ദിക്‌റിന്റെ മര്യാദകൾ

THADHKIRAH

നമുക്ക് ആവശ്യമായതെല്ലാം നാം ചോദിക്കാതെ നമുക്ക് ഒരുക്കിത്തന്ന അളവറ്റ ദയാപരനും അനുഗ്രഹ ദാതാവുമായ അല്ലാഹുവിനെ ധാരാളമായി സ്മരിക്കണം. അത് സത്യവിശ്വാസികളുടെ ഉത്കൃഷ്ടമായ ഒരു ഗുണവിശേഷണമാണെന്ന് വിശുദ്ധ ക്വുർആനും തിരുസുന്നത്തും നമ്മെ ഓർമപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദിക്ർ ചൊല്ലുമ്പോൾ അശ്രദ്ധകൊണ്ടോ മറവിമൂലമോ അറിവില്ലായ്മ കാരണത്താലോ പലരും പാലിക്കാതെ പോകുന്ന ചില മര്യാദകൾ (ആദാബുകൾ) ഉണ്ട്. അവ കൃത്യമായി ഗ്രഹിച്ച് പിൻപറ്റുമ്പോഴാണ് ദിക്‌റിന്റെ മഹത്ത്വങ്ങളും നേട്ടങ്ങളും കൈവരിക്കാൻ സാധിക്കുക.

(1) ഇഖ്‌ലാസ്

നാം അനുഷ്ടിക്കുന്ന ചെറുതും വലുതുമായ ഏത് കർമവും അല്ലാഹു സ്വീകരിക്കുന്നതിനുള്ള അടിസ്ഥാന നിബന്ധനയാണ് ഇഖ്‌ലാസ് എന്നത്. അഥവാ പടച്ച റബ്ബിൽനിന്ന് മാത്രം പ്രതിഫലം കാംക്ഷിച്ച്, അവന്റെ പ്രീതിയും പൊരുത്തവും നേടാൻ ഉദ്ദേശിച്ച്, നിഷ്‌കളങ്കവും നിഷ്‌കപടവുമായി ആ കർമം ചെയ്യുക എന്നതാണ് ഇതിന്റെ വിവക്ഷ. എന്നാൽ അതിനു വിരുദ്ധമായി ലോകമാന്യതയും പ്രകടനപരതയും പേരും പ്രശസ്തിയും ഒരു മനസ്സിൽ സ്ഥാനം പിടിക്കുമ്പോൾ എത്ര വലിയ കർമവും റബ്ബ് സ്വീകരിക്കാതെ ഫലശൂന്യമായി കലാശിക്കും. ദിക്‌റിന്റെ കാര്യത്തിലും അത് ശ്രദ്ധിക്കേണ്ടതാണ്.

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ رحمه الله ഇഖ്‌ലാസിന് വിരുദ്ധമായി കർമങ്ങൾ ചെയ്യുന്ന അത്തരം ചിലരെ പറ്റി ഓർമിപ്പിക്കുന്നത് കാണുക:

قال شيخ الإسلام ابن تيمية رحمه الله: وربما تظاهر أحدهم بوضع السجادة على منكبه وإظهار المسابح في يده وجعله من شعار الدين والصلاة. وقد علم بالنقل المتواتر أن النبي صلى الله عليه وسلم وأصحابه لم يكن هذا شعارهم

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ رحمه الله പറയുന്നു: ചിലപ്പോൾ ചിലയാളുകൾ നമസ്‌കരിക്കാനുള്ള മുസ്വല്ല തന്റെ തോളിൽ ഇട്ടുകൊണ്ടും തസ്ബീഹ് മാല കയ്യിൽ എടുത്തുകൊണ്ടും അവ പ്രദർശിപ്പിക്കുന്നത് മതത്തിന്റെയും ഇബാദത്തിന്റെയും അടയാളങ്ങളായി (ശിആറുകൾ) ഗണിക്കുകയും ചെയ്യാറുണ്ട്. എന്നാൽ അനിഷേധ്യമായ നിലയിൽ സ്ഥിരപ്പെട്ട സംഗതിയാണ് നബി ﷺ യുടെയോ സ്വഹാബത്തിന്റെ രീതിയോ ശിആറോ ആയിരുന്നില്ല ഇവയെന്ന കാര്യം. (മജ്മൂഉ ഫതാവാ, വാല്യം 22, പേജ് 187)

(2) മനസ്സാന്നിധ്യത്തോടെയും ആശയം ഗ്രഹിച്ചുകൊണ്ടും സാവകാശത്തിലും ആയിരിക്കുക

ദിക്‌റുകൾ ചൊല്ലുമ്പോൾ അത് കേവലം നാവിൽ മാത്രം തത്തിക്കളിക്കുന്ന ഒന്നാകാതെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി ആശയം ഗ്രഹിച്ചും അതിന്റെ ആശയതലങ്ങളെക്കുറിച്ച് ചിന്തിച്ചും അവയുടെ നേട്ടങ്ങളും ഗുണങ്ങളുമൊക്കെ അനുസ്മരിച്ചും ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാതെ കേവലം അധരവ്യായാമമായി അതിനെ അവസാനിപ്പിക്കരുത്. എന്നാൽ ചിലരുടെ ദിക്‌റുകൾ കാണുമ്പോൾ വല്ലാത്ത വിഷമവും സങ്കടവുമാണ് തോന്നുക. അതിവേഗത്തിൽ ധൃതികൂട്ടിയും കണ്ണിമ വെട്ടുന്ന നേരത്തിൽ വിരലുകൾ ചുരുട്ടിയും നിവർത്തിയുമൊക്കെ ദിക്‌റുകൾ ചൊല്ലിത്തീർക്കാനുള്ള ബദ്ധപ്പാട് ദിക്‌റിന്റെ ലക്ഷ്യത്തിനും താല്പര്യങ്ങൾക്കുംഎതിരാണ്.

قال الإمام النووي رحمه الله : المرادُ من الذكر حضورُ القلب، فينبغي أن يكون هو مقصودُ الذاكر، فيحرص على تحصيله، ويتدبر ما يذكر، ويتعقل معناه؛ فالتدبُر في الذكر مطلوبٌ، كما هو مطلوبٌ في القراءة، لاشتراكهما في المعنى المقصود،

ഇമാം നവവി رحمه الله പറയുന്നു: ദിക്ർ കൊണ്ടുള്ള പ്രധാന ഉദ്ദേശ്യം ഹൃദയ സാന്നിധ്യമാണ്. അതിനാൽ ദിക്ർ ചൊല്ലുന്നവരുടെയും ലക്ഷ്യം അതായിരിക്കണം. അങ്ങനെയാകുമ്പോൾ അത് കരസ്ഥമാക്കുവാൻ അവർ പ്രത്യേകം ശ്രദ്ധിക്കും. താൻ ഉരുവിടുന്ന ദിക്‌റുകളെക്കുറിച്ച് ഉറ്റാലോചിക്കുവാനും അതിന്റെ അർഥം ഗ്രഹിക്കുവാനും പരിശ്രമിക്കുകയും ചെയ്യും. ദിക്‌റിനെക്കുറിച്ചുള്ള ചിന്തയും ആശയഗ്രാഹ്യതയും അത്യാവശ്യ കാര്യങ്ങളാണ്. (അൽഅദ്കാർ, പേജ് 45)

(3) നബി ﷺ യുടെ സുന്നത്ത് പാലിക്കാൻ ശ്രമിക്കുക

ഏത് ഇബാദത്തിലുമെന്നപോലെ ദിക്‌റുകളുടെ കാര്യത്തിലും നബി ﷺ യുടെ ചര്യ അഥവാ സുന്നത്തുകൾ പാലിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സുന്നത്തുകൾ അവഗണിക്കപ്പെടുമ്പോൾ ബിദ്അത്തുകൾ (അനാചാരങ്ങൾ) ആയിരിക്കും അവിടങ്ങളിൽ സ്ഥാനം പിടിക്കുക. സുന്നത്തുകൾ അല്ലാഹുവിലേക്കും സ്വർഗത്തിലേക്കുമാണ് നമ്മെ അടുപ്പിക്കുകയെങ്കിൽ ബിദ്അത്തുകൾ പിശാചിലേക്കും നരകത്തിലേക്കുമായിരിക്കും കൊണ്ടെത്തിക്കുക എന്ന കാര്യം മറന്നുപോകരുത്.

ഇക്കാര്യത്തിൽ വേണ്ടത്ര തിരിച്ചറിവില്ലാത്തതുകൊണ്ട് ദിക്‌റെന്ന പേരിൽ ചിലർ കൊണ്ടുനടക്കുന്നതിൽ പലതും ദീനിൽ യാതൊരു അടിസ്ഥാനവുമില്ലാത്തവയാണ്. അല്ലാഹുവിൽ നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിൽ നബി ﷺ പഠിപ്പിച്ചതും സ്വഹാബത്ത് അനുഷ്ഠിച്ചതുമായ ദിക്‌റുകൾ കൈയൊഴിച്ചുകൊണ്ട് ചിലർ ചൊല്ലാറുള്ള ‘ഹാ അല്ലാ, ഹൂ അല്ലാ, ഹാ ഹൂ ഹീ അല്ലാഹ്’ തുടങ്ങിയവ ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധവും പിശാചിനെ സന്തോഷിപ്പിക്കുന്നതും യഥാർഥ ദിക്‌റിനെ അപഹസിക്കുന്നവയുമാണ് എന്ന കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്.

അപ്രകാരംതന്നെ നബി ﷺ പഠിപ്പിക്കാത്ത പ്രത്യേകം എണ്ണങ്ങൾക്കും ഇസ്‌ലാമിൽ പ്രസക്തിയില്ല. നമസ്‌കാര ശേഷമുള്ള ദിക്‌റുകളിൽ സുബ്ഹാനല്ലാഹ് 33 പ്രാവശ്യം, അൽഹംദുലില്ലാഹ് 33 പ്രാവശ്യം, അല്ലാഹു അക്ബർ 33 പ്രാവശ്യം എന്നിങ്ങനെയുള്ള എണ്ണങ്ങൾ നബി ﷺ യുടെ അധ്യാപനങ്ങളിലൂടെ സ്ഥിരപ്പെട്ടതാണ്. എന്നാൽ ചിലർ ചില പ്രത്യേക കാര്യങ്ങൾക്കായി പ്രത്യേക ദിക്‌റുകൾ പടച്ചുണ്ടാക്കുന്നതും പ്രത്യേകം എണ്ണം നിർദേശിക്കുന്നതും കാണാം. അത് നബി ﷺ പഠിപ്പിച്ച പരിശുദ്ധ ഇസ്‌ലാമിന് പരിചയമില്ലാത്ത പുത്തനാചാരമാണ്. ദീനിന്റെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും നാം പകർന്നെടുക്കേണ്ടത് പ്രവാചകാധ്യാപനങ്ങളിൽ നിന്നാണ്. അതാണ് യഥാർഥ അഹ്‌ലുസ്സുന്നയുടെ രീതിയും.

അതുപോലെ ചിലർ അല്ലാഹുവിന്റെ വിശിഷ്ടമായ ‘അസ്മാഉൽ ഹുസ്‌നാ’ എന്ന പേരിൽ വെറുതെ കുറെ നാമങ്ങൾ ഉരുവിടുന്നത് കാണാം. അല്ലാഹ്, അല്ലാഹ്… ഹയ്യ്, ഹയ്യ് എന്നിങ്ങനെ അല്ലാഹുവിന്റെ തിരുനാമങ്ങളായി പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടതും സ്ഥിരപ്പെട്ടുവരാത്തതും ഇത്തരക്കാർ ചൊല്ലാറുണ്ട്. അഹ്‌ലുസ്സുന്നയുടെ പാതയിൽനിന്ന് വ്യതിചലിച്ച സൂഫികളാണ് ഇത്തരം പല അനാചാരങ്ങളും ദീനിലേക്ക് കടത്തിക്കൊണ്ടുവരുന്നത്. അല്ലാഹുവിന്റെ നാമങ്ങളായി സ്ഥിരപ്പെട്ടവതന്നെയും കേവലം നാമങ്ങളായി ഉരുവിടുന്നതിന് മതത്തിൽ യാതൊരു രേഖയുമില്ല. നബി ﷺ യോ സ്വഹാബത്തോ സച്ചരിതരായ മുൻഗാമികളോ ഇത്തരം ഒരു മാതൃക നമുക്ക് പഠിപ്പിച്ചുതന്നിട്ടില്ല.

ഒന്നുകിൽ പൂർണമായ വാചകങ്ങളിലൂടെ അല്ലാഹുവിനെ വാഴ്ത്തുകയും പ്രകീർത്തിക്കുകയും ചെയ്യാം. അല്ലെങ്കിൽ തേട്ടങ്ങൾക്കും പ്രാർഥനകൾക്കും അനുയോജ്യമായി അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും മുൻനിറുത്തി നമ്മുടെ ആവശ്യങ്ങൾ ചോദിക്കാം. അതല്ലാതെ കേവലം നാമങ്ങൾ ഉരുവിടുന്നത് ദീനിൽ മാതൃകയുള്ള ദിക്ർ അല്ല.

നബി ﷺ പഠിപ്പിക്കാത്ത രൂപങ്ങളോ പ്രത്യേക എണ്ണമോ പ്രത്യേക സമയമോ നിശ്ചയിച്ചുകൊണ്ടുള്ള ദിക്ർ ഹൽക്വകൾ മതവിരുദ്ധവും പുത്തനാചാരവും (ബിദ്അത്ത്) ആണെന്ന് തിരിച്ചറിഞ്ഞ് കൈയൊഴിയേണ്ടതുണ്ട്. ചിലർ ചെയ്യാറുള്ളതുപോലെ അസ്വ‌്ർ-മഗ്‌രിബിനിടക്ക് ആയിരം വട്ടം ‘അല്ലാഹ്… അല്ലാഹ്’ എന്നിങ്ങനെ ഉരുവിടൽ അതിനൊരു ഉദാഹരണമാണ്.

قال شيخ الإسلام ابن تيمية رحمه الله: فأما الاسم المفرد مظهراً مثل: الله الله. أو مضمراً مثل: هو هو، فهذا ليس بمشروع في كتاب ولا سنة، ولا هو مأثور أيضاً عن أحد من سلف الأمة، ولا عن أعيان الأمة المقتدى بهم، وإنما نهج به قوم من ضُلاَّل المتأخرين

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ رحمه الله പറയുന്നു:എന്നാൽ കേവലം നാമം മാത്രം വ്യക്തമാക്കിക്കൊണ്ട് അല്ലാഹ്, അല്ലാഹ് എന്നിങ്ങനെ ഉരുവിടുകയോ, അല്ലെങ്കിൽ അതിലേക്ക് സൂചിപ്പിച്ചു കൊണ്ട് സർവനാമ രൂപേണ ഹുവ, ഹുവ എന്നിങ്ങനെ ചൊല്ലുകയോ ചെയ്യൽ മതപരമല്ല. ക്വുർആനിലോ സുന്നത്തിലോ അത് പഠിപ്പിക്കപ്പെട്ടിട്ടില്ല. സച്ചരിതരായ മുൻഗാമികളിൽ ഒരാളിൽനിന്നുപോലും അങ്ങനെയൊരു രൂപം ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. പ്രത്യേകമായി പിൽകാലക്കാരായ ചില വഴികേടിന്റെ വക്താക്കളാണ് അത് പടച്ചുണ്ടാക്കിയത്. (മജ്മൂഉൽ ഫതാവാ, വാ:10, പേജ്: 556).

(4) കൈവിരലുകൾ കൊണ്ട് എണ്ണം പിടിക്കുക

ദിക്‌റുകളുടെ എണ്ണം പിടിക്കാൻ വ്യത്യസ്തങ്ങളായ പല രീതികളും ആളുകൾ സ്വീകരിച്ചു കാണുന്നു. പല യന്ത്രങ്ങളും അതിനായി വിപണിയിലിറക്കുകയും ആത്മീയ കച്ചവടക്കാർ അത് വിറ്റ് കാശാക്കുകയും ചെയ്യുന്നു. അതിൽപെട്ട ഒന്നാണ് തസ്ബീഹ് മാലയും. നബി ﷺ ദിക്‌റുകൾക്ക് എണ്ണം പിടിച്ചത് കൈവിരലുകൾകൊണ്ടായിരുന്നു. സ്വഹാബത്തിനോട് നിർദേശിച്ചതും അതുതന്നെ. അതിന്റെ കാരണവും അതുകൊണ്ടുള്ള നേട്ടവും നബി ﷺ ഉണർത്തുകയും ചെയ്തു. അവിടുന്ന് പറഞ്ഞു:

قال رسول الله صلى الله عليه وسلم : عليكنَّ بالتّسبيحِ والتَّهليلِ والتَّقديسِ واعقِدْنَ بالأناملِ فإنهن مَسئولاتٌ مُستنطَقاتٌ ولا تغْفَلْنَ فتنسِين الرَّحمةَ

നിങ്ങൾ കൈവിരലുകൾ കൊണ്ട് എണ്ണം പിടിക്കുക. നിശ്ചയം അവ ചോദിക്കപ്പെടുന്നതും സംസാരിക്കുന്നതുമാണ് (സ്വഹീഹുൽ ജാമിഅ്: 4087)

അഥവാ ദിക്‌റിന്റെ എണ്ണം പിടിച്ച കൈവിരലുകൾ പരലോകത്ത് നമുക്ക് അനുകൂല സാക്ഷികളായി വരികയും സംസാരിക്കുകയും ചെയ്യും. മാത്രമല്ല, കൈകൊണ്ടാകുമ്പോൾ എണ്ണം പിടിക്കാനായി ഒരു സാധനം വേറെ പ്രത്യേകം കരുതേണ്ടിയും വരില്ല. അതോടൊപ്പം ലോകമാന്യതയും ഞാനൊരു ദിക്‌റിന്റെ ആളാണെന്ന് രണ്ടാളുകൾ കാണട്ടെ എന്നതുപോലുള്ള ഇഖ്‌ലാസിന് വിരുദ്ധമായ ചിന്തകളും മറ്റും കടന്നു വരുന്നത് തടയാനും നബി ﷺ പഠിപ്പിച്ച രീതിതന്നെയാണ് ഏറെ അഭികാമ്യം. മാർഗങ്ങളിൽവെച്ച് ഏറ്റവും നല്ലത് നബി ﷺ യുടെ മാർഗമാണ് എന്ന് അവിടുന്ന് പറഞ്ഞത് വെറുതെയല്ല. ഇവിടെയും അത് പ്രസക്തമാണ്.

(5) ശുദ്ധിയോടുകൂടിയാവൽ

അല്ലാഹുവിനെ ദിക്ർ ചെയ്യുന്നതിന് ശാരീരിക ശുദ്ധി നിർബന്ധമില്ലെങ്കിലും ശുദ്ധിയോടു കൂടിയാകൽ വളരെ നല്ലതാണ്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِنِّي كَرِهْتُ أَنْ أَذْكُرَ اللَّهَ عَزَّ وَجَلَّ إِلاَّ عَلَى طُهْرٍ

നബി ﷺ പറഞ്ഞു: ശുദ്ധിയോടു കൂടിയല്ലാതെ അല്ലാഹുവിനെ ദിക്ർ ചെയ്യുന്നത് ഞാൻ വെറുക്കുന്നു. (അബൂദാവൂദ്:17)

(6) ശബ്ദം താഴ്ത്തൽ

ദിക്‌റിന്റെ മറ്റൊരു മര്യാദയാണ് ശബ്ദം താഴ്ത്തി, വിനയം പ്രകടിപ്പിച്ച്, താഴ്മയോടെയാവുക എന്നത്. അല്ലാഹു പറയുന്നു:

وَٱذْكُر رَّبَّكَ فِى نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ ٱلْجَهْرِ مِنَ ٱلْقَوْلِ بِٱلْغُدُوِّ وَٱلْـَٔاصَالِ وَلَا تَكُن مِّنَ ٱلْغَٰفِلِينَ ‎

വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്‍റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്‌. (ഖു൪ആന്‍:7/205)

ഇബ്‌നു കസീർ رحمه الله പറയുന്നു:

وهكذا يستحب أن يكون الذكر لا يكون نداء

അപ്രകാരം തന്നെ ദിക്ർ ഒച്ചയിട്ടു വിളിക്കുന്നത് പോലെയാകാതിരിക്കുക എന്നത് തല്ല താണ്. (തഫ്‌സീർ ഇബ്‌നു കസീർ)

ഇത്തരം മര്യാദകൾ പാലിച്ച് മാന്യവും മാതൃകാപരവുമായി ദികർ ചൊല്ലുവാൻ നാം പ്രത്യേകം ശ്രദ്ധിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.

ശമീർ മദീനി

Leave a Reply

Your email address will not be published.

Similar Posts