചയവുമുള്ളവര്‍ മനസ്സിലാക്കുന്നത്.
فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ ﴿٢١﴾ لَّسْتَ عَلَيْهِم بِمُصَيْطِرٍ ﴿٢٢﴾
അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല. (ഖു൪ആന്‍:88/21-22)
{അതിനാല്‍ നബിയേ, നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു}താങ്കള്‍ അവരെ ഉല്‍ബോധിപ്പിക്കണം, ഉപദേശിക്കണം, സന്തോഷ വാര്‍ത്ത അറിയിക്കണം. കാരണം മനുഷ്യരെ അല്ലാഹുവിലേക്ക് ക്ഷണിക്കാനും ഉല്‍ബോധിപ്പിക്കാനുമാണ് താങ്കള്‍ നിയോഗിക്കപ്പെട്ടത്. അവരുടെ മേല്‍ അധികാരവും ആധിപത്യവും ചെലുത്താനല്ല. അവരുടെ പ്രവര്‍ത്തനങ്ങളുടെ കാര്യം താങ്കളെ ഏല്‍പിച്ചിട്ടുമില്ല. ഏല്‍പിക്കപ്പെട്ട ബാധ്യത താങ്കള്‍ നിര്‍വഹിച്ചാല്‍ പിന്നീട് ആക്ഷേപത്തിന് അവകാശമില്ല.
وَمَآ أَنتَ عَلَيْهِم بِجَبَّارٍ ۖ فَذَكِّرْ بِٱلْقُرْءَانِ مَن يَخَافُ وَعِيدِ
നീ അവരുടെ മേല്‍ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്‍റെ താക്കീത് ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ ഉല്‍ബോധിപ്പിക്കുക. (ക്വുര്‍ആന്‍ 50:45)
إِلَّا مَن تَوَلَّىٰ وَكَفَرَ
പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം. (ഖു൪ആന്‍:88/23)
അല്ലാഹുവിനെ അനുസരിക്കുന്നതില്‍ നിന്ന് തിരിഞ്ഞുകളയുകയും അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം.
فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ
അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്. (ഖു൪ആന്‍:88/24)
നിത്യവും കഠിനവുമായ ശിക്ഷയാണ് ഇവിടെ ഉദ്ദേശ്യം.
إِنَّ إِلَيْنَآ إِيَابَهُمْ
തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. (ഖു൪ആന്‍:88/25)
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ എല്ലാവരും അവനിലേക്ക് മടങ്ങും.
ثُمَّ إِنَّ عَلَيْنَا حِسَابَهُم
പിന്നീട്, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ. (ഖു൪ആന്‍:88/26)
അവര്‍ ചെയ്ത നന്മ തിന്മകളുടെ വിചാരണ.
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം