മറ്റുജീവജാലങ്ങളില്‍നിന്ന് മനുഷ്യനെ സവിശേഷമാക്കിയതിൽ ഒന്ന്, അവനെ സംസാരിക്കാന്‍ പഠിപ്പിച്ചു എന്നതാണ്.
عَلَّمَهُ ٱلْبَيَانَ
അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു. (ഖുർആൻ:55/4)
ഹൃദയങ്ങളിലെ ആശയങ്ങളെ വ്യക്തമാക്കാന്‍. വാമൊഴിയും വരമൊഴിയും ഇതില്‍ ഉള്‍ക്കൊള്ളുന്നു. മനുഷ്യന് അല്ലാഹു ചെയ്തുകൊടുത്ത ഈ മഹാ അനുഗ്രഹത്തിലൂടെ മറ്റുള്ളവയില്‍നിന്ന് അവനെ സവിശേഷമാക്കി. (തഫ്സീറുസ്സഅ്ദി)
ആശയവിനിമയത്തിനുളള ഒരു ഉപാധിയായി ഭാഷയെ നിർവചിക്കാറുണ്ട്. മനുഷ്യരുടെ അധരങ്ങളുടെയോ നാവുകളുടെയോ മസ്തിഷ്‌കത്തിന്റെയോ ഘടനയില്‍ ഒരു അന്തരവുമില്ലെങ്കിലും, ഭൂമിയുടെ വിവിധ മേഖലകളില്‍ ഭാഷകള്‍ വ്യത്യസ്തമാണ്. ലോകത്ത് ഏഴായിരത്തിലധികം ഭാഷകളുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുളളത്. ഒരേ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളില്‍ത്തന്നെ പട്ടണങ്ങള്‍തോറും ഗ്രാമങ്ങള്‍തോറും സംസാരരീതി വ്യത്യസ്തമാകുന്നു. ചുരുക്കത്തിൽ ഭാഷാവൈവിധ്യം ഒരു അൽഭുതമാണ്.
ആകാശഭൂമികളുടെ സൃഷ്ടിപ്പിനോട് ചേര്‍ത്ത് ഭാഷാവൈവിധ്യം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണെന്നാണ് പറഞ്ഞിട്ടുള്ളത്.
وَمِنْ ءَايَٰتِهِۦ خَلْقُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفُ أَلْسِنَتِكُمْ وَأَلْوَٰنِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّلْعَٰلِمِينَ
ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (ഖുർആൻ:30/22)
ആയിരക്കണക്കിന് ഭാഷയെ പഠിപ്പിച്ച അല്ലാഹുവിനോട് ആണ് മനുഷ്യർ പ്രാർത്ഥിക്കേണ്ടത്. ഏതെങ്കിലും ഒരു ഭാഷ സംസാരിച്ചു ജീവിച്ചു മരിച്ചു പോയ മനുഷ്യരോടല്ല പ്രാർത്ഥിക്കേണ്ടത്. ലോകത്ത് ഒരേ സമയത്ത് കോടിക്കണക്കിന് മനുഷ്യർ ആയിരക്കണക്കിന് ഭാഷയിൽ പ്രാർത്ഥിക്കുന്നുണ്ട്. ഇത് കേൾക്കാനും വേർതിരിച്ച് മനസ്സിലാക്കാനും അല്ലാഹുവിന് മാത്രമേ കഴിയുകയുള്ളൂ.