പക്ഷികളിലെ പാഠങ്ങൾ

THADHKIRAH

وَمَا مِن دَآبَّةٍ فِى ٱلْأَرْضِ وَلَا طَٰٓئِرٍ يَطِيرُ بِجَنَاحَيْهِ إِلَّآ أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِى ٱلْكِتَٰبِ مِن شَىْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ

ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്‌. (ഖു൪ആന്‍:6/38)

أَلَمْ تَرَ أَنَّ ٱللَّهَ يُسَبِّحُ لَهُۥ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱلطَّيْرُ صَٰٓفَّٰتٍ ۖ كُلٌّ قَدْ عَلِمَ صَلَاتَهُۥ وَتَسْبِيحَهُۥ ۗ وَٱللَّهُ عَلِيمُۢ بِمَا يَفْعَلُونَ ‎

ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? ഓരോരുത്തര്‍ക്കും തന്‍റെ പ്രാര്‍ത്ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് അറിവുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ. (ഖു൪ആന്‍:24/41)

ഗുരുത്വാകർഷണവും വായു പ്രതിരോധവുമൊക്കെ ഉണ്ടായിട്ടും ഇതെല്ലാം തരണം ചെയ്ത് പറക്കാൻ കൃത്യമായ, അതിന് യോഗ്യമായ ശാരീരിക ഘടന അതിന് അല്ലാഹു നൽകി.

أَلَمْ يَرَوْا۟ إِلَى ٱلطَّيْرِ مُسَخَّرَٰتٍ فِى جَوِّ ٱلسَّمَآءِ مَا يُمْسِكُهُنَّ إِلَّا ٱللَّهُ ۗ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يُؤْمِنُونَ

അന്തരീക്ഷത്തില്‍ (ദൈവിക കല്‍പനയ്ക്ക്‌) വിധേയമായികൊണ്ടു പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍:16/79)

കരണം മറിയുകയോ, വീണുപോകുകയോ ചെയ്യാതെ, മുകളില്‍നിന്നു പിടിച്ചു നിറുത്തുവാനോ താഴെനിന്നു താങ്ങിനിറുത്തുവാനോ ആരുമില്ലാതെ, പക്ഷികള്‍ യഥേഷ്ടം അന്തരീക്ഷത്തില്‍ പാറിക്കളിക്കുന്ന കാഴ്ച എല്ലാവരും കാണാറുള്ളതാണ്. സത്യവിശ്വാസം സ്വീകരിക്കുവാന്‍ തയ്യാറുള്ളവര്‍ക്കു ഇതില്‍ നിന്നും പല ദൃഷ്ടാന്തങ്ങളും ലഭിക്കുവാനുണ്ടെന്നു അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു. കീഴ്പോട്ടുവീഴാതെ അന്തരീക്ഷത്തില്‍ പറക്കുവാന്‍ പക്ഷികള്‍ക്കു കഴിയുമാറാകുന്നതിനു ശാസ്ത്രജ്ഞന്‍മാര്‍ക്കു ചില കാരണങ്ങളൊക്കെ പറയുവാനുള്ളതു ശരിതന്നെ. പക്ഷെ, ആ കാരണങ്ങള്‍ ഒരുക്കിയതും, സൃഷ്ടിച്ചുവെച്ചതും അല്ലാഹുവല്ലാതെ മറ്റാരുമല്ലല്ലോ. അതെല്ലാം പ്രകൃതിയുടെ സൃഷ്ടിയാണെന്നു പറഞ്ഞു തൃപ്തിഅടയുന്നവരെ സംബന്ധിച്ചിടത്തോളം അതില്‍ ‘പ്രകൃതിയുടെ വികൃതി’ എന്നതില്‍ കവിഞ്ഞ രഹസ്യമൊന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ലെന്നുവരും. എന്നാല്‍, സത്യാന്വേഷികള്‍ക്കു അതില്‍ നിന്നു വളരെ ദൃഷ്ടാന്തങ്ങള്‍ ലഭിക്കുവാനുണ്ടു നിശ്ചയം. (അമാനി തഫ്സീര്‍)

أَوَلَمْ يَرَوْا۟ إِلَى ٱلطَّيْرِ فَوْقَهُمْ صَٰٓفَّٰتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا ٱلرَّحْمَٰنُ ۚ إِنَّهُۥ بِكُلِّ شَىْءِۭ بَصِيرٌ

അവര്‍ക്കു മുകളില്‍ ചിറക് വിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിറുത്തുന്നില്ല. തീര്‍ച്ചയായും അവന്‍ എല്ലാകാര്യവും കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍:67/19)

ഇതില്‍ ഒരു ശാസനയുണ്ട്. അതോടൊപ്പം അന്തരീക്ഷത്തെ, വായുവിനെ അല്ലാഹു സൗകര്യപ്പെടുത്തി കൊടുത്ത പക്ഷിയെ നിരീക്ഷിക്കാന്‍ ഇവിടെ പ്രേരിപ്പിക്കുന്നു. പറക്കാന്‍ തന്റെ ചിറകുകള്‍ വിടര്‍ത്തിപ്പിടിക്കുകയും ഇറങ്ങാന്‍ ചിറകു കൂട്ടിപ്പിടിക്കുകയും ചെയ്യുന്ന പക്ഷകളിലേക്ക്. അങ്ങനെ അത് അന്തരീക്ഷത്തില്‍ സഞ്ചരിക്കുകയും അതിന്റെ ഉദ്ദേശ്യാവശ്യങ്ങള്‍ക്കനുസരിച്ച് ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

{പരമകാരുണികനല്ലാതെ അതിനെ താങ്ങി നിര്‍ത്തുന്നില്ല} അന്തരീക്ഷത്തെ അവയ്ക്ക് സൗകര്യപ്പെടുത്തി കൊടുത്തത് അല്ലാഹുവാണ്. പറക്കാന്‍ കഴിയുന്ന വിധത്തിലാണ് അതിന്റെ സൃഷ്ടിപ്പും ശരീരങ്ങളും അവന്‍ സംവിധാനിച്ചത്. പറക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കുകയും ഗുണപാഠമുള്‍ക്കൊള്ളുകയും ചെയ്യുന്നവര്‍ക്ക്. അത് സ്രഷ്ടാവിന്റെ കഴിവിനെ ബോധ്യപ്പെടുത്തുന്നതും ദൈവികമായ പരിഗണനയെ അറിയിക്കുന്നതും. ആരാധനക്ക് അര്‍ഹതയുള്ള ഏകനാണ് അവനെന്നും കണ്ടെത്താനാവും.  (തഫ്സീറുസ്സഅ്ദി)

Leave a Reply

Your email address will not be published.

Similar Posts