الْحَـــــمْدُ لله
“അല്ലാഹുവിനു മാത്രമാകുന്നു സ്തുതികൾ മുഴുവനും”
അല്ലാഹുവിന്ന് ഹംദു നിർവ്വഹിക്കുന്നതിന്റെ മഹത്വങ്ങളും അതിന്റെ അവസരങ്ങളുമറിയിക്കുന്ന ധാരാളം തിരുമൊഴികളുണ്ട്. ചിലതു ഇവിടെ നൽകുന്നു. രാവും പകലും അല്ലാഹുവിന് ദിക്ർ അധികരിപ്പിക്കുവാൻ ചുവടെ വരുന്ന വചനങ്ങൾ പഠിക്കുവാനും തന്റെ ശേഷക്കാരെ പഠിപ്പിക്കുവാനും ഉമാമഃ رَضِيَ اللَّهُ عَنْهُ യോട് തിരുമേനി ﷺ കൽപിച്ചു. ഇബ്നുഹിബ്ബാൻ നിവേദനം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
الْحَمْدُ لِلَّهِ عَدَدَ مَا خَلَقَ، وَالْحَمْدُ لِلَّهِ مِلْءَ مَا خَلَقَ، وَالْحَمْدُ لِلَّهِ عَدَدَ مَا فِي السَّمَاوَاتِ وَالْأَرْضِ، وَالْحَمْدُ لِلَّهِ مِلْءَ مَا فِي السَّمَاوَاتِ وَالْأَرْضِ، وَالْحَمْدُ لِلَّهِ عَدَدَ مَا أَحْصَى كِتَابُهُ، وَالْحَمْدُ لِلَّهِ مِلْءَ مَا أَحْصَى كِتَابُهُ، وَالْحَمْدُ لِلَّهِ عَدَدَ كُلِّ شَيْءٍ، وَالْحَمْدُ لِلَّهِ مِلْءَ كُلِّ شَيْءٍ
“അല്ലാഹു സൃഷ്ടിച്ചവയുടെ എണ്ണത്തോളം അൽഹംദുലില്ലാഹ്. അ വൻ സൃഷ്ടിച്ചവ നിറയെ അൽഹംദുലില്ലാഹ്. വാനങ്ങളിലും ഭൂമിയിലും ഉള്ളവയുടെ എണ്ണത്തോളം അൽഹംദുലില്ലാഹ്. വാനങ്ങളിലും ഭൂമിയിലും ഉള്ളവ നിറയെ അൽഹംദുലില്ലാഹ്. അല്ലാഹുവിന്റെ കിതാബ് ക്ലിപ്തപ്പെടുത്തിയതിന്റെ എണ്ണത്തോളം അൽഹംദുലില്ലാഹ്. അല്ലാഹുവിന്റെ കിതാബ് ക്ലിപ്തപ്പെടുത്തിയവ നിറയെ അൽ ഹംദുലില്ലാഹ്. എല്ലാ വസ്തുക്കളുടേയും എണ്ണത്തോളം അൽഹം ദുലില്ലാഹ്. എല്ലാ വസ്തുക്കളും നിറയെ അൽഹംദുലില്ലാഹ്.”
ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന,
الْحَمْدُ لِلَّهِ
ആണെന്ന് തിരുനബി ﷺ പറഞ്ഞത് ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം തുർമുദിയും മറ്റും നിവേദനം.
ഒരു അടിമ ആത്മാർത്ഥമായി ഹംദു ചൊല്ലുമ്പോൾ അയാൾക്ക് സുബ്ഹാനല്ലാഹ്, ലാഇലാഹഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നീ വചനങ്ങൾ ചൊല്ലുമ്പോൾ ലഭിക്കുന്നതിനേക്കാൾ പ്രതിഫലമുണ്ടെന്നറിയിക്കുന്ന ഒരു തിരുമൊഴി ഇപ്രകാരമുണ്ട്.
“സുബ്ഹാനല്ലാഹ്, വൽഹംദുലില്ലാഹ്, വലാഇലാഹഇല്ലല്ലാഹ്, വല്ലാഹുഅക്ബർ എന്നീ നാലു വാക്കുകളെ അല്ലാഹു പ്രത്യേകം തെരഞ്ഞെടുക്കുകയും ഒരാൾ സുബ്ഹാനല്ലാഹ് എന്നു പറഞ്ഞാൽ അയാൾക്ക് ഇരുപതു നന്മകൾ രേഖപ്പെടുത്തപ്പെടുകയും അയാളിൽ നിന്ന് ഇരുപതു തിന്മകൾ മായ്ക്കപ്പെടുകയും ചെയ്യും. ഒരാൾ അല്ലാഹു അക്ബർ എന്നു പറഞ്ഞാൽ ഇതു പോലെത്തന്നെയാണ്. ഒരാൾ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറ ഞ്ഞാലും ഇതുപോലെത്തന്നെയാണ്. ഒരാൾ ആത്മാർത്ഥമായി,
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
എന്നുപറഞ്ഞാൽ അയാൾക്ക് മുപ്പതു നന്മകൾ രേഖപ്പെടുത്തപ്പെടുകയും മുപ്പതു പാപങ്ങൾ അയാളിൽ നിന്ന് മായ്ക്കപ്പെടുകയും ചെയ്യും.”
തിരുദൂതർ ﷺ പറഞ്ഞതായി അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നി ന്നും അബൂ സഈദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്നും ഇമാം അഹ്മദ് നി വേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. തിന്നുക, കുടിക്കുക, അനുഗ്രഹം ലഭിക്കുക തുടങ്ങി വല്ല കാരണങ്ങൾക്കും ശേഷമാണ് ഹംദു പറയപ്പെടാറ്. എന്നാൽ യാതൊരു അനുഗ്രഹവും പ്രേരിപ്പിക്കാതെ തന്നെ ഹംദ് പറയുന്നതിനാലാണ് ഹംദിന് പ്രതിഫലം വർദ്ധിക്കുന്നത്.
സന്താനം മരണപ്പെടുന്ന വേളയിൽ വിശ്വാസിയായ രക്ഷിതാവിനോട് അൽഹംദുലില്ലാഹ് പറയുവാനും ഇസ്തിർജാ ഇന്റെ വചനം ചൊല്ലുവാനുമാണ് നബി ﷺ പഠിപ്പിച്ചു. സന്തതി മരണപ്പെടുമ്പോൾ ഹംദും ഇസ്തിർജാഉം ചൊല്ലുന്നവന് സ്വർഗത്തിൽ ഒരു വീടു പണിയുവാനും അതിന് “ബയ്ത്തുൽഹംദ്” എന്നു പേരിടുവാനും അല്ലാഹു മലക്കുകളോടുപറയുമെന്ന് നബി ﷺ അറിയിച്ചു. ഇമാം തിർമുദി നിവേദനം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
അതു പോലെ എല്ലാ തഹ്മീദും സ്വദകഃയാണെന്ന് അറിയിക്കുന്ന ഹദീഥ് മുൻകടന്നുവല്ലോ.
ഹംദു ചൊല്ലുന്നതിന്റെ മഹത്വമറിയിക്കുന്ന വേറേയും തിരുമൊഴികളുണ്ട്. താഴെ വരുന്ന ദിക്റുകൾ,
الْحَمْدُ لله ، سُبْحَانَ الله وَالْحَمْدُ لله
ഇതിൽ അൽഹംദുലില്ലാഹ് എന്ന ദിക്റ് മീസാനിനെ നിറക്കുമെന്നും സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ് എന്നീ ദിക്റുകൾ അല്ലെങ്കിൽ സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ് എന്ന ദിക്ർ ആകാശങ്ങൾക്കും ഭൂമിക്കുമിടയിൽ (പുണ്യം)നിറക്കുമെന്നും ഇമാം മുസ്‌ലിം നിവേദനം ചെയ്ത ഹദീഥിലുണ്ട്.
രാത്രി നമസ്കാരത്തിൽ നബി ﷺ നിർവ്വഹിച്ച താഴെ വരുന്ന ദിക്ർ ഹംദിന്റെ മഹത്വവും സ്ഥാനവുമറിയിക്കുന്നു. നമസ്കാരവുമായി ബന്ധപ്പെട്ട ദിക്റുകൾ നൽകിയപ്പോൾ അത് പൂർണ രൂപത്തിൽ അവിടെ നൽകിയിട്ടുണ്ട്.
اللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ لَكَ مُلْكُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ مَلِكُ السَّمَوَاتِ وَالْأَرْضِ وَلَكَ الْحَمْدُ أَنْتَ الْحَقُّ …………..
അല്ലാഹുവേ നിനക്കുമാത്രമാകുന്നു ഹംദുകൾ മുഴുവനും. നീ വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും നിയന്താവാകുന്നു. നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും ആധിപത്യം നിനക്കു മാത്രമാകുന്നു. നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. നീ വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും നൂറാ (പ്രകാശമാ)കുന്നു. നിനക്കു മാത്രമാകുന്നു ഹംദുക ൾ മുഴുവനും. നീയാകുന്നു വാനങ്ങളുടേയും ഭൂമിയുടേയും രാജാവ്. നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. നീ ഹക്ക്വാകുന്നു……
ഭക്ഷണം കഴിച്ച് അതിന്ന് അല്ലാഹുവെ സ്തുതിക്കുന്നതും പാനം ചെയ്ത് അതിന്ന് അല്ലാഹുവെ സ്തുതിക്കുന്നതും ദാസനിൽ നിന്ന് അല്ലാഹു ഇഷ്ടപ്പെടുന്നു എന്ന് തിരുദൂതർ ﷺ പറഞ്ഞത് ഇമാം മുസ്‌ലിം നിവേദനം ചെയ്തു.
തനിക്കു ഇഷ്ടകരമായ ഒരു വിഷയം കണ്ടാൽ നബി ﷺ താഴെ വരും വിധം ഹംദ് ചൊല്ലുമായിരുന്നതായി ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്ന് ഇമാം ഹാകിം നിവേദനം ചെയ്തു. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
الْحَمْدُ لِلَّهِ الَّذِي بِنِعْمَتِهِ تَتِمُّ الصَّالِحَاتُ
“തന്റെ അനുഗ്രഹത്താലാകുന്നു സൽകാര്യങ്ങൾ പരിപൂർണമാകുന്നത്; അങ്ങനെയുള്ള അല്ലാഹുവിന്നു മാത്രമാകുന്നു സ്തുതികൾ മുഴുവനും”
തനിക്കു അനിഷ്ടകരമായ ഒരു വിഷയം കണ്ടാൽ തിരു നബി ﷺ താഴെ വരും വിധവും ഹംദ് ചൊല്ലുമായിരുന്നതായി ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്നുള്ള ഉപരി സൂചിത നിവേദനത്തിലുണ്ട്.
الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ
“എല്ലാ അവസ്ഥകളിലും അല്ലാഹുവിന്നു മാത്രമാകുന്നു സ്തുതികൾ മുഴുവനും”
ഹംദ് ചൊല്ലേണ്ട സന്ദർഭങ്ങൾ
ഹംദു ചൊല്ലേണ്ട മറ്റു ചില സന്ദർഭങ്ങൾ ഇവിടെ നൽകുന്നു. അവയെ കുറിച്ച് ഈ ഗ്രന്ഥത്തിൽ വിവിധ അദ്ധ്യായങ്ങളിൽ പരാമർശിക്കപ്പെട്ടതിനാൽ ഇവിടെ വിവരിക്കുന്നില്ല.
• ഉറങ്ങുമ്പോൾ
• ഉറക്കമുണർന്നാൽ
• വസ്ത്രം ധരിക്കുമ്പോൾ
• പുതുവസ്ത്രം ധരിക്കുമ്പോൾ
• ഭക്ഷണത്തളിക ഉയർത്തിയാൽ
• പരീക്ഷിക്കപ്പെട്ടവരെ കാണുമ്പോൾ
• മഴ പെയ്യാതെ മഴക്കാറ് നീങ്ങിയാൽ
• തുമ്മിയാൽ തുമ്മിയവൻ
• നമസ്കാരത്തിലെ ഇഅ്തിദാലിൽ
• നമസ്കാര ശേഷം
• പ്രസംഗവും ക്ലാസുമൊക്കെ തുടങ്ങുമ്പോൾ
അബ്ദുൽ ജബ്ബാർ അബ്ദുല്ല