അല്ലാഹുവിന് ഇസ്മുൽഅഅ്ള്വം (അതിമഹനീയ നാമം) എന്ന പേരിൽ ഒരു മഹനീയ നാമമുണ്ടെന്ന് തിരുമേനി ﷺ ഉണർത്തി; പ്രസ്തുത നാമംകൊണ്ട് ഒരാൾ അല്ലാഹുവോട് തേടിയാൽ അയാൾക്ക് നൽകപ്പെടും പ്രാർത്ഥിച്ചാൽ ഉത്തരമേകപ്പെടുകയും ചെയ്യും. ഈ വിഷയത്തിൽ ഹദീഥുകൾ സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഏതാനും ദുആഉകൾ:
اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ الَّذِي لَا إِلَهَ إِلَّا أَنْتَ الْأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ
“അല്ലാഹുവേ, നിശ്ചയം നീ തന്നെയാണ് അല്ലാഹുവെന്നും യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലയെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഏകനും എല്ലാവർക്കും ആശ്രിതനായ നിരാശ്രയനും (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേയും) ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവൻ; അല്ലാഹുവേ നിന്നോടിതാ ഞാൻ തേടുന്നു.”
ഒരാൾ ഉപരി സൂചിത പ്രാർത്ഥന നിർവ്വഹിക്കുന്നത് തിരുദൂതർ ﷺ കേട്ടു. അപ്പോൾ തിരുമേനി ﷺ പറഞ്ഞു: “അല്ലാഹുവാണെ സത്യം. തീർച്ചയായും ഇയാൾ അല്ലാഹുവോട് അവന്റെ ‘ഇസ്മുൽ അഅ്ള്വം’ കൊണ്ടാണ് തേടിയിരിക്കുന്നത്; അതുകൊണ്ട് തേടിയാൽ അല്ലാഹു നൽകും. അതുകൊണ്ട് ദുആ ചെയ്താൽ അവൻ ഉത്തരം നൽകുകുകയും ചെയ്യും.”
اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لَا إِلَهَ إِلَّا أَنْتَ وَحْدَكَ لَا شَرِيكَ لَكَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالْأَرْضِ ذُو الْجَلَالِ وَالْإِكْرَامِ
“അല്ലാഹുവേ നിന്നോടിതാ ഞാൻ തേടുന്നു. നിശ്ചയം നിനക്കുമാത്രമാകുന്നു ഹംദുകൾ മുഴുവനും. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. നീ ഏകനും തുല്യനായി ആരുമില്ലാത്തവനുമാണ്. വാനങ്ങളേയും ഭൂമിയേയും മുൻമാതൃകയില്ലാതെ പടച്ചവനും ദുൽജലാലി വൽഇക്റാമുമായ അൽമന്നാൻ.”
അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. ഒരു വ്യക്തി ഉപരിസൂചിത പ്രാർത്ഥന നിർവ്വഹിക്കുന്നത് തിരുനബി ﷺ കേട്ടു. അപ്പോൾ തിരുമേനി ﷺ പറഞ്ഞു: “തീർച്ചയായും ഇയാൾ അല്ലാഹുവോട് അവന്റെ ഇസ്മുൽഅഅ്ള്വം കൊണ്ടാണ് തേടിയിരിക്കുന്നത്; അതുകൊണ്ട് തേടിയാൽ അവൻ നൽകും. അതുകൊണ്ട് ദുആ ചെയ്താൽ അവൻ ഉത്തരം നൽകുകയും ചെയ്യും.” (സുനനു അബീദാവൂദ്, അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
മറ്റൊരു നിവേദനത്തിൽ താഴെ വരുന്ന രൂപത്തിലാണ് ഈ ദുആയുള്ളത്:
اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لاَ إِلَهَ إِلاَّ أَنْتَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالأَرْضِ يَا ذَا الْجَلاَلِ وَالإِكْرَامِ يَا حَيُّ يَا قَيُّومُ
അബ്ദുൽ ജബ്ബാർ അബ്ദുല്ല