- അന്ത്യനാളിന്റെ ഒടുവിലത്തെ അടയാളം
- തീ പുറപ്പെടുന്ന സ്ഥലം
- മഹ്ശർ
- ജനങ്ങളെ ഒരുമിച്ചുകൂട്ടുന്നതെങ്ങിനെ?
- ജനങ്ങളെ ഒരുമിച്ചുകൂട്ടുന്നതെപ്പോൾ?
അന്ത്യനാളിന്റെ ഒടുവിലത്തെ അടയാളം
അന്ത്യനാൾ അടുത്തു എന്നതിനെ അറിയിക്കുന്ന അട യാളങ്ങളിൽ ഒടുക്കത്തേതും അന്ത്യനാൾ സംഭവിക്കുന്നതിന്റെ ആദ്യത്തെ വിളംബരവുമായിരിക്കും യമനിൽ നിന്ന് പുറപ്പെടുന്നതായ തീ. പ്രസ്തുത തീ ഭൂമുഖത്ത് വ്യാപിക്കുകയും കിഴക്കു നിന്ന് തുടങ്ങി അത് ആളുകളെ, കിഴക്കിനെ അപേക്ഷിച്ച് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന മഹ്ശറിലേക്ക് ഒരുമിച്ചു കൂട്ടുകയും ചെയ്യും. അന്ത്യനാൾ സംഭവിച്ചതിനു ശേഷം ക്വബ്റുകളിൽ നിന്ന് ആളുകൾ അവരുടെ മഹ്ശറിലേക്ക് വിചാരണക്കായി ഒരു മിച്ചു കൂട്ടപ്പെടുന്നതിനെയല്ല ഈ ഒരുമിച്ചുകൂട്ടൽ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
അബ്ദുല്ലാഹ് ഇബ്നുസല്ലാം رَضِيَ اللَّهُ عَنْهُ ഇസ്ലാം സ്വീകരിച്ച വേളയിൽ നബി ﷺ യോട് ഏതാനും വിഷയങ്ങൾ ചോദിക്കുക യുണ്ടായി. അതിലൊരു ചോദ്യം ഇപ്രകാരമായിരുന്നു:
….. مَا أَوَّلُ أَشْرَاطِا لسَّاعَةِ….. فَقَالَ رَسُولُ اللَّهِ ﷺ أَمَّا أَوَّلُ أَشْرَاطِ السَّاعَةِ فَنَارٌ تَحْشُرُ النَّاسَ مِنْ الْمَشْرِقِ إِلَى الْمَغْرِبِ
“… എന്താണ് അന്ത്യനാൾ(സംഭവിക്കുന്നതിന്റെ) അടയാളങ്ങ ളിൽ ഒന്നാമത്തേത്?… അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: അന്ത്യനാൾ (സംഭവിക്കുന്നതിന്റെ) അടയാളങ്ങളിൽ ഒന്നാമത്തേത് ഒരു തീയാണ്. അത് ആളുകളെ കിഴക്കിൽ നിന്ന് പടിഞ്ഞാറിലേക്ക് ഒരുമിച്ചു കൂട്ടും.” (ബുഖാരി)
തീ പുറപ്പെടുന്ന സ്ഥലം
അറേബ്യൻ ഉപദീപിന്റെ തെക്ക് യമനിലെ അദനിൽ ഹദ്വറമൗത് സമുദ്രത്തിൽ (അറബിക്കടൽ) നിന്നായിരിക്കും പ്രസ്തുത തീ പുറപ്പെടുക. ഹുദയ്ഫഃ ഇബ്നുഉസയ്ദിൽ ഗിഫാരിയി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ “പത്ത് അടയാളങ്ങൾ നിങ്ങൾ കാണുന്നതു വരെ നിശ്ചയം അന്ത്യനാൾ സംഭവിക്കുകയില്ല.” എന്നുപറഞ്ഞ നബി ﷺ അതിൽ അവസാനത്തേതായി പറഞ്ഞു:
وَآخِرُ ذَلِكَ نَارٌ تَخْرُجُ مِنْ الْيَمَنِ تَطْرُدُ النَّاسَ إِلَى مَحْشَرِهِمْ
“അതിൽ അവസാനത്തേത് യമനിൽനിന്ന് പുറപ്പെടുന്ന ഒരു തീയായിരിക്കും; അത് ആളുകളെ അവരുടെ മഹ്ശറിലേക്ക് ഒരു മിച്ചുകൂട്ടും.” (മുസ്ലിം)
മറ്റൊരു നിവേദനത്തിൽ:
وَنَارٌ تَخْرُجُ مِنْ قُعْرَةِ عَدَنٍ تَرْحَلُ النَّاسَ
“അദനിലെ ആഴിയിൽനിന്ന് പുറപ്പെടുന്ന, ജനങ്ങളെ യാത്രയാക്കുന്നതായ തീ.” (മുസ്ലിം)
അബ്ദുല്ലാഹ് ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളോട് പറഞ്ഞു:
سَتَخْرُجُ نَارٌ قَبْلَ يَوْمِ الْقِيَامَةِ مِنْ بَحْرِ حَضْرَمَوْتَ أَوْ مِنْ حَضْرَ مَوْتَ تَحْشُرُ النَّاسَ قَالُوا فَبِمَ تَأْمُرُنَا يَا رَسُولَ اللَّهِ قَالَ عَلَيْكُمْ بِالشَّامِ
“അന്ത്യനാളിനു മുമ്പായി ഒരു തീ ഹദ്വ്റമൗത് സമുദ്രത്തിൽ നിന്ന് അല്ലെങ്കിൽ ഹദ്വ്റമൗത്തിൽ നിന്ന് പുറപ്പെടും. അത് ജനങ്ങളെ ഒരുമിച്ചുകൂട്ടും. അവർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കൾ ഞങ്ങളോട് എന്താണ് കൽപിക്കുന്നത്? തിരുമേനി ﷺ പറഞ്ഞു: നിങ്ങൾ ശാമിനെ(സിറിയയെ) ലക്ഷ്യമാക്കുക.”
മഹ്ശർ
കാലാവസാനത്തിൽ ജനങ്ങൾ സിറിയയിലേക്ക് ഒരുമിച്ചു കൂട്ടപ്പെടും. അതത്രേ മഹ്ശറിന്റെ ഭൂമിക. തൽവിഷയത്തിൽ ഏതാനും തിരുമൊഴികൾ:
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്നും ഇമാം അഹ്മദ് നിവേദനം ചെയ്തതായ ഹദീഥ് ഉപരിയിൽ നൽകിയല്ലോ. അതിൽ സ്വഹാബികളുടെ ചോദ്യവും നബി ﷺ യുടെ പ്രതികരണവും ഇപ്രകാ രമാണ്.
فَبِمَ تَأْمُرُنَا يَا رَسُولَ اللَّهِ قَالَ عَلَيْكُمْ بِالشَّامِ
“…അല്ലാഹുവിന്റെ ദൂതരേ, താങ്കൾ ഞങ്ങളോട് എന്താണ് കൽപിക്കുന്നത്? തിരുമേനി ﷺ പറഞ്ഞു: നിങ്ങൾ ശാമിനെ(സിറി യയെ) ലക്ഷ്യമാക്കുക.”
ഹകീം ഇബ്നു മുആവിയ അൽബഹ്സി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
…. هَاهُنَا تُحْشَرُونَ. هَاهُنَا تُحْشَرُونَ. هَاهُنَا تُحْشَرُونَ. ثَلَاثًا، رُكْبَانًا وَمُشَاةً وَعَلَى وُجُوهِكُمْ…..
قَالَ ابْنُ أَبِي بُكَيْرٍ: فَأَشَارَ بِيَدِهِ إِلَى الشَّامِ فَقَالَ: إِلَى هَاهُنَا تُحْشَرُونَ
“…ഇവിടെ നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടും. ഇവിടെ നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടും. ഇവിടെ നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടും. മൂന്നു തവണ തിരുമേനി ﷺ ആവർത്തിച്ചു. വാഹനപ്പുറത്തും കാൽനട യായും നിങ്ങളുടെ മുഖംകുത്തിയും.”
(ഹകീമിൽ നിന്ന് നിവേദനം ചെയ്യുന്ന റാവി) ഇബ്നു അബീബുകയ്ർ പറയുന്നു: “അദ്ദേഹം തന്റെ കൈ സിറിയയി ലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു: ഇവിടേക്ക് നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടും.”
ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതെങ്ങിനെ?
യമനിൽ നിന്ന് പുറപ്പെടുന്ന തീ ഭൂമുഖത്ത് വ്യാപിക്കുകയും കിഴക്കുനിന്ന് തുടങ്ങി അത് ആളുകളെ മഹ്ശറിലേക്ക് ഒരുമിച്ചു കൂട്ടുകയും ചെയ്യും. മൂന്ന് കൂട്ടരായിക്കൊണ്ട് അത് ആളുകളെ അവരുടെ മഹ്ശറിലേക്ക് ഒരുമിച്ചുകൂട്ടും. അവർ:
• ആഗ്രഹവും താൽപര്യവുമുള്ളവരും വസ്ത്രധാരികളും വാഹനത്തിൽ സഞ്ചരിക്കുന്നവരും
• ഒട്ടകപ്പുറത്ത് മാറിമാറി സഞ്ചരിക്കുന്നവർ. അവർ ചില പ്പോൾ കാൽനടക്കാരായിരിക്കും മറ്റുചിലപ്പോൾ ഒട്ടകപ്പുറ ത്തുമായിരിക്കും.
• തീ ഒരുമിച്ചുകൂട്ടുന്നവർ. തീ അവരുടെ പിന്നിലായി അവരെ വലയം ചെയ്യുകയും അവർക്ക് സംരക്ഷണമാവുകയും അവരെ മഹ്ശറിലേക്ക് നയിക്കുകയും ചെയ്യും.
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം.നബി ﷺ പറഞ്ഞു:
يُحْشَرُ النَّاسُ عَلَى ثَلَاثِ طَرَائِقَ
رَاغِبِينَ رَاهِبِينَ
وَاثْنَانِ عَلَى بَعِيرٍ وَثَلَاثَةٌ عَلَى بَعِيرٍ وَأَرْبَعَةٌ عَلَى بَعِيرٍ وَعَشَرَةٌ عَلَى بَعِيرٍ
وَيَحْشُرُ بَقِيَّتَهُمْ النَّارُ
تَقِيلُ مَعَهُمْ حَيْثُ قَالُوا
وَتَبِيتُ مَعَهُمْ حَيْثُ بَاتُوا
وَتُصْبِحُ مَعَهُمْ حَيْثُ أَصْبَحُوا
وَتُمْسِي مَعَهُمْ حَيْثُ أَمْسَوْا
“ജനങ്ങൾ മൂന്ന് വിഭാഗങ്ങളായി ഒരുമിച്ചു കൂട്ടപ്പെടും. താൽപര്യവും ഭീതിയും ഉള്ളവരായി. രണ്ടുപേർ ഒരു ഒട്ടകത്തിന്മേൽ (മാറി മാറി). മൂന്നുപേർ ഒരു ഒട്ടകത്തിന്മേൽ (മാറിമാറി). നാലു പേർ ഒരു ഒട്ടകത്തിന്മേൽ (മാറിമാറി). പത്തുപേർ ഒരു ഒട്ടകത്തിന്മേൽ (മാറിമാറി). അവരിൽ ശേഷിക്കുന്നവരെ തീ ഒരുമിച്ചു കൂട്ടും. അവർ ഉച്ചയുറങ്ങുന്നിടത്ത് അത് അവരോടൊപ്പമുണ്ടാകും.
അവർ അന്തിയുറങ്ങുന്നിടത്ത് അത് അവരോടൊപ്പം രാത്രി കഴിച്ചു കൂട്ടും.അവർ പ്രഭാതത്തിൽ എവിടെയാണോ അതും അവ രോടൊപ്പം പ്രഭാതത്തിലുണ്ടാവും. അവർ പ്രദോഷത്തിലെവിടെയാണോ അതും അവരോടൊപ്പം പ്രദോഷത്തിലുണ്ടാവും.” (ബുഖാരി)
ജനങ്ങളെ ഒരുമിച്ചുകൂട്ടുന്നതെപ്പോൾ?
യമനിൽനിന്ന് പുറപ്പെടുന്നതായ തീ ആളുകളെ ഒരുമിച്ചു കൂട്ടുന്നത് എന്നായിരിക്കുമെന്നതിൽ അഥവാ അത് അന്ത്യനാൾ സംഭവിക്കുന്നതിനു മുമ്പാണോ അതല്ല അന്ത്യനാൾ സംഭ വിച്ചതിനു ശേഷമാണോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.
പ്രസ്തുത തീ ആളുകളെ ഒരുമിച്ചുകൂട്ടൽ അന്ത്യനാളിലായിരിക്കും അഥവാ ആളുകൾ ക്വബ്റുകളിൽ നിന്ന് ഉയിർത്തെഴുന്നേറ്റാൽ അവരെ മഹ്ശറിലേക്ക് ഒരുമിച്ചു കൂട്ടുന്നതാണെന്ന് ഇമാംബയ്ഹക്വി, അബൂഹാമിദുൽഗസ്സാലി തുടങ്ങിയുള്ള ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടു. എന്നാൽ ഭൂരിപക്ഷം പണ്ഡിതന്മാരും അന്ത്യനാൾ സംഭവിക്കുന്നതിനു മുമ്പ് ഭൗതികലോകത്ത് ജനങ്ങളെ ജീവനോടെ സിറിയയിലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ് അത് എന്ന അഭിപ്രായക്കാരാണ്.
ഈ അഭിപ്രായമാണ് ശരിയോട് ഏറ്റവും അടുത്തത്. കാരണം ക്വബ്റുകളിൽ നിന്ന് മഹ്ശറിലേക്ക് ഒരുമിച്ചു കൂട്ടപ്പെടുന്നതിനെ കുറിച്ചുള്ള വിവരണത്തിൽനിന്ന് വ്യത്യസ്തമായ വിവരണമാണ് സിറിയയിലേക്ക് ആളുകൾ ഒരുമിച്ചു കൂട്ടപ്പെടു ന്നതിനെ കുറിച്ച് പ്രമാണങ്ങളിലുള്ളത്. കാലാവസാനത്തിൽ ഭൂമുഖത്ത് ശേഷിക്കുന്നവരെ ഒരുമിച്ചുകൂട്ടുന്ന വിഷയത്തിലുള്ള അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള ഹദീഥ് മുൻ അദ്ധ്യായത്തിൽ വിവരിച്ചുവല്ലോ.
ഇമാം ഇബ്നുറജബുൽ ഹംബലിഠ പറഞ്ഞു:
“ലോകാവസാനാമയാൽ ഒരു തീ സൃഷ്ടികളിൽ നീചന്മാരായവരെ കീഴ്പ്പെടുത്തിയ നിലയിൽ സിറിയയിലേക്ക് തെളിച്ചു കൊണ്ടു പുറപ്പെടുകയും അങ്ങിനെ അത് മുഴുവൻ ആളുകളേയും ലോകം അവസാനിക്കുന്നതിനു മുമ്പായി സിറിയയിലേക്ക് ഒരുമിച്ചു കൂട്ടുകയും ചെയ്യും.”
എന്നാൽ അന്ത്യനാളിൽ നഗ്നരും നഗ്നപാദരും ചേലാകർമ്മം ചെയ്യപ്പെടാത്തവരുമായിട്ടാണ് ആളുകൾ ഒരുമിച്ചു കൂട്ടപ്പെടുക. ആ വിഷയത്തിൽ നബി ﷺ പറഞ്ഞു:
إِنَّكُمْ مَحْشُورُونَ حُفَاةً عُرَاةً غُرْلاً ثُمَّ قَرَأَ “كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ ۚ وَعْدًا عَلَيْنَا ۚ إِنَّا كُنَّا فَاعِلِينَ”
“നിശ്ചയം, നിങ്ങൾ നഗ്നരും നഗ്നപാദരും ചേലാകർമ്മം ചെയ്യപ്പെടാത്തവരുമായി ഒരുമിച്ചു കൂട്ടപ്പെടുന്നവരാണ്”. തുടർന്ന് തിരുമേനി ﷺ ഓതി:
كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ ۚ وَعْدًا عَلَيْنَا ۚ إِنَّا كُنَّا فَاعِلِينَ ﴿١٠٤﴾
ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവർത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാന മത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്. (സൂറത്തുൽ അമ്പിയാഅ് : 104)
മറ്റൊരു നിവേദനത്തിൽ:
يُحْشَرُ النَّاسُ يَوْمَ الْقِيَامَةِ حُفَاةً عُرَاةً غُرْلاً
“ജനങ്ങൾ നഗ്നരും നഗ്നപാദരും ചേലാകർമ്മം ചെയ്യപ്പെടാത്തവരുമായി ഒരുമിച്ചുകൂട്ടപ്പെടും” (ബുഖാരി, മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല