നാല് വേദഗ്രന്ഥങ്ങൾ

THADHKIRAH

മനുഷ്യർക്ക് മാർഗദർശനം നൽകുന്നതിനായി പ്രവാചകൻമാർക്ക് ദിവ്യബോധനത്തിലൂടെ അല്ലാഹു വേദഗ്രന്ഥങ്ങൾ നൽകിയിട്ടുണ്ട്. തൗറാത്ത്, ഇഞ്ചീൽ, സബൂർ, ഖുർആൻ എന്നീ നാല് വേദഗ്രന്ഥങ്ങളെ വിശുദ്ധ ഖുർആൻ പേരെടുത്ത് പരാമർശിച്ചിട്ടുണ്ട്.

വിവിധ കാലങ്ങളിലായി വ്യത്യസ്ത ജനസമൂഹങ്ങളിലേക്ക് അവതരിച്ചവയാണെങ്കിലും അടിസ്ഥാന കാര്യങ്ങളില്‍ പരസ്പരം യോജിക്കുന്നവയാണ് വേദഗ്രന്ഥങ്ങളൊക്കെയും. എന്നാല്‍ വിശദമായ നിയമനിര്‍ദേശങ്ങളിലും കര്‍മാനുഷ്ഠാനങ്ങളിലും വ്യത്യാസങ്ങളുണ്ടായിരിക്കും. തികച്ചും ദൈവികമായ ഉദ്ദേശ്യലക്ഷ്യങ്ങളും യുക്തിരഹസ്യങ്ങളുമനുസരിച്ചാണ് അവയുടെ അവതരണവും അവയിലെ വ്യത്യാസങ്ങളും.

തൗറാത്ത്

മൂസാ നബി عليه السلام ക്ക് അല്ലാഹു നല്‍കിയ വേദഗ്രന്ഥമാണ് തൗറാത്ത്.

إِنَّآ أَنزَلْنَا ٱلتَّوْرَىٰةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا ٱلنَّبِيُّونَ ٱلَّذِينَ أَسْلَمُوا۟ لِلَّذِينَ هَادُوا۟ وَٱلرَّبَّٰنِيُّونَ وَٱلْأَحْبَارُ بِمَا ٱسْتُحْفِظُوا۟ مِن كِتَٰبِ ٱللَّهِ وَكَانُوا۟ عَلَيْهِ شُهَدَآءَ ۚ فَلَا تَخْشَوُا۟ ٱلنَّاسَ وَٱخْشَوْنِ وَلَا تَشْتَرُوا۟ بِـَٔايَٰتِى ثَمَنًا قَلِيلًا ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَٰٓئِكَ هُمُ ٱلْكَٰفِرُونَ

തീര്‍ച്ചയായും നാം തന്നെയാണ് തൌറാത്ത് അവതരിപ്പിച്ചിരിക്കുന്നത്‌. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്‌. (അല്ലാഹുവിന്‌) കീഴ്പെട്ട പ്രവാചകന്‍മാര്‍ യഹൂദമതക്കാര്‍ക്ക് അതിനനുസരിച്ച് വിധികല്‍പിച്ച് പോന്നു. പുണ്യവാന്‍മാരും പണ്ഡിതന്‍മാരും (അതേ പ്രകാരം തന്നെ വിധികല്‍പിച്ചിരുന്നു.) കാരണം അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന്‍റെ സംരക്ഷണം അവര്‍ക്ക് ഏല്‍പിക്കപ്പെട്ടിരുന്നു. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്‍റെ വചനങ്ങള്‍ നിങ്ങള്‍ തുച്ഛമായ വിലയ്ക്ക് വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരിപ്പിച്ച് തന്നതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അവിശ്വാസികള്‍. (ഖു൪ആന്‍:5/44)

…. എന്നാല്‍, ആ ഗ്രന്ഥം (തൗറാത്ത്) അല്ലാഹു അവതരിപ്പിച്ചതാണ്. ജനങ്ങള്‍ക്ക് സന്മാര്‍ഗം പ്രാപിക്കുവാനാവശ്യമായ മാര്‍ഗദര്‍ശനങ്ങളും, അജ്ഞാനാന്ധകാരങ്ങളില്‍നിന്ന് മോചനം നല്‍കുവാനുള്ള പ്രകാശവും ഉള്‍ക്കൊളളുന്നതാണത്. അല്ലാഹുവിങ്കല്‍ നിന്നുള്ള ഏക മതമായ ഇസ്‌ലാമിന്‍റെ അനുയായികളെന്ന നിലക്ക് അവന്‍റെ നിയമ നിര്‍ദ്ദേശങ്ങള്‍ക്കു കീഴൊതുങ്ങിക്കൊണ്ടിരിക്കുന്ന പല പ്രവാചകന്മാരും, അതത് കാലങ്ങളിലെ മത നേതാക്കളും പുണ്യവാന്മാരുമായിരുന്ന ‘റബ്ബാനീ’കളും, പണ്ഡിതന്മാരുമൊക്കെ അതിലെ നിയമങ്ങളനുസരിച്ചു അവര്‍ക്കിടയില്‍ വളരെക്കാലം വിധി നടത്തിപ്പോന്നിട്ടുമുണ്ട്. വേദഗ്രന്ഥത്തിന്‍റെ സംരക്ഷണവും, അതിന്‍റെ പ്രബോധന കൃത്യവും ഏല്‍പിക്കപ്പെട്ടവരായിരുന്നു അവര്‍. അതിന്‍റെ സത്യതക്കും പരിശുദ്ധതക്കും അവര്‍ സാക്ഷികളുമായിരുന്നു. അതുകൊണ്ട് അവര്‍ ആ ചുമതല നിര്‍വ്വഹിച്ചുപോന്നു. (അമാനി തഫ്സീര്‍)

ഇഞ്ചീല്‍

ഈസാ നബി عليه السلام ക്ക് അല്ലാഹു നല്‍കിയ വേദഗ്രന്ഥമാണ് ഇഞ്ചീല്‍.

وَقَفَّيْنَا عَلَىٰٓ ءَاثَٰرِهِم بِعِيسَى ٱبْنِ مَرْيَمَ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ ۖ وَءَاتَيْنَٰهُ ٱلْإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ

അവരെ (ആ പ്രവാചകന്‍മാരെ) ത്തുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായിക്കൊണ്ട് മര്‍യമിന്‍റെ മകന്‍ ഈസായെ തന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്‍മാര്‍ഗനിര്‍ദേശവും, സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും അദ്ദേഹത്തിന് നാം നല്‍കി. അതിന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നതും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സദുപദേശവുമത്രെ അത്‌. (ഖു൪ആന്‍:5/46)

ഈസാ നബി عليه السلام യാകട്ടെ, ഇന്‍ജീലാകട്ടെ, തൗറാത്തിനെ പുറം തള്ളുകയോ, നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല. ആ അധ്യാപനങ്ങളെ ശരിവെക്കുകയും, അതിലേക്ക് ക്ഷണിക്കുകയുമാണ് ചെയ്തിരുന്നത്. സൂഃ ആലുഇംറാന്‍ 50 ല്‍ കണ്ടതുപോലെ, അല്‍പമാത്രമായ ചില കാര്യങ്ങളൊഴിച്ചു ബാക്കി വിഷയങ്ങളിലെല്ലാം തൗറാത്തിന്‍റെ നിയമ ങ്ങള്‍- മൂസാ عليه السلام മുഖേന നടപ്പാക്കപ്പെട്ട ശരീഅത്ത് നിയമങ്ങള്‍-തന്നെയായിരുന്നു ഈസാ നബി عليه السلام യും പിന്‍പറ്റിയിരുന്നത്. ഇന്‍ജീലിനെ സംബന്ധിച്ചു പറയുകയാണെങ്കില്‍, തൗറാത്തിനെപ്പോലെയുള്ള ഒരു നിയമ പ്രമാണമായിരുന്നില്ല അത്. പ്രധാനമായും അത് സദുപദേശങ്ങളുടെയും സുവിശേഷങ്ങളുടെയും ഒരു സമാഹാരമായിരുന്നു. ‘ഇന്‍ജീല്‍’ എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ സുവിശേഷം എന്നത്രെ. (അമാനി തഫ്സീര്‍)

وَيُعَلِّمُهُ ٱلْكِتَٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ

അവന് (ഈസാക്ക്‌) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും. (ഖു൪ആന്‍:3/48)

وَمُصَدِّقًا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ …..

എന്‍റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടാ കുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌). (ഖു൪ആന്‍:3/50)

ഇസ്‌റാഈല്യര്‍ക്കിടയില്‍ നിലവിലുള്ളതും, മൂസാ നബി (عليه السلام)ക്ക് അവതരിച്ചതുമായ തൗറാത്തു തന്നെയായിരുന്നു ഈസാ (عليه السلام)ന്‍റെ കാലത്തും മതത്തിന്‍റെ നിയമ സംഹിതയായി- ന്യായപ്രമാണമായി – പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നത്. ഈസാ (عليه السلام)ക്കു പ്രത്യേകമായി അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമാണ് ഇന്‍ജീല്‍ എന്ന സാക്ഷാല്‍ സുവിശേഷം. അത് കൊണ്ട് വേദഗ്രന്ഥങ്ങളെപ്പറ്റി ആദ്യം പൊതുവില്‍ പ്രസ്താവിച്ച ശേഷം, തൗറാത്തിനെയും ഇന്‍ജീലിനെയും പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുകയാണ്. ഈ രണ്ട് വേദഗ്രന്ഥങ്ങളും ഈസാ നബി (عليه السلام)ക്ക് ഹൃദിസ്ഥമായിരുന്നുവെന്ന് പറയപ്പെടുന്നു. (അമാനി തഫ്സീര്‍)

സബൂര്‍

ദാവൂദ് നബി عليه السلام ക്ക് അല്ലാഹു നല്‍കിയ വേദഗ്രന്ഥമാണ് സബൂര്‍. മൂസാ നബി عليه السلام ക്ക് ശേഷം ബനൂഇസ്റാഈല്യരിലേക്കാണ് പിന്നീട് അദ്ധേഹം നിയോഗിതനാകുന്നത്.

وَرَبُّكَ أَعْلَمُ بِمَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ وَلَقَدْ فَضَّلْنَا بَعْضَ ٱلنَّبِيِّـۧنَ عَلَىٰ بَعْضٍ ۖ وَءَاتَيْنَا دَاوُۥدَ زَبُورًا

നിന്‍റെ രക്ഷിതാവ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. തീര്‍ച്ചയായും പ്രവാചകന്‍മാരില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്‌. ദാവൂദിന് നാം സബൂര്‍ എന്ന വേദം നല്‍കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:17/55)

زَبُور (സബൂര്‍) എന്ന വാക്കിനു ‘ഗ്രന്ഥം’, അഥവാ ‘ഏട്’ എന്നര്‍ത്ഥം. ദാവൂദ് (عليه الصلاة والسلام) നബി ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥത്തെ പ്രത്യേകം ഉദ്ദേശിച്ചും ‘സബൂര്‍’ എന്നു പറയപ്പെടാറുണ്ട്. ‘സങ്കീര്‍ത്തനങ്ങള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ആ പുസ്തകമാണ് അതെന്നാണ്‌ സാധാരണമായി പറയപ്പെടുന്നത്. എങ്കിലും ബൈബ്ലില്‍ ഇന്നു നിലവിലുള്ള സങ്കീര്‍ത്തന പുസ്തകത്തില്‍ അതിന്റെ ഏതാനും ഭാഗങ്ങള്‍ അടങ്ങിയിരിക്കാമെങ്കിലും അതുതന്നെയാണു യഥാര്‍ത്ഥ സബൂര്‍ എന്നു പറയുവാന്‍ നിവൃത്തിയില്ല. കാരണം, അല്ലാഹുവിങ്കല്‍ നിന്നുള്ളതായിരിക്കുവാന്‍ തരമില്ലാത്ത പലതും അതില്‍ അടങ്ങിയിരിക്കുന്നതായി കാണാം. (അമാനി തഫ്സീര്‍)

إِنَّآ أَوْحَيْنَآ إِلَيْكَ كَمَآ أَوْحَيْنَآ إِلَىٰ نُوحٍ وَٱلنَّبِيِّـۧنَ مِنۢ بَعْدِهِۦ ۚ وَأَوْحَيْنَآ إِلَىٰٓ إِبْرَٰهِيمَ وَإِسْمَٰعِيلَ وَإِسْحَٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَٰرُونَ وَسُلَيْمَٰنَ ۚ وَءَاتَيْنَا دَاوُۥدَ زَبُورًا

(നബിയേ,) നൂഹിനും അദ്ദേഹത്തിന്‍റെ ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും നാം സന്ദേശം നല്‍കിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്‌, യഅ്ഖൂബ്‌. യഅ്ഖൂബ് സന്തതികള്‍, ഈസാ, അയ്യൂബ്‌, യൂനുസ്‌, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ദാവൂദിന് നാം സബൂര്‍ (സങ്കീര്‍ത്തനം) നല്‍കി. (ഖു൪ആന്‍:4/163)

ദാവൂദ് നബി عليه السلام ക്ക് നല്‍കപ്പെട്ട പ്രത്യേക ഏടാണ് ‘സബൂര്‍’. ബൈബ്ളില്‍ ‘ദാവൂദിന്റെ സങ്കീര്‍ത്തനങ്ങള്‍’ എന്ന പേരില്‍ ഒരു പുസ്തകമുണ്ട്: അതാണ് യഥാര്‍ത്ഥത്തില്‍ ‘സബൂര്‍’ എന്ന് പറയുവാന്‍ നിവൃത്തിയില്ല. (അമാനി തഫ്സീര്‍)

ഖുര്‍ആൻ

ഖുര്‍ആൻ മുഹമ്മദ് നബി ﷺ ക്ക് അവതരിപ്പിക്കപ്പെട്ടതും നേരത്തെ അവതരിച്ച ഗ്രന്ഥങ്ങളുടെ സാരാംശങ്ങൾ ഉൾകൊള്ളുന്നതും അന്ത്യനാൾവരെയുള്ള മനുഷ്യസമൂഹത്തിന് ദിശാബോധം നൽകുന്നതുമായ ഗ്രന്ഥമാകുന്നു.

وَأَنزَلْنَآ إِلَيْكَ ٱلْكِتَٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلْكِتَٰبِ وَمُهَيْمِنًا عَلَيْهِ ۖ فَٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ ۖ

(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്‌. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. (ഖു൪ആന്‍:5/48)

ആ രണ്ടു വേദഗ്രന്ഥ ങ്ങളുമെന്നപോലെ, ക്വുര്‍ആനാകുന്ന വേദഗ്രന്ഥവും അല്ലാഹു തന്നെയാണ് അവ തരിപ്പിച്ചിരിക്കുന്നത്. ആശയക്കുഴപ്പത്തിനോ സംശയത്തിനോ അവകാശമില്ലാത്ത വിധം സത്യയാഥാര്‍ത്ഥ്യങ്ങളും, ന്യായയുക്തങ്ങളുമായ കാര്യങ്ങളാണ് അതിലുള്ളത്. അതിന്‍റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെ അത് നിഷേധിക്കുകയോ ഖണ്ഡിക്കുകയോ ചെയ്യുന്നില്ല. അവയെ ശരിവെക്കുകയും, അവയുടെ സത്യത സ്ഥാപിക്കയുമാണ് ചെയ്യുന്നത്. അതിനു പുറമെ, അവയെ സംബന്ധിച്ച് ഒരു മേല്‍നോട്ടവും അവയുടെ ഒരു സംരക്ഷണവും കൂടിയാണ് ക്വുര്‍ആന്‍. (അമാനി തഫ്സീര്‍)

نَزَّلَ عَلَيْكَ ٱلْكِتَٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ ٱلتَّوْرَىٰةَ وَٱلْإِنجِيلَ ‎﴿٣﴾‏ مِن قَبْلُ هُدًى لِّلنَّاسِ وَأَنزَلَ ٱلْفُرْقَانَ ۗ

അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു. ഇതിനു മുമ്പ്‌; മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായിട്ട് സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു …. (ഖുർആൻ:3/3-4)

الْكِتَابَ (വേദഗ്രന്ഥം) കൊണ്ടുദ്ദേശ്യം ക്വുര്‍ആന്‍ തന്നെ. വിശ്വാസ സിദ്ധാന്തങ്ങളിലും, അടിസ്ഥാനപരമായ കാര്യങ്ങളിലും എല്ലാ വേദഗ്രന്ഥങ്ങളും യോജിക്കുന്നത് കൊണ്ട് ക്വുര്‍ആന്‍ അതിന്‍റെ മുമ്പുള്ള ഗ്രന്ഥങ്ങളെ ശരിവെക്കുകയും, അവയുടെ സത്യത സ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് ക്വുര്‍ആനെ വിശേഷിപ്പിച്ചിരിക്കുകയാണ്. മുന്‍വേദഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രസിദ്ധിയുള്ളതും തൗറാത്തും ഇന്‍ജീലുമാണല്ലോ. (അമാനി തഫ്സീര്‍)

وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ مِنَ ٱلْكِتَٰبِ هُوَ ٱلْحَقُّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ ۗ

നിനക്ക് നാം ബോധനം നല്‍കിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട് … (ഖു൪ആന്‍:35/31)

ഇവയിൽ ക്വുർആനല്ലാത്ത വേദഗ്രന്ഥങ്ങളിൽ അതത് പ്രവാചകൻമാരുടെ കാലശേഷം ജനങ്ങൾ കൈകടത്തി. അവയിൽ പലതും കൂട്ടിച്ചേർക്കപ്പെട്ടു. അങ്ങനെ അവ മാറ്റത്തിരുത്തലുകൾക്ക് വിധേയമായി. ക്വുർആനിൽ മാറ്റത്തിരുത്തലുകൾ സാധ്യമാകില്ല. ക്വുർആൻ അല്ലാഹു സംരക്ഷിക്കുമെന്നത് അവന്റെ വാഗ്ദാനമാണ്:

إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ

തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌. (ഖു൪ആന്‍:15/9)

ഇതിന് പുറമേ ചില ഏടുകളെ കുറിച് വിശുദ്ധ ഖുര്‍ആനിൽ പരാമര്‍ശമുണ്ട്.

أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ ‎﴿٣٦﴾‏ وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ ‎﴿٣٧﴾‏

അതല്ല, മൂസായുടെ ഏടുകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? (കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്‍റെയും (ഏടുകളില്‍)  (ഖുർആൻ:53/36-38)

إِنَّ هَٰذَا لَفِى ٱلصُّحُفِ ٱلْأُولَىٰ ‎﴿١٨﴾‏ صُحُفِ إِبْرَٰهِيمَ وَمُوسَىٰ ‎﴿١٩﴾‏

തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്‌. അതായത് ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍. (ഖുർആൻ:87/16-19)

Leave a Reply

Your email address will not be published.

Similar Posts