നമസ്കാരത്തിൽ സ്വലാത്ത് ചൊല്ലൽ

THADHKIRAH

നബി ﷺ നമസ്കാരത്തിൽ ആദ്യത്തെ തശഹ്ഹുദിലും അല്ലാത്തതിലും തന്റെ പേരിലുള്ള സ്വലാത്ത് ചൊല്ലാറുണ്ടായിരുന്നു. തനിക്ക് സലാം പറഞ്ഞശേഷം സ്വലാത്ത് ചൊല്ലാൻ കൽപിച്ചുകൊണ്ട് തന്റെ സമുദായത്തിന് അത് ചര്യയാക്കി. തന്റെ മേൽ സ്വലാത്ത് ചൊല്ലുന്നതിൻ്റെ വിവിധ രീതികൾ നബി ﷺ അവരെ പഠിപ്പിച്ചു.

ഒന്ന്

اللهم! صل على محمد وعلى أهل بيته وعلى أزواجه وذريته كما صليت على آل إبراهيم إنك حميد مجيد. وبارك على محمد وعلى آل بيته وعلى أزواجه وذريته كما باركت على آل إبراهيم إنك حميد مجيد

അല്ലാഹുവേ! മുഹമ്മദിനും അവിടുത്തെ വീട്ടുകാർക്കും അവിടുത്തെ ഭാര്യമാർക്കും സന്താനങ്ങൾക്കും നീ ഗുണം ചെയ്യേണമേ, ഇബ്രാഹീമിന്റെ കുടുംബത്തിൻ്റെമേൽ ഗുണം ചെയ്തതുപോലെ. നീ സ്‌തുത്യർഹനും മഹാനുമത്രെ. മുഹമ്മദിനേയും അവിടുത്തെ വീട്ടുകാരേയും അവിടുത്തെ ഭാര്യമാരേയും സന്താനങ്ങളേയും നീ അനുഗ്രഹിക്കേണമേ, ഇബ്രാഹീം നബിയുടെ കുടുംബത്തെ നീ അനുഗ്രഹിച്ചതുപോലെ. നീ സ്‌തുത്യർഹനും മഹാനുമത്രെ.

ഇതാണ് നബി ﷺ സ്വയം പ്രാർത്ഥിച്ചിരുന്ന പ്രാർത്ഥന.

രണ്ട്

اللهم! صلِّ على محمدٍ، وعلى آل محمدٍ؛ كما صليتَ على [إبراهيمَ، وعلى] آلِ إبراهيمَ، إنك حميدٌ مجيدٌ. اللهم! بارك على محمدٍ، وعلى آلِ محمدٍ؛ كما باركتَ على [إبراهيمَ، وعلى] آلِ إبراهيمَ، إنك حميدٌ مجيدٌ.

അല്ലാഹുവേ! മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും നീ ഗുണം ചെയ്യേണമേ! [ഇബ്രാഹീമിനും] ഇബ്രാഹീമിന്റെ കുടുംബത്തിനും നീ ഗുണം ചെയ്‌തതുപോലെ. നീ സ്‌തുത്യർഹനും മഹാനുമത്രെ. അല്ലാഹുവേ! മുഹമ്മദിനെയും മുഹമ്മദിന്റെ കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ! [ഇബ്രാഹീമിനേയും] ഇബ്രാഹീമിന്റെ കുടുംബത്തെയും നീ അനുഗ്രഹിച്ചതുപോലെ. നീ സ്‌തുത്യർഹനും മഹാനുമത്രെ.

മൂന്ന്

اللهم! صلِّ على محمدٍ، وعلى آلِ محمدٍ؛ كما صليتَ على إبراهيمَ، [وآلِ إبراهيمَ] ، إنك حميدٌ مجيد. وبارك على محمدٍ، وعلى آلِ محمدٍ؛ كما باركتَ على [إبراهيمَ، و] آلِ إبراهيمَ، إنك حميدٌ مجيد.

അല്ലാഹുവേ! മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും നീ ഗുണം ചെയ്യേണമേ! ഇബ്രാഹീമിനും [ഇബ്രാഹീമിന്റെ കുടുംബത്തിനും] നീ ഗുണം ചെയ്‌തതുപോലെ. നീ സ്തു‌ത്യർഹനും മഹാനുമത്രെ! മുഹമ്മദിനെയും മുഹമ്മദിന്റെ കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ. [ഇബ്രാഹീമിനേയും] ഇബ്രാഹീമിന്റെ കുടുംബത്തെയും നീ അനുഗ്രഹിച്ചതുപോലെ. നീ സ്‌തുത്യർഹനും മഹാനുമത്രെ.

നാല്

اللهم! صلِّ على محمدٍ  [النبيِّ الأميِّ] ، وعلى آل محمدٍ؛ كما صليتَ على  [آلِ] إبراهيمَ. وباركْ على محمدٍ [النبي الأميّ] ، وعلى آل محمدٍ؛ كما باركتَ على  [آلِ] إبراهيمَ، في العالمين إنك حميدٌ مجيد.

അല്ലാഹുവേ! [നിരക്ഷരനായ പ്രവാചകൻ] മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും നീ ഗുണം ചെയ്യേണമേ! ഇബ്രാഹീമിന്റെ കുടുംബത്തിന് ഗുണം ചെയ്‌തതുപോലെ. [നിരക്ഷരനായ പ്രവാചകൻ] മുഹമ്മദിനെയും മുഹമ്മദിന്റെ കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ. ലോകരിൽ ഇബ്രാഹീം [കുടുംബത്തെ] നീ അനുഗ്രഹിച്ചതുപോലെ. നീ സ്‌തുത്യർഹനും മഹാനുമത്രെ.

അഞ്ച്

اللهم! صلِّ على محمدٍ عبدِك ورسولِك؛ كما صليت على [آل] إبراهيمَ. وباركْ على محمدٍ  [عبدِك ورسولِك] ، [وعلى آلِ محمدٍ] ؛ كما باركتَ على إبراهيمَ، [وعلى آلِ إبراهيمَ]

അല്ലാഹുവേ! നിൻ്റെ അടിമയും ദൂതനുമായ മുഹമ്മദിന് നീ ഗുണം ചെയ്യേണമേ! ഇബ്രാഹീം [കുടുംബത്തിന്] നീ ഗുണം ചെയ്തതുപോലെ. [നിൻ്റെ അടിമയും ദൂതനുമായ] മുഹമ്മദിനേയും [മുഹമ്മദിന്റെ കുടുംബത്തെയും] നീ അനുഗ്രഹിക്കേണമേ. ഇബ്രാഹീമിനേയും [ഇബ്രാഹീമിന്റെ കുടുംബത്തെയും] നീ അനുഗ്രഹിച്ചതുപോലെ.

ആറ്

اللهمَّ! صلِّ على محمدٍ، و  [على] أزواجِهِ، وذرّيّتِه؛ كما صليتَ على [آلِ] إبراهيمَ. وباركْ على محمدٍ، و  [على]  أزواجِهِ، وذرّيّتِه؛ كما باركتَ على [آلِ] إبراهيمَ، إنك حميدٌ مجيد.

അല്ലാഹുവേ! മുഹമ്മദിനും അവിടുത്തെ ഭാര്യമാർക്കും സന്താനങ്ങൾക്കും നീ ഗുണം ചെയ്യേണമേ! ഇബ്രാഹീം [കുടുംബത്തിന്] നീ ഗുണം ചെയ്‌തതുപോലെ. മുഹമ്മദിനെയും അവിടുത്തെ ഭാര്യമാരെയും സന്താനങ്ങളെയും നീ അനുഗ്രഹിക്കേണമേ! ഇബ്രാഹീമിന്റെ [കുടുംബത്തെ] നീ അനുഗ്രഹിച്ചതുപോലെ, നീ സ്‌തുത്യർഹനും മഹാനുമത്രെ.

ഏഴ്

اللهمَّ! صلِّ على محمدٍ، وعلى آلِ محمدٍ، وباركْ على محمدٍ، وعلى آلِ محمدٍ؛ كما صليتَ وباركتَ على إبراهيمَ، وآلِ إبراهيمَ، إنك حميدٌ مجيد.

അല്ലാഹുവേ! മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും നീ ഗുണം ചെയ്യേണമേ! മുഹമ്മദിനേയും മുഹമ്മദിന്റെ കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. ഇബ്രാഹീമിനും ഇബ്രാഹീമിന്റെ കുടുംബത്തിനും നീ ഗുണം ചെയ്‌തത് പോലെയും, നീ അനുഗ്രഹം ചെയ്തത്‌ പോലെയും. നീ സ്‌തുത്യർഹനും മഹാനുമത്രെ.

സ്വലാത്തിന്റെ അർത്ഥം

നബി ﷺ യുടെ മേലുള്ള സ്വലാത്തിന്റെ അർത്ഥത്തെക്കുറിച്ച് പറഞ്ഞതിൽ ഏറ്റവും അനുയോജ്യമായത് അബൂൽ ആലിയയുടേതാണ്: {നബി ﷺ യുടെ മേലുള്ള അല്ലാഹുവിന്റെ സ്വലാത്ത് കൊണ്ടുദ്ദേശിക്കുന്നത് നബിയെ വാഴ്ത്തലും മഹത്വപ്പെടുത്തലുമാണ്. നബി ﷺ യുടെ മേലുള്ള മലക്കുകളുടെയും മറ്റും സ്വലാത്ത് എന്നാൽ അല്ലാഹുവിൽനിന്നും അതിന് വേണ്ടി ആവശ്യപ്പെടലാണ്. ഇവിടെ അതുകൊണ്ട് ഉദ്ദേശിക്കുന്നത് വർദ്ധനവിന് വേണ്ടി ആവശ്യപ്പെടുക എന്നാണ്. അല്ലാതെ, കേവലം അനുഗ്രഹത്തിന് വേണ്ടി (സ്വലാത്തിനുവേണ്ടി) യുള്ള പ്രാർത്ഥനയല്ല}. ഇബ്‌നു ഹജർ ഇത് ഫത്ഹുൽ ബാരിയിൽ പറഞ്ഞിട്ടുണ്ട്. വളരെ പ്രചാരത്തിലുള്ളത് പോലെ ‘റബ്ബിൻ്റ സ്വലാത്ത്’ എന്നാൽ ‘അവൻറ കാരുണ്യമാണ്’ എന്ന വാദത്തെ അദ്ദേഹം ഖണ്ഡിക്കുകയും ചെയ്‌തു. ഇബ്നുൽ ഖയ്യിമും ഇത് ജലാ അൽ അഫ്ഹാമിൽ വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്.

രണ്ട് തശഹ്ഹുദുകളിലും സ്വലാത്ത് ചൊല്ലൽ

അവർ പറഞ്ഞു: “അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെമേൽ എങ്ങനെ സലാം ചൊല്ലണമെന്ന് (അതായത്: തശഹ്ഹുദിൽ) ഞങ്ങൾക്കറിയാം. എന്നാൽ എങ്ങനെയാണ് ഞങ്ങൾ അങ്ങയുടെമേൽ സ്വലാത്ത് ചൊല്ലുക? അവിടുന്ന് പറഞ്ഞു: “നിങ്ങൾ പറയുക: ‘അല്ലാഹുവേ! മുഹമ്മദിന് നീ അനഗ്രഹം ചെയ്യേണമേ….’ എന്ന ഹദീഥ്. ഇത് ഏതെങ്കിലും ഒരു തശഹ്ഹുദിനെ ഒഴിവാക്കി, മറ്റേ തശഹ്ഹുദിന് മാത്രമായി പരിമിതപ്പെടുത്തിയില്ല. അതിനാൽ, നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നത് ആദ്യത്തെ തശഹ്ഹുദിലും ബാധകമാണെന്ന് ഇത് തെളിയിക്കുന്നു. ഇതുതന്നെയാണ് ഇമാം ശാഫിഈയുടെ അഭിപ്രായവും, അദ്ദേഹം തൻറെ അൽ ഉമ്മിൽ വ്യക്തമാക്കിയത് പോലെ തൻറെ അനുചരന്മാരുടെയടുക്കൽ പ്രബലമായതും അത് തന്നെയാണ്. ഇമാം നവവി അൽ മജ്മൂഇൽ(3/460) അത് പ്രഖ്യാപിക്കുകയും, റൗളത്തുത്വാലിബീനിൽ(1/263)അത് തെളിയിക്കുകയും ചെയ്‌തത്‌ പോലെ. ഈ അഭിപ്രായംതന്നെയാണ് വസീറുബ്‌നു ഹുബൈറൽ ഹമ്പലി അൽ ഇഫ്‌സാഹിൽ തെരഞ്ഞെടുത്തത്. ഇബ്‌നു റജബ് ദൈലുത്വബക്വാതി (1/280)ൽ ഇത് ഉദ്ധരിക്കുകയും ഇതിനെ ശക്‌തമായി അനുകൂലിക്കുകയും ചെയ്തു‌. തശഹ്ഹുദിൽ നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിനെക്കുറിച്ച് ധാരാളം ഹദീഥുകൾ വന്നിട്ടുണ്ട്. അവയിലൊന്നും ഏതെങ്കിലും ഒരു തശഹ്ഹുദിൽമാത്രം പരിമിതപ്പെടുത്തിയതായി കാണുന്നില്ല. പ്രത്യുത, ഈ ഹദീഥുകളെല്ലാം പൊതുവായി എല്ലാ തശഹ്ഹുദുകളും ഉൾക്കൊള്ളുന്നതാണ്. . ഇതിനെ നിഷേധിക്കുകയും എതിർക്കുകയും ചെയ്യുന്നവർക്ക് ഇതിനെ ഖണ്‌ഡിക്കാനുള്ള പ്രാമാണികമായ തെളിവുകളൊന്നുമില്ല. അതുപോലെ ആദ്യത്തെ തശഹ്ഹുദിൽ “അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്” എന്നതിനുശേഷം വല്ലതും കൂട്ടിച്ചേർക്കുന്നത് ‘മക്റൂഹ്’ ആണ് എന്ന് പറയുന്നതിനും നബിചര്യയിൽ അടിസ്ഥാനമൊന്നുമില്ല – വ്യക്‌തമായ തെളിവുമില്ല. എന്നാൽ, ഇങ്ങനെ ചെയ്യുന്നവർ നബി()യുടെ കൽപനയായ “നിങ്ങൾ പറയുക: ‘അല്ലാഹുവേ! മുഹമ്മദിനോടും മുഹമ്മദിൻ്റെ കുടുംബത്തോടും നീ കരുണ കാണിക്കേണമേ….’എന്ന് തുടങ്ങി അവസാനംവരെയുള്ള പ്രാർത്ഥന” നിറവേറ്റുന്നതായി നാം കാണുന്നില്ല.

സ്വലാത്ത് പൂര്‍ണ്ണമായും ചൊല്ലുക

ഈ പ്രാർത്ഥനയുടെ ഏത് രൂപമെടുത്ത് നോക്കിയാലും നബിയുടെ കുടുംബത്തിനും അദ്ദേഹത്തിന്റെ ഭാര്യമാർക്കും കുട്ടികൾക്കും അദ്ദേഹത്തിന് തന്നെയും വേണ്ടിയുള്ള പ്രാർത്ഥനയ്യാണെന്ന്  കാണാം. അതുകൊണ്ടുതന്നെ اللهمَّ صلِّ على محمدٍ (അല്ലാഹുവേ, മുഹമ്മദിന് നീ ഗുണം ചെയ്യേണമേ) എന്നുമാത്രം പറഞ്ഞ് നിർത്തുന്നത് പ്രവാചകചര്യയല്ല, അവിടുത്തെ കൽപന പാലിക്കലുമല്ല. എന്നാൽ ആദ്യത്തെ തശഹ്ഹുദിലായാലും അവസാനത്തിലേതായാലും പ്രവാചകനിൽനിന്നും ഉദ്ധരിക്കപ്പെട്ട രൂപത്തിൽ മുഴുവനായി പ്രാർത്ഥിക്കുക തന്നെ വേണം. ഇമാം ശാഫിഈ رحمه الله യുടെ അൽ ഉമ്മിൽ(1/102) ഇതിനെകുറിച്ചുള്ള പ്രതിപാദ്യമുണ്ട്:

والتشهد في الأولى والثانية لفظ واحد لا يختلف، ومعنى قولي: ” التشهد “: التشهد والصلاة على النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ، لا يجزيه أحدهما عن الآخر

ആദ്യത്തെയും അവസാനത്തേയും തശഹ്ഹുദ് ഒരേ രൂപത്തിലാണ്. ‘തശഹ്ഹുദ്’ എന്നതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത് സാക്ഷ്യം വഹിക്കലും, പ്രവാചകൻറെ പേരിൽ സ്വലാത്ത് ചൊല്ലലുമാണ്. ഒന്നില്ലാതെ മറ്റൊന്ന് മതിയാവുകയില്ല.

എന്നാൽ, “ആദ്യ തശഹ്ഹുദിൽ അവിടുന്ന് സാക്ഷ്യവചനങ്ങളേക്കാൾ അധികരിപ്പിക്കുമായിരുന്നില്ല.” എന്ന ഹദീഥ്, ഞാൻ സിൽസിലത്തുള്ളഈഫയിൽ (ന: 5816) സ്വീകരിച്ചതുപോലെ, ‘മുൻകർ’ ആണ്.

ഇബ്രാഹീമി സ്വലാത്തും ‘സയ്യിദിനാ’യും

ഇവിടെയുദ്ധരിച്ച നബി ﷺ യുടെ പേരിലുള്ള സ്വലാത്തിലൊന്നും ‘സയ്യിദ്’ (നേതാവ്, മുഖ്യൻ) എന്ന വാക്ക് ഇല്ല. ‘ഇബ്രാഹീമി സ്വലാത്തി’ൽ അത് ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പിൽകാലക്കാരായ പണ്‌ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. നബി ﷺ യുടെ അധ്യാപനത്തെ പൂർണമായി പിൻപറ്റിക്കൊണ്ട് അത് അനുവദനീയമല്ല എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. കാരണം അദ്ദേഹത്തിന്റെ മേൽ എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത് എന്ന് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് കൽപിച്ചത്: …….. قولوا : اللهمَّ صلِّ على محمدٍ (പറയുക: മുഹമ്മദിന് നീ ഗുണം ചെയ്യേണമേ…) എന്ന പ്രാർത്ഥന ചൊല്ലാനാണ്.

ഇമാം ഇബ്നുഹജർ അസ്ഖലാനി رَحِمَهُ اللهُ പറയുന്നു: അതെ, പ്രവാചക വചനങ്ങളിലുള്ളത് സ്വീകരിക്കലാണ് ഉത്തമം. “അവിടുത്തെ പേര് പറയുമ്പോൾ صلى الله عليه وسلم എന്ന് അവിടുന്ന് പറഞ്ഞിട്ടില്ല എന്നതുപോലെത്തന്നെ നബി ﷺ അവിടുത്തെ വിനയം കാരണം പറയാതിരുന്നതാണ്” എന്ന് പറയാൻ പാടുള്ളതല്ല. കാരണം അത് ഉത്തമമായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ സ്വഹാബികളിൽ നിന്നോ താബിഉകളിൽനിന്നോ അത് ഉദ്ധരിക്കപ്പെടുമായിരുന്നു. എന്നാൽ അങ്ങനെയൊന്ന് അനുചരന്മാരിൽനിന്നോ താബിഉകളിൽ നിന്നോ ഉദ്ധരിക്കപ്പെട്ടതായി നമുക്കറിയില്ല. ധാരാളം ഉദ്ധരണികൾ അവരിൽനിന്നും ഉണ്ടായിട്ടുകൂടി. എന്നാൽ, ‘സല്ലല്ലാഹു അലൈഹി വസല്ലം’ എന്ന് പറയുന്ന വിഷയമാകട്ടെ അവിടുന്ന് അത് തന്റെ സമുദായത്തെ പറയാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

ഈ വിഷയം സ്‌പർശിച്ച ഫിഖ്ഹീ പണ്ഡിതന്മാരിൽ ആരുടെയും വാക്കുകളിൽ ‘സയ്യിദിനാ’ എന്ന പദം എവിടെ യും ഉൾപ്പെടുത്തിയിട്ടില്ല. അധികരിച്ച് വരുന്ന ഈ വാക്ക് ഉത്തമമായിരുന്നെങ്കിൽ, അത് എല്ലാവരാലും കൈയൊഴിക്കപ്പെട്ട നിലയിലാകുമായിരുന്നില്ല. പ്രവാചകോദ്ധരണി പിൻപറ്റുന്നതിലാണ് എല്ലാ നന്മയും കുടികൊള്ളുന്നത് അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.

ഇബ്രാഹീമിന്റെ കുടുംബം എന്നതിൽ നബി عليه السلام യും ഉൾപ്പെടും

നബി ﷺ യുടെ മേലുള്ള സ്വലാത്ത് വിവരിച്ച കൂട്ടത്തിൽ മിക്കതിലും ഇബ്രാഹിം നബി عليه السلام യുടെ കുടുംബത്തെ പറഞ്ഞിടത്ത് ഇബ്രാഹിമിനെ ഒഴിവാക്കിയതായി കാണാം. كما صليتَ على آلِ إبراهيمَ (ഇബ്രാഹീമിന്റെ കുടുംബത്തിന് ഗുണം ചെയ്‌തത്‌ പോലെ) എന്ന രൂപത്തിൽ. അതിനുള്ള കാരണം അറബി ഭാഷയിൽ ഒരാളുടെ കുടുംബം എന്ന് പറയുന്നതിൽ അയാളും അയാളുടെ ആശ്രിതരും ഉൾപ്പെടും. ഉദാഹരണത്തിന്, അല്ലാഹു പറഞ്ഞു:

إِنَّ ٱللَّهَ ٱصْطَفَىٰٓ ءَادَمَ وَنُوحًا وَءَالَ إِبْرَٰهِيمَ وَءَالَ عِمْرَٰنَ عَلَى ٱلْعَٰلَمِينَ

തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. (ഖു൪ആന്‍:3/33)

إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّآ ءَالَ لُوطٍ ۖ نَّجَّيْنَٰهُم بِسَحَرٍ

തീര്‍ച്ചയായും നാം അവരുടെ നേരെ ഒരു ചരല്‍കാറ്റ് അയച്ചു. ലൂത്വിന്‍റെ കുടുംബം അതില്‍ നിന്ന് ഒഴിവായിരുന്നു. രാത്രിയുടെ അന്ത്യവേളയില്‍ നാം അവരെ രക്ഷപ്പെടുത്തി. (ഖു൪ആന്‍:54/34)

നബി ﷺ പ്രാര്‍ത്ഥിച്ചു:

اللهم! صل على آل أبي أوفى

അല്ലാഹുവേ! അബൂ ഔഫയുടെ കുടുംബത്തിന് നീ ഗുണം ചെയ്യേണമേ!

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ رحمه الله പറയുന്നു: പല നിവേദനങ്ങളിലും كما صليتَ على آلِ إبراهيمَ (ഇബ്രാഹീമിന്റെ കുടുംബത്തിന് ഗുണം ചെയ്‌തത്‌ പോലെ) ما باركت على آل إبراهيم (ഇബ്രാഹീമിന്റെ കുടുംബത്തെ നീ അനുഗ്രഹിച്ചതുപോലെ) എന്നിങ്ങനെയുണ്ട്. ചിലതിൽ ഇബ്രാഹീമിനെ എന്ന് തന്നെയുണ്ട്. അതിനുള്ള കാരണം നമസ്ക്കാരത്തിന്റെയും സക്കാത്തിന്റെയും അടിസ്ഥാനം അദ്ദേഹമാണ്. കുടുംബത്തിൽ ബാക്കിയുള്ളവർ സ്വാഭാവികമായും അതിലുൾപ്പെടും. ഈ രണ്ട് കാര്യങ്ങളും ഉണർത്താനാണ് രണ്ടുതരം വാചക രീതികൾ വെവ്വേറെ പ്രയോഗിച്ചിട്ടുള്ളത്.

മുഹമ്മദ് നബി ﷺ ഇബ്രാഹിം നബി عليه السلام യേക്കാൾ ഉൽകൃഷ്ടനാണ്

അറിവുള്ളവർക്കിടയിൽ ഉത്ഭവിച്ച ഒരു പ്രധാന സംശയമുണ്ട്. അദ്ദേഹത്തിന്റെ പ്രസ്‌താവനയിലെ താരതമ്യത്തിന്റെ രീതി “നീ ഗുണം ചെയ്‌തതുപോലെ…” എന്ന രീതിയിലുള്ള. കാരണം ഉപമേയം ഉപമാനത്തേക്കാൾ എന്തുകൊണ്ടും ഉൽകൃഷ്ടമായിരിക്കണം എന്നതാണ് പൊതുതത്വം. ഇവിടെ നേരെ വിപരീതമാണ് സ്‌ഥിതി. മുഹമ്മദ് നബി ﷺ ഇബ്രാഹിം നബി عليه السلام യേക്കാൾ ഉൽകൃഷ്ടനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഉൽകൃഷ്ട‌ത കാരണമായി അദ്ദേഹം ആവശ്യപ്പെടുന്ന പ്രാർത്ഥനകൾ ഏതൊരാൾ ആവശ്യപ്പെടുന്ന പ്രാർത്ഥനയേക്കാളും, ഏതൊരു പ്രാർത്ഥനുടെ സ്വീകാര്യതയേക്കാളും ഉത്തമമാണ്. പണ്‌ഡിതന്മാർ അതിന് പല വിശദീകരണങ്ങളും നൽകിയിട്ടുണ്ട്. അത് ഫത്ഹുൽ ബാരിയിലും ജലാഅൽ അഫ്ഹാമിലും കാണാം.

അതിൽ എല്ലാംകൂടി പത്തോളം വീക്ഷണങ്ങളുണ്ട്. അതിൽ അധികവും ദൃഢതയില്ലാത്തതാണ്. ചിലത് മറ്റു ചിലതിനേക്കാൾ ശക്തമായ ദൗർബല്യമുള്ളതാണ്. അതിൽ അംഗീകരിക്കാൻ കൊള്ളാവുന്ന നിലപാട് ഒന്നുമാത്രമാണ്. അത് ശൈഖുൽ ഇസ്‌ലാം ഇബ്നുതൈമിയയും ഇബ്നുൽ ഖയ്യിമും رحمهما الله സ്വീകരിച്ച നിലപാടാണ്. ആ വീക്ഷണം ഇതാണ്: “ഇബ്രാഹീമിന്റെ കുടുംബത്തിൽ ധാരാളം പ്രവാചകന്മാർ ഉൾക്കൊള്ളുന്നുണ്ട്. അവരെ പോലെ മുഹമ്മദ് നബി ﷺ യുടെ കുടുംബത്തിൽ കാണാൻ സാധ്യമല്ല. ഇബ്രാഹീമിനും പ്രവാചകന്മാൾ ഉൾക്കൊള്ളുന്ന അദ്ദേഹത്തിൻറെ കുടുംബത്തിനും ഗുണം ചെയ്തതു പോലെ മുഹമ്മദിനും കുടുംബത്തിനും ഗുണം ചെയ്യാൻവേണ്ടി പ്രാർത്ഥിച്ചാൽ അതിൽനിന്നും മുഹമ്മദ് നബി ﷺ യുടെ കുടുംബത്തിന് യുക്തമായത് ലഭിക്കും. മുഹമ്മദ് നബി ﷺ യുടെ കുടുംബത്തിൽ ആരും പ്രവാചക പദവിയിൽ എത്തിയിട്ടില്ലാത്തതിനാൽ, ഇബ്രാഹീം ഉൾപ്പെടെയുള്ള പ്രവാചകന്മാർക്ക് കൂടുതലായി നൽകിയിട്ടുള്ളത് മുഹമ്മദ് നബി ﷺ ക്ക് വേണ്ടി അവശേഷിക്കും. അങ്ങനെ, മറ്റുള്ളവർക്കൊന്നും ലഭിച്ചിട്ടില്ലാത്ത ഒരു സമുന്നത സ്‌ഥാനം മുഹമ്മദ് നബി ﷺ ക്ക് ലഭിക്കും.

ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: ഇതാണ് മുമ്പ് പറഞ്ഞ വീക്ഷണങ്ങളേക്കാളെല്ലാം ഉത്തമമായത്. എന്നാൽ അതിനേക്കാൾ നല്ലത് ഇങ്ങനെ പറയലാണ്: അതായത് മുഹമ്മദ് നബി ﷺ ഇബ്രാഹീം കുടുംബത്തിൽ പെട്ടയാളാണ്. മാത്രമല്ല; ഇബ്രാഹീം കുടുംബത്തിൽ ശ്രേഷ്ഠനുമാണ് അദ്ദേഹം. അല്ലാഹു പറഞ്ഞതിനെ കുറിച്ച് ഇബ്‌നു അബ്ബാസ് رضي الله عنهما യിൽനിന്നും അലിയ്യിബ്‌നു ത്വൽഹ  رضي الله عنه ഉദ്ധരിച്ചതുപോലെ:

إِنَّ ٱللَّهَ ٱصْطَفَىٰٓ ءَادَمَ وَنُوحًا وَءَالَ إِبْرَٰهِيمَ وَءَالَ عِمْرَٰنَ عَلَى ٱلْعَٰلَمِينَ

തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. (ഖു൪ആന്‍:3/33)

قال ابن عباس رضي الله عنه: محمد من آل إبراهيم. وهذا نص؛ إذ أدخل غيره من الأنبياء – الذين هم من ذرية إبراهيم – في آله؛ فدخول رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ أولى. فيكون قولنا: ” كما صليت على آل إبراهيم “. متناولاً للصلاة عليه، وعلى سائر النبيين من ذرية إبراهيم، ثم قد أمرنا الله أن نصلي عليه وعلى آله خصوصاً بقدر ما صلينا عليه مع سائر آل إبراهيم عموماً، وهو فيهم، ويحصل لآله من ذلك ما يليق بهم، ويبقى الباقي كله له صَلَّى اللَّهُ عَلَيْهِ وَسَلَّمَ “.

ഇബ്നു അബ്ബാസ് പറഞ്ഞു: “മുഹമ്മദ് ഇബ്രാഹീം കുടുംബത്തിൽ പെട്ടവനാണ്”. ഇത് വ്യക്തമായ രേഖ തന്നെയാണ്. സന്താന പരമ്പരയിലുള്ള മറ്റ് പ്രവാചകന്മാർ അദ്ദേഹത്തിന്റെ കുടുംബത്തിൽ ഉൾപ്പെടുമെങ്കിൽ മുഹമ്മദ് ﷺ  യെ അതിൽ ഉൾപ്പെടുത്തുകയെന്നത് കൂടുതൽ അനുയോജ്യമായതാണ്. അതുകൊണ്ടുതന്നെ كما صليت على آل إبراهيم ( ഇബ്രാഹീം കുടുംബത്തിന് നീ ഗുണം ചെയ്‌തതുപോലെ) എന്ന പ്രാർത്ഥനയിൽ അദ്ദേഹത്തിനും ഇബ്രാഹീമിന്റെ സന്താന പരമ്പരയിൽ വരുന്ന മറ്റ് പ്രവാചകന്മാർക്കും ചെയ്തുകൊടുത്ത ഗുണവും ഉൾപ്പടും. പൊതുവായി ഇബ്രാഹീമിനും കുടുംബത്തിനും വേണ്ടി ഗുണത്തിനായി പ്രാർത്ഥിക്കുന്നതോടൊപ്പം പ്രത്യേകമായി മുഹമ്മദ് ﷺ ക്കും കുടുംബത്തിനും വേണ്ടി ഗുണത്തിനായി പ്രാർത്ഥിക്കാൻ പിന്നീട് അല്ലാഹു നമ്മോട് കൽപിച്ചു. അതിനാൽ, പ്രവാചക കുടുംബത്തിന് അതിൽനിന്നും യുക്‌തമായത് തന്നെ ലഭിക്കും. ഇബ്രാഹീമിന്റെ കുടുംബത്തിലെ മറ്റ് ആളുകളോടൊപ്പം മുഹമ്മദ് ﷺ ക്ക് ഗുണത്തിന് വേണ്ടി നാം പ്രാർത്ഥിച്ചതനുസരിച്ച് അവിടുത്തെ കുടുംബത്തിന്  അനുയോജ്യമായത് ലഭിക്കും. ബാക്കിയുള്ളതൊക്കെയും അവിടുത്തേക്ക് വേണ്ടി ശേഷിക്കും.

ഇബ്രാഹീം കുടുംബത്തിന് മൊത്തമായി ലഭിച്ച ഗുണം പ്രവാചകന് മാത്രം ലഭിച്ച ഗുണത്തേക്കാൾ എത്രയോ കൂടുതലാണെന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ, മുഹമ്മദ് നബി ﷺക്ക് ഗുണത്തിന് വേണ്ടി ആവശ്യപ്പെടുന്നത് ഇബ്രാഹീം നബി ക്കുവേണ്ടി ആവശ്യപ്പെടുന്നതിനേക്കാൾ എന്തുകൊണ്ടും ശ്രേഷ്ഠമായതാണ്.

അങ്ങനെ താരതമ്യപ്പെടുത്തുന്നതിന്റെയും തദനുസൃതമായ പ്രയോഗത്തിന്റെയും പ്രയോജനം വ്യക്‌തമാകുന്നു. അതുകൊണ്ട് തന്നെ ഈ വാക്കുകൾ കൊണ്ട് അദ്ദേഹത്തിനുവേണ്ടി ആവശ്യപ്പെടുന്നത് മറ്റേത് രൂപത്തിൽ ആവശ്യപ്പെടുന്നതിനേക്കാളും മികച്ചതാണ്. കാരണം, ഉപമേയത്തിനുള്ള അത്ര തന്നെ ഉപമാനത്തിനും ലഭിക്കണം എന്നാണ് ഈ പ്രാർത്ഥനയിലൂടെ ആവശ്യപ്പെടുന്നത്. അപ്പോൾ അതിൽ വലിയൊരു ഓഹരി മുഹമ്മദ് നബി ﷺക്ക് ലഭിക്കുന്നു. ഇബ്രാഹീമിനും മറ്റുള്ളവർക്കും നൽകിയതിനേക്കാൾ കൂടുതൽ ആവശ്യപ്പെടുന്നതായിട്ടാണ് ഈ താരതമ്യം വ്യക്തമാക്കുന്നത്.

സ്വലാത്തിൻെറ ഏറ്റവും നല്ല രൂപം

നമ്പർ മൂന്നും നാലും പ്രവാചകനോട് തന്റെ മേലുള്ള സ്വലാത്തിന്റെ രൂപത്തെക്കുറിച്ച് സ്വഹാബികൾ ചോദിച്ചപ്പോൾ അവർക്ക് പഠിപ്പിച്ചുകൊടുത്ത രീതിയാണെന്ന് അറിയുക. അതിനാൽ, അദ്ദേഹത്തിന്റെ മേലുള്ള സ്വലാത്തിൻെറ ഏറ്റവും നല്ല രൂപത്തിന് തെളിവായിട്ടാണ് ഇവ ഉപയോഗിക്കുന്നത്. അവിടുന്ന്, തനിക്കും തന്റെ സ്വഹാബികൾക്കുംവേണ്ടി ഏറ്റവും നല്ലതും മഹനീയമായതുമല്ലാതെ തെരഞ്ഞെടുക്കുകയില്ല. മുമ്പ് വിവരിച്ചപോലെ, ഒരാൾ നബി ﷺ ക്ക് വേണ്ടി ഏറ്റവും നല്ല സ്വലാത്ത് ചൊല്ലാൻ ശപഥം ചെയ്യുകയാണെങ്കിൽ, ഈ രൂപത്തിലല്ലാതെ പൂർത്തീകരിക്കാൻ സാധ്യമല്ല തന്നെ. മുമ്പ് വിവരിച്ചതുപോലെ ഇമാം നവവി رحمه الله റൗളത്തുത്വാലിബീനിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരിക്കൽ ഒന്ന് മറ്റൊരിക്കൽ വേറൊന്ന് എന്ന രീതിയിൽ ചൊല്ലൽ സുന്നത്താണ്

സ്വലാത്തിൻറെ ഈ എല്ലാ രൂപവും കൂട്ടിയോജിപ്പിച്ച് ഒറ്റ രൂപമാക്കുന്നത് അനുവദനീയമല്ലെന്ന് അറിയേണ്ടതാണ്. യഥാർത്ഥത്തിൽ അത് മതത്തിലൊരു അനാചാരമാണ്. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله രണ്ട് പെരുന്നാളുകളിലെ തക്ബീറുകൾ ചർച്ച ചെയ്യുന്നിടത്ത് വിവരിച്ചതുപോലെ (മജ്‌മൂഅഃ അൽ ഫതാവാ 69/253/1) വിവിധ പ്രാർത്ഥനകൾ ഒരിക്കൽ ഒന്ന് മറ്റൊരിക്കൽ വേറൊന്ന് എന്ന രീതിയിൽ ചൊല്ലലാണ് സുന്നത്ത്.

അവലംബം : ശൈഖ് അൽബാനി رَحِمـهُ الله യുടെ صفه صلاه النبى من التكبير الى التسليم كأنك تراها (നബി ﷺ യുടെ നമസ്കാരം) എന്ന ഗ്രന്ഥം.

വിവര്‍ത്തനം : മുഹമ്മദ് സിയാദ്

Leave a Reply

Your email address will not be published.

Similar Posts