നോമ്പ് : ആത്മീയതക്കും ആരോഗ്യത്തിനും

THADHKIRAH

മനുഷ്യന്റെ ആത്മീയതയെ ശക്തിപ്പെടുത്തുന്നതിനും മൃഗീയ വാസനകൾക്ക് കടിഞ്ഞാണിടുന്നതിനും സഹായകമായ ഒരു ആരാധനയാണ് നോമ്പ്. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവർക്ക് നിർബന്ധമാക്കപ്പട്ടതുപോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങൾ ഭക്തിയുളളവരായേക്കാം. (ഖുർആൻ:2/183)

മനുഷ്യരുടെ അമിതഭോജനം മതകാര്യങ്ങൾ അനുഷ്ഠിക്കുന്നതിൽ അവർക്ക് ആലസ്യമുണ്ടാക്കുകയും അതുവഴി അവരുടെ ആത്മീയ ചൈതന്യം ചോർന്നുപോകുകയും ചെയ്യും. മാനവചരിത്രം പരിശോധിക്കുകയാണങ്കിൽ സമൂഹത്തിലെ പട്ടിണിപ്പാവങ്ങൾ സമ്പന്നരെക്കാൾ ഭക്തരും മതകാര്യങ്ങളിൽ നിഷ്ഠപുലർത്തുന്നവരുമായിരുന്നെന്ന് കാണാൻ കഴിയും. പ്രവാചകന്മാരെ പിൻപറ്റിയവരിൽ അധികപേരും സമൂഹത്തിലെ താഴെക്കിടയിൽ പെട്ടവരായിരുന്നല്ലോ.

മാനവകുലത്തിന്റെ ചരിത്രത്തിന് ആമുഖമെഴുതി പ്രസിദ്ധനായ ഇബ്‌നു ഖൽദൂൻ തന്റെ വിഖ്യാതമായ ‘മുക്വദ്ദിമ’യിൽ മനുഷ്യജീവിതത്തിൽ വിശപ്പുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും പട്ടിണിയുടെ പോഷണത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ‘ഭൂമിയിലെ ഫലഭൂയിഷ്ടമായ മേഖലകളിൽ ധാന്യങ്ങളും പഴങ്ങളും ധാരാളം വളരുകയും അവിടെയുളളവർക്ക് ജീവിതത്തിൽ സുഭിക്ഷതയുണ്ടാകുകയും ചെയ്യും. എന്നാൽ മണൽക്കാടുകളിലും തരിശുഭൂമികളിലും താമസിക്കുന്നവർക്ക് താരതമ്യേന കുറഞ്ഞ ഭക്ഷണമാണ് ലഭ്യമാകുക. ഇങ്ങനെയൊക്കെയാണങ്കിലും ധാന്യങ്ങളും കറിക്കൂട്ടുകളും കിട്ടാനില്ലാത്ത മരുഭൂവാസികൾക്ക് സുഖസമൃദ്ധിയിൽ കഴിയുന്നവരെക്കാൾ നല്ല ശരീരാരോഗ്യവും സ്വഭാവഗൂണങ്ങളും ഉള്ളതായി കാണാം. അവരുടെ നിറം കൂടുതൽ തെളിഞ്ഞതും ശരീരം വെടിപ്പുളളതും ആകാരം കുറ്റമറ്റതും ഭംഗിയുളളതുമായിരിക്കും’’ (പേജ് 17).

“വിശപ്പ് സഹിക്കുന്നവരിൽ സന്തുലിതമായ സ്വഭാവഗുണങ്ങളും അറിവ് ആർജിക്കുന്നതിലും വസ്തുതകൾ നിരീക്ഷിക്കുന്നതിലും മറ്റുളളവരെക്കാൾ ഉൻമേഷവും ഊർജസ്വലതയും കാണപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിന് കാരണം മനുഷ്യൻ കഴിക്കുന്ന ഭക്ഷണത്തിന്റെ ആധിക്യവും അതുൾകൊള്ളുന്ന വിനാശകരമായ അധികപ്പറ്റുകളും ദുർനീരുകളും അവന്റെ തലച്ചോറിൽ എത്തുകയും മനസ്സിനെയും ചിന്താശക്തിയെയും അത് മന്ദീഭവിപ്പിക്കുകയും ചെയ്യുന്നതാണ്. അമിതാഹാരം മനുഷ്യന്റെ ബൗദ്ധികവികാസത്തിന് മാത്രമല്ല ദേഷംവരുത്തുന്നത്; അവന്റെ ശരീര സൗന്ദര്യത്തിനും അത് മങ്ങലേൽപ്പിക്കുന്നുണ്ട്. ഉദാഹരണമായി, തരിശുഭൂമിയിൽ ജീവിക്കുന്ന ജന്തുക്കളായ കലമാൻ, ജിറാഫ് എന്നിവ സമൃദ്ധമായ മേച്ചിൽപുറങ്ങളിൽ ജീവിക്കുന്ന ആട്, ഒട്ടകം എന്നിവയെക്കാൾ രൂപഭംഗിയും സൗന്ദര്യവും ഉളളവയാണ്’’ (പേജ് 18).

ഭക്ഷണസമൃദ്ധി ബുദ്ധിയിലും സൗന്ദര്യത്തിലും മാത്രമല്ല മതകാര്യങ്ങളിലും ദൈവാരാധനയിലും വരെ സ്വാധീനം ചെലുത്തുന്നുണ്ട്. നാട്ടിൻപുറങ്ങളിലാണെങ്കിലും നഗരങ്ങളിലാണെങ്കിലും അഷ്ടിക്ക് വകയില്ലാതെ വിശപ്പും പേറി ഞെങ്ങിഞെരുങ്ങി കഴിയുന്നവർ ഐശ്വര്യത്തിലും സുഭിക്ഷതയിലും കഴിയുന്നവരെക്കാൾ മതബോധമുളളവരും മതാനുഷ്ഠാനങ്ങളിൽ ഏർപ്പെടുന്നവരുമായി കാണപ്പെടുന്നുണ്ട്. പ്രപഞ്ചനാഥനും സകല സമ്പത്തുക്കളുടെ ഉടമയുമായ അല്ലാഹു തന്റെ ശ്രേഷ്ഠനായ പ്രവാചകന് വയറു നിറച്ച് ആഹാരം കഴിക്കാൻ അവസരം നൽകിയില്ല എന്ന വസ്തുതയിലും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. വിശപ്പ് വിനാശകരമായ ഒരു ശാപമായിരുന്നുവെങ്കിൽ അല്ലാഹു തന്റെ തിരുദൂതനെ അതിന്റെ പീഡനമേൽക്കാൻ അനുവദിക്കുമായിരുന്നില്ല. പട്ടിണിക്ക് ആത്മീയരംഗത്ത് നമുക്ക് അജ്ഞാതമായ ചില പോഷണങ്ങൾ നൽകാൻ കഴിയുന്നതുകൊണ്ടായിരിക്കാം പല പ്രവാചകന്മാരെയും സാത്വികരെയും അല്ലാഹു പട്ടിണിയിൽനിന്ന് കരകയറ്റാതിരുന്നത്. (അല്ലാഹുവാണ് നന്നായി അറിയുന്നവൻ)

വിശപ്പ് താങ്ങാനോ ഭക്ഷണം കുറക്കാനോ കഴിയുന്നത് ആത്മീയരംഗത്ത് മാത്രമല്ല ആരോഗ്യ രംഗത്തും വളരെ പ്രയോജനകരമാണ്. ഇവിടെയാണ് വ്രതം പ്രസക്തമാകുന്നത്. ഒരാൾക്ക് പട്ടിണി മരണം സംഭവിക്കുന്നത് കേവലം വിശപ്പനുഭവക്കുന്നതുകൊണ്ട് മാത്രമല്ല; പ്രത്യുത മുമ്പ് അവൻ വയറുനിറച്ച് ശീലമാക്കിയതുകൊണ്ട് കൂടിയാണ്.

ആദ്യമായി നോമ്പെടുക്കുന്നവർക്ക് ചില ശാരീരിക പ്രയാസങ്ങൾ ഉണ്ടാകാനിടയുണ്ട്. എന്നാൽ നോമ്പ് ശീലമാകുന്നതോടുകൂടി ഇത്തരം പ്രയാസങ്ങൾ വിട്ടുമാറുകയും അത് ആരോഗ്യദായകമായി മാറുകയും ചെയ്യും. വ്രതം ആരോഗ്യത്തിന് ഹാനികരമായിരുന്നുവെങ്കിൽ ഇസ്‌ലാമിന്റെ ശത്രുക്കൾ അത് ഒരായുധമാക്കി ഇസ്‌ലാമിനെ വിമർശിക്കുമായിരുന്നു. ഇസ്‌ലാമിന്റെ എതിരാളികൾ പോലും ഇന്ന് നോമ്പിനെ പ്രശംസിക്കുകയാണ് ചെയ്യുന്നത്. സർവോപരി ആധുനിക വൈദ്യശാസത്ര പഠനങ്ങളും ഗവേഷണങ്ങളും വ്രതത്തിന്റെ ആരോഗ്യശാസ്ത്രമാനങ്ങളാണ് വെളിപ്പെടുത്തുന്നത്.

നോമ്പനുഷ്ഠിക്കുന്നത് ആരോഗ്യത്തിന് ഒട്ടും അപകടകരമല്ല. പ്രകൃതി ചികിത്സയിൽ ഒട്ടനവധി അസുഖങ്ങളുടെ ശമനത്തിന് അത് അത്യാവശ്യമാണ്. മനുഷ്യൻ രോഗിയായിരിക്കുമ്പോൾ ഭക്ഷണത്തോട് താൽപര്യം കാണിക്കാറില്ല. രോഗിയുടെ ഉറ്റവരുടെ നിർബന്ധംകൊണ്ട് മാത്രമാണ് വല്ലതും അകത്താക്കാറുളളത്. നാം കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാൻ ശരീരം ധാരാളം ഊർജം ചെലവഴിക്കുകയും അധ്വാനിക്കുകയും ചെയ്യേണ്ടതുണ്. അതുകൊണ്ട് തന്നെ രോഗാവസ്ഥയിൽ ഭക്ഷണം കഴിക്കുന്നത് സ്വാഭാവിക രോഗശമനത്തിന് വിഘാതം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

മനുഷ്യന്റെ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഇന്ധനം ലഭിക്കുന്നത് അവൻ കഴിക്കുന്ന ഭക്ഷണത്തിൽനിന്നാണ്. എന്നാൽ ഭക്ഷണം തീരുന്നതോടുകൂടി പ്രവർത്തനങ്ങൾ പാടെ നിലയ്ക്കുന്ന രൂപത്തിലല്ല അല്ലാഹു മനുഷ്യശരീരത്തെ രുപകൽപന ചെയ്തിട്ടുളളത്. അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി കരൾ മിച്ചം വരുന്ന ഭക്ഷണത്തെ ഗ്ലൈക്കോജനാക്കി കരുതിവെക്കാറുണ്ട്. ഇങ്ങനെ കരുതി വെച്ച ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റിയാണ് ഭക്ഷണം ലഭിക്കാതെ വരുമ്പോഴുളള ഊർജപ്രതിസന്ധി പരിഹരിക്കാറുളളത്. തുടർന്നും ഭക്ഷണം ലഭിക്കാതെ മണിക്കൂറുകൾ പിന്നിട്ടാൽ ശരീരം കൊഴുപ്പിലും മാംസ പേശികളിലും കൈവെച്ച് പ്രതിസന്ധി പരിഹരിക്കും. ഒരു നോമ്പുകാരനെ സംബന്ധിച്ചേടത്തോളം അവന് തീരെ നിൽക്കക്കളളിയില്ലാതാകുന്നതിന് മുമ്പായി നോമ്പിന്റെ സമയം അവസാനിക്കുകയും വീണ്ടും ഭക്ഷണം കഴിച്ച് ഊർജ പ്രതിസന്ധി തീർക്കാനാവുകയും ചെയ്യും.

മനുഷ്യന്റെ ദഹനേന്ദ്രിയ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഒട്ടേറെ അവയവങ്ങൾക്ക് അൽപം വിശ്രമം ലഭിക്കും എന്നതാണ് നോമ്പുകൊണ്ട് ലഭിക്കുന്ന മറ്റൊരു ഭൗതികനേട്ടം. ഉദാ: വൃക്കകൾ രക്തത്തിലെ മാലിന്യങ്ങൾ അരിക്കുന്ന ജോലിയിൽ മുഴുകിയിരിക്കുകയാണ്. എത്രകണ്ട് ഭക്ഷണം അകത്താക്കുന്നുവോ അത്രകണ്ട് അതിന് ജോലിഭാരവും കൂടും. നോമ്പെടുക്കുമ്പോൾ വൃക്കകൾക്ക് ജോലിഭാരം കുറയുകയും അതുമുലം വൃക്കരോഗങ്ങളിൽനിന്ന് രക്ഷനേടാൻ സാധിക്കുകയും ചെയ്യും.

പോഷകാഹാരക്കുറവ് മൂലമുളള രോഗങ്ങളാണ് മുമ്പ് ജനങ്ങളെ വേട്ടയാടിയിരുന്നതെങ്കിൽ ഇന്ന് ഭക്ഷ്യജന്യരോഗങ്ങളാണ് പലരെയും ബാധിക്കുന്നത്. പ്രമേഹം, പ്രഷർ, ഹൃദ്രോഗം എന്നിവ അതിനുദാഹരണമാണ്. ഭക്ഷണ നിയന്ത്രണത്തിലൂടെ ഒരളവോളം ഇവയെ നിയന്ത്രിക്കാനാവും. ഇത്തരം രോഗങ്ങൾ ബാധിക്കുന്നതിൽ പാരമ്പര്യമാണ് പ്രധാന വില്ലനെങ്കിലും വ്രതത്തിലൂടെ ഇവയുടെ പീഡകൾ കുറെയൊക്കെ ലഘൂകരിക്കാനാവും.

വ്രതം ആരോഗ്യദായകമാണെങ്കിലും പകലന്തിയോളം പട്ടിണികിടക്കുകയും രാത്രിയിൽ മൂക്കറ്റം തിന്നുകയും ചെയ്യുന്നവർക്ക് വ്രതത്തിന്റെ ആരോഗ്യനേട്ടങ്ങൾ ലഭിക്കണമെന്നില്ല. റമദാനിലാണെങ്കിലും അല്ലങ്കിലും ഭക്ഷണത്തെക്കുറിച്ചുളള ഇസ്‌ലാമിക മാർഗദർശനങ്ങൾ പാലിക്കേണ്ടതുണ്ട്.

നബിﷺ പറഞ്ഞു: ‘ഒരു മനുഷ്യന് തന്റെ നട്ടെല്ല് നിവർത്താൻ ഏതാനും ചെറിയ ഉരുളകൾ മതി. ഇനി കൂടാതെ കഴിയില്ലെങ്കിൽ അവന്റെ ആമാശയത്തിന്റെ മൂന്നിലെന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെളളത്തിനും മൂന്നിലൊന്ന് വായുവിനും ആയിരിക്കട്ടെ.’

‘നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക, അമിതമാകരുത്’ എന്നാണ് ക്വുർആൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഈ മാർഗനിർദേശങ്ങൾ പാലിച്ചെങ്കിൽ മാത്രമെ നോമ്പിന്റെ ചൈതന്യം ഉൾക്കൊണ്ട് ആരാധനകളിൽ നിരതരാകാനും ആരോഗ്യം നേടിയെടുക്കാനും കഴിയൂ.

ഡോ. ടി.കെ യൂസുഫ്

Leave a Reply

Your email address will not be published.

Similar Posts