ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമല്ലെങ്കിലും മതപരമായി പുണ്യമാഗ്രഹിച്ചുകൊണ്ട് തീർഥാടനം ചെയ്യാൻ അനുവാദമുള്ള മൂന്ന് സ്ഥലങ്ങളിൽ ഒന്നാണ് മദീനയിലെ മസ്ജിദുന്നബവി.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ مَسْجِدِ الْحَرَامِ، وَمَسْجِدِي، وَمَسْجِدِ الأَقْصَى
നബിﷺ പറഞ്ഞു: മൂന്ന് പള്ളികളിലേക്കല്ലാതെ പുണ്യമാഗ്രഹിച്ചുകൊണ്ടുള്ള തീർഥയാത്ര പാടുള്ളതല്ല. ഒന്ന്, (മക്കയിലെ) മസ്ജിദുൽ ഹറാം. രണ്ട്, (മദീനയിലെ) എന്റെ പള്ളി. മൂന്ന്, മസ്ജിദുൽ അക്വ്‌സ്വ. (ബുഖാരി, മുസ്‌ലിം).
ലോകത്തുള്ള എത്രയോ വിശ്വാസികളുടെ ആഗ്രഹവും പ്രാർഥനയുമാണ് ഈ പുണ്യ സ്ഥലങ്ങളിൽ ഒന്ന് എത്തിപ്പെടുകയെന്നത്. അവിടെ നമുക്ക് എത്താൻ കഴിഞ്ഞുവെങ്കിൽ അത് വലിയ ഭാഗ്യവും പടച്ചവന്റെ അനുഗ്രഹവുമാണ്. അതിനാൽ അവിടെ എത്തിയവർ അതിന് നന്ദി കാണിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എങ്ങനെയാണ് നന്ദി ചെയ്യേണ്ടത്?
ഒന്നാമതായി, അവിടങ്ങളിൽ പാലിക്കേണ്ട മതപരമായ നിയമങ്ങളും മര്യാദകളും പഠിച്ചറിഞ്ഞ് അത് പാലിക്കുക എന്നതാണ്.
1. വൃത്തിയും ശുദ്ധിയും പാലിക്കുക: അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിൽ നാം ശുദ്ധിയോടും വൃത്തിയോടും കൂടിയാണ് ഇടപഴകേണ്ടത്. മറ്റുള്ളവർക്ക് അരോചകമാകുന്ന വിധത്തിൽ ദുർഗന്ധങ്ങളോ അപശബ്ദങ്ങളോ മറ്റോ നമ്മിൽനിന്ന് ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
2. പള്ളിയിൽ പ്രവേശിക്കുമ്പോൾ ആദ്യം വലതുകാൽ വെച്ച് പ്രത്യേകമായി പഠിപ്പിക്കപ്പെട്ട പ്രാർഥന ചൊല്ലി പ്രവേശിക്കുക. ‘ബിസ്മില്ലാഹ്, വസ്സ്വലാത്തു വസ്സലാമു അലാ റസൂലില്ലാഹ്, അല്ലാഹുമ്മഫ്തഹ്‌ലീ അബ്‌വാബ റഹ്‌മത്തിക’ എന്നതാണ് ആ പ്രാർതന.
3. പള്ളിയിൽ പ്രവേശിച്ചാൽ തഹിയ്യത്ത് നമസ്‌കാരം നിർവഹിക്കുക.
മദീന പള്ളിയിലെ പ്രത്യേകം മഹത്ത്വമുള്ള സ്ഥലമാണ് പ്രവാചക ഭവനത്തിന്റെയും മിമ്പറിന്റെയും ഇടയിലുള്ള റൗദ ശരീഫ്. അവിടെവെച്ച് നമസ്‌കരിക്കാൻ സാധിച്ചാൽ നല്ലതുതന്നെ. എന്നാൽ തിക്കും തിരക്കുമുണ്ടാക്കി മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് റൗദയിൽ നമസ്‌കരിക്കാനായി കഷ്ടപ്പെടേണ്ടതില്ല; അത് പുണ്യമല്ല. പള്ളിയുടെ എവിടെവെച്ച് നമസ്‌കരിച്ചാലും ഒന്നിന് ആയിരം ഇരട്ടി പ്രതിഫലമുണ്ട് എന്ന കാര്യം മറക്കാതിരിക്കുക.
നബിﷺയുടെ ക്വബ്ർ സന്ദർശിക്കൽ
മദീന പള്ളിയിലെത്തിയ ഒരാൾ നബിﷺയുടെ ക്വബ്ർ സന്ദർശിക്കുകയും സലാം പറയുകയും ചെയ്യൽ പുണ്യമുള്ള കാര്യമാണ്. അവിടെവെച്ച് ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കുവാനോ തിരക്ക് കൂട്ടുവാനോ പാടുള്ളതല്ല. അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَٰلُكُمْ وَأَنتُمْ لَا تَشْعُرُونَ ﴿٢﴾ إِنَّ ٱلَّذِينَ يَغُضُّونَ أَصْوَٰتَهُمْ عِندَ رَسُولِ ٱللَّهِ أُو۟لَٰٓئِكَ ٱلَّذِينَ ٱمْتَحَنَ ٱللَّهُ قُلُوبَهُمْ لِلتَّقْوَىٰ ۚ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ ﴿٣﴾
സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങൾ പ്രവാചകന്റെ ശബ്ദത്തിന് മീതെ ഉയർത്തരുത്. അദ്ദേഹത്തോട് സംസാരിക്കുമ്പോൾ നിങ്ങൾ അന്യോന്യം ഒച്ചയിടുന്നതുപോലെ ഒച്ചയിടുകയും ചെയ്യരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കർമങ്ങൾ നിഷ്ഫലമായി പോകാതിരിക്കാൻ വേണ്ടി. തീർച്ചയായും തങ്ങളുടെ ശബ്ദങ്ങൾ അല്ലാഹുവിന്റെ റസൂലിന്റെ അടുത്ത് താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു ധർമനിഷ്ഠയ്ക്കായി പരീക്ഷിച്ചെടുത്തിട്ടുള്ളത്. അവർക്കാകുന്നു പാപമോചനവും മഹത്തായ പ്രതിഫലവുമുള്ളത്. (ഖുര്‍ആൻ:49/2,3)
ഇത് ജീവിതകാലത്തും മരണശേഷവും ശ്രദ്ധിക്കേണ്ടതാണെന്ന് ഹാഫിദ് ഇബ്‌നു കസീർ رحمه الله അടക്കമുള്ള പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്.
നബിﷺയോട് പ്രാർഥിക്കുവാനോ സങ്കടപ്പെട്ട് ആവശ്യങ്ങൾ പറയുവാനോ ഒന്നും പാടില്ല. നമ്മുടെ സകലമാന പ്രാർഥനകളും ഏത് ഘട്ടത്തിലും അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ എന്നാണ് നബിﷺ പഠിപ്പിച്ചിട്ടുള്ളത്. ക്വബ്‌റിന്റെ ചുറ്റും കെട്ടിയിട്ടുള്ള മതിലുകളോ ഗ്രില്ലുകളോ മുത്തുന്നതും തടവുന്നതും മതപരമായി പുണ്യമുള്ള സംഗതിയല്ല. മറിച്ച് സച്ചരിതരായ മുൻഗാമികൾ വിലക്കിയിട്ടുള്ള തെറ്റായ പ്രവണതകളാണ് എന്ന കാര്യം നാം പ്രത്യേകം ഓർക്കുക.
നമുക്കവിടെ ചെയ്യുവാനുള്ളത് താഴെ പറയുന്ന കാര്യങ്ങൾ മാത്രമാണ്:
ഒന്ന്, നബിﷺക്ക് സലാം പറയൽ.
السلام عليك يا رسول الله ورحمة الله وبركاته
‘അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്, വറഹ്‌മതുല്ലാഹി വബറകാതുഹു’ എന്നാണ് പറയേണ്ടത്.
ശേഷം അൽപം വലത്തേക്ക് നീങ്ങി അബൂബക്കർ സ്വിദ്ദീഖ് رَضِيَ اللَّهُ عَنْهُ വിന് സലാം പറയുക.
السلام عليك يا أبا بكر الصديق ورحمة الله وبركاته
‘അസ്സലാമു അലൈക്ക യാ അബാബക്കർ സ്വിദ്ദീഖ് വറഹ്‌മതുല്ലാഹി വബറകാതുഹു’ എന്നാണ് പറയേണ്ടത്.
ശേഷം അൽപംകൂടി വലതുഭാഗത്തേക്ക് നീങ്ങി ഉമർ رَضِيَ اللَّهُ عَنْهُ വിന് സലാം പറയണം.
السلام عليك يا عمر الفاروق ورحمة الله وبركاته
‘അസ്സലാമു അലൈക്ക യാ ഉമർ അൽഫാറൂഖ്, വ റഹ്‌മതുല്ലാഹി വ ബറകാതുഹു’ എന്നാണ് പറയേണ്ടത്.
എന്തെങ്കിലും ദുആ ചെയ്യാൻ ഉണ്ടെങ്കിൽ ക്വിബ്‌ലക്ക് നേരെ തിരിഞ്ഞ് പള്ളിയുടെ എവിടെ വെച്ചും നമുക്ക് നിർവഹിക്കാം. തിരക്കില്ലാത്ത സ്വസ്ഥമായ ഇടം തെരഞ്ഞെടുത്ത് ഏകാഗ്രമായി മനസ്സാന്നിധ്യത്തോടെ ദുആകൾ അധികരിപ്പിക്കാൻ ശ്രദ്ധിക്കുക. ക്വബ്‌റിന്റെ അടുക്കൽ വെച്ച് പ്രത്യേകമായി ദുആ ചെയ്യുന്നതിന് മാതൃകയില്ല. അല്ലാഹുവല്ലാത്ത ഒരാളോടും നാം പ്രാർഥിച്ചുകൂടാ.
وَأَنَّ ٱلْمَسَٰجِدَ لِلَّهِ فَلَا تَدْعُوا۟ مَعَ ٱللَّهِ أَحَدًا
പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത് എന്നും. (ഖു൪ആന്‍:72/18)
ﻭَﺇِﺫَا ﺳَﺄَﻟَﻚَ ﻋِﺒَﺎﺩِﻯ ﻋَﻨِّﻰ ﻓَﺈِﻧِّﻰ ﻗَﺮِﻳﺐٌ ۖ ﺃُﺟِﻴﺐُ ﺩَﻋْﻮَﺓَ ٱﻟﺪَّاﻉِ ﺇِﺫَا ﺩَﻋَﺎﻥِ ۖ ﻓَﻠْﻴَﺴْﺘَﺠِﻴﺒُﻮا۟ ﻟِﻰ ﻭَﻟْﻴُﺆْﻣِﻨُﻮا۟ ﺑِﻰ ﻟَﻌَﻠَّﻬُﻢْ ﻳَﺮْﺷُﺪُﻭﻥَ
നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്. (ഖു൪ആന്‍ : 2/186)
സ്വഹാബിമാർക്ക് പലതരത്തിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും അവരാരും പ്രവാചകന്റെ ക്വബ്‌റിങ്ങൽ ചെന്ന് അദ്ദേഹത്തോട് സങ്കടം പറയുകയോ പ്രാർഥിക്കുകയോ ചെയ്ത സ്വഹീഹായ ഒറ്റ റിപ്പോർട്ടും നമുക്ക് കാണുവാൻ സാധിക്കില്ല; ഏതു വിപൽഘട്ടത്തിനും അല്ലാഹുവോട് മാത്രമാണ് അവർ പ്രാർഥിച്ചത്.
മദീനയിൽ തങ്ങുന്ന ദിവസങ്ങളത്രയും പരമാവധി മസ്ജിദുന്നബവിയിൽ തന്നെ നമസ്‌കരിക്കുവാൻ എത്തുവാനും അവിടെത്തന്നെ പരമാവധി സമയം ചെലവഴിക്കുവാനും പ്രത്യേകം മനസ്സു വെക്കണം. 40 വക്വ്ത് നമസ്‌കാരം മദീനയിലെ മസ്ജിദുന്നബവിയിൽ വെച്ച് നിർവഹിച്ചാൽ നരകത്തിൽ നിന്നും ക്വബ്ർ ശിക്ഷയിൽനിന്നും മോചനം ലഭിക്കും എന്ന് ചിലർ പ്രചരിപ്പിച്ചുവരുന്നുണ്ട്. അങ്ങനെയൊരു റിപ്പോർട്ട് ഉണ്ട് എന്നതു ശരിയാണ്. എന്നാൽ അത് അങ്ങേയറ്റം ദുർബലമായതാണെന്നും തെളിവിന് കൊള്ളാത്തതാണെന്നും പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്. എന്നാൽ 40 ദിവസം തക്ബീറത്തുൽ ഇഹ്‌റാമോടുകൂടി ഇമാമിന്റെ കൂടെ ജമാഅത്തായി നമസ്‌കരിക്കാൻ സാധിച്ചാൽ അയാൾ നരകത്തിൽ നിന്നും കാപട്യത്തിൽനിന്നും മുക്തനാണ് എന്നുള്ള പ്രബലമായ റിപ്പോർട്ട് കാണുവാൻ സാധിക്കും. അത് മദീനയിലെ പള്ളിയിൽ മാത്രമല്ല ഏതു പള്ളിയിലും – നാട്ടിൽ വെച്ചും – നാം ശ്രദ്ധിക്കേണ്ട കാര്യമാണ്.
തൊട്ടുമുത്താനും ത്വവാഫ് ചെയ്യാനും മതപരമായി നിർദേശിക്കപ്പെട്ടിട്ടുള്ളത് കഅ്ബയെ മാത്രമാണ്. മദീനയിൽ അങ്ങനെ പ്രത്യേകമായ ഒരു സ്ഥലവും ഇല്ല.
‘അൽ മസാജിദുസ്സബ്അ’ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലം സന്ദർശിക്കൽ മതപരമായി പുണ്യമുള്ളതല്ല. എന്നാൽ ഖൻദഖ് യുദ്ധത്തിന്റെ സ്മരണകളുള്ള ചരിത്രസ്ഥലം എന്ന നിലയിൽ സന്ദർശിക്കാവുന്നതാണ്. നബിﷺയുടെയും സഹാബത്തിന്റെയും ത്യാഗചരിത്രങ്ങൾ അയവിറക്കുവാനും അവരുടെ മാതൃക പിൻപറ്റുവാനുമുള്ള പ്രചോദനമാണ് ഇതിൽനിന്നൊക്കെ നമുക്ക് ലഭിക്കുവാനുള്ളത്.
മസ്ജിദുൽ ക്വിബ്‌ലത്തൈൻ
രണ്ട് ക്വിബ്‌ലകളുള്ള പള്ളി എന്നാണ് ഇതിന്റെ അർഥം. ആ പ്രദേശത്തുകാർ ഒരു നമസ്‌കാരത്തിലായിരിക്കെ നബിﷺക്ക് ബൈത്തുൽ മക്വദ്ദസിൽനിന്ന് കഅ്ബയിലേക്ക് ക്വിബ്‌ല മാറിക്കൊണ്ടുള്ള വഹ്‌യ് ലഭിച്ച വിവരം പ്രവാചകനോടൊപ്പം നമസ്‌കരിച്ചു വന്ന ഒരു സ്വഹാബി അറിയിച്ചപ്പോൾ നിസ്‌കാരത്തിൽ തന്നെ അവർ കഅ്ബയിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചതിനാൽ രണ്ട് ക്വിബ്‌ലകളുടെ പള്ളി എന്ന പേരിൽ അത് അറിയപ്പെടുകയാണ് ചെയ്തത്. അവിടെയും മതപരമായ പ്രത്യേക സന്ദർശനത്തിനും കർമങ്ങൾക്കും മാതൃകയില്ല. ആ ചരിത്രസത്യം നേരിൽ കണ്ടു ബോധ്യപ്പെടാൻ സന്ദർശനം സഹായകമാണെന്നു മാത്രം.
മദീനയിൽ സന്ദർശിക്കാനുള്ള മറ്റു സ്ഥലങ്ങൾ
ബക്വീഉൽ ഗർഖദ് (മദീനയിലെ ക്വബ്ർസ്ഥാൻ)
ഒട്ടേറെ സ്വഹാബികൾ അടക്കം ധാരാളം വിശ്വാസികൾ ക്വബ്‌റടക്കപ്പെട്ടിട്ടുള്ള ശ്മശാനമാണ് ‘ബക്വീഅ.്’ നബിﷺ അവിടം സന്ദർശിക്കുകയും സലാം പറയുകയും അവിടെ ക്വബ്‌റടക്കപ്പെട്ടിട്ടുള്ളവർക്കു വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്യുമായിരുന്നു.
അതിനാൽ നമുക്കും ആ ക്വബ്‌റുകൾ സന്ദർശിക്കുവാനും സലാം പറയുവാനും അവർക്കുവേണ്ടി പടച്ചവനോട് പ്രാർഥിക്കുവാനും അതുവഴി പുണ്യം നേടാനും ശ്രമിക്കാം. അവരെപ്പോലെ നമ്മളും ഒരു ദിവസം ഈ ലോകം വിട്ടു പോകേണ്ടവരാണ് എന്ന ചിന്ത നമുക്ക് സദാസമയവും ഉണ്ടായിരിക്കുകയും വേണം.
എന്നാൽ ഏതെങ്കിലും ക്വബ്‌റിലേക്ക് തിരിഞ്ഞു നമസ്‌കരിക്കുന്നതും ബറകത്തെടുക്കുവാൻ എന്ന ഉദ്ദേശ്യത്തിൽ അവിടെനിന്ന് മണ്ണോ കല്ലോ മറ്റെന്തെങ്കിലും സാധനങ്ങളോ എടുത്തുകൊണ്ടു പോകുന്നതും ക്വബ്‌റാളികളോട് പ്രാർഥിക്കുന്നതും ഇസ്‌ലാമികമായി പാടില്ലാത്ത ഗുരുതരമായ തെറ്റുകളാണ്.
ഉഹ്ദ്
ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാനമായ ഉഹ്ദ് യുദ്ധം നടന്ന സ്ഥലമാണ് ഉഹ്ദ് മലയും പരിസരപ്രദേശങ്ങളും. എഴുപതോളം സ്വഹാബിമാർ ശഹീദായ സ്ഥലമാണത്. പ്രവാചകൻﷺ ഉഹ്ദ് ശുഹദാക്കളെ സന്ദർശിക്കുകയും അവർക്ക് സലാം പറയുകയും അവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്യുമായിരുന്നു. ഇസ്‌ലാമിനുവേണ്ടി ധാരാളം ത്യാഗങ്ങൾ സഹിച്ച് ശത്രുക്കളോട് പോരാടി മരണം വരിച്ച മഹത്തുക്കളാണ് അവർ. ആ സ്വഹാബത്തിന്റെ ത്യാഗവും ആത്മാർഥതയും ദീനീനിഷ്ഠയും അറിയുകയും അവരെ സ്‌നേഹിക്കുകയും മതപരമായ ആശയാദർശങ്ങൾ അവർ പ്രവാചകനിൽ നിന്ന് പഠിച്ചറിഞ്ഞ് ആചരിച്ചതുപോലെ അവരിൽനിന്ന് നമ്മളും പഠിച്ചറിഞ്ഞ് പിൻപറ്റാൻ പ്രത്യേകം മനസ്സുവെക്കേണ്ടതുണ്ട്.
ക്വുബാ പള്ളി
നബിﷺ ആഴ്ചയിലൊരിക്കൽ ക്വുബാ പളളി സന്ദർശിക്കുകയും അവിടെ നമസ്‌കരിക്കുകയും ചെയ്യാറുണ്ടായിരുന്നു. താമസ സ്ഥലത്തുനിന്ന് വുദൂഅ് ചെയ്ത് ക്വുബാ മസ്ജിദിലെത്തുകയും അവിടെ വെച്ച് നമസ്‌കാരം നിർവഹിക്കുകയും ചെയ്താൽ ഒരു ഉംറ നിർവഹിച്ച പ്രതിഫലമുണ്ട് എന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്
عَنْ سَهْلُ بْنُ حُنَيْفٍ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : مَنْ تَطَهَّرَ فِي بَيْتِهِ، ثُمَّ أَتَى مَسْجِدَ قُبَاءٍ، فَصَلَّى فِيهِ صَلاَةً، كَانَ لَهُ كَأَجْرِ عُمْرَةٍ
സഹ്ൽ ബ്നു ഹുനൈഫ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും തന്റെ താമസ സ്ഥലത്തുനിന്ന് വുദൂഅ് ചെയ്തു ഖുബാ മസ്ജിദിൽ വന്ന് നമസ്കരിച്ചാൽ അവന് ഒരു ഉംറ നിർവഹിച്ച പ്രതിഫലമുണ്ട്. (ഇബ്നുമാജ:1412)
ശമീർ മദീനി