ഇമാം അഹ്മദ് رحمه الله, തിര്‍മിദി رحمه الله മുതലായവര്‍ അബുമൂസല്‍ അശ്അരി رضي الله عنه വിന്റെ ഹദീഥായി ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു:
عن النبي صلى الله عليه و سلم أنه قال [ إن الله سبحانه وتعالى أمر يحي بن زكريا صلى الله عليه و سلم بخمس كلمات أن يعمل بها ويأمر بني إسرائيل أن يعلموا بها وأنه كاد أن يبطيء بها فقال له عيسى عليه السلام : إن الله تعالى أمرك بخمس كلمات لتعمل بها وتأمر بني إسرائيل أن يعملوا بها فإما أن تأمرهم وإما أن آمرهم فقال يحي : أخشى إن سبقتني بها أن يخسف بي وأعذب فجمع يحي الناس في بيت المقدس فامتلأ المسجد وقعد على الشرف فقال : إن الله تبارك وتعالى أمرني بخمس كلمات أن أعملهن وآمركم أن تعملوا بهن : أولهن أن تعبدوا الله ولا تشركوا به شيئا وإن من أشرك بالله كمثل رجل اشترى عبدا من خالص ماله بذهب أو ورق فقال : هذه داري وهذا عملي فاعمل وأد إلي فكان يعمل ويؤدي إلى غير سيده فأيكم يرضى أن يكون عبده كذلك ؟ وإن الله أمركم بالصلاة فإذا صليتم فلا تلتفتوا فإن الله ينصب وجهه لوجه عبده في صلاته ما لم يكن يلتفت وأمركم بالصيام فإن مثل ذلك كمثل رجل في عصابة معه صرة فيها مسك كلهم يعجب أو يعجبه ريحه وأن ريح الصائم أطيب عند الله تعالى من ريح المسك وأمركم بالصدقة فإن مثل ذلك مثل رجل أسره العدو فأوثقوا يديه إلى عنقه وقدموه ليضربوا عنقه فقال : أنا أفتدي منكم بالقليل والكثير ففدى نفسه منهم وأمركم أن تذكروا الله تعالى فإن مثل ذلك كمثل رجل خرج العدو في أثره سراعا حتى إذا أتى على حصن حصين فأحرز نفسه منهم كذلك العبد لا يحرز نفسه من الشيطان إلا بذكر الله تعالى
”നിശ്ചയം, അല്ലാഹു യഹ്‌യ നബി عليه السلام യോട് അഞ്ച് കാര്യങ്ങള്‍ കല്‍പിച്ചു. അതനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുവാനും ബനൂ ഇസ്‌റാഈല്യര്‍ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അവരോടു കല്‍പിക്കുന്നതിനും വേണ്ടി. എന്നാല്‍ അദ്ദേഹം അതില്‍ താമസം വരുത്തിയപ്പോള്‍ ഈസാ നബി عليه السلام അദ്ദേഹത്തോട് പറഞ്ഞു: ”നിശ്ചയം, താങ്കള്‍ കര്‍മപഥത്തില്‍ കൊണ്ടുവരുന്നതിനും ബനൂ ഇസ്‌റാഈല്യരോട് അതിനായി കല്‍പിക്കുന്നതിനും അല്ലാഹു അഞ്ച് കാര്യങ്ങള്‍ താങ്കളോട് കല്‍പിക്കുകയുണ്ടായി. ഒന്നുകില്‍ താങ്കളത് അവരോടു കല്‍പിക്കുക. അല്ലെങ്കില്‍ ഞാന്‍ അവരോട് പറയാം.” അപ്പോള്‍ യഹ്‌യ عليه السلام പറഞ്ഞു: ”താങ്കള്‍ എന്നെ മുന്‍കടന്ന് അങ്ങനെ ചെയ്താല്‍ ഞാന്‍ ഭൂമിയിലേക്ക് ആഴ്ത്തപ്പെടുകയോ മറ്റു വല്ല ശിക്ഷയും എന്നെ പിടികൂടുകയോ ചെയ്യുമെന്ന് ഞാന്‍ ഭയക്കുന്നു.” അങ്ങനെ യഹ്‌യ عليه السلام ആളുകളെ ബൈത്തുല്‍ മഖ്ദിസില്‍ ഒരുമിച്ചുകൂട്ടി. ആളുകളെക്കൊണ്ട് പള്ളി തിങ്ങി നിറഞ്ഞു. അതിന്റെ വരാന്തകളിലടക്കം ആളുകള്‍ ഇരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”നിശ്ചയം, ഞാന്‍ എന്റെ കര്‍മപഥത്തില്‍ കൊണ്ടുവരുവാനും നിങ്ങളോട് അതിനു കല്‍പിക്കുവാനുമായി അഞ്ച് കാര്യങ്ങള്‍ അല്ലാഹു എന്നോട് പറഞ്ഞിരിക്കുന്നു. അതില്‍ ഒന്നാമത്തെത്; നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കരുതെന്നതുമാണ്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്റെ ഉപമ, സ്വന്തം സമ്പാദ്യമായ സ്വര്‍ണവും വെള്ളിയും ചെലവഴിച്ച് ഒരു അടിമയെ വിലയ്ക്ക് വാങ്ങിയവനെ പോലെയാണ്. എന്നിട്ടയാള്‍ ആ അടിമയോട് പറഞ്ഞു: ‘ഇതാണ് എന്റെ ഭവനം. ഇതാണ് എനിക്ക് വേണ്ടി നീ ചെയ്യേണ്ട ജോലിയും. അതിനാല്‍ നീ എനിക്കുവേണ്ടി ജോലി ചെയ്യുക.’ എന്നാല്‍ ആ അടിമ തന്റെ യജമാനനല്ലാത്ത മറ്റൊരാള്‍ക്ക് വേണ്ടിയാണു ജോലി ചെയ്തുകൊണ്ടിരിക്കുന്നത്! നിങ്ങളില്‍ ആരാണ് തന്റെ അടിമ ഇപ്രകാരമായിരിക്കുന്നത് ഇഷ്ടപ്പെടുക?
നിശ്ചയം, അല്ലാഹു നിങ്ങളോടു നമസ്‌കരിക്കുവാന്‍ കല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ തിരിഞ്ഞുനോക്കരുത്. ഒരു അടിമ തന്റെ നമസ്‌കാരത്തില്‍ മുഖം തിരിക്കാത്തിടത്തോളം അല്ലാഹു തന്റെ മുഖത്തെ ആ അടിമയുടെ നേരെ തിരിച്ചു നിര്‍ത്തുന്നതാണ്.
അല്ലാഹു നിങ്ങളോടു വ്രതമനുഷ്ഠിക്കാന്‍ കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ആള്‍ക്കൂട്ടത്തിലെ ഒരാളുടെത് പോലെയാണ്. അയാളുടെ കയ്യില്‍ ഒരു പൊതിയുണ്ട്. അതില്‍ കസ്തൂരിയാണ്. എല്ലാവരും അതിന്റെ സുഗന്ധത്തില്‍ അത്ഭുതം കൂറുന്നു. നിശ്ചയം, നോമ്പുകാരന്റെ വായുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമാണ്.
അവന്‍ നിങ്ങളോടു ദാനധര്‍മത്തിനു കല്‍പിച്ചു. അതിന്റെ ഉപമയാകട്ടെ ശത്രുവിന്റെ പിടിയില്‍പെട്ട ഒരാളെ പോലെയാണ്. ശത്രുക്കള്‍ അയാളുടെ കൈ പിരടിയിലേക്ക് ചേര്‍ത്തുകെട്ടി. എന്നിട്ട് അയാളുടെ കഴുത്തുവെട്ടാന്‍ അവര്‍ ഒരുങ്ങി. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഞാന്‍ എന്റെ ചെറുതും വലുതുമായ എല്ലാം (സര്‍വസ്വവും) നിങ്ങള്‍ക്കു നല്‍കാം, നിങ്ങളെന്നെവിടൂ.’ അങ്ങനെ അയാള്‍ സ്വയം അവരില്‍ നിന്ന് മോചിതനായി.
അവന്‍ നിങ്ങളോടു ‘ദിക്ര്‍’ ചെയ്യാന്‍ കല്‍പിച്ചു. നിശ്ചയം, അതിന്റെ ഉപമ ശത്രുക്കള്‍ പിന്നാലെ കൂടി ഓടിച്ച ഒരാളുടെത് പോലെയാണ്. അങ്ങനെ അയാള്‍ സുരക്ഷിതമായ ഒരു കോട്ടയില്‍ എത്തി. അവരില്‍നിന്ന് രക്ഷപ്പെട്ടു. അപ്രകാരമാണ് ഒരു ആള്‍ക്ക് അയാളെ പിശാചില്‍നിന്ന് സ്വന്തത്തെ രക്ഷപ്പെടുത്താന്‍ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ (ദിക്ര്‍) അല്ലാതെ സാധിക്കുകയില്ല. (അഹ്മദ്,തിര്‍മിദി)
അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റില്‍ ഈ ഒരു കാര്യമല്ലാതെ മറ്റൊന്നുമില്ലായെന്ന് സങ്കല്‍പിച്ചാല്‍ പോലും സത്യത്തില്‍ ഒരാളുടെ നാവ് അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നതില്‍നിന്നും തളര്‍ന്ന് പിന്‍വാങ്ങുകയില്ല. പ്രത്യുത അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’കൊണ്ട് അത് സദാസമയവും സജീവമായിരിക്കും. എന്തുകൊണ്ടെന്നാല്‍ തന്റെ ശത്രുവില്‍നിന്ന് അയാള്‍ക്ക് സുരക്ഷിതത്വം കിട്ടുന്നത് അതുകൊണ്ട് മാത്രമാണ്. അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്ന് അശ്രദ്ധമാകുന്ന ആ അശ്രദ്ധയുടെ വാതിലിലൂടെയല്ലാതെ ശത്രുവിന് അയാളുടെ അടുക്കല്‍ കടന്നുവരാന്‍ കഴിയുകയില്ല. അതിനാല്‍ ശത്രു അത് കാത്തിരിക്കുകയാണ്. അങ്ങനെ ഒരാള്‍ ഏത് സമയത്ത് ‘ദിക്‌റി’ല്‍ നിന്ന് അശ്രദ്ധയിലാകുന്നുവോ (ഗഫ്‌ലത്ത്) അപ്പോള്‍ ശത്രു അയാള്‍ക്കുനേരെ ചാടിവീഴുകയും അയാളെ കീഴ്‌പ്പെടുത്തുകയും ചെയ്യും. എപ്പോള്‍ അയാള്‍ക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ (ദിക്ര്‍) ഉണ്ടാകുന്നുവോ അപ്പോള്‍ അല്ലാഹുവിന്റെ ശത്രു പിന്മാറുകയും നിസ്സാരനായി ഒളിക്കുകയും ചെയ്യും. എത്രത്തോളമെന്നാല്‍ ഒരു ചെറുകുരുവിയെപോലെ, അല്ലെങ്കില്‍ ഒരു ഈച്ചയെപോലെ ആയിത്തീരും. അതിനാലാണ് ‘ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവന്‍’ (അല്‍വസ്‌വാസില്‍ ഖന്നാസ്) എന്ന് അവനെക്കുറിച്ച് പറയപ്പെട്ടത്. അതായത് ഹൃദയങ്ങളില്‍ ദുര്‍മന്ത്രണം നടത്തുകയും അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാല്‍ അതില്‍നിന്ന് പിന്മാറി ഒളിക്കുകയും ചെയ്യുന്നു എന്നര്‍ഥം.
قال ابن عباس : الشيطان جاثم على قلب أبن آدم فإذا سها وغفل وسوس فإذا ذكر الله تعالى خنس
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”പിശാച് മനുഷ്യന്റെ ഹൃദയത്തിനടുക്കല്‍ വിടാതെ കാത്തിരിക്കുകയാണ്. അവന്‍ മറക്കുകയോ അശ്രദ്ധയിലാവുകയോ ചെയ്താല്‍ പിശാച് ദുര്‍മന്ത്രണം നടത്തും. എന്നാല്‍ അയാള്‍ അല്ലാഹുവിനെ സ്മരിച്ചാല്‍ അവന്‍ പിന്മാറിക്കളയും” (ഇബ്‌നു അബീശൈബ മുസ്വന്നഫില്‍ ഉദ്ധരിച്ചത്. ഇമാം ബുഖാരി ഇതിനു സമാനമായരൂപത്തില്‍ ‘തഅലീക്വാ’യും ഉദ്ധരിച്ചിട്ടുണ്ട്).
ഇമാം അഹ്മദിന്റെ മുസ്‌നദില്‍ മുആദുബ്‌നു ജബലി(റ)ല്‍നിന്നും ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു:
ما عمل آدمي عملا قط أنجى له من عذاب الله من ذكر الله عز و جل
അല്ലാഹുവിനെ സ്മരിക്കുക എന്നതിനെക്കാള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നും രക്ഷ നല്‍കുന്ന ഒരു കര്‍മവും ഒരാളും ചെയ്യുന്നില്ല.
മുആദ് رَضِيَ اللَّهُ عَنْهُ പറയുന്നു: ”നബി ﷺ പറഞ്ഞു: ‘നിങ്ങളുടെ കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതും നിങ്ങളുടെ രാജാധിരാജനായ അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും വിശുദ്ധമായതും നിങ്ങളുടെ പദവികളില്‍ ഏറ്റവും ഉയര്‍ന്നതും സ്വര്‍ണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാള്‍ നിങ്ങള്‍ക്ക് ഉത്തമമായതും നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ കണ്ടുമുട്ടുകയും എന്നിട്ട് നിങ്ങള്‍ അവരുടെ പിരടിക്ക് വെട്ടുകയും അവര്‍ നിങ്ങളുടെ പിരടിക്ക് വെട്ടുകയും ചെയ്യുന്നതിനെക്കാളും (അഥവാ സത്യമാര്‍ഗത്തിലുള്ള നിങ്ങളുടെ പോരാട്ടത്തെക്കാളും) ഉത്തമമായ ഒരു കാര്യത്തെക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടയോ?’ സ്വഹാബിമാര്‍ പറഞ്ഞു: ‘അതെ, പ്രവാചകരേ അറിയിച്ചു തന്നാലും.’ അവിടുന്ന് പറഞ്ഞു: ‘മഹത്ത്വമുള്ളവനും പ്രതാപവാനുമായ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാ(ദിക്ര്‍)കുന്നു അത്.” (ഇമാം അഹ്മദ് ഉദ്ധരിച്ചത്, ഇതിന്റെ പരമ്പര (സനദ്) മുറിഞ്ഞുപോയിട്ടുണ്ട്).
സ്വഹീഹ് മുസ്‌ലിമില്‍ അബുഹുറയ്‌റ رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു:
كَانَ رَسُولُ اللَّهِ صلى الله عليه وسلم يَسِيرُ فِي طَرِيقِ مَكَّةَ فَمَرَّ عَلَى جَبَلٍ يُقَالُ لَهُ جُمْدَانُ فَقَالَ ” سِيرُوا هَذَا جُمْدَانُ سَبَقَ الْمُفَرِّدُونَ ” . قَالُوا وَمَا الْمُفَرِّدُونَ يَا رَسُولَ اللَّهِ قَالَ ” الذَّاكِرُونَ اللَّهَ كَثِيرًا وَالذَّاكِرَاتُ ” .
നബി ﷺ ഒരിക്കല്‍ മക്കയിലേക്കുള്ള വഴിയില്‍ സഞ്ചരിക്കുകയായിരുന്നു. അങ്ങനെ ജുംദാന്‍ എന്ന് പേരുള്ള ഒരു മലയുടെ അടുത്തുകൂടി കടന്നുപോയപ്പോള്‍ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ മുന്നേറുക. ഇത് ജുംദാന്‍ കുന്നാണ്. മുന്‍കടന്നവര്‍ വിജയിച്ചു.’ സ്വഹാബിമാര്‍ ചോദിച്ചു: ‘നബിയേ, ആരാണ് മുന്‍കടന്നവര്‍?’ നബി ﷺ പറഞ്ഞു: ‘അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും.
സുനനു അബീദാവൂദില്‍ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നതായി കാണാം:
ما من يقومون من مجلس لا يذكرون الله تعالى فيه إلا قاموا عن مثل جيفة حمار وكان عليهم حسرة
ഏതൊരുവിഭാഗം ആളുകള്‍ ഒരു സദസ്സില്‍ ഇരിക്കുകയും എന്നിട്ട് അവിടെവെച്ച് അല്ലാഹുവിനെ സ്മരിക്കാതെ എഴുന്നേറ്റുപോവുകയും ചെയ്യുന്നുവോ അവരുടെ ഉപമ ചീഞ്ഞളിഞ്ഞ കഴുതയുടെ ശവത്തിന്റെ അടുത്തുനിന്നും എഴുന്നേറ്റുപോയവനെ പോലെയാണ്. തങ്ങള്‍ വീഴ്ചവരുത്തിയ നന്മയെ ഓര്‍ത്ത് അവര്‍ ഖേദിക്കുന്നതാണ്. (അബുദാവൂദ്, അഹ്മദ്, ഹാകിം).
തിര്‍മിദിയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയുമുണ്ട്:
ما جلس قوم مجلسا لم يذكروا الله فيه ولم يصلوا على نبيهم إلا كان عليهم ترة فإن شاء عذبهم وإن شاء غفر لهم
ഏതൊരു വിഭാഗം ഒരു സദസ്സില്‍ ഇരിക്കുകയും എന്നിട്ട് അല്ലാഹുവിനെ സ്മരിക്കുകയോ പ്രവാചകന്റെമേല്‍ സ്വലാത്ത് പറയുകയോ ചെയ്യാതെ പോവുകയും ചെയ്താല്‍ അത് അവരുടെ ഒരു വീഴ്ചയായിരിക്കും. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ഒന്നുകില്‍ അവരെ ശിക്ഷിക്കും. അല്ലങ്കില്‍ അവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. (തിര്‍മിദി, അഹ്മദ്, ത്വബ്‌റാനി).
സ്വഹീഹു മുസ്‌ലിമില്‍ അല്‍അഗര്‍റ് അബൂമുസ്‌ലിമി(റ)ല്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു:
أشهد على أبي هريرة وأبي سعيد أنهما شهدا على رسول الله صلى الله عليه و سلم أنه قال [ لا يقعد قوم يذكرون الله فيه إلا حفتهم الملائكة وغشيتهم الرحمة ونزلت عليهم السكينة وذكرهم الله فيمن عنده
നബി ﷺ പറഞ്ഞതായി അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വും അബൂസഈദ് رَضِيَ اللَّهُ عَنْهُ സാക്ഷ്യപ്പെടുത്തിയതിന് ഞാന്‍ സാക്ഷിയാണ്: ‘ഏതൊരു ജനത അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് ഇരിക്കുന്നുവോ മലക്കുകള്‍ അവര്‍ക്ക് ചുറ്റും കൂടുകയും അല്ലാഹുവിന്റെ പ്രത്യേക കാരുണ്യം അവരെ ആവരണം ചെയ്യുകയും ശാന്തി അവരിലേക്ക് പെയ്തിറങ്ങുകയും ചെയ്യുന്നതാണ്. അല്ലാഹു അവന്റെ സമീപസ്ഥരോട് അവരെക്കുറിച്ചു പറയുകയും ചെയ്യും. (മുസ്‌ലിം).
അബ്ദുല്ലാഹിബ്‌നു ബുസ്‌റി(റ)ല്‍നിന്ന് ഇമാം തിര്‍മിദി ഉദ്ധരിക്കുന്നു:
أن رجلا قال : يا رسول الله إن أبواب الخير كثيرة ولا أستطيع القيام بكلها فأخبرني بما شئت أتشبث به ولا تكثر علي فأنسى
”ഒരിക്കല്‍ ഒരാള്‍ നബി ﷺ യോട് ചോദിച്ചു: ‘പ്രവാചകരേ, നന്മയുടെ കവാടങ്ങള്‍ നിരവധിയാണ്. അവയെല്ലാംകൂടി നിര്‍വഹിക്കാന്‍ ഞാന്‍ അശക്തനാണ്. അതിനാല്‍ എനിക്ക് കൈവിടാതെ കൊണ്ടുനടക്കാന്‍ പറ്റിയ ഒരു കാര്യം അറിയിച്ചു തന്നാലും. അധികരിച്ചു പറഞ്ഞാല്‍ ഞാന്‍ മറന്നുപോയെങ്കിലോ!”
മറ്റൊരു നിവേദനത്തില്‍ ഇങ്ങനെയാണ്:
أن شرائع الإسلام قد كثرت علي وأنا كبرت فأخبرني بشئ أتشبث به قال : لا يزال لسانك رطبا بذكر الله تعالى
”ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ ധാരാളമുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. എനിക്കാകട്ടെ പ്രായം ഏറെയായി. അതിനാല്‍ എനിക്ക് വിട്ടുകളയാതെ കൊണ്ടുനടക്കാവുന്ന ഒരു കാര്യം പറഞ്ഞുതരുമോ? അധികരിച്ചു പറഞ്ഞാല്‍ ഞാന്‍ മറന്നുപോകുമെന്ന് ഭയപ്പെടുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘താങ്കളുടെ നാവ് അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’കൊണ്ട് പച്ചപിടിച്ചുനില്‍ക്കട്ടെ!’ (തിര്‍മിദി, അഹ്മദ്, ഇബ്‌നുമാജ തുടങ്ങിയവര്‍ ഉദ്ധരിച്ചത്).
അബൂസഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഇമാം തിര്‍മിദി ഉദ്ധരിക്കുന്നു: ”നബി ﷺ ഒരിക്കല്‍ ചോദിക്കപ്പെട്ടു: ‘അന്ത്യനാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ഉയര്‍ന്ന പദവിയും ശ്രേഷ്ഠതയും ഉള്ളത് ഏത് വ്യക്തിക്കാണ് റസൂലേ?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവര്‍ക്ക്.’ ചോദിക്കപ്പെട്ടു: ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്തവരെക്കാളുമോ?’ നബി ﷺ പറഞ്ഞു: ‘ഒരാള്‍ തന്റെ വാളുകൊണ്ട് (എതിര്‍സൈന്യത്തിലുള്ള) സത്യനിഷേധികളെയും ബഹുദൈവാരാധകരെയും വെട്ടുകയും അങ്ങനെ ആയുധം ഒടിയുകയും രക്തംപുരളുകയും ചെയ്താലും അല്ലാഹുവിനെ ദിക്ര്‍ചെയ്യുന്ന (സ്മരിക്കുന്ന) വ്യക്തിതന്നെയാണ് അദ്ദേഹത്തെക്കാള്‍ ശ്രേഷ്ഠമായ പദവിയിലുള്ളത്” (തിര്‍മിദി, അഹ്മദ്, അബൂയഅ്‌ല മുതലായവര്‍ ദുര്‍ബലമായ സനദിലൂടെ ഉദ്ധരിച്ചത്. ഇമാം തിര്‍മിദിയും ഇബ്‌നുല്‍ ക്വയ്യിം തന്റെ തഹ്ദീബുസ്സുനനിലും ഇതിന്റെ ദുര്‍ബലതയെക്കുറിച്ച് ഉണര്‍ത്തിയിട്ടുണ്ട്: കുറിപ്പ്).
സ്വഹീഹുല്‍ ബുഖാരിയില്‍ അബൂമൂസ(റ) നബി ﷺ യില്‍നിന്നും നിവേദനം ചെയ്യുന്നു:
مثل الذي يذكر ربه والذي لا يذكر ربه مثل الحي والميت
തന്റെ രക്ഷിതാവിനെ സ്മരിക്കുന്നയാളുടെയും സ്മരിക്കാത്തയാളുടെയും ഉപമ ജീവനുള്ളയാളുടെയും ജീവന്‍ നഷ്ടപ്പെട്ടയാളുടെയും പോലെയാകുന്നു.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഇപ്രകാരം ഉദ്ധരിക്കുന്നു:
قال رسول الله صلى الله عليه و سلم : يقول الله تعالى : أنا عند ظن عبدي بي وأنا معه إذا ذكرني فإن ذكرني في نفسه ذكرته في نفسي وإن ذكرني في ملأ ذكرته في ملأ خير منهم وإن تقرب إلي شبرا تقربت إليه ذرعا وإن تقرب إلي ذرعا تقربت منه باعا وإذا أتاني يمشي أتيته هرولة
”നബി ﷺ പറഞ്ഞു: ”അല്ലാഹു തആല പറഞ്ഞിരിക്കുന്നു: ‘എന്നെക്കുറിച്ച് എന്റെ അടിമ കരുതുന്നിടത്തതാണ് ഞാന്‍. അവന്‍ എന്നെ സ്മരിച്ചാല്‍ ഞാന്‍ അവനോടൊപ്പമുണ്ടാകും. അവന്‍ എന്നെ അവന്റെ മനസ്സില്‍ സ്മരിച്ചാല്‍ അവനെ ഞാന്‍ എന്റെ മനസ്സിലും സ്മരിക്കും. അവന്‍ എന്നെ ഒരു സദസ്സില്‍ സ്മരിച്ചാല്‍ ഞാന്‍ അവനെ അതിനെക്കാള്‍ ഉത്തമമായ ഒരു സദസ്സില്‍ സ്മരിക്കും. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കും. അവന്‍ എന്നിലേക്ക് ഒരു മുഴം അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മാറ് അടുക്കും. അവന്‍ എന്നിലേക്ക് നടന്നുവന്നാല്‍ ഞാന്‍ അവനിലേക്ക് ഓടി ച്ചെല്ലും.”
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് തിര്‍മിദി ഉദ്ധരിക്കുന്നു:
أن رسول الله صلى الله عليه و سلم قال إذا مررتم برياض الجنة فارتعوا قالوا : يا رسول الله وما رياض الجنة ؟ قال حلق الذكر
നിശ്ചയം നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ സ്വര്‍ഗീയ പൂന്തോപ്പിനടുത്തുകൂടി നടന്നുപോവുകയാണെങ്കില്‍ നിങ്ങളതില്‍നിന്നും ഭക്ഷിക്കുക.’ സ്വഹാബിമാര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്താണ് സ്വര്‍ഗീയ പൂന്തോപ്പുകള്‍?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനെ സ്മരിക്കുന്ന സദസ്സുകള്‍’ (തിര്‍മിദി, അഹ്മദ്, അബൂയഅ്‌ല മുതലായവര്‍ ഉദ്ധരിച്ചത്. ഈ റിപ്പോര്‍ട്ടിനു ചില ദുര്‍ബലതകള്‍ പറയപ്പെടുന്നുണ്ടെങ്കിലും ഇതിന് ഉപോല്‍ബലകമായ വേറെയും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്).
നബി ﷺ യില്‍നിന്ന് ഇമാം തിര്‍മിദിതന്നെ ഉദ്ധരിക്കുന്നു: അല്ലാഹു തആലാ പറഞ്ഞു:
إن عبدي الذي يذكرني وهو ملاق قرنه
നിശ്ചയം, എന്റെ ശരിയായ ദാസന്‍ എന്ന് പറയുന്നത് ശത്രുവുമായി ഏറ്റുമുട്ടുന്ന സന്ദര്‍ഭത്തില്‍പോലും എന്നെ സ്മരിക്കുന്നവനാണ്.
(ഇതിന്റെ സനദില്‍ ഉഫൈറുബ്‌നു മഅ്ദാന്‍ എന്ന വ്യക്തിയുണ്ട്. അദ്ദേഹം ദുര്‍ബലനാണ്. എന്നാല്‍ വേറെ വഴികളിലൂടെയും ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നതിനാല്‍ ഹാഫിദ് ഇബ്‌നു ഹജര്‍ رحمه الله യെ പോലെയുള്ളവര്‍ ഇതിനെ ‘ഹസന്‍’ എന്ന ഗണത്തില്‍പെടുത്തുന്നു. ‘നതാഇജുല്‍ അഫ്കാര്‍,’ ‘ഫുതൂഹാതുര്‍റബ്ബാനിയ്യ’ മുതലായവ കാണുക. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رحمه الله യും ഈ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടുണ്ട്).
ദിക്ര്‍ ചെയ്യുന്നവരില്‍ ഏറ്റവും ശ്രേഷ്ഠര്‍ ധര്‍മസമരം ചെയ്യുന്നവരാണ്. ധര്‍മസമരം നയിക്കുന്നവരില്‍ ഏറ്റവും ഉത്തമര്‍ ‘ദിക്ര്‍’ ചെയ്യുന്നവരും (അല്ലാഹുവിനെ സ്മരിക്കുന്നവര്‍) ആകുന്നു. അല്ലാഹു പറയുന്നു:
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺇِﺫَا ﻟَﻘِﻴﺘُﻢْ ﻓِﺌَﺔً ﻓَﭑﺛْﺒُﺘُﻮا۟ ﻭَٱﺫْﻛُﺮُﻭا۟ ٱﻟﻠَّﻪَ ﻛَﺜِﻴﺮًا ﻟَّﻌَﻠَّﻜُﻢْ ﺗُﻔْﻠِﺤُﻮﻥَ
സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവിനെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖു൪ആന്‍ :8/45)
ധര്‍മസമരത്തോടൊപ്പം അല്ലാഹുവിനെ ധാരാളമായി സ്മരിക്കുവാനും (ദിക്ര്‍ ചെയ്യുവാന്‍) ഇവിടെ സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുകയാണ്. അവര്‍ ഉത്തമമായ വിജയ പ്രതീക്ഷയിലായിരിക്കാന്‍ അതാണ് വേണ്ടത്. അപ്രകാരംതന്നെ സൂറതുല്‍ അഹ്‌സാബിലെ 35,41 വചനങ്ങളില്‍ അല്ലാഹു പറഞ്ഞത് ശ്രദ്ധേയമാണ്.
ﻭَٱﻟﺬَّٰﻛِﺮِﻳﻦَ ٱﻟﻠَّﻪَ ﻛَﺜِﻴﺮًا ﻭَٱﻟﺬَّٰﻛِﺮَٰﺕِ ﺃَﻋَﺪَّ ٱﻟﻠَّﻪُ ﻟَﻬُﻢ ﻣَّﻐْﻔِﺮَﺓً ﻭَﺃَﺟْﺮًا ﻋَﻈِﻴﻤًﺎ
…….. ധാരാളമായി അല്ലാഹുവിനെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ – ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു. (ഖു൪ആന്‍ :33/35)
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺫْﻛُﺮُﻭا۟ ٱﻟﻠَّﻪَ ﺫِﻛْﺮًا ﻛَﺜِﻴﺮًا ﻭَﺳَﺒِّﺤُﻮﻩُ ﺑُﻜْﺮَﺓً ﻭَﺃَﺻِﻴﻼً
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, രാവിലേയും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.(ഖു൪ആന്‍ : 33/41)
അല്ലാഹു പറയുന്നു:
فَإِذَا قَضَيْتُم مَّنَٰسِكَكُمْ فَٱذْكُرُوا۟ ٱللَّهَ كَذِكْرِكُمْ ءَابَآءَكُمْ أَوْ أَشَدَّ ذِكْرًا ۗ فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَٰقٍ
അങ്ങനെ നിങ്ങള്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ ശക്തമായനിലയിലോ അല്ലാഹുവെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക. മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ എന്ന്. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല. (ഖു൪ആന്‍ : 2/200)
ഇവിടെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയെ (ദിക്‌റിനെ) ശക്തവും ധാരാളവും എന്നിങ്ങനെ പ്രത്യേകം പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ഒരു അടിമക്ക് അത് അത്രമാത്രം അത്യാവശ്യമാണ് എന്നതുകൊണ്ടും അതില്ലാതെ കണ്ണ് ഇമവെട്ടുന്ന സമയം പോലും ധന്യമാവാന്‍ അവന് സാധ്യമല്ല എന്നതുകൊണ്ടുമാണത്. ഏതൊരു നിമിഷമാണോ ഒരു അടിമക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍ (ദിക്‌റില്‍നിന്ന്) മുക്തമായ സമയം ഉള്ളത് അത് അവനുതന്നെയാണ് ദോഷവും ഭാരവുമായിട്ടു വരുന്നത്. അല്ലാഹുവിനെക്കുറിച്ചുള്ള അശ്രദ്ധയിലൂടെ അവന്‍ നേടുന്ന ഏത് ലാഭങ്ങളെക്കാളും കൊടിയനഷ്ടവും പരാജയവുമായിരിക്കും അതിലൂടെ അവന് വന്നുചേരുന്നത്.
സാത്വികരായ ചില പണ്ഡിതന്മാര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ഒരു അടിമ (അല്ലാഹുവിലേക്ക്) ഇന്നാലിന്ന പോലെയൊക്കെ നല്ല രൂപത്തില്‍ ഒരു വര്‍ഷത്തോളം മുന്നിടുകയും എന്നിട്ട് ഒരുനിമിഷം അവനില്‍നിന്ന് തിരിഞ്ഞുകളയുകയും ചെയ്തു എന്ന് കരുതുക. എങ്കില്‍ അവന് നഷ്ടമായതാണ് അവന്‍ നേടിയെടുത്തതിനെക്കാള്‍ ഗുരുതരം.
ആഇശയും (رَضِيَ اللَّهُ عَنْها)അവരുടെ പിതാവ് അബൂബക്കര്‍ സിദ്ദീക്വും (رَضِيَ اللَّهُ عَنْهُ) ഇപ്രകാരം നിവേദനം ചെയ്യുന്നു:
ما من ساعة تمر بأبن آدم لا يذكر فيها إلا تحسر عليها يوم القيامة
ആദമിന്റെ സന്തതിക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്ലാതെ കഴിഞ്ഞുപോകുന്ന ഏതൊരു സമയത്തെക്കുറിച്ചും അന്ത്യനാളില്‍ കൊടും ഖേദം തോന്നുന്നതാണ്. (ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും ത്വബ്‌റാനി ‘ഔസത്വി’ലും അബൂനുഐം ‘ഹില്‍യ’യിലും ദുര്‍ബലമായ സനദിലൂടെ റിപ്പോര്‍ട്ട് ചെയ്തത് ഈ ഹദീഥ് ഉദ്ധരിച്ച ശേഷം ഇമാം ബൈഹക്വി رحمه الله ഇപ്രകാരം രേപ്പെടുത്തി: ‘ഈ ഹദീഥിന്റെ പരമ്പരയില്‍ ദുര്‍ബലതയുണ്ട്. എന്നാല്‍ ഇതിനെ ബലപ്പെടുത്തുന്ന സാക്ഷ്യറിപ്പോര്‍ട്ടുകള്‍ മുആദ് رَضِيَ اللَّهُ عَنْهُ വിന്റെ ഹദീഥിലൂടെ വന്നിട്ടുണ്ട്).
عن معاذ بن جبل يرفعه أيضا ليس تحسر أهل الجنة إلا عن ساعة مرت بهم لم يذكروا الله عز و جل فيها
നബി ﷺ യില്‍നിന്ന് മുആദുബ്‌നു ജബല്‍ رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്യുന്നു: ‘അല്ലാഹുവിനെ സ്മരിക്കാതെ കഴിഞ്ഞുപോയ സമയത്തെക്കുറിച്ച് സ്വര്‍ഗവാസികള്‍ പോലും ഖേദിക്കുന്നതാണ്’ (ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഉദ്ധരിച്ചത്).
عن أم حبيبة زوج النبي صلى الله عليه و سلم قالت : قال رسول الله صلى الله عليه و سلم : كلام أبن آدم كله عليه لا له إلا أمرا بمعروف أو نهيا عن منكر أو ذكرا لله عز و جل
പ്രവാചക പത്‌നി ഉമ്മു ഹബീബ رَضِيَ اللَّهُ عَنْها പറയുന്നു: നബി ﷺ ഇപ്രകാരം പറഞ്ഞു: മനുഷ്യന്റെ ഏതൊരു സംസാരവും അവന് നഷ്ടമാണ് വരുത്തുക, പ്രത്യുത ലാഭമല്ല (നന്മ കല്‍പിച്ചതും തിന്മ വിരോധിച്ചതും അല്ലാഹുവിനെ പ്രകീര്‍ത്തിച്ചതും ദിക്ര്‍ ഒഴികെ) (തിര്‍മിദി, ഇബ്‌നുമാജ, ഹാകിം മുതലായവര്‍ ഉദ്ധരിച്ചത്).
عن معاذ بن جبل قال : سألت رسول الله صلى الله عليه و سلم : أي الأعمال أحب إلى الله عز و جل ؟ قال أن تموت ولسانك رطب من ذكر الله عز و جل
മുആദുബ്‌നു ജബല്‍ رَضِيَ اللَّهُ عَنْهُ നിവേദനം: നബി ﷺ യോട് ഞാനൊരിക്കല്‍ ചോദിച്ചു: ‘കര്‍മങ്ങളില്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായത് ഏതാണ് നബിയേ?’ നബി ﷺ പറഞ്ഞു: ‘നിന്റെ നാവ് അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് പച്ചപിടിച്ചതായിരിക്കെ നീ മരിക്കുക എന്നതാണ്. (ത്വബ്‌റാനി, ഇബ്‌നു ഹിബ്ബാന്‍).
قال أبو الدرداء رضي الله تعالى عنه : لكل شيء جلاء وإن جلاء القلوب ذكر الله عز و جل
അബുദ്ദര്‍ദാഅ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഏതൊരു വസ്തുവിനും ഒരു തെളിച്ചമുണ്ട്. നിശ്ചയം, ഹൃദയങ്ങളുടെ തെളിച്ചം അല്ലാഹുവിനെ പ്രകീര്‍ത്തിക്കല്‍ (ദിക്ര്‍) ആണ്. (ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഉദ്ധരിച്ചത്).
നിസ്സംശയം, വെള്ളിയും ചെമ്പുമൊക്കെ ശുദ്ധീകരിക്കപ്പെടുന്നത് പോലെ ഹൃദയവും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. അതിന്റെ ശുദ്ധീകരണം ‘ദിക്ര്‍’കൊണ്ടാണ്. നിസ്സംശയം, ‘ദിക്ര്‍’ ഹൃദയത്തെ വെളുത്ത കണ്ണാടിപോലെ ശുദ്ധീകരിക്കുന്നതാണ്. എന്നാല്‍ റബ്ബിനെ പ്രകീര്‍ത്തിക്കല്‍ (ദിക്ര്‍) ഉപേക്ഷിക്കപ്പെട്ടാല്‍ അതിന് അഴുക്ക് പുരളും. എപ്പോള്‍ സ്‌തോത്ര കീര്‍ത്തനങ്ങള്‍ അര്‍പ്പിക്കപ്പെടുന്നുവോ അപ്പോള്‍ അത് ആ അഴുക്കിനെ നീക്കികളയുകയും ചെയ്യും.
ഹൃദയത്തിന്റെ അഴുക്കും തുരുമ്പും രണ്ട് കാരണങ്ങള്‍കൊണ്ടാണ് ഉണ്ടാകുന്നത്; അശ്രദ്ധകൊണ്ടും പാപംകൊണ്ടും. അതിനെ ശുദ്ധീകരിക്കലും രണ്ട് സംഗതികള്‍ കൊണ്ടാണ്; ഇസ്തിഗ്ഫാര്‍ (പൊറുക്കലിനെ തേടല്‍) കൊണ്ടും സ്‌തോത്ര കീര്‍ത്തനങ്ങള്‍ (ദിക്ര്‍) കൊണ്ടും. ഒരാളുടെ അശ്രദ്ധയാണ് കൂടുതല്‍ സമയമെങ്കില്‍ അഴുക്ക് അയാളുടെ ഹൃദയത്തില്‍ അഴുക്കായി കുമിഞ്ഞുകൂടും. അഥവാ ‘ദിക്‌റി’ല്‍ നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധക്കനുസരിച്ചായിരിക്കും ഹൃദയത്തിലെ മാലിന്യങ്ങളുടെ വര്‍ധനവ്. മനസ്സ് അപ്രകാരം അഴുക്ക് കൂടിയതായാല്‍ വിജ്ഞാനങ്ങളുടെ സദ്ഫലങ്ങള്‍ അതില്‍ ശരിയായ രൂപത്തില്‍ പ്രതിഫലിക്കുകയില്ല. അപ്പോള്‍ നന്മയെ തിന്മയായും തിന്മയെ നന്മയായും ഒക്കെ തലതിരിഞ്ഞായിരിക്കും അയാള്‍ കാണുക. കാരണം അഴുക്കും കറകളും കുമിഞ്ഞുകൂടുമ്പോള്‍ അവിടെ പ്രകാശം നഷ്ടപ്പെട്ട് ഇരുട്ട് പരക്കും. അപ്പോള്‍ വസ്തുതകളെ ശരിയായരൂപത്തില്‍ ദര്‍ശിക്കാനാവില്ല.
അഴുക്കുകള്‍ കുമിഞ്ഞുകൂടുകയും ഹൃദയം കറുത്തുപോവുകയും കറപുരണ്ട് മലീമസമാവുകയും ചെയ്യും. അതിന്റെ ഗ്രാഹ്യശക്തിയും കാര്യങ്ങളെ ശരിയായരൂപത്തില്‍ വിലയിരുത്താനും കോലപ്പെടുത്താനുമൊക്കെയുള്ള കഴിവും നഷ്ടമാകും. അപ്പോള്‍ സത്യം സ്വീകരിക്കാനോ അസത്യത്തെ തിരസ്‌കരിക്കാനോ സാധിക്കാതെ വരും. അതാണ് ഹൃദയത്തിന് സംഭവിക്കുന്ന മഹാദുരന്തം! അതിന്റെ അടിസ്ഥാനകാരണം ‘ദിക്‌റി’ല്‍നിന്നും അകന്നുകൊണ്ടുള്ള അശ്രദ്ധ(ഗഫ്‌ലത്ത്)യും ദേഹച്ഛകളുടെ പിന്നാലെ പോകുന്നതുമാണ്. നിശ്ചയം! അവരണ്ടും ഹൃദയത്തിന്റെ പ്രകാശം കെടുത്തികളയുകയും അകക്കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്യും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. (ആമീന്‍)
അല്ലാഹു പറയുന്നു:
وَٱصْبِرْ نَفْسَكَ مَعَ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُۥ عَن ذِكْرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمْرُهُۥ فُرُطًا
തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുടെകൂടെ നീ നിന്റെ മനസ്സിനെ അടക്കിനിര്‍ത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെവിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്. (ഖുര്‍ആന്‍: 18/28).
ഒരാള്‍ ഏതെങ്കിലും ഒരാളെ മാതൃകയായി പിന്‍പറ്റാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യമായി പരിശോധിക്കേണ്ടത് ആ വ്യക്തി അല്ലാഹുവിനെ സ്മരിക്കുന്ന വിജ്ഞാനത്തിന്റെയും ‘ദിക്‌റി’ന്റെയും ആളാണോ അതല്ല അവയ്ക്ക് എതിര്‍ദിശയിലുള്ള അശ്രദ്ധയുടെ (ഗഫ്‌ലത്തിന്റെ) ആളാണോ എന്നതാണ്. അയാളെ നയിക്കുന്നത് അല്ലാഹുവിന്റെ വഹ്‌യാണോ ദേഹേച്ഛയാണോ എന്നും നോക്കണം. ദേഹേച്ഛക്കനുസരിച്ച് നീങ്ങുന്നവനാണ് അയാളെങ്കില്‍ അശ്രദ്ധയുടെ ആളുകളില്‍ പെട്ടവനായിരിക്കും അയാള്‍. അയാളുടെ കാര്യം അതിരുവിട്ടതായിരിക്കും. ക്വുര്‍ആന്‍ 18:28ല്‍ പറഞ്ഞതുപോലെ അയാളെ അനുഗമിക്കുകയോ പിന്‍പറ്റുകയോ ചെയ്യാന്‍ പാടുള്ളതല്ല. കാരണം, നിസ്സംശയം അയാള്‍ നാശത്തിലേക്കായിരിക്കും കൂട്ടിക്കൊണ്ടുപോകുന്നത്.
‘ഫുറുത്വ’ എന്നത് പല രീതിയില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, വീഴ്ചവരുത്തല്‍ എന്ന അര്‍ഥത്തിലാണ്. അതായത് അനിവാര്യമായും നിര്‍വഹിക്കേണ്ട തന്റെ കാര്യങ്ങളില്‍ വീഴ്ചവരുത്തുകയും അതിലൂടെ തന്റെ വിവേകവും വിജയവും അയാള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു എന്ന് സാരം.
മറ്റൊന്ന് അതിരുകവിയല്‍ എന്ന അര്‍ഥത്തിലാണ്. അതായത് ധാരാളിത്തം കാണിക്കുകയും അതിരുകവിയുകയും ചെയ്തു എന്നര്‍ഥം. നാശത്തില്‍പെട്ടു, സത്യത്തിന് എതിരായി എന്നീ അര്‍ഥങ്ങളിലുംവിശദീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത വിവരങ്ങളെല്ലാം തന്നെ പരസ്പരം അടുത്തുനില്‍ക്കുന്ന വാക്കുകളാണ്; അവ തമ്മില്‍ വൈരുധ്യങ്ങളില്ല.
ചുരുക്കത്തില്‍ ഈ സ്വഭാവങ്ങളുള്ള ആളുകളെ അനുസരിക്കുന്നതും മാതൃകയാക്കുന്നതും അല്ലാഹു വിലക്കിയിരിക്കുന്നു. അതിനാല്‍ ഏതൊരാളും തന്റെ നേതാവും മാതൃകയും ഗുരുവുമായി തെരഞ്ഞെടുക്കുന്നവരെക്കുറിച്ച് നല്ലവണ്ണം ആലോചിക്കണം. മേല്‍ പറയപ്പെട്ട ദുഃസ്വഭാവങ്ങളുടെ ഉടമയാണ് അയാളെങ്കില്‍ എത്രയും പെട്ടെന്ന് അവിടെനിന്ന് അകന്നുപോവണം. ഇനി അതല്ല, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും പ്രവാചകചര്യ പിന്‍പറ്റുകയും ചെയ്യുന്ന, അതിരുകവിച്ചിലുകളില്ലാത്ത, വിഷയങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തിലെടുക്കുന്ന ആളാണെങ്കില്‍ അദ്ദേഹത്തിന്റെ ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിച്ചു മുന്നോട്ട് പോയ്‌കൊള്ളട്ടെ!
റബ്ബിനെ സ്മരിക്കുക (ദിക്ര്‍) എന്നുള്ളതാണ് ജീവനുള്ളവനും ജീവനില്ലാത്തവനും തമ്മിലുള്ള പ്രധാന വ്യത്യാസം. റബ്ബിനെ സ്മരിക്കുന്നവരുടെയും സ്മരിക്കാത്തവരുടെയും ഉപമ ജീവനുള്ളവരും ജീവനില്ലാത്തവരും പോലെയാണ്.
ഇമാം അഹ്മദിന്റെ മുസ്‌നദില്‍ ഇങ്ങനെ ഒരു ഹദീഥ് വന്നിട്ടുണ്ട് :
أكثروا ذكر الله تعالى حتى يقال مجنون
ഭ്രാന്തനാണെന്ന് പറയപ്പെടുവോളം നിങ്ങള്‍ അല്ലാഹുവിനെ സ്മരിച്ചുകൊള്ളുക.
ദിക്‌റിന്റെ മഹത്ത്വങ്ങള്‍
അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ ധാരാളം നേട്ടങ്ങള്‍ കൈവരിക്കാവുന്നതാണ്:
(1) പിശാചിനെ ആട്ടിയകറ്റാനും പരാജയപ്പെടുത്താനും സാധിക്കും.
(2) പരമാകാരുണികനായ അല്ലാഹുവിനെ പ്രീതിപ്പെടുത്താന്‍ കഴിയും.
(3) മനസ്സില്‍നിന്ന് സങ്കടങ്ങളും ദുഃഖങ്ങളും ദൂരീകരിക്കാന്‍ സാധിക്കും.
(4) മനസ്സിന് സന്തോഷവും ആഹ്ലാദവും ആശ്വാസവും അതിലൂടെ കൈവരുന്നു.
(5) മനസ്സിനും ശരീരത്തിനും അത് കരുത്തുപകരും.
(6) മുഖത്തെയും ഹൃദയത്തെയും അത് പ്രകാശിപ്പിക്കും.
(7) ഉപജീവനം എളുപ്പമാക്കും.
(8) റബ്ബിനെ ധാരാളമായി സ്മരിക്കുന്നവര്‍ക്ക് പ്രത്യേക പ്രസന്നതയും മാധുര്യവും ഗാഭീര്യവും ഉണ്ടാവും.
(9) തീര്‍ച്ചയായും അത് ഇസ്‌ലാമിന്റെ ആത്മാവായ ‘റബ്ബിനോടുള്ള സ്‌നേഹം’ നമ്മില്‍ ജനിപ്പിക്കും. അതാണല്ലോ മതത്തിന്റെ അച്ചുതണ്ടും ജീവിതവിജയത്തിന്റെയും രക്ഷയുടെയും കേന്ദ്രബിന്ദുവും. നിശ്ചയമായും അല്ലാഹു ഓരോ കാര്യത്തിലും ഓരോ കാരണങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. സ്‌നേഹത്തിന്റെ കാരണമായി നിശ്ചയിച്ചത് നിരന്തരമായ സ്മരണയാണ്. അതിനാല്‍ ആരെങ്കിലും അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവനെക്കുറിച്ചുള്ള സ്മരണ പതിവാക്കിക്കൊള്ളുക. പഠനവും ‘റിവിഷനും’ വിജ്ഞാനത്തിന്റെ വാതിലുകളാണ് എന്നപോലെ ‘ദിക്ര്‍’ സ്‌നേഹത്തിനുള്ള കവാടമാണ്. അതിലേക്കുള്ള ഏറ്റവും മഹത്തായ മാര്‍ഗവും ചൊവ്വായ പാതയുമാണ്.
(10) റബ്ബിന്റെ നിരീക്ഷണത്തെക്കുറിച്ചുള്ള ബോധമുണ്ടാകും. അങ്ങനെ ‘ഇഹ്‌സാനി’ന്റെ വാതിലിലൂടെ അത് അയാളെ പ്രവേശിപ്പിക്കും. അപ്പോള്‍ അല്ലാഹുവിനെ നേരില്‍ കാണുന്നതുപോലെ ആരാധനകള്‍ അര്‍പ്പിക്കാന്‍ സാധിക്കും. എന്നാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകളില്‍നിന്ന് അകന്ന് അശ്രദ്ധനായി ജീവിക്കുന്ന ഒരാള്‍ക്ക് ഈ പറയുന്ന ‘ഇഹ്‌സാനി’ന്റെ തലത്തിലേക്ക് എത്താന്‍ യാതൊരു വഴിയുമില്ല; മടിയനായി ചടഞ്ഞിരിക്കുന്ന ഒരാള്‍ക്ക് വീട്ടിലേക്ക് എത്താന്‍ സാധ്യമല്ലാത്തതുപോലെ.
(11) അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങാന്‍ ‘ദിക്ര്‍’ അയാളെ സഹായിക്കും. ‘ദിക്ര്‍’ അധികരിപ്പിച്ചുകൊണ്ട് എത്രകണ്ട് അല്ലാഹുവിലേക്ക് ഒരാള്‍ മടങ്ങുന്നുവോ അത് തന്റെ ഹൃദയംകൊണ്ട് അല്ലാഹുവിലേക്ക് മടങ്ങാന്‍ സദാസമയവും അയാളെ പ്രാപ്തനാക്കും. അങ്ങനെവരുമ്പോള്‍ തന്റെ ഏത് കാര്യത്തിലുമുള്ള അഭയസ്ഥാനവും രക്ഷകേന്ദ്രവും ആശയും ആശ്രയവുമായി അല്ലാഹുവിനെ അയാള്‍ക്ക് കണ്ടെത്താനാവുന്നതാണ്. തന്റെ മനസ്സിന്റെ ലക്ഷ്യവും ആപത്തുകളിലും അപകടങ്ങളിലും തനിക്ക് ഓടിയെത്താനുള്ള ആശ്വാസസ്ഥലവുമായി അല്ലാഹുവിനെ അയാള്‍ക്ക് കാണാന്‍ സാധിക്കും.
(12) ദിക്‌റിലൂടെ അല്ലാഹുവിലേക്കുള്ള സാമീപ്യം നേടിയെടുക്കാന്‍ സാധിക്കുന്നു. ഒരാള്‍ എത്രകണ്ട് അല്ലാഹുവിനെ ‘ദിക്ര്‍’ ചെയ്യുന്നവനാണോ അത്രകണ്ട് അയാള്‍ അല്ലാഹുവിലേക്ക് അടുത്തവനായിരിക്കും. എത്ര കണ്ട് അശ്രദ്ധയുടെ (ഗഫ്‌ലത്ത്) ആളാണോ അത്രകണ്ട് അല്ലാഹുവില്‍നിന്ന് അകന്നവനുമായിരിക്കും.
(13) അത് (ദിക്ര്‍) അറിവിന്റെ വലിയൊരു വാതില്‍ അയാള്‍ക്ക് തുറന്നുകൊടുക്കും ദിക്ര്‍ അധികരിപ്പിക്കുന്നതിനനുസരിച്ച് പ്രസ്തുത ജ്ഞാനവും അയാള്‍ക്ക് അധികരിച്ചുകൊണ്ടിരിക്കും.
(14) സ്രഷ്ടാവിനെക്കുറിച്ചുള്ള ഭക്തിയും ബഹുമാനവും ആദരവും അതിലൂടെ കൈവരും. ‘ദിക്ര്‍’ ഒരാളുടെ മനസ്സില്‍ ആധിപത്യമുറപ്പിക്കുന്നതിനനുസരിച്ചും അല്ലാഹുവുമായുള്ള അയാളുടെ സാന്നിധ്യവും ബന്ധവുമനുസരിച്ചും അത് ശക്തിപ്പെടും. എന്നാല്‍ ദിക്‌റില്‍നിന്ന് അകന്ന അശ്രദ്ധയുടെ ആളുകളാവട്ടെ, അവരുടെ മനസ്സുകളില്‍ അല്ലാഹുവിനോടുള്ള ഭക്തിയും ആദരവുമൊക്കെ വളരെ ശോഷിച്ചതുമായിരിക്കും.
(15) അല്ലാഹു അയാളെയും ഓര്‍ക്കുന്നതിന് ‘ദിക്ര്‍’ കാരണമാകുന്നു. അല്ലാഹു പറഞ്ഞതുപോലെ;
فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ
ആകയാല്‍ നിങ്ങള്‍ എന്നെ ഓര്‍ക്കുവിന്‍, എങ്കില്‍ ഞാന്‍ നിങ്ങളെയും ഓര്‍ക്കുന്നതാണ്. (ഖുര്‍ആന്‍: 2/152)
‘ദിക്‌റിലൂടെ’ ഈയൊരു നേട്ടമല്ലാതെ മറ്റൊന്നുമില്ലായെന്നുവന്നാല്‍പോലും ഇതുതന്നെ അതിന്റെ മഹത്ത്വവും ശ്രേഷ്ഠതയുമായി ധാരാളം മതിയാകുന്നതാണ്.
അല്ലാഹു പറഞ്ഞതായി നബി ﷺ ഒരു (ക്വുദ്‌സിയായ) ഹദീഥിലൂടെ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
من ذكرني في نفسه ذكرته في نفسي ومن ذكرني في ملأ ذكرته في ملأ خير منهم
ആരെങ്കിലും എന്നെ തന്റെ മനസ്സില്‍ സ്മരിച്ചാല്‍ ഞാന്‍ അയാളെയും എന്റെ മനസ്സില്‍ സ്മരിക്കും. ആരെങ്കിലും എന്നെ ഒരു സദസ്സില്‍ സ്മരിച്ചാല്‍ അതിനെക്കാള്‍ ഉത്തമമായ ഒരു സദസ്സില്‍ ഞാന്‍ അയാളെയും സ്മരിക്കുന്നതാണ്. (ബുഖാരി, മുസ്‌ലിം).
(16) അത് ഹൃദയത്തിന് നവജീവന്‍ നല്‍കും. ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ رحمه الله പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്:
الذكر للقلب مثل الماء للسمك فكيف يكون حال السمك إذا فارق الماء ؟
ദിക്ര്‍ ഹൃദയത്തെ സംബന്ധിച്ചിടത്തോളം മത്സ്യത്തിനു വെള്ളം എന്നപോലെയാണ്. വെള്ളത്തില്‍നിന്ന് പുറത്തെടുത്താല്‍ മത്സ്യത്തിന്റെ അവസ്ഥ എന്തായിരിക്കും?
(17) അത് ഹൃദയത്തിന്റെ ഭക്ഷണവും ചൈതന്യവുമാണ്. അത് ഒരാള്‍ക്ക് നഷ്ടപ്പെട്ടാല്‍ അന്നപാനീയങ്ങള്‍ തടയപ്പെട്ട ശരീരംപോലെയായിരിക്കും.
ഞാനൊരിക്കല്‍ ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ رحمه الله യുടെ അടുക്കല്‍ ചെന്നു. സ്വുബ്ഹി നമസ്‌കരിച്ച ശേഷം അദ്ദേഹം അല്ലാഹുവിന് ‘ദിക്ര്‍’ ചെയ്തുകൊണ്ട് ഏകദേശം മധ്യാഹ്നം വരെ അവിടെത്തന്നെ ഇരുന്നു. എന്നിട്ട് എന്റെ നേരെ നോക്കിക്കൊണ്ട് (ഈ ആശയത്തില്‍) പറഞ്ഞു:
هذه غدوتي ولو لم أتغد الغداء سقطت قوتي
ഇത് എന്റെ ഭക്ഷണമാണ്. ഭക്ഷണം ഞാന്‍ കഴിച്ചില്ലെങ്കില്‍ എന്റെ ശക്തി ക്ഷയിച്ചുപോകും.
മറ്റൊരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്:
لا أترك الذكر إلا بنية إجمام نفسي وإراحتها لأستعد بتلك الراحة لذكر آخر
ഞാന്‍ ‘ദിക്ര്‍’ (റബ്ബിനുള്ള സ്‌തോത്ര കീര്‍ത്തനങ്ങള്‍) ഒഴിവാക്കാറില്ല. അഥവാ ഒഴിവാക്കുകയാണെങ്കില്‍ മറ്റൊരു ‘ദിക്‌റി’നു വേണ്ടി തയ്യാറെടുക്കാനായിരിക്കും ആ വേള ഞാന്‍ശ്രദ്ധിക്കുക.
(18) അത് ഹൃദയത്തിന്റെ അഴുക്കും കറകളും നീക്കുന്നതാണ്; മുമ്പ് ഹദീഥില്‍ വിവരിച്ചത് പോലെ. ഓരോന്നിനും അഴുക്കും തുരുമ്പുമുണ്ട്. ഹൃദയത്തിന്റെ തുരുമ്പ് ദേഹേച്ഛയും അശ്രദ്ധയുമാണ്. അത് നീക്കി ശുദ്ധിയാക്കാന്‍ സാധിക്കുന്നത് ദിക്‌റും തൗബയും (പശ്ചാത്താപം) ഇസ്തിഗ്ഫാറും (പാപം പൊറുക്കാന്‍ തേടല്‍) കൊണ്ടാണ്. മുമ്പ് ഈ ആശയം വിശദമാക്കിയതോര്‍ക്കുക.
(19) അത് തെറ്റുകളെ മായ്ച്ചുകളയും. നിശ്ചയം, ദിക്ര്‍ ഏറ്റവും മഹത്തായ നന്മയാണ്. നന്മകള്‍ തിന്മകളെ നീക്കിക്കളയുന്നതാണ്.
(20) അത് ഒരു അടിമയുടെയും റബ്ബിന്റെയും ഇടയിലുള്ള ഇണക്കക്കുറവ് ഇല്ലാതാക്കും. തീര്‍ച്ചയായും ദിക്‌റില്‍നിന്ന് അകന്ന് അശ്രദ്ധയില്‍ കഴിയുന്ന വ്യക്തിക്കും അല്ലാഹുവിനുമിടയില്‍ ഒരുതരം ഇണക്കക്കുറവുണ്ടാകും. ‘ദിക്‌റി’ലൂടെ മാത്രമെ അത് ഇല്ലാതാവുകയുള്ളൂ.
(21) ഒരു അടിമ അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തിയും അവന് സ്‌തോത്ര കീര്‍ത്തങ്ങള്‍ അര്‍പ്പിച്ചും ഉരുവിടുന്ന ദിക്‌റുകള്‍ മുഖേന അല്ലാഹുവിങ്കല്‍ പ്രശംസിക്കപ്പെടും.
ഇമാം അഹ്മദ് رحمه اللهതന്റെ മുസ്‌നദില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു:നബി ﷺ പറഞ്ഞു:
إن ما تذكرون من جلال الله عز و جل من التهليل والتكبير والتحميد يتعاطفن حول العرش لهن دوي كدوي النحل يذكرن بصاحبهن أفلا يحب أحدكم أن يكون له ما يذكر به
നിശ്ചയമായും അല്ലാഹുവിന്റെ മഹത്ത്വം വാഴ്ത്തിക്കൊണ്ട് നിങ്ങള്‍ ഉരുവിടുന്ന ‘തഹ്‌ലീലും’ (ലാ ഇലാഹ ഇല്ലല്ലാഹു എന്ന വചനം) ‘തക്ബീറും’ (അല്ലാഹു അക്ബര്‍ എന്ന വചനം) ‘തഹ്മീദും’ (അല്‍ഹംദുലില്ലാഹ് എന്ന വചനം) അല്ലാഹുവിന്റെ അര്‍ശിന് ചുറ്റും വലയംചെയ്യും. അവയ്ക്ക് തേനീച്ചയുടെ ശബ്ദത്തിനു സമാനമായ ഒരു ശബ്ദം ഉണ്ടായിരിക്കും. ആ വചനങ്ങള്‍ അവ ഉരുവിട്ട ആളുകളെക്കുറിച്ച് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും. അല്ലാഹുവിന്റെയടുക്കല്‍ അപ്രകാരം നിങ്ങളെക്കുറിച്ചും പറയപ്പെടാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ?. (അഹ്മദ്, ഇബ്‌നുമാജ, ബസ്സാര്‍, ഹാകിം മുതലായവര്‍ ഉദ്ധരിച്ചത്. സില്‍സിലതുസ്സ്വഹീഹയില്‍ (3358) ശൈഖ് അല്‍ബാനി സ്വഹീഹ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്).
(22) ഒരു ദാസന്‍ തന്റെ ക്ഷേമകാലത്ത് അല്ലാഹുവിനെ സ്മരിക്കുകവഴി അവനെ തിരിച്ചറിഞ്ഞാല്‍ ക്ഷാമകാലത്ത് അല്ലാഹു അയാളെയും കണ്ടറിയുന്നതാണ്. ഒരു ഹദീഥില്‍ ഇപ്രകാരം കൂടി ആശയം വന്നിട്ടുണ്ട്: ‘നിശ്ചയം, അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുകയും അവനെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്ന ഒരു അടിമക്ക് വല്ല പ്രയാസവും ബാധിച്ചാല്‍, അതല്ലെങ്കില്‍ അല്ലാഹുവിനോട് അയാള്‍ വല്ല ആവശ്യവും ചോദിച്ചാല്‍ മലക്കുകള്‍ പറയുമത്രെ: ‘രക്ഷിതാവേ, സുപരിചിതനായ ദാസന്റെ പരിചയമുള്ള ശബ്ദമാണല്ലോ.’
എന്നാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നകന്ന് അശ്രദ്ധയില്‍ കഴിയുന്ന ഒരാള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയോ വല്ലതും ചോദിക്കുകയോ ചെയ്താല്‍ മലക്കുകള്‍ പറയുമത്രെ: ‘രക്ഷിതാവേ, അപരിചിതനായ മനുഷ്യനില്‍നിന്നുള്ള അപരിചിതമായ ശബ്ദമാണല്ലോ’ (ഇബ്‌നു അബീശൈബ തന്റെ മുസ്വന്നഫിലും ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും സല്‍മാനുല്‍ ഫാരിസിയുടെ വാക്കായിട്ട് (മൗക്വൂഫ്) ഉദ്ധരിച്ചത്).
(23) അത് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്തുന്ന സംഗതിയാണ്. മുആദ് رَضِيَ اللَّهُ عَنْهُ പറഞ്ഞത് പോലെ; ‘അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷ നല്‍കുന്ന ഒരു കര്‍മവും അല്ലാഹുവിനെ സ്മരിക്കുന്നതിനെക്കാള്‍ മികച്ചതായി ഒരാളും ചെയ്യുന്നില്ല.’ നബി ﷺ യുടെ വാക്കായും ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ടെങ്കിലും അത് സ്ഥിരപ്പെട്ടുവന്നിട്ടില്ല.
(24) അല്ലാഹുവില്‍നിന്നുള്ള ശാന്തിയിറങ്ങാനും കാരുണ്യം ചൊരിയാനും മലക്കുകള്‍ ദിക്ര്‍ ചൊല്ലുന്നയാളുടെ ചുറ്റിലും കൂടുവാനുമൊക്കെ അത് നിമിത്തമാണ്. നബി ﷺ അറിയിച്ച ഹദീഥില്‍ അത് വന്നിട്ടുള്ളതാണ്.
(25) അല്ലാഹു നിഷിദ്ധമാക്കിയ പരദൂഷണം (ഗീബത്ത്), ഏഷണി (നമീമത്ത്), കളവ്, അശ്ലീലം, നിരര്‍ഥകമായത്, മുതലായവ സംസാരിക്കുന്നതില്‍നിന്ന് നാവിനെ അത് തിരിച്ചുവിടുന്നു. അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് അവന് സ്‌തോത്രകീര്‍ത്തനങ്ങള്‍ അര്‍പ്പിക്കാതെയും അവന്റെ വിധിവിലക്കുകളെ പ്രതിപാദിക്കാതെയും ഒരാള്‍ കഴിയുകയാണെങ്കില്‍ ഉറപ്പായും ഈ നിഷിദ്ധങ്ങളൊക്കെയും അതല്ലെങ്കില്‍ അവയില്‍ ചിലതെങ്കിലും അയാള്‍ക്ക് പറയേണ്ടി വരും. അതിനാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെയല്ലാതെ അയാള്‍ക്ക് അതില്‍നിന്ന് രക്ഷപ്പെടാന്‍ വഴിയില്ലതന്നെ.
അനുഭവ സാക്ഷ്യങ്ങളും പരിചയങ്ങളും അത് സത്യപ്പെടുത്തുന്നുണ്ട്. ആരെങ്കിലും തന്റെ നാവിനെ അല്ലാഹുവിനെ പ്രകീര്‍ത്തിക്കാന്‍ പരിചയിപ്പിച്ചാല്‍ അല്ലാഹു അയാളുടെ നാവിനെ നിരര്‍ഥകവും അനാവശ്യവുമായ കാര്യങ്ങളില്‍നിന്നു സംരക്ഷിക്കുന്നതാണ്. നേരെമറിച്ച് അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നതില്‍നിന്നകന്ന ഉണങ്ങിവരണ്ട നാവാണ് ഒരാള്‍ക്കുള്ളതെങ്കില്‍ സര്‍വ അനാവശ്യങ്ങളും വൃത്തികേടുകളും നിരര്‍ഥക സംസാരങ്ങളുംകൊണ്ട് അയാളുടെ നാവു പച്ചപിടിക്കുകയും ചെയ്യും. ലാ ഹൗല വലാക്വുവ്വത്ത ഇല്ലാ ബില്ലാഹ്!(അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല).
(26) അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന സദസ്സുകള്‍ മലക്കുകളുടെ സദസ്സുകള്‍ കൂടിയാണ്. എന്നാല്‍ ദിക്‌റില്‍നിന്നകന്ന, അശ്രദ്ധയുടെയും അനാവശ്യകാര്യങ്ങള്‍ സംസാരിക്കുന്നതുമായ സദസ്സുകളാകട്ടെ പിശാചിന്റെ സദസ്സുകളാണ്. അതില്‍ ഏതാണ് തനിക്ക് പ്രിയങ്കരവും അനുയോജ്യവും ആയിട്ടുള്ളത് എന്ന് ഓരോരുത്തരും തെരഞ്ഞെടുത്തുകൊള്ളട്ടെ. അപ്പോള്‍ അയാള്‍ തന്റെ വക്താക്കളുടെ കൂടെ ഈ ലോകത്തും പരലോകത്തും ഒരുമിച്ചാവുകയും ചെയ്യും.
(27) ‘ദിക്ര്‍’ ചെയ്യുന്നവന്‍ അതിലൂടെ സന്തോഷിക്കും. അവന്റെ കൂടെ ഇരിക്കുന്നവനും അവനെക്കൊണ്ട് സന്തോഷിക്കും. അഥവാ എവിടെയായിരുന്നാലും അനുഗ്രഹിക്കപ്പെട്ടവനാണവന്‍. എന്നാല്‍ ദിക്‌റില്‍നിന്നകന്ന് അശ്രദ്ധയിലും അനാവശ്യകാര്യങ്ങളിലും മുഴുകിയവരാകട്ടെ, തങ്ങളുടെ അശ്രദ്ധകൊണ്ടും അനാവശ്യങ്ങള്‍കൊണ്ടും സങ്കടപ്പെടേണ്ടി വരും; അവര്‍ മാത്രമല്ല, അവരുടെ കൂടെ ഇരുന്നുകൊടുത്തവരും.
(28) അത് അന്ത്യനാളിലെ ഖേദത്തില്‍നിന്ന് നിര്‍ഭയത്വവും ആശ്വാസവും നല്‍കും. റബ്ബിനെ സ്മരിക്കാതെയുള്ള ഏതൊരു സദസ്സും അന്ത്യനാളില്‍ നഷ്ടവും ഖേദവുമായിത്തീരുന്നതാണ്.
(29) റബ്ബിനെക്കുറിച്ചുള്ള സ്മരണ ഒഴിഞ്ഞിരുന്ന് കണ്ണുകള്‍ ഈറനണിഞ്ഞുകൊണ്ടു കൂടിയാണെങ്കില്‍ കൊടിയ ചൂടിന്റെ ദിവസം ‘മഹ്ശറി’ല്‍ അല്ലാഹു ‘അര്‍ശി’ന്റെ തണല്‍ നല്‍കാന്‍ കാരണമാകുന്നതാണ്. തലക്കുമീതെ കത്തിജ്വലിച്ചുകൊണ്ട് നില്‍ക്കുന്ന സൂര്യന്റെ ചൂടില്‍ ആളുകള്‍ ഉരുകിയൊലിച്ചു (വിയര്‍പ്പില്‍ കുളിച്ച്) നില്‍ക്കുമ്പോള്‍ ദിക്‌റിന്റെയാള്‍ക്ക് കാരുണ്യവാനായ അല്ലാഹുവിന്റെ തണല്‍ ലഭിക്കും.
(30) അല്ലാഹുവിന് സ്‌തോത്രകീര്‍ത്തനങ്ങളര്‍പ്പിക്കുന്നതില്‍ മുഴുകുന്നവര്‍ക്ക്, അവനോട് ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് നല്‍കുന്നതാണ്. ഉമര്‍ رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: നബി ﷺ പറഞ്ഞു:
قال سبحانه وتعالى : من شغله ذكري عن مسألتي أعطيته أفضل ما أعطي السائلين
അല്ലാഹു പറഞ്ഞിരിക്കുന്നു: ‘ആരെയെങ്കിലും എന്നോട് ചോദിക്കുന്നതില്‍നിന്ന് എന്നെക്കുറിച്ചുള്ള സ്മരണ (ദിക്ര്‍) അശ്രദ്ധമാക്കിയാല്‍ ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ഞാന്‍ അവന് നല്‍കും.(ബുഖാരി താരീഖുല്‍ കബീറിലും ഖല്‍ക്വു അഫ്ആലില്‍ ഇബാദയിലും ഉദ്ധരിച്ചത്).
(31) അത് (ദിക്ര്‍) ഏറ്റവും ലളിതവും എന്നാല്‍ വളരെ ശ്രേഷ്ഠവും മഹത്തരവുമായ ആരാധനയാണ്. നാവിന്റെ ചലനം അവയവങ്ങളുടെ ചലനങ്ങളില്‍ ഏറ്റവും എളുപ്പമുള്ളതും ആയാസം കുറഞ്ഞതുമാണ്.
നാവ് ചലിക്കുന്നതുപോലെ ശരീരത്തിലെ മറ്റേതെങ്കിലും അവയവങ്ങള്‍ രാവിലും പകലിലുമായി ചലിച്ചുകൊണ്ടിരുന്നാല്‍ അത് വല്ലാത്ത ക്ഷീണവും പ്രയാസവുമുണ്ടാക്കും; എന്നല്ല അത് ഏതൊരാള്‍ക്കും അസാധ്യവുമായിരിക്കും.
(32) അത് സ്വര്‍ഗത്തിലെ ചെടിയാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ നിവേദനം: നബി ﷺ പറഞ്ഞു:
لقيت ليلة أسرى بي إبراهيم الخليل عليه السلام فقال : يا محمد أقرئ أمتك السلام وأخبرهم أن الجنة طيبة التربة عذبة الماء وأنها قيعان وأن غراسها : سبحان الله والحمد لله ولا إله إلا الله والله أكبر
ഇസ്‌റാഇന്റെ രാത്രിയില്‍ ഞാന്‍ ഇബ്‌റാഹീം നബി(അ)യെ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മുഹമ്മദേ, നിന്റെ സമുദായത്തോട് എന്റെ സലാം പറയുക. കൂടാതെ അവരോട് പറയണം; സ്വര്‍ഗത്തിന്റെ മണ്ണ് അതിവിശിഷ്ടമാണ്; വെള്ളം സംശുദ്ധവും. അവിടെ ഒഴിഞ്ഞുകിടക്കുന്ന വിജനപ്രദേശമുണ്ട്. അവിടെ നട്ടുപിടിപ്പിക്കാനുള്ള സസ്യങ്ങളാണ് സുബ്ഹാനല്ലാഹ് (അല്ലാഹു എത്രയോ പരിശുദ്ധന്‍), അല്‍ഹംദുലില്ലാഹ് (അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും), ലാ ഇലാഹ ഇല്ലല്ലാഹു (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല), അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്നീ ദിക്‌റുകള്‍. (തിര്‍മിദി, ത്വബ്‌റാനി, സില്‍സിലതുസ്സ്വഹീഹ ).
തിര്‍മിദി ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ജാബിർ رَضِيَ اللَّهُ عَنْهُ നിവേദനം: നബി ﷺ പറഞ്ഞു:
من قال سبحان الله وبحمده غرست له نخلة في الجنة
ആരെങ്കിലും സുബ്ഹാനല്ലാഹി വബിഹംദിഹി (അല്ലാഹു എത്രയോ പരിശുദ്ധന്‍! അവനാകുന്നുസര്‍വസ്തുതിയും) എന്ന് പറഞ്ഞാല്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഒരു ഈത്തപ്പന നടുന്നതാണ്. (തിര്‍മിദി, നസാഈ, ഇബ്‌നു ഹിബ്ബാന്‍, ഹാകിം എന്നിവര്‍ ഉദ്ധരിച്ചത്).
(33) അതിലൂടെ നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രതിഫലവും മഹത്ത്വവും മറ്റൊരു കര്‍മത്തിനും ഇല്ലാത്തത്രയും ഉണ്ട്. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം ചെയ്യുന്നു: നിശ്ചയം നബി ﷺ പറഞ്ഞു
من قال : لا إله إلا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير في يوم مائة مرة كانت له عدل عشر رقاب وكتبت له مائة حسنة ومحيت عنه مائة سيئة وكانت له حرزا من الشيطان يومه ذلك حتى يمسي ولم يأت أحد بأفضل مما جاء به إلا رجل عمل أكثر منه ومن قال : سبحان الله وبحمده في يوم مائة مرة حطت خطاياه وإن كانت مثل زبد البحر
ആരെങ്കിലും ‘ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലിശൈഇന്‍ ക്വദീര്‍’ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല, അവന്‍ ഏകനാണ്, അവന് യാതൊരു പങ്കുകാരുമില്ല, അവനാണ് ആധിപത്യം, അവനാണ് സര്‍വസ്തുതിയും, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്) എന്ന് ഒരു ദിവസം നൂറുതവണ പറഞ്ഞാല്‍ നൂറ് അടിമയെ മോചിപ്പിച്ചതിനു സമാനമായ പ്രതിഫലം അയാള്‍ക്കുണ്ട്. നൂറ് നന്മകള്‍ അയാള്‍ക്കായി രേഖപ്പെടുത്തപ്പെടും. നൂറ് ദോഷങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യും. ആ ദിവസം പ്രദോഷംവരെ അത് അയാള്‍ക്ക് ഒരു രക്ഷാകവചമായിരിക്കുകയും ചെയ്യും. ഇതിനെക്കാള്‍ ചെയ്തയാളല്ലാതെ അദ്ദേഹത്തെക്കാള്‍ ശ്രേഷ്ഠമായ കര്‍മഫലവുമായി ഒരാളും തന്നെ വരികയില്ല. ആരെങ്കിലും ‘സുബ്ഹാനല്ലാഹി വബിഹംദിഹി’ (അല്ലാഹു എത്രയോ പരിശുദ്ധന്‍! അവന്നാകുന്നു സര്‍വസ്തുതിയും) എന്ന് ഒരു ദിവസം നൂറ് തവണ പറഞ്ഞാല്‍ അയാളുടെ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്; അത് കടലിലെ നുരയോളമുണ്ടെങ്കിലും.
സ്വഹീഹു മുസ്‌ലിമില്‍ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു:
لأن أقول سبحان الله والحمد لله ولا إله إلا الله والله أكبر أحب إلي مما طلعت عليه الشمس
സുബ്ഹാനല്ലാഹ് (അല്ലാഹു എത്രയോ പരിശുദ്ധന്‍), അല്‍ഹംദുലില്ലാഹ് (അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും), ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല), അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്ന് ഞാന്‍ പറയുന്നതാണ് ഈലോകത്തുള്ള സര്‍വതിനെക്കാളും എനിക്ക് പ്രിയങ്കരം.
അനസ്ബ്‌നു മാലികി്യല്‍നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും രാവിലെ, അല്ലെങ്കില്‍ വൈകുന്നേരം ‘അല്ലാഹുമ്മ ഈന്നീ അസ്വ്ബഹ്തു ഉശ്ഹിദുക, വ ഉശ്ഹിദു ഹമലത അര്‍ശിക, വമലാഇകതക, വ ജമീഅ ഖല്‍ക്വിക അന്നക അന്‍തല്ലാഹു, ലാ ഇലാഹ ഇല്ലാ അന്‍ത, വ അന്ന മുഹമ്മദന്‍ അബ്ദുക വ റസൂലുക’ (അല്ലാഹുവേ, നിന്നെയും നിന്റെ സിംഹാസനം വഹിക്കുന്ന മലക്കുകളെയും നിന്റെ മറ്റു മലക്കുകളെയും നിന്റെ സര്‍വ സൃഷ്ടിജാലങ്ങളെയും സാക്ഷിനിര്‍ത്തിക്കൊണ്ട് ഞാനിതാ പറയുന്നു; നിശ്ചയം, നീയാണ് അല്ലാഹു! നീയല്ലാതെ ആരാധനക്കര്‍ഹാനായി മാറ്റാരുമില്ല. മുഹമ്മദ് നബി ﷺ നിന്റെ അടിമയും ദൂതനുമാണ്) എന്ന് ഒരു പ്രാവശ്യം പറഞ്ഞാല്‍ അല്ലാഹു അയാളുടെ നാലിലൊരു ഭാഗത്തെ നരകത്തില്‍നിന്ന് മോചിപ്പിക്കുന്നതാണ്. ആരെങ്കിലും അത് രണ്ട് പ്രാവശ്യം പറഞ്ഞാല്‍ അല്ലാഹു അയാളുടെ പകുതിഭാഗത്തെ നരകത്തില്‍നിന്ന് മോചിപ്പിക്കുന്നതാണ്. ആരെങ്കിലും മൂന്നു പ്രാവശ്യം പറഞ്ഞാല്‍ അയാളുടെ നാലില്‍ മൂന്നുഭാഗവും നരകത്തില്‍നിന്ന് മോചിപ്പിക്കും. ആരെങ്കിലും നാലു പ്രാവശ്യം ഇങ്ങനെ പറഞ്ഞാല്‍ അയാളെ പൂര്‍ണമായും അല്ലാഹു നരകത്തില്‍നിന്നും മോചിപ്പിക്കുന്നതാണ്” (അബൂദാവൂദ്, തിര്‍മിദി, നസാഈ ‘അമലുല്‍ യൗമി വല്ലൈലി’ല്‍, ബുഖാരി അദബുല്‍ മുഫ്‌റദില്‍ ഉദ്ധരിച്ചത്. ശൈഖ് അല്‍ബാനി رحمه الله ഈ ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല എന്ന് വിശദീകരിക്കുന്നു. സില്‍സിലഃ ദഈഫഃ ഹദീഥ് നമ്പര്‍ 1041 കാണുക).
(34) അല്ലാഹുവിനെ നിരന്തരമായി ‘ദിക്ര്‍’ ചെയ്യുക എന്നത് അല്ലാഹുവിനെ മറന്നുപോയവരുടെ കൂട്ടത്തില്‍നിന്നും നിര്‍ഭയത്വം ഉറപ്പാക്കുന്ന കാര്യമാണ്. അല്ലാഹുവിനെ വിസ്മരിക്കുക എന്നത് ഒരാളുടെ ഇരുലോകത്തെയും പരാജയത്തിന്റെ കാരണവുമാണ്. അല്ലഹുവിനെ മറന്നുകൊണ്ടുള്ള ജീവിതം സ്വന്തത്തെയും തന്റെ തന്നെ നന്മകളെയും മറപ്പിച്ചുകളയുന്നതാണ്.
وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ ۚ أُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ
അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെപ്പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍. (ഖുര്‍ആന്‍: 59/19)
ഒരാള്‍ സ്വന്തം മനസ്സിനെ മറന്നുകൊണ്ട് അതിന്റെ നന്മകളില്‍നിന്നും അകന്ന് ആത്മാവിനെ വിസ്മരിച്ചു വേറെ പലതിലും വ്യാപൃതനായാല്‍ അത് ഉറപ്പായും ദുഷിക്കുകയും നശിക്കുകയും ചെയ്യും. അയാളെപ്പറ്റി പറയാവുന്നത് അയാള്‍ ഒരു കൃഷിക്കാരനെ പോലെയാണ് എന്നാണ്. അയാള്‍ക്ക് കൃഷിയും തോട്ടവും മൃഗങ്ങളുമുണ്ട്. അതല്ലെങ്കില്‍ ഇതല്ലാത്ത നേട്ടവും വിജയവും നിരന്തരമായ ബന്ധംകൊണ്ടും പരിചരണം കൊണ്ടും നേടേണ്ടതായ വേറെ പലതും അയാള്‍ക്കുണ്ട് എന്ന് കരുതുക. പക്ഷേ, അയാള്‍ അവയെ ഒന്നും ശ്രദ്ധിക്കാതെ വേറെ പലതിലും വ്യാപൃതനായി. അതിന്റെ കാര്യം പാടെ മറന്നുപോയി. അതിനു നല്‍കേണ്ട ശ്രദ്ധയും പരിചരണവും ഒന്നും നല്‍കാതെയിരുന്നാല്‍ ഉറപ്പായും അത് നശിക്കുമെന്നതില്‍ തര്‍ക്കമില്ല.
വേറൊരാള്‍ക്ക് അയാളുടെ പകരമായി ഈ ഉത്തരവാദിത്തങ്ങളൊക്കെ നിര്‍വഹിക്കാന്‍ പറ്റുമായിരുന്നിട്ടുകൂടി ഇതാണ് സ്ഥിതിയെങ്കില്‍ സ്വന്തം മനസ്സിന്റെയും ആത്മാവിന്റെയും കാര്യത്തില്‍ അവയെ മറന്നുകൊണ്ട് മറ്റു പലതിലും മുഴുകി അവയെ ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്ത, അതിനെ വേണ്ട പോലെ ശ്രദ്ധിക്കുകയും പരിചരിക്കുകയും ചെയ്യാതെ കയ്യൊഴിച്ച ഒരാളെക്കുറിച്ച് എന്തു കരുതുവാനാണ്? അയാളുടെ കാര്യത്തില്‍ എന്തൊരു കുഴപ്പവും നാശവും നഷ്ടവും പരാജയവുമാണ് നീ കരുതുന്നത്?
സ്വന്തം കാര്യത്തില്‍ വീഴ്ചവരുത്തിയ, അല്ലെങ്കില്‍ അതിരുവിട്ടയാളുടെ സ്ഥിതി അയാളുടെ കാര്യങ്ങളെല്ലാം ഛിന്നഭിന്നമായി പോവുകയും അതിന്റെ നേട്ടങ്ങളും ഗുണങ്ങളും നഷ്ടമാവുകയും ചെയ്യും എന്നതാണ്. നാശത്തിന്റെയും നഷ്ടത്തിന്റെയും പരാജയത്തിന്റെയും പല വഴികളും അയാളെ വളഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ടാവും.
അതില്‍നിന്നൊക്കെയും രക്ഷപ്പെടാനും നിര്‍ഭയത്വവും സമാധാനവും കൈവരിക്കാനും അല്ലാഹുവിനെക്കുറിച്ച നിരന്തരമായ സ്മരണയും ദിക്‌റുമല്ലാതെ മറ്റൊരു മാര്‍ഗമില്ല. അല്ലാഹുവിന് ധാരാളം ‘ദിക്‌റുകള്‍’ അര്‍പ്പിക്കുന്ന നാവും ചുണ്ടുമായിരിക്കണം അയാള്‍ക്കുണ്ടാവേണ്ടത്.
ദിക്‌റുകള്‍ക്ക് തന്റെ ജീവിതത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കുകയും ഒരിക്കലും അതില്‍നിന്ന് വേറിട്ടുപോകാതെ സൂക്ഷിക്കുകയും വേണം. തന്റെ ശരീരത്തിന് അനിവാര്യമായും നല്‍കുന്ന ഭക്ഷണത്തിന്റെയും ദാഹജലത്തിന്റെയും വസ്ത്രത്തിന്റെയും താമസസ്ഥലത്തിന്റെയും ഒക്കെ പോലെത്തന്നെ അനിഷേധ്യമായ ശ്രദ്ധയും സ്ഥാനവും ദിക്‌റിനും നല്‍കേണ്ടതുണ്ട്. ഭക്ഷണമില്ലെങ്കില്‍ ശക്തി ക്ഷയിക്കുകയും ശരീരം ക്ഷീണിക്കുകയും ചെയ്യും. കൊടുംദാഹത്തിന്റെ സന്ദര്‍ഭത്തില്‍ വെള്ളത്തിന്റെ ആവശ്യകതയും സ്ഥാനവും പ്രത്യേകം പറയേണ്ടതില്ല. ചൂടിലും തണുപ്പിലും സുരക്ഷയേകുന്ന വസ്ത്രവും പാര്‍പ്പിടവും ഏതൊരാളുടെയും അടിസ്ഥാന ആവശ്യങ്ങളില്‍ പെട്ടതാണ്.
അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും കീര്‍ത്തനങ്ങളും (ദിക്‌റുകളും) ഒരു യഥാര്‍ഥ അടിമയെ സംബന്ധിച്ചിടത്തോളം ഇതിനെക്കാള്‍ മനോഹരമായ സ്ഥാനത്ത് അവരോധിക്കാന്‍ കടപ്പെട്ടതാണ്. ആത്മാവിന്റെയും ഹൃദയത്തിന്റെയും ദോഷവും നാശവും ശരീരത്തിന്റെ നാശത്തെക്കാളും ദോഷത്തെക്കാളും എത്രമാത്രം ഗുരുതരമല്ല!
ശരീരത്തിന്റെ ശക്തി ക്ഷയിക്കുന്നതും അതിനുണ്ടാകുന്ന നഷ്ടങ്ങളും നഷ്ടങ്ങള്‍ തന്നെയാണ്. എന്നാലും ഒരുപക്ഷേ ആ നഷ്ടങ്ങള്‍ നികത്തി അതിന്റെ നേട്ടങ്ങളും ഐശ്വര്യങ്ങളും വീണ്ടെടുക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഹൃദയത്തിന്റെയും ആത്മാവിന്റെയും നാശം പിന്നീട് ഒരിക്കലും നേട്ടവും വിജയവും പ്രതീക്ഷിക്കാന്‍ കഴിയാത്തത്ര ഗുരുതരമാണ്. ലാ ഹൗല വലാ ക്വുവ്വത ഇല്ലാ ബില്ലാഹ് (അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല).
അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നതിലൂടെ ഇതല്ലാതെ മറ്റൊരു നേട്ടവുമില്ല എന്ന് സങ്കല്‍പിച്ചാല്‍ പോലും ദിക്‌റിനെ കാര്യമായി ശ്രദ്ധിക്കാനും പരിഗണിക്കാനും പര്യാപ്തമാണിത്.
ആരെങ്കിലും അല്ലാഹുവിനെ മറന്നുകളഞ്ഞാല്‍ അയാളുടെ നഫ്‌സിനെത്തന്നെ ദുനിയാവില്‍ അവന്‍ മറപ്പിച്ചുകളയുകയും ചെയ്യും. അന്ത്യനാളില്‍ ശിക്ഷയില്‍ അയാളെ ഉപേക്ഷിക്കും. അല്ലാഹു പറയുന്നു:
وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ
എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ടുവരുന്നതുമാണ്. (ഖുര്‍ആന്‍: 20/124)
അതായത്, നീ നമ്മുടെ ദൃഷ്ടാന്തങ്ങളെ വിസ്മരിച്ച് അവയില്‍നിന്ന് ഉദ്‌ബോധനം ഉള്‍കൊള്ളാനോ അവയനുസരിച്ച് പ്രവര്‍ത്തിക്കാനോ തയ്യാറാവാതെ കയ്യൊഴിച്ചതുപോലെ നീയും ശിക്ഷയില്‍ തള്ളപ്പെട്ടിരിക്കുകയാണ്.
അല്ലാഹുവിന്റെ ‘ദിക്‌റില്‍’നിന്നുള്ള പിന്തിരിയല്‍ എന്ന് പറഞ്ഞതിന്റെ വിവക്ഷയില്‍ ഒന്ന് അല്ലാഹു ഇറക്കിയ ‘ദിക്ര്‍ ‘(ഉല്‍ബോധനം) അഥവാ അവന്റെ വിശുദ്ധ ഗ്രന്ഥമായ ക്വുര്‍ആനാണ്. അതാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്. മറ്റൊന്ന് അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നുള്ള പിന്തിരിയലാണ്. അതായത്, അവന്റെ വിശുദ്ധഗ്രന്ഥത്തിലൂടെയും അവന്റെ ഉല്‍കൃഷ്ടമായ നാമങ്ങളും വിശേഷണങ്ങളും മുഖേനയും അവന്റെ വിധിവിലക്കുകളും അനുഗ്രഹങ്ങളും ഔദാര്യങ്ങളും മുഖേനയുള്ള സ്മരണ. ഇവയെല്ലാം അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തില്‍നിന്നുള്ള പിന്തിരിയലിന്റെ അനുബന്ധങ്ങളാണ്. മേല്‍പറഞ്ഞ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘ദിക്ര്‍’ എന്ന പ്രയോഗം ‘ഉല്‍ബോധനം’ എന്ന അര്‍ഥത്തില്‍ ക്വുര്‍ആനിനെ ഉദ്ദേശിച്ചാകാം. അല്ലെങ്കില്‍ ‘സ്മരണ’ എന്ന അര്‍ഥത്തില്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മയും അവനുള്ള സ്‌തോത്രകീര്‍ത്തനകളും ആകാം.
അതായത് ആരെങ്കിലും എന്റെ ഗ്രന്ഥത്തില്‍നിന്ന് പിന്തിരിയുകയും അത് പാരായണം ചെയ്യാതെയും അതിനെപ്പറ്റി ഉറ്റാലോചിക്കാതെയും അതിനനുസരിച്ച് പ്രവര്‍ത്തിക്കാതെയും അത് പഠിച്ചുമനസ്സിലാക്കാതെയും അതിനെ കയ്യൊഴിച്ചാല്‍ തീര്‍ച്ചയായും അത്തരക്കാരുടെ ജീവിതം ഞെരുക്കമേറിയതും പ്രയാസങ്ങള്‍ നിറഞ്ഞതുമായിരിക്കും. അത് അവര്‍ക്ക് പീഡനവും ശിക്ഷയുമായിരിക്കും.
‘കുടുസ്സായ ജീവിതം’ എന്ന പ്രയോഗം തന്നെ ഏറെ ചിന്തനീയമാണ്. ഞെരുക്കവും കാഠിന്യവും പ്രയാസങ്ങളും നിറഞ്ഞ ജീവിതവും അപ്രകാരംതന്നെ ബര്‍സഖീ ജീവിതത്തിന്റെ ശിക്ഷകളും കഷ്ടതകളുമാണ് അതിന്റെ വിവക്ഷ എന്നും ചില വിശദീകരണങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ അത് ഇഹലോകത്തെ ജീവിതവും ക്വബ്‌റിലെ ശിക്ഷയും രണ്ടും ഉള്‍കൊള്ളുന്നതാണ്. ഈ രണ്ട് അവസ്ഥയിലും അത്തരക്കാര്‍ ഞെരുക്കത്തിലും പ്രയാസങ്ങളിലും തന്നെയായിരിക്കും. പരലോകത്ത് വെച്ചാകട്ടെ ഉപേക്ഷിക്കപ്പെട്ട നിലയിലുമായിരിക്കും.
ഇതിന് നേര്‍ വിപരീതമാണ് ജീവിത വിജയത്തിന്റെയും സൗഭാഗ്യത്തിന്റെയും ആളുകള്‍. ഇവരുടെ ഇഹലോക ജീവിതവും ബര്‍സഖീജീവിതവും ഏറെ വിശിഷ്ടമായിരിക്കും. പരലോകത്താകട്ടെ അവര്‍ക്ക് ഏറ്റവും ശ്രേഷ്ഠമായ പ്രതിഫലവുമുണ്ടായിരിക്കും. അല്ലാഹു പറയുന്നു:
مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ
ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ് ….. (ഖുര്‍ആന്‍: 16/97)
ഇത് ഐഹിക ജീവിതത്തില്‍ വെച്ചാണ്. എന്നിട്ട് അല്ലാഹു പറഞ്ഞു:
وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖുര്‍ആന്‍: 16/97)
وَٱلَّذِينَ هَاجَرُوا۟ فِى ٱللَّهِ مِنۢ بَعْدِ مَا ظُلِمُوا۟ لَنُبَوِّئَنَّهُمْ فِى ٱلدُّنْيَا حَسَنَةً ۖ وَلَأَجْرُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ
അക്രമത്തിന് വിധേയരായതിന് ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ് പോയവരാരോ അവര്‍ക്ക് ഇഹലോകത്ത് നാം നല്ല താമസസൗകര്യം ഏര്‍പെടുത്തികൊടുക്കുകതന്നെ ചെയ്യും. എന്നാല്‍, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്. അവര്‍ (അത്) അറിഞ്ഞിരുന്നുവെങ്കില്‍! (ഖുര്‍ആന്‍: 16/41)
وَأَنِ ٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ يُمَتِّعْكُم مَّتَٰعًا حَسَنًا إِلَىٰٓ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِى فَضْلٍ فَضْلَهُۥ ۖ وَإِن تَوَلَّوْا۟ فَإِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൗഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെമേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു. (ഖുര്‍ആന്‍: 11/3)
ആദ്യത്തില്‍ പറഞ്ഞത് ദുനിയാവിലുള്ളതും അവസാനത്തില്‍ പറഞ്ഞത് പരലോകത്തുള്ളതും.
قُلْ يَٰعِبَادِ ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا۟ فِى هَٰذِهِ ٱلدُّنْيَا حَسَنَةٌ ۗ وَأَرْضُ ٱللَّهِ وَٰسِعَةٌ ۗ إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ
പറയുക: വിശ്വസിച്ചവരായ എന്റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കുതന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റി കൊടുക്കപ്പെടുന്നത്. (ഖുര്‍ആന്‍: 39/10)
നന്മ ചെയ്തവര്‍ക്ക് തങ്ങളുടെ സുകൃതങ്ങളുടെ ഫലമായി ഇരുലോകത്തും അല്ലാഹു പ്രതിഫലം നല്‍കുമെന്ന് അല്ലാഹു പറഞ്ഞ നാല് സന്ദര്‍ഭങ്ങളാണ് ഈ സൂക്തങ്ങള്‍. സുകൃതങ്ങള്‍ക്ക് അനിവാര്യമായ ചില പ്രതിഫലങ്ങള്‍ ഇഹലോകത്തുവെച്ചുതന്നെയുണ്ടാകും. അപ്രകാരംതന്നെ ദുഷ്‌കര്‍മങ്ങള്‍ക്കും അനിവാര്യമായ ചില പ്രതിഫങ്ങള്‍ ഈ ലോകത്തുവെച്ച് ഉണ്ടാകുന്നതാണ്.
സുകൃതം ചെയ്യുന്നവര്‍ക്ക് നല്‍കപ്പെടുന്ന ഹൃദയവിശാലതയും സന്തോഷവും വിശാല മനസ്‌കതയും പടച്ച റബ്ബുമായുള്ള ഇടപാട് മുഖേനയുള്ള ആസ്വാദനവും അല്ലാഹുവിനെ വഴിപ്പെടലും സ്മരിക്കലും അതിലൂടെ ലഭ്യമാകുന്ന ആത്മീയ സുഖവും തന്റെ റബ്ബിനെക്കൊണ്ടുള്ള അയാളുടെ ആഹ്ലാദവും സന്തോഷവും ബഹുമാന്യനായ ഒരു രാജാവിന്റെ അടുത്ത ബന്ധു ആ രാജാവിന്റെ അധികാരാധിപത്യത്താല്‍ സന്തോഷിക്കുന്നതിനെക്കാളും എത്രയോ വലുതായിരിക്കും!
എന്നാല്‍ ദുഷ്‌കര്‍മം ചെയ്യുന്നവര്‍ക്ക് നല്‍കപ്പെടുന്ന മനസ്സിന്റെ കുടുസ്സതയും ഹൃദയകാഠിന്യവും ആസ്വസ്ഥതയും ഇരുട്ടും ദേഷ്യവും വെറുപ്പും ശത്രുതയും ഹൃദയവേദനയും ദുഖവും സങ്കടവും എല്ലാം ജീവനും ബോധവുമുള്ള ഒരാളും നിഷേധിക്കുമെന്ന് പോലും തോന്നുന്നില്ല. മാത്രമല്ല അത്തരം ദുഃഖങ്ങളും സങ്കടങ്ങളും മനോവ്യഥകളും മനസ്സിന്റെ കുടുസ്സതയുമെല്ലാം ഇഹലോകത്തുവെച്ചുള്ള ശിക്ഷയും ദുനിയാവിലെ കണ്‍മുന്നിലുള്ള നരകയാതനകളുമാണ്.
അല്ലാഹുവിലേക്ക് മുന്നിടലും അവനിലേക്ക് ഖേദിച്ച് മടങ്ങലും അവനിലേക്ക് തൃപ്തിപ്പെടലും അവനോടുള്ള സ്‌നേഹത്താല്‍ ഹൃദയം നിറയലും സദാ അവനെ സ്മരിച്ചുകൊണ്ടിരിക്കുകയും അവനെ കൂടുതല്‍ അറിയുന്നതിലൂടെയുണ്ടാകുന്നു. സന്തോഷവും ആഹ്ലാദവും മനസ്സമാധാനവുമെല്ലാം ദുനിയാവില്‍ കിട്ടുന്ന പ്രതിഫലവും കണ്‍മുന്നിലുള്ള സ്വര്‍ഗവുമാണ്. ആ ജീവിതത്തോട് ദുനിയാവിലെ ഒരു രാജാവിന്റെ ജീവിതവും എത്തുകയില്ല.
എന്റെ ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ رحمه الله പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്:
أن في الدنيا جنة من لم يدخلها لا يدخل جنة الآخرة
നിശ്ചയം! ദുനിയാവില്‍ ഒരു സ്വര്‍ഗമുണ്ട്. അതില്‍ പ്രവേശിക്കാത്തവര്‍ക്ക് പരലോകത്തെ സ്വര്‍ഗത്തിലും കടക്കാനാവില്ല.
അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു:
ما يصنع أعدائي بي ؟ أنا جنتي وبستاني في صدري إن رحت فهي معي لا تفارقني إن حبسي خلوة وقتلي شهادة وإخراجي من بلدي سياحة
‘എന്റെ ശത്രുക്കള്‍ക്ക് എന്നെ എന്തു ചെയ്യാനാണ് പറ്റുക? എന്റെ സ്വര്‍ഗവും തോട്ടവുമൊക്കെ എന്റെ ഹൃദയത്തിലാണ്. ഞാന്‍ എവിടെ പോയാലും അവയെല്ലാം വേര്‍പിരിയാതെ എന്റെ കൂടെത്തന്നെയുണ്ട്. എന്റെ തടവറ എനിക്കുള്ള സ്വസ്ഥതയും എകാന്തതയുമാണ്. എന്റെ മരണമാകട്ടെ എന്റെ ശഹാദത്തും (രക്തസാക്ഷിത്വം) എന്നെ എന്റെ നാട്ടില്‍നിന്ന് പുറത്താക്കല്‍ എനിക്കുള്ള വിനോദയാത്രയുമാണ്’ (ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ رحمه الله യുടെ മജ്മുഅ ഫതാവ, 3/259 കാണുക).
ഒരിക്കല്‍ അദ്ദേഹം തന്റെ തടവറയില്‍ വെച്ച് ഇപ്രകാരം പറയുകയുണ്ടായി:
لو بذلت ملء هذه القاعة ذهبا ما عدل عندي شكر هذه النعمة أو قال ما جزيتهم على ما تسببوا لي فيه من الخير ونحو هذا
ഈ കോട്ട നിറച്ചു ഇവര്‍ക്ക് ഞാന്‍ സ്വര്‍ണം നല്‍കിയാല്‍ പോലും ഈ അനുഗ്രഹത്തിനു തുല്യമായ നന്ദിയാകുമെന്ന് ഞാന്‍ കരുതുന്നില്ല.’ അതായത് അവരെനിക്ക് നന്മക്ക് നിമിത്തമായതിന് പകരമായി ഞാനവര്‍ക്ക് പ്രത്യുപകാരം ചെയ്തതാകില്ല.
അദ്ദേഹം ബന്ധനസ്ഥനായി കഴിയവെ സുജൂദില്‍ കിടന്ന് ഇപ്രകാരം പറയുമായിരുന്നു:
اللهم أعني على ذكرك وشكرك وحسن عبادتك ما شاء الله
അല്ലാഹുമ്മ അഇന്നീ അലാ ദിക് രിക വ ശുക്‌രിക വ ഹുസ്‌നി ഇബാദത്തിക’
അല്ലാഹുവേ നിന്നെ സ്മരിക്കുവാനും നിനക്ക് നന്ദി ചെയ്യുവാനും നല്ല രൂപത്തില്‍ നിനക്ക് ഇബാദത്ത് നിര്‍വഹിക്കുവാനും എന്നെ നീ സഹായിക്കണേ. മാശാ അല്ലാഹ്!
ഒരിക്കല്‍ എന്നോട് അദ്ദേഹം പറഞ്ഞു:
المحبوس من حبس قلبه عن ربه تعالى والمأسور من أسره هواه
തന്റെ റബ്ബില്‍നിന്ന് ഹൃദയത്തെ തടഞ്ഞുവെക്കപ്പെട്ടവനാണ് യഥാര്‍ഥ തടവറയിലകപ്പെട്ടവന്‍. ദേഹേച്ഛയുടെ പിടിയിലകപ്പെട്ടവനാണ് യഥാര്‍ഥ ബന്ധനസ്ഥന്‍.
അദ്ദേഹത്തെ തടവറയിലേക്ക് കൊണ്ടുപോകുമ്പോള്‍ അതിന്റെ മതില്‍ക്കെട്ടുകളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:
فَضُرِبَ بَيْنَهُم بِسُورٍ لَّهُۥ بَابُۢ بَاطِنُهُۥ فِيهِ ٱلرَّحْمَةُ وَظَٰهِرُهُۥ مِن قِبَلِهِ ٱلْعَذَابُ
….. അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു മതില്‍ കൊണ്ട് മറയുണ്ടാക്കപ്പെടുന്നതാണ്. അതിന് ഒരു വാതിലുണ്ടായിരിക്കും. അതിന്റെ ഉള്‍ഭാഗത്താണ് കാരുണ്യമുള്ളത്. അതിന്റെ പുറം ഭാഗത്താകട്ടെ ശിക്ഷയും. (ഖുര്‍ആന്‍: 57/13)
പ്രസ്തുത സുഖജീവിതത്തിന്റെ പ്രശോഭയും പ്രസരിപ്പും അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. ശക്തമായ ഭയപ്പാടോ ആശങ്കകളോ അസ്വസ്ഥതകളോകൊണ്ട് ഞങ്ങള്‍ പൊറുതിമുട്ടിയാല്‍ അദ്ദേഹത്തിന്റെയടുക്കല്‍ ഞങ്ങള്‍ ചെല്ലുമായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ കാണുകയും ശ്രവിക്കുകയും ചെയ്യുന്ന മാത്രയില്‍തന്നെ അതെല്ലാം ഞങ്ങളില്‍നിന്ന് വിട്ടകന്നിട്ടുണ്ടാകും. മനസ്സിനൊരു ആശ്വാസവും ശക്തിയും ദൃഢതയും കരുത്തും സമാധാനവുമൊക്കെ കൈവരികയും ചെയ്യും.
അല്ലാഹുവിനെ കണ്ടുമുട്ടുന്നതിനു മുമ്പുതന്നെ അവന്റെ സ്വര്‍ഗത്തിന്റെ സാക്ഷ്യങ്ങളായി ചില ദാസന്മാരെ നിശ്ചയിച്ച അല്ലാഹു എത്രയോ പരിശുദ്ധന്‍! കര്‍മലോകത്ത് (ഇഹലോകത്ത്) വെച്ചുതന്നെ അതിന്റെ കവാടങ്ങള്‍ അവര്‍ക്ക് അവന്‍ തുറന്നുകൊടുക്കുകയും അതിന്റെ സുഗന്ധവും ഇളംകാറ്റും ആശ്വാസവുമെല്ലാം അവര്‍ക്ക് വന്നെത്തുകയും അങ്ങനെ അത് തേടിപ്പിടിക്കാനായി സര്‍വശേഷിയും വിനിയോഗിച്ച് അതിനായി മത്സരിക്കുകയും ചെയ്യുമാറ് അവന്‍ അവര്‍ക്ക് ‘തൗഫീക്വ്’ നല്‍കി.
ചില മഹത്തുക്കള്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു:
لو علم الملوك وأبناء الملوك ما نحن فيه لجالدونا عليه بالسيوف
‘അവര്‍ അനുഭവിക്കുന്ന ഈ സുഖം ഭൂമിയിലെ രാജാക്കന്മാരും രാജ പുത്രന്മാരും അറിഞ്ഞിരുന്നുവെങ്കില്‍ അതിന്റെ പേരില്‍ അവര്‍ നമ്മളോട് വാളെടുത്ത് യുദ്ധം ചെയ്യുമായിരുന്നു.’ (ഇബ്‌റാഹീമുബ്‌നു അദ്ഹമില്‍നിന്ന് ബൈഹക്വി തന്റെ ‘അസ്സുഹ്ദി’ലും അബൂ നുഐം ‘അല്‍ഹില്‍യ’യിലും ഉദ്ധരിച്ചത്).
وقال آخر : مساكين أهل الدنيا خرجوا منها وما ذاقوا أطيب ما فيها ؟ قيل : وما أطيب ما فيها ؟ قال : محبة الله تعالى ومعرفته وذكره أو نحو هذا
മറ്റൊരാള്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘ഇഹലോകത്തിന്റെ ആളുകളായ സാധുക്കള്‍ ഇഹലോകത്തിലെ ഏറ്റവും വീശിഷ്ടമായത് രുചിക്കാതെയാണ് ഇവിടംവിട്ട് പോകുന്നത്!’ അദ്ദേഹത്തോട് ചോദിച്ചു: ‘എന്താണ് അതിലെ ഏറ്റവും വിശിഷ്ടമായത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെക്കുറിച്ചുള്ള അറിവും ദിക്‌റുമാണ്.’
അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെക്കുറിച്ചുള്ള അറിവും നിരന്തരമായ ദിക്‌റും അവയില്‍ ശാന്തിയും സമാധാനവുമടയലും ഒടുങ്ങാത്ത സ്‌നേഹവും, ഭയവും പ്രതീക്ഷയുമെല്ലാം അവനോട് മാത്രമാകലും, ഭരമേല്‍പിക്കലും സുപ്രധാനമായ ഇടപാട് അവനുമായിട്ടാകലും, അഥവാ ഒരു അടിമയുടെ സര്‍വ സങ്കടങ്ങളും ഉദ്ദേശങ്ങളും തീരുമാനങ്ങളുമെല്ലാം എല്‍പിക്കുന്നത് അല്ലാഹുവിലേക്ക് മാത്രമായിരിക്കുക എന്നത്, സത്യത്തില്‍ അതാണ് ദുന്‍യാവിലെ സ്വര്‍ഗം. ആ സുഖത്തോട് മറ്റൊരു സുഖവും സമമാവുകയില്ല. അതാണ് യഥാര്‍ഥ വിശ്വാസിയുടെ കണ്‍കുളിര്‍മയും ജ്ഞാനികളുടെ ജീവനും.
ആളുകളുടെ കണ്ണുകള്‍ക്ക് കുളിര്‍മയും ആനന്ദവും ഉണ്ടാകുന്നത് അവരുടെ കണ്ണുകള്‍ക്ക് അല്ലാഹുവിനെക്കൊണ്ട് കുളിര്‍മയുണ്ടാകുന്നതിനനുസരിച്ചായിരിക്കും. അല്ലാഹുവിനെക്കൊണ്ട് ഒരാള്‍ക്ക് കണ്‍കുളിര്‍മ നേടാനായാല്‍ അയാളെക്കൊണ്ട് സര്‍വ കണ്ണുകള്‍ക്കും കുളിര്‍മ കിട്ടുന്നതാണ്. എന്നാല്‍ നേരെ മറിച്ച് ഒരാള്‍ക്ക് അല്ലാഹുവിനെക്കൊണ്ട് കണ്‍കുളിര്‍മ നേടാനായില്ലെങ്കില്‍ അയാള്‍ ദുനിയാവിന്റെ കാര്യത്തില്‍ ആശയറ്റവനും അസ്വസ്ഥനുമായിരിക്കും.
ഈ കാര്യങ്ങളൊക്കെ സത്യപ്പെടുത്താനും അനുഭവിച്ചറിയാനും പറ്റുക ഹൃദയം സജീവമായി നില്‍ക്കുന്നവര്‍ക്ക് മാത്രമാണ്. എന്നാല്‍ ഹൃദയത്തിന്റെ ജീവന്‍ നഷ്ടമായവനാകട്ടെ; അവന്‍ നിനക്ക് ഇണക്കമില്ലായ്മയും വെറുപ്പുമായിരിക്കും സമ്മാനിക്കുക. പിന്നീട് അയാളില്‍നിന്ന് പരമാവധി അകന്ന് നില്‍ക്കാനായിരിക്കും നീ ആഗ്രഹിക്കുക. അയാളുടെ സാന്നിധ്യം എപ്പോഴും നിനക്ക് ആസ്വസ്ഥതയുണ്ടാക്കിക്കൊണ്ടിരിക്കും. അത്തരക്കാരെ കൊണ്ട് നീ പരീക്ഷിക്കപ്പെട്ടാല്‍ ബാഹ്യമായ എന്തെങ്കിലുമൊക്കെ ഉപചാരങ്ങള്‍ ചെയ്തുകൊണ്ട് നീ അവിടുന്ന് രക്ഷപ്പെടാന്‍ നോക്കുക. നിന്റെ മനസ്സും സ്വകാര്യങ്ങളും പങ്കുവെക്കാതിരിക്കുക. അത്തരക്കാരുമായി കൂടുതല്‍ സമയം വിനിയോഗിച്ച് അതിനെക്കാള്‍ പ്രധാനപ്പെട്ടവയില്‍നിന്ന് തിരിഞ്ഞുകളയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
അല്ലാഹുവുമായിട്ടുള്ള നിന്റെ ബന്ധവും അവനില്‍നിന്നുള്ള നിന്റെ വിഹിതവും നഷ്ടപ്പെടുത്തുന്നവനുമായി നീ സമയം വിനിയോഗിക്കുകയും അവനുമായി വ്യാപൃതമാവലുമാണ് ഏറ്റവും വലിയ നഷ്ടവും കൊടും ഖേദവുമെന്ന് നീ തിരിച്ചറിയുക. അല്ലാഹുവില്‍നിന്ന് നിന്റെ പിന്തിരിയലും നിന്റെ സമയം നഷ്ടപ്പെടുത്തലും മനസ്സിനെ അസ്വസ്ഥമാക്കലും മനക്കരുത്ത് തകര്‍ക്കലും നിന്റെ ചിന്തയെ ശിഥിലമാക്കലുമൊക്കെയാണ് അതിലൂടെ സംഭവിക്കുക. ഇത്തരക്കാരെ കൊണ്ട് നീ പരീക്ഷിക്കപ്പെട്ടാല്‍-അത് അനിവാര്യമായും ഉണ്ടാകുന്നതാണ്- അപ്പോള്‍ അക്കാര്യത്തിലും നീ റബ്ബുമായി ഇടപാട് നടത്തുക. നിനക്ക് സാധ്യമാകും വിധം റബ്ബിന്റെ പ്രതിഫലം കാംക്ഷിച്ച് (ഇഹ്തിസാബോട് കൂടി) അല്ലാഹുവിന്റെ തൃപ്തി തേടിക്കൊണ്ട് അവനിലേക്കടുക്കുക. അത്തരക്കാരുമായി ഒത്തുചേരേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ അതും നിനക്ക് പുണ്യം സമ്പാദിക്കാനുള്ള അവസരമാക്കി മാറ്റുക. അതൊരിക്കലും നീ നഷ്ടത്തിന്റെയും ഖേദത്തിന്റെയും സന്ദര്‍ഭമാക്കരുത്. നീ അയാളോടൊപ്പമാകുമ്പോള്‍ ഇങ്ങനെയാവുക. നിന്റെ വഴിയിലൂടെ നീ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ അപരിചിതനായ ഒരാള്‍ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് മാര്‍ഗതടസ്സം സൃഷ്ടിക്കുന്നുവെങ്കില്‍ നീ അയാളെയും നിന്റെ കൂടെ കൂട്ടിക്കൊണ്ട് യാത്ര തുടരാന്‍ ശ്രമിക്കുക. നീ അയാളെ കൂട്ടണം; അയാള്‍ ഒരിക്കലും നിന്നെ കൂട്ടിക്കൊണ്ടുപോകരുത്.
ഇനി അതിന് അയാള്‍ ഒരുക്കമല്ലെങ്കില്‍ നീ അയാളുടെ കൂടെ പോകാനോ അയാളുടെ കൈവശമുള്ളത് വല്ലതും മോഹിക്കാനോ നോക്കാതെ അയാളെ അയാളുടെ പാട്ടിന് വിട്ടുകൊണ്ട് നീ നിന്റെ യാത്ര തുടരുക. അയാളിലേക്ക് നീ തിരിഞ്ഞുനോക്കേണ്ടതില്ല. കാരണം അയാള്‍ വഴികൊള്ളക്കാരനാണ്. ആരുതന്നെയായിരുന്നാലും നിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് നീ അവടെനിന്ന് രക്ഷപ്പെടുക. സമയം പാഴാക്കാതെ നീ യാത്ര തുടരുക. നിന്റെ അലംഭാവം മൂലം നീ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് നീ പിടിക്കപ്പെടാതിരിക്കാന്‍ നീ ജാഗ്രത പാലിക്കുക. അപ്പോള്‍ നിനക്ക് രക്ഷപ്പെടാന്‍ പറ്റും. നേരെ മറിച്ച് നീ അമാന്തം കാണിച്ച് അവിടെത്തന്നെ നില്‍ക്കുകയും യാത്രക്കാരൊക്കെ പോയിക്കഴിഞ്ഞു നീ തനിച്ചാവുകയും ചെയ്താല്‍ പിന്നെ നിനക്ക് അവരുടെ ഒപ്പം എത്താന്‍ എങ്ങനെയാണ് സാധിക്കുക?
(35) തീര്‍ച്ചയായും ‘ദിക്ര്‍’ ഒരാളെ നന്മയുടെയും പുണ്യത്തിന്റെയും അടുത്തേക്ക് കൂട്ടിക്കൊണ്ട് പോകും. ചിലപ്പോള്‍ അയാള്‍ തന്റെ വിരിപ്പിലോ അങ്ങാടിയിലോ ആയിരിക്കും. തന്റെ ആരോഗ്യാവസ്ഥയിലോ രോഗസ്ഥിതിയിലോ ആയിരിക്കാം. തന്റെ സുഖാസ്വാദന വേളയിലോ ജീവിത സന്ധാരണ വഴിയിലോ നിറുത്തത്തിലോ ഇരുത്തത്തിലോ കിടത്തത്തിലോ യാത്രയിലോ ഒക്കെ ആവാം. ഏതവസ്ഥയിലായിരുന്നാലും ‘ദിക്ര്‍’ പോലെ ഏതവസ്ഥകളിലും ഏത് സമയങ്ങളിലും പുണ്യം നേടിത്തരുന്ന വേറൊരു കര്‍മവുമില്ല. ചിലപ്പോള്‍ അത് തന്റെ വിരിപ്പില്‍ കിടന്നുറങ്ങുന്ന ആളെ കൊണ്ടുപോയി അശ്രദ്ധയോടെ രാത്രി എഴുന്നേറ്റു നമസ്‌കരിക്കുന്നയാളെക്കാള്‍ മുമ്പിലെത്തിച്ചിട്ടുണ്ടാകും. അങ്ങനെ പ്രഭാതത്തിലാവുമ്പോള്‍ ഇദ്ദേഹം തന്റെ വിരിപ്പില്‍ കിടന്നുകൊണ്ടുതന്നെ യാത്രാസംഘത്തിന്റെ മുമ്പിലെത്തിയിട്ടുണ്ടാകും. എന്നാല്‍ അശ്രദ്ധയോടെ (‘ദിക്ര്‍’ ഇല്ലാതെ) രാത്രി നമസ്‌കരിച്ചയാളകട്ടെ യാത്രാസംഘത്തിന്റെ പിന്നിലുമായിരിക്കും. അത് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്ന തന്റെ ഔദാര്യമാണ്.
വലിയ ആബിദായ (ധാരാളം ആരാധന ചെയ്യുന്ന) ഒരു വ്യക്തിയില്‍നിന്നും ഉദ്ധരിക്കപ്പെടുന്നു: അദ്ദേഹം ആബിദായ മറ്റൊരു വ്യക്തിയുടെ അടുക്കല്‍ അതിഥിയായി എത്തി. അപ്പോള്‍ ആതിഥേയനായ ആബിദ് രാത്രി എഴുന്നേറ്റു ദീര്‍ഘമായി നമസ്‌കരിച്ചു. അതിഥിയാകട്ടെ തന്റെ വിരിപ്പില്‍ കിടക്കുകയായിരുന്നു. രാവിലെയായപ്പോള്‍ ആതിഥേയനായ ആബിദ് മറ്റെയാളോട് പറഞ്ഞു: ‘യാത്രാസംഘം താങ്കളെ മുന്‍കടന്നു.’ അപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞുവത്രെ: ‘രാത്രി മുഴുവന്‍ യാത്ര ചെയ്ത് പ്രഭാതത്തില്‍ യാത്രാസംഘത്തോടൊപ്പം എത്തുന്നതിലല്ല കാര്യം. രാത്രി തന്റെ വിരിപ്പില്‍ കഴിച്ചുകൂട്ടിക്കൊണ്ട് പ്രഭാതത്തില്‍ യാത്രാസംഘത്തിന്റെ മുന്നിലെത്തുന്നതിലാണ് കാര്യം!’
ഇത് പോലുള്ളവയ്ക്ക് ശരിയായ വിശദീകരണവും തെറ്റായ വ്യാഖ്യാനവും നല്‍കാന്‍ പറ്റുന്നതാണ്. ആരെങ്കിലും ഇതിനെ, രാത്രി തന്റെ വിരിപ്പില്‍ കിടന്നുറങ്ങിയ മനുഷ്യന്‍ രാത്രി എഴുന്നേറ്റു ഭക്തിപൂര്‍വം നിന്ന് നമസ്‌കരിച്ചയാളെക്കാള്‍ പുണ്യത്തില്‍ മുന്‍കടക്കുമെന്ന് വ്യാഖ്യാനിച്ചാല്‍ അത് അസംബന്ധമാണ്. മറിച്ച് ഇതിന് നല്‍കാവുന്ന നേരായ വിശദീകരണം ഇങ്ങനെയാണ്; അതായത് തന്റെ ഹൃദയം റബ്ബുമായി ബന്ധിപ്പിച്ചുകൊണ്ട് തന്റെ വിരിപ്പില്‍ കിടന്നുറങ്ങിയ വ്യക്തി തന്റെ മനസ്സിനെ ദുനിയാവിന്റെ ചിന്തകളില്‍നിന്ന് വേര്‍പെടുത്തി ആത്മീയ ലോകത്ത് ബന്ധിച്ചു. ശരീരത്തിന്റെ ക്ഷീണംകൊണ്ടോ രോഗം കാരണത്താലോ ശത്രു ഭയമോ മെറ്റന്തെങ്കിലും തടസ്സങ്ങള്‍ കാരണത്താലോ രാത്രി എഴുന്നേറ്റു നമസ്‌കരിക്കാന്‍ അയാള്‍ക്ക് സാധിച്ചില്ല. അങ്ങനെ അയാള്‍ കിടന്നുറങ്ങി. അയാളുടെ മനസ്സിലുള്ളതിനെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹുവാണ്. എങ്കില്‍ അയാള്‍ രാത്രി എഴുന്നേറ്റു നമസ്‌കരിക്കാതെ ഉറങ്ങിയത് ഒരു അപരാധമല്ല.
എന്നാല്‍ മറ്റൊരാള്‍ രാത്രി എഴുന്നേറ്റു നന്നായി ക്വുര്‍ആന്‍ പാരായണം ചെയ്ത് ദീര്‍ഘനേരം നമസ്‌കരിക്കുന്നു. പക്ഷേ, അയാളുടെ മനസ്സില്‍ പ്രകടനപരതയും (രിയാഅ്) ആത്മപ്രശംസയും ജനങ്ങളുടെ അടുക്കല്‍ അംഗീകാരവും സല്‍കീര്‍ത്തിയുമൊക്കെ കിട്ടുമെന്ന മോഹവുമാണെങ്കില്‍, അതല്ല അയാളുടെ മനസ്സ് ഒരിടത്തും ശരീരം മാറ്റൊരിടത്തുമായി മനഃസാന്നിധ്യമില്ലാതെയാണ് അത് നിര്‍വഹിച്ചതെങ്കില്‍ സംശയിക്കേണ്ടതില്ല, ആ കിടന്നുറങ്ങിയ വ്യക്തിയാണ് ഇയാളെക്കാള്‍ ഏറെ ദുരം മുന്‍കടന്നത്. കര്‍മങ്ങളുടെ കേന്ദ്രം ഹൃദയമാണ്. അതല്ലാതെ ശരീരമല്ല. അതിനാല്‍ ചോദനയും പ്രേരണയുമാണ് കണക്കിലെടുക്കുക. അപ്പോള്‍ ‘ദിക്ര്‍’ നിശ്ചലമായ മനസ്സിനെ പ്രചോദിപ്പിക്കുകയും ഒളിഞ്ഞുകിടക്കുന്ന സ്‌നേഹത്തെ ഇളക്കിവിടുകയും നിര്‍ജീവമായ തേട്ടങ്ങളെ ജീവിപ്പിക്കുകയും ചെയ്യും.
(36) ‘ദിക്ര്‍’ അതിന്റെ വക്താവിന് ഈ ലോകത്തും ക്വബ്‌റിലും നാളെ പരലോകത്തുമൊക്കെ വെളിച്ചമായിരിക്കും. ‘സ്വിറാത്തില്‍’ അത് അയാളുടെ മുന്നിലൂടെ പ്രകാശം പരത്തി സഞ്ചരിക്കും. ഹൃദയങ്ങള്‍ക്കും ക്വബ്‌റുകള്‍ക്കും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുക എന്നത് പോലെ പ്രകാശം പരത്തുന്ന മറ്റൊന്നില്ല. അല്ലാഹു പറയുന്നു:
أَوَمَن كَانَ مَيْتًا فَأَحْيَيْنَٰهُ وَجَعَلْنَا لَهُۥ نُورًا يَمْشِى بِهِۦ فِى ٱلنَّاسِ كَمَن مَّثَلُهُۥ فِى ٱلظُّلُمَٰتِ لَيْسَ بِخَارِجٍ مِّنْهَا ۚ كَذَٰلِكَ زُيِّنَ لِلْكَٰفِرِينَ مَا كَانُوا۟ يَعْمَلُونَ
നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു (സത്യ)പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ, പുറത്തു കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്തുകൊണിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ഖുർആൻ:6/122)
ആദ്യം പറഞ്ഞത് സത്യവിശ്വാസിയെ സംബന്ധിച്ചാണ്. അല്ലാഹുവിലുള്ള വിശ്വാസംകൊണ്ടും അവനോടുള്ള സ്‌നേഹം, അവനെക്കുറിച്ചുള്ള അറിവ്, സ്മരണ എന്നിവകൊണ്ടുമൊക്കെ അവന് പ്രകാശം ലഭിക്കും. മറ്റേത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍നിന്നകന്ന് അശ്രദ്ധനായി കഴിയുന്നവനെക്കുറിച്ചും. അല്ലാഹുവിനോടുള്ള സ്‌നേഹം, അറിവ്, ദിക്ര്‍ എന്നിവയില്‍നിന്നൊക്കെ അയാള്‍ വളരെ പിന്നിലായിരിക്കും.
കാര്യങ്ങളില്‍ ഏറ്റവും പ്രധാനവും യഥാര്‍ഥ വിജയവും പ്രകാശം കിട്ടുന്നതിലാണ്. ഏറ്റവും വലിയ പരാജയമാകട്ടെ അത് നഷ്ടപ്പെടലിലുമാണ്.
അതിനാല്‍തന്നെ നബി ﷺ പ്രകാശത്തിനു വേണ്ടി അല്ലാഹുവിനോട് ധാരാളമായി ചോദിക്കാറുണ്ടായിരുന്നു. തന്റെ മാംസത്തിലും പേശിയിലും രോമത്തിലും ചര്‍മത്തിലും കണ്ണിലും കാതിലും മുകളിലും താഴെയും വലതുവശത്തും ഇടതുവശത്തും മുന്നിലും പിന്നിലും എല്ലാം പ്രകാശം ഏര്‍പ്പെടുത്തിത്തരുവാനായി പ്രാര്‍ഥിക്കും. എത്രത്തോളമെന്നാല്‍ നബി ﷺ ഇപ്രകാരം പറയുമായിരുന്നു: ‘എന്നെ നീ പ്രകാശ മാക്കേണമേ’ (ഇമാം മുസ്‌ലിം ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം ചെയ്തത്).
അതായത്, നബി ﷺ തന്റെ രക്ഷിതാവിനോട് തന്റെ ബാഹ്യവും ആന്തരികവുമായ എല്ലാറ്റിലും പ്രകാശം നിറക്കാനായി തേടുകയാണ്. തന്റെ എല്ലാ വശങ്ങളിലും പ്രകാശം ചുറ്റിനില്‍ക്കാനും തന്റെ എല്ലാമെല്ലാം പ്രകാശമയമാക്കാനും ആവശ്യപ്പെടുകയാണ്.
അല്ലാഹുവിന്റെ മതം(ദീന്‍) പ്രകാശമാണ്. അവന്റെ ഗ്രന്ഥം പ്രകാശമാണ്. അവന്റെ ഇഷ്ടദാസന്മാര്‍ക്കായി അവനൊരുക്കിയ ഭവനവും (സ്വര്‍ഗം) മിന്നിത്തിളങ്ങുന്ന പ്രകാശമാണ്. അനുഗ്രഹപൂര്‍ണനും അത്യുന്നതനുമായ അല്ലാഹു ആകാശഭൂമികളുടെ പ്രകാശമാണ്. അവന്റെ വിശിഷ്ടമായ നാമങ്ങളില്‍പെട്ടതാണ് ‘അന്നൂര്‍’ (പ്രകാശം) എന്നത്. അവന്റ തിരുമുഖത്തിന്റെ പ്രകാശത്താല്‍ അന്ധകാരങ്ങള്‍വരെയും പ്രകാശ പൂരിതമായി.
ത്വാഇഫ് ദിനത്തില്‍ നബി ﷺ നടത്തിയ പ്രാര്‍ഥനയില്‍ ഇങ്ങനെ കാണാം:
أعوذ بنور وجهك الذي أشرقت له الظلمات وصلح عليه أمر الدنيا والآخرة أن يحل علي غضبك أو ينزل بي سخطك لك العتبى حتى ترضى ولا حول ولا قوة إلا بك
‘നിന്റെ ശാപകോപങ്ങള്‍ എന്റെമേല്‍ വന്നിറങ്ങുന്നതില്‍ നിന്നും നിന്റെ മുഖത്തിന്റെ പ്രകാശംകൊണ്ട് നിന്നോട് ഞാന്‍ രക്ഷതേടുന്നു-അതുമുഖേന ഇരുട്ടുകള്‍ നീങ്ങുകയും ഇരുലോകത്തെയും കാര്യങ്ങള്‍ നന്നാവുകയും ചെയ്യുന്നുവല്ലോ- നീ തൃപ്തിപ്പെടുന്നത് വരെ ഞാനെന്റെ വീഴ്ചകള്‍ സമ്മതിച്ചു നിനക്ക് കീഴ്‌പ്പെടുന്നു. നിന്നെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല’ (ത്വബ്‌റാനി, ദിയാഉല്‍ മക്വ്ദിസി തന്റെ ‘അല്‍അഹാദീഥുല്‍ മുഖ്താറ’യിലും ഉദ്ധരിച്ചത്).
ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറഞ്ഞതായി നിവേദനം:
ليس عند ربكم ليل ولا نهار نور السماوات من نور وجهه
‘നിങ്ങളുടെ രക്ഷിതാവിന്റെയടുക്കല്‍ രാത്രിയും പകലുമില്ല, ആകാശഭൂമികളുടെ പ്രകാശം അവന്റെ മുഖത്തിന്റെ പ്രകാശത്താലാണ്’ (ത്വബ്‌റാനി).
وَأَشْرَقَتِ ٱلْأَرْضُ بِنُورِ رَبِّهَا
ഭൂമി അതിന്റെ രക്ഷിതാവിന്റെ പ്രഭകൊണ്ടു പ്രകാശിക്കുകയും ചെയ്യും. (ഖുർആൻ:39/69)
അല്ലാഹു അന്ത്യനാളില്‍ അവന്റെ അടിയാറുകള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുവാന്‍ വരുമ്പോള്‍ അവന്റെ പ്രഭെകാണ്ട് ഭൂമി പ്രകാശിക്കും. അന്നേദിവസം സൂര്യനോ ചന്ദ്രനോ കാരണത്താലല്ല ഭൂമിയിലെ പ്രകാശം. സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുകയും ചന്ദ്രന് ഗ്രഹണം ബാധിക്കുകയും അവയുടെ പ്രകാശം നഷ്ടപ്പെടുകയും ചെയ്യും. അല്ലാഹുവിന്റെ മറ പ്രകാശമാകുന്നു.
قال أبو موسى : قام فينا رسول الله صلى الله عليه و سلم بخمس كلمات فقال إن الله لا ينام يخفض القسط ويرفعه يرفع إليه عمل الليل قبل النهار وعمل النهار قبل الليل حجابه النور لو كشفه لاحرقت سبحات وجهه ما انتهى إليه بصره من خلقه
അബുമൂസ رَضِيَ اللَّهُ عَنْهُ പറയുന്നു:”ഒരിക്കല്‍ നബി ﷺ ഞങ്ങള്‍ക്കിടയില്‍ എഴുന്നേറ്റുനിന്നുകൊണ്ട് അഞ്ചു കാര്യങ്ങള്‍ പറഞ്ഞു: ‘നിശ്ചയമായും, അല്ലാഹു ഉറങ്ങുകയില്ല, ഉറങ്ങുക എന്നത് അവന് യോജിച്ചതല്ല. അവന്‍ തന്റെ അടിമകള്‍ക്കിടയില്‍ നീതിപൂര്‍വം വിധിക്കുന്നു. പകലിലെ കര്‍മങ്ങള്‍ക്കു മുമ്പായി രാത്രിയിലെ കര്‍മങ്ങളും രാത്രിയിലെ കര്‍മങ്ങള്‍ക്കു മുമ്പായി പകലിലെ കര്‍മങ്ങളും അവന്റെ പക്കലേക്കു ഉയര്‍ത്തപ്പെടുന്നു. അവന്റെ മറ പ്രകാശമാകുന്നു. അവനത് നീക്കിയാല്‍ അവന്റെ മുഖത്തിന്റെ പ്രകാശം സൃഷ്ടികളെ ആസകലം കരിച്ചുകളയുന്നതാണ്” (മുസ്‌ലിം, അഹ്മദ്).
അവന്റെ മുഖത്തിന്റെ പ്രകാശത്താലാണ് ആ മറയുടെ പ്രകാശം. ആ മറയില്ലായിരുന്നെങ്കില്‍ അവന്റെ മുഖത്തിന്റെ പ്രകാശം എല്ലാറ്റിനെയും കരിച്ചുകളയുമായിരുന്നു. അതിനാലാണ് അല്ലാഹു പര്‍വതത്തിന് വെളിപ്പെടുകയും ആ മറയുടെ അല്‍പമൊന്ന് വെളിവാകുകയും ചെയ്തപ്പോള്‍ പര്‍വതം ഭൂമിയിലേക്ക് ആണ്ടുപോവുകയും തകര്‍ന്ന് തരിപ്പണമാവുകയും ചെയ്തത്. (വിശുദ്ധ ക്വുര്‍ആന്‍ 7:143 കാണുക).
ഇതാണ് വിശുദ്ധ ക്വുര്‍ആന്‍ 6:103ലെ ‘ദൃഷ്ടികള്‍ അവനെ പ്രാപിക്കുകയില്ല’ എന്നതിന്റെ ആശയമായി ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞത്:
ذلك الله عز و جل إذا تجلى بنوره لم يقم له شيء
‘അല്ലാഹു അവന്റെ പ്രകാശം കൊണ്ട് വെളിപ്പെട്ടാല്‍ അതിനുനേരെ ഒന്നും നില്‍ക്കുകയില്ല’ (തിര്‍മിദി, നസാഈ, ത്വബ്‌റാനി, ഹാകിം).
ഇത് അദ്ദേഹത്തിന്റെ കൗതുകകരമായ ഗ്രാഹ്യതയും സൂക്ഷ്മവുമായ ചിന്തയുമാണ്. നബി ﷺ ക്വുര്‍ആന്‍ വ്യാഖ്യാനത്തിനുള്ള അറിവ് നല്‍കാനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ച വ്യക്തിത്വമാണല്ലോ അദ്ദേഹം!
അന്ത്യനാളില്‍ അല്ലാഹുവിനെ നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ പറ്റുന്നതാണ്. എന്നാല്‍ കണ്ണുകൊണ്ടു കാണാന്‍ പറ്റിയാലും പൂര്‍ണമായും ഉള്‍ക്കൊണ്ട് ഗ്രഹിക്കാന്‍ (ഇദ്‌റാക്ക്) സാധിക്കുകയില്ല. പൂര്‍ണമായി ഗ്രഹിക്കല്‍ (ഇദ്‌റാക്ക്) കാഴ്ചക്ക് (റുഅ്‌യഃ) ഉപരിയായ സംഗതിയാണ്. ഉദാഹരണം പറഞ്ഞാല്‍; അല്ലാഹുവിനാണ് ഏറ്റവും ഉത്തമമായ വിവരണങ്ങളുള്ളത്. സൂര്യനെ നമുക്ക് കാണാന്‍ പറ്റുന്നു. എന്നാല്‍ അതിന്റെ ശരിയായ രുപത്തില്‍ നമുക്കതിനെ ഗ്രഹിക്കാനാവുന്നില്ല. പൂര്‍ണമായ ഗ്രാഹ്യത പോയിട്ട് അതിനോട് അടുത്ത വിധത്തില്‍ പോലും കഴിയുന്നില്ല. ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ അല്ലാഹുവിനെ കാണുന്നതിനെക്കുറിച്ച് (റുഅ്‌യഃ) തന്നോട് ചോദിച്ചയാളോട് ‘കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല’ എന്ന ക്വുര്‍ആന്‍ സൂക്തം (6:103) ഉദ്ധരിച്ചുകൊണ്ട് ചോദിച്ചു: ‘ആകാശത്തെ നീ കാണുന്നില്ലേ?’ അയാള്‍ പറഞ്ഞു: ‘അതെ.’ എന്നാല്‍ നിനക്കതിനെ പൂര്‍ണമായി ഗ്രഹിക്കാന്‍ കഴിയുന്നുണ്ടോ’ എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘ഇല്ല.’ ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘അല്ലാഹുവാണ് ഏറ്റവും ഉന്നതനും മഹത്ത്വമുള്ളവനും’ (ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇക്‌രിമ(റ)യില്‍നിന്നും ഇതിന് സമാനമായ റിപ്പോര്‍ട്ടുകള്‍ ‘ത്വബ്‌രി’ തന്റെ തഫ്‌സീറിലും ഇബ്‌നു അബീആസിം തന്റെ ‘അസ്സുന്ന’യിലും ഉദ്ധരിക്കുന്നുണ്ട്).
അല്ലാഹു തന്റെ അടിമയുടെ ഹൃദയത്തില്‍ ഉണ്ടാക്കിക്കൊടുക്കുന്ന അവന്റെ പ്രകാശത്തിന് നല്ലൊരു ഉപമ അല്ലാഹു വിശദീകരിച്ചിട്ടുണ്ട്. ശരിയായ പണ്ഡിതന്മാരല്ലാതെ അത് ഗ്രഹിക്കുകയില്ല. അല്ലാഹു പറയുന്നു:
ٱللَّهُ نُورُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ مَثَلُ نُورِهِۦ كَمِشْكَوٰةٍ فِيهَا مِصْبَاحٌ ۖ ٱلْمِصْبَاحُ فِى زُجَاجَةٍ ۖ ٱلزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّىٌّ يُوقَدُ مِن شَجَرَةٍ مُّبَٰرَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِىٓءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِى ٱللَّهُ لِنُورِهِۦ مَن يَشَآءُ ۚ وَيَضْرِبُ ٱللَّهُ ٱلْأَمْثَٰلَ لِلنَّاسِ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ
അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം. അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രംപോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്കുഭാഗത്തുള്ളതോ പടിഞ്ഞാറുഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില്‍പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ. (ഖുർആൻ:24/35)
ഉബയ്യുബ്‌നു കഅ്ബ് رَضِيَ اللَّهُ عَنْهُ പറയുന്നു: ‘സത്യവിശ്വാസിയുടെ ഹൃദയത്തിലുള്ള അല്ലാഹുവിന്റെ പ്രകാശത്തിന്റെ ഉപമ’ (ഇതിന് സമാനമായ റിപ്പോര്‍ട്ട് ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഇമാം ത്വബ്‌രി ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ഉബയ്യബ്‌നു കഅ്ബ് رَضِيَ اللَّهُ عَنْهُ വില്‍നിന്നും ഉദ്ധരിക്കുന്നതില്‍ ഇപ്രകാരമാണ് പറയുന്നത്: ‘അവന്റെ പ്രകാശത്തിന്റെ ഉപമ അഥവാ സത്യവിശ്വാസിയുടെ പ്രകാശത്തിന്റെ ഉപമ.’ അതായത് ‘അവന്റെ പ്രകാശം’ എന്നതിലെ സര്‍വനാമത്തെ ‘സത്യവിശ്വാസിയുടെ’ എന്നാണ് പറഞ്ഞത് കുറിപ്പുകാരന്‍).
അല്ലാഹു അവന്റെ ദാസന്മാരുടെ ഹൃദയത്തില്‍ അവനെക്കുറിച്ചുള്ള അറിവിന്റെയും സ്‌നേഹത്തിന്റെയും അവനിലുള്ള വിശ്വാസത്തിന്റെയും സ്മരണയുടെയും ഫലമായി നിക്ഷേപിക്കുന്ന പ്രകാശമാണിത്. അവന്റെ ഈ പ്രകാശം അവര്‍ക്ക് ഇറക്കിക്കൊടുത്താല്‍ അതുമുഖേന അവന്‍ അവരെ ജീവസ്സുറ്റതാക്കുകയും അതുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ അവരെ നടത്തുകയും ചെയ്യും. അതിന്റെ അടിസ്ഥാനം അവരുടെ ഹൃദയത്തിലാണെങ്കിലും പിന്നീടത് ശക്തിപ്രാപിക്കുകയും അധികരിക്കുകയും ചെയ്യും. അങ്ങനെ അവരുടെ മുഖങ്ങളിലും അവയവങ്ങളിലും ശരീരത്തിലുമെല്ലാം അത് പ്രകടമാവുകയും ചെയ്യും. അവരുടെ വസ്ത്രങ്ങളിലും ഭവനങ്ങളിലും അത് പ്രതിഫലിക്കും. അവരുടെ അതേ തരത്തിലുള്ളവര്‍ക്ക് മാത്രമേ അത് കാണാന്‍ കഴിയൂ. മറ്റുള്ളവരാകട്ടെ അത് നിഷേധിച്ചേക്കും.
എന്നാല്‍ അന്ത്യനാളില്‍ ഈ പ്രകാശം പ്രകടമാവുകയും ഇരുട്ട് മൂടിയ ആ പാലത്തിനു മുമ്പില്‍ അവര്‍ക്ക് വഴികാട്ടുന്ന പ്രകാശമായി അത് കൂടെയുണ്ടാവുകയും ചെയ്യും. അങ്ങനെ അവര്‍ക്ക് ആ പാലം മുറിച്ചുകടക്കാന്‍ കഴിയും. ഇഹലോകത്ത് അവരുടെ ഹൃദയങ്ങളില്‍ പ്രസ്തുത പ്രകാശത്തിനുണ്ടായിരുന്ന ശക്തിയും ദുര്‍ബലതയുമനുസരിച്ചായിരിക്കും അവിടെയും അതുണ്ടാവുക. ചിലരുടേത് സൂര്യനെ പോലെയും മറ്റു ചിലരുടേത് ചന്ദ്രനെപോലെയും. വേറെ ചിലര്‍ക്ക് നക്ഷത്രത്തെ പോലെയും ചിലര്‍ക്ക് വിളക്ക് പോലെയും വ്യത്യസ്ത രൂപത്തിലായിരിക്കും അവിടെ പ്രകാശം നല്‍കപ്പെടുക. ചിലര്‍ക്ക് കാലിന്റെ പെരുവിരലില്‍ പ്രകാശം നല്‍കപ്പെടും; ഒരിക്കല്‍ പ്രകാശിക്കുകയും മറ്റൊരിക്കല്‍ അണഞ്ഞുപോവുകയും ചെയ്യുന്ന വിധത്തില്‍. ഇഹലോകത്ത് തങ്ങളുടെ പ്രകാശത്തിന്റെ സ്ഥിതി ഇപ്രകാരമാണെങ്കില്‍ അതേ തോതനുസരിച്ചായിരിക്കും പ്രസ്തുത പാലത്തിനു മീതെ വെച്ചും അവര്‍ക്ക് നല്‍കപ്പെടുന്നത്. അല്ലെങ്കില്‍ അവരുടെ ഹൃദയങ്ങളിലെ അതേ പ്രകാശംതന്നെ അവര്‍ക്ക് കാണാനാകും വിധത്തില്‍ പ്രത്യക്ഷപ്പെട്ടതായിരിക്കുകയുമാവാം. കപടവിശ്വാസിക്ക് ഐഹികലോകത്ത് സ്ഥായിയായ ഒരു പ്രകാശം ഉണ്ടായിരുന്നില്ല എന്നതിനാല്‍, അഥവാ അവരുടെ പ്രകാശമെന്നത് കേവലം ബഹ്യമായ ചില പുറംപൂച്ച് മാത്രമായിരുന്നതിനാല്‍ അവിടെവെച്ചും അത്തരത്തിലുള്ള ഒന്നായിരിക്കും നല്‍കപ്പെടുക. അതിന്റെ പര്യവസാനമാകട്ടെ പ്രകാശം നഷ്ടപ്പെട്ട് ഇരുട്ടില്‍ ആപതിക്കലായിരിക്കും.
ഈ പ്രകാശത്തിനും അതിന്റെ കേന്ദ്രത്തിനും അതിന്റെ വാഹകനും അതിന്റെ അടിസ്ഥാന(പദാര്‍ഥ)ത്തിനുമൊക്കെ അല്ലാഹു മനോഹരമായ ഒരു വിളക്കുമാടത്തിന്റെ ഉപമ വിശദീകരിച്ചിട്ടുണ്ട്. അതായത് ഭിത്തിയിലുള്ള ഒരു പൊത്ത്. അത് ഹൃദയത്തിന് സമാനമാണ്. ആ വിളക്കുമാടത്തിന്റെ ചില്ല് വളരെ തെളിഞ്ഞ ശുദ്ധമായ സ്ഫടികമാണ്. അതിന്റെ വെണ്‍മയിലും തെളിമയിലും അതിനെ ഉപമിച്ചിരിക്കുന്നത് പ്രകാശം പൊഴിക്കുന്ന നക്ഷത്രത്തോടാണ്. സത്യവിശ്വാസിയുടെ ഹൃദയം ഉള്‍ക്കൊണ്ടിരിക്കുന്ന നന്മയുടെ ഗുണങ്ങളാണവ. ആര്‍ദ്രതയും വിശുദ്ധിയും ധീരതയും പോലുള്ള ഗുണങ്ങള്‍. അങ്ങനെ സത്യത്തെയും സന്മാര്‍ഗത്തെയും സത്യവിശ്വാസിക്ക് ആ തെളിമയിലൂടെ കാണാന്‍ കഴിയുന്നു. അതിലൂടെ കനിവും കാരുണ്യവും ദയയുമെല്ലാം കൈവരുന്നു. അതോടൊപ്പം അല്ലാഹുവിന്റെ ശത്രുക്കള്‍ക്കെതിരില്‍ ശക്തമായി നിലയുറപ്പിക്കുകയും സത്യമാര്‍ഗത്തില്‍ അതിശക്തമായി ഉറച്ചുനില്‍ക്കുകയും ചെയ്യും. ഒരു ഗുണം മറ്റൊരു ഗുണത്തെ ദുര്‍ബലപ്പെടുത്തുകയോ കീഴ്‌പ്പെടുത്തുകയോ അല്ല ചെയ്യുക; പ്രത്യുത പരസ്പരം ശക്തിപകര്‍ന്ന് മനോഹരമായി സംഗമിക്കുകയാണ്. ‘സത്യനിഷേധികളോട് കര്‍ക്കശമായി വര്‍ത്തിക്കുന്നവരും അന്‍യോന്യം ദയാലുക്കളുമാകുന്നു അവര്‍’ (ക്വുര്‍ആന്‍ 48:29).
فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ
(നബിയേ,) അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്ക്‌വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്. (ഖുർആൻ:3/159)
يَٰٓأَيُّهَا ٱلنَّبِىُّ جَٰهِدِ ٱلْكُفَّارَ وَٱلْمُنَٰفِقِينَ وَٱغْلُظْ عَلَيْهِمْ ۚ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ
നബിയേ, സത്യനിഷേധികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ. (ഖു൪ആന്‍ :9/73)
ഒരു ഹദീഥില്‍ ഇപ്രകാരം വന്നിട്ടുണ്ട്: ‘ഹൃദയങ്ങള്‍ ഭൂമിയിലെ, അല്ലാഹുവിന്റെ പാത്രങ്ങളാകുന്നു. അതില്‍ അവന് ഏറ്റവും ഇഷ്ടമുള്ളത് ഏറ്റവും മിനുസമുള്ളതും തെളിമയുള്ളതും സുദൃഢമായതുമാണ്’ (ത്വബ്‌റാനി ‘മുസ്‌നദുശ്ശാമിയ്യീനി’ല്‍ ഉദ്ധരിച്ചത്. അതിന്റെ സനദ് (പരമ്പര) നല്ലതാണ്. ‘സില്‍സിലതുസ്സ്വഹീഹ’ 1691ാം നമ്പര്‍ ഹദീഥ് കാണുക).
ഈ ഹൃദയത്തിനുനേരെ മറുവശത്ത് പരസ്പര വിരുദ്ധമായതും ആക്ഷേപാര്‍ഹവുമായ രണ്ടു ഹൃദയങ്ങളുണ്ട്. ഒന്ന്, കരുണവറ്റിയ കരിങ്കല്‍സമാനമായ കടുത്ത ഹൃദയമാണ്. അതില്‍ യാതൊരു നന്മമയോ പുണ്യമോ ഇല്ല. സത്യം തെളിഞ്ഞുകാണാവുന്ന തെളിച്ചവും അതിനില്ല. മറിച്ച് അത് അഹങ്കാരവും അവിവേകവും നിറഞ്ഞതാണ്. അത് സത്യത്തെ അറിയുകയോ സൃഷ്ടികളോട് ദയ കാണിക്കുകയോ ചെയ്യുന്നില്ല. രണ്ട്, അതിനപ്പുറത്ത് ദ്രവരൂപത്തിലുള്ള ദുര്‍ബലമായ മറ്റൊരു ഹൃദയമാണ്. അതിന് ശക്തിയോ ശേഷിയോ ഇല്ല. അത് എല്ലാ രൂപങ്ങളെയും സ്വീകരിക്കുമെങ്കിലും അവയില്‍ ഒന്നിനെപ്പോലും സംരക്ഷിച്ചു നിര്‍ത്തുവാനുള്ള ശേഷി അതിനില്ല. മറ്റെന്തിലെങ്കിലും വല്ല സ്വാധീനവും ഉണ്ടാക്കുവാനുള്ള ശേഷിയും അതിനില്ല. മറിച്ച് അതുമായി കൂടിക്കലരുന്ന എല്ലാം (അത് ശക്തമോ ദുര്‍ബലമോ നല്ലതോ ചീത്തയോ ആകട്ടെ)അതിന്‍മേല്‍ സ്വാധീനമുണ്ടാക്കുകയാണ് ചെയ്യുന്നത്.
ആ ചില്ലിനുള്ളില്‍ ഒരു വിളക്കുണ്ട്. അതിന്റെ തിരിയിലാണ് ആ പ്രകാശം. ആ തിരിയാണ് അതിനെ വഹിക്കുന്നത്. ആ പ്രകാശത്തിന് ഒരു ഉത്തേജക പദാര്‍ഥം അഥവാ ഇന്ധനമുണ്ട്. ഏറ്റവും ഉത്തമമായ സ്ഥലത്തുനിന്നെടുത്ത ഒലീവിന്റെ എണ്ണയാണത്. പകലിന്റെ ആദ്യത്തിലും ഒടുക്കത്തിലുമുള്ള വെയില്‍ ആ ഒലീവിനേല്‍ക്കുന്നുണ്ട്. അതിനാല്‍ അതിന്റെ എണ്ണ ഏറ്റവും സംശുദ്ധവും കലര്‍പ്പുകളില്ലാത്തതുമാണ്. എത്രത്തോളമെന്നാല്‍ അതിന്റെ സംശുദ്ധത കാരണത്താല്‍ തീയില്ലാതെതന്നെ അത് വെളിച്ചം പകരുന്നു. അതാണ് ആ വിളക്കിന്റെ പ്രകാശത്തിനുള്ള ഇന്ധനം.
അപ്രകാരമണ് സത്യവിശ്വാസിയുടെ ഹൃദയത്തിലുള്ള വിളക്കിന്റ പ്രകാശത്തിനുള്ള ഇന്ധനവും. ദിവ്യബോധനത്തിന്റെ (വഹ്‌യിന്റെ) മരത്തില്‍നിന്നാണത്. അതാകട്ടെ ഏറ്റവും ഐശ്വര്യപൂര്‍ണവും അനുഗൃഹീതവുമാണ്. യാതൊരുവിധ അപാകതകളും അതിനില്ല. ഏറ്റവും ശ്രേഷ്ഠവും സന്തുലിതവും നന്മ നിറഞ്ഞതുമാണത്. ജൂതെ്രെകസ്തവരുടേതുപോലുള്ള യാതൊരു വ്യതിചലനവും അതിനില്ല. പ്രത്യുത ഏതു കാര്യങ്ങളിലും ആക്ഷേപാര്‍ഹമായ രണ്ടു ധ്രുവങ്ങള്‍ക്കിടയിലെ മധ്യമ നിലപാടാണതിനുള്ളത്. അതത്രെ സത്യവിശ്വാസിയുടെ ഹൃദയത്തിലെ സത്യവിശ്വാസമാകുന്ന വിളക്കിന്റെ ഇന്ധനം.
ആ ഒലീവെണ്ണയുടെ തീക്ഷ്ണമായ സംശുദ്ധതനിമിത്തം അത് സ്വയംതന്നെ വെളിച്ചം പകരുന്നുണ്ട്. പിന്നീട് അതില്‍ തീയുംകൂടി ചേരുമ്പോള്‍ അതിന്റെ വെളിച്ചത്തിന് എന്തൊരു തെളിച്ചമായിരിക്കും! അതാണ് പ്രകാശത്തിനുമേല്‍ പ്രകാശം!
ഇപ്രകാരമാണ് സത്യവിശ്വാസിയും. അവന്റെ ഹൃദയം വെളിച്ചം പകരും. ശുദ്ധപ്രകൃതത്താലും നേരായ ചിന്തയാലും സത്യത്തെ തിരിച്ചറിയും. പക്ഷേ, അതിന് സ്വന്തമായ ഉത്തേജക പദാര്‍ഥം അഥവാ ഇന്ധനമില്ല. മറിച്ച് ദിവ്യബോധനമാകുന്ന വഹ്‌യിന്റെ സഹായത്താല്‍ അതിന്റെ പ്രകാശം ആ ഹൃദയത്തിന്റെ തെളിമയും ശുദ്ധതയുമായി കൂടിക്കലരുമ്പോള്‍ അല്ലാഹു അതില്‍ സൃഷ്ടിച്ച പ്രകാശം അധികരിക്കുന്നു. അങ്ങനെ വഹ്‌യിന്റെ പ്രകാശവും ശുദ്ധപ്രകൃതിയുടെ പ്രകാശവും ഒരുമിച്ചുചേരുമ്പോള്‍ പ്രകാശത്തിനുമേല്‍ പ്രകാശം! അപ്പോള്‍ അയാള്‍ സംസാരിക്കുന്നത് സത്യമായിരിക്കും. അതിന്റെ പ്രമാണം ഒരുപക്ഷേ, അതിനുമുമ്പ് അയാള്‍ കേട്ടിട്ടുണ്ടാകില്ല. പിന്നീട് പ്രമാണം കേള്‍ക്കുമ്പോള്‍ അത് തന്റെ ശുദ്ധപ്രകൃതത്തിന്റെ സാക്ഷ്യത്തോട് യോജിച്ചുവരുന്നതായി കാണുന്നു. അവിടെയും പ്രകാശത്തിനുമേല്‍ പ്രകാശം ആയിരിക്കും. ഇതാണ് സത്യവിശ്വാസിയുടെ കാര്യം. തന്റെ ശുദ്ധപ്രകൃതികൊണ്ട് തന്നെ സത്യത്തെ മൊത്തത്തില്‍ മനസ്സിലാക്കാന്‍ അവന് സാധിക്കും. പിന്നീടായിരിക്കും അക്കാര്യം വിശദമാക്കുന്ന പ്രമാണങ്ങള്‍ അയാള്‍ കേള്‍ക്കുന്നത്. അങ്ങനെ അയാളുടെ ഈമാന്‍ വഹ്‌യിന്റെയും (ദിവ്യബോധനം) ശുദ്ധപ്രകൃതിയുടെയും (ഫിത്വ്‌റത്) സാക്ഷ്യത്തില്‍ വളര്‍ന്നുവരും.
ബുദ്ധിയുള്ളവര്‍ ഈ മഹത്തായ വചനത്തെക്കുറിച്ചും ഈ മഹത്തരമായ ആശയങ്ങളോടുള്ള അതിന്റെ യോജിപ്പിനെക്കുറിച്ചും ചിന്തിക്കട്ടെ!
അല്ലാഹു ആകാശഭൂമികളിലുള്ള അവന്റെ പ്രകാശത്തെക്കുറിച്ച് പറഞ്ഞു. സത്യവിശ്വാസികളായ തന്റെ ദാസന്മാരുടെ ഹൃദയങ്ങളിലുള്ള അവന്റെ പ്രകാശത്തെയും പ്രതിപാദിച്ചു. ഹൃദയങ്ങളും അകക്കണ്ണുകളും പ്രകാശിക്കുന്ന, ഹൃദയങ്ങള്‍കൊണ്ടും അകക്കണ്ണുകള്‍കൊണ്ടും കാണാനും ഗ്രഹിക്കുവാനും പറ്റുന്ന പ്രകാശത്തെക്കുറിച്ചും കണ്ണുകള്‍കൊണ്ട് കണ്ട് അനുഭവിച്ചറിയുന്ന,ലോകം മുഴുവന്‍ പ്രകാശിക്കുന്ന പ്രകാശത്തെക്കുറിച്ചും പറഞ്ഞു. അവ രണ്ടും വലിയ പ്രകാശങ്ങളാണ്. ഒന്ന് മറ്റേതിനെക്കാള്‍ കുറേകൂടി മനോഹരമാണ്.
ഏതെങ്കിലും പ്രദേശത്ത് പ്രകാശം കിട്ടാതായാല്‍ അവിടെ മനുഷ്യനോ മറ്റു ജീവജാലങ്ങളോ വളരുകയില്ല. കാരണം ജീവന് പ്രകാശം അത്യന്താപേക്ഷിതമാണ്. പ്രകാശം കടന്നുചെല്ലാത്ത ഇരുട്ടറകളില്‍ അതുകൊണ്ടുതന്നെ ഒരു ജീവനും നിലനില്‍ക്കുകയില്ല. അപ്രകാരം തന്നെയാണ് സത്യവിശ്വാസത്തിന്റെയും (ഈമാന്‍) ദിവ്യബോധനത്തിന്റെയും (വഹ്‌യ്) പ്രകാശം കിട്ടാത്ത സമൂഹവും. ഈയൊരു പ്രകാശം ലഭിക്കാത്ത ഹൃദയം ഉറപ്പായും നിര്‍ജീവമായിരിക്കും. അതില്‍ ജീവന്റെ ഗുണങ്ങളേയുണ്ടാകില്ല, തീര്‍ച്ച!
അല്ലാഹു ജീവനെയും പ്രകാശത്തെയും ചേര്‍ത്തുപറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്:
أَوَمَن كَانَ مَيْتًا فَأَحْيَيْنَٰهُ وَجَعَلْنَا لَهُۥ نُورًا يَمْشِى بِهِۦ فِى ٱلنَّاسِ كَمَن مَّثَلُهُۥ فِى ٱلظُّلُمَٰتِ لَيْسَ بِخَارِجٍ مِّنْهَا ۚ كَذَٰلِكَ زُيِّنَ لِلْكَٰفِرِينَ مَا كَانُوا۟ يَعْمَلُونَ
നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു (സത്യ) പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ പുറത്തുകടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍ :6/122)
وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِى مَا ٱلْكِتَٰبُ وَلَا ٱلْإِيمَٰنُ وَلَٰكِن جَعَلْنَٰهُ نُورًا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴി കാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്. (ഖുർആൻ:42/52)
ഈ വചനത്തില്‍ ‘നാം അതിനെ ആക്കിയിരിക്കുന്നു’ എന്നു പറഞ്ഞതുകൊണ്ടുള്ള ഉദ്ദേശം ‘നമ്മുടെ കല്‍പന’ എന്ന താണെന്നും ‘വേദഗ്രന്ഥം’ (അല്‍കിതാബ്) എന്നതാണെന്നും ‘സത്യവിശ്വാസം’ (അല്‍ഈമാന്‍) എന്നാണെന്നുമൊക്കെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ‘ആത്മാവ്’ (അര്‍റൂഹ്) എന്നതാണ് ശരി. അപ്പോള്‍ ‘അതായത് നാം നിനക്ക് വഹ്‌യായി നല്‍കിയ ആ ആത്മാവിനെ പ്രകാശമാക്കുന്നതാണ്’ എന്നായി അതിന്റെ വിവക്ഷ. വഹ്‌യിനെയാണ് ‘റൂഹ്’ അഥവാ ‘ആത്മാവ്’ എന്നു പറഞ്ഞിരിക്കുന്നത്. അതുമൂലമുണ്ടാകുന്ന ജീവനെ പരിഗണിച്ചാണ്. അതുമുഖേനയുണ്ടാകുന്ന തെളിച്ചവും വെളിച്ചവും കാരണത്താല്‍ അതിനെ പ്രകാശവുമാക്കി. ഇവരണ്ടും പരസ്പര പൂരകങ്ങളാണ്. അഥവാ ഈ ‘ആത്മാവ്’ കൊണ്ട് പ്രസ്തുത ജീവസ്സുണ്ടാകുമ്പോള്‍ തെളിച്ചവും പ്രകാശവും ഉണ്ടാകുമെന്നതും തെളിച്ചവും വെളിച്ചവുമുണ്ടാകുമ്പോള്‍ ജീവസ്സുണ്ടാകുന്നു എന്നതും സ്വാഭാവികമാണ്. എന്നാല്‍ ഏതൊരാളുടെ ഹൃദയം ഈ ആത്മീയചൈതന്യം സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ലയോ അത് നിര്‍ജീവവും ഇരുള്‍മുറ്റിയതുമായിരിക്കും; ഏതൊരാളുടെ ശരീരത്തില്‍നിന്ന് ‘ആത്മാവ്’ വേര്‍പെട്ടുവോ അതുപോലെ!
അതുകൊണ്ട്തന്നെ അല്ലാഹു തആലാ വെള്ളത്തിന്റെയും തീയിന്റെയും ഉപമകള്‍ ഒരുമിച്ചു പറഞ്ഞത് ശ്രദ്ധേയമാണ്. വെള്ളംകൊണ്ട് ജീവനും തീകൊണ്ട് വെളിച്ചവും ഉണ്ടാകുന്നതാണല്ലോ. അല്ലാഹു പറയുന്നു:
مَثَلُهُمْ كَمَثَلِ ٱلَّذِى ٱسْتَوْقَدَ نَارًا فَلَمَّآ أَضَآءَتْ مَا حَوْلَهُۥ ذَهَبَ ٱللَّهُ بِنُورِهِمْ وَتَرَكَهُمْ فِى ظُلُمَٰتٍ لَّا يُبْصِرُونَ
അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കൊണ്ടുപോവുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു. (ഖു൪ആന്‍:2/17)
ഈ വചനത്തില്‍ ‘അല്ലാഹു അവരുടെ പ്രകാശം കൊണ്ടുപോയി’ എന്നാണ് പറഞ്ഞത്. ‘അവരുടെ തീ’ എന്നു പറഞ്ഞില്ല. എന്തുകൊണ്ടെന്നാല്‍ തീയില്‍ പ്രകാശവും കരിച്ചുകളയലും ഉണ്ടല്ലോ. അപ്പോള്‍ ഇവിടെ നഷ്ടമായത് പ്രകാശവും വെളിച്ചവുമാണ്. എന്നാല്‍ അതിലെ ബുദ്ധിമുട്ടും കരിച്ചുകളയലുമെല്ലാം ശേഷിക്കുകയും ചെയ്തു.
ഇപ്രകാരമാണ് കപടവിശ്വാസികളുടെ സ്ഥിതിയും. അവരുടെ ഈമാനിന്റെ പ്രകാശം കാപട്യം കാരണത്താല്‍ നഷ്ടമായി. അവരുടെ ഹൃദയങ്ങളില്‍ തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്ന അവിശ്വാസവും സന്ദേഹങ്ങളും ആശയക്കുഴപ്പങ്ങളും കാരണത്താല്‍ ചൂടും കരിയും അതില്‍ അവശേഷിക്കുകയും ചെയ്തു.
ഇഹലോകത്തുവെച്ച് അതിന്റെ ചൂടും പുകയും കരിയുമൊക്കെ കൊണ്ട് അവരുടെ ഹൃദയം വെന്തുരുകിയിട്ടുണ്ട് പരലോകത്തുവെച്ച് ഹൃദയങ്ങളിലേക്ക് കടന്നുചെല്ലുന്ന തീക്ഷ്ണമായ നരകാഗ്‌നിയില്‍ അല്ലാഹു അവരെ പ്രവേശിപ്പിക്കും.
ഇഹലോകത്ത് ഈമാനിന്റെ പ്രകാശത്തോടൊപ്പം സഞ്ചരിക്കാതിരുന്നവരുടെ ഉപമയാണിത്. ആ പ്രകാശം ചുറ്റിലും വെളിച്ചം പരത്തിയിട്ടും അതില്‍നിന്നും വേറിട്ട് പുറത്തുപോവുകയായിരുന്നു അവര്‍. അതാണ് മുനാഫിക്വിന്റെ (കപടവിശ്വാസിയുടെ) സ്ഥിതി. സത്യം അറിഞ്ഞു; എന്നിട്ടും നിഷേധിച്ചു. പലതും അംഗീകരിച്ചു; ശേഷം നിരാകരിച്ചു. അങ്ങനെ അന്ധതയുടെയും ബധിരതയുടെയും മൂകതയുടെയും ഇരുട്ടുകളിലായി. ഇവരുടെ സഹോദരങ്ങളായ സത്യനിഷേധികളെക്കുറിച്ച് അല്ലാഹു പറഞ്ഞത് പോലെ:
وَٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا صُمٌّ وَبُكْمٌ فِى ٱلظُّلُمَٰتِ ۗ
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ… (ഖു൪ആന്‍:6/39)
وَمَثَلُ ٱلَّذِينَ كَفَرُوا۟ كَمَثَلِ ٱلَّذِى يَنْعِقُ بِمَا لَا يَسْمَعُ إِلَّا دُعَآءً وَنِدَآءً ۚ صُمُّۢ بُكْمٌ عُمْىٌ فَهُمْ لَا يَعْقِلُونَ
സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല. (ഖു൪ആന്‍:2/171)
തങ്ങള്‍ക്കു ചുറ്റിലും വെളിച്ചം പരത്തിയ പ്രകാശത്തില്‍നിന്നും പുറത്തുപോയ കപടവിശ്വാസികളുടെ അവസ്ഥയെ അല്ലാഹു ഉപമിച്ചത്, തീ കത്തിച്ച് അതിന്റെ വെളിച്ചം ചുറ്റിലും പരന്നശേഷം പ്രകാശം കെട്ടുപോയ ഒരാളോടാണ്. കാരണം കപടവിശ്വാസികള്‍ സത്യവിശ്വാസികളുമായി കൂടിക്കലരുകയും അവരോടൊപ്പം നമസ്‌കരിക്കുകയും അവരുടെകൂടെ നോമ്പെടുക്കുകയും ക്വുര്‍ആന്‍ ശ്രവിക്കുകയും ഇസ്‌ലാമിന്റെ പല പ്രഭാവവങ്ങള്‍ക്കുമൊക്കെ സാക്ഷിയാവുകയും ചെയ്തവരാണ്. അങ്ങനെ അവര്‍ നേരിട്ട് ആ വെളിച്ചം കാണുകയും പ്രകാശം അറിയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അവരെക്കുറിച്ച് അല്ലാഹു ഇപ്രകാരം പറഞ്ഞത്: ‘…അവര്‍ മടങ്ങുകയില്ല (2:18). കാരണം ഇസ്‌ലാമുമായി ഇടപഴകുകയും അതിന്റെ പ്രകാശം അനുഭവിക്കുകയും ചെയ്തശേഷം അതിനെ വിട്ടുപോയവരാണ് അവര്‍. അതിനാല്‍ അവര്‍ അതിലേക്ക് മടങ്ങിവരികയില്ല.
അവിശ്വാസികളെക്കുറിച്ച് അല്ലാഹു പറഞ്ഞതാകട്ടെ ‘അവര്‍ ചിന്തിക്കുന്നില്ല’ (2:17) എന്നാണ്. കാരണം അവര്‍ ഇസ്‌ലാമിനെ ഗ്രഹിക്കുകയോ ഇസ്‌ലാമില്‍ പ്രവേശിക്കുകയോ അതിന്റെ പ്രകാശം അനുഭവിച്ചറിയുകയോ ചെയ്തിട്ടില്ല. പ്രത്യുത അവരിപ്പോഴും അവിശ്വാസത്തിന്റെ ഇരുട്ടുകളില്‍തന്നെ ബധിരരും മൂകരും അന്ധരുമായി തുടരുകയാണ്.
തന്റെ വചനങ്ങളെഹൃദയങ്ങളുടെ രോഗങ്ങള്‍ക്ക് ശമനമായും ഈമാനിലേക്കും അതിന്റെ യാഥാര്‍ഥ്യങ്ങളിലേക്കുമുള്ള വിളികളായും ശാശ്വതമായ ജീവിതത്തിലേക്കും അനശ്വരമായ അനുഗ്രഹങ്ങളിലേക്കും ക്ഷണിക്കുന്നതായും സന്മാര്‍ഗത്തിലേക്കുള്ള വഴികാട്ടിയായും നിശ്ചയിച്ച അല്ലാഹു എത്രയോ പരിശുദ്ധന്‍!
(വെള്ളത്തിന്റെ) രണ്ടാമത്തെ ഉപമ ഇതാണ്; അല്ലാഹു പറയുന്നു:
أَوْ كَصَيِّبٍ مِّنَ ٱلسَّمَآءِ فِيهِ ظُلُمَٰتٌ وَرَعْدٌ وَبَرْقٌ يَجْعَلُونَ أَصَٰبِعَهُمْ فِىٓ ءَاذَانِهِم مِّنَ ٱلصَّوَٰعِقِ حَذَرَ ٱلْمَوْتِ ۚ وَٱللَّهُ مُحِيطُۢ بِٱلْكَٰفِرِينَ
അല്ലെങ്കില്‍ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിനാദങ്ങള്‍ നിമിത്തം മരണം ഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്. (ഖു൪ആന്‍:2/19)
ആകാശത്തുനിന്ന് കുത്തിച്ചൊരിയുന്ന പേമാരിയുടെ ഉപമ. അതാണ് ഹൃദയങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന ക്വുര്‍ആനിന്റെ ഉപമ. മഴമൂലമാണല്ലോ ഭൂമിക്കും ജീവജാലങ്ങള്‍ക്കും സസ്യലതാദികള്‍ക്കും ജീവന്‍ നിലനില്‍ക്കുന്നത്. സത്യവിശ്വാസികള്‍ അത് ഗ്രഹിക്കുകയും അതുമുഖേന ലഭ്യമാക്കുന്ന ജീവനെക്കുറിച്ച് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അതിനോടൊപ്പമുള്ള ഇടിയും മിന്നലും അവരെ അതില്‍നിന്ന് തടയുന്നില്ല. അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിച്ചവര്‍ക്ക് താക്കീതായി നല്‍കിയ ശിക്ഷകളും നടപടികളും അവന്റെ താക്കീതുകളും ഭീഷണികളുമൊക്കെയാണ് ആ ഇടിയും മിന്നലും എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. തന്റെ ദൂതരെ കളവാക്കിയവര്‍ക്കുനേരെയാണ് അവന്‍ അത് ഇറക്കുക എന്ന് അവന്‍ അറിയിച്ചിട്ടുണ്ട്. അതല്ലെങ്കില്‍ അതില്‍ (ക്വുര്‍ആനില്‍) അടങ്ങിയിട്ടുള്ള ശക്തമായ കല്‍പനകള്‍, ശത്രുക്കളുമായുള്ള ധര്‍മയുദ്ധത്തില്‍ ഏര്‍പ്പെടല്‍, ദുരിതങ്ങളില്‍ സഹനമവലംബിക്കല്‍ മുതലായവയും മനസ്സുകള്‍ കൊതിക്കുന്നതിനെതിരായി അവയ്ക്ക് പ്രയാസകരമായ ചില കല്‍പനകളുമൊക്കെ ഇരുട്ടും മിന്നലും ഇടിയും പോലെയാണ്. എന്നാല്‍ മഴയുടെ പരിണതിയും അതുമൂലമുണ്ടാകുന്ന ജീവസുറ്റതായ നിരവധി നേട്ടങ്ങളുമൊക്കെ മനസ്സിലാക്കിയവരെ സംബന്ധിച്ചിടത്തോളം അവയോടൊന്നും അവര്‍ എതിര്‍പ്പോ വെറുപ്പോ അസന്തുഷ്ടിയോ പ്രകടിപ്പിക്കുകയില്ല. പ്രത്യുത അവരതില്‍ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും നല്ല പ്രത്യാശയിലായിരിക്കുകയും ചെയ്യും.
കപട വിശ്വാസിയാകട്ടെ; തന്റെ ഹൃദയത്തിന്റെ അന്ധത കാരണത്താല്‍ ഇരുട്ടിന്നപ്പുറമുള്ള യാതൊരു നന്മയും അയാള്‍ക്ക് കാണാന്‍ കഴിയുകയില്ല. കാഴ്ച തട്ടിയെടുക്കുന്ന മിന്നല്‍പിണറുകളും ഘോരമായ ഇരുട്ടും ഇടിമുഴക്കങ്ങളും മാത്രമെ അവന്‍ കാണുന്നുള്ളൂ. അതുകൊണ്ട്തന്നെ അവയെ അവന് പേടിയും വെറുപ്പുമാണ്. അതിനാല്‍ തന്റെ വിരലുകള്‍ ചെവിയില്‍ തിരുകി ഇടിമുഴക്കം കേള്‍ക്കാതിരിക്കാനും മിന്നല്‍പിണറുകളുടെ ശക്തമായ പ്രകാശം കാണാതിരിക്കാനുമാണ് അവന്‍ ആഗ്രഹിക്കുന്നത്. തന്റെ കാഴ്ചശക്തി നഷ്ടമാകുമോ എന്ന പേടിയാണയാള്‍ക്കുള്ളത്. കാരണം ആ പ്രകാശത്തിന്റെ മുന്നില്‍ ഉറച്ചുനില്‍ക്കാനുള്ള ശേഷി അവനോ അവന്റെ കണ്ണുകള്‍ക്കോ ഇല്ല. ശക്തമായ ഇടിമുഴക്കം കേട്ടുകൊണ്ട് അയാള്‍ ഇരുട്ടില്‍തന്നെ നില്‍ക്കുകയാണ്. കണ്ണുകളെ റാഞ്ചിയെടുക്കാന്‍ പാകത്തിലുള്ള മിന്നല്‍പിണറുകളാണ് അയാള്‍ കാണുന്നത്. അതില്‍നിന്ന് വല്ല വെളിച്ചവും കിട്ടിയാല്‍ അതിന്റെ അകമ്പടിയില്‍ മുന്നോട്ട് ഗമിക്കും. ആ വെളിച്ചം നഷ്ടമായാല്‍ എവിടേക്ക് പോകണമെന്നറിയാതെ പരിഭ്രമിച്ച് അന്തംവിട്ടു നില്‍ക്കും. അയാളുടെ വിവരക്കേടുകൊണ്ട് ശക്തമായ മഴയുടെ അനിവാര്യമായ സംഗതികളാണിവയൊക്കെയെന്ന വസ്തുത അയാള്‍ക്ക് ഗ്രഹിക്കാനാകുന്നില്ല. അതുമുഖേനയാണ് സസ്യലതാദികളും ഭൂമിതന്നെയും ജീവസ്സുറ്റതാകുന്നതെന്ന് അയാള്‍ അറിയുന്നില്ല. മറിച്ച് ഇടിയും മിന്നലും കൂരിരുട്ടും മാത്രമെ അയാള്‍ കാണുന്നുള്ളൂ. അങ്ങനെവരുമ്പോള്‍ അതിനോട് തികഞ്ഞ പേടിയും വെറുപ്പും അകല്‍ച്ചയുമൊക്കെ തോന്നല്‍ സ്വാഭാവികമാണ്.
എന്നാല്‍ ശക്തമായ മഴയോട് ഇണക്കവും പരിചയവുമുള്ള, അതിലൂടെ കൈവരുന്ന നന്മകളെക്കുറിച്ചും ഭൂമിയിലെ ജീവനെയും മറ്റു പ്രയോജനങ്ങളെയും പറ്റി ബോധമുള്ള ഏതൊരാള്‍ക്കും മഴയോടൊപ്പമുള്ള ഇടിയും മിന്നലും ഇരുട്ടും ഒന്നും പേടിപ്പെടുത്തുന്നതോ പരിചയമില്ലാത്തതോ അല്ല. അതിനാല്‍അതിന്റെ നന്മകളാര്‍ജിക്കുന്നതില്‍നിന്നും അയാളെ അതൊന്നും തടയുന്നുമില്ല
അല്ലാഹുവിന്റെ പക്കല്‍നിന്ന് മലക്ക് ജിബ്‌രീല്‍(അ) നബി ﷺ യുടെ ഹൃദയത്തിലേക്ക് ചൊരിഞ്ഞു കൊടുത്ത ആ പേമാരിയോട് തികച്ചും യോജിക്കുന്നതാണ് ഈ ഉപമ. അതുനിമിത്തമാണ് ഹൃദയങ്ങള്‍ക്കും സര്‍വസൃഷ്ടികള്‍ക്കും ജീവസ്സു ലഭിക്കുന്നത്. വെള്ളമായി പെയ്തിറങ്ങുന്ന മഴയോടൊപ്പം ഇടിയും മിന്നലുമൊക്കെയുള്ളതുപോലെ ഇതിലും സമാനമായ ചിലതൊക്കെ ഉണ്ടാകുമെന്നതാണ് പടച്ചവന്റെ യുക്തി.
ശക്തമായ ആ മഴയില്‍നിന്ന് കപടവിശ്വാസികള്‍ക്ക് ലഭിക്കാനുള്ളത് അതിന്റെ കാര്‍മേഘവും ഇടിയും മിന്നലും മാത്രമാണ്. അതിനപ്പുറമുള്ളതൊന്നും അവര്‍ക്കറിയില്ല. അതിനാല്‍ സത്യവിശ്വാസികള്‍ക്കുള്ളത് പോലെയുള്ള ഇണക്കവും അടുപ്പവുമല്ല അവര്‍ക്കുള്ളത്; പ്രത്യുത പേടിയും അപരിചിതത്വവുമാണ്. അറിവുള്ളവര്‍ക്ക് ലഭിക്കുന്ന നിര്‍ഭയത്വത്തിനും സമാധാനത്തിനും പകരം അവര്‍ക്ക് സന്ദേഹങ്ങളും സംശയങ്ങളുമായിരിക്കും ഉണ്ടാവുക. അറിവും ഉള്‍ക്കാഴ്ചയുമുള്ളവര്‍ക്ക് ദൃഢബോധ്യമുള്ള കാര്യങ്ങളില്‍ അവര്‍ക്ക് സംശയമാണ്. തീയിന്റെ ഉപമയില്‍ അവരുടെ കണ്ണുകള്‍ നട്ടുച്ചനേരത്തെ വവ്വാലിന്റെ കണ്ണുകളുടേത് പോലെയാണ്. വെള്ളത്തിന്റെ ഉപമയില്‍ അവരുടെ കാതുകളില്‍ ഇടിമുഴക്കം കാരണത്താല്‍ മരണപ്പെട്ടയാളുടെ കാതുപോലെയുമാണ് ഉള്ളത്. ചില ജീവികളെ സംബന്ധിച്ച് ഇടിമുഴക്കം കേള്‍ക്കുന്ന മാത്രയില്‍തന്നെ അവ മരിച്ചുപോകുമെന്ന് പറയാറുണ്ട്.
ഇവരുടെ ബുദ്ധിയിലും കണ്ണിലും കാതിലുമെല്ലാം പൈശാചികമായ വല്ല സംശയങ്ങളോ ആശയക്കുഴപ്പങ്ങളോ പിഴച്ച തോന്നലുകളോ ഭാവനകളോ ഒക്കെ എത്തിപ്പെട്ടാല്‍ അതങ്ങനെ പടര്‍ന്നുപന്തലിച്ച് വിശാലമാവുകയും അതിനെപ്പറ്റിയുള്ള വര്‍ത്തമാനങ്ങള്‍ അധികരിക്കുകയും അത് പാടിപ്രചരിപ്പിക്കുകയുമൊക്കെ ചെയ്യും. അപ്പോള്‍ കുറെയാളുകള്‍ ഇവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുകയും അത് സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് അതിന്റെ വക്താക്കളും സംരക്ഷകരുമായി മാറും. അങ്ങനെ അവരുടെ എണ്ണം വര്‍ധിപ്പിക്കുകയും പ്രചാരണം കൂട്ടുകയുമൊക്കെ ചെയ്യുമ്പോള്‍ അല്ലാഹുവിന്റെയും അവന്റെ ഇഷ്ടദാസന്മാരുടെയും അടുക്കല്‍ ഇക്കൂട്ടര്‍ നിന്ദ്യരും നിസ്സാരരുമായിരിക്കും.
ഇത്തരക്കാരുടെ (കപടവിശ്വാസികളുടെ) ഫിത്‌നകള്‍ ദൂരവ്യാപകവും അവരുടെ സംസാരങ്ങള്‍ മൂലം ഹൃദയങ്ങള്‍ക്കുണ്ടാകുന്ന ദോഷങ്ങള്‍ അനവധിയാണെന്നതിനാലും അവരുടെ കാപട്യത്തിന്റെ പുറംപൂച്ചുകള്‍ വലിച്ചുകീറി ഉള്ളുകള്ളികള്‍ വിശദമായിത്തന്നെ പറഞ്ഞുതന്നിട്ടുണ്ട് വിശുദ്ധ ക്വുര്‍ആന്‍. അവരുടെ ലക്ഷണങ്ങളും വാക്കുകളും പ്രവൃത്തികളുമെല്ലാം വ്യക്തമാക്കിത്തന്നിട്ടുമുണ്ട്. എത്രയോ തവണ ‘അവരുടെ കൂട്ടത്തിലുണ്ട് ചിലര്‍’ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അല്ലാഹു പറഞ്ഞുതന്നിട്ടുണ്ട്.
സൂറത്തുല്‍ ബക്വറയുടെ ആദ്യഭാഗത്ത് അല്ലാഹു സത്യാവിശ്വാസികളുടെയും അവിശ്വാസികളുടെയും കപടവിശ്വാസികളുടെയും വിശേഷണങ്ങള്‍ പറഞ്ഞു. സത്യവിശ്വാസികളുടെ സ്വഭാവ സവിശേഷതകള്‍ മൂന്ന് വചനങ്ങളിലായി പ്രതിപാദിച്ചു. അവിശ്വാസികളുടെ വിശേഷണങ്ങളാകട്ടെ രണ്ട് സൂക്തങ്ങളിലും. എന്നാല്‍ ഇക്കൂട്ടരെ (കപടവിശ്വാസികളെ) കുറിച്ച് പത്തിലധികം വചനങ്ങളില്‍ വിവരിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍, ഇവരിലൂടെയുണ്ടായേക്കാവുന്ന ഫിത്‌നകളും അവരുമായി ഇടപഴകുന്നതിലൂടെ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളും അത്രമാത്രം ഗുരുതരവും ദൂരവ്യാപകവുമാണ്. കാരണം അവര്‍ കൂടെനിന്നുകൊണ്ട് ശത്രുക്കള്‍ക്ക് വേണ്ടി പണിയെടുക്കുന്ന ചതിയന്മാരും വഞ്ചകരുമാണ്. പ്രത്യക്ഷശത്രുവായ എതിരാളികള്‍ അങ്ങനെയല്ലല്ലോ!
ഈ രണ്ട് ഉപമകള്‍ക്കും സമാനമായ ഉപമകളാണ് സൂറതൂര്‍റഅ്ദില്‍ പറയപ്പെട്ട ഉപമകള്‍. അല്ലാഹു പറയുന്നു:
أَنزَلَ مِنَ ٱلسَّمَآءِ مَآءً فَسَالَتْ أَوْدِيَةُۢ بِقَدَرِهَا فَٱحْتَمَلَ ٱلسَّيْلُ زَبَدًا رَّابِيًا ۚ وَمِمَّا يُوقِدُونَ عَلَيْهِ فِى ٱلنَّارِ ٱبْتِغَآءَ حِلْيَةٍ أَوْ مَتَٰعٍ زَبَدٌ مِّثْلُهُۥ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْحَقَّ وَٱلْبَٰطِلَ ۚ فَأَمَّا ٱلزَّبَدُ فَيَذْهَبُ جُفَآءً ۖ وَأَمَّا مَا يَنفَعُ ٱلنَّاسَ فَيَمْكُثُ فِى ٱلْأَرْضِ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْأَمْثَالَ
”അവന്‍ (അല്ലാഹു) ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങിനില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍നിന്നും അതുപോലുള്ള നുരയുണ്ടാകുന്നു. അതുപോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു. (ഖു൪ആന്‍:13/17)
ഈ ഉപമയും വെള്ളത്തിന്റെ ഉപമയാണ്. ഹൃദയങ്ങളുടെ ജീവസ്സിനായി അല്ലാഹു ഇറക്കിയ ദിവ്യസന്ദേശങ്ങളെ (വഹ്‌യിനെ) ആകാശത്തുനിന്ന് ഇറക്കിയ വെള്ളത്തോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. ആ ദിവ്യസന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട ഹൃദയങ്ങളെ, അഥവാ അതിന്റെ വാഹകരെ മലവെള്ളം പേറുന്ന താഴ്‌വാരകളോടും സാദൃശ്യപ്പെടുത്തി.
വലിയ മഹത്തരങ്ങളായ വിജ്ഞാനങ്ങളെ ഉള്‍ക്കൊള്ളുന്ന ഹൃദയം ധാരാളം വെള്ളം ഉള്‍ക്കൊള്ളുന്ന വലിയ താഴ്‌വര പോലെയാണ്. കുറഞ്ഞ വിജ്ഞാനങ്ങളുള്‍ക്കൊള്ളുന്ന കൊച്ചുഹൃദയം ചെറിയ താഴ്‌വര പോലെയും. ഹൃദയങ്ങള്‍ ഈ ദിവ്യ ബോധനമാകുന്ന വിജ്ഞാനത്തെ വഹിക്കുന്നത് ആ താഴ്‌വരകള്‍ മഴവെള്ളത്തെ പേറുന്നതുപോലെയാണ്.
താഴ്‌വരകളിലും വെള്ളമൊഴുകുന്ന ചാലുകളിലുമൊക്കെ ചണ്ടികളും ചവറുകളും പോലുള്ളവ വെള്ളത്തോടൊപ്പം ഒഴുകി നുരയും പതകളുമായി മീതെ പൊന്തിക്കിടക്കുന്നുണ്ടാവും. എന്നാല്‍ അതിന്റെ അടിയില്‍ ജീവസ്സുറ്റതാക്കുന്ന സ്വച്ഛമായ വെള്ളവുമുണ്ടാകും. ചണ്ടിയും പതകളുമൊക്കെ ഇരുവശങ്ങളിലേക്കായി തള്ളിമാറ്റപ്പെടുകയും നല്ലവെള്ളം അതിനടിയില്‍ നിലനില്‍ക്കുകയും അതുമുഖേന നാടിനും നാട്ടുകാര്‍ക്കും സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കുമൊക്കെ ഗുണം കിട്ടുകയും അവയെല്ലാം ജീവസ്സുറ്റതായി മാറുകയും ചെയ്യും. നുരയും പതയുമൊക്കെ ഗുണമോ നിലനില്‍പ്പോ ഇല്ലാതെ നശിച്ചുപോവുകയും ചെയ്യും.
അപ്രകാരമാണ് അല്ലാഹു വാനലോകത്തുനിന്ന് ഹൃദയത്തിലേക്കിറക്കിയ ശരിയായ ജ്ഞാനവും സത്യവിശ്വാസവും. ചില ഹൃദയങ്ങള്‍ അത് ഏറ്റെടുക്കുകയും അതുമായി കൂടിച്ചേരുകയും ചെയ്യുമ്പോള്‍ ദേഹേച്ഛകളും ആശയക്കുഴപ്പങ്ങളുമൊക്കെയാകുന്ന നുരകളും പതകളും മുകളില്‍ പൊങ്ങിക്കിടക്കുകയും ക്രമേണ നശിച്ചുപോവുകയും ചെയ്യും. സത്യവിശ്വാസവും സന്മാര്‍ഗവും ശരിയായ ജ്ഞാനവും ഹൃദയത്തിന്റെ അടിത്തട്ടില്‍ വേരുറക്കുകയും ചെയ്യും. അതാണ് ഈമാനിന്റെ അടിത്തട്ടും സങ്കേതവും. നബി ﷺ പറഞ്ഞതും അതാണല്ലോ:
”സത്യവിശ്വാസം ആളുകളുടെ ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്നു” (ബുഖാരി, മുസ്‌ലിം).
ഈമാന്‍ (സത്യവിശ്വാസം) എന്നതിനു പകരം ‘അമാനത്ത്’ (വിശ്വസ്തത) എന്നാണ് ഹദീഥുകളില്‍ വന്നിട്ടുള്ളത്. ഇബ്‌നുല്‍ക്വയ്യിം رحمه الله പറഞ്ഞതുപോലെ ‘ഈമാന്‍’ എന്ന പദം ഹദീഥില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല-കുറിപ്പുകാരന്‍).
നുരയും പതയുമൊക്കെ അല്‍പാല്‍പമായി കെട്ടടങ്ങി പരിപൂര്‍ണമായും ഇല്ലാതാകും. എന്നാല്‍ ഉപകാരപ്രദമായ അറിവും നിഷ്‌കളങ്കവും സംശുദ്ധവുമായ സത്യവിശ്വാസവുമാകട്ടെ, അത് ഹൃദയത്തിന്റെ അടിത്തട്ടില്‍ അവശേഷിക്കും. അവിടെ ജനങ്ങള്‍ എത്തി ദാഹം തീര്‍ക്കുകയും കൃഷിയിറക്കുകയും ജലസേചനം നടത്തുകയും ചെയ്യും.
അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം; നബി ﷺ പറയുന്നു: ”എന്നെ അല്ലാഹു നിയോഗിച്ചയച്ച സന്മാര്‍ഗത്തിന്റെയും ജ്ഞാനത്തിന്റെയും ഉപമ ഭൂമിയില്‍ പെയ്ത ഒരു മഴപോലെയാകുന്നു. അതില്‍ ഒരു പ്രദേശം വെള്ളത്തെ സ്വീകരിക്കുകയും ധാരാളം പുല്ലും ചെടികളും മുളപ്പിക്കുകയും ചെയ്ത സ്ഥലമാണ്. മറ്റൊരു പ്രദേശം വരണ്ടതും ഫലഭൂയിഷ്ടമല്ലാത്തതുമായ സ്ഥലമാണ്. അവിടെ കെട്ടിനിന്ന വെള്ളംകൊണ്ട് ആളുകള്‍ കൃഷിചെയ്യുകയും ജലസേചനം നടത്തുകയും ചെയ്തു. മറ്റൊരു പ്രദേശമാകട്ടെ വെള്ളം നില്‍ക്കാത്ത വിധം തീക്ഷ്ണമായ പ്രദേശമാണ്. അവിടെ വെള്ളംകെട്ടിനിന്നതുമില്ല; ചെടികള്‍ മുളക്കുകയും ചെയ്തില്ല. അപ്രകാരമാണ് അല്ലാഹുവിന്റെ ദീനില്‍ അറിവ് നേടിയ ആളുകളുടെ ഉപമ. എന്നെ അല്ലാഹു നിയോഗിച്ചയച്ച സന്മാര്‍ഗം അയാള്‍ക്കുപകരിച്ചു. അയാള്‍ അത് പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതിലേക്ക് ശ്രദ്ധകൊടുക്കാതിരിക്കുന്നവരാകട്ടെ, അവര്‍ അല്ലാഹു എന്നെ നിയോഗിച്ചയച്ച സന്മാര്‍ഗം സ്വീകരിച്ചില്ല.” (ബുഖാരി, മുസ്‌ലിം).
സന്മാര്‍ഗവും വിജ്ഞാനവുമായി ബന്ധപ്പെട്ട് ആളുകളെ മൂന്ന് വിഭാഗമാക്കിയാണ് നബി ﷺ ഈ ഹദീഥിലൂടെ പറഞ്ഞുതന്നത്. ഒന്നാമത്തെ വിഭാഗം അല്ലാഹുവിന്റെ ദൂതന്മാരുടെ അനന്തരാവകാശികളും പ്രവാചകന്മാരുടെ പിന്‍ഗാമികളുമാണ്. അവരാണ് മതാധ്യാപനങ്ങള്‍ പഠിച്ചും പ്രവര്‍ത്തിച്ചും അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും മറ്റുള്ളവരെ ക്ഷണിച്ചും ദീന്‍നിലനിര്‍ത്തുന്നവര്‍. ഇക്കൂട്ടരാണ് നബി ﷺ യുടെ യഥാര്‍ഥ അനുയായികള്‍. അവരാണ് ഒന്നാമത് പറഞ്ഞ നല്ല പ്രദേശത്തിന് സമാനമായവര്‍. വെള്ളം സ്വീകരിക്കുകയും ധാരാളം പുല്ലും ചെടികളും മുളപ്പിക്കുകയും ചെയ്ത ശുദ്ധമായ സ്ഥലത്തെപോലെ സ്വയം സംശുദ്ധരാവുകയും അവരിലൂടെ മറ്റുള്ളവരും വിശുദ്ധികൈവരിക്കുകയും ചെയ്തു.
ഇവര്‍ മതത്തില്‍ അറിവും ഉള്‍ക്കാഴ്ചയും നേടിയവരും ശക്തമായ പ്രബോധനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തവരാണ്. അതിനാലാണവര്‍ അല്ലാഹു ഇങ്ങനെ പറഞ്ഞ പ്രവാചകന്മാരുടെ അനന്തരാവകാശികളായത്:
وَٱذْكُرْ عِبَٰدَنَآ إِبْرَٰهِيمَ وَإِسْحَٰقَ وَيَعْقُوبَ أُو۟لِى ٱلْأَيْدِى وَٱلْأَبْصَٰرِ
കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യഅ്ക്വൂബ് എന്നിവരെയും ഓര്‍ക്കുക. (ഖു൪ആന്‍:38/45)
അറിവും ഉള്‍ക്കാഴ്ചയുംകൊണ്ട് സത്യം ഗ്രഹിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കും. ശക്തിയും ശേഷിയുംകൊണ്ട് അത് മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കാനും പ്രയോഗവല്‍ക്കരിക്കാനും അതിലേക്ക് ക്ഷണിക്കുവാനുമൊക്കെ കഴിയുകയും ചെയ്യും. ഈ വിഭാഗത്തിന് നല്ല ഓര്‍മശക്തിയും ഗ്രാഹ്യശക്തിയും മതജ്ഞാനവും വിശദാംശങ്ങളെ കുറിച്ചുള്ള കാഴചപ്പാടുമൊക്കെയുണ്ടാവും. പ്രമാണങ്ങളില്‍നിന്ന് വിജ്ഞാനങ്ങളുടെ ആറുകള്‍ തീര്‍ക്കാന്‍ അവര്‍ക്ക് സാധിക്കും. അതില്‍നിന്ന് അറിവിന്റെ നിധിശേഖരങ്ങള്‍ കണ്ടെത്താനും കഴിയും. അവര്‍ പ്രത്യേകമായ ഒരുതരം ഗ്രാഹ്യത നല്‍കപ്പെട്ടവരാണ്. അലി رَضِيَ اللَّهُ عَنْهُ വിനോട് ഒരാള്‍ ചോദിച്ചു: ‘മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാത്ത വല്ലതും നിങ്ങളോട് മാത്രമായി നബി ﷺ പറഞ്ഞിട്ടുണ്ടോ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇല്ല, ധാന്യങ്ങളെ പിളര്‍ത്തിക്കൊണ്ട് വരികയും ജീവ ജാലങ്ങളെ പടക്കുകയും ചെയ്ത അല്ലാഹുവാണേ സത്യം! പ്രത്യുത അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ അവന്‍ ചിലര്‍ക്ക് നല്‍കുന്ന ഗ്രാഹ്യതയാണത്’ (ബുഖാരി).
ഈ ഗ്രാഹ്യത മഴപെയ്തശേഷം ആ പ്രദേശം ധാരാളം പുല്ലും ചെടികളും മുളപ്പിക്കുമെന്ന് പറഞ്ഞതിന്റെ സ്ഥാനത്താണ്. ഈയൊരു കാര്യംകൊണ്ടാണ് ഈ വിഭാഗക്കാര്‍ മറ്റുള്ളവരില്‍നിന്ന് വ്യതിരിക്തരാകുന്നത്. രണ്ടാം വിഭാഗക്കാരാകട്ടെ, അവര്‍ പ്രമാണങ്ങള്‍ ഹൃദിസ്ഥമാക്കുകയും കൃത്യത വരുത്തുകയും ചെയ്തവരാണ്. അവരുടെ മുഖ്യശ്രദ്ധ അതിലാണ്. അവരുടെ അടുക്കല്‍ ആളുകള്‍ ചെല്ലുകയും പ്രമാണങ്ങളുടെ വചനങ്ങള്‍ കൃത്യമായി ഉറപ്പുവരുത്തി അവരില്‍നിന്ന് സ്വീകരിക്കുകയും അതില്‍ നിന്നുള്ള തെളിവുകള്‍ മനസ്സിലാക്കുകയും അവയിലെ വിജ്ഞാനത്തിന്റെ നിധികള്‍ പുറത്തെടുക്കുകയും ചെയ്യുന്നു. അതിലാണ് അവരുടെ വ്യാപാരം. കൃഷിക്കനുയോജ്യമായ സ്ഥലത്ത് അത് അവര്‍ വിതയ്ക്കുകയും ചെയ്യുന്നു. ഓരോരുത്തത്തരും അവരവരുടേതായ മേഖലകളിലാണുള്ളത്.
ഇക്കൂട്ടരെ കുറിച്ചാണ് നബി ﷺ ഇപ്രകാരം പറഞ്ഞത്: ”എന്റെ വാക്കുകള്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും എന്നിട്ടത് ഉള്‍ക്കൊണ്ട് കേട്ടതുപോലെത്തന്നെ മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്ത വ്യക്തിക്ക് അല്ലാഹു പ്രകാശം ചൊരിയട്ടെ! എത്രയെത്ര വിജ്ഞാനവാഹകരാണ് യഥാര്‍ഥ ഗ്രാഹ്യത ഇല്ലാതെയുള്ളത്. തന്നെക്കാള്‍ കൂടുതല്‍ ഗ്രാഹ്യതയുള്ളവരിലേക്ക് വിജ്ഞാനം കൊണ്ടുചെന്നെത്തിക്കുന്നവരും എത്രയോ ഉണ്ട്” (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്).
മഹാനായ ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ; സമുദായത്തിലെ പണ്ഡിതകേസരി, ക്വുര്‍ആന്‍ വ്യാഖ്യതാവ് തുടങ്ങിയ അപദാനങ്ങളാല്‍ പ്രസിദ്ധനാണ് അദ്ദേഹം. നബി ﷺ യില്‍നിന്ന് അദ്ദേഹം കേട്ട് ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കേവലം ഇരുപതില്‍താഴെ മാത്രമാണ്. പക്ഷേ, അദ്ദേഹത്തിന് ഗ്രാഹ്യശേഷിയിലും തെളിവുകള്‍ നിര്‍ധാരണം ചെയ്യുന്നതിലുമൊക്കെ റബ്ബിന്റെ പ്രത്യേക അനുഗ്രഹം (ബറകത്ത്) ലഭിച്ചിരുന്നു. അങ്ങനെ ലോകം മുഴുക്കെ അദ്ദേഹത്തിന്റെ വിജ്ഞാനവും ഗ്രാഹ്യതയും സല്‍കീര്‍ത്തി നേടി.
അബൂമുഹമ്മദുബ്‌നു ഹസം رحمه الله പറയുന്നു: ‘ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിന്റെ ഫത്‌വകള്‍ ബൃഹത്തായ ഏഴ് ഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു.’
(‘അല്‍ ഇഹ്കാം ഫീ ഉസ്വൂലില്‍ അഹ്കാം’ എന്ന ഗ്രന്ഥത്തില്‍ ഇബ്‌നുഹസം പറഞ്ഞത് ഖലീഫ മഅ്മൂനിന്റ പുത്രന്‍ അബൂബക്കര്‍ മുഹമ്മദുബ്‌നുമൂസ; ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിന്റെ ഫത്‌വകളായി ഇരുപത് ഗ്രന്ഥങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട് എന്നാണ്. എന്നാല്‍ ഇബ്‌നുല്‍ ക്വയ്യിം ഇവിടെ ഉദ്ധരിച്ച വാചകം ഇബ്‌നു ഹസം ഹസനുല്‍ ബസ്വരിയെക്കുറിച്ച് പറഞ്ഞതാണ്. അല്‍ഇഹ്കാം 5/97 കാണുക. ഇബ്‌നുല്‍ ക്വയ്യിമിന്റെ ‘ഇഅ്‌ലാമുല്‍ മുവക്ക്വിഈന്‍’ 1/24 പരിശോധിക്കുക-കുറിപ്പുകാരന്‍).
ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിന്റെ ഫത്‌വകളും ക്വുര്‍ആന്‍ വിവരണവും തെളിവുനിര്‍ദ്ധാരണവുമെല്ലാം അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിന്റെ ഫത്‌വകളും ക്വുര്‍ആന്‍ വിവരണവുമായി തട്ടിച്ചുനോക്കുമ്പോള്‍ എന്തൊരു അന്തരമാണ്! അബൂഹുറൈറ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തെക്കാള്‍ മനഃപാഠമുള്ള വ്യക്തിയാണ്. അല്ല, സമുദായത്തിലെ തന്നെ ഏറ്റവും മനഃപാഠമുള്ള വ്യക്തി എന്നു വേണമെങ്കില്‍ പറയാം. ഹദീഥുകള്‍ കേട്ടതുപോലെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്ന, രാപകലുകള്‍ ഭേദമന്യെ അത് പഠിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് അബൂഹുറൈറ رَضِيَ اللَّهُ عَنْهُ. അദ്ദേഹത്തിന്റെ മുഖ്യശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് മനഃപാഠമാക്കലിലും താന്‍ കേട്ടുപഠിച്ചത് മാറ്റങ്ങളില്ലാതെ മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കുക എന്നതിലുമായിരുന്നു. എന്നാല്‍ ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചതാവട്ടെ ആഴത്തിലുള്ള ഗ്രാഹ്യതയിലും തെളിവുകള്‍ മനസ്സിലാക്കുന്നതിലും പ്രമാണങ്ങളെ കീറിമുറിച്ച് വിജ്ഞാനത്തിന്റെ നദികളൊഴുക്കുന്നതിലും അതിലെ വൈജ്ഞാനിക നിധിശേഖരങ്ങള്‍ പുറത്തെടുക്കുന്നതിലുമൊക്കെയായിരുന്നു.
അദ്ദേഹത്തിന് ശേഷമുള്ള പണ്ഡിതന്മാരെ നോക്കിയാലും ഇപ്രകാരം രണ്ടു വിഭാഗമായിരുന്നു എന്ന് കാണാവുന്നതാണ്. ഒരുവിഭാഗം പ്രമാണങ്ങള്‍ ഹൃദിസ്ഥമാക്കുന്നതിലും അതിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിലും ശ്രദ്ധിച്ചിരുന്നവര്‍. അതിനപ്പുറം തെളിവുകള്‍ നിര്‍ദ്ധരിക്കുന്നതിലും വൈജ്ഞാനിക നിധിഖേരങ്ങള്‍ പുറത്തെടുക്കുന്നതിലും അവര്‍ കാര്യമായി ശ്രദ്ധയൂന്നിയിരുന്നില്ല. മറ്റേ വിഭാഗമാകട്ടെ മതവിധികള്‍ ഗ്രഹിക്കുന്നതിലും പ്രമാണങ്ങളില്‍നിന്ന് തെളിവുകളും ന്യായങ്ങളും ഗ്രഹിക്കുന്നതിലും ശ്രദ്ധയൂന്നിയവരായിരുന്നു. ഒന്നാമത്തെ വിഭാഗത്തിലാണ് അബൂസര്‍അ, അബൂഹാതിം ഇബ്‌നുവാറ പോലെയുള്ളവര്‍. അവര്‍ക്കുമുമ്പ് ബുന്‍ദാര്‍ മുഹമ്മദുബ്‌നു ബശ്ശാര്‍, അംറുന്നാക്വിദ്, അംറുബ്‌നു യസാര്‍ പോലുള്ളവരും. അവര്‍ക്കു മുമ്പ് മുഹമ്മദുബ്‌നു ജഅ്ഫര്‍ ഗുന്‍ദര്‍, സഈദുബ്‌നു അബീ അറൂബ رحمهم الله പോലുള്ളവരും. ഇവരൊക്കെ മനഃപാഠമാക്കുന്നവതില്‍ ശ്രദ്ധയൂന്നിയവരായിരുന്നു.
രണ്ടാമത്തെ വിഭാഗം ഇമാം മാലിക്, ലൈഥ്, സുഫ്‌യാന്‍, ഇബ്‌നുല്‍മുബാറക്, ശാഫിഈ, ഔസാഈ, ഇസ്ഹാക്വ്, അഹ്മദുബ്‌നു ഹമ്പല്‍, ബുഖാരി, അബൂദാവൂദ്, മുഹമ്മദുബ്‌നു നസ്വ്ര്‍ അല്‍മര്‍വസി رحمه الله പോലുള്ള, മതവിധികള്‍ കണ്ടെത്താനും തെളിവുകള്‍ നിര്‍ദ്ധരിക്കാനുമൊക്കെ കൂടുതല്‍ ശ്രദ്ധിച്ച മഹത്തുക്കളാണ്.
ഈ രണ്ടുവിഭാഗവുമാണ് അല്ലാഹു അവന്റെ തിരുദൂതരെ നിയോഗിച്ചയച്ച സന്മാര്‍ഗംകൊണ്ട് ഏറ്റവും വലിയ വിജയംകൊയ്തവര്‍. അതായത് അവരത് പൂര്‍ണമായി സ്വീകരിക്കുകയും അതിനെ കാര്യമായി ഗ്രഹിക്കുകയും ചെയ്തു.
എന്നാല്‍ മൂന്നാമതൊരു വിഭാഗമുണ്ട്. അവരാണ് സൃഷ്ടികളില്‍ ഏറ്റവും ഹതഭാഗ്യര്‍. അതായത് അല്ലാഹുവിന്റെ സന്മാര്‍ഗത്തെ സ്വീകരിക്കാനോ അതിന് ശ്രദ്ധകൊടുക്കുവാനോ തയ്യാറാകാതിരുന്നവര്‍. മനഃപാഠമോ ഗ്രാഹ്യതയോ മതം പഠിക്കലോ ഇല്ലാത്ത, മറ്റുള്ളവരിലേക്ക് അത് പകര്‍ന്നുകൊടുക്കുകയോ അതിനെ ശ്രദ്ധിക്കുകയോ ഒന്നും ചെയ്യാത്തവര്‍.
ഹദീഥില്‍ പറയപ്പെട്ട മൂന്നു വിഭാഗക്കാരില്‍ ഒന്നാമത്തേത് പ്രമാണങ്ങള്‍ ആഴത്തില്‍ ഗ്രഹിച്ചവരും അതിനെ കാര്യമായി ശ്രദ്ധിച്ചവരും മറ്റുള്ളവരിലക്ക് അത് എത്തിക്കുവാന്‍ ശ്രമിച്ചവരുമാണ്.
രണ്ടാമത്തെ വിഭാഗം, പ്രമാണങ്ങളെ ശ്രദ്ധിച്ചവരും അത് മറ്റുള്ളവരിലേക്ക് കൈമാറിയവരുമാണ്. അവര്‍ക്ക് മതനിയമങ്ങളെ സംബന്ധിച്ചുള്ള ഗ്രാഹ്യതയും പാണ്ഡിത്യവുമുണ്ട്. എന്നാല്‍ അതിനെക്കാള്‍ മനഃപാഠമാക്കുന്ന കാര്യത്തിലായിരുന്നു അവരുടെ കൂടുതല്‍ ശ്രദ്ധ.
മൂന്നാമത്ത വിഭാഗം ഹതഭാഗ്യരാണ്. അവര്‍ക്ക് മതജ്ഞാനവും ഗ്രാഹ്യതയും അത് മനഃപാഠമാക്കലും ഒന്നുമില്ല. ”അവര്‍ നാല്‍ക്കാലികളെ പോലെയാണ്, അല്ല അതിനെക്കാള്‍ വഴിപിഴച്ചവരാണ്” (ക്വുര്‍ആന്‍ 25:44).
അവരാണ് ഭൂമിക്ക് ഭാരമായവര്‍. സുഖഭോഗങ്ങളില്‍ മാത്രമാണ് അവരുടെ ശ്രദ്ധ. ഉദരപൂരണവും ലൈംഗികാസ്വാദനവും കഴിഞ്ഞാല്‍ വസ്ത്രങ്ങളിലും അലങ്കാരങ്ങളിലുമാണ് അവരുടെ ശ്രദ്ധ. അതു കഴിഞ്ഞാല്‍ വീടും തോട്ടവും വാഹനവും. അതിനുമപ്പുറം പോയാല്‍ നേതൃമോഹവും സ്വേച്ഛാധിപത്യവും. അതായത് നായ്ക്കളുടെയും വന്യജീവികളുടെയും മനസ്സ്. മലക്കുകളുടെ മാനസികാവസ്ഥ അവരിലൊരാള്‍ക്കും ഉണ്ടാകില്ല.
ചുരുക്കത്തില്‍, മനസ്സുകള്‍ അഥവാ മനോഗതികള്‍ മൂന്നുവിധമാണ്. നായകളുടെതും വന്യജീവികളുടെതും മലക്കുകളുടെതും. നായ്ക്കളുടെത് എല്ലിന്‍കഷ്ണങ്ങള്‍കൊണ്ടും ശവങ്ങള്‍കൊണ്ടും മാലിന്യങ്ങള്‍കൊണ്ടുമൊക്കെ തൃപ്തിയടയന്നവ. എന്നാല്‍ വന്യജീവികളുടെത് അവകൊണ്ട് തൃപ്തിപ്പെടുകയില്ല. പ്രത്യുത മറ്റുള്ളവരെ അടക്കിഭരിക്കലും ന്യായാന്യായഭേദമില്ലാതെ ഏതുവിധത്തിലായാലും അവരുടെമേല്‍ ആധിപത്യം നേടലുമൊക്കെയാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ മലക്കുകളുടെത് ഇതില്‍നിന്നെല്ലാം ഔന്നത്യം നേടിയതാണ്. അവരുടെ ശ്രദ്ധ പടച്ചവനും പരലോകവും വിശ്വാസവും വിജ്ഞാനവും അല്ലാഹുവിനോടള്ള സ്‌നേഹവും അവനിലേക്കുള്ള ഖേദപ്രകടനവും അവനില്‍ ശാന്തി കണ്ടെത്തലും അവനിലേക്ക് സമാധാനമടയലും അവന്റെ ഇഷ്ടങ്ങള്‍ക്കും തൃപ്തികള്‍ക്കും പ്രാമുഖ്യം നല്‍കലുമൊക്കെയാണ്. ഇഹലോകത്തില്‍നിന്ന് അവര്‍ക്കുവേണ്ടത് സ്രഷ്ടാവും രക്ഷിതാവും ഉടമസ്ഥനുമായ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാനാവശ്യമായത് മാത്രമാണ്. അല്ലാതെ ഐഹികസുഖങ്ങളില്‍ ഇഴുകിച്ചേരാന്‍ അവര്‍ക്ക് താല്‍പര്യമില്ല.
പിന്നീട് അല്ലാഹു മറ്റൊരു ഉപമ വിശദീകരിച്ചിരിക്കുന്നു. അത് തീയിന്റെ ഉപമയാണ്. അല്ലാഹു പറയുന്നു:
وَمِمَّا يُوقِدُونَ عَلَيْهِ فِى ٱلنَّارِ ٱبْتِغَآءَ حِلْيَةٍ أَوْ مَتَٰعٍ زَبَدٌ مِّثْلُهُۥ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْحَقَّ وَٱلْبَٰطِلَ ۚ فَأَمَّا ٱلزَّبَدُ فَيَذْهَبُ جُفَآءً ۖ وَأَمَّا مَا يَنفَعُ ٱلنَّاسَ فَيَمْكُثُ فِى ٱلْأَرْضِ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْأَمْثَالَ
വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍നിന്നും അതുപോലുള്ള നുരയുണ്ടാകുന്നു. അതുപോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു. (ഖു൪ആന്‍:13/17)
‘വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു.’ അതായത് ചെമ്പ്, ഇരുമ്പ്, വെള്ളി, സ്വര്‍ണം പോലെയുള്ള ലോഹങ്ങള്‍ പരിശോധിച്ച് ഗുണമേന്മഉറപ്പുവരുത്താനും അവയിലെ അഴുക്കുകള്‍ നീക്കംചെയ്യാനും വേണ്ടി തീയില്‍ പ്രവേശിപ്പിക്കുന്നു. അപ്പോള്‍ അവയിലെ അഴുക്കുകള്‍ പുറന്തള്ളപ്പെടുകയും ശുദ്ധമായ ലോഹം അവശേഷിക്കുകയും ചെയ്യും. അതാണ് ജനങ്ങള്‍ക്ക് ഉപകരിക്കുന്നത്.
ഈ രണ്ട് ഉപമകളും വിശദീകരിക്കുമ്പോള്‍ അല്ലാഹുവിന് ഉത്തരം ചെയ്യുകയും സന്മാര്‍ഗത്തിലേക്ക് ശ്രദ്ധകൊടുക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചും അവന് ഉത്തരം ചെയ്യാത്തവരും അവന്റെ സന്മാര്‍ഗത്തിന് ശ്രദ്ധകൊടുക്കാത്തവരുമായ ആളുകളെ സംബന്ധിച്ചും അല്ലാഹു പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:
لِلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمُ ٱلْحُسْنَىٰ ۚ وَٱلَّذِينَ لَمْ يَسْتَجِيبُوا۟ لَهُۥ لَوْ أَنَّ لَهُم مَّا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لَٱفْتَدَوْا۟ بِهِۦٓ ۚ أُو۟لَٰٓئِكَ لَهُمْ سُوٓءُ ٱلْحِسَابِ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمِهَادُ
തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിച്ചവര്‍ക്കാണ് ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്. അവന്റെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അത്രയും കൂടിയും അവര്‍ക്ക് ഉണ്ടായിരുന്നാല്‍ പോലും (തങ്ങളുടെ രക്ഷയ്ക്കു വേണ്ടി) അതൊക്കെയും അവര്‍ പ്രായച്ഛിത്തമായി നല്‍കുമായിരുന്നു. അവര്‍ക്കാണ് കടുത്ത വിചാരണയുള്ളത്. അവരുടെ സങ്കേതം നരകമത്രെ. ആ വാസസ്ഥലം എത്ര മോശം!. (ഖു൪ആന്‍:13/18)
ചുരുക്കത്തില്‍ അല്ലാഹു ജീവസ്സ് നിശ്ചയിച്ചിട്ടുള്ളത് പ്രകാശമുള്ളിടത്താണ്. നിര്‍ജീവതയാകട്ടെ ഇരുട്ടത്തും. അതിനാല്‍ ആത്മാവിന്റെയും ജഡത്തിന്റെയും (ശരീരത്തിന്റെയും) ജീവന്‍ പ്രകാശമാണ്. അത് വെളിച്ചത്തിന്റെതെന്നപോലെ ജീവന്റെയും പ്രധാന ഘടകമാണ്. അതില്ലാതെ വെളിച്ചമുണ്ടാകില്ല എന്നപോലെത്തന്നെ അതിന്റെ അഭാവത്തില്‍ ജീവനുമുണ്ടാകില്ല. അതുമൂലമാണ് ഹൃദയം ജീവസ്സുറ്റതാകുന്നതും അതിന് വിശാലതയും ആശ്വാസവും കിട്ടുന്നതും. നബി ﷺ പറഞ്ഞതായി തിര്‍മുദി ഉദ്ധരിക്കുന്നതും അതാണല്ലോ: ‘പ്രകാശം ഹൃദയത്തില്‍ പ്രവേശിച്ചാല്‍ അതിന് വിശാലതയും ആശ്വാസവും കൈവരുന്നു.’ അനുചരര്‍ ചോദിച്ചു: ‘അതിനുള്ള അടയാളമെന്താണ്?’ നബി ﷺ പറഞ്ഞു: ‘ശാശ്വതമായ പരലോകത്തേക്കുള്ള മടക്കബോധവും വഞ്ചനയുടെ ഐഹികജീവിതത്തില്‍നിന്നുള്ള അകല്‍ച്ചയും മരണം വന്നെത്തുന്നതിനു മുമ്പേ അതിനായി തയ്യാറെടുക്കലുമാണ്.’
(ഇമാം തിര്‍മുദിയുടെ ‘ജാമിഇ’ല്‍ ഇപ്രകാരം ഒരു ഹദീഥ് കാണാന്‍ സാധിച്ചിട്ടില്ല. ഇബ്‌നുല്‍ ക്വയ്യിം رحمه الله അല്ലാത്ത ആരെങ്കിലും ഈ റിപ്പോര്‍ട്ട് തിര്‍മുദിയിലേക്ക് ചേര്‍ത്തുപറഞ്ഞതും കണ്ടിട്ടില്ല. ഇബ്‌നുല്‍മുബാറക് തന്റെ ‘സുഹ്ദി’ലും അബ്ദര്‍റസാക്വ് തന്റെ ‘തഫ്‌സീറി’ലും സഈദുബ്‌നു മന്‍സൂര്‍ ‘സുനനി’ലും ഹാകിം ‘മുസ്തദ്‌റകി’ലും ഇത് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്- കുറിപ്പുകാരന്‍).
ഒരു അടിമയുടെ പ്രകാശമാണ് അദ്ദേഹത്തിന്റെ കര്‍മങ്ങളെയും വാക്കുകളെയും അല്ലാഹുവിലേക്ക് കയറ്റിക്കൊണ്ടുപോകുന്നത്. അല്ലാഹുവിലേക്ക് വിശിഷ്ടമായ വനചങ്ങളല്ലാതെ കയറിപ്പോവുകയില്ല. അത് പ്രകാശമാണ്. അതിന്റെ ഉത്ഭവവും പ്രകാശമാണ്. കര്‍മങ്ങളില്‍നിന്നും സല്‍കര്‍മങ്ങളല്ലാതെയും ആത്മാക്കളുടെ കൂട്ടത്തില്‍ വിശുദ്ധമായവയുമല്ലാതെ അവനിലേക്ക് കയറിപ്പോവുകയില്ല. അതായത്, അല്ലാഹു തന്റെ തിരുദൂതര്‍ക്ക് ഇറക്കിക്കൊടുത്ത പ്രകാശത്താല്‍ പ്രശോഭിതമായ സത്യവിശ്വാസികളുടെ ആത്മാക്കളാണത്. അപ്രകാരംതന്നെ പ്രകാശത്താല്‍ പടക്കപ്പെട്ട മലക്കുകളും.
ആഇശ رَضِيَ اللَّهُ عَنْها നബി ﷺ യില്‍നിന്നും ഉദ്ധരിക്കുന്നു: ”മലക്കുകള്‍ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പിശാചുക്കളാകട്ടെ തീയില്‍നിന്നുമാണ് പടക്കപ്പെട്ടത്. ആദം ആകട്ടെ നിങ്ങള്‍ക്ക് വിവരിക്കപ്പെട്ടതില്‍നിന്നും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു”(മുസ്‌ലിം).
മലക്കുകളുടെ സൃഷ്ടിപ്പ് പ്രകാശത്താലായതിനാല്‍ അവരാണ് അല്ലാഹുവിന്റെ അടുക്കലേക്ക് കയറിപ്പോകുന്നത്. അപ്രകാരംതന്നെയാണ് സത്യവിശ്വാസികളുടെ ആത്മാക്കളും. അവരെ മലക്കുകള്‍ ഏറ്റെടുക്കുമ്പോള്‍ അല്ലാഹുവിന്റെ സമക്ഷത്തിങ്കലേക്ക് കയറിപ്പോകും. അങ്ങനെ ആകാശത്തിന്റെ ഓരോ കവാടങ്ങള്‍ അവര്‍ക്കുവേണ്ടി തുറന്നുകൊടുക്കും. ഏഴാനാകാശത്തില്‍ എത്തിക്കഴിഞ്ഞാല്‍ അല്ലാഹുവിന്റെ മുമ്പില്‍ നിറുത്തപ്പെടും. എന്നിട്ട് ‘ഇല്ലിയ്യീനി’ല്‍ അവരുടെ രേഖ കുറിക്കുവാന്‍ കല്‍പനയുണ്ടാകും.
ഈ ആത്മാവ് വിശുദ്ധവും വിമലീകരിക്കപ്പെട്ടതും പ്രകാശപൂരിതവുമായതിനാല്‍ മലക്കുകളോടൊപ്പം അല്ലാഹുവിന്റെ സവിധത്തിലേക്ക് കയറിപ്പോകും. എന്നാല്‍ ഇരുള്‍മുറ്റിയ, മ്ലേച്ഛവും ദുഷിച്ചതുമായ ആത്മാവിനാകട്ടെ ആകാശകവാടങ്ങള്‍ തുറന്നുകൊടുക്കുകയില്ല. അല്ലാഹുവിലേക്ക് കയറിപ്പോവുകയുമില്ല. മറിച്ച് ഒന്നാനാകാശത്തുവെച്ചുതന്നെ അതിനെ തിരസ്‌കരിക്കും. കാരണം അത് മേല്‍പറഞ്ഞ ആത്മാക്കളെപ്പോലെ ഔന്നത്യമുള്ളതല്ല; അധമത്വമുള്ളതാണ്. അപ്പോള്‍ ഓരോ ആത്മാവും അതിന്റെതായ പ്രകൃതത്തിലേക്കും അടിസ്ഥാനത്തിലേക്കും മടങ്ങും. ഇമാം അഹ്മദും അബൂഅവാനയും ഹാകിമും മറ്റും ഉദ്ധരിക്കുന്ന ബറാഇബ്‌നു ആസ്വിബി(റ)ന്റെ ദീര്‍ഘമായ ഒരു ഹദീഥിലൂടെ വിശദമാക്കപ്പെട്ട സംഗതിയാണിത്. പ്രസ്തുത ഹദീഥ് സ്വീകാര്യയോഗ്യമാണ്. ചുരുക്കത്തില്‍ പ്രകാശത്താലുള്ളവയല്ലാത്ത (വാക്കുകളോ പ്രവൃത്തികളോ ആത്മാക്കളോ) അല്ലാഹുവിന്റെയടുത്തേക്ക് കയറിപ്പോകുന്നതല്ല. സൃഷ്ടികളില്‍ ഏറ്റവും വലിയ പ്രകാശത്തിന്റെ ഉടമ അല്ലാഹുവിലേക്ക് ഏറ്റവും അടുത്തതും ഏറ്റവും ആദരണീയനുമായിരിക്കും.
അബ്ദുല്ലാഹിബ്‌നു അംറ്(റ) നബി ﷺ യില്‍നിന്ന് ഉദ്ധരിക്കുന്നു: ”നിശ്ചയം അല്ലാഹു തന്റെ സൃഷ്ടികളെ ഒരുതരം ഇരുട്ടിലാണ് സൃഷ്ടിച്ചത്. എന്നിട്ട് അവരുടെമേല്‍ പ്രകാശം ഇട്ടുകൊടുത്തു. ആര്‍ക്കാണോ ആ പ്രകാശത്തില്‍നിന്ന് ലഭിച്ചത് അവര്‍ സന്മാര്‍ഗം പ്രാപിച്ചു. ആര്‍ക്കത് കിട്ടാതെപോയോ അവര്‍ വഴികേടിലായി.” അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു: ”അതിനാല്‍ ഞാന്‍ പറയട്ടെ, അല്ലാഹുവിന്റെ മുന്‍കൂട്ടിയുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ തീരുമാനമായി” (തിര്‍മുദി, അഹ്മദ്, ഇബ്‌നുഹിബ്ബാന്‍, ഹാകിം).
ഈ മഹത്തായ പ്രവാചകവചനം സത്യവിശ്വാസത്തിന്റെ അടിത്തറകളില്‍പെട്ട ഒരു അടിത്തറയാണ്. ഇതിലൂടെ ക്വദ്‌റിന്റെ (വിധിയുടെ) രഹസ്യങ്ങളുടെ വാതിലുകളും യുക്തിയും തുറന്നുകിട്ടും. അല്ലാഹുവാണ് ഉദവിയേകുന്നവന്‍.
അല്ലാഹു ഇട്ടുകൊടുത്ത ഈ പ്രകാശമാണ് അവര്‍ക്ക് ജീവസ്സുനല്‍കുകയും അവരെ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്തത്. അങ്ങനെ പരിശുദ്ധ പ്രകൃതിക്ക് (ഫിത്വ്‌റത്ത്) അതില്‍നിന്നുള്ള വിഹിതം ലഭിച്ചു. പക്ഷേ, അത് പൂര്‍ണമായും അവര്‍ക്ക് സ്വതന്ത്രമായി ലഭിച്ചില്ല. അതിനാല്‍ അല്ലാഹു അവന്റെ ദൂതന്മാര്‍ക്ക് നല്‍കിയ ദിവ്യബോധന(വഹ്‌യ്)ത്തിലൂടെ അത് പൂര്‍ത്തീകരിച്ചു. അല്ലാഹു കൊടുത്ത ദിവ്യബോധനത്തിന്റെ പ്രകാശം നേരത്തെ നല്‍കപ്പെട്ട പ്രകാശത്തിന്റെ സഹായത്താല്‍ ശുദ്ധപ്രകൃതി കണ്ടെടുക്കുകയും ചെയ്തു. അങ്ങനെ വഹ്‌യിന്റെയും പ്രവാചകത്വത്തിന്റെയും പ്രകാശം ശുദ്ധപ്രകൃതിയുടെ പ്രകാശത്തിലേക്ക് ചേര്‍ന്നു. പ്രകാശത്തിനുമേല്‍ പ്രകാശം! അപ്പോള്‍ ഹൃദയങ്ങള്‍ അതുമുഖേന പ്രകാശിച്ചു. മുഖങ്ങള്‍ അതിലൂടെ പ്രശോഭിതമായി. ആത്മാവുകള്‍ക്ക് ജീവസ്സ് ലഭിക്കുകയും ചെയ്തു. അതിലൂടെ സര്‍വ അവയവങ്ങളും അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് കീഴ്‌പ്പെടുകയും ചെയ്തു. അങ്ങനെ ഹൃദയങ്ങള്‍ക്ക് അതുമുഖേന ജീവസ്സ് ലഭിക്കുകയും അവ ചൈതന്യവത്താവുകയും ചെയ്തു.
പിന്നീട് ആ പ്രകാശം അതിനെക്കാള്‍ മഹത്തരമായ മറ്റൊരു പ്രകാശത്തെ അറിയിച്ചുകൊടുത്തു. അതായത് ഉന്നതമായ വിശേഷണങ്ങളുടെ പ്രകാശം. മറ്റു പ്രകാശങ്ങളെല്ലാം അതിന്റെ മുന്നില്‍ നിഷ്പ്രഭമാകും. ഈമാനിന്റെ അകക്കണ്ണുകള്‍കൊണ്ടാണ് ആ പ്രകാശത്തെ കാണാനാവുക. കണ്ണുകൊണ്ട് കാണാവുന്ന വസ്തുക്കളെ നാം കണ്ണുകൊണ്ട് കാണുന്നപോലെ ഇത് ഹൃദയംകൊണ്ടാണ് കാണുന്നത്. ദൃഢബോധ്യത്തിന്റെ (യക്വീന്‍) മേല്‍ക്കോയ്മകൊണ്ടും ഈമാനിന്റെ യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുന്നതുകൊണ്ടുമാണ് അത് സാധിക്കുന്നത്. അങ്ങനെ ആ അകക്കണ്ണുകൊണ്ട് (ക്വുര്‍ആനും സുന്നത്തും അറിയിച്ചതുപോലെ) അല്ലാഹുവിന്റെ സിംഹാസനത്തിലേക്കും (അര്‍ശ്) അവന്റെ ആരോഹണത്തിലേക്കും (ഇസ്തിവാഅ്) നോക്കിക്കാണുന്നത് പോലെയുണ്ടാകും.
സൃഷ്ടിയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുകയും കല്‍പിക്കുകയും വിരോധിക്കുകയും ചെയ്തുകൊണ്ടും, സൃഷ്ടിക്കുകയും അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ടും, വിധിക്കുകയും അത് നടപ്പില്‍വരുത്തുകയും ചെയ്തുകൊണ്ടും, ചിലര്‍ക്ക് അന്തസ്സും അഭിമാനവും നല്‍കുകയും മറ്റു ചിലരെ ഇകഴ്ത്തുകയും നിന്ദിക്കുകയും ചെയ്തുകൊണ്ടും, രാപകലുകളെ മാറ്റിമറിച്ചുകൊണ്ടും, ദിവസങ്ങളെ ജനങ്ങള്‍ക്കിയില്‍ ഊഴംവെച്ചുകൊണ്ട് മാറ്റിമറിക്കുന്ന, രാജ്യങ്ങളെ മാറ്റിമറിച്ച് ഒന്നിനെ കൊണ്ടുവരികയും മറ്റൊന്നിലെ ഇല്ലാതാക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ പ്രവൃത്തികൡലേക്ക് നോക്കിക്കാണുന്നപോലെയുണ്ടാകും.
മലക്കുകള്‍ അല്ലാഹുവിന്റെ കല്‍പനകളുമായി ഇറങ്ങിവരികയും കയറിപ്പോവുകയും ചെയ്യുന്നു. അവന്റെ കല്‍പനകളും നിര്‍ദേശങ്ങളും ഓരോ സമയത്തിനും സന്ദര്‍ഭത്തിനമനുസരിച്ച് വന്നുകൊണ്ടിരിക്കുകയും ചെയ്യും. അവന്റെ ഉദ്ദേശത്തിനും നിര്‍ദേശത്തിനുമനുസരിച്ച് അവ നടപ്പിലാവുകയും ചെയ്യുന്നതാണ്. അവന്‍ ഉദ്ദേശിക്കുന്നത് ഉദ്ദേശിക്കുന്നപോലെ അതിന്റെതായ സമയത്തിലും കോലത്തിലും യാതൊരുവിധ ഏറ്റവ്യത്യാസങ്ങളുമില്ലാതെ, ഒട്ടും താമസിക്കുകയോ നേരത്തെയാവുകയോ ചെയ്യാതെ യഥാവിധം സംഭവിക്കുന്നു. അവന്റെ കല്‍പനകളും അധികാരങ്ങളും ആകാശങ്ങളിലും ഭൂമിയിലും സര്‍വദിക്കുകളിലും നടപ്പിലാകുന്നു. ഭൂമിയിലും ഭൂമിക്കടിയിലും കടലിലും അന്തരീക്ഷത്തിലും എന്ന് വേണ്ട സര്‍വ ചരാചരങ്ങളിലും അതാണ് നടക്കുന്നത്. അവനാണ് അവയെ മാറ്റിമറിക്കുന്നതും നിയന്ത്രിക്കുന്നതും ഓരോന്നും പുതുതായി ഉണ്ടാക്കുന്നതും. അവയെ സംബന്ധിച്ചെല്ലാമുള്ള സൂക്ഷ്മവും വിശദവുമായ അറിവ് അവന്റെ പക്കലുണ്ട്. എല്ലാറ്റിനെയും അവന്‍ എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ട്. അവന്റെ കാരുണ്യവും യുക്തിയും എല്ലാറ്റിനെയും ഉള്‍ക്കൊണ്ടിരിക്കുന്നു. അവന്റെ കേള്‍വി എല്ലാ ശബ്ദങ്ങളെയും കേള്‍ക്കുന്നു. അവയില്‍ യാതൊന്നും അവന് വിട്ടുപോവുകയോ ആശയക്കുഴപ്പത്തിലാവുകയോ അവ്യക്തമാവുകയോ ഇല്ല. മറിച്ച് വ്യത്യസ്തങ്ങളായ ഭാഷകളിലുള്ള വിവിധങ്ങളായ ആവശ്യങ്ങള്‍ അവന്‍ കേട്ടുകൊണ്ടിരിക്കുന്നു. അത് അവന് യാതൊരു അസ്വസ്ഥതയും പ്രയാസവും സൃഷ്ടിക്കുന്നില്ല. ചോദ്യങ്ങളുടെ ആധിക്യം അവന് ഒരു പിഴവും വരുത്തുന്നില്ല. ആവശ്യക്കാരുടെ നിരന്തരമായ ചോദ്യങ്ങളും അപേക്ഷകളും അവന് യാതൊരു മടുപ്പും അരോചകത്വവുമുണ്ടാക്കുന്നില്ല.
അവന്റെ കാഴ്ച സര്‍വവസ്തുക്കളെയും വലയംചെയ്തിരിക്കുന്നു. കൂരാകൂരിരുട്ടില്‍ കറുത്തപാറയിലൂടെ അരിച്ചുനീങ്ങുന്ന കറുത്ത ഉറുമ്പുകളുടെ ചലനവും അവന്‍ കാണുന്നു. അദൃശ്യം അവന്റെ പക്കല്‍ ദൃശ്യമാണ്. രഹസ്യങ്ങള്‍ അവനെ സംബന്ധിച്ചിടത്തോളം പരസ്യങ്ങളാണ്. മറച്ചുവെക്കുന്നതും രഹസ്യമാക്കുന്നതുമെല്ലാം അവന്‍ അറിയുന്നു. ഒരാളുടെ മനസ്സില്‍ തോന്നുന്നതും ഒളിപ്പിക്കുന്നതും നാവിലൂടെ ഉരിയാടാത്തതുമായ രഹസ്യങ്ങള്‍ (സിര്‍റുകള്‍) അവന്‍ അറിയും. അതിനെക്കാള്‍ ഗോപ്യമായ, മനസ്സിലിതുവരെ തോന്നുകപോലും ചെയ്യാത്ത കാര്യങ്ങള്‍ -ഇന്നിന്ന കാര്യങ്ങള്‍ ഇന്നാലിന്ന സമയത്ത്അവരുടെ മനസ്സില്‍ തോന്നും എന്നതടക്കം- അവന്‍ അറിയുന്നു.
അവന്നാണ് സൃഷ്ടിപ്പും കല്‍പനാധികാരവും.അവന്നാകുന്നു സര്‍വാധിപത്യവും സര്‍വ സ്തുതികളും. അവന്റെതാണ് ഈ ലോകവും പരലോകവും. സര്‍വ അനുഗ്രഹങ്ങളും ശ്രേഷ്ഠതകളും അവന്റെതാകുന്നു. അവനുള്ളതാണ് ഏറ്റവും നല്ല കീര്‍ത്തനങ്ങള്‍. അവന്നാകുന്നു സര്‍വതിന്റെയും ഉടമസ്ഥതയും ആധിപത്യവും. എല്ലാവിധ സ്തുതികീര്‍ത്തനങ്ങളും അവന് അവകാശപ്പെട്ടതാണ്. അവന്റെ കൈയിലാണ് സര്‍വ നന്മകളും. എല്ലാ കാര്യങ്ങളും മടങ്ങുന്നത് അവന്റെയടുക്കലേക്കാണ്. അവന്റെ ശക്തിമാഹാത്മ്യങ്ങള്‍ എല്ലാറ്റിനെയും ഉള്‍ക്കൊണ്ടിരിക്കുന്നു. അവന്റെ കാരുണ്യം എല്ലാറ്റിനെയും വലയം ചെയ്തിരിക്കുന്നു. ജീവനുള്ള എല്ലാറ്റിലും അവന്റെ അനുഗ്രഹം വിശാലമായിരിക്കുന്നു. ക്വുര്‍ആന്‍ പറയുന്നു: ”ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു” (55:29).
അവന്‍ പാപം പൊറുക്കുന്നു. സങ്കടം നീക്കുന്നു. ദുരിതമകറ്റുന്നു പ്രയാസങ്ങള്‍ പരിഹരിക്കുന്നു. ദരിദ്രനെ ധനികനാക്കുന്നു. അറിവില്ലാത്തവന് അറിവു നല്‍കുന്നു. വഴിതെറ്റി ഉഴറുന്നവന് വഴികാണിക്കുന്നു. വഴികേടിലകപ്പെട്ടവനെ സന്മാര്‍ഗത്തിലാക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നു, ആശ്വാസം നല്‍കുന്നു. വിശക്കുന്നവരുടെ വയറുനിറക്കുന്നു. വസ്ത്രമില്ലാത്തവരെ വസ്ത്രം ധരിപ്പിക്കുന്നു. രോഗിക്ക് ശമനം നല്‍കുന്നു. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അവന്‍ സ്വീകരിക്കുന്നു. നന്മചെയ്യുന്നവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കുന്നു. മര്‍ദിതനെ സഹായിക്കുന്നു. ധിക്കാരികളെ അടക്കിനിര്‍ത്തുന്നു. വീഴ്ചകള്‍ പൊറുക്കുന്നു. ന്യൂനതകള്‍ മറച്ചുവെക്കുന്നു. ഭീതിതര്‍ക്ക് നിര്‍ഭയത്വം നല്‍കുന്നു. ചിലര്‍ക്ക് അവന്‍ പദവികളുയര്‍ത്തുകയും ചിലരുടെ പദവികള്‍ താഴ്ത്തുകയും ചെയ്യുന്നു.
അവന്ന് ഉറക്കമില്ല. ഉറക്കമെന്നത് അവന് ചേര്‍ന്നതല്ല. അവന്‍ നീതി നടപ്പിലാക്കുന്നു. രാത്രിയിലെ കര്‍മങ്ങള്‍ പകലിനു മുമ്പായും പകലിലെ പ്രവൃത്തികള്‍ രാത്രിക്കുമുമ്പായും അവനിലേക്ക് ഉയര്‍ത്തപ്പെടുന്നു. അവന്റെ മറ പ്രകാശമാകുന്നു. ആ മറ നീക്കിയാല്‍ അവന്റെ തിരുമുഖത്തിന്റെ ഒളി കണ്ണെത്തും ദൂരത്തുള്ള സര്‍വ സൃഷ്ടികളെയും കരിച്ചുകളയുന്നതാണ്.
അവന്റെ കൈകള്‍ നിറഞ്ഞതാണ്. ചെലവഴിക്കുന്നതുകൊണ്ട് അതില്‍ കുറവുവരുന്നില്ല. രാപകലുകള്‍ ഭേദമന്യെ ഔദാര്യം ചെയ്യുന്ന അത്യുദാരനാണവന്‍. സൃഷ്ടികളെ സൃഷ്ടിച്ചതുമുതല്‍ അവന്‍ നല്‍കിക്കൊണ്ടിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? എന്നിട്ടും അവന്റെ കൈകളിലുള്ളത് തീര്‍ന്നുപോയിട്ടില്ല.
അടിമകളുടെ ഹൃദയങ്ങളും അവരുടെ മൂര്‍ധാവുകളും അവന്റെ കയ്യിലാണ്. കാര്യങ്ങളുടെ കടിഞ്ഞാണുകള്‍ അവന്റെ ക്വദാക്വദ്‌റുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അന്ത്യദിനത്തില്‍ ഭൂമിമുഴുവന്‍ അവന്റെ പിടുത്തത്തിലായിരിക്കും. ആകാശങ്ങളും അവന്റെ കയ്യില്‍ ചുരുട്ടിപ്പിടിക്കും. ആകാശങ്ങളെയെല്ലാം ഒരു കയ്യിലും ഭൂമിയെ ഒരു കയ്യിലുമായി അവന്‍ പിടിക്കും. എന്നിട്ട് അവയെ കുലുക്കിക്കൊണ്ട് അവന്‍ പറയും: ”ഞാനാണ് രാജാധിരാജന്‍. ഞാനാണ് യഥാര്‍ഥ ഉടമസ്ഥന്‍. ഞാനാണ് ഈ ലോകത്തെ ഉണ്ടാക്കിയത്. അത് ഒന്നുമെ ആയിരുന്നില്ല. ഞാനാണ് അതിനെ ആദ്യത്തേതുപോലെ പുനഃസൃഷ്ടിക്കുന്നതും.”
ഏത് പാപം പൊറുക്കാനും അവന് പ്രയാസമില്ല. ഏത് ആവശ്യം അവനോടു ചോദിച്ചാലും അത് നല്‍കാനും അവന് ബുദ്ധിമുട്ടില്ല.
ആകാശ ഭൂമികളിലെ സര്‍വരും ആദ്യ സൃഷ്ടി മുതല്‍ അവസാന സൃഷ്ടിവരെ എല്ലാവരും മനുഷ്യരും ജിന്നുവര്‍ഗവും ആസകലം അവരില്‍ ഏറ്റവും ഭക്തനായ ഒരാളുടെ മനസ്സുപോലെ ആയിരുന്നാലും അത് അവന്റെ ആധിപത്യത്തില്‍ യാതൊരു വര്‍ധനവുമുണ്ടാക്കുകയില്ല.
ഇനി എല്ലാവരും, അതായത് ആദ്യത്തെയാള്‍ മുതല്‍ അവസാനത്തെയാള്‍വരെയും ജിന്നുകളുമെല്ലാം ഏറ്റവും ദുര്‍മാര്‍ഗിയായ ഒരാളുടെ മനസ്സുപോലെ ആയിരുന്നാലും അത് അവന്റെ ആധിപത്യത്തില്‍നിന്ന് യാതൊരു കുറവും വരുത്തുകയില്ല.
ആകാശഭൂമികളിലെ സര്‍വരും മനുഷ്യരും ജിന്നുകളും അവരില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും എല്ലാവരും ഒരു സ്ഥലത്ത് അണിനിരന്നുകൊണ്ട് അവനോട് അവരുടെ ആവശ്യങ്ങള്‍ ചോദിക്കുകയും അവര്‍ക്കോരോരുത്തര്‍ക്കും അവര്‍ ചോദിച്ചതെല്ലാം നല്‍കുകയും ചെയ്താലും അവന്റെ പക്കലുള്ളതില്‍നിന്നും ഒരു അണുമണിത്തൂക്കം പോലും അത് കുറവു വരുത്തുകയില്ല.
ദുനിയാവ് ഉണ്ടായതുമതല്‍ അത് അവസാനിക്കുന്നതുവരെയുള്ള, ഭൂമിയിലെ മരങ്ങളെല്ലാം പേനകളും സമുദ്രങ്ങള്‍ക്കു പുറമെ വേറെയും ഏഴു സമുദ്രങ്ങള്‍ മഷിയായി എടുക്കുകയും എന്നിട്ട് ആ പേനകള്‍കൊണ്ടും മഷികൊണ്ടും എഴുതുകയും ചെയ്താല്‍ പേനകള്‍ നശിക്കുകയും മഷിതീരുകയും ചെയ്യുമെന്നല്ലാതെ അത്യുന്നതനും അനുഗ്രഹപൂര്‍ണനുമായ അല്ലാഹുവിന്റെ വചനങ്ങള്‍ തീരുകയില്ല.
എങ്ങനെയാണ് അവന്റെ വചനങ്ങള്‍ അവസാനിക്കുക; അതിന് തുടക്കമോ ഒടുക്കമോ ഇല്ല എന്നിരിക്കെ? സൃഷ്ടികള്‍ക്കാകട്ടെ ഒരു തുടക്കവും ഒടുക്കവുമുണ്ട്. അപ്പോള്‍ അവയ്ക്ക് അന്ത്യവും നാശവും സ്വാഭാവികമാണ്. സൃഷ്ടി സൃഷ്ടിയെയല്ലാതെ സ്രഷ്ടാവിനെ എങ്ങനെയാണ് ഇല്ലാതാക്കുക?
അവന്‍ ആദ്യമേയുള്ളവനാണ്. അവനുമുമ്പ് യാതൊന്നുമില്ല. അവന്‍ അന്തിമനുമാണ്. അവനുശേഷം യാതൊന്നുമില്ല. അവന്‍ എല്ലാറ്റിനെയും അതിജയിക്കുന്നവനാണ്. അവന്റെ മീതെ യാതാന്നുമില്ല. അവന്‍ ഏറെ നിഗൂഢതയുള്ളവനാണ്. അവനെക്കാള്‍ നിഗൂഢതയുള്ള യാതൊന്നുമില്ല. (അതായത് സര്‍വതിന്റെയും അകവും പുറവും നിഗൂഢതയുമെല്ലാം അവന്‍ അറിയുന്നു. അവനെ പൂര്‍ണമായി അറിഞ്ഞ് ഉള്‍കൊള്ളാന്‍ സൃഷ്ടികള്‍ക്കാര്‍ക്കും കഴിയില്ല. അവന്റെ സൃഷ്ടികളിലൂടെയും പ്രവൃത്തികളിലൂടെയുമൊക്കയാണ് അവനെ മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയുക എന്ന് സാരം-വിവര്‍ത്തകന്‍). അവന്‍ അത്യുന്നതനും അനുഗ്രഹപൂര്‍ണനുമാകുന്നു. സ്മരിക്കപ്പെടുവാന്‍ ഏറ്റവും കടപ്പെട്ടവനും അര്‍ഹനുമാണവന്‍. ആരാധിക്കപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍. സ്തുതിക്കപ്പെടാന്‍ ഏറ്റവും യോഗ്യതയുള്ളവന്‍. നന്ദിയര്‍പ്പിക്കാന്‍ ഏറ്റവും ബാധ്യതപ്പെട്ടവന്‍. തേടുന്നവരെ ഏറ്റവും നന്നായി സഹായിക്കുന്നവന്‍. തന്റെ അധീനതയിലുള്ളവരോട് ഏറ്റവുമധികം കനിവും ദയയുമുള്ളവന്‍. ചോദിക്കപ്പെടുന്നവരില്‍ ഏറ്റവും ഉദാരതയുള്ളവന്‍. കഴിവുണ്ടായിരിക്കെ ഏറ്റവുമധികം മാപ്പുനല്‍കുന്നവന്‍. ലക്ഷ്യമാക്കി ചെയ്യുന്നവരില്‍ ഏറ്റവും മാന്യനും അത്യുദാരനുമാണവന്‍. ശിക്ഷാനടപടി സ്വീകരിക്കുന്നവരില്‍ ഏറ്റവും നീതിമാനുമാണവന്‍.
അറിഞ്ഞുകൊണ്ടാണ് അവന്റെ വിധിയും തീരുമാനങ്ങളും. കഴിവുണ്ടായിരിക്കെയാണ് അവന്റെ വിട്ടുവീഴ്ചയും മാപ്പാക്കലും. അജയ്യതയോടെയും പ്രതാപത്തോടെയുമാണ് അവന്‍ പൊറുത്തുകൊടുക്കുന്നത്. അവന്‍ കൊടുക്കാതിരിക്കുന്നതും ചില യുക്തിരഹസ്യങ്ങളാലാണ്. അവന്റെ അടുപ്പവും രക്ഷയും അവന്റെ കാരുണ്യത്തിന്റെയും നന്മയുടെയും ഭാഗമാണ്.
”അടിയാറുകള്‍ക്ക് അവന്റെ പക്കല്‍ അനിവാര്യമായും കിട്ടേണ്ട യാതൊരു അവകാശവും യാതൊരു പ്രയത്‌നവും അവന്റെയടുക്കല്‍ പാഴായിപ്പോ()കുന്നതുമല്ല. അവര്‍ ശിക്ഷിക്കപ്പെടുന്നുവെങ്കില്‍ അത് അവന്റെ നീതിമൂലമാണ്. അതല്ല അവര്‍ക്ക് സുഖാസ്വാദനങ്ങള്‍ നല്‍കപ്പെടുകയാണെങ്കില്‍ അത് അവന്റെ ഔദാര്യത്താലുമാണ്. അവന്‍ അത്യുദാരനും അതിവിശാലതയുള്ളവനുമാണ്” (ഇബ്‌നുല്‍ ക്വയ്യിം رحمه الله തന്നെ തന്റെ ‘മദാരിജുസ്സാലികീന്‍,’ ‘അക്വ്‌സാമുല്‍ ക്വുര്‍ആന്‍,’ ‘ബദാഇഉല്‍ ഫവാഇദ്,’ ‘ത്വരീക്വുല്‍ ഹിജ്‌റതൈന്‍’ മുതലായ ഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചുള്ള പദ്യശകലങ്ങളാണിവ).
അവന്‍ യാതൊരു പങ്കുകാരനുമില്ലാത്ത രാജാധിരാജനാണ്. സമന്മാരില്ലാത്ത അതുല്യനാണ്. അതിജയിക്കാനാരുമില്ലാത്ത ധന്യനാണ്. സന്താനങ്ങളോ ഇണയോ ആവശ്യമില്ലാത്ത, സകലരുടെയും ആശ്രയമായിട്ടുള്ളവനും പരാശ്രയമുക്തനുമാണവന്‍. തുല്യരില്ലാത്ത അത്യുന്നതനാണ്. അവന്ന് പേരൊത്തവരായിട്ട് ആരുമില്ല. അവനല്ലാത്ത എല്ലാം നശിക്കുന്നതാണ്. അവന്റെ അധികാരമല്ലാത്ത സര്‍വ അധികാരങ്ങളും ആധിപത്യങ്ങളും അവസാനിക്കുന്നതാണ്. അവന്‍ നല്‍കുന്ന തണലല്ലാതെ സര്‍വ തണലുകളും നഷ്ടപ്പെടുന്നതാണ്. അവന്റെ ഔദാര്യമല്ലാത്ത മറ്റെല്ലാ ഔദാര്യവും നിലച്ചുപോകുന്നതാണ്.
അവന്റെ പ്രത്യേകമായ കാരുണ്യംകൊണ്ടും അനുഗ്രഹംകൊണ്ടുമാണ് അവനെ വഴിപ്പെട്ട് ജീവിക്കാന്‍ സാധിക്കുന്നത്. അവനെ ആരെങ്കിലും ധിക്കരിക്കുന്നത് അവന്റെ അറിവോടും അവന്റെ യുക്തിക്കനുസരിച്ചുമാണ്. അവന് വഴിപ്പെടുന്നവര്‍ക്ക് അവന്‍ കൃതജ്ഞത ചെയ്യുന്നു. അവനോട് അനുസരണക്കേട് കാണിക്കുന്നവര്‍ക്ക് അവന്‍ വിട്ടുവീഴ്ച ചെയ്യുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അവന്റെ പക്കല്‍ നിന്നുള്ള ഏതൊരു ശിക്ഷാനടപടിയും നീതിയുക്തമാണ്. അവനില്‍നിന്നുള്ള ഏതൊരു അനുഗ്രഹവും അവന്റെ ഔദാര്യമാണ്. ഏറ്റവും അടുത്ത സാക്ഷിയും ഏറ്റവും സമീപസ്ഥനായ സംരക്ഷകനുമാണവന്‍. മനുഷ്യര്‍ക്കു മുമ്പില്‍ അവനെ ഈ ലോകത്തുവെച്ച് കാണാത്തവിധം അവന്‍ മറയിട്ടിരിക്കുന്നു. അവരുടെ മൂര്‍ധാവുകളില്‍ അവന്‍ പിടിച്ചിരിക്കുന്നു. കര്‍മങ്ങളുടെ അനന്തരഫലങ്ങള്‍ രേഖപ്പെടുത്തുന്നു. ഓരോന്നിന്റെയും അവധി അവന്‍ നിശ്ചയിച്ചിരിക്കുന്നു. ഹൃദയങ്ങള്‍ അവനുവേണ്ടി ഒഴിഞ്ഞിരിക്കുന്നതാണ്. രഹസ്യങ്ങള്‍ അവന്റെയടുക്കല്‍ പരസ്യങ്ങളാണ്. അദൃശ്യങ്ങള്‍ അവന്റെ പക്കല്‍ ദൃശ്യങ്ങളാണ്. അനുഗ്രഹങ്ങള്‍ വര്‍ഷിക്കാനും ശിക്ഷ നല്‍കാനും അവന്റെ ഒരു വാക്ക് മതി.
മഹത്തായ ഈ ഗുണവിശേഷണങ്ങളുടെ പ്രകാശം ഏതെങ്കിലും ഹൃദയത്തില്‍ ഉദയം ചെയ്താല്‍ മറ്റെല്ലാ പ്രകാശങ്ങളും അതിന്റെ മുമ്പില്‍ നിഷ്പ്രഭമാവും. ഇതിന്റെ അപ്പുറത്തുള്ളത് ഒരാളുടെ മനസ്സിലും കോലപ്പെടുത്താനാവത്തതും വാചകങ്ങള്‍കൊണ്ട് അവതരിപ്പിക്കാന്‍ പറ്റാത്തതുമാണ്.
ചുരുക്കത്തില്‍, ദിക്ര്‍ മനുഷ്യന്റെ ഹൃദയത്തെയും മുഖത്തെയും അവയവങ്ങളെയും പ്രകാശിപ്പിക്കും. അത് ഒരു ദാസന്റെ ദുന്‍യാവിലെയും മരണാനന്തരമുള്ള ബര്‍സഖീലോകത്തെയും ശേഷമുള്ള പരലോകത്തെയും പ്രകാശമാണ്.
ഒരാളുടെ ഹൃദയത്തിലുള്ള ഈമാനിന്റെ പ്രകാശത്തിനനുസരിച്ച് അയാളുടെ വാക്കുകളും പ്രവൃത്തികളും പുറത്തേക്കുവരും. അവയ്ക്ക് ഈമാനിന്റെ പ്രകാശവും തെളിവും ഉണ്ടാകും. സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചിലരുടെ കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് കയറിപ്പോകുമ്പോള്‍ അത് സൂര്യന്റെ പ്രകാശം പോലെയായിരിക്കും. അപ്രകാരംതന്നെ അയാളുടെ ആത്മാവിന്റെ പ്രകാശവും. അത് അല്ലാഹുവിന്റെ അടുക്കല്‍ ചെന്നാല്‍ ഇതുപോലെയായിരിക്കും. അതേപോലെ നാളെ പരലോകത്ത് സ്വിറാത്ത് പാലത്തിലൂടെ കടന്നുപോകുമ്പോഴും അയാളുടെ മുമ്പില്‍ പ്രകാശമുണ്ടാകും. അന്ത്യനാളില്‍ അദ്ദേഹത്തിന്റെ മുഖത്തിന്റെ പ്രകാശവും ഇങ്ങനെയായിരിക്കും. അല്ലാഹുവിനോടാണ് സഹായം തേടാനുള്ളത്. അവനിലാണ് ഭരമേല്‍പിക്കുന്നത്.
(37) നിശ്ചയം കാര്യങ്ങളില്‍വെച്ച് മുഖ്യമായത് ‘ദിക്ര്‍’ ആകുന്നു. എല്ലാ വിഭാഗത്തിന്റെയും മാര്‍ഗവും വിലായത്തിന്റെ ഖ്യാതിയും അതാണ്. അതിന്റെ വാതില്‍ ആര്‍ക്കെങ്കിലും തുറന്നുകിട്ടിയാല്‍ അല്ലാഹുവിന്റെ അടുക്കലേക്ക് കടന്നുചെല്ലാനുള്ള കവാടമാണ് അയാള്‍ക്ക് അതിലൂടെ തുറന്നുകിട്ടുന്നത്. അതിനാല്‍ അയാള്‍ ശുദ്ധിവരുത്തുകയും തന്റെ റബ്ബിന്റെ അടുക്കലേക്ക് കടന്നുചെല്ലുകയും ചെയ്യട്ടെ. അപ്പോള്‍ (അവന്റെയടുക്കല്‍) അയാള്‍ക്ക് ആഗ്രഹിച്ചതെല്ലാം കണ്ടെത്താന്‍ കഴിയും. റബ്ബിനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ എല്ലാം നേടിയെടുക്കാന്‍ അയാള്‍ക്ക് സാധിക്കും. റബ്ബിനെ നഷ്ടപ്പെട്ടാല്‍ സര്‍വവും നഷ്ടപ്പെടുകയും ചെയ്യും.
(38) നിശ്ചയം, ഹൃദയത്തില്‍ ഒരു വിടവും ഒരു ദാരിദ്ര്യവുമുണ്ട്. അല്ലാഹുവിനെ കുറിച്ചുള്ള ‘ദിക്ര്‍’കൊണ്ടല്ലാതെ അത് പരിഹരിക്കാന്‍ സാധിക്കുകയേ ഇല്ല. ഹൃദയത്തിന്റെ അടയാളമായി (ശിആര്‍) ‘ദിക്ര്‍’ മാറിയാല്‍ അതായത്, ഹൃദയംതൊട്ടുള്ള ദിക്‌റിന്റെ വക്താവായി അയാള്‍ മാറുകയും നാവ് അതിനെ അനുഗമിക്കുകയും ചെയ്താല്‍, അതാണ് പ്രസ്തുത വിടവ് നികത്തുന്നതും ദാരിദ്ര്യം ഇല്ലാതാക്കി ഐശ്വര്യം നല്‍കുന്നതുമായ ദിക്ര്‍. അപ്പോള്‍ അങ്ങനെയുള്ള ദിക്‌റിന്റെ വക്താവ് സമ്പത്തില്ലാതെതന്നെ സമ്പന്നനാകും. ബന്ധുക്കളില്ലെങ്കിലും അയാള്‍ പ്രതാപിയാകും. അധികാരമില്ലെങ്കിലും അയാളോട് മറ്റുള്ളവര്‍ക്ക് ബഹുമാനാദരവുകളുണ്ടാവും. എന്നാല്‍ അല്ലാഹുവിനെ കുറിച്ചുള്ള ദിക്‌റില്‍നിന്നകന്ന് അശ്രദ്ധനായി കഴിയുന്ന ആളാണെങ്കില്‍ നേരെ വിപരീതമായിരിക്കും അയാളുടെ സ്ഥിതി. ധാരാളം സ്വത്തുവകകളുണ്ടായിരുന്നാലും അയാള്‍ ദരിദ്രനായിരിക്കും. അധികാരമുള്ളതോടൊപ്പം നിന്ദ്യനും ബന്ധുമിത്രാദികളുടെ ബാഹുല്യമുണ്ടെങ്കിലും അന്തസ്സും പ്രതാപവും ഇല്ലാത്തവനുമായിരിക്കും അയാള്‍.
(39) തീര്‍ച്ചയായും ദിക്ര്‍ ഛിന്നഭിന്നമായതിനെ കൂട്ടിയോജിപ്പിക്കുകയും വേറെചില കൂടിച്ചേരലുകളെ ഛിന്നഭിന്നമാക്കിക്കളയുകയും ചെയ്യും. അകന്നുനില്‍ക്കുന്ന ചിലതിനെ അടുപ്പിക്കുകയും അടുത്തുനില്‍ക്കുന്ന ചിലതിനെ അകറ്റിക്കളയുകയും ചെയ്യും. ഒരാളുടെ മനസ്സില്‍ ചിന്നിച്ചിതറിക്കിടക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങളെയും അഭിലാഷങ്ങളെയും തീരുമാനങ്ങളെയും അത് യോജിപ്പിക്കും. ഏറ്റവും വലിയ ദുരിതം എന്നു പറയുന്നത് അവയുടെ കുത്തഴിഞ്ഞ ഈ ചിതറിക്കിടക്കലാണ്. ശരിയായ ജീവിതവും സുഖാസ്വാദനവും ഹൃദയത്തിന്റെയും ഉന്നതാഭിലാഷങ്ങളുടെയും ഉദ്ദേശ്യങ്ങളുടെയുമൊക്കെ കെട്ടുറപ്പിലും യോജിപ്പിലുമാണ്.
ഒരാളുടെ മുന്നില്‍ ഒത്തുകൂടിയ സങ്കടങ്ങെളയും ദുഃഖങ്ങളെയും ആഗ്രഹിച്ചതും കൊതിച്ചതുമൊക്കെ കിട്ടാതെപോയതിലുള്ള നഷ്ടങ്ങളെയും ഖേദങ്ങളെയും കുറിച്ചുള്ള അസ്വസ്ഥതകളെയുമെല്ലാം ‘ദിക്ര്‍’ തകര്‍ത്ത് ദൂരെക്കളയും.
അതേപോലെ തന്റെ ചുറ്റിലും ഒരുമിച്ചുകൂടിയ പാപങ്ങളെയും തെറ്റുകുറ്റങ്ങളെയുമെല്ലാം അയാളില്‍ നിന്ന് അത് തകര്‍ത്ത് ശിഥിലമാക്കും. അങ്ങനെ അവയെല്ലാം അയാളില്‍നിന്ന് കൊഴിഞ്ഞുവീണ് തകര്‍ന്ന് ഇല്ലാതായിത്തീരും. അപ്രകാരംതന്നെ അയാള്‍ക്കുനേരെ യുദ്ധം ചെയ്യാനൊരുങ്ങി സംഘടിച്ചെത്തിയ പിശാചിന്റെ സൈന്യത്തെ അത് തകര്‍ത്തെറിയും. ഇബ്‌ലീസ് തന്റെതായ ഓരോ സംഘത്തെയും ഒന്നിനു പിന്നാലെ മറ്റൊന്നായി പറഞ്ഞയച്ചുകൊണ്ടേയിരിക്കും. അല്ലാഹുവിനോട് ഏറ്റവും ശക്തമായി തേടിക്കൊണ്ടിരിക്കുകയും അവനെ ഏറ്റവും ശക്തമായി അവലംബിക്കുകയും ആശ്രയിക്കുകയും അവനുമായി ബന്ധം സുദൃഢമാക്കുകയും ചെയ്യുമ്പോള്‍ നന്മയുടെ വിഭവങ്ങള്‍ ഒരു അടിമയുടെ പക്കല്‍ കൂടുന്നതിനനനുസരിച്ച് ഇബ്‌ലീസിന്റെ സംഘങ്ങള്‍ അധികരിക്കുകയും ശക്തമാവുകയും ചെയ്യും. ഈ സംഘങ്ങളെയും സന്നാഹങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ നിരന്തരമുള്ള ദിക്‌റിനോളം ഫലപ്രദമായ മറ്റു വഴികളില്ല.
അകന്നുനില്‍ക്കുന്നതിനെ ‘ദിക്ര്‍’ അടുപ്പിക്കുമെന്ന് പറഞ്ഞത്; പിശാച് ഒരു അടിമയില്‍നിന്ന് അകറ്റി നിര്‍ത്തിക്കൊണ്ടിരിക്കുന്ന പരലോകചിന്തകളെയും മോഹങ്ങളെയും ദിക്ര്‍ അയാളിലേക്ക് അടുപ്പിച്ചുകൊണ്ടുവരുമെന്നതിനെ കുറിച്ചാണ്. ദിക്‌റുകള്‍കൊണ്ട് നാവും മനസ്സും നിരന്തരമായി നിറഞ്ഞുനില്‍ക്കുമ്പോള്‍ അയാള്‍ ആ സ്വര്‍ഗത്തിനടുത്തെത്തി അതില്‍ പ്രവേശിച്ചതുപോലെയായിരിക്കും. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ദുന്‍യാവ് വളരെ ചെറുതായിരിക്കും. പരലോകം അയാളുടെ ഹൃദയത്തില്‍ ഏറ്റവും വലുതാവുകയും ചെയ്യും.
അടുത്തതിനെ അകറ്റും എന്ന് പറഞ്ഞത് ദുന്‍യാവിനെ കുറിച്ചാണ്. പരലോകത്തെക്കാള്‍ ഒരാളോട് അടുത്തുള്ളത് ഇഹലോകമാണല്ലോ. ഒരാളുടെ ഹൃദയത്തോട് പരലോകചിന്ത എത്രകണ്ട് അടുക്കുന്നുവോ അത്രകണ്ട് ദുന്‍യാവിനെ കുറിച്ചുള്ള മോഹങ്ങള്‍ അകന്നുപോയിക്കൊണ്ടിരിക്കും. പരലോകത്തോടടുക്കുവാനും ദുന്‍യാവിനോടകലുവാനും നിരന്തരമായ ‘ദിക്ര്‍’ കൊണ്ടല്ലാതെ സാധിക്കുകയില്ല. അല്ലാഹുവാണ് സഹായിക്കേണ്ടവന്‍.
(40) നിശ്ചയം, ദിക്ര്‍ ഹൃദയത്തെ അതിന്റെ ഉറക്കില്‍നിന്നും വിളിച്ചുണര്‍ത്തും. ആലസ്യത്തില്‍ നിന്നും തട്ടിയുണര്‍ത്തും. ഹൃദയം ഉറക്കത്തിലായാല്‍ കച്ചവടങ്ങളും ലാഭങ്ങളും ഇല്ലാതാവും. പിന്നെ മിക്കവാറും അയാള്‍ക്ക് നഷ്ടം തന്നെയായിരിക്കും ഉണ്ടാവുക. എന്നാല്‍ അയാള്‍ ഉണര്‍ന്നെണീറ്റ് തന്റെ ഉറക്കത്തിലൂടെ നഷ്ടമായതിനെ കുറിച്ച് തിരിച്ചറിഞ്ഞാല്‍ അരയും തലയും മുറുക്കി അയാള്‍ പരിശ്രമിക്കും. തന്റെ ശേഷിക്കുന്ന ആയുസ്സിനെ അയാള്‍ സജീവമാക്കും. തനിക്ക് നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍ ശ്രമിക്കും. ദിക്ര്‍ കൊണ്ടല്ലാതെ പ്രസ്തുത ഉണര്‍വ്വും ഊര്‍ജവും ലഭിക്കുകയില്ല. ദിക്‌റില്‍നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധയാകട്ടെ അത് ഗാഢനിദ്രയാണ്.
(41) സാത്വികരായ ആളുകള്‍ ഉത്സാഹം കാണിച്ചതായ ഉന്നത അവസ്ഥകളും മഹത്തായ അറിവുകളും കായ്ക്കുന്ന ഫലവത്തായ വൃക്ഷമാണ് ‘ദിക്ര്‍.’ ദിക്‌റാകുന്ന പ്രസ്തുത മരത്തില്‍നിന്നല്ലാതെ ആ ഫലങ്ങള്‍ നേടാന്‍ മറ്റു വഴികളില്ല. ആ വൃക്ഷത്തിന്റെ മുരട് ശക്തമായി ഉറക്കുകയും അത് വളര്‍ന്നു വലുതാവുകയും ചെയ്യുമ്പോള്‍ അത് ഏറ്റവും നല്ല ഫലം നല്‍കും. തൗഹീദിലേക്കുള്ള ഉണര്‍വും ഉന്മേഷവും പോലുള്ള ഉന്നതമായ സ്ഥാനങ്ങളെല്ലാം ദിക്ര്‍ സമ്മാനിക്കും. അതാണ് എല്ലാ സ്ഥാനങ്ങളുടെയും അടിത്തറ. എല്ലാ സ്ഥാനമാനങ്ങളും പടുത്തുയര്‍ത്തുന്ന അസ്തിവാരവും അതാണ്. ഏതൊരു മതില്‍ക്കെട്ടും അതിന്റെതായ അസ്തിവാരത്തില്‍ പടുത്തുയര്‍ത്തുന്നത് പോലെ. ആ ഭിത്തിക്ക് മേലെയാണല്ലോ പിന്നീട് അതിന്റെ മേല്‍ക്കൂരയും നില്‍ക്കുന്നത്. അതായത് ഒരാള്‍ തന്റെ ആലസ്യത്തില്‍നിന്ന് ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍ തനിക്ക് സഞ്ചരിക്കേണ്ടതായ വഴികള്‍ താണ്ടാന്‍ അയാള്‍ക്ക് കഴിയുകയില്ല. മുമ്പ് പറഞ്ഞതുപോലെ ആ ഉണര്‍ന്നെഴുന്നേല്‍പിന് ദിക്‌റിലൂടെയല്ലാതെ സാധിക്കുകയില്ല. ദിക്‌റില്‍നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധ (ഗഫ്‌ലത്ത്) ഹൃദയത്തിന്റെ ഉറക്കമോ അല്ലെങ്കില്‍ അതിന്റെ മരണമോ ആണ്.
(42) ദിക്ര്‍ ചെയ്യുന്നവന്‍ ദിക്ര്‍ ചെയ്യപ്പെടുന്നവനോട് (അല്ലാഹുവിനോട്) ഏറെ അടുത്തയാള്‍ ആയിരിക്കും. അല്ലാഹു അയാളുടെ കൂടെയുണ്ടാകും. ഈ ‘കൂടെയുണ്ടാകല്‍’ (മഇയ്യത്ത്) എല്ലാവര്‍ക്കുമുള്ള, അല്ലാഹുവിന്റെ അറിവും സാക്ഷ്യവുംകൊണ്ടുള്ള ‘കൂടെയാവല്‍’ അല്ല. പ്രത്യുത അത് ഒരു പ്രത്യേകതരം കൂടെയുണ്ടാകലാണ്. അതായത് അടുപ്പത്തിന്റെയും ബന്ധത്തിന്റെയും ഇഷ്ടത്തിന്റെയും സഹായത്തിന്റെയും അനുഗ്രഹത്തിന്റെയും ഒക്കെയായ പ്രത്യേകതരം കൂടെയുണ്ടാകലാണ്. അല്ലാഹു പറഞ്ഞതുപോലെ: ”തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും” (ക്വുര്‍ആന്‍ 16:128). ”…അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു” (ക്വുര്‍ആന്‍ 2:249). ”തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു” (29:69). ”…അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറഞ്ഞസന്ദര്‍ഭം…”(ക്വുര്‍ആന്‍ 9:40).
ദിക്ര്‍ ചെയ്യുന്നവര്‍ക്ക് ഈ ‘കൂടെയുണ്ടാവലി’ന്റെ നല്ലൊരു വിഹിതം ലഭിക്കുന്നതാണ്. അല്ലാഹു പറഞ്ഞതായി ഒരു ഹദീസില്‍ വന്നതുപോലെ: ”എന്റെ അടിമ എന്നെ സ്മരിച്ചുകൊണ്ട് തന്റെ ചുണ്ടുകള്‍ ചലിപ്പിക്കുന്ന സമയമത്രയും ഞാന്‍ എന്റെ അടിമയോടൊപ്പം ഉണ്ടായിരിക്കും” (ബുഖാരി അനുബന്ധമായി തന്റെ സ്വഹീഹിലും സനദ് സഹിതം ‘ഖല്‍ക്വു അഫ്ആലില്‍ ഇബാദി’ലും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. കൂടാതെ ഇബ്‌നുമാജയും ഇമാം അഹ്മദും ഇബ്‌നുഹിബ്ബാനും ഹാകിമും മറ്റും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്).
മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ”എന്നെ സ്‌നേഹിക്കുന്നവര്‍ എന്നോടൊപ്പം ഇരിക്കുന്നവരാണ്. എന്നോട് നന്ദികാണിക്കുന്നവര്‍ക്ക് ഞാന്‍ കൂടുതലായി നല്‍കുന്നതാണ്. എന്നെ വഴിപ്പെട്ട് ജീവിക്കുന്നവരാകട്ടെ ഞാന്‍ ആദരിച്ചവരുമാണ്. എന്നോട് അനുസരണക്കേട് കാണിച്ചവരെ എന്റെ കാരുണ്യത്തെക്കുറിച്ച് ഞാന്‍ നിരാശരാക്കുന്നില്ല. അവര്‍ ആത്മാര്‍ഥമായി പശ്ചാത്തപിച്ചാല്‍ ഞാന്‍ അവരോട് സ്‌നേഹം കാണിക്കുന്നവനായിരിക്കും. നിശ്ചയമായും പശ്ചാത്തപിക്കുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നു. വിശുദ്ധി കൈവരിക്കുന്നവരെയും ഞാന്‍ സ്‌നേഹിക്കുന്നു. ഇനി അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നി ല്ലെങ്കില്‍ ഞാന്‍ അവര്‍ക്ക് ചികിത്സ നിശ്ചയിക്കും. അതായത് ആപത്തുകള്‍ മുഖേന ഞാനവരെ പരീക്ഷിക്കും. അങ്ങനെ അവരുടെ ന്യൂനതകളില്‍നിന്ന് അവരെ ഞാന്‍ ശുദ്ധീകരിക്കും.”
(ഈ റിപ്പോര്‍ട്ടിന് ഒരു പരമ്പര (സനദ്) ഉള്ളതായി അറിയില്ല. ഇബ്‌നുതൈമിയ്യ رحمه الله തന്റെ ചില ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ച ശൈലിയില്‍നിന്നും അഹ്‌ലുല്‍ കിതാബുകാരുടെ ഗ്രന്ഥങ്ങളില്‍നിന്നുള്ള വചനമായിട്ടാണ് (ഇസ്രാഈലിയാത്ത്) മനസ്സിലാക്കുന്നത്. വിശദവിവരത്തിന് ഇബ്‌നു അബ്ദില്‍ ഹാദിയുടെ ‘അല്‍ ഉക്വൂദുദ്ദുര്‍രിയ്യ’ (പേജ് 343), ഇബ്‌നുതൈമിയ്യയുടെ ‘മിന്‍ഹാജുസ്സുന്ന,’ ‘രിസാലതുന്‍ ഫീ തഹ്ക്വീക്വിശ്ശുക്ര്‍,’ ‘അത്തുഹ്ഫതുല്‍ ഇറാക്വിയ്യ,’ ‘അല്‍ ഹസനതു വസ്സയ്യിഅ,’ ‘മജ്മൂഉല്‍ ഫതാവ’ എന്നീ ഗ്രന്ഥങ്ങള്‍ നോക്കുക- കുറിപ്പുകാരന്‍).
ദിക്ര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ഈ പ്രത്യേകമായ സാമീപ്യത്തോട് സമാനമായ ഒന്നുമേയില്ല. ‘തക്വ്‌വ’യുള്ളവര്‍ക്കും സുകൃതം ചെയ്യുന്നവര്‍ക്കുമൊക്കെ കിട്ടുന്നതിനെക്കാള്‍ സവിശേഷമായ ഒരു പ്രത്യേക സാമീപ്യമാണത്. അത് വാചകങ്ങള്‍കൊണ്ട് വിശദീകരിക്കാന്‍ ആവുന്നതല്ല. അത് വര്‍ണനകള്‍ക്കും അപ്പുറമാണ്. അത് അനുഭവിച്ചും ആസ്വദിച്ചുംതന്നെ അറിയേണ്ട ഒന്നാണ്. പലരും കാല്‍ വഴുതിപ്പോയ ഒന്നാണിത.് സ്രഷ്ടാവിനെയും സൃഷ്ടിയെയും അടിമയെയും ഉടമയെയും മുമ്പേയുള്ളവെനയും പിന്നീടുണ്ടായവയെയും ആരാധ്യനെയും ആരാധിക്കുന്നവനെയും തമ്മില്‍ വേര്‍തിരിക്കാനുള്ള ജ്ഞാനം ഒരാള്‍ക്ക് ഇല്ലാതിരുന്നാല്‍ വഴിതെറ്റിപ്പോകും. അങ്ങനെ ക്രൈസ്തവരോട് സമാനമായ അവതാര സങ്കല്‍പത്തിലോ അദൈ്വതവാദക്കാരുടെതിന് സമാനമായ സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്ന വാദത്തിലേക്കോ, റബ്ബിന്റെ അസ്തിത്വം തന്നെയാണ് ഈ ദൃശ്യപ്രപഞ്ചത്തില്‍ കാണപ്പെടുന്നതൊക്കെയും എന്ന വാദത്തിലേക്കോ ഒക്കെ ചെന്നുവീഴും. അവരുടെ പക്കല്‍ റബ്ബും അടിമയും സ്രഷ്ടാവും സൃഷ്ടിയും എന്നിങ്ങനെ രണ്ടില്ല; പ്രത്യുത അവരുടെ വിശ്വാസത്തില്‍ റബ്ബ് തന്നെയാണ് അടിമ. അടിമ തന്നെയാണ് റബ്ബ്. പരസ്പര സദൃശ്യരായ സൃഷ്ടികളും അദ്വിതീയനും പരിശുദ്ധനുമായ സ്രഷ്ടാവും ഒന്നുതന്നെെയന്നാണ് അക്കൂട്ടരുടെ ജല്‍പനം. ഇത്തരം അക്രമികളും നിഷേധികളും പറഞ്ഞുണ്ടാക്കുന്നതില്‍നിന്നൊക്കെ അല്ലാഹു എത്രയോ ഉന്നതനും മഹാനുമാണ്!
ചുരുക്കത്തില്‍, ഒരു അടിമയുടെ കൈവശം കുറ്റമറ്റ വിശ്വാസം (അക്വീദ) ഇല്ലാതിരിക്കുകയും ദിക്‌റിന്റെ ആധിപത്യം അയാളെ കീഴ്‌പ്പെടുത്തുകയും താന്‍ സ്മരിക്കുന്നവനെയുംകൊണ്ട് ദിക്‌റില്‍നിന്നും തന്നില്‍നിന്ന് തന്നെയും അയാള്‍ മറഞ്ഞുപോവുകയും ചെയ്താല്‍ അദൈ്വതത്തിന്റെയും അവതാര സങ്കല്‍പത്തിന്റെയുമൊക്കെ വാതിലിലൂടെ അയാള്‍ ഉറപ്പായും കടന്നുപോയിരിക്കും.
(43) തീര്‍ച്ചയായും ‘ദിക്ര്‍’ അടിമമോചനത്തിനും സമ്പത്ത് ചെലവഴിക്കുന്നതിനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കുതിരപ്പുറത്ത് കയറുന്നതിനും വാളെടുത്ത് യുദ്ധം ചെയ്യുന്നതിനുമെല്ലാം സമാനമാണ്. പ്രവാചകന്റെ ഒരു ഹദീസ് മുമ്പ് നാം പറഞ്ഞിരുന്നു: ”ആരെങ്കിലും ഒരു ദിവസത്തില്‍ നൂറ് പ്രാവശ്യം ഇപ്രകാരം പറഞ്ഞാല്‍; (ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലിശൈഇന്‍ ക്വദീര്‍- അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, അവന് യാതൊരു പങ്കുകാരുമില്ല. അവന്നാകുന്നു സര്‍വ ആധിപത്യവും. അവന്നാകുന്നു സര്‍വസ്തുതിയും. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു) പത്ത് അടിമയെ മോചിപ്പിച്ചതിന് തുല്യമായ പ്രതിഫലമുണ്ട്. നൂറ് നന്മകള്‍ അയാളുടെ പേരില്‍ രേഖപ്പെടുത്തുകയും നൂറ് തിന്മകള്‍ മായ്ക്കപ്പെടുകയും ചെയ്യും. ആ ദിവസം മുഴുവന്‍ അഥവാ പ്രഭാതംമുതല്‍ പ്രദോഷംവരെ അത് പിശാചില്‍നിന്നുള്ള രക്ഷാകവചമായിരിക്കുകയും ചെയ്യും” (ബുഖാരി, മുസ്‌ലിം).
ഇബ്‌നു അബീ ദുന്‍യാ, അഅ്മശില്‍നിന്നും അദ്ദേഹം സാലിം ഇബ്‌നു അബില്‍ ജഅ്ദില്‍നിന്നും ഉദ്ധരിക്കുന്നു: ”ഒരിക്കല്‍ അബുദ്ദര്‍ദാഅ്(റ)നോട് ഒരാള്‍ നൂറ് ആളുകളെ മോചിപ്പിച്ചതായി പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഒരാളുടെ സമ്പത്ത് ചെലവഴിച്ച് 100 പേരെ മോചിപ്പിക്കുക എന്നത് ധാരാളം ചെലവുള്ള കാര്യമാണ്. എന്നാല്‍ അതിനെക്കാള്‍ ശ്രേഷ്ഠമായ കാര്യമാണ് രാവും പകലും വേര്‍പിരിയാത്ത ശക്തമായ ഈമാന്‍ (വിശ്വാസം); നിങ്ങളുടെ നാവ് സദാസമയവും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ കൊണ്ട് പച്ചപിടിച്ചുനില്‍ക്കുക എന്നതും” (ഇമാം അഹ്മദ് തന്റെ ‘അസ്സുഹ്ദി’ലും ഇബ്‌നു അബീശൈബ ‘അല്‍ മുസ്വന്നഫി’ലും ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലുമൊക്കെ ഉദ്ധരിച്ചതാണ് ഈ ഹദീസ്. ഇതിന്റെ പരമ്പര മുറിഞ്ഞുപോയതാണ് (മുന്‍ക്വത്വിഅ്). ഇമാം മുന്‍ദിരി തന്റെ ‘അത്തര്‍ഗീബു വത്തര്‍ഹീബ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘ഇത് ഇബ്‌നു അബീ ദുന്‍യാ ഹസനായ പരമ്പരയിലൂടെ മൗക്വൂഫായ നിലയില്‍ അഥവാ സ്വഹാബിയുടെ വാക്കായി ഉദ്ധരിക്കുന്നുണ്ട്- കുറിപ്പുകാരന്‍).
ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കുറെ ദീനാറുകള്‍ ചെലവഴിക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം അത്രയും എണ്ണം തസ്ബീഹുകളിലൂടെ അല്ലാഹുവിനെ പ്രകീര്‍ത്തിക്കലാണ്” (ഇബ്‌നു അബീശൈബ, ബൈഹക്വി ശുഅബുല്‍ ഈമാനില്‍ ഉദ്ധരിച്ചത്. ഇതിന്റെ പരമ്പര മുറിഞ്ഞുപോയിട്ടുണ്ട്-കുറിപ്പുകാരന്‍).
അബ്ദുല്ലാഹിബിനു അംറും(റ) അബ്ദുല്ലാഹിബ്‌നു മസ്ഊദും(റ) ഒരിടത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറഞ്ഞുവത്രെ: ”ഞാന്‍ ഒരു വഴിയില്‍ പ്രവേശിക്കുകയും എന്നിട്ട് സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ് അത്രയും എണ്ണം ദീനാര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം.’ അപ്പോള്‍ അബ്ദുല്ലാഹിബ്‌നു അംറ് പറഞ്ഞുവത്രെ: ‘ഞാന്‍ ഒരു വഴിയില്‍ പ്രവേശിക്കുകയും എന്നിട്ട് ഈ ദിക്‌റുകള്‍ ഉരുവിടുകയും ചെയ്യുന്നതാണ് അത്രയും എണ്ണം ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കുതിരപ്പുറത്ത് വഹിക്കപ്പെടുന്നതിനെക്കാളും യുദ്ധത്തിനു പുറപ്പെടുന്നതിനെക്കാളും എനിക്കിഷ്ടം” (ബൈഹക്വി ‘ശുഅബുല്‍ ഈമാനില്‍’ ഉദ്ധരിച്ചത്. അതിന്റെ പരമ്പരയില്‍ എനിക്ക് അജ്ഞാതനായ വ്യക്തിയുണ്ട്. എന്നാല്‍ ഇബ്‌നു അബീശൈബ മുസ്വന്നഫില്‍ അബ്ദുല്ലാഹിബ്‌നു അംറിന്റെ വാക്ക് മാത്രമായി ഹസനായ സനദോടെ ഉദ്ധരിച്ചിട്ടുണ്ട്-കുറിപ്പുകാരന്‍).
അബുദ്ദര്‍ദാഅ്(റ)ന്റെ ഹദീസ് മുമ്പ് വന്നതാണ്. നബി ﷺ പറഞ്ഞു: ”നിങ്ങളുടെ കള്‍മങ്ങളില്‍ ഏറ്റവും ഉത്തമമായതും നിങ്ങളുടെ രാജാധിരാജന്റെ അടുക്കല്‍ ഏറ്റവും വിശുദ്ധമായതും നിങ്ങളുടെ പദവികളില്‍ ഏറ്റവും ഉയര്‍ന്നതും സ്വര്‍ണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാള്‍ നിങ്ങള്‍ക്ക് ഉത്തമമായതുമായ ഒരു കര്‍മത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ അഭിമുഖീകരിക്കുകയും പരസ്പരം പോരാടുകയും ചെയ്യുന്നതിനെക്കാളും ഉത്തമമാണത്.” സ്വഹാബികള്‍ പറഞ്ഞു: ”അറിയിച്ചുതന്നാലും റസൂലേ.” നബി ﷺ പറഞ്ഞു: ”ദിക്‌റുല്ലാഹ് (അല്ലാഹുവിനെ പ്രകീര്‍ത്തിക്കല്‍) ആണത്” (തിര്‍മുദി, ഇബ്‌നുമാജ, ഹാകിം).
(44) നിശ്ചയമായും ദിക്‌റാണ് നന്ദിയുടെ പ്രധാനഭാഗം. അല്ലാഹുവിനെ സ്മരിക്കാത്തയാള്‍ അല്ലാഹുവിന് നന്ദി കാണിച്ചിട്ടില്ല. ഇമാം ബൈഹക്വി സൈദ് ഇബ്‌നു അസ്‌ലമില്‍നിന്ന് നിവേദനം ചെയ്യുന്നു: ”മൂസാനബിൗ പറഞ്ഞു: ‘നീ എനിക്ക് ധാരാളം അനുഗ്രഹം ചെയ്തു തന്നു. അതിനാല്‍ നിനക്ക് ധാരാളമായി നന്ദിചെയ്യാനായി ഒരു മാര്‍ഗം നീ എനിക്ക് അറിയിച്ചുതരണേ.’ അല്ലാഹു പറഞ്ഞു: ‘നീ എന്നെ ധാരാളമായി ഓര്‍ക്കുക (ദിക്ര്‍ ചെയ്യുക). നീ എന്നെ ധാരാളമായി സ്മരിച്ചാല്‍ തീര്‍ച്ചയായും നീ എന്നോട് ധാരാളമായി നന്ദി ചെയ്തു. എന്നാല്‍ നീ വിസ്മരിച്ചാല്‍ തീര്‍ച്ചയായും നീ എന്നോട് നന്ദികേട് കാണിച്ചു” (ശുഅബുല്‍ ഈമാന്‍, ഇബ്‌നു അബീശൈബ ‘മുസ്വന്നഫി’ലും ഇതുപോലൊരു റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നുണ്ട്; ഇബ്‌നുല്‍ മുബാറക് തന്റെ ‘അസ്സുഹ്ദി’ല്‍ സംക്ഷിപ്ത രൂപത്തിലും).
ഇമാം ബൈഹക്വി ‘ശുഅബുല്‍ ഈമാന്‍’ എന്ന ഗ്രന്ഥത്തില്‍തന്നെ അബ്ദുല്ലാഹിബ്‌നു സലാമില്‍നിന്ന് ഉദ്ധരിക്കുന്നു: ”മൂസാനബിൗ പറഞ്ഞു: ‘അല്ലാഹുവേ, നിനക്ക് അനുയോജ്യമായ വിധത്തില്‍ എങ്ങനെയാണ് നന്ദി ചെയ്യുക?’ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാല്‍ സദാസമയവും നിന്റെ നാവ് പച്ചപിടിച്ചുനില്‍ക്കട്ടെ എന്ന് അല്ലാഹു അദ്ദേഹത്തിന് ബോധനം നല്‍കി. മൂസാനബിൗ പറഞ്ഞു: ‘അല്ലാഹുവേ, നിന്നോടുള്ള ആദരവിനാല്‍ നിന്നെ ദിക്ര്‍ ചെയ്യാന്‍ മടിക്കുന്ന അവസ്ഥയിലാണ് ഞാന്‍ എങ്കിലോ?’ അല്ലാഹു ചോദിച്ചു: ‘അതെന്താണ്?’ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ വലിയ അശുദ്ധിയിലോ മലമൂത്രവിസര്‍ജന അവസ്ഥയിലോ മറ്റോ ആണെങ്കില്‍.’ അപ്പോള്‍ അല്ലാഹു പറഞ്ഞു: ‘അങ്ങനെയാണെങ്കില്‍ നീ ഇപ്രകാരം പറഞ്ഞുകൊള്ളുക: ‘അല്ലാഹുവേ, നിനക്കാണ് സര്‍വസ്തുതിയും. നീ എത്രയോ പരിശുദ്ധന്‍. മാലിന്യങ്ങളില്‍നിന്ന് എന്നെ നീ അകറ്റേണമേ. നീ എത്രയോ പരിശുദ്ധനാണ്. നിനക്കാണ് സര്‍വസ്തുതിയും. ബുദ്ധിമുട്ടുകളില്‍നിന്നും നീ എന്നെ കാക്കേണമേ” (ശുഅബുല്‍ ഈമാന്‍ 2:591).
ആഇശ رَضِيَ اللَّهُ عَنْها പറയുന്നു: ”നബി ﷺ അല്ലാഹുവിനെ സദാസമയത്തും സ്മരിക്കാറുണ്ടായിരുന്നു” (മുസ്‌ലിം). ഇതില്‍ ഏതെങ്കിലും ഒരു അവസ്ഥയെ പ്രത്യേകം ഒഴിവാക്കിപ്പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. ശുദ്ധിയുള്ളപ്പോഴും ശുദ്ധിയില്ലാത്ത-വലിയ അശുദ്ധിയുടെ- സന്ദര്‍ഭത്തിലും നബി ﷺ റബ്ബിനെ സ്മരിക്കാറുണ്ടായിരുന്നു എന്നാണ് ഇത് അറിയിക്കുന്നത്. എന്നാല്‍ വിസര്‍ജനവേളയില്‍ നബി ﷺ യെ ഒരാളും കാണുകയോ നബിയില്‍നിന്ന് എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്യുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ മലമൂത്ര വിസര്‍ജനത്തിന് മുമ്പും ശേഷവും പ്രത്യേകമായ ദിക്‌റുകള്‍ അവിടുന്ന് സമുദായത്തിന് പഠിപ്പിച്ചിട്ടുണ്ട്. അത് ദിക്‌റിന്റെ മതിയായ പ്രാധാന്യത്തെയും പരിഗണനയെയുമാണ് അറിയിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ പോലും ദിക്ര്‍ ഉപേക്ഷിക്കുകയോ അതില്‍ വീഴ്ചവരുത്തുകയോ ചെയ്യരുത് എന്നാണ് താല്‍പര്യം. ഭാര്യാഭര്‍തൃബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും പ്രത്യേകമായ ദിക്‌റുകള്‍ സമുദായത്തെ പഠിപ്പിച്ചിട്ടുണ്ട്:
‘അല്ലാഹുവിന്റെ നാമത്തില്‍’ (ബിസ്മില്ലാഹി), ‘അല്ലാഹുവേ, ഞങ്ങളില്‍നിന്നും പിശാചിനെ നീ അകറ്റേണമേ’ (അല്ലാഹുമ്മ ജന്നിബ്‌നശ്ശൈത്വാന്‍), ‘ഞങ്ങള്‍ക്ക് നീ നല്‍കുന്നതില്‍നിന്നും പിശാചിനെ നീ അകറ്റേണമേ’ (വ ജന്നിബിശ്ശൈത്വാന മാ റസറക്വ്തനാ) (ബുഖാരി, മുസ്‌ലിം).
എന്നാല്‍ മലമൂത്ര വിസര്‍ജനം നടത്തിക്കൊണ്ടിരിക്കുമ്പോഴും ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴും മനസ്സില്‍ അല്ലാഹുവിനെ സ്മരിക്കുക എന്നത് അനഭിലഷണീയമായ കാര്യമൊന്നുമല്ല. പ്രത്യുത, സത്യവിശ്വാസിയുടെ മനസ്സില്‍ ആ സ്മരണ സദാ സമയവും ഉണ്ടാവേണ്ടതാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനില്‍നിന്ന് തന്റെ മനസ്സിനെ തിരിച്ചുവിടുക എന്നത് അവന് സാധിക്കുകയില്ല. മാത്രവുമല്ല അങ്ങനെയുള്ളവനെ മറന്നുകളയാന്‍ മനസ്സിനോട് നിര്‍ബന്ധിക്കുകയാണെങ്കില്‍ അസാധ്യമായ ഒന്നിന് അയാളെ നിര്‍ബന്ധിക്കുകയാകുമത്.
ഒരു കവി പറഞ്ഞതുപോലെ: ”ഹൃദയത്തില്‍നിന്നും നിങ്ങളെ വിസ്മൃതിയിലേക്ക് തള്ളിയിടാന്‍ ആഗ്രഹമുണ്ട്. പക്ഷേ, പ്രകൃതം അതിന് സമ്മതിക്കുന്നില്ല.”
എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നാവുകൊണ്ടുള്ള ദിക്ര്‍ നമുക്ക് മതം പഠിപ്പിച്ചിട്ടില്ല; നബി ﷺ പ്രേരിപ്പിച്ചിട്ടുമില്ല. സ്വഹാബികളില്‍ ആരില്‍നിന്നും അങ്ങനെ ഉദ്ധരിക്കപ്പെടുന്നുമില്ല.
അബ്ദുല്ലാഹിബ്‌നു അബില്‍ ഹുദൈല്‍(റ) പറയുന്നു: ”നിശ്ചയമായും അങ്ങാടിയില്‍വെച്ച് അല്ലാഹുവിനെ സ്മരിക്കുന്നത് അവനിഷ്ടമാണ്. ഏത് അവസ്ഥയിലും അവനെ ഓര്‍ക്കുന്നത് (അഥവാ നാവുകൊണ്ട് ദിക്ര്‍ പറയുന്നത്) അവനിഷ്ടമാണ്; മലമൂത്ര വിസര്‍ജന സ്ഥലത്തൊഴികെ” (അബൂനുഐം ‘ഹില്‍യ’യിലും ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും ഉദ്ധരിച്ചത്).
ഈ ഒരവസ്ഥയില്‍ ലജ്ജ (നാണം) തോന്നലും അല്ലാഹുവിന്റെ നിരീക്ഷണത്തെക്കുറിച്ചും അവന്‍ ചെയ്ത അനുഗ്രഹത്തെക്കുറിച്ചുമുള്ള ബോധമുണ്ടാവലും തന്നെ മതിയാകും. അതാകട്ടെ ഏറ്റവും മഹത്തരമായ ഒരു ദിക്ര്‍ ആണല്ലോ. ഓരോ സന്ദര്‍ഭത്തിലും അതിനനുസരിച്ചാണ് ദിക്ര്‍. ഈ സന്ദര്‍ഭത്തിനനുയോജ്യമായത് അല്ലാഹുവിനോടുള്ള ലജ്ജയുടെയും ആദരവിന്റെയും വസ്ത്രത്തില്‍ പൊതിഞ്ഞ ദിക്ര്‍ ആണ്. അവന്റെ അനുഗ്രഹത്തെക്കുറിച്ചും അവന്‍ ചെയ്തുതന്ന നന്മകളെക്കുറിച്ചുമൊക്കെയുള്ള സ്മരണയാണ്. ഈ വിസര്‍ജ്യം ബുദ്ധിമുട്ടുകള്‍ നീക്കി പുറത്തുകളയാന്‍ പടച്ചവനൊരുക്കിയ സൗകര്യവും അതിലെ നന്മയും എത്ര മഹത്തരമാണ്. അതു പുറത്തുപോകാതെ അവിടെത്തന്നെ അടഞ്ഞുകൂടിയാല്‍ മരണംതന്നെ സംഭവിച്ചേക്കും. ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയതുപോലെ തന്നെയാണ് അതിനു ശേഷം അതിന്റെ വിസര്‍ജ്യം പുറത്തുകളയാനുള്ള സൗകര്യങ്ങളിലെയും അവന്റെ അനുഗ്രഹങ്ങള്‍.
അലിയ്യുബ്‌നു അബീത്വാലിബ്(റ) മല-മൂത്ര വിസര്‍ജന സ്ഥലത്തുനിന്ന് പുറത്തിറങ്ങിയാല്‍ തന്റെ വയറ് തടവിക്കൊണ്ട് ഇപ്രകാരം പറയുമായിരുന്നുവത്രെ: ‘എത്ര വലിയ അനുഗ്രഹമാണിത്. ജനങ്ങള്‍ അതിന്റെ മഹത്ത്വം മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!’ (ഇബ്‌നു അബിദ്ദുന്‍യാ ‘അശ്ശുക്ര്‍’ എന്ന ഗ്രന്ഥത്തിലും ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും ഉദ്ധരിച്ചത്. ഇതിന്റെ പരമ്പര (സനദ്) അങ്ങേയറ്റം ദുര്‍ബലമാണ്-കുറിപ്പുകാരന്‍).
മുന്‍ഗാമികളില്‍ (സലഫുകള്‍) ചിലര്‍ ഇങ്ങനെ പറയുമായിരുന്നു: ”വിസര്‍ജ്യം പുറന്തള്ളിയതിന്റെ സുഖം എനിക്കനുഭവിപ്പിച്ച അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും. അതിലെ ഉപകാരങ്ങള്‍ എന്നില്‍ നിലനിര്‍ത്തുകയും അതിന്റെ ഉപദ്രവങ്ങള്‍ എന്നില്‍നിന്നും അവന്‍ നീക്കുകയും ചെയ്തു” (ത്വബ്‌റാനി ‘അദ്ദുആഇ’ല്‍ ഉദ്ധരിച്ചത്. ഇതിന്റെ പരമ്പര ദുര്‍ബലമാണ്).
അപ്രകാരം തന്നെയാണ് ഭാര്യാഭര്‍തൃബന്ധത്തിന്റെ വേളയിലുള്ള ദിക്‌റും. അല്ലാഹു അയാള്‍ക്ക് ചെയ്ത പ്രസ്തുത അനുഗ്രഹത്തെ അയാള്‍ സ്മരിക്കുന്നു. അത് ദുന്‍യാവിലെ അനുഗ്രഹങ്ങളില്‍ ഏറ്റവും മഹത്തരമായ ഒന്നാണ്. അല്ലാഹു തനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഒരാള്‍ ഓര്‍ക്കുമ്പോള്‍ അത് അയാളുടെ മനസ്സില്‍ നന്ദിയുടെ ആന്ദോളനം സൃഷ്ടിക്കും. ദിക്ര്‍ നന്ദിയുടെ പ്രധാന ഘടകമാണ്.
നബി ﷺ മുആദി(റ)നോട് പറഞ്ഞു: ”മുആദേ, അല്ലാഹുവാണെ, തീര്‍ച്ചയായും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഒരു നമസ്‌കാര ശേഷവും ഇപ്രകാരം പറയാന്‍ നീ മറക്കരുത്; ‘അല്ലാഹുവേ, നിന്നെ സ്മരിക്കുവാനും നിനക്ക് നന്ദിചെയ്യുവാനും നല്ല രൂപത്തില്‍ നിനക്ക് ആരാധനകളര്‍പ്പിക്കുവാനും എന്നെ നീ സഹായിക്കേണമേ” (അഹ്മദ്, അബൂദാവൂദ്).
‘ദിക്‌റി’നെയും ‘ശുക്‌റി’നെയും (പ്രകീര്‍ത്തനവും നന്ദിയും) ഇവിടെ ചേര്‍ത്തു. അല്ലാഹുവും ഇവ രണ്ടും ചേര്‍ത്ത് പറഞ്ഞത് ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു:
فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ
ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്. (ഖു൪ആന്‍:2/152)
അപ്പോള്‍ റബ്ബിനെ പ്രകീര്‍ത്തിക്കലും നന്ദിചെയ്യലും (ദിക്‌റും ശുക്‌റും) ജീവിത വിജയത്തിന്റെയും സൗഭാഗ്യത്തിന്റെയും കേന്ദ്രബിന്ദുവാണ്.
(45) സൃഷ്ടികളില്‍ അല്ലാഹു ഏറ്റവുമധികം ആദരവു നല്‍കുന്നത് ദിക്ര്‍കൊണ്ട് നാവ് സദാസമയവും പച്ചപിടിച്ചുനില്‍ക്കുന്ന സൂക്ഷ്മതാബോധമുള്ളവര്‍ക്കാണ്. അത്തരക്കാര്‍ അല്ലാഹുവിന്റെ വിധിവിലക്കുകളില്‍ അവനെ സൂക്ഷിക്കും. അവനെക്കുറിച്ചുള്ള ദിക്ര്‍ അവരുടെ അടയാളമായിരിക്കും.
സൂക്ഷ്മതാബോധം (തക്വ്‌വ) നരകമോചനവും സ്വര്‍ഗ പ്രവേശനവും അയാള്‍ക്ക് അനിവാര്യമാക്കുന്നു. അതാണ് അതിനുള്ള പ്രതിഫലവുും കൂലിയും. എന്നാല്‍ ‘ദിക്ര്‍’ ആകട്ടെ, അത് അയാളെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും അവനോടുള്ള സാമിപ്യം ഉറപ്പിക്കുകയും ചെയ്യുന്നു. അതാണ് യഥാര്‍ഥ സ്ഥാനവും പദവിയും.
പരലോകത്തിനുവേണ്ടി പണിയെടുക്കുന്നവര്‍ രണ്ട് വിഭാഗമുണ്ട്. ഒന്ന്, പ്രതിഫലത്തിനും കൂലിക്കും വേണ്ടി പണിയെടുക്കുന്നവര്‍. മറ്റൊന്ന് യഥാര്‍ഥ സ്ഥാനത്തിനും പദവിക്കും വേണ്ടി പരിശ്രമിക്കുന്നവര്‍. അവര്‍ അല്ലാഹുവിന്റെയടുക്കലുള്ള ഉന്നതപദവിക്കായി മറ്റുള്ളവരോട് മത്സരിക്കുകയായിരിക്കും. അങ്ങനെയവര്‍ മറ്റുള്ളവരെ അതിജയിച്ച് അല്ലാഹുവിലേക്ക് സാമിപ്യം നേടും.
ഈ രണ്ടു വിഭാഗത്തെക്കുറിച്ചും അല്ലാഹു സൂറത്തുല്‍ ഹദീദില്‍ പ്രതിപാദിച്ചിട്ടുണ്ട്:
إِنَّ ٱلْمُصَّدِّقِينَ وَٱلْمُصَّدِّقَٰتِ وَأَقْرَضُوا۟ ٱللَّهَ قَرْضًا حَسَنًا يُضَٰعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ
തീര്‍ച്ചയായും ധര്‍മിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത് ഇരട്ടിയായി നല്‍കപ്പെടുന്നതാണ്. അവര്‍ക്കത്രെ മാന്യമായ പ്രതിഫലമുള്ളത്. (ഖു൪ആന്‍:57/18)
ഈ പറയപ്പെട്ടത് പ്രതിഫലത്തിന്റെയും കൂലിയുടെയും ആളുകളെക്കുറിച്ചാണ്. എന്നിട്ട് അല്ലാഹു പറഞ്ഞു:
وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦٓ أُو۟لَٰٓئِكَ هُمُ ٱلصِّدِّيقُونَ ۖ
എന്നാല്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ അവര്‍തന്നെയാണ് സത്യസന്ധന്മാര്‍ (സ്വിദ്ദീക്വുകള്‍). (ഖു൪ആന്‍:57/19)
ഇക്കൂട്ടരാണ് സ്ഥാനത്തിന്റെയും പദവിയുടെയും വക്താക്കള്‍. ശേഷം പറഞ്ഞു: ‘സത്യസാക്ഷികള്‍, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവരുടെ പ്രതിഫലവും അവരുടെ പ്രകാശവും ഉണ്ടായിരിക്കും.’ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ എന്ന് പറഞ്ഞതിലേക്കാണ് ഇതിന്റെ ബന്ധം. അവരെക്കുറിച്ചാണ് ‘അവര്‍ സത്യസന്ധന്മാരാണ്’ എന്നും ‘സമുദായങ്ങള്‍ക്ക് സാക്ഷികളാകുന്ന സത്യസാക്ഷികള്‍’ എന്നും പരാമര്‍ശിച്ചത്. ശേഷം അവരെക്കുറിച്ച് മറ്റൊരു കാര്യംകൂടി പറഞ്ഞു: ‘അവര്‍ക്ക് അവരുടെ പ്രതിഫലവും അവരുടെ പ്രകാശവുമുണ്ട്.’ അപ്പോള്‍ അവരെക്കുറിച്ച് നാല് കാര്യങ്ങള്‍ പറഞ്ഞു: അവര്‍ സത്യസന്ധന്മാരാണ് (സ്വിദ്ദീക്വുകള്‍), സത്യസാക്ഷികളാണ് (ശുഹദാക്കള്‍). ഇതാണ് സ്ഥാനവും പദവിയും. എന്നിട്ട് അവരെക്കുറിച്ച് ‘അവര്‍ക്ക് പ്രതിഫലവും പ്രകാശവുമുണ്ട്’ എന്നും പറഞ്ഞു. അതാണ് പ്രതിഫലവും പാരിതോഷികവും.
മറ്റൊരു വിശദീകരണം ഇങ്ങനെയാണ്: ‘അവര്‍ സത്യസന്ധന്മാരാണ്’ എന്ന വാചകം അവിടെ പൂര്‍ണമായി. ശേഷം സത്യസാക്ഷികളുടെ അവസ്ഥ പറഞ്ഞതാണത്രെ ‘സത്യസാക്ഷികള്‍, അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്റെയടുക്കല്‍ അവരുടെ പ്രതിഫലവും പ്രകാശവുമുണ്ട്’ എന്നത്.
അപ്പോള്‍ പുണ്യത്തിന്റെയും നന്മയുടെയും വക്താക്കളായ ധര്‍മിഷ്ഠരെ പറഞ്ഞു. ശേഷം വിശ്വാസം ഹൃദയത്തില്‍ വേരുറച്ച, ഈമാന്‍ നിറഞ്ഞുനില്‍ക്കുന്ന വിശ്വാസികളെക്കുറിച്ചും പരാമര്‍ശിച്ചു. അവരാണ് സ്വിദ്ദീക്വുകള്‍. അവര്‍ വിജ്ഞാനത്തിന്റെയും കര്‍മത്തിന്റെയും ആളുകളാണ്. ആദ്യം പറഞ്ഞവര്‍ നന്മയുടെയും പുണ്യത്തിന്റെയും ആളുകളും. പക്ഷേ, ഇക്കൂട്ടരാണ് അവരെക്കാള്‍ സത്യസന്ധതയില്‍ പൂര്‍ണത കൈവരിച്ചവര്‍.
എന്നിട്ട് അല്ലാഹു ശുഹദാക്കളെക്കുറിച്ച് ‘അവര്‍ക്ക് അവന്‍ ഉപജീവനവും പ്രകാശവും നല്‍കു’മെന്ന് അറിയിച്ചു. കാരണം, അവര്‍ അവരെ അല്ലാഹുവിന്ന് സമര്‍പ്പിച്ചവരാണ.് അതിന്ന് പകരമായി അല്ലാഹു അവരെ അവന്റെയടുക്കല്‍ ജീവിക്കുന്നവരും ഉപജീവനം നല്‍കുന്നവരുമാക്കി. അവര്‍ക്കുള്ള ഉപജീവനവും പ്രകാശവും അവന്‍ അവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കും. അവരാണ് സൗഭാഗ്യവാന്മാരായ വിജയികള്‍.
പിന്നീട് ദൗര്‍ഭാഗ്യവന്മാരായ പരാജിതരെക്കുറിച്ചു പറഞ്ഞു:
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَحِيمِ
അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചെയ്തവരാരോ അവരാകുന്നു നരകാവകാശികള്‍. (ഖു൪ആന്‍:5/10, 5/86)
ചുരുക്കത്തില്‍, അല്ലാഹു പ്രതിഫലത്തിന്റെയും പദവികളുടെയും ആളുകളെക്കുറിച്ചു പറഞ്ഞു. ഈ രണ്ടു കാര്യങ്ങളുമാണ് ഫിര്‍ഔന്‍ മൂസാ നബി(അ)യെ പരാജയപ്പെടുത്തിയാല്‍ സാഹിറുകള്‍ക്ക് (ജാലവിദ്യക്കാര്‍ക്ക്) നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.
فَلَمَّا جَآءَ ٱلسَّحَرَةُ قَالُوا۟ لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ ٱلْغَٰلِبِينَ ﴿٤١﴾ قَالَ نَعَمْ وَإِنَّكُمْ إِذًا لَّمِنَ ٱلْمُقَرَّبِينَ ﴿٤٢﴾
അങ്ങനെ ജാലവിദ്യക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനോട് അവര്‍ ചോദിച്ചു: ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടായിരിക്കുമോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും (ഖു൪ആന്‍:26/41-42)
അതായത്, ഞാന്‍ നിങ്ങള്‍ക്ക് പ്രതിഫലവും എന്റെയടുക്കല്‍ മികച്ച സ്ഥാനമാനങ്ങളും എന്നോടുള്ള പ്രത്യേക സാമിപ്യവും നല്‍കാം എന്നാണ് ഫിര്‍ഔന്‍ അവരോട് പറഞ്ഞത്.
കര്‍മം ചെയ്യുന്നവര്‍ പ്രതിഫലത്തിനായി കര്‍മം ചെയ്യുന്നു. ജ്ഞാനികള്‍ അല്ലാഹുവിന്റെയടുക്കലുള്ള പ്രത്യേക സ്ഥാനത്തിനും പദവികള്‍ക്കും അടുപ്പത്തിനും വേണ്ടി കര്‍മം ചെയ്യുന്നു. ജ്ഞാനികളുടെ ഹൃദയത്തിന്റെ കര്‍മങ്ങള്‍ കര്‍മികളുടേതിനെക്കാള്‍ കൂടുതലായിരിക്കും. എന്നാല്‍ ശരീരംകൊണ്ടുള്ള കര്‍മങ്ങള്‍ ഒരുപക്ഷേ, അവരെക്കാള്‍ കൂടുതല്‍ ചെയ്യുന്നത് കര്‍മികള്‍ ആയിരിക്കും.
മുഹമ്മദുബ്‌നു കഅ്ബ് അല്‍ഖുറളി(റ) പറഞ്ഞതായി ഇമാം ബൈഹക്വി ഉദ്ധരിക്കുന്നു: ”മൂസാ നബി(അ) പറഞ്ഞു: ‘പടച്ചവനേ… നിന്റെ സൃഷ്ടികളില്‍ ആരാണ് നിന്റെയടുക്കല്‍ ഏറ്റവും ആദരണീയന്‍?’ അല്ലാഹു പറഞ്ഞു: ‘എന്നെ പ്രകീര്‍ത്തിച്ചുകൊണ്ട് സദാസമയവും നാവ് ദിക്‌റിനാല്‍ പച്ചപിടിച്ചു നില്‍ക്കുന്നവന്‍.’ അദ്ദേഹം ചോദിച്ചു: ‘പടച്ചവനേ, നിന്റെ സൃഷ്ടികളില്‍ ഏറ്റവും അറിവുള്ളത് ആര്‍ക്കാണ്?’ അല്ലാഹു പറഞ്ഞു: ‘തന്റെ ജ്ഞാനത്തിലേക്ക് മറ്റുള്ളവരുടെ ജ്ഞാനവും കൂടി തേടുന്നവന്‍.’ മൂസാ (അ) ചോദിച്ചു: ‘അല്ലാഹുവേ, നിന്റെ സൃഷ്ടികളില്‍ ഏറ്റവും വലിയ നീതിമാന്‍ ആരാണ്?’ അല്ലാഹു പറഞ്ഞു: ‘ജനങ്ങളോട് വിധിക്കുന്നതുപോലെ സ്വന്തത്തോടും വിധിക്കുന്നവന്‍.’ അദ്ദേഹം ചോദിച്ചു: ‘പടച്ചവനേ, നിന്റെ പടപ്പുകളില്‍ ഏറ്റവും വലിയ പാപിയാരാണ്?’ അല്ലാഹു പറഞ്ഞു: ‘എന്നെ തെറ്റിദ്ധരിക്കുന്നവന്‍.’ മൂസാ(അ) ചോദിച്ചു: ‘രക്ഷിതാവേ, നിന്നെ ആരെങ്കിലും തെറ്റിദ്ധരിക്കുമോ?’ അല്ലാഹു പറഞ്ഞു: ‘എന്നോട് നല്ലതിനെ ചോദിക്കുകയും ഞാന്‍ വിധിച്ചു നല്‍കിയതില്‍ തൃപ്തിപ്പെടാതിരിക്കുകയും ചെയ്യുന്നവന്‍’ (ബൈഹക്വി, ‘ശുഅബുല്‍ ഈമാന്‍’).
ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഇപ്രകാരം ഉദ്ധരിക്കുന്നു: ”മൂസാനബി(അ) സീനാപര്‍വതത്തിലേക്കു പോയപ്പോള്‍ ചോദിച്ചു: ‘അല്ലാഹുവേ, നിന്റെ അടിമകളില്‍ നീ ഏറ്റവും ഇഷ്ടപ്പെടുന്നത് ആരെയാണ്?’ അല്ലാഹു പറഞ്ഞു: ‘എന്നെ സദാ സ്മരിക്കുന്ന, ഒരിക്കലും എന്നെ വിസ്മരിക്കാത്തവരെ” (ബൈഹക്വി ‘ശുഅബുല്‍ഈമാനി’ലും ത്വബ്‌രി തന്റെ ‘തഫ്‌സീറി’ലും ‘താരീഖി’ലും ഖത്വീബുല്‍ ബാഗ്ദാദി ‘അര്‍രിഹ്‌ലത്തു ഫീ ത്വലബില്‍ ഹദീഥ്’ എന്ന ഗ്രന്ഥത്തിലും ഇതുപോലെ ഉദ്ധരിക്കുന്നുണ്ട്-കുറിപ്പുകാരന്‍).
കഅ്ബ്(റ) പറയുന്നു: ”മൂസാ നബി(അ) ചോദിച്ചു: ‘രക്ഷിതാവേ, നീ ഏറെ സമീപത്തുള്ളവനാണോ? എങ്കില്‍ എനിക്ക് നീയുമായി രഹസ്യസംഭാഷണം നടത്താമായിരുന്നു. അതല്ല, നീ ദൂരെയുള്ളവനാണോ, അങ്ങനെയെങ്കില്‍ എനിക്ക് നിന്നെ വിളിക്കാനാണ്.” അപ്പോള്‍ അല്ലാഹു പറഞ്ഞുവത്രെ: ”മൂസാ, എന്നെ സ്മരിക്കുന്നവരുടെ സമീപത്തുതന്നെ ഞാനുണ്ട്.” മൂസാ(അ) പറഞ്ഞു: ”നിന്നോടുള്ള ബഹുമാനാദരങ്ങളാല്‍ നിന്നെ പ്രകീര്‍ത്തിക്കാന്‍ ഞാന്‍ മടിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ ആകുമ്പോള്‍ എന്താണ് ചെയ്യേണ്ടത്?” അല്ലാഹു ചോദിച്ചു: ”എന്താണത് മൂസാ?” അദ്ദേഹം പറഞ്ഞു: ”മല-മൂത്ര വിസര്‍ജന വേളയിലും വലിയ അശുദ്ധിയുടെ അഥവാ ജനാബത്തിന്റെ സന്ദര്‍ഭത്തിലും.” അല്ലാഹു പറഞ്ഞു: ‘നീ എന്നെ ഏത് അവസ്ഥയിലും പ്രകീര്‍ത്തിച്ചുകൊള്ളുക” (അഹ്മദ് ‘അസ്സുഹ്ദി’ലും ഇബ്‌നു അബീ ശൈബ ‘മുസ്വന്നഫി’ലും അബൂനുഐം ‘ഹില്‍യ’യിലും ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും ഉദ്ധരിച്ചത്).
ഉബൈദുബ്‌നു ഉമൈര്‍(റ) പറഞ്ഞു: ”സത്യവിശ്വാസിയുടെ ഏടിലുള്ള, അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പമുള്ള ഒരു പ്രകീര്‍ത്തനം (ഹംദിനോടൊപ്പമുള്ള തസ്ബീഹ്) ഇഹലോകത്തെ പര്‍വതങ്ങള്‍ക്ക് സമാനമായ സ്വര്‍ണത്തെക്കാള്‍ അവന് ഉത്തമമാണ്” (ഇബ്‌നുല്‍ മുബാറക് ‘സുഹ്ദി’ലും ഇബ്‌നു അബീശൈബ ‘മുസ്വന്നഫി’ലും അബൂനുഐം ‘ഹില്‍യ’യിലും ബൈഹക്വി ‘ശുഅബൂല്‍ ഈമാനി’ലും ഉദ്ധരിച്ചത്).
ഹസന്‍(റ) പറഞ്ഞു: ”അന്ത്യനാള്‍ ആസന്നമായാല്‍ ഒരാള്‍ വിളിച്ചു പറയും: ‘ഈ സംഗമത്തിന്റെ ആളുകള്‍ക്ക് അറിയാന്‍ കഴിയും, ആരാണ് ഔദാര്യത്തിന് ഏറ്റവും കടപ്പെട്ടതെന്ന്. എവിടെയാണ് ഈ പറയപ്പെട്ടവര്‍?” ”ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും” (32:16). അദ്ദേഹം പറഞ്ഞു: ‘അപ്പോള്‍ എഴുന്നേറ്റ് ജനങ്ങളുടെ പിരടികള്‍ കവച്ചുവെച്ച് മുന്നോട്ടു അവര്‍ ചെല്ലും. പിന്നെയും ഒരാള്‍ വിളിച്ചു പറയും: ‘ഈ സംഗമത്തിന്റെ ആളുകള്‍ക്കറിയാം ആരാണ് ഔദാര്യത്തിന് ഏറ്റവും അര്‍ഹപ്പെട്ടവരെന്ന്. എവിടെയാണ് കച്ചവടവും ഇടപാടുകളും അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്ന് അശ്രദ്ധമാക്കിക്കളയാതിരുന്നവര്‍?” ”ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍നിന്നും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍നിന്നും, സകാത്ത് നല്‍കുന്നതില്‍നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധ തിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു”(24:37). അപ്പോള്‍ അവരും എഴുന്നേറ്റ് ജനങ്ങളുടെ പിരടികള്‍ കവച്ചുവെച്ച് മുന്നോട്ട് ചെല്ലും. വീണ്ടും ഒരാള്‍ വിളിച്ചു പറയും: ‘ഈ സംഗമത്തിന്റെ ആളുകള്‍ക്കറിയാം ആരാണ് ഔദാര്യത്തിന് ഏറ്റവും അവകാശപ്പെട്ടവരെന്ന്. എല്ലാ അവസ്ഥയിലും അല്ലാഹുവിനെ ധാരാളമായി സ്തുതിച്ചിരുന്നവര്‍ എവിടെയാണ് എന്ന് ചോദിക്കുമ്പോള്‍ അവരും എഴുന്നേറ്റ് ചെല്ലും. അവര്‍ ധാരാളമുണ്ടാകും. പിന്നീടാണ് വിചാരണയും കര്‍മഫലങ്ങളും ശേഷിക്കുന്നവരില്‍ ഉണ്ടാവുക” (മുസ്വന്നഫ് അബ്ദുര്‍റസാക്വിലും ബൈഹക്വി ശുഅബുല്‍ ഈമാനിലും ഉദ്ധരിച്ചത്).
ഒരാള്‍ വന്നിട്ട് അബൂ മുസ്‌ലിമുല്‍ ഖൗലാനിയോട് പറഞ്ഞു: ”അല്ലയോ അബൂമുസ്‌ലിം, താങ്കള്‍ എന്നെ ഒന്ന് ഉപദേശിച്ചാലും.’ അദ്ദേഹം പറഞ്ഞു: ‘നീ ഏത് കുഗ്രാമത്തിലോ വൃക്ഷച്ചുവട്ടിലോ ആയിരുന്നാലും അല്ലാഹുവിനെ സ്മരിക്കുക.’ ‘ഇനിയും അധികരിപ്പിച്ചാലും’ എന്ന് അയാള്‍ അവശ്യപ്പെട്ടപ്പോള്‍ അബൂമുസ്‌ലിം പറഞ്ഞു: ആളുകള്‍ നിന്നെ ഒരു ഭ്രാന്തനെന്ന് കരുതുവോളം നീ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുക.’ അബൂമുസ്‌ലിം ധാരാളമായി അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന (ദിക്ര്‍ ചെയ്യുന്ന) ആളായിരുന്നു. അങ്ങനെ ഒരിക്കല്‍ അദ്ദേഹം ദിക്ര്‍ ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അദ്ദേഹത്തെ കാണുകയും ഇങ്ങനെ ചോദിക്കുകയും ചെയ്തു: ‘നിങ്ങളുടെ ചങ്ങാതിക്ക് ഭ്രാന്താണോ?’ അപ്പോള്‍ അതുകേട്ട അബൂ മുസ്‌ലിം പറഞ്ഞു: ‘സഹോദരാ, ഇത് ഭ്രാന്തല്ല, പ്രത്യുത ഭ്രാന്തില്ലാതിരിക്കാനുള്ള ചികിത്സയാണ്” (ബൈഹഖി സശുഅബുല്‍ ഈമാനിലും ഇബ്‌നു അസാക്കിര്‍ സതാരീഖു ദിമശ്ഖിലും ഉദ്ധരിച്ചത്)
(47) തീര്‍ച്ചയായും ‘ദിക്ര്‍’ ഹൃദയത്തിനുള്ള ശമനവും ദിവ്യൗഷധവുമാണ്. ദിക്‌റില്‍ നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധ(ഗഫ്‌ലത്ത്)യാകട്ടെ അതിന്റെ രോഗവുമാണ്. അതിനാല്‍ രോഗാതുരമായ മനസ്സുകള്‍ക്കുള്ള ശമനവും ദിവ്യൗഷധവും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റിലാണുള്ളത്.
മക്ഹൂല്‍(റ) പറഞ്ഞു: ‘അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ (ദിക്ര്‍) രോഗശമനവും (അത് വിട്ടുകൊണ്ടുള്ള) ജനങ്ങളെക്കുറിച്ചുള്ള കുറിച്ചുള്ള സ്മരണ രോഗവുമാണ്’ (ബൈഹക്വി മുര്‍സലായ രൂപത്തിലും മര്‍ഫൂആയ രൂപത്തിലും മക്ഹൂലില്‍നിന്ന് ഇത് ഉദ്ധരിക്കുന്നുണ്ട്).
(ഇബ്‌നു ഔനിന്റെ വാക്കുകളായി ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഇത് ഉദ്ധരിക്കുന്നുണ്ട്. ഇമാം ദഹബി ‘സിയറു അഅ്‌ലാമി’ല്‍ ഇത് ഉദ്ധരിച്ചശേഷം അനുബന്ധമായി ഇപ്രകാരം കുറിക്കുന്നു: ‘അല്ലാഹുവാണെ സത്യം! നമ്മുടെ അത്ഭുതം നമ്മുടെ അജ്ഞതയെക്കുറിച്ചാണ്. നാം മരുന്ന് ഉപേക്ഷിക്കുകയും രോഗത്തിനായി തിരക്കു കൂട്ടുകയും ചെയ്യുകയല്ലേ?- കുറിപ്പുകാരന്‍).
ഹൃദയം അല്ലാഹുവിനെ സ്മരിക്കുകയാണെങ്കില്‍ അതിന് ശമനവും സൗഖ്യവുമുണ്ടാകും. അതല്ല, പ്രസ്തുത സ്മരണയില്‍നിന്നകന്ന് അശ്രദ്ധയിലാവുകയാണെങ്കില്‍ നേരെ വിപരീതമായിരിക്കും.
”ഞങ്ങള്‍ രോഗാവസ്ഥയിലായാല്‍ നിന്നെക്കുറിച്ചുള്ള ദിക്‌റുകൊണ്ട് ഞങ്ങള്‍ ചികിത്സിക്കും. എന്നാല്‍ ചിലപ്പോള്‍ ഞങ്ങള്‍ ആ ദിക്ര്‍ കയ്യൊഴിക്കുമ്പോള്‍ കാര്യങ്ങള്‍ നേരെ തിരിച്ചുമാകും.” (ഇബ്‌നുല്‍ ക്വയ്യിമിന്റെ തന്നെ വരികളായിരിക്കാം ഇത്. മദാരിജുസ്സാലികീനിലും അദ്ദേഹം ഇത് ഉദ്ധരിക്കുന്നുണ്ട്- കുറിപ്പുകാരന്‍)
(48) തീര്‍ച്ചയായും ദിക്ര്‍ അല്ലാഹുവിന്റെ സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും അടിസ്ഥാനമാണ്. എന്നാല്‍ ദിക്‌റില്‍നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധ (ഗഫ്‌ലത്ത്) അവന്റെ അനിഷ്ടത്തിന്റെയും ശത്രുതയുടെയും മൂലകാരണമാണ്. ഒരു അടിമ തന്റെ രക്ഷിതാവിനെ സ്മരിച്ചു കൊണ്ടിരിക്കുന്നിടത്തോളം അവന്‍ അയാളെ ഇഷ്ടപ്പെടുകയും അടുപ്പം പുലര്‍ത്തുകയും ചെയ്യുന്നതാണ്. എന്നാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നകന്ന് അശ്രദ്ധനായി കഴിയുന്നത്രയും അവന്‍ അയാളെ വെറുക്കുകയും ശത്രുത പുലര്‍ത്തുകയും ചെയ്യും.
ഔസാഈ رحمه الله പറയുന്നു; ഹസ്സാനുബ്‌നു അത്വിയ്യ رحمه الله പറഞ്ഞു: ”അല്ലാഹുവിനെ സ്മരിക്കുന്നതിനെയും അവനെ സ്മരിക്കുന്നവരെയും വെറുക്കുന്നതിനെക്കാള്‍ ശക്തമായ ഒന്നുകൊണ്ടും ഒരാളും തന്റെ രക്ഷിതാവിനോടു അകല്‍ച്ചയും ശത്രുതയും പ്രകടമാക്കുന്നില്ല” (ബൈഹക്വി ശുഅബൂല്‍ ഈമാനില്‍ ഉദ്ധരിച്ചത്).
ഈ ശത്രുതയുടെയും അകല്‍ച്ചയുടെയും കാരണം ദിക്‌റില്‍നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധയാണ്. അത് അയാളില്‍ നിലനില്‍ക്കുകയും ശക്തിപ്പെടുകയും ചെയ്യുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റിനെയും ദിക്ര്‍ ചെയ്യുന്നവരെയും അയാള്‍ വെറുക്കുന്ന സ്ഥിതിയിലെത്തും. അപ്പോള്‍ അല്ലാഹു അയാളെ ശത്രുവായിട്ട് കാണും, അവനെ ദിക്ര്‍ ചെയ്യുന്നവനെ അടുത്തബന്ധുവും ഇഷ്ടക്കാരനുമായി കാണുന്നതുപോലെ.
നാല്‍പത്തിയൊമ്പത്: അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ പോലെ അവന്റെ അനുഗ്രഹങ്ങള്‍ കൊണ്ടുവന്ന് തരാനും അവന്റെ ശിക്ഷയെ തടുക്കാനും പറ്റിയ മറ്റൊന്നുമില്ല. ദിക്ര്‍ അനുഗ്രഹങ്ങളെ വിളിച്ചു കൊണ്ടുവരുന്നതും ശിക്ഷകളെ ശക്തമായി പ്രതിരോധിക്കുന്നതുമാണ്.അല്ലാഹു പറയുന്നു:
إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓا۟ ۗ
നിശ്ചയം അല്ലാഹു സത്യവിശ്വാസികള്‍ക്ക് പ്രതിരോധം ഏര്‍പ്പെടുത്തുന്നതാണ്’. (ഖു൪ആന്‍:22/38)
അല്ലാഹു സത്യവിശ്വാസികള്‍ക്ക് ഏര്‍പ്പെടുത്തുന്ന പ്രതിരോധം അവരുടെ ഈമാനിന്റെ ശക്തിയും പൂര്‍ണതയും അനുസരിച്ചായിരിക്കും. ഈമാനിന്റെ ഘടകവും അതിന്റെ ശക്തിയും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റില്‍ ആണ്. അതിനാല്‍ ഏതൊരാള്‍ ഏറ്റവും പൂര്‍ണതയുള്ള ഈമാനിന്റെയും ഏറ്റവും അധികരിച്ച ദിക്‌റിന്റെയും വക്താവാകുന്നുവോ അതനുസരിച്ച് അല്ലാഹു അയാള്‍ക്ക് ഏര്‍പ്പെടുത്തുന്ന സുരക്ഷയും പ്രതിരോധവും ഏറ്റവും മഹത്തരമായിരിക്കും. കുറവിനനുസരിച്ച് കുറയുകയും ചെയ്യും. സ്മരണയക്ക് സ്മരണയും മറവിക്ക് അവഗണനയും.
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ
നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ) (ഖു൪ആന്‍:14/7)
മുമ്പ് നാം പറഞ്ഞതു പോലെ ദിക്‌റാണ് നന്ദിയുടെ പ്രധാന ഭാഗം. നന്ദിയാകട്ടെ അനുഗ്രഹങ്ങളെ കൊണ്ടുവരുന്നതും അതിന്റെ വര്‍ധനവ് അനിവാര്യമാക്കുന്നതുമാണ്. സച്ചരിതരായ മുന്‍ഗാമികളില്‍ ചിലര്‍ ഇപ്രകാരം പറയുമായിരുന്നു:
‘നിനക്ക് നന്മ ചെയ്യുന്നതില്‍നിന്ന് ഒരിക്കലും അശ്രദ്ധനാകാത്തവനെ (അഥവാ അല്ലാഹുവിനെ) സ്മരിക്കുന്നതില്‍നിന്നുള്ള അശ്രദ്ധയെക്കാള്‍ മോശപ്പെട്ട ഒന്നുമില്ല’ (ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഉദ്ധരിച്ചത്).
(50) തീര്‍ച്ചയായും ദിക്ര്‍ അത് നിര്‍വഹിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്ത് അനിവാര്യമാക്കുന്നതാണ്. അല്ലാഹുവും അവന്റെ മലക്കുകളും ആര്‍ക്കുവേണ്ടി സ്വലാത്ത് ചെയ്യുന്നുവോ ഉറപ്പായും അയാള്‍ എല്ലാ വിജയവും കരസ്ഥമാക്കുകയും സര്‍വ നേട്ടങ്ങളും കൈവരിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ ٱللَّهَ ذِكْرًا كَثِيرًا ﴿٤١﴾ وَسَبِّحُوهُ بُكْرَةً وَأَصِيلًا ﴿٤٢﴾ هُوَ ٱلَّذِى يُصَلِّى عَلَيْكُمْ وَمَلَٰٓئِكَتُهُۥ لِيُخْرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۚ وَكَانَ بِٱلْمُؤْمِنِينَ رَحِيمًا ﴿٤٣﴾
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍. അവന്‍ നിങ്ങളുടെമേല്‍ സ്വലാത്ത് ചൊരിയുന്നവനാകുന്നു. അവന്റെ മലക്കുകളും (കരുണകാണിക്കുന്നു). അന്ധകാരങ്ങളില്‍നിന്ന് നിങ്ങളെ വെളിച്ചത്തിലേക്ക് ആനയിക്കുന്നതിന് വേണ്ടിയത്രെ അത്. അവന്‍ സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു. (ഖു൪ആന്‍:33/41-43)
(അല്ലാഹുവിന്റെ സ്വലാത്ത് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് വാനലോകത്ത് മലക്കുകള്‍ക്കിടയില്‍ അല്ലാഹു അയാളെ പ്രശംസിച്ചു പറയും എന്നതാണ്. മലക്കുകളുടെ സ്വലാത്തുകൊണ്ട് അര്‍ഥമാക്കുന്നത് അവര്‍ക്കുവേണ്ടി മലക്കുകള്‍ അല്ലാഹുവിനോടു നടത്തുന്ന പ്രാര്‍ഥനയുമാണ്-വിവര്‍ത്തകന്‍).
അല്ലാഹുവിന്റെയും അവന്റെ മലക്കുകളുടെയും ഈ സ്വലാത്ത് അല്ലാഹുവിനെ ധാരാളമായി പ്രകീര്‍ത്തിച്ചവര്‍ക്കാണ് കിട്ടുക. ഈ സ്വലാത്താണ് അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക് അവരെ വഴിനടത്താന്‍ നിമിത്തമായത്. അല്ലാഹുവില്‍നിന്നും അവന്റെ മലക്കുകളില്‍നിന്നും പ്രസ്തുത സ്വലാത്ത് ലഭിക്കുകയും ഇരുട്ടുകളില്‍നിന്നും പ്രകാശത്തിലേക്ക് അവര്‍ കൊണ്ടുവരപ്പെടുകയും ചെയ്താല്‍ പിന്നെ അവര്‍ക്ക് കിട്ടാത്തതായി എന്ത് നന്മയാണ് വേറെയുണ്ടാവുക? ഏത് ദോഷമാണ് അവരില്‍ നിന്ന് നീങ്ങിപ്പോകാത്തതായുണ്ടാവുക?
ഹാ, പടച്ച റബ്ബിനെക്കുറിച്ചുള്ള ദിക്‌റില്‍നിന്ന് അകന്നുകൊണ്ട് അശ്രദ്ധയില്‍ കഴിയുന്നവരുടെ കഷ്ടമേ…! അവന്റെ നന്മയില്‍നിന്നും ഔദാര്യത്തില്‍നിന്നും എന്തുമാത്രമാണവര്‍ക്ക് നഷ്ടമാകുന്നത്! അല്ലാഹുവാണ് ഉദവിയേകുന്നവര്‍.
(51) ഇഹലോകത്തെ സ്വര്‍ഗത്തോപ്പില്‍ താമസിക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദിക്‌റിന്റെ ഇരിപ്പിടങ്ങളില്‍ അയാള്‍ ഇരിപ്പുറപ്പിച്ചുകൊള്ളട്ടെ; നിശ്ചയം അത് സ്വര്‍ഗത്തോപ്പാകുന്നു.
ഇബ്‌നു അബീദുന്‍യയും മറ്റും ജാബിര്‍(റ)വിന്റെ ഹദീസായി ഉദ്ധരിക്കുന്നു: ഒരിക്കല്‍ നബി ﷺ ഞങ്ങളിലേക്ക് വന്നുകൊണ്ട് പറഞ്ഞു:’അല്ലയോ ജനങ്ങളേ, സ്വര്‍ഗീയ തോപ്പുകളില്‍ നിങ്ങള്‍ മേഞ്ഞുകൊള്ളുക.”ഞങ്ങള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്താണ് ആ സ്വര്‍ഗത്തോപ്പ്?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന ദിക്‌റിന്റെ സദസ്സുകളാണത്.’ എന്നിട്ട് പറഞ്ഞു: ‘നിങ്ങള്‍ രാവിലെയും വൈകുന്നേരവും പോവുകയും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. ആര്‍ക്കെങ്കിലും അല്ലാഹുവിന്റെയടുക്കലുള്ള തന്റെ സ്ഥാനം അറിയണമെന്നാഗ്രഹമുണ്ടെങ്കില്‍ തന്റെയടുക്കല്‍ അല്ലാഹുവിനുള്ള സ്ഥാനം എങ്ങനെയാണന്ന് അവന്‍ നോക്കിക്കൊള്ളട്ടെ. തന്റെയടുക്കല്‍ അല്ലാഹുവിന് അവന്‍ കല്‍പിച്ച സ്ഥാനമനുസരിച്ച് അല്ലാഹു അവനും സ്ഥാനം നല്‍കുന്നതാണ്’ (അബ്ദുബ്‌നു ഹുമൈദ് തന്റെ മുസ്‌നദിലും അബൂയഅ്‌ല തന്റെ മുസ്‌നദിലും ഉദ്ധരിച്ചത്. ഹാകിമും ഇബ്‌നുഹിബ്ബാനും ഉദ്ധരിച്ചിട്ടുണ്ട്. ഇതിന്റെ പരമ്പരയിലെ ഉമറുബ്‌നു അബ്ദില്ല എന്ന വ്യക്തി ദുര്‍ബലനാണ്. എന്നാല്‍ ഇമാം മുന്‍ദിരി ‘അത്തര്‍ഗീബു വത്തര്‍ഹീബി’ല്‍ ഇതിനെ ‘ഹസനായി’ പരിഗണിച്ചിട്ടുണ്ട്. ഒരു പക്ഷേ, ഉപോല്‍ബലകങ്ങളായ മറ്റു റിപ്പോര്‍ട്ടുകളെ (ശവാഹിദ്) പരിഗണിച്ചായിരിക്കും- കുറിപ്പുകാരന്‍).
(52) ദിക്‌റിന്റെ സദസ്സുകള്‍ മലക്കുകളുടെ സദസ്സുകളാണ്. അല്ലാഹു പ്രകീര്‍ത്തിക്കപ്പെടുന്ന സദസ്സുകളല്ലാതെ മറ്റൊരു സദസ്സും അവര്‍ക്ക് ദുനിയാവിലില്ല. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും തങ്ങളുടെ സ്വഹീഹുകളില്‍ ഉദ്ധരിക്കുന്നു: അബൂ ഹുറയ്‌റ(റ) നിവേദനം: ”അല്ലാഹുവിന്റെ തിരുദൂതര്‍ പറഞ്ഞു: ‘നിശ്ചയം, ജനങ്ങളുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തുന്ന മലക്കുകള്‍ കൂടാതെ അല്ലാഹുവിന് പ്രത്യേകമായി ചില മലക്കുകളുണ്ട്. അവര്‍ വഴികളിലൂടെ ചുറ്റിസഞ്ചരിച്ച് ‘ദിക്‌റി’ന്റെ ആളുകളെ അന്വേഷിക്കും. അങ്ങനെ അല്ലാഹുവിനെ ദിക്ര്‍ ചെയ്തുകൊണ്ടിരിക്കുന്ന ആളുകളെ കണ്ടെത്തിയാല്‍ (മറ്റു മലക്കുകളോടായി) അവര്‍ വിളിച്ചു പറയും: ‘നിങ്ങള്‍ അന്വേഷിച്ചുനടക്കുന്നതിലേക്ക് വരൂ.’ അങ്ങനെ അവര്‍ തങ്ങളുടെ ചിറകുകള്‍കൊണ്ട് ഇവരെ ചുറ്റിപ്പൊതിയും. അവരുടെ രക്ഷിതാവ് അവരോട് ചോദിക്കും-അവന്‍ ഇവരെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവനാണ്- ‘എന്റെ ദാസന്മാര്‍ എന്താണ് പറയുന്നത്?’ അവര്‍ പറയും: ‘അവര്‍ നിന്നെ പ്രകീര്‍ത്തിക്കുകയും (തസ്ബീഹ്) നിന്റെ മഹത്ത്വങ്ങള്‍ വാഴ്ത്തുകയും (തക്ബീര്‍) നിന്നെ സ്തുതിക്കുകയും (ഹംദ്) നിന്നെ പുകഴ്ത്തുകയും ചെയ്യുകയാണ്.’
അപ്പോള്‍ അല്ലാഹു ചോദിക്കും: ‘അവര്‍ എന്നെ കണ്ടിട്ടുണ്ടോ?’ മലക്കുകള്‍ പറയും: ‘ഇല്ല, അല്ലാഹുവാണെ സത്യം! അവര്‍ നിന്നെ കണ്ടിട്ടില്ല.’ അപ്പോള്‍ അവന്‍ ചോദിക്കും: ‘അപ്പോള്‍ അവര്‍ എന്നെ കണ്ടാല്‍ എന്തായിരിക്കും സ്ഥിതി?’ അവര്‍ പറയും: ‘അവര്‍ നിന്നെ കണ്ടിരുന്നെങ്കില്‍ ഏറ്റവും ശക്തമായി നിനക്ക് ഇബാദത്തുകള്‍ എടുക്കുകയും ഏറ്റവും ശക്തമായി നിന്നെ വാഴ്ത്തുകയും പുകഴ്ത്തുകയും വളരെ കൂടുതലായി നിന്നെ പ്രകീര്‍ത്തിക്കുകയും ചെയ്യുമായിരുന്നു.’
അല്ലാഹു ചോദിക്കും: ‘അവര്‍ എന്താണ് എന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നത്?’ മലക്കുകള്‍ പറയും: ‘അവര്‍ നിന്നോട് സ്വര്‍ഗം ചോദിക്കുന്നു.’ അപ്പോള്‍ അല്ലാഹു ചോദിക്കും: ‘അവര്‍ സ്വര്‍ഗം കണ്ടിട്ടുണ്ടോ?’ അപ്പോള്‍ മലക്കുകള്‍ പറയും: ‘ഇല്ല, അല്ലാഹുവാണെ, അവര്‍ അത് കണ്ടിട്ടില്ല.’ അപ്പോള്‍ അല്ലാഹു പറയും: ‘അപ്പോള്‍ അവര്‍ അത് കണ്ടിരുന്നുവെങ്കില്‍ എന്തായിരിക്കും സ്ഥിതി?’ മലക്കുകള്‍ പറയും: ‘അവര്‍ അത് കണ്ടിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ശക്തമായ ആഗ്രഹമുള്ളവരും അതിയായി അതിനുവേണ്ടി തേടുന്നവരും അതിന്റെ കാര്യത്തില്‍ അതീവ തല്‍പരരുമാകുമായിരുന്നു.’
എന്നിട്ട് അല്ലാഹു ചോദിക്കും: ‘എന്തില്‍നിന്നാണവര്‍ രക്ഷ തേടുന്നത്?’ മലക്കുകള്‍ പറയും: ‘നരകത്തില്‍ നിന്ന്.’ അല്ലാഹു ചോദിക്കും: ‘അവരത് കണ്ടിട്ടുണ്ടോ?’ മലക്കുകള്‍ പറയും: ‘ഇല്ല, അല്ലാഹുവാണെ അവരത് കണ്ടിട്ടില്ല.’ അല്ലാഹു പറയും: ‘അപ്പോള്‍ അവരത് കണ്ടാല്‍ എന്തായിരിക്കും അവസ്ഥ?’ മലക്കുകള്‍ പറയും: ‘അവരത് കണ്ടിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ശക്തമായി അതില്‍നിന്ന് ഓടിയകലുകയും വല്ലാതെ അതിനെ ഭയക്കുകയും ചെയ്യുമായിരുന്നു.’ അല്ലാഹു പറയും: ‘ഞാനിതാ നിങ്ങളെ സാക്ഷിനിര്‍ത്തിക്കൊണ്ട് പറയുന്നു: തീര്‍ച്ചയായും ഞാനവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു.’ അപ്പോള്‍ ആ മലക്കുകളില്‍ പെട്ട ഒരു മലക്ക് പറയും: ‘അവരുടെ കൂട്ടത്തില്‍ അവരില്‍ പെടാത്ത ഒരാളുണ്ട്. അയാള്‍ മറ്റെന്തോ ആവശ്യത്തിന് വന്നുപെട്ടതാണ്.’ അവന്‍ പറയും: ‘അവര്‍ ഒരുമിച്ചിരുന്നവരാണ്. അവരോടൊപ്പം ഇരുന്നവരും പരാജയപ്പെടുകയില്ല’ (ബുഖാരി, മുസ്‌ലിം).
ഇത് അവര്‍ക്ക് അല്ലാഹു കല്‍പിച്ച ആദരവിന്റെയും അനുഗ്രഹത്തിന്റെയും ഭാഗമാണ്. അവര്‍ക്ക് മാത്രമല്ല, അവരോട് കൂടെ ഇരുന്നവര്‍ക്കും. അല്ലാഹു സൂറതു മര്‍യമില്‍ പറഞ്ഞതില്‍നിന്നൊരു വിഹിതം അവര്‍ക്കുമുണ്ട്: ”ഞാന്‍ എവിടെയായിരുന്നാലും എന്നെ നീ അനുഗ്രഹീതനാക്കേണമേ…”(19:31). ഇപ്രകാരമാണ് സത്യവിശ്വാസി. അവന്‍ എവിടെച്ചെന്നിറങ്ങിയാലും അനുഗ്രഹിക്കപ്പെട്ടവനായിരിക്കും. എന്നാല്‍ തെമ്മാടികള്‍ എവിടെ ചെന്നുപെട്ടാലും ലക്ഷണം കെട്ടവരായിരിക്കും.
അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന സദസ്സുകള്‍ മലക്കുകളുടെ സദസ്സുകളാണ്. എന്നാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നകന്ന അശ്രദ്ധയുടെ സദസ്സുകളാട്ടെ അവ പിശാചുക്കളുടെ സദസ്സുകളാണ്. ഓരോന്നും അതിന്റെതായ സദൃശ്യരിലേക്കും കോലത്തിലേക്കുമാണ് ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഓരോ വ്യക്തിയും തനിക്ക് അനുയോജ്യമായതിലേക്ക് ചെന്നുചേരുന്നതാണ്.
(53) നിശ്ചയം, അല്ലാഹു അവനെ പ്രകീര്‍ത്തിക്കുന്നവരെക്കുറിച്ച് മലക്കുകളോട് അഭിമാനം പറയും. ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍ അബൂസഈദില്‍ ഖുദ്‌രി(റ) നിവേദനം ചെയ്തതായി ഉദ്ധരിക്കുന്നു: ”പള്ളിയിലുണ്ടായിരുന്ന ഒരു സദസ്സിലേക്ക് മുആവിയ(റ) ചെന്നിട്ട് ചോദിച്ചു: ‘എന്താണ് നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയിരിക്കുന്ന കാര്യം?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഇരുന്നതാണ്.’ അദ്ദേഹം ചോദിച്ചു: ‘അല്ലാഹുവാണെ, അതുതന്നെയാണോ നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയത്?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവാണേ, ഞങ്ങള്‍ അതിനുവേണ്ടി മാത്രമാണ് ഇവിടെയിരുന്നത്.’
മുആവിയ(റ) പറഞ്ഞു: ‘ഞാന്‍ നിങ്ങളെ സംശയിച്ചതുകൊണ്ടല്ല നിങ്ങളോട് ശപഥം ചെയ്യിച്ചത്. (പ്രത്യുത മറ്റൊരു കാര്യത്തിനാണ്). എന്നെക്കാള്‍ നബി ﷺ യില്‍നിന്ന് കുറച്ചു മാത്രം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വേറെ ആരും ഉണ്ടാകില്ല എന്നാണ് ഞാന്‍ കരുതുന്നത്. ഒരിക്കല്‍ നബി ﷺ തന്റെ സ്വഹാബികള്‍ കൂടിയിരുന്ന ഒരു സദസ്സിലേക്ക് ചെന്നിട്ട് ചോദിച്ചു: ‘എന്താണ് നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയ സംഗതി?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ ഇവിടെ ഇരുന്നത് അല്ലാഹുവിനെ പ്രകീര്‍ത്തിക്കാനും ഞങ്ങളെ ഇസ്‌ലാമിലേക്ക് വഴിനടത്തുകയും സന്മാര്‍ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്തതിന് അവന് സ്തുതിക്കളര്‍പ്പിക്കുവാനുയിട്ടാണ്.’ അപ്പോള്‍ നബി ﷺ ചോദിച്ചു: ‘അല്ലാഹുവാണേ,സത്യം, അതുതന്നെയാണോ നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയത്?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവാണേ സത്യം! അതുമാത്രമാണ് ഞങ്ങളെ ഇവിടെ പിടിച്ചിരുത്തിയത്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും നിങ്ങളെ സംശയിച്ചതിന്റെ പേരിലല്ല ഞാന്‍ നിങ്ങളെക്കൊണ്ട് ശപഥം ചെയ്യിച്ചത്. മറിച്ച് എന്റെയടുക്കല്‍ ജിബ്‌രീല്‍(അ) വന്നിട്ട് പറഞ്ഞു: ‘നിശ്ചയം, അല്ലാഹു തആല നിങ്ങളെക്കുറിച്ച് മലക്കുകളോട് അഭിമാനം പറയുന്നുവത്രെ’ (മുസ്‌ലിം).
പടച്ച റബ്ബിന്റെ ഈ അഭിമാനം പറച്ചില്‍ ദിക്‌റിന് അവന്റെയടുക്കലുള്ള മഹത്ത്വവും ആദരവും അവന് അതിനോടുള്ള ഇഷ്ടവുമൊക്കെ അറിയിക്കുന്നുണ്ട്. മറ്റു കര്‍മങ്ങളെക്കാള്‍ അതിനുള്ള പ്രത്യേകതയും മനസ്സിലാക്കിത്തരുന്നുണ്ട്.
(54) സദാസമയവും ദിക്‌റുമായി കഴിഞ്ഞുകൂടുന്നവര്‍ പുഞ്ചിരിതൂകിക്കൊണ്ട് സന്തോഷത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അബുദ്ദര്‍ദാഅ്(റ) പറയുന്നു: ”അല്ലാഹുവിനെക്കുറിച്ചുള്ള പ്രകീര്‍ത്തനങ്ങള്‍ നാവില്‍ സദാസമയവും പച്ചപിടിച്ചുനില്‍ക്കുന്നവര്‍ ഓരോരുത്തരും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്” (ഇബ്‌നു അബീശൈബ തന്റെ ‘മുസ്വന്നഫി’ലും അഹ്മദ് ‘അസ്സുഹ്ദി’ലും അബൂനുഐം ‘അല്‍ഹില്‍യ’യിലും ഉദ്ധരിച്ചത്).
(55) ആരാധനാകര്‍മങ്ങള്‍ എല്ലാംതന്നെ മതപരമാക്കപ്പെട്ടത് അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ്. അഥവാ അവയുടെ ലക്ഷ്യം അല്ലാഹുവിന്റെ സ്മരണ കൈവരിക്കലാണ്.
إِنَّنِىٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدْنِى وَأَقِمِ ٱلصَّلَوٰةَ لِذِكْرِىٓ
തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും എന്നെ ഓര്‍മിക്കുന്നതിനായി നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. (ഖു൪ആന്‍:20/14)
‘അത് മുഖേന ഞാന്‍ നിന്നെ ഓര്‍ക്കാന്‍ വേണ്ടി’ എന്നും ‘നീ എന്നെ ഓര്‍ക്കാന്‍ വേണ്ടി’ എന്നും രണ്ടു രൂപത്തില്‍ ഇതിന് വിവരണം നല്‍കപ്പെട്ടിട്ടുണ്ട്. ‘എന്നെ സ്മരിക്കുന്ന വേളയില്‍ നീ നമസ്‌കരിക്കുക’ എന്നും ഒരു വിശദീകരണമുണ്ട്. (തഹ്ദീബുസ്സുനന്‍ 6:180, മദാരിജുസ്സാലികീന്‍ 1:411, റൂഹുല്‍ മആനി 8:486) എന്നിവ നോക്കുക.
ഇവയില്‍ ഏറ്റവും പ്രബലമായിട്ടുള്ളത് ‘എന്നെ സ്മരിക്കുന്നതിനു വേണ്ടി നീ നമസ്‌കാരം നിലനിര്‍ത്തുക’ എന്ന വിശദീകരണമാണ്. ഇതിന്റെ ഒരു അനുബന്ധമാണ് ‘അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയുള്ളപ്പോള്‍ അത് നിര്‍വഹിക്കുക’ എന്നത്. ഒരു അടിമ തന്റെ റബ്ബിനെ സ്മരിച്ചാലാണ് നമസ്‌കാരം നിര്‍വഹിക്കുക. അപ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാണ് അവിടെ ആദ്യമുണ്ടായത്. അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ അത് മുഖേനയുണ്ടായി എന്നര്‍ഥം. ചുരുക്കത്തില്‍ മൂന്ന് ആശയങ്ങളും ശരിതന്നെയാണ്.
ٱتْلُ مَآ أُوحِىَ إِلَيْكَ مِنَ ٱلْكِتَٰبِ وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ
(നബിയേ,) വേദഗ്രന്ഥത്തില്‍നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതിക്കേള്‍പിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍നിന്നും നിഷിദ്ധകര്‍മത്തില്‍നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യംതന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു” (ഖു൪ആന്‍:29/45)
ഇതിന്റെ വിശദീകരണങ്ങളായി വന്നതില്‍ ഒന്ന് ഇപ്രകാരമാണ്: ‘നിശ്ചയം നിങ്ങള്‍ നമസ്‌കാരത്തിലൂടെ അല്ലാഹുവിനെ സ്മരിക്കുകയാണ്. അല്ലാഹുവാകട്ടെ അവനെ സ്‌നേഹിക്കുന്നവരെ സ്മരിക്കുന്നു. അല്ലാഹു നിങ്ങളെ സ്മരിക്കുക എന്നതാണ് നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക എന്നതിനെക്കാള്‍ പ്രധാനം.’ ഇബ്‌നു അബ്ബാസ്(റ), സല്‍മാന്‍(റ), അബുദ്ദര്‍ദാഅ്(റ), ഇബ്‌നു മസ്ഊദ്(റ) തുടങ്ങിയവരില്‍നിന്നൊക്കെ ഇപ്രകാരം ഉദ്ധരിക്കുപ്പെടുന്നുണ്ട്.
‘അല്ലാഹുവിന്റെ ദിക്ര്‍ ആണ് ഏറ്റവും വലുത്’ എന്നതിന് അല്ലാഹുവിന്റെ തന്നെ മറ്റൊരു വചനമായ ‘നിങ്ങള്‍ എന്നെ സ്മരിക്കുക; എങ്കില്‍ ഞാന്‍ നിങ്ങളെയും ഓര്‍ക്കും’ എന്ന സൂക്തംകൊണ്ടും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അല്ലാഹു നിങ്ങളെ ഓര്‍ക്കുക എന്നതാണ് നിങ്ങള്‍ അവനെ ഓര്‍ക്കുന്നതിനെക്കാള്‍ മഹത്തരമായിട്ടുള്ളത്. (തഫ്‌സീറുത്ത്വബ്‌രി കാണുക).
ഇബ്‌നു സൈദും ക്വതാദയും പറയുന്നു: ‘അതിന്റെ അര്‍ഥം; അല്ലാഹുവിനെ ദിക്ര്‍ ചെയ്യലാണ് എല്ലാറ്റിനെക്കാളും മഹത്തരമായത്.’ സല്‍മാന്‍(റ) ചോദിക്കപ്പെട്ടു: ‘ഏത് കര്‍മമാണ് ഏറ്റവും ശ്രേഷ്ഠം?’ അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ ക്വുര്‍ആന്‍ വായിച്ചിട്ടില്ലേ? അല്ലാഹുവിനെ സ്മരിക്കലാണ് ഏറ്റവും വലുത്'(29:45) (ത്വബ്‌രി ഉദ്ധരിച്ചത്)
ഇതിന് ഉപോല്‍ബലകമാണ് മുമ്പ് പറഞ്ഞ അബുദ്ദര്‍ദാഇന്റെ ഹദീഥ്: ‘നിങ്ങളുടെ കര്‍മങ്ങളില്‍ ഏറ്റവും ഉത്തമമായതിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെ; അതായത് നിങ്ങളുടെ രാജാധിരാജന്റെയടുക്കല്‍ ഏറ്റവും വിശിഷ്ഠമായതും സ്വര്‍ണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാള്‍ ഉത്തമമായതും…’ (തിര്‍മുദി, ഇബ്‌നുമാജ, അഹ്മദ്, ഹാകിം മുതലായവര്‍ ഉദ്ധരിച്ചത്).
ശൈഖുല്‍ ഇസ്‌ലാം അബുല്‍അബ്ബാസ് ഇബ്‌നുതൈമിയ്യ رحمه الله പറയാറുണ്ടായിരുന്നു: ‘ഈ ആയിരത്തിന്റെ ശരിയായ വിവക്ഷ ഇതാണ്; നിശ്ചയം, നമസ്‌കാരത്തില്‍ രണ്ട് പ്രധാന ലക്ഷ്യങ്ങളുണ്ട്. ഒന്ന് മറ്റൊന്നിനെക്കാള്‍ പ്രധാനമാണ്. തീര്‍ച്ചയായും നമസ്‌കാരം മ്ലേച്ഛവും ഏറ്റവും മോശപ്പെട്ടതുമായ കാര്യങ്ങളില്‍നിന്നും തടയുന്നതാണ്. അപ്രകാരംതന്നെ അത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും പ്രകീര്‍ത്തനങ്ങളും അടങ്ങുന്നതാണ്. അതിലെ അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’ ആണ് മ്ലേച്ഛവും മോശവുമായ കാര്യങ്ങളില്‍നിന്നും അത് തടയുന്നു എന്നതിനെക്കാള്‍ മഹത്തരമായത്’ (അല്‍ഉബൂദിയ്യ, മജ്മൂഉ ഫതാവ എന്നിവ നോക്കുക).
ഇബ്‌നു അബിദ്ദുന്‍യാ പറയുന്നു: ”ഇബ്‌നു അബ്ബാസി(റ)നോട് ‘ഏതു കര്‍മമാണ് ഏറ്റവും ശ്രേഷ്ഠം’ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനെ സ്മരിക്കലാണ് ഏറ്റവും മഹത്തരം’ (ഇബ്‌നു അബീശൈബ തന്റെ ‘മുസ്വന്നഫി’ലും ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും ഉദ്ധരിച്ചത്).
നബി ﷺ പറഞ്ഞതായി ആഇശ رَضِيَ اللَّهُ عَنْها നിവേദനം ചെയ്യുന്നു: ”നിശ്ചയമായും (ഹജ്ജിന്റെ ഭാഗമായി)കഅ്ബ ത്വവാഫ് ചെയ്യലും സഫാമര്‍വകള്‍ക്കിടയില്‍ സഅ്‌യ് നിര്‍വഹിക്കലും ജംറകളില്‍ എറിയലും എല്ലാം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്” (അബൂദാവൂദ്, തിര്‍മുദി).
(56) ഏതൊരു കര്‍മം ചെയ്യുന്നവരിലും ഏറ്റവും ശ്രേഷ്ഠര്‍ ആ കര്‍മിലത്തിലൂടെ അല്ലാഹുവിനെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നവരാണ്. നോമ്പുകാരില്‍ ഏറ്റവും ശ്രേഷ്ഠര്‍ തങ്ങളുടെ നോമ്പിലൂടെ അല്ലാഹുവിനെ കൂടുതലായി സ്മരിക്കുന്നവരാണ്. ദാനധര്‍മങ്ങള്‍ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ അതിലൂടെ അല്ലാഹുവിനെ അധികമായി ഓര്‍ക്കുന്നവരാണ്. ഹജ്ജ് ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഏറ്റവും മഹത്ത്വമുള്ളവര്‍ അല്ലാഹുവെ ധാരാളമായി പ്രകീര്‍ത്തിക്കുന്നവരാണ്. ഇങ്ങനെയാണ് മറ്റു കര്‍മങ്ങളുടെയും സ്ഥിതി.
ഈ വിഷയത്തില്‍ മുര്‍സലായ ഒരു ഹദീഥ് ഇബ്‌നു അബിദ്ദുന്‍യാ ഉദ്ധരിക്കുന്നുണ്ട്. നബി ﷺ യോട് ഒരാള്‍ ചോദിച്ചു: ‘ഏത് പള്ളിയുടെ ആളുകളാണ് ഉത്തമര്‍?’ അവിടുന്ന് പറഞ്ഞു: ‘അവരില്‍ കൂടുതലായി അല്ലാഹുവിനെ സ്മരിക്കുന്നവര്‍.’ വീണ്ടും ചോദിക്കപ്പെട്ടു: ‘ജനാസയെ അനുഗമിക്കുന്നവരില്‍ ഉത്തമര്‍ ആരാണ്?’ നബി ﷺ പറഞ്ഞു: ‘അവരില്‍ അല്ലാഹുവിനെ അധികമായി ഓര്‍ക്കുന്നവര്‍.’ പിന്നെയും ചോദിക്കപ്പെട്ടു: ‘ധര്‍മസമരം നയിക്കുന്നവരില്‍ ആരാണ് ഏറ്റവും ശ്രേഷ്ഠര്‍?’ അവിടുന്ന് പറഞ്ഞു: ‘അവരില്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ അധികരിപ്പിച്ചവര്‍.’ ‘ഹജ്ജു ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ ആരാണ്’ എന്നു ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘അവരില്‍ കൂടുതലായി അല്ലാഹുവിനെ സ്മരിച്ചവര്‍.’ ‘രോഗികളെ സന്ദര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ ആരാണ് ഏറ്റവും ശ്രേഷ്ഠര്‍’ എന്നു ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘അവരുടെ കൂട്ടത്തില്‍ അല്ലാഹുവിനെ കൂടുതലായി ഓര്‍ക്കുന്നവര്‍.’ അബൂബക്കര്‍(റ) പറഞ്ഞു:’അല്ലാഹുവിനെ സ്മരിക്കുന്ന ‘ദിക്‌റി’ന്റെ ആളുകള്‍ നന്മകളെല്ലാം കൊണ്ടുപോയി’ (ഇബ്‌നുല്‍മുബാറക് ‘അസ്സുഹ്ദി’ലും അബുല്‍ ക്വാസിമുല്‍ അസ്ബഹാനി ‘അത്തര്‍ഹീബു വത്തര്‍ഗീബി’ലും ബൈഹഖി ‘ശുഅബുല്‍ ഈമാനി’ലും മുര്‍സലായി ഉദ്ധരിച്ചത്. സനദ് മുറിഞ്ഞുപോകാത്ത വിധത്തിലും നബി ﷺ യില്‍നിന്ന് ഇമാം അഹ്മദും ത്വബ്‌റാനിയും ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ പരമ്പരയിലും വിമര്‍ശനവിധേയനായ വ്യക്തിയുണ്ട് -കുറിപ്പുകാരന്‍).
ഉബൈദുബ്‌നു ഉമൈര്‍(റ) പറയുന്നു: ‘ഈ രാത്രിയിലെ പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരികയോ ധനം ചെലവഴിക്കാന്‍ നിങ്ങള്‍ ലുബ്ധത കാണിക്കുകയോ ശത്രുവിനെ നേരിടാന്‍ നിങ്ങള്‍ ഭീരുക്കളാവുകയോ ചെയ്താല്‍ ഉടന്‍ നിങ്ങള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റുകള്‍ അധികരിപ്പിച്ചുകൊള്ളുക’ (ഇബ്‌നു അബീശൈബ തന്റെ ‘മുസ്വന്നഫി’ലും അഹ്മദ് തന്റെ ‘അസ്സുഹ്ദി’ലും അബൂ നുഐം ‘അല്‍ഹില്‍യ’യിലും ഉദ്ധരിച്ചത്).
(57) ദിക്ര്‍ സ്ഥിരമായി നിര്‍വഹിക്കുന്നത് മറ്റു ഐച്ഛിക കര്‍മങ്ങള്‍ക്ക് പകരവും അവയുടെ സ്ഥാനത്ത് നില്‍ക്കുന്നതുമാണ്. അവ ശരീരംകൊണ്ട് നിര്‍വഹിക്കുന്ന കര്‍മങ്ങളോ സമ്പത്തുകൊണ്ട് നിര്‍വഹിക്കുന്നവയോ അതല്ലെങ്കില്‍ ശരീരംകൊണ്ടും സമ്പത്തുകൊണ്ടും നിര്‍വഹിക്കുന്ന ഐച്ഛികമായ ഹജ്ജ് പോലെയുള്ള കര്‍മങ്ങളോ ആണെങ്കിലും സമമാണ്.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്യുന്ന ഹദീഥില്‍ വ്യക്തമായിത്തന്നെ അത് വന്നിട്ടുണ്ട്. മുഹാജിറുകളിലെ ദരിദ്രരായ ചിലര്‍ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, സമ്പന്നരായ ആളുകള്‍ ഉന്നതമായ പദവികളെല്ലാം കൊണ്ടുപോയല്ലോ; സ്ഥിരാസ്വാദനങ്ങളുടെ സ്വര്‍ഗവും. കാരണം, ഞങ്ങള്‍ നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയുമൊക്കെ ചെയ്യുന്നതുപോലെ അവരും നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞങ്ങളെക്കാള്‍ കൂടുതലായി അവരുടെ പക്കല്‍ സമ്പത്തുള്ളതിനാല്‍ അതുപയോഗിച്ച് അവര്‍ ഹജ്ജും ഉംറയും ജിഹാദും നിര്‍വഹിക്കുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്കൊരു കാര്യം അറിയിച്ചുതരട്ടെ? അതുമുഖേന നിങ്ങള്‍ക്ക് മുന്‍കടന്നവരോടൊപ്പമെത്താനും. നിങ്ങള്‍ക്ക് ശേഷമുള്ളവരെ മുന്‍കടക്കാനും കഴിയും. നിങ്ങള്‍ ചെയ്യുന്നതുപോലെ ചെയ്യുന്നവരല്ലാത്ത ഒരാളും നിങ്ങളെക്കാള്‍ മഹത്ത്വമുള്ളവരായി ഉണ്ടാവുകയില്ല.’ അവര്‍ പറഞ്ഞു: ‘അറിയിച്ചു തന്നാലും തിരുദൂതരേ.’ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ ഓരോ നമസ്‌കാര ശേഷവും തസ്ബീഹും (പരിശുദ്ധിയെ വാഴ്ത്തല്‍ അഥവാ പ്രകീര്‍ത്തനം ചെയ്യല്‍), അല്ലാഹുവിനെ സ്തുതിക്കുന്ന സ്‌തോത്രകീര്‍ത്തനങ്ങളും അഥവാ ‘അല്‍ഹംദുലില്ലാഹി’യും അല്ലാഹുവിനെ വാഴ്ത്തുന്ന തക്ബീറുകളും അഥവാ ‘അല്ലാഹു അക്ബറും’ ചൊല്ലുക’ (ബുഖാരി, മുസ്‌ലിം).
പാവപ്പെട്ട ഈ സ്വഹാബിമാര്‍ക്ക് ചെയ്യാന്‍ പറ്റാതിരുന്ന ഹജ്ജിനും ഉംറക്കും ജിഹാദിനും ഒക്കെ പകരമായി അവര്‍ക്ക് നിശ്ചയിച്ചുകൊടുത്തത് ‘ദിക്‌റി’നെയാണ്. ഈ ദിക്‌റുകള്‍കൊണ്ട് ഇവര്‍ക്ക് മറ്റുള്ളവരെ മുന്‍കടക്കാന്‍ കഴിയുമെന്നും നബി ﷺ അവരെ അറിയിച്ചു. എന്നാല്‍ സമ്പന്നരായ ആളുകള്‍ ഇതറിഞ്ഞപ്പോള്‍ അവരും ഇതെല്ലാം ചെയ്യാന്‍ തുടങ്ങി. അങ്ങനെ അവരുടെ ദാനധര്‍മങ്ങള്‍ക്കും സമ്പത്ത് ചെലവഴിച്ചുകൊണ്ടുള്ള ആരാധനകള്‍ക്കും പുറമെ ഈ ദിക്‌റുകള്‍ കൊണ്ടും അവര്‍ കര്‍മങ്ങളധികരിപ്പിച്ചു. അതിലൂടെ ഈ രണ്ട് വിധത്തിലുള്ള മഹത്ത്വങ്ങളും അവര്‍ കരസ്ഥമാക്കി. പാവപ്പെട്ടവര്‍ ഇവരോട് മത്സരിക്കുകയായിരുന്നു. അവരും ഈ പുണ്യത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ നബി ﷺ യോട് അവര്‍ വിവരം പറഞ്ഞു. ആ സമ്പന്നരായ ആളുകള്‍ ഞങ്ങള്‍ക്ക് യാതൊരു ശേഷിയുമില്ലാത്ത കാര്യങ്ങള്‍കൊണ്ട് അതിജയിച്ചു മുന്നിട്ടു എന്നും പറഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അത് അല്ലാഹുവിന്റെ പ്രത്യേകമായ ഔദാര്യമാകുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു.’
അബ്ദുല്ലാഹിബ്‌നു ബുസ്‌റിന്റെ ഹദീഥില്‍ പറയുന്നു: ”ഒരു ഗ്രാമീണനായ വ്യക്തി വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങളും മറ്റു കാര്യങ്ങളുമൊക്കെ എനിക്ക് വളരെ അധികമായി തോന്നുന്നു. അതിനാല്‍ എനിക്ക് മതിയായതും എല്ലാം ഉള്‍ക്കൊള്ളുന്നതുമായ ഒരു കാര്യം എനിക്ക് അറിയിച്ചു തന്നാലും.’ നബി ﷺ പറഞ്ഞു: ‘നീ അല്ലാഹുവിന് ദിക്ര്‍ ചെയ്യുക.’ അദ്ദേഹം ചോദിച്ചു: ‘തിരുതൂദരേ, അത് മതിയോ?’ നബി ﷺ പറഞ്ഞു: ‘അതെ, അത് താങ്കള്‍ക്ക് ശ്രേഷ്ഠകരമാണ്’ (അഹ്മദ്, തിര്‍മുദി, ഇബ്‌നു മാജ, ഇബ്‌നു ഹിബ്ബാന്‍, ഹാകിം തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇവിടെ പറയപ്പെട്ട രൂപത്തില്‍ ഉദ്ധരിക്കുന്നത് ഇബ്‌നു അബീആസ്വ്(റ) തന്റെ ‘അല്‍ ആഹാദ് വല്‍ മസാനി’ എന്ന ഗ്രന്ഥത്തിലാണ്- കുറിപ്പുകാരന്‍).
ഗുണകാംക്ഷിയായ തിരുദൂതര്‍ ﷺ അദ്ദേഹത്തിന് ഇസ്‌ലാമിക നിയമങ്ങളിലേക്ക് താല്‍പര്യം ജനിപ്പിക്കുന്ന ഒരു കാര്യമാണ് അറിയിച്ചുകൊടുത്തത്. അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’ അയാള്‍ തന്റെ മുഖമുദ്രയാക്കിയാല്‍ അല്ലാഹുവിനെയും അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവയെയും അയാള്‍ക്ക് പ്രിയങ്കരമാവും. അപ്പോള്‍ പിന്നെ ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ പിന്‍പറ്റി അല്ലാഹുവിലേക്ക് അടുക്കുക എന്നതിനെക്കാള്‍ പ്രിയങ്കരമായി അയാള്‍ക്ക് വേറെ ഒന്നും ഉണ്ടാവുകയില്ല. അതിനാല്‍ അയാള്‍ക്ക് ഇസ്‌ലാമിന്റെ വിധിവിലക്കുകളോട് ആഭിമുഖ്യമുണ്ടാകുന്നതും അതിനെ ആയാസകരമാക്കുന്നതുമായ ഒരു കാര്യമാണ് അറിയിച്ചുകൊടുത്തത്. അതായത് അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍. ഇപ്പറഞ്ഞത് വിശദമാക്കുന്നതാണ് താഴെ വരുന്ന 58ാമത്തെ സംഗതി
(58) നിശ്ചയം അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ നന്മകള്‍ പ്രവര്‍ത്തിക്കാനുള്ള ഏറ്റവും വലിയ സഹായമാണ്. ദിക്ര്‍ നന്മകളെ അല്ലാഹുവിന്റെ ദാസന്മാര്‍ക്ക് പ്രിയങ്കരമാക്കും. അവര്‍ക്ക് ലളിതവും ആസ്വാദ്യകരവുമാക്കും. തങ്ങളുടെ കണ്‍കുളിര്‍മയും സന്തോഷവും ആനന്ദവുമൊക്കെ അവയിലാക്കി ത്തീര്‍ക്കും. അങ്ങനെ അല്ലാഹുവിന് വഴിപ്പെട്ട് നന്മകളും ആരാധനകളും അനുഷ്ഠിക്കുന്നതിന് അവര്‍ക്ക് യാതൊരു ഭാരമോ പ്രയാസമോ ബുദ്ധിമുട്ടോ അനുഭവപ്പെടുകയില്ല. ദിക്‌റില്‍നിന്നകന്ന് അശ്രദ്ധയില്‍ കഴിയുന്നവരുടെ സ്ഥിതി നേരെ മറിച്ചായിരിക്കും. അനുഭവങ്ങള്‍ അതിന് സാക്ഷിയാണ്.
(59) നിശ്ചയം, അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ പ്രയാസങ്ങളെ ആയാസകരമാക്കും. ഞെരുക്കമുള്ളതിനെ ലളിതമാക്കും. ബുദ്ധിമുട്ടുകളെ ലഘൂകരിക്കും. പ്രയാസകരമായ ഏതൊരു കാര്യത്തില്‍ അല്ലാഹുവിനെ സ്മരിച്ചുവോ തീര്‍ച്ചയായും അത് പ്രയാസരഹിതമാകുന്നതാണ്. ഞെരുക്കങ്ങളെയും ബുദ്ധിമുട്ടുകളെയും കാലുഷ്യങ്ങളെയും അത് നീക്കിക്കളയും
ഏതൊരു ദുരിതവും അതുമുഖേന വഴിമാറും. അപ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ ആണ് പ്രയാസത്തിന് ശേഷമുള്ള ആശ്വാസവും ഞെരുക്കത്തിന് പിന്നാലെയുള്ള എളുപ്പവും സങ്കടങ്ങളില്‍ നിന്നും ദുഖങ്ങളില്‍നിന്നുമുള്ള മോചനവും. താഴെ വരുന്ന കാര്യം അത് ഒന്നുകൂടി വിശദമാക്കുന്നതാണ്.
(60) അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’ ഹൃദയത്തിന്റെ എല്ലാ ഭയപ്പാടുകളും വ്യഥകളും നീക്കിക്കളയും. നിര്‍ഭയത്വം നേടിത്തരുന്നതില്‍ അതിന് അത്ഭുതകരമായ സ്വാധീനമുണ്ട്. ഭയം കൊടുമ്പിരികൊണ്ട ഏതൊരാള്‍ക്കും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റിനെക്കാള്‍ ഫലപ്രദമായ മറ്റൊന്നുംതന്നെയില്ല എന്നതാണ് സത്യം. ഏതൊരാള്‍ക്കും തന്റെ ‘ദിക്‌റി’ന്റെ തോതനുസരിച്ച് നിര്‍ഭയത്വം കണ്ടെത്തുവാനും ഭീതി അകറ്റുവാനും സാധിക്കുന്നതാണ്. എത്രത്തോളമെന്നാല്‍ അയാള്‍ ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്ത കാര്യങ്ങള്‍തന്നെ അയാള്‍ക്ക് നിര്‍ഭയത്വം നല്‍കുന്നതായി മാറും. എന്നാല്‍ ദിക്‌റുകളില്‍നിന്നകന്ന് അശ്രദ്ധയില്‍ കഴിയുന്നവനെ സംബന്ധിച്ചിടത്തോളം അവന്‍ വല്ലാത്ത ഭീതിയിലായിരിക്കും. അവന്‍ എത്രതന്നെ സുരക്ഷകളൊരുക്കിയിട്ടുണ്ടെങ്കി ലും ആ ഭയപ്പാടുകള്‍ക്കൊട്ടും കുറവുണ്ടാവുകയില്ല. ഗ്രാഹ്യശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഏതൊരാള്‍ക്കും ഇവ രണ്ടും അനുഭവിച്ചറിയാന്‍ കഴിയുന്നതാണ്. അല്ലാഹുവാണ് സഹായമേകുന്നവന്‍.
(61) തീര്‍ച്ചയായും ദിക്ര്‍ ചെയ്യുന്നവര്‍ക്ക് ദിക്ര്‍ പ്രത്യേകമായ ഒരു ശക്തി നല്‍കുന്നതാണ്. ദിക്‌റിന്റെ അഭാവത്തില്‍ ചെയ്യാന്‍ കഴിയാതിരുന്ന സംഗതി ദിക്‌റിന്റെ കൂടെയാകുമ്പോള്‍ അനായാസേന ചെയ്യാന്‍ സാധിക്കുന്നതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رحمه الله യുടെ ഇത്തരത്തിലുള്ള കഴിവ് നാം നേരിട്ട് കണ്ടിട്ടുള്ളതാണ്. മഹാനവര്‍കളുടെ നടത്തത്തിലും സംസാരത്തിലും ഏതൊരു കാര്യത്തിലും മൂന്നിട്ടിറങ്ങാനുള്ള സന്നദ്ധതയിലും എഴുത്തുകളിലുമെല്ലാം അത്ഭുതകരമായ ആ ശക്തി കാണാവുന്നതാണ്. അദ്ദേഹം ഒരൊറ്റ ദിവസം കൊണ്ട് എഴുതിത്തീര്‍ത്ത ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതുന്നവര്‍ക്ക് എഴുതിത്തീര്‍ക്കാന്‍ ഒരാഴ്ചയോ അല്ലെങ്കില്‍ അതിലധികമോ വേണ്ടിവരുമായിരുന്നു. യുദ്ധരംഗത്തെ അദ്ദേഹത്തിന്റെ ശക്തി അത്ഭുതകരമായ രൂപത്തില്‍ സൈന്യത്തിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്.
നബിﷺ തന്റെ പ്രിയ പുത്രി ഫാത്വിമ(റ)ക്കും അലി(റ)വിനും രാത്രി കിടക്കാന്‍ നേരത്ത് 33 പ്രാവശ്യം തസ്ബീഹ് ചെയ്യുവാനും 33 പ്രാവശ്യം ‘അല്‍ഹംദുലില്ലാഹ്’ എന്ന് പറയാനും 34 പ്രാവശ്യം ‘അല്ലാഹു അക്ബര്‍’ എന്ന് പറയാനും പഠിപ്പിച്ചുകൊടുത്തത് പ്രസിദ്ധമാണല്ലോ. വീട്ടിലെ ജോലികളും പ്രയാസങ്ങളുമെല്ലാം പറഞ്ഞ് പിതാവിനോട് ആവലാതിപ്പെട്ട് ഒരു വേലക്കാരനെ ആവശ്യപ്പെട്ടപ്പോഴാണ് നബിﷺ മകള്‍ ഫാത്വിമയോട് അപ്രകാരം പറഞ്ഞത്. അവിടുന്ന് പറഞ്ഞു: ‘നിശ്ചയം, അത് നിങ്ങള്‍ക്ക് ഒരു ഭൃത്യനുണ്ടാകുന്നതിനെക്കാള്‍ ഉത്തമമാണ്’ (ബുഖാരി, മുസ്‌ലിം).
തീര്‍ച്ചയായും അത് സ്ഥിരമായി ചെയ്യുന്നവര്‍ക്ക് ഒരു വേലക്കാരനെ ആവശ്യമില്ലാത്തവിധം പണിയെടുക്കുന്നതിന് ശാരീരികമായ കഴിവും ശേഷിയുമുണ്ടാകുമെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
ഈ വിഷയത്തില്‍ ഒരു മഹദ്വചനം ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رحمه الله പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതായത്, മലക്കുകളോട് സിംഹാസനം (അര്‍ശ്) വഹിക്കാന്‍ അല്ലാഹു കല്‍പിച്ചപ്പോള്‍ അവര്‍ പറഞ്ഞുവത്രെ,’ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മഹത്ത്വവും ഗാഭീര്യവും നിറഞ്ഞു നില്‍ക്കുന്ന ഈ മഹത്തായ സിംഹാസനം ഞങ്ങള്‍ എങ്ങനെ വഹിക്കാനാണ്?’ അപ്പോള്‍ അല്ലാഹു പറഞ്ഞു: ‘നിങ്ങള്‍ ലാ ഹൗല വലാ ക്വുവത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം’ (അത്യുന്നതനും മഹത്ത്വപൂര്‍ണനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല)എന്ന് പറയുക. അങ്ങനെ അവരത് പറഞ്ഞു കഴിഞ്ഞപ്പോള്‍ അവര്‍ക്കത് വഹിക്കാന്‍ കഴിഞ്ഞു’ (നഖഌുത്തഅ്‌സീസ് 1/568, അത്തുഹ്ഫതുല്‍ ഇറാഖിയ്യ, മജ്മുഉ ഫതാവ എന്നിവ കാണുക).
ഇബ്‌നു അബിദ്ദുന്‍യാ ഇതേ ഹദീഥ് ഉദ്ധരിക്കുന്നത് പിന്നീട് കാണാന്‍ കഴിഞ്ഞു. അല്ലാഹു സിംഹാസനവാഹകരായ മലക്കുകളെ സൃഷ്ടിച്ച ആദ്യ സമയത്ത് അവര്‍ ചോദിച്ചു: ‘ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങളെ എന്തിനു വേണ്ടിയാണ് സൃഷ്ടിച്ചത്?’ (അഥവാ ഞങ്ങളുടെ ചുമതലയെന്താണ്). അല്ലാഹു പറഞ്ഞു: ‘എന്റെ സിംഹാസനം (അര്‍ശ്) വഹിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ നിങ്ങളെ പടച്ചത്. അവര്‍ ചോദിച്ചു: ‘നിന്റെ മഹത്ത്വവും ഗാംഭീര്യവും നിറഞ്ഞുനില്‍ക്കുന്ന നിന്റെ അര്‍ശ് വഹിക്കാന്‍ ആര്‍ക്കാണ് കഴിയുക?’ അല്ലാഹു പറഞ്ഞു: ‘അതിനുവേണ്ടിയാണ് ഞാന്‍ നിങ്ങളെ സൃഷ്ടിച്ചത്.’ വീണ്ടും അവര്‍ പലപ്രാവശ്യം ചോദ്യമാവര്‍ത്തിച്ചു. അപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു: ‘നിങ്ങള്‍ ലാഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ് (അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല) എന്നു പറയുക’. അങ്ങനെ അവര്‍ അത് വഹിച്ചു.’ (ഉഥ്മാനുബ്‌നു സഈദുദ്ദാരിമി ‘മിര്‍രീസിക്കുള്ള തന്റെ മറുപടി’യില്‍ ഉദ്ധരിച്ചത്. ഇബ്‌നു ജരീറുത്ത്വബ്‌രി തന്റെ തഫസീറിലും ഇതുപോലുള്ളൊരു റിപ്പോര്‍ട്ട് ഉദ്ധരിച്ചിട്ടുണ്ട്).
ഈ വാക്കുകള്‍ക്ക് വിഷമകരമായ ജോലികള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്ന കാര്യത്തില്‍ വിസ്മയകരമായ സ്വാധീനം ചെലുത്താന്‍ കഴിയും. പ്രയാസങ്ങള്‍ ഏറ്റെടുക്കുന്നതിലും രാജാക്കന്മാരുടെ അടുക്കലേക്കും ഭയപ്പെടുന്ന മറ്റു ആളുകളുടെ അടുക്കലേക്കും നിര്‍ഭയത്വത്തോടെ കടന്നുചെല്ലാനും ഭീകരാവസ്ഥകളെ തരണം ചെയ്യാനുമൊക്കെ ഇത് വലിയ ആശ്വാസമാണ്.
അപ്രകാരം തന്നെ ദാരിദ്ര്യത്തെ തടയുന്നതിലും ഇതിന് വലിയ സ്വാധീനമുണ്ട്. ഇബ്‌നു അബിദ്ദുന്‍ യാ(റ) ഉദ്ധരിക്കുന്നു; നബിﷺ പറഞ്ഞു: ‘ആരെങ്കിലും ഓരോ ദിവസവും ‘ലാഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ്’ എന്ന് നൂറ് പ്രവശ്യം പറഞ്ഞാല്‍ അയാളെ ഒരിക്കലും ദാരിദ്ര്യം ബാധിക്കുകയില്ല’ (ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്തായിരുന്നാലും ഇത് പരമ്പര മുറിഞ്ഞ ഒരു റിപ്പോര്‍ട്ടാണ് മുന്‍ദിരി(റ)യുടെ അത്തര്‍ഗീബ് വത്തര്‍ഹീബും ശൈഖ് അല്‍ബാനിയുടെ അതിന്റെ അനുബന്ധവും കാണുക- കുറുപ്പുകാരന്‍).
ശത്രുവിനെ കണ്ടുമുട്ടുകയോ വല്ല കോട്ടയെയും അഭിമുഖീകരിക്കുകയോ ചെയ്താല്‍ ‘ലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ്’ എന്ന ദിക്ര്‍ ചൊല്ലല്‍ നല്ലതാണെന്ന് ഹബീബ്‌നു മസ്‌ലമ(റ) അഭിപ്രായപ്പെടുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു കോട്ടയെ അപ്രകാരം നേരിട്ടപ്പോള്‍ റോമക്കാര്‍ പിന്തിരിഞ്ഞോടി. അപ്പോള്‍ മുസ്‌ലിംകള്‍ ആ വചനം ഉരുവിടുകയും തക്ബീര്‍ മുഴക്കുകയും ചെയ്തു. അങ്ങനെ ആ കോട്ട തകര്‍ന്നു’ (ബൈഹക്വി ‘ദലാഇലുന്നുബുവ്വ’യിലും ഇബ്‌നു അസാകിര്‍ ‘താരിഖുദിമശ്ക്വി’ലും ഉദ്ധരിച്ചത്).
(62) പരലോകത്തിനു വേണ്ടി പണിയെടുക്കുന്നവര്‍ മത്സരത്തിന്റെ ഗോദയിലാണ്. അതിന്റെ ഏറ്റവും മുന്‍പന്തിയിലുള്ളവര്‍ ദിക്‌റിന്റെ വക്താക്കളും. പക്ഷേ, ഇരുട്ടും പൊടിപടലങ്ങളും കൊണ്ട് അവരുടെ മത്സരമുന്നേറ്റങ്ങള്‍ കാണാന്‍ കഴിയില്ല എന്നുമാത്രം. എന്നാല്‍ അവ നീങ്ങിക്കഴിഞ്ഞാല്‍ ആളുകള്‍ക്ക് അവരെ കാണാനും അവര്‍ വിജയകിരീടം സ്വായത്തമാക്കിയതറിയാനും കഴിയും.
വലീദുബ്‌നു മുസ്‌ലിം പറയുന്നു; ഗഫ്‌റയുടെ മൗല ഉമര്‍ പറഞ്ഞു: ‘അന്ത്യനാളില്‍ ജനങ്ങള്‍ക്ക് അവരുടെ കര്‍മങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള ആവരണം നീങ്ങി വ്യക്തമായി കാണാന്‍ സാധിക്കുമ്പോള്‍ ദിക്‌റിനെക്കാള്‍ ശ്രേഷ്ഠമായ പ്രതിഫലമുള്ള ഒരു കര്‍മവും അവര്‍ കാണുകയില്ല. ആ സന്ദര്‍ഭത്തില്‍ കുറെയാളുകള്‍ നിരാശപ്പെടുകയും ഖേദിക്കുകയും ചെയ്യും. അവര്‍ പറയും; ദിക്‌റിനെക്കാള്‍ പ്രയാസരഹിതമായ ഒന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.’
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു; നബിﷺ പറഞ്ഞു: ‘നിങ്ങള്‍ സഞ്ചരിക്കുക, പ്രത്യേകക്കാര്‍ മുന്‍കടന്നിരിക്കുന്നു.’ സ്വഹാബികള്‍ ചോദിച്ചു: ‘ആരാണ് ആ പ്രത്യേകക്കാര്‍?’ (അല്‍മുഫര്‍രിദൂന്‍). നബി ﷺ പറഞ്ഞു: ‘അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റില്‍ മുഴുകിയവരാണവര്‍. ദിക്ര്‍ അവരുടെ പാപങ്ങളെ ഒഴിവാക്കും’ (തിര്‍മുദി, ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും ഇബ്‌നു അദിയ്യ് ‘അല്‍കാമിലി’ലും ഉദ്ധരിച്ചത്. ഇതിന്റെ പരമ്പരയില്‍ ഉമറുബ്‌നുല്‍ റാശിദ് എന്ന വ്യക്തിയുണ്ട്. അയാള്‍ ദുര്‍ബലനാണ്. വിശിഷ്യാ യഹ്‌യബ്‌നു അബീകഥീറില്‍ നിന്നുദ്ധരിക്കുന്ന റിപ്പോര്‍ട്ടുകളില്‍. ഈ ഹദീഥാകട്ടെ അക്കൂട്ടത്തില്‍പെട്ടതാണ്. ഇബ്‌നു അദിയ്യും തിര്‍മുദിയും ഇതിന്റെ ദുര്‍ബലതയിലേക്ക് സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതല്ലാത്ത, ഇതിനെക്കാള്‍ നല്ല ഒരു വഴിയിലൂടെ ഈ ഹദീഥ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ അവസാനം പറഞ്ഞ ‘ദിക്ര്‍ അവരുടെ പാപഭാരം ഇറക്കിവെക്കും’ എന്ന ഭാഗമില്ല. അഹ്മദും ബുഖാരി തന്റെ ‘താരീഖുല്‍ കബീറി’ലും ബൈഹഖി ‘ശുഅബുല്‍ ഈമാനി’ലും ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീഥിന്റെ ഒരു ആശയം സ്വഹീഹുല്‍ മുസ്‌ലിമില്‍ വന്നിട്ടുള്ളതാണ്-കുറിപ്പുകാരന്‍ ).
അതായത് ദിക്‌റില്‍ വ്യാപൃതരായി, അത് ഒരിക്കലും ഉപേക്ഷിക്കാതെ തങ്ങളുടെ പതിവാക്കിയവര്‍. അതാണ് ‘ദിക്‌റിന്റെ പ്രത്യേകക്കാര്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
ദിക്‌റിലൂടെ വളര്‍ന്ന് ദിക്‌റില്‍തന്നെ മരിച്ചവര്‍ എന്ന വിശദീകരണവും ഇതിന് നല്‍കപ്പെട്ടിട്ടുണ്ട്.
(63) അല്ലാഹു തന്റെ അടിമയെ സത്യപ്പെടുത്താന്‍ ‘ദിക്ര്‍’ ഒരു നിമിത്തമാണ്. കാരണം ‘ദിക്ര്‍’ അല്ലാഹുവിനെക്കുറിച്ചുള്ള അവന്റെ മഹത്തായ ഗുണവിശേഷണങ്ങളും പൂര്‍ണതയുടെ വിവരണങ്ങളും അടങ്ങുന്ന സത്യപ്രസ്താവനയാണ്. അവ മുഖേന ഒരു അടിമ അല്ലാഹുവിനെക്കുറിച്ച് പ്രസ്താവന നടത്തുമ്പോള്‍ അല്ലാഹു അയാളെ ശരിവെക്കും. അല്ലാഹു ശരിവെച്ച ഒരാള്‍ വ്യാജക്കാരോടൊപ്പം ഒരുമിച്ചുകൂട്ടപ്പെടുകയില്ല. മറിച്ച് സത്യവാന്മാരുടെ കൂടെയായിരിക്കും ഒരുമിച്ചുകൂട്ടപ്പെടുകയെന്ന് ന്യായമായും പ്രതീക്ഷിക്കാം.
അബൂമുസ്‌ലിമുല്‍ അഗര്‍റ് പറഞ്ഞതായി അബൂ ഇസ്ഹാക്വ് ഉദ്ധരിക്കുന്നു; അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിന്റെയും അബൂസഈദുല്‍ ഖുദ്‌രി(റ)യും നബിﷺ ഇപ്രകാരം പറഞ്ഞതായി സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: ”ഒരു അടിമ ‘ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍’ (അല്ലാഹുവല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല, അല്ലാഹു ഏറ്റവും വലിയവനാകുന്നു) എന്ന് പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ പറഞ്ഞത് സത്യമാണ്. ഞാനല്ലാതെ ആരാധനക്കാര്‍ഹനായി മാറ്റാരുമില്ല. ഞാനാണ് ഏറ്റവും വലിയവന്‍.’ അടിമ ‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു’ (അല്ലാഹു എകനാണ്, അവനല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല) എന്ന് പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ ദാസന്‍ പറഞ്ഞത് സത്യമാണ്, ഞാന്‍ എകനാണ്. ഞാനല്ലാതെ ആരാധനക്കര്‍ഹാനായി മാറ്റാരുമില്ല.’ ‘ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ‘(അല്ലാഹുവല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല. അവന്‍ എകനാണ്, അവന് യാതൊരു പങ്കുകാരനുമില്ല) എന്ന് അടിമ പറഞ്ഞാല്‍ അല്ലാഹു പറയും ‘എന്റെ ദാസന്‍ പറഞ്ഞത് സത്യമാണ്. ഞാനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. എനിക്ക് യാതൊരു പങ്കുകാരുമില്ല.’ ലാ ഇലാഹ ഇല്ലല്ലാഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദ്’ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്നാകുന്നു സര്‍വാധിപത്യം, അവന്നാകുന്നു സര്‍വ സ്തുതികളും) എന്ന് ഒരു അടിമ പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ പറഞ്ഞത് ശരിയാണ്. ഞാനല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല. എനിക്കാകുന്നു സര്‍വാധിപത്യം. എനിക്കാകുന്നു സര്‍വസ്തുതികളും.’ ‘ലാ ഇലാഹ ഇല്ലല്ലാഹു വലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ്’ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല) എന്ന് ഒരു അടിമ പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ പറഞ്ഞത് സത്യമാണ്. ഞാനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. എന്നെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല.’ അബൂ ഇസ്ഹാക്വ് പറയുന്നു: ‘ശേഷം അബൂ മുസ്‌ലിമുല്‍ അഗര്‍റ് എന്തോ ഒരു കാര്യം പറഞ്ഞു. എനിക്കത് മനസ്സിലായില്ല. ഞാന്‍ അബൂ ജഅ്ഫറിനോട് അതിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ആര്‍ക്കെങ്കിലും തന്റെ മരണ സമയത്ത് ഈ വാക്യങ്ങളുരുവിടാന്‍ ഉദവി നല്‍കപ്പെട്ടാല്‍ നരകാഗ്‌നി അയാളെ സ്പര്‍ശിക്കുകയില്ല’ (തിര്‍മുദി, ഇബ്‌നുഹിബ്ബാന്‍, ഹാകിം).
(64) സ്വര്‍ഗത്തിലെ ഭവനങ്ങള്‍ നിര്‍മിക്കപ്പെടുന്നത് ദിക്‌റുകള്‍ കാരണമായിട്ടാണ്. ദിക്ര്‍ ചെയ്തുകൊണ്ടിരിക്കുന്നയാള്‍ ദിക്ര്‍ നിര്‍ത്തിയാല്‍ മലക്കുകള്‍ ആ നിര്‍മാണ പ്രവര്‍ത്തങ്ങളും നിര്‍ത്തിവെക്കും. വീണ്ടും ദിക്ര്‍ ആരംഭിക്കുകയാണെങ്കില്‍ അവരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ഹകീമുബ്‌നു മുഹമ്മദ് അല്‍ അഖ്‌നസി പറഞ്ഞതായി ഇബ്‌നു അബിദ്ദുന്‍യാ തന്റെ ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു: ‘നിശ്ചയം, സ്വര്‍ഗത്തിലെ ഭവനങ്ങള്‍ നിര്‍മിക്കുന്നപ്പെടുന്നത് ദിക്‌റുകള്‍ കാരണമാണെന്ന വിവരം നമുക്ക് ലഭിച്ചിട്ടുണ്ട്. ദിക്‌റുകള്‍ നിര്‍ത്തിയാല്‍ പ്രസ്തുത നിര്‍മാണവും അവര്‍ (മലക്കുകള്‍) നിര്‍ത്തും. അപ്പോള്‍ അതിനെക്കുറിച്ച് അവരോട് ചോദിക്കപ്പെട്ടാല്‍ അവര്‍ ഇപ്രകാരം പറയുമത്രെ; ‘അതിന്റെ ചെലവ് ഞങ്ങള്‍ക്ക് കിട്ടുന്നതുവരെ നിര്‍ത്തിവെക്കുന്നു.’
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിന്റെ ഹദീഥായി ഇബ്‌നു അബിദ്ദുന്‍യാ രേഖപ്പെടുത്തുന്നു; നബിﷺ പറഞ്ഞു: ”ആരെങ്കിലും ‘സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹില്‍ അളീം’ (അല്ലാഹു എത്രയോ പരിശുദ്ധനാണ്! അവന്നാകുന്നു സര്‍വസ്തുതിയും, മഹത്ത്വപൂര്‍ണനായ അല്ലാഹു ഏറെ പരിശുദ്ധനാകുന്നു) എന്ന് ഏഴു പ്രാവശ്യം പറഞ്ഞാല്‍ അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു അംബരചുംബിയായ കെട്ടിടം നിര്‍മിക്കപ്പെടുന്നതാണ്” (ദുര്‍ബലമായ പരമ്പരയിലൂടെ സ്വഹാബിയുടെ വാക്കായി ബുഖാരി തന്റെ ‘അത്താരീഖുല്‍ കബീര്‍’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്).
സ്വര്‍ഗത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദിക്‌റുകള്‍ നിമിത്തമാണ് എന്നതുപോലെ സ്വര്‍ഗീയ തോട്ടങ്ങളിലെ ചെടികള്‍ നട്ടുപിടിപ്പിക്കുന്നതും ദിക്‌റുകള്‍ക്കനുസരിച്ചാണ്. ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ) പറഞ്ഞതായി നബിﷺ അറിയിച്ച മുമ്പ് വന്ന ഹദീസില്‍ ഇങ്ങനെ കാണാം
”നിശ്ചയം, സ്വര്‍ഗത്തിലെ മണ്ണ് വിശിഷ്ടവും വെള്ളം സംശുദ്ധവുമാണ്. അവിടം സസ്യങ്ങളില്ലാത്ത ഒഴിഞ്ഞ പ്രദേശമാണ്. അവിടെയുള്ള സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് സുബ്ഹാനല്ലാഹ് (അല്ലാഹു എത്രയോ പരിശുദ്ധന്‍), വല്‍ ഹംദുലില്ലാഹി (അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും), വലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല), വല്ലാഹു അക്ബര്‍ (അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍) എന്നീ ദിക്‌റുകള്‍ക്കനുസരിച്ചാണ്” (തിര്‍മുദി, ത്വബ്‌റാനി).
ചുരുക്കത്തില്‍, സ്വര്‍ഗത്തിലെ ചെടികളും കെട്ടിടങ്ങളും ദിക്‌റുകള്‍ നിമിത്തമാണുണ്ടാകുന്നത്. അബ്ദുല്ലാഹിബ്‌നു ഉമറി(റ)ന്റെ ഹദീഥായി അബിദ്ദുന്‍യാ പ്രസ്താവിക്കുന്നു; നബി ﷺ പറഞ്ഞു: ”നിങ്ങള്‍ സ്വര്‍ഗത്തിലെ ചെടികള്‍ അധികരിപ്പിക്കുക.” സ്വഹാബിമാര്‍ ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ ,എന്താ ണ് അതിലെ ചെടികള്‍?” നബി ﷺ പറഞ്ഞു: ‘മാശാഅല്ലാഹ്(അല്ലാഹു ഉദ്ദേശിച്ചത് നടന്നു),’ ‘ലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാ ബില്ലാഹ് (അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല)’ എന്നീ ദിക്‌റുകളാണ്.
(65) തീര്‍ച്ചയായും ദിക്ര്‍ ഒരടിമയുടെയും നരകത്തിന്റെയും ഇടയിലുള്ള മതില്‍ക്കെട്ടായി വര്‍ത്തിക്കുന്നതാണ്. ആ അടിമക്ക് തന്റെ പ്രവര്‍ത്തനഫലമായി നരകത്തിലേക്കെത്താവുന്ന വല്ല വഴിയും തുറന്നുകിടപ്പുണ്ടെങ്കില്‍ അയാളുടെ ‘ദിക്ര്‍’ ആ വഴി അടച്ചുകളയുന്നതാണ്. പരിപൂര്‍ണവും നിത്യേന ചെയ്യുന്നതുമാണ് ആ ദിക്‌റുകളെങ്കില്‍ ഒരു നിലയ്ക്കും ഭേദിച്ചുകടക്കാന്‍ പറ്റാത്ത വിധത്തിലുള്ള ശക്തമായ നിലയ്ക്കുള്ള മതില്‍ക്കെട്ടായി അത് നിലകൊള്ളും. അല്ലായെങ്കില്‍ അതിന്റെതായ തോതനുസരിച്ചായിരിക്കും ഉണ്ടാവുക.
അബ്ദുല്‍ അസീസുബ്‌നു അബീ റവ്വാദ് رحمه الله പറയുന്നു: ”ഗ്രാമീണനായ ഒരാള്‍ ഒരു പള്ളിയുണ്ടാക്കി. എന്നിട്ട് അതിന്റെ ക്വിബ്‌ലയുടെ ഭാഗത്ത് ഏഴ് കല്ലുകള്‍ വെച്ചു. അയാള്‍ തന്റെ നമസ്‌കാരം കഴിയുമ്പോഴെല്ലാം ഇപ്രകാരം പറയുമായിരുന്നു: ‘ഹേ,കല്ലുകളേ! അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നതിന് ഞാന്‍ നിങ്ങളെ സാക്ഷി നിര്‍ത്തുന്നു.’ പിന്നീടയാള്‍ രോഗിയായി മരണപ്പെട്ടു. ഇബ്‌നു അബീ റവ്വാദ് رحمه الله പറയുന്നു: ‘അയാളെ നരകത്തിലേക്ക് ഇടാന്‍ എന്നോട് കപിക്കപ്പെടുന്നതായി സ്വപ്‌നദര്‍ശനമുണ്ടായി. അപ്പോഴതാ എനിക്കറിയാവുന്ന ആ കല്ലുകളില്‍ ഒന്ന് വലുതായി വരികയും നരകത്തിന്റെ കവാടങ്ങള്‍ എന്നില്‍നിന്ന് മറയ്ക്കുകയും ചെയ്തു! അങ്ങനെ മറ്റൊരു വാതില്‍ക്കലേക്ക് എന്നെ കൊണ്ടുപോകുമ്പോള്‍ ആ കല്ലുകളുടെ കൂട്ടത്തില്‍പെട്ട എനിക്കറിയാവുന്ന ഒരു കല്ല് വലുതായി വന്ന് അവിടെയും നരക കവാടത്തിനു മുന്നില്‍ തടസ്സം തീര്‍ക്കുന്നു! അങ്ങനെ നരകത്തിന്റെ എല്ലാ വാതിലുകള്‍ക്ക് മുമ്പിലും ആ കല്ലുകള്‍ തടസ്സം നില്‍ക്കുന്നു” (അബുല്‍ ക്വാസിമുത്തൈമി ‘അത്തര്‍ഹീബു വത്തര്‍ഗീബി’ല്‍ ഉദ്ധരിച്ചത്).
(66) നിശ്ചയം, പശ്ചാത്തപിച്ചു മടങ്ങുന്നവര്‍ക്കു വേണ്ടി മലക്കുകള്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നത് പോലെ ദിക്ര്‍ ചെയ്യുന്നവര്‍ക്ക് വേണ്ടിയും മലക്കുകള്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നതാണ്. അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ്(റ) പറഞ്ഞതായി ഹുസൈനുല്‍ മുഅല്ലിം ഉദ്ധരിക്കുന്നു: ‘അല്ലാഹുവില്‍നിന്നുള്ള മുന്‍ വേദഗ്രന്ഥത്തില്‍ ഞാന്‍ കാണുകയുണ്ടായി; ഒരു അടിമ ‘അല്‍ഹംദുലില്ലാഹ്’ (അല്ലാഹുവിന്നാകുന്നു സര്‍വ സ്തുതിയും) എന്ന് പറഞ്ഞാല്‍ ‘റബ്ബില്‍ ആലമീന്‍’ (സര്‍വ ലോകങ്ങളുടെയും രക്ഷിതാവായ) എന്ന് മലക്കുകള്‍ അതിനോട് ചേര്‍ത്ത് പറയും. എന്നാല്‍ ഒരു അടിമ ‘അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍’ (സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു സര്‍വ സ്തുതിയും) എന്ന് പറഞ്ഞാല്‍ മലക്കുകള്‍ ‘അല്ലാഹുവേ, നിന്റെ ഈ ദാസന് നീ പൊറുത്ത് കൊടുക്കേണമേ’ എന്ന് പറയും. ഇനി അയാള്‍ ‘സുബ്ഹാനല്ലാഹ്’ (അല്ലാഹു എത്രയോ പരിശുദ്ധന്‍) എന്ന് പറഞ്ഞാല്‍ മലക്കുകള്‍ പൂര്‍ത്തീകരിച്ച് പറയും. അതിനോട് ചേര്‍ത്ത് ‘വബി ഹംദിഹി’ (അവന്നാകുന്നു സ്തുതികളഖിലവും) എന്ന് പൂര്‍ത്തീകരിച്ച് പറഞ്ഞാല്‍ ‘അല്ലാഹുവേ, നിന്റെ ഈ ദാസന് നീപൊറുത്ത് കൊടുക്കേണമേ’ എന്ന് മലക്കുകള്‍ പറയും. ഇനി അയാള്‍ ‘ലാ ഇലാഹ ഇല്ലല്ലാഹു’ (അല്ലാഹുവല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല) എന്ന് പറഞ്ഞാല്‍ മലക്കുകള്‍ ‘അല്ലാഹു അക്ബര്‍’ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്ന് ചേര്‍ത്ത് പറയും. ‘ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍’ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല, അല്ലാഹു ഏറ്റവും വലിയവനാണ്) എന്ന് അയാള്‍ പൂര്‍ത്തിയാക്കി പറഞ്ഞാല്‍ മലക്കുകള്‍ ‘അല്ലാഹുവേ, നിന്റെ ഈ അടിമക്ക് നീപൊറുത്ത് കൊടുക്കേണമേ’ എന്ന് പറയും.’
(67) മലകളും ഒഴിഞ്ഞ പ്രദേശങ്ങളും പരസ്പരം അഭിമാനം കൊള്ളും. അതിലൂടെ അല്ലാഹുവിനെ ദിക്ര്‍ ചെയ്ത ആരെങ്കിലും കടന്നുപോയിട്ടുണ്ടെങ്കില്‍ അവ അതില്‍ സന്തോഷിക്കും.
ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ”നിശ്ചയം, ഒരു മല മറ്റൊരു മലയെ പേരുപറഞ്ഞ് വിളിച്ച് ഇപ്രകാരം ചോദിക്കുമെത്ര: ‘അല്ലാഹുവിനെ ദിക്ര്‍ ചെയ്തുകൊണ്ട് ഇന്ന് ആരെങ്കിലും നിന്റെയടുത്തുകൂടെ കടന്നുപോയിട്ടുണ്ടോ?’ അതെയെന്ന് അത് പറഞ്ഞാല്‍ ആ കുന്ന് സന്തോഷിക്കുമെത്ര!” (ഇബ്‌നുല്‍ മുബാറക് തന്റെ ‘അസ്സുഹ്ദി’ലും ഇബ്‌നു അബീശൈബ ‘മുസ്വന്നഫി’ലും ത്വബ്‌റാനി ‘മുഅ്ജമില്‍ കബീറി’ലും ബൈഹഖി ‘ശുഅബുല്‍ ഈമാനി’ലും ഹസനായ പാരമ്പരയിലൂടെ ഉദ്ധരിച്ചത്).
ഔനുബ്‌നു അബ്ദില്ല(റ) പറയുന്നു: ”നിശ്ചയം, ഓരോ ഭൂപ്രദേശവും അടുത്തുള്ള പ്രദേശത്തെ പരസ്പരം വിളിച്ച് ഇങ്ങനെ ചോദിക്കുമത്രെ: ‘അല്ലയോ അയല്‍ക്കാരീ, അല്ലാഹുവിനെ ദിക്ര്‍ ചെയ്തുകൊണ്ട് ഇന്ന് ആരെങ്കിലും നിന്റെയടുത്തുകൂടി കടന്നുപോയോ?’ അപ്പോള്‍ ചിലത് പറയും: ‘അതെ.’ മറ്റു ചിലത് പറയും: ‘ഇല്ല.’ (ഇബ്‌നു അബീഹാതിം തന്റെ ഹദീഥില്‍ ഉദ്ധരിച്ചതായി ഇബ്‌നു കഥീര്‍ തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തുന്നു. അബൂ നുഐം തന്റെ ‘ഹില്‍യ’യിലും ഇതിന് സമാനമായ ഒരു റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നുണ്ട് -കുറിപ്പുകാരന്‍).
ഇമാം അഅ്മശ്(റ) മുജാഹിദി(റ)ല്‍നിന്ന് ഉദ്ധരിക്കുന്നു: ”നിശ്ചയം, ചില കുന്നുകള്‍ മറ്റു ചില കുന്നുകളെ പേരുവിളിച്ചു ചോദിക്കും. അല്ലയോ പര്‍വതമേ, അല്ലാഹുവിനെ ദിക്ര്‍ ചെയ്യുന്ന ആരെങ്കിലും ഇന്ന് നിന്റെ അടുത്തുകൂടെ കടന്നുപോയോ?’ അപ്പോള്‍ ചിലര്‍ ‘ഇല്ല’ എന്നും വേറെ ചിലര്‍ ‘അതെ, ഉണ്ട്’ എന്നും വിളിച്ചും പറയും’ (മുസ്വന്നഫ് അബൂശൈബയിലും ഇബ്‌നുല്‍ മുബാറകിന്റെ ‘അസ്സുഹ്ദിലും’ ഉദ്ധരിച്ചിട്ടുണ്ട്. ചിലത് സ്വഹാബിയായ അനസി(റ)ന്റെ വാക്കുകളായും വന്നിട്ടുണ്ട്. നബി ﷺ യില്‍നിന്നുള്ളതായിട്ടുള്ള റിപ്പോര്‍ട്ടുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ സ്വഹീഹല്ല. ത്വബ്‌റാനിയുടെ ‘ഔസതും’ അബൂ നുഐമിന്റെ ‘ഹില്‍യ’യിലും നോക്കുക-കുറിപ്പുകാരന്‍).
(68) നിശ്ചയം, ദിക്‌റുകള്‍ അധികരിപ്പിക്കുക എന്നത് കാപട്യത്തില്‍(നിഫാക്വ്)നിന്നുള്ള സുരക്ഷയാണ്. കാരണം മുനാഫിക്വുകള്‍ അല്ലാഹുവിനെ വളരെ കുറച്ചു മാത്രം ദിക്ര്‍ ചെയ്യുന്നവരാണ്. മുനാഫിക്വുകളെക്കുറിച്ച് അല്ലാഹു പറയുന്നു:
إِنَّ ٱلْمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ وَهُوَ خَٰدِعُهُمْ وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًا
തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ. (ഖു൪ആന്‍:4/142)
കഅബ്(റ) പറയുന്നു: ”ആര് അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ അധികരിപ്പിക്കുന്നുവോ അയാള്‍ കാപട്യത്തില്‍(നിഫാക്വ്)നിന്ന് ഒഴിവാണ്. അതുകൊണ്ടാകണം (അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍) സൂറത്തുല്‍ മുനാഫിക്വൂന്‍ അല്ലാഹു അവസാനിപ്പിച്ചത് ഈ വാക്കുകള്‍കൊണ്ടാണ്: ”…അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു” (63:11).
തീര്‍ച്ചയായും അതില്‍ അല്ലാഹുവിനെ ‘ദിക്ര്‍’ ചെയ്യുന്നതില്‍നിന്നകന്ന് അശ്രദ്ധരായി കഴിയുന്ന കപട വിശ്വാസികളുടെ അപകടങ്ങളെക്കുറിച്ചുള്ള വ്യക്തമായ താക്കീതുണ്ട്. അല്ലാഹുവില്‍നിന്നുള്ള അശ്രദ്ധയും അകലവുമാണ് അവനെ കാപട്യത്തില്‍ വീഴ്ത്തിക്കളഞ്ഞത്.
സ്വഹാബികളില്‍ ചിലരോട് ഖവാരിജുകളെ സംബന്ധിച്ച് ഇപ്രകാരം ചോദിക്കപ്പെട്ടു: ”അവര്‍ മുനാഫിക്വുകളാണോ?’ സ്വഹാബിമാര്‍ പറഞ്ഞു: ‘അല്ല, മുനാഫിക്വുകള്‍ അല്ലാഹുവിനെ കുറച്ച് മാത്രമെ സ്മരിക്കുകയുള്ളു” (ഇബ്‌നു അബീശൈബ തന്റെ ‘മുസ്വന്നഫി’ലും അബ്ദുറസാക്വ് തന്റെ ‘മുസ്വന്നഫി’ലും മുഹമ്മദുബ്‌നു നസ്വ്ര്‍ അല്‍മര്‍വസി തന്റെ ‘തഅഌമു ഖദ്‌രി സ്വലാത്ത്’ എന്ന ഗ്രന്ഥത്തിലും വിവിധ പരമ്പരകളിലൂടെ ഉദ്ധരിച്ചത്. അതില്‍ ചിലത് സ്വഹീഹാണ്-കുറിപ്പുകാരന്‍).
അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ കുറയുക എന്നത് കാപട്യത്തിന്റെ അടയാളത്തില്‍ പെട്ടതാണ്. അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റിന്റെ ആധിക്യം കാപട്യത്തില്‍നിന്നുള്ള സുരക്ഷയുമാണ്. അല്ലാഹുവിനെ ദിക്ര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഹൃദയത്തെ കാപട്യംകൊണ്ട് അവന്‍ പരീക്ഷിക്കുകയില്ല. മറിച്ച്, അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റുകളില്‍നിന്നകന്ന് അശ്രദ്ധയില്‍ കഴിയുന്ന ഹൃദയങ്ങള്‍ക്കായിരിക്കും അതുണ്ടാവുക.
(69) കര്‍മങ്ങളുടെ കൂട്ടത്തില്‍ ദിക്‌റിന് മറ്റൊന്നിനുമില്ലാത്ത ഒരു പ്രത്യേക ആസ്വാദനമുണ്ട്. ഒരു അടിമക്ക് അതിലൂടെ കിട്ടുന്ന ആസ്വാദനമല്ലാതെ മറ്റ് പ്രതിഫലങ്ങളൊന്നുമില്ലായെന്ന് വന്നാല്‍പോലും അതൊരു നഷ്ടമല്ല. അയാളുടെ ഹൃദയത്തിന് കിട്ടുന്ന ആ സുഖാസ്വാദനം തന്നെ മതിയായതാണ്. അതുകൊണ്ടാണ് ദിക്‌റിന്റെ സദസ്സുകള്‍ക്ക് സ്വര്‍ഗീയ പൂന്തോട്ടം (രിയാദുല്‍ ജന്ന) എന്ന് പേര് വിളിച്ചിരിക്കുന്നത്.
മാലിക് ഇബ്‌നു ദീനാര്‍ رحمه الله പറയുന്നു: അല്ലാഹുവിനെ ദിക്ര്‍ ചെയ്യുന്നതിലൂടെ കിട്ടുന്ന ആസ്വാദനം പോലെയുള്ള ഒരു ആസ്വദനവും സത്യത്തില്‍ ഒരു ആസ്വാദകരും ആസ്വദിക്കുന്നില്ല. (ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഉദ്ധരിച്ചത്. ഇമാം അഹ്മദ് തന്റെ ‘അസ്സുഹ്ദി’ലും അബൂ നുഐം ‘ഹില്‍യ’യിലും ഇതിന് സമാനമായ റിപ്പോര്‍ട്ട് ഉദ്ധരിച്ചിട്ടുണ്ട്-കുറിപ്പുകാരന്‍).
കര്‍മങ്ങളുടെ കൂട്ടത്തില്‍ ഇതിനോളം ഭാരം കുറഞ്ഞതും ആസ്വാദനം കൂടിയതും മനസ്സിന് കൂടുതല്‍ സന്തോഷവും ആഹ്ലാദവും പകരുന്നതുമായ മറ്റൊന്നും ഇല്ലതന്നെ.
(70) തീര്‍ച്ചയായും ദിക്ര്‍ ഇഹലോകത്ത് മുഖങ്ങള്‍ക്ക് ശോഭ നല്‍കും. പരലോകത്ത് പ്രകാശവും പ്രദാനം ചെയ്യും. ദിക്ര്‍ ചെയ്യുന്നവര്‍ ദുനിയാവില്‍ മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും മുഖകാന്തിയുള്ളവരായിരിക്കും. പരലോകത്ത് മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രകാശമുള്ളവരുമായിരിക്കും.
നബി ﷺ യില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ചില ‘മുര്‍സലായ’ റിപ്പോര്‍ട്ടുകളില്‍ ഇങ്ങനെ കാണാം: (സനദിന്റെ അഥവാ പരമ്പരയുടെ അവസാനഭാഗത്തുനിന്ന് റിപ്പോര്‍ട്ടര്‍മാര്‍ വിട്ടുപോയ റിപ്പോര്‍ട്ടിനെയാണ് ‘മുര്‍സല്‍’ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്- പരിഭാഷകന്‍)
ആരെങ്കിലും ഓരോദിവസവും 100 പ്രാവശ്യം ‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍മുല്‍കു വലഹുല്‍ ഹംദു യുഹ്‌യീ വ യുമീതു ബിയദിഹില്‍ ഖൈറു വഹുവ അലാ കുല്ലിശൈഇന്‍ ക്വദീര്‍’ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനാണ്. അവന്ന് യാതൊരു പങ്കുകാരുമില്ല. അവന്നാകുന്നു സര്‍വാധിപത്യവും. അവന്നാകുന്നു സര്‍വസ്തുതികളും. അവനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും. അവന്റെ കയ്യിലാണ് സര്‍വ നന്മയും. അവന്‍ എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു) എന്നു പറഞ്ഞാല്‍ അല്ലാഹുവിന്റെയടുക്കല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ചെല്ലുന്നത് പൗര്‍ണമിദിനത്തിലെ പൂര്‍ണചന്ദ്രനെക്കാള്‍ പ്രശോഭിക്കുന്ന മുഖവുമായിട്ടായിരിക്കും.” (ഇതിനു സമാനമായ റിപ്പോര്‍ട്ട് ത്വബ്‌റാനി തന്റെ മുസ്‌നദുശ്ശാമിയ്യീന്‍ എന്ന ഗ്രന്ഥത്തില്‍ അബുദ്ദര്‍ദാഅ് നബി ﷺ യില്‍നിന്നുദ്ധരിക്കുന്ന ഹദീഥായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൈതമി മജ്മഇല്‍ പറയുന്നു: ‘അതിന്റെ പരമ്പരയില്‍ അബ്ദുല്‍ വഹാബിബ്‌നു ദഹ്ഹാക്ക് എന്ന വ്യക്തിയുണ്ട്. അയാള്‍ വളരെ ദുര്‍ബലനാണ്-കുറിപ്പുകാരന്‍)
(71) വഴിയിലും വീട്ടിലും യാത്രാവേളയിലും നാട്ടിലായിരിക്കുമ്പോഴും മറ്റു ഭൂപ്രദേശങ്ങളിലുമൊക്കെ വെച്ച് നിരന്തരമായി ദിക്ര്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അന്ത്യനാളില്‍ ആ അടിമക്ക് അനുകൂലമായ ധാരാളം സാക്ഷികളുണ്ടായിത്തീരും. നിശ്ചയം ആ ഭൂപ്രദേശങ്ങളും വീടും മലയും നാടുകളുമൊക്കെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ദിക്ര്‍ ചെയ്ത ആള്‍ക്ക് അനുകൂലമായി സാക്ഷി പറയും.
إِذَا زُلْزِلَتِ ٱلْأَرْضُ زِلْزَالَهَا ﴿١﴾ وَأَخْرَجَتِ ٱلْأَرْضُ أَثْقَالَهَا ﴿٢﴾ وَقَالَ ٱلْإِنسَٰنُ مَا لَهَا ﴿٣﴾ يَوْمَئِذٍ تُحَدِّثُ أَخْبَارَهَا ﴿٤﴾ بِأَنَّ رَبَّكَ أَوْحَىٰ لَهَا ﴿٥﴾
ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍-അതിന്റെ ഭയങ്കരമായ ആ പ്രകമ്പനം. ഭൂമി അതിന്റെ ഭാരങ്ങള്‍ പുറം തള്ളുകയും അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍. അന്നേദിവസം അത് (ഭൂമി) അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്. നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം. (ഖു൪ആന്‍:99/1-5)
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം: നബി ഈ വചനം (99:4) ഓതിയിട്ടു പറഞ്ഞു: ”എന്താണ് അതിന്റെ വാര്‍ത്തകള്‍ എന്ന് നിങ്ങള്‍ക്കറിയുമോ?” സ്വഹാബിമാര്‍ പറഞ്ഞു അല്ലാഹുവും അവന്റെ റസൂലുമാണ് കൂടുതല്‍ അറിയുക.” നബിﷺ പറഞ്ഞു: ”ഭൂമിയുടെ വാര്‍ത്തകള്‍ എന്ന് പറഞ്ഞത് ഭൂമുഖത്തുവെച്ച് ഏതൊരാളും ചെയ്ത കര്‍മത്തെ സംബന്ധിച്ച് ഭൂമി സാക്ഷി പറയുന്നതിനെക്കുറിച്ചാണ്. ഇന്ന ദിവസം ഇന്ന വ്യക്തി ഇന്നയിന്ന കാര്യങ്ങളൊക്കെ ചെയ്തു എന്ന് അത് വിളിച്ച് പറയും.” ഈ ഹദീഥ് ഉദ്ധരിച്ച ശേഷം ഇമാം തുര്‍മുദി പറഞ്ഞു: ‘ഈ ഹദീഥ് ഹസനും സഹീഹുമാകുന്നു.’ (അഹ്മദ്, തിര്‍മുദി, നസാഈ മുതലായവര്‍ ഉദ്ധരിച്ചത്. എല്ലാവരുടെയും സനദ് കടന്നുപോകുന്നത് യഹ്‌യബ്‌നു അബീ സുലൈമാന്‍ എന്ന വ്യക്തിയിലൂടെയാണ്. അദ്ദേഹമാകട്ടെ ദുര്‍ബലനാണ് താനും. ഇബ്‌നു ഹിബ്ബാനും ഹാകിമും ഈ ഹദീഥ് സ്വഹീഹാണെന്ന് പറയുന്നു. എന്നാല്‍ ദഹബി അതിനെ എതിര്‍ക്കുന്നു. അദ്ദേഹം പറഞ്ഞു: ‘ഈ പരമ്പരയിലെ യഹ്‌യ എന്ന വ്യക്തി മുന്‍കറുല്‍ ഹദീഥ് (ഏറെ ദുര്‍ബലന്‍) ആകുന്നു എന്ന് ഇമാം ബുഖാരി പറഞ്ഞിട്ടുണ്ട്-കുറിപ്പുകാരന്‍).
അല്ലാഹുവിനെ വേവ്വേറെ സ്ഥലങ്ങളില്‍വെച്ച് ദിക്ര്‍ ചെയ്യുന്ന വ്യക്തി തന്റെ സാക്ഷികളെ അധികരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവയെല്ലാം അദ്ദേഹത്തിന് അനുകൂലമായി സാക്ഷി പറഞ്ഞുകൊണ്ട് അന്ത്യനാളില്‍ അദ്ദേഹത്തെ സ്വീകരിക്കും. അപ്പോള്‍ അവയുടെ സാക്ഷ്യംകൊണ്ട് അയാള്‍ ഏറെ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യും.
(72) തീര്‍ച്ചയായും ദിക്‌റുകളില്‍ ഒരാള്‍ വ്യാപൃതമാകുമ്പോള്‍ ഏഷണി, പരദൂഷണം, അനാവശ്യസംസാരം, ജനങ്ങളെ അനാവശ്യമായി സ്തുതിക്കുകയോ ആക്ഷേപിക്കുക ചെയ്യല്‍ പോലുള്ള നിരര്‍ഥകമായ അനേകം സംസാരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സാധിക്കും. നാവ് ഒരിക്കലും അടങ്ങിയിരിക്കില്ല. ഒന്നുകില്‍ നല്ലത് സംസാരിക്കുന്ന ദിക്‌റിന്റെ നാവ്, അല്ലെങ്കില്‍ അനാവശ്യങ്ങള്‍ സംസാരിക്കുന്ന അശ്രദ്ധയുടെ നാവ്. രണ്ടിലൊന്ന് അനിവാര്യമാണ്. മനസ്സിനെ നീ നന്മകളില്‍ വ്യാപൃതമാക്കിയില്ലെങ്കില്‍ അത് നിന്നെയുംകൊണ്ട് നിരര്‍ഥകമായ കാര്യങ്ങളില്‍ വ്യാപൃതമാകും. ഹൃദയം അല്ലാഹുവിനോടുള്ള സ്‌നേഹത്താല്‍ ശാന്തമായില്ലെങ്കില്‍ ഉറപ്പായും സൃഷ്ടികളോടുള്ള സ്‌നേഹത്തിലേക്കത് വഴുതിവീഴും. അതുപോലെയാണ് നാവും. നീ അതിനെ ദിക്‌റില്‍ വ്യാപൃതമാക്കിയില്ലെങ്കില്‍ നിന്നെ അത് അനാവശ്യങ്ങളില്‍ മുഴുകുന്നവനാക്കും. അത് നിനക്ക് എതിരായി വരുമെന്നതില്‍ സംശയമില്ല. അതിനാല്‍ രണ്ടില്‍ ഏത് മാര്‍ഗമാണ് നിനക്ക് വേണ്ടതെന്ന് നീ തീരുമാനിക്കുക.
ഇബ്നുല്‍ ഖയ്യിം رحمه الله രചിച്ച ‘അല്‍ വാബിലുസ്സ്വയ്യിബ്’ എന്ന ഗ്രന്ഥത്തിൽ നിന്നും
വിവർത്തനം: ശമീര്‍ മദീനി