ആ ആറ് ദിവസങ്ങൾ

THADHKIRAH

അല്ലാഹു ആകാശഭൂമികളെ ആറു ദിവസങ്ങളിലായി സൃഷ്ടിച്ചുവെന്നും, പിന്നീട് അവന്‍ അര്‍ശിന്മേല്‍ ആരോഹണം ചെയ്തുവെന്നും ക്വുര്‍ആനില്‍ പലേടത്തും പ്രസ്താവിച്ചിരിക്കുന്നു.

إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِى ٱلَّيْلَ ٱلنَّهَارَ يَطْلُبُهُۥ حَثِيثًا وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمْرِهِۦٓ ۗ أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ تَبَارَكَ ٱللَّهُ رَبُّ ٱلْعَٰلَمِينَ

തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി (ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.് ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു. (ഖുര്‍ആൻ:7/54)

സൂര്യന്റെ ഉദയാസ്തമനങ്ങളാല്‍ ഉണ്ടായിത്തീരുന്ന ഒരു രാവും പകലും ചേര്‍ന്ന സമയത്തിനാണു നാം സാധാരണ ദിവസം എന്നു പറയുന്നതു. ആറു ദിവസങ്ങള്‍ എന്നു പറഞ്ഞതു ഈ അര്‍ത്ഥത്തിലുള്ള ദിവസങ്ങളായിരിക്കുവാന്‍ തരമില്ല. കാരണം, ആകാശഭൂമികളുടെ സൃഷ്ടിയും, അവയുടെ നിലവിലുള്ള വ്യവസ്ഥയും, പൂര്‍ത്തിയാകും മുമ്പ് രാപ്പകലുകളോ, ഈ അര്‍ത്ഥത്തിലുള്ള ദിവസങ്ങളോ ഉണ്ടാകുകയില്ലല്ലോ. ക്വിയാമത്തു നാളിനെക്കുറിച്ചു അമ്പതിനായിരം കൊല്ലം വലുപ്പമുള്ള ഒരു ദിവസം (70:4) എന്നും, നിന്റെ റബ്ബിന്റെ അടുക്കല്‍ ഒരു ദിവസം നിങ്ങള്‍ എണ്ണി വരുന്ന ആയിരം കൊല്ലം പോലെയാണു (22:47) എന്നും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അപ്പോള്‍, ഈ ആറു ദിവസം കൊണ്ടു വിവക്ഷ, ദീര്‍ഘകാലം വരുന്ന ഏതോ ഒരു ആറു ദിവസങ്ങളായിരിക്കാം. അവ എങ്ങിനെയുള്ളതാണെന്നോ, ഓരോ ദിവസത്തിന്റെയും ദൈര്‍ഘ്യവും എത്രയാണെന്നോ നമുക്കു തിട്ടപ്പെടുത്തുക സാദ്ധ്യമല്ല. ….. നിലവിലുള്ള അഖിലാണ്ഡ വ്യവസ്ഥ ഈ നിലയില്‍ എത്തിച്ചേരുന്നതിനു മുമ്പ് കോടിക്കണക്കന് കൊല്ലങ്ങളും, പല വ്യത്യസ്ത ഘട്ടങ്ങളും കഴിഞ്ഞുപോയിട്ടുണ്ടെന്ന് – വിശദീകരണങ്ങളില്‍ നീക്കുപോക്കും അഭിപ്രായ വ്യത്യാസവും പലതുണ്ടെങ്കിലും – പൊതുവെ അംഗീകരിക്കപ്പെട്ടുവരുന്ന ശാസ്ത്രീയ സിദ്ധാന്തമാണെന്നുള്ളതും സ്മരണീയമത്രെ. (അമാനി തഫ്സീര്‍)

إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ يُدَبِّرُ ٱلْأَمْرَ ۖ مَا مِن شَفِيعٍ إِلَّا مِنۢ بَعْدِ إِذْنِهِۦ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ فَٱعْبُدُوهُ ۚ أَفَلَا تَذَكَّرُونَ

തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളും ഭൂമിയും ആറു ദിവസങ്ങളിലായി സൃഷ്ടിക്കുകയും, പിന്നീട് കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. അവന്‍റെ അനുവാദത്തിന് ശേഷമല്ലാതെ യാതൊരു ശുപാര്‍ശക്കാരനും ശുപാര്‍ശ നടത്തുന്നതല്ല. അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? (ഖുര്‍ആൻ:10/3)

وَهُوَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ وَكَانَ عَرْشُهُۥ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۗ وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِنۢ بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوٓا۟ إِنْ هَٰذَآ إِلَّا سِحْرٌ مُّبِينٌ

ആറു ദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌. എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. (ഖുര്‍ആൻ:11/7)

ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ ٱلرَّحْمَٰنُ فَسْـَٔلْ بِهِۦ خَبِيرًا

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചവനത്രെ അവന്‍. എന്നിട്ട് അവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവന്‍. ആകയാല്‍ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട് തന്നെ ചോദിക്കുക. (ഖുര്‍ആൻ:25/59)

അപ്പോള്‍, 24 മണിക്കൂര്‍ സമയം എന്നോ, നമ്മുടെ രാവും പകലും ചേര്‍ന്ന സമയമെന്നോ ഉള്ള അര്‍ത്ഥത്തിലല്ല ഇവിടെ ‘ആറു ദിവസങ്ങള്‍’ (سِتَّةِ أَيَّامٍ) എന്ന് പ്രസ്താവിച്ചതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. ആകാശഭൂമികളുടെ ഉല്പത്തിയെക്കുറിച്ച് ശാസ്ത്രത്തിന്റെ അഭിപ്രായങ്ങള്‍ നോക്കുമ്പോള്‍, ലക്ഷക്കണക്കിലോ, കോടിക്കണക്കിലോ ഉള്ള കാലംകൊണ്ടാണവ ഇന്നത്തെ നിലയില്‍ വന്നിട്ടുള്ളതെന്ന് കാണുന്നു. ഈ നീണ്ട കാലഘട്ടങ്ങളില്‍, വ്യത്യസ്തങ്ങളായ, ആറു ഉപകാലഘട്ടങ്ങള്‍ കഴിഞ്ഞിട്ടുണ്ടെന്നും ശാസ്ത്രജ്ഞന്‍മാര്‍ക്കഭിപ്രായമുണ്ട്. ശാസ്ത്രീയാഭിപ്രായങ്ങള്‍ ഒരിക്കലും മാറാത്ത ഉറച്ച അഭിപ്രായങ്ങളല്ല. എങ്കിലും, പ്രസ്തുത അഭിപ്രായങ്ങള്‍ ഖുര്‍ആന്‍ ആവര്‍ത്തിച്ചു ചെയ്തിട്ടുള്ള ഈ പ്രസ്താവനക്ക് വിരുദ്ധമാകുന്നില്ല എന്നുമാത്രം. അല്ലാഹു അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചിട്ടുള്ളതെന്താണെന്ന് സൂക്ഷ്മമായി പറയുവാന്‍ നമുക്ക് സാധ്യമല്ല. (അമാനി തഫ്സീര്‍)

ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ مَا لَكُم مِّن دُونِهِۦ مِن وَلِىٍّ وَلَا شَفِيعٍ ۚ أَفَلَا تَتَذَكَّرُونَ

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറു ദിവസങ്ങളില്‍ (ഘട്ടങ്ങളില്‍) സൃഷ്ടിച്ചവനാകുന്നു അല്ലാഹു. പിന്നീട് അവന്‍ സിംഹാസനസ്ഥനായി. അവന്നു പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനുമില്ല. എന്നിരിക്കെ നിങ്ങള്‍ ആലോചിച്ച് ഗ്രഹിക്കുന്നില്ലേ? (ഖുര്‍ആൻ:32/4)

وَلَقَدْ خَلَقْنَا ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല. (ഖുര്‍ആൻ:50/38)

ഈ വചനത്തിനൊരു സാമാന്യ വിശദീകരണമെന്നോണം, ഭൂമിയെ സൃഷ്ടിച്ചതും, അതിലെ പര്‍വ്വതങ്ങള്‍, ആഹാര പദാര്‍ഥങ്ങള്‍ മുതലായവ ശരിപ്പെടുത്തിയതും നാലു ദിവസം കൊണ്ടാണെന്നും, ആകാശങ്ങളെ പൂര്‍ത്തിയാക്കിയത് രണ്ടുദിവസം കൊണ്ടാണെന്നും 49/9-12ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു.

قُلْ أَئِنَّكُمْ لَتَكْفُرُونَ بِٱلَّذِى خَلَقَ ٱلْأَرْضَ فِى يَوْمَيْنِ وَتَجْعَلُونَ لَهُۥٓ أَندَادًا ۚ ذَٰلِكَ رَبُّ ٱلْعَٰلَمِينَ ‎﴿٩﴾‏ وَجَعَلَ فِيهَا رَوَٰسِىَ مِن فَوْقِهَا وَبَٰرَكَ فِيهَا وَقَدَّرَ فِيهَآ أَقْوَٰتَهَا فِىٓ أَرْبَعَةِ أَيَّامٍ سَوَآءً لِّلسَّآئِلِينَ ‎﴿١٠﴾‏ ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ وَهِىَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ٱئْتِيَا طَوْعًا أَوْ كَرْهًا قَالَتَآ أَتَيْنَا طَآئِعِينَ ‎﴿١١﴾‏فَقَضَىٰهُنَّ سَبْعَ سَمَٰوَاتٍ فِى يَوْمَيْنِ وَأَوْحَىٰ فِى كُلِّ سَمَآءٍ أَمْرَهَا ۚ وَزَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَحِفْظًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ ‎﴿١٢﴾

നീ പറയുക: രണ്ടു ദിവസ(ഘട്ട)ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന് നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌. അതില്‍ (ഭൂമിയില്‍) – അതിന്‍റെ ഉപരിഭാഗത്ത് – ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ്(അവനത് ചെയ്തത്‌.) ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശരിയായ അനുപാതത്തില്‍. അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.അങ്ങനെ രണ്ടുദിവസ(ഘട്ട)ങ്ങളിലായി അവയെ അവന്‍ ഏഴു ആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌. (ഖുര്‍ആൻ:41/9-12)

വലുതും ബലിഷ്ഠവുമായ ഭൂമിയെ രണ്ട് ദിനങ്ങളിൽ സൃഷ്ടിച്ചവനാണ് അല്ലാഹു. തുടർന്ന് രണ്ട് ദിനങ്ങളിൽ അതിനെ വിതാനിച്ചു. അങ്ങനെ അതിനുമുകൾ പർവതങ്ങളെ ഉണ്ടാക്കി. അത് ഇളകാതെയും കുലുങ്ങാതെയും അസ്ഥിരമാകാതെയും അതിനെ ഉറപ്പിക്കുകയും ചെയ്തു. രണ്ട് ദിവസങ്ങളിലായി അവയെ അവൻ ഏഴ് ആകാശങ്ങളാക്കിത്തീർത്തു. അങ്ങനെ ആറു ദിനങ്ങളിലായി ആകാശ ഭൂമികളുടെ സൃഷ്ടിപ്പും അവൻ പൂർത്തിയാക്കി. (തഫ്സീറുസ്സഅ്ദി)

ഭൂമിയെ സൃഷ്ടിച്ചത്‌ രണ്ടു ദിവസം കൊണ്ടാണെന്നും അതിൽ പർവതങ്ങൾ സ്ഥാപിച്ചതും ആഹാരത്തിനുള്ള വകകളും മറ്റും വ്യവസ്ഥപ്പെടുത്തിയതും വേറെ രണ്ടുദിവസം കൊണ്ടാണെന്നും അങ്ങനെ ഭൂമിയുടെ സൃഷ്ടികാര്യങ്ങൾ നാലുദിവസം കൊണ്ടാണ്‌ പൂർത്തിയാക്കിയിരിക്കുന്നതെന്നും ഈ വചനത്തിൽ അല്ലാഹു വ്യക്തമാക്കി. ആകാശത്തിന്റെ കാര്യം പൂർത്തിയാക്കിയത്‌ രണ്ടു ദിവസം കൊണ്ടാണെന്ന് അടുത്ത വചനത്തിലും പറയുന്നുണ്ട്‌. ഇങ്ങനെയാണ്‌ ആറു ദിവസം പൂർത്തിയാകുന്നതെന്നു മനസ്സിലാക്കാം. എന്നാൽ, ‘ദിവസം’ (يوم) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം നമുക്കു പരിചയപ്പെട്ട രാവും പകലും ചേർന്ന ദിവസമായിരിക്കയില്ല. ചില പ്രത്യേക തരത്തിലുള്ള കാലഘട്ടമായിരിക്കുവാനേ നിവൃത്തിയുള്ളൂ. (അമാനി തഫ്സീര്‍)

Leave a Reply

Your email address will not be published.

Similar Posts