‘ഇന്ന സ്ഥലത്തെ പ്രസിദ്ധമായ ഉറൂസിന് കൊടിയേറി’ എന്ന വാര്‍ത്ത പല സ്ഥലങ്ങളിലും കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. അതിനോട് അനുബന്ധിച്ച് അവിടെ പലവിധ ഇബാദത്തുകളും നടത്തപ്പെടുന്നു. പലരും ധരിച്ചിരിക്കുന്നത് അതൊക്കെ നന്മയും പുണ്യവുമൊക്കെ ആണെന്നാണ്. ഇത് സംബന്ധിച്ച് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.

ഒന്നാമതായി, മക്വ്ബറകളില്‍ ഉറൂസുകളും ആഘോഷങ്ങളും നടത്തുന്നിടത്ത്, അവിടെ ഖബ്ര്‍ കെട്ടി ഉയ൪ത്തുകയും അതിന്‍മേല്‍ കെട്ടിടം നി൪മ്മിക്കുകയും ചെയ്തിട്ടുണ്ട്. ക്വബ്‌റുകള്‍ കെട്ടിപ്പൊക്കുന്നത് നിഷിദ്ധമാണ്. അത് ശിര്‍ക്കിലേക്ക് എത്തിക്കും. ക്വബ്‌റുകളിന്‍മേല്‍ എടുപ്പുകള്‍ ഉണ്ടാക്കുന്നതും  വിരോധിക്കപ്പെട്ടതാണ്. കാരണം അത് പടുത്തുയര്‍ത്തുന്നത് അതിനെ ആരാധനാ സ്ഥലമാക്കും. അതുവഴി അവിടെ നടക്കുന്നത് ശിര്‍ക്കും അല്ലാഹു ഇഷ്ടപ്പെടാത്തതായ കുഫ്‌റും ആണ്. നബിമാരുടെ ക്വബ്‌റുകളെ ആരാധനാലയങ്ങളാക്കി മാറ്റിയവരുടെ മേല്‍ അല്ലാഹുവിന്റെ കോപം കഠിനമായിരിക്കുന്നു. ആ ക്വബ്‌റുകളെ അവര്‍ ആരാധനക്കും പ്രാര്‍ഥനക്കും ആവശ്യങ്ങള്‍ ചോദിക്കുവാനും അതിലേക്ക് കീഴ്‌വണക്കം കാണിക്കുവാനും ഉള്ള സ്ഥലമായി സ്വീകരിച്ചിരിക്കുന്നു. അതിനാലാണ് അല്ലാഹുവിന്റെ കോപം അവരുടെ മേല്‍ കഠിനമായത്.

عَنْ جَابِرٍ، قَالَ ‏:‏ نَهَى رَسُولُ اللَّهِ صلى الله عليه وسلم أَنْ يُبْنَى عَلَى الْقَبْرِ، أَوْ يُزَادَ عَلَيْهِ، أَوْ يُجَصَّصَ ‏.‏

ജാബിര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: ഖബ്റുകളിൻമേൽ എടുപ്പുണ്ടാക്കുന്നതും, അതിൽ വർദ്ധിപ്പിക്കുന്നതും, അതിൽ കുമ്മായം ഇടുന്നതും, നബി ﷺ നിരോധിച്ചു. (നസാഇ:2027)

عَنْ عَائِشَةَ، وَعَبْدَ اللَّهِ بْنَ عَبَّاسٍ، قَالاَ لَمَّا نَزَلَ بِرَسُولِ اللَّهِ صلى الله عليه وسلم طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا عَنْ وَجْهِهِ، فَقَالَ وَهْوَ كَذَلِكَ ‏ “‏ لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ‏”‏‏.‏ يُحَذِّرُ مَا صَنَعُوا‏

ആയിശ رَضِيَ اللَّهُ عَنْها, അബ്ദില്ലാഹിബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ എന്നിവരിൽ  നിന്നും നിവേദനം: അവ൪ പറഞ്ഞു: നബി ﷺ ക്ക് മരണം ആസന്നമായപ്പോള്‍ അവിടുന്ന് ഒരു വസ്ത്രമെടുത്ത് തന്റെ മുഖത്ത് ഇട്ടുകൊണ്ടിരുന്നു. ബോധം പോയാല്‍ അത് അവിടുത്തെ മുഖത്ത് നിന്നെടുത്ത് നീക്കും. ആ അവസ്ഥയില്‍ നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ ശാപം ജൂത നസ്വാറാക്കളുടെ മേല്‍ ഉണ്ടാകട്ടെ. അവ൪ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. അവ൪ ചെയ്തതില്‍ നിന്ന് നബി ﷺ തന്റെ സമുദായത്തെ താക്കീത് ചെയ്യുകയായിരുന്നു. (ബുഖാരി:435 – മുസ്ലിം :531)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : وَلاَ تَجْعَلُوا قَبْرِي عِيدًا

നബി ﷺ പറഞ്ഞു: നിങ്ങള്‍ എന്റെ ക്വബ്‌റിനെ ആഘോഷ സ്ഥലമാക്കരുത്. (അബൂദാവൂദ് :2042)

ക്വബ്‌റുകളുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ഉറൂസുകളും ശിര്‍ക്ക് തന്നെയാണ്. ഒരു ക്വബ്‌റും ആഘോഷ സ്ഥലമായി സ്വീകരിക്കപ്പെടല്‍ അനുവദനീയമല്ല. അവിടെ സന്ദര്‍ശനം നടത്തലും അവിടെ പോകലും അവിടെ താഴ്മ കാണിക്കലും അവിടെ ബലിയറുക്കലുമെല്ലാം ശിര്‍ക്കാണ്. അല്ലാഹു അത് ഒരിക്കലും തൃപ്തിപ്പെടുകയില്ല. ഖബ്റുകളിൽ വിളക്കുകളും അലങ്കാരങ്ങളും ഉണ്ടാക്കുന്നവരെ നബി ﷺ ശപിച്ചിരിക്കുന്നു.

രണ്ടാമതായി, മരിച്ചവരോട് പ്രാര്‍ഥിക്കുവാനും ക്വബ്‌റുകളില്‍ (മരിച്ചവരില്‍) നിന്ന് ബറകത്ത് എടുക്കുവാനും ഇസ്‌ലാം നിയമമാക്കിയിട്ടില്ല. മരിച്ചവരോട് പ്രാര്‍ഥിക്കല്‍ ഇസ്‌ലാം വിരോധിച്ചതാണ്.

ﻭَﺃَﻥَّ ٱﻟْﻤَﺴَٰﺠِﺪَ ﻟِﻠَّﻪِ ﻓَﻼَ ﺗَﺪْﻋُﻮا۟ ﻣَﻊَ ٱﻟﻠَّﻪِ ﺃَﺣَﺪًا

പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്.(ഖു൪ആന്‍ : 72/18)

ﻗُﻞْ ﺇِﻧَّﻤَﺎٓ ﺃَﺩْﻋُﻮا۟ ﺭَﺑِّﻰ ﻭَﻻَٓ ﺃُﺷْﺮِﻙُ ﺑِﻪِۦٓ ﺃَﺣَﺪًا

(നബിയേ)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(ഖു൪ആന്‍:72/20)

قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ ‎﴿١٦٢﴾

പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ത്ഥനയും, എന്റെ ബലികര്‍മ്മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു.(ഖു൪ആന്‍ : 6/ 162 )

അല്ലാഹുവിന് പുറമെ മറ്റാരും ആരാധിക്കപ്പെടരുത്. ഈ നിലയ്ക്ക് ഒരു ക്വബ്‌റും സന്ദര്‍ശിക്കപ്പടുകയും അവിടെ പ്രദക്ഷിണം ചെയ്യപ്പെടുകയും ക്വബ്‌റാളിയോട് ചോദിക്കപ്പെടലും അരുതാത്തതാണ്. ഇവയെല്ലാം ശിര്‍ക്ക് ആണ്.

മൂന്നാമതായി, ഇസ്‌ലാമിക ചരിത്രത്തില്‍ ഉറൂസുകളെ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉത്തമ നൂറ്റാണ്ടുകളില്‍ ഉണ്ടായിട്ടില്ല. സ്വഹാബികളോ, താബിഉകളോ, താബിഉത്താബിഉകളോ ഒന്നും ഏതെങ്കിലും മയ്യിത്തിന്റെയോ, ക്വബ്‌റിന്റെയൊ അടുത്ത് ഉറൂസോ അത് പോലെയുള്ളതോ ആഘോഷിച്ചിട്ടില്ല. കാരണം ഇവയെല്ലാം റസൂല്‍ ﷺ വിരോധിച്ചതായ കാര്യങ്ങളാണ്.  ഇവയെല്ലാം ബാത്വിലും അല്ലാഹുവിലുള്ള ശിര്‍ക്കായ കാര്യങ്ങളും അല്ലാഹു വിലക്കിയവയുമാണ്.

നാലാമതായി, ഉറൂസുകള്‍ പോലെയുള്ള  പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരോടും അതിൽ പങ്കെടുക്കുന്നവരോടും പറയാനുളളത് ഇതാണ്:

നീ അല്ലാഹുവിനെ സൂക്ഷിക്കുകയും നിന്റെ നബി ﷺ യെ പിന്തുടരുകയും ചെയ്യണം. നീ അറിയണം, ഈ ക്വബ്‌റുകള്‍ അല്ലാഹുവിന്റെ അടുക്കല്‍ നിനക്ക് ഒന്നിനും മതിയായതല്ല. അവ ഉപകാരമോ ഉപദ്രവമോ ചെയ്യില്ല. ഉപകാരവും ഉപദ്രവമെല്ലാം അല്ലാഹു മുഖേനയാണ് ഉണ്ടാവുക. അവനാണ് ഉപകാരം ചെയ്യുന്നവനും ഉപദ്രവങ്ങളുണ്ടാക്കുന്നതും. പിന്നെ എന്തിനാണ് നീ മനുഷ്യരിലേക്ക് തിരിയുന്നത്, പിന്നെ എന്തിനാണ് നീ മയ്യിത്തിലേക്ക് തിരിയുന്നത്? എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹു പറയുന്നത് കാണുക:

ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌, തീര്‍ച്ച. (ഖു൪ആന്‍ : 40/60)

. നീ എന്തിനാണ് ക്വബ്‌റാളിയുടെ അടുക്കലേക്ക് പോകുന്നത്? മരിച്ച ഒരാളിലേക്കാണോ നീ പോകുന്നത്? ഉപകാരത്തിനും ഉപദ്രവം തടയുന്നതിനും അവനോടാണോ തേടുന്നത്? അല്ലാഹുവിന്റെ ഖജനാവുകള്‍ നിറഞ്ഞ് കവിഞ്ഞവയാണ്, അവന്റെ വാതില്‍ എപ്പോഴും തുറന്നിരിക്കുന്നതാണ്, ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നവന് അവന്‍ ഉത്തരം നല്‍കും.

അവര്‍ ആരാധന അല്ലാഹുവിന് ആത്മാര്‍ഥമാക്കാന്‍ അവരെ ഉപദേശിക്കുന്നു. അവര്‍ അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാര്‍ഥിക്കണമെന്നും ഉപദേശിക്കുന്നു. ക്വബ്‌റാളിയെയോ, അല്ലാഹുവോടൊപ്പം മറ്റാരെെയങ്കിലുമോ അവര്‍ വിളിച്ച് പ്രാര്‍ഥിക്കരുത്. അവര്‍ അല്ലാഹുവില്‍ മാത്രം അഭയം തേടുന്നവരായിരിക്കണം. പ്രാര്‍ഥനയും ആരാധനയും ഗുണം തേടലും ദോഷം നീക്കം ചെയ്യാന്‍ തേടലും അല്ലാഹുവിനോട് മാത്രമാവണം.

ഇസ്‌ലാം ശുദ്ധമായ ഏകദൈവാദര്‍ശത്തിന്റെ മതമാണ്. ഏകദൈവാരാധനയാണ് ഇസ്‌ലാമിന്റെ അടിത്തറ.  അതിനാല്‍ സൃഷ്ടി പൂജ ഇസ്‌ലാമിന് തീര്‍ത്തും അന്യമാണ്. അതിന് വിഘാതമാകുന്നതൊന്നും ഇസ്‌ലാം അംഗീകരിക്കുന്നില്ല.

Leave a Reply

Your email address will not be published.

Similar Posts