അല്ലാഹുവിന്റെ കൽപ്പനകളെ ധിക്കരിക്കുകയും, പ്രവാചകൻമാരെ നിഷേധിക്കുകയും ചെയ്‌ത സമൂഹങ്ങളെ ഈ ലോകത്തുവെച്ചുതന്നെ ഒരു പൊതുശിക്ഷ നൽകി ഒന്നടങ്കം നശിപ്പിച്ച കാര്യം അല്ലാഹു വിശുദ്ധ ഖുർആനിൽ എടുത്തുപറഞ്ഞിട്ടുണ്ട്. എന്നാൽ മുഹമ്മദ് നബി ﷺ യുടെ ഉമ്മത്ത് ഇപ്രകാരം നശിപ്പിക്കപ്പെടുകയില്ല എന്നത് ഈ ഉമ്മത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ്.
وَلَوْ نَزَّلْنَا عَلَيْكَ كِتَٰبًا فِى قِرْطَاسٍ فَلَمَسُوهُ بِأَيْدِيهِمْ لَقَالَ ٱلَّذِينَ كَفَرُوٓا۟ إِنْ هَٰذَآ إِلَّا سِحْرٌ مُّبِينٌ ﴿٧﴾ وَقَالُوا۟ لَوْلَآ أُنزِلَ عَلَيْهِ مَلَكٌ ۖ وَلَوْ أَنزَلْنَا مَلَكًا لَّقُضِىَ ٱلْأَمْرُ ثُمَّ لَا يُنظَرُونَ ﴿٨﴾
(നബിയേ,) നിനക്ക് നാം കടലാസില്‍ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിത്തരികയും, എന്നിട്ടവരത് സ്വന്തം കൈകള്‍കൊണ്ട് തൊട്ടുനോക്കുകയും ചെയ്താല്‍ പോലും ഇത് വ്യക്തമായ മായാജാലമല്ലാതെ മറ്റൊന്നുമല്ല എന്നായിരിക്കും സത്യനിഷേധികള്‍ പറയുക. ഇയാളുടെ ( നബി ﷺ യുടെ) മേല്‍ ഒരു മലക്ക് ഇറക്കപ്പെടാത്തത് എന്താണ് എന്നും അവര്‍ പറയുകയുണ്ടായി. എന്നാല്‍ നാം മലക്കിനെ ഇറക്കിയിരുന്നെങ്കില്‍ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീടവര്‍ക്ക് സമയം നീട്ടിക്കിട്ടുമായിരുന്നില്ല. (ഖുർആൻ:6/7-8)
മലക്കിനെ ഇറക്കുന്ന പക്ഷം അതോടെ കാര്യവും അവസാനിക്കുന്നതാണ്. മലക്കുകള്‍ വന്നു കഴിഞ്ഞാല്‍ പിന്നെയുണ്ടാകുന്നതു ഈ മുശ്‌രിക്കുകളുടെ നാശമായിരിക്കും.
അവരുടെ ആവശ്യത്തിന് മറുപടി നല്‍കാത്തതിന്റെ ഒരു കാരണം, അതിന് ഉത്തരം നല്‍കാതിരിക്കലാണ് അവര്‍ക്കും ഈ സമുദായത്തിനും ഗുണകരം എന്നതാണ്. ആവശ്യപ്പെട്ട ദൃഷ്ടാന്തം ലഭിച്ചുകഴിഞ്ഞിട്ടും വിശ്വസിക്കുന്നില്ലെങ്കില്‍ അവരെ ഒന്നടങ്കം നശിപ്പിക്കുക എന്നതാണ് അല്ലാഹുവിന്റെ ഒരു സമ്പ്രദായം. “എന്നാല്‍ നാം മലക്കിനെ ഇറക്കിയിരുന്നെങ്കില്‍ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീടവര്‍ക്ക് സമയം നീട്ടിക്കിട്ടുമായിരുന്നില്ല” എന്ന വചനം (6/8) അതിലേക്കാണ് സൂചന നല്‍കുന്നത്.
وَمَا مَنَعَنَآ أَن نُّرْسِلَ بِٱلْـَٔايَٰتِ إِلَّآ أَن كَذَّبَ بِهَا ٱلْأَوَّلُونَ ۚ وَءَاتَيْنَا ثَمُودَ ٱلنَّاقَةَ مُبْصِرَةً فَظَلَمُوا۟ بِهَا ۚ وَمَا نُرْسِلُ بِٱلْـَٔايَٰتِ إِلَّا تَخْوِيفًا
നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതിന് നമുക്ക് തടസ്സമായത് പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളിക്കളഞ്ഞു എന്നത് മാത്രമാണ്. നാം ഥമൂദ് സമുദായത്തിന് പ്രത്യക്ഷ ദൃഷ്ടാന്തമായിക്കൊണ്ട് ഒട്ടകത്തെ നല്‍കുകയുണ്ടായി. എന്നിട്ട് അവര്‍ അതിന്‍റെ കാര്യത്തില്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്താന്‍ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്. (ഖുർആൻ:17/59)
ദൃഷ്ടാന്തങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ക്വുറൈശികളോട് ഥമൂദ് ഗോത്രത്തിന്റെ ഒട്ടകത്തെപ്പറ്റി പറയാന്‍ പ്രത്യേക കാരണങ്ങളുണ്ടെന്ന് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു: ‘അവരുടെ അയല്‍പക്കത്ത് സംഭവിച്ച കാര്യമാണത്. സ്വാലിഹ്ൗ അയക്കപ്പെട്ട ഥമൂദ് ഗോത്രം താമസിച്ചിരുന്നത് ഹിജാസിനും തബൂക്കിനുമിടയിയലുള്ള ഹിജ്ര്‍ എന്ന പ്രദേശത്തായിരുന്നു. പിന്നെ ഥമൂദ് ഗോത്രം അറബികളുമായിരുന്നു. കച്ചവടാവശ്യത്തിനും മറ്റും ഹിജ്ര്‍ വഴിയിലൂടെയുള്ള പോക്കുവരവുകള്‍ കാരണം അവര്‍ക്കേറ്റ ദുരന്തം ധാരാളമായി ക്വുറൈശികള്‍ കേട്ടറിഞ്ഞിട്ടുണ്ടാകും.’
ഈ വചനത്തിന്റെ അവതരണകാരണമായി ഇമാം അഹ്മദ്, ഇമാം നസാഈ തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥ് ഇങ്ങനെ വായിക്കാം:
عن ابن عباس قال سأل أهل مكة النبي صلى الله عليه وسلم أن يجعل لهم الصفا ذهبا وأن ينحي الجبال عنهم فيزرعوا فقيل له إن شئت أن نستأني بهم وإن شئت أن نؤتيهم الذي سألوا فإن كفروا أهلكوا كما أهلكت من كان قبلهم من الأمم قال لا بل استأن بهم وأنزل الله :{وَمَا مَنَعَنَآ أَن نُّرْسِلَ بِٱلْـَٔايَٰتِ إِلَّآ أَن كَذَّبَ بِهَا ٱلْأَوَّلُونَ ۚ وَءَاتَيْنَا ثَمُودَ ٱلنَّاقَةَ مُبْصِرَةً}
ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: സഫാമല സ്വര്‍ണമാക്കിത്തരണമെന്ന് മക്കാനിവാസികള്‍ നബി ﷺ യോട് ആവശ്യപ്പെട്ടു; അവര്‍ക്ക് കൃഷിചെയ്യാന്‍ അവിടെയുള്ള മറ്റു മലകളെ നീക്കിക്കൊടുക്കാനും. അപ്പോള്‍ നബി ﷺ യോട് പറയപ്പെട്ടു. (അഥവാ അല്ലാഹു ദിവ്യബോധനം നല്‍കി): ‘താങ്കള്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ക്ക് സാവകാശം നല്‍കാം. അല്ലെങ്കില്‍ അവര്‍ ആവശ്യപ്പെട്ടവ നല്‍കാം. പക്ഷേ, എന്നിട്ടും അവര്‍ നിഷേധിച്ചാല്‍ മുമ്പുള്ളവരെ നാം നശിപ്പിച്ചതുപോലെ അവരെ നശിപ്പിക്കും.’ അപ്പോള്‍ അല്ലാഹു ഈ വചനമിറക്കി: {നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതിന് നമുക്ക് തടസ്സമായത് പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളിക്കളഞ്ഞു എന്നത് മാത്രമാണ്. നാം ഥമൂദ് സമുദായത്തിന് പ്രത്യക്ഷ ദൃഷ്ടാന്തമായിക്കൊണ്ട് ഒട്ടകത്തെ നല്‍കുകയുണ്ടായി.} (നസാഇ)
മുമ്പുള്ളവരെ നശിപ്പിച്ചതുപോലെ ഒന്നടങ്കം ഈ സമുദായത്തെ നശിപ്പിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല.അവര്‍ വഴിയേ വിശ്വസിച്ചുകൊള്ളും. അതിന് അവസരം നല്‍കുന്നത് അവരോടുള്ള കാരുണ്യമാണ്. ഇനിയവര്‍ വിശ്വസിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അവരുടെ മുതുകില്‍നിന്ന് വരുന്ന സന്താനങ്ങളെങ്കിലും സത്യത്തിന്റെ പാതയിലേക്ക് കടന്നുവരാം. അതിന് അവസരം നല്‍കുകയാണ്. ഇക്കാര്യം വ്യക്തമാക്കുന്ന മറ്റൊരു ഹദീഥ് കൂടി കാണുക:
عن ابن عباس قال قالت قريش للنبي صلى الله عليه وسلم ادع لنا ربك أن يجعل لنا الصفا ذهبا ونؤمن بك قال وتفعلون قالوا نعم . قال فدعا فأتاه جبريل فقال إن ربك يقرأ عليك السلام ويقول لك إن شئت أصبح الصفا لهم ذهبا فمن كفر منهم بعد ذلك عذبته عذابا لا أعذبه أحدا من العالمين وإن شئت فتحت لهم باب التوبة والرحمة فقال بل باب التوبة والرحمة “
ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ക്വുറൈശികള്‍ നബി ﷺ യോട് പറഞ്ഞു: ‘സഫാമല ഞങ്ങള്‍ക്ക് സ്വര്‍ണമാക്കിത്തരാന്‍ താങ്കളുടെ റബ്ബിനോട് പ്രാര്‍ഥിക്കുക, എന്നാല്‍ ഞങ്ങള്‍ വിശ്വസിക്കാം.’ നബി ﷺ ചോദിച്ചു: ‘എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?’ അവര്‍ പറഞ്ഞു: ‘അതെ.’ അപ്പോള്‍ നബി ﷺ പ്രാര്‍ഥിച്ചു. അന്നേരം ജിബ്‌രീല്‍ൗ ഇറങ്ങിവന്നു. എന്നിട്ട് പറഞ്ഞു: ‘താങ്കളുടെ രക്ഷിതാവ് താങ്കളോട് സലാം പറയുന്നു. അവന്‍ പറയുന്നു; താങ്കള്‍ ഉദ്ദേശിക്കുകയാണെങ്കില്‍ സഫാമല അവര്‍ക്കുവേണ്ടി സ്വര്‍ണമാവും. എന്നാല്‍ അതിനുശേഷം അവര്‍ അവിശ്വസിച്ചാല്‍ ലോകത്ത് ഒരാളെയും ശിക്ഷിക്കാത്ത രൂപത്തില്‍ അവരെ ഞാന്‍ ശിക്ഷിക്കുന്നതായിരിക്കും. അല്ലെങ്കില്‍ താങ്കള്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ക്ക് ഞാന്‍ പശ്ചാത്താപത്തിന്റെയും കാര്യണ്യത്തിന്റെയും വാതില്‍ തുറന്നുകൊടുക്കാം.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘പശ്ചാത്താപത്തിന്റെയും കാരുണ്യത്തിന്റെയും വാതിലാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. (അഹ്മദ്)
قُلْ هُوَ ٱلْقَادِرُ عَلَىٰٓ أَن يَبْعَثَ عَلَيْكُمْ عَذَابًا مِّن فَوْقِكُمْ أَوْ مِن تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُم بَأْسَ بَعْضٍ ۗ ٱنظُرْ كَيْفَ نُصَرِّفُ ٱلْـَٔايَٰتِ لَعَلَّهُمْ يَفْقَهُونَ
പറയുക: നിങ്ങളുടെ മുകള്‍ ഭാഗത്ത് നിന്നോ, നിങ്ങളുടെ കാലുകളുടെ ചുവട്ടില്‍ നിന്നോ നിങ്ങളുടെ മേല്‍ ശിക്ഷ അയക്കുവാന്‍, അല്ലെങ്കില്‍ നിങ്ങളെ ഭിന്നകക്ഷികളാക്കി ആശയക്കുഴപ്പത്തിലാക്കുകയും, നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരുടെ പീഡനം അനുഭവിപ്പിക്കുകയും ചെയ്യാന്‍ കഴിവുള്ളവനത്രെ അവന്‍. നോക്കൂ; അവര്‍ ഗ്രഹിക്കുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുന്നത് എങ്ങനെയാണെന്ന്! (ഖു൪ആന്‍:6/64)
മുകള്‍ ഭാഗത്തിലൂടെ ശിക്ഷ ഇറക്കുന്നതിന് ഉദാഹരണങ്ങളാണ് നൂഹ് നബി عليه السلام യുടെ കാലഘട്ടത്തിലെ മഴ, കാല്‍ച്ചുവട്ടിലൂടെ ശിക്ഷ ഇറക്കുന്നതിന് ഉദാഹരണമാണ് ഭൂമികുലുക്കം, ഭൂമിയിലേക്ക് താഴുക മുതലായവ.
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ لَمَّا نَزَلَتْ هَذِهِ الآيَةُ {قُلْ هُوَ الْقَادِرُ عَلَى أَنْ يَبْعَثَ عَلَيْكُمْ عَذَابًا مِنْ فَوْقِكُمْ} قَالَ النَّبِيُّ صلى الله عليه وسلم ” أَعُوذُ بِوَجْهِكَ ”. فَقَالَ {أَوْ مِنْ تَحْتِ أَرْجُلِكُمْ} فَقَالَ النَّبِيُّ صلى الله عليه وسلم ” أَعُوذُ بِوَجْهِكَ ”. قَالَ {أَوْ يَلْبِسَكُمْ شِيَعًا} فَقَالَ النَّبِيُّ صلى الله عليه وسلم ” هَذَا أَيْسَرُ ”.
ജാബിറുബ്നു അബ്ദില്ലാഹ് رَضِيَ اللهُ تَعَالَى عَنْهُ വിൽ നിന്ന് നിവേദനം: قُلْ هُوَ الْقَادِرُ عَلَىٰ أَن يَبْعَثَ عَلَيْكُمْ عَذَابًا مِّن فَوْقِكُمْ (നിങ്ങളുടെ മുകള്‍ ഭാഗത്തു നിന്നു നിങ്ങളില്‍ വല്ല ശിക്ഷയും അയക്കുവാന്‍ അവന്‍ കഴിവുള്ളവനാണെന്നു പറയുക) എന്ന് അവതരിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘(അല്ലാഹുവേ) ഞാന്‍ നിന്നോട് ശരണം തേടുന്നു’. أَوْ مِن تَحْتِ أَرْجُلِكُمْ (അല്ലെങ്കില്‍ നിങ്ങളുടെ കാലുകളുടെ താഴെ നിന്നു അയക്കുവാനും കഴിവുള്ളവനാണ്) എന്ന് അവതരിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘(അല്ലാഹുവേ) ഞാന്‍ നിന്നോട് ശരണം തേടുന്നു’. أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُم بَأْسَ بَعْضٍ (അല്ലെങ്കില്‍ നിങ്ങളെ പല കക്ഷികളായി കൂട്ടിക്കലര്‍ത്തി പരസ്പരം കാഠിന്യം അനുഭവിപ്പിക്കുവാനും കഴിവുള്ളവനാണു) എന്നു അവതരിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഇത് (മറ്റുള്ളവയെക്കാള്‍) നിസ്സാരമാണ്. (ബുഖാരി:7406)
മുന്‍ സമുദായങ്ങള്‍ക്ക് – അവരുടെ ധിക്കാരം അതിരു കവിഞ്ഞപ്പോള്‍ – അവരെ ഉന്‍മൂലനം ചെയ്യുന്ന ശിക്ഷകള്‍ അനുഭവപ്പെട്ടതുപോലെ, ഈ സമുദായത്തെ അല്ലാഹു പൊതു ശിക്ഷ നല്‍കി ഉന്‍മൂലനം ചെയ്കയില്ലെന്നും, കാലവസാനം വരെ ഈ സമുദായം അവശേഷിക്കുമെന്നും, എന്നാല്‍, അഭ്യന്തര കക്ഷി വഴക്കുകളും സംഘട്ടനങ്ങളും അവര്‍ക്കിടയില്‍ നടമാടിക്കൊണ്ടിരിക്കുമെന്നുമാണു പ്രസ്തുത ഹദീഥുകളിലടങ്ങിയ ആശയത്തിന്റെ രത്നച്ചുരുക്കം. (അമാനി തഫ്സീ൪:6/64ന്റെ വിശദീകരണം)
عن ابن عباس – رضي الله عنهما – : لما نزل جبريل – عليه السلام – بهذه الآية شق ذلك على الرسول – عليه الصلاة والسلام – وقال : ما بقاء أمتي إن عوملوا بذلك فقال له جبريل : إنما أنا عبد مثلك فادع ربك لأمتك ، فسأل ربه أن لا يفعل بهم ذلك ، فقال جبريل : إن الله قد أمنهم من خصلتين أن لا يبعث عليهم عذابا من فوقهم كما بعثه على قوم نوح ولوط ، ولا من تحت أرجلهم كما خسف بقارون ، ولم يجرهم من أن يلبسهم شيعا بالأهواء المختلفة ، ويذيق بعضهم بأس بعض بالسيف
ഇബ്‌നു അബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം: ജിബ്‌രീല്‍ عليه السلام ഈ സൂക്തവുമായി നബി ﷺ യുടെ അടുത്ത് വന്നപ്പോള്‍ അദ്ദേഹം തന്റെ സമുദായത്തെക്കുറിച്ച് ആശങ്കയിലായി. നബി ﷺ പറഞ്ഞു: അവരോട് അങ്ങനെ പെരുമാറിയാൽ എന്റെ സമുദായത്തിന്റെ നിലനിൽപ്പിനെന്ത്? ജിബ്‌രീല്‍ عليه السلام മറുപടിയായി പറഞ്ഞു: ‘ഞാൻ നിങ്ങളെപ്പോലെ ഒരു ദാസൻ മാത്രമാണ്, അതിനാൽ നിങ്ങളുടെ സമുദായത്തിനായി നിങ്ങളുടെ രക്ഷിതാവിനോട് അപേക്ഷിക്കുക’, എന്നിട്ട് അവരോട് അങ്ങനെ ചെയ്യരുതെന്ന് നബി ﷺ തന്റെ നാഥനോട് ആവശ്യപ്പെട്ടു. ജിബ്‌രീല്‍ عليه السلام പറഞ്ഞു: ‘തീര്‍ച്ചയായും താങ്കളുടെ രക്ഷിതാവ് രണ്ട് കാര്യങ്ങളില്‍ നിന്ന് താങ്കളുടെ സമുദായത്തെ രക്ഷപ്പെടുത്തിയിരിക്കുന്നു. നൂഹ് നബി عليه السلام യുടെയും ലൂത്ത് നബി عليه السلام യുടെയും സമൂഹത്തിന് സംഭവിച്ചത് പോലെ മുകള്‍ ഭാഗത്തുനിന്നുള്ള ശിക്ഷയില്‍ നിന്നും ഖാറൂന് സംഭവിച്ചത് പോലെയുള്ള ഭൂമിയിലേക്കാഴ്ന്ന് പോകുന്നതില്‍നിന്നും അല്ലാഹു അവരെ സംരക്ഷിച്ചിരിക്കുന്നു. വ്യത്യസ്ത ഇച്ഛകളോടെ അവരെ വിഭാഗങ്ങളായി ധരിക്കാൻ അവൻ അവരെ നിർബന്ധിച്ചില്ല, അവരിൽ ചിലർ മറ്റുള്ളവരുടെ അക്രമം വാളുകൊണ്ട് ആസ്വദിക്കുന്നു.
عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِنَّ اللَّهَ زَوَى لِيَ الأَرْضَ فَرَأَيْتُ مَشَارِقَهَا وَمَغَارِبَهَا وَإِنَّ أُمَّتِي سَيَبْلُغُ مُلْكُهَا مَا زُوِيَ لِي مِنْهَا وَأُعْطِيتُ الْكَنْزَيْنِ الأَحْمَرَ وَالأَبْيَضَ وَإِنِّي سَأَلْتُ رَبِّي لأُمَّتِي أَنْ لاَ يُهْلِكَهَا بِسَنَةٍ بِعَامَّةٍ وَأَنْ لاَ يُسَلِّطَ عَلَيْهِمْ عَدُوًّا مِنْ سِوَى أَنْفُسِهِمْ فَيَسْتَبِيحَ بَيْضَتَهُمْ وَإِنَّ رَبِّي قَالَ يَا مُحَمَّدُ إِنِّي إِذَا قَضَيْتُ قَضَاءً فَإِنَّهُ لاَ يُرَدُّ وَإِنِّي أَعْطَيْتُكَ لأُمَّتِكَ أَنْ لاَ أُهْلِكَهُمْ بِسَنَةٍ بِعَامَّةٍ وَأَنْ لاَ أُسَلِّطَ عَلَيْهِمْ عَدُوًّا مِنْ سِوَى أَنْفُسِهِمْ يَسْتَبِيحُ بَيْضَتَهُمْ وَلَوِ اجْتَمَعَ عَلَيْهِمْ مَنْ بِأَقْطَارِهَا – أَوْ قَالَ مَنْ بَيْنَ أَقْطَارِهَا – حَتَّى يَكُونَ بَعْضُهُمْ يُهْلِكُ بَعْضًا وَيَسْبِي بَعْضُهُمْ بَعْضًا ” .
സൗബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം. എനിക്ക്. അല്ലാഹു ഭൂമിയെ ചുരുട്ടിത്തന്നു. അപ്പോൾ ഞാനതിന്റെ കിഴക്കും പടിഞ്ഞാറും കണ്ടു. നിശ്ചയം എന്റെ സമുദായത്തിന്റെ ആധിപത്യം എനിക്ക് ചുരുട്ടിക്കാണിക്കപ്പെട്ടയത്രയുമെത്തും. രണ്ട് നിധികൾ എനിക്ക് നൽകപ്പെട്ടു. ചുവപ്പും വെളുപ്പുമാണവ. എന്റെ സമുദായത്തെ ഒന്നടങ്കം ദുരന്തത്തിലൂടെ നശിപ്പിക്കരുതെന്ന് ഞാനെന്റെ റബ്ബിനോട് തേടി. അവരുടെ ആൾ ബലത്തെയും ഭൂപ്രദേശങ്ങളെയും യഥേഷ്ടം ഉപയോഗപ്പെടുത്തുന്നതിൽ. അവരുടെ മേൽ ശത്രുക്കൾക്ക് ആധിപത്യം നൽകരുതെയെന്നും ഞാൻ പ്രാർത്ഥിച്ചു. നിശ്ചയം എന്റെ റബ്ബ് പറഞ്ഞു : ഓ മുഹമ്മദ്, ഞാൻ ഒരു വിധി നടപ്പിലാക്കിയാൽ അക്കാര്യം മടക്കപ്പെടുകയില്ല. തീർച്ചയായും ഞാൻ താങ്കളുടെ ജനതയെ ഒരു പൊതു ദുരന്തത്തിലൂടെ ഒന്നടങ്കം നശിപ്പിക്കുകയില്ലെന്ന് താങ്കൾക്ക് (ഉത്തരം) നൽകുന്നു. അവരുടെ ആൾ ബലത്തെയും ഭൂപ്രദേശങ്ങളെയും ഉടമപ്പെടുത്തുംവിധം അവരുടെ ശത്രുക്കൾക്ക് അവരുടെ മേൽ ആധിപത്യം നൽകുകയില്ലെന്നും ഞാൻ (ഉത്തരം) തരുന്നു. അവരിൽ ചിലർ ചിലരെ നശിപ്പിക്കുകയും ചിലർ ചിലരെ ബന്ധികളാക്കുകയും ചെയ്യുന്നത് വരെ. (മുസ്‌ലിം:2889)
عَنْ أَبِي مُوسَى، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ أُمَّتِي هَذِهِ أُمَّةٌ مَرْحُومَةٌ لَيْسَ عَلَيْهَا عَذَابٌ فِي الآخِرَةِ عَذَابُهَا فِي الدُّنْيَا الْفِتَنُ وَالزَّلاَزِلُ وَالْقَتْلُ ” .
അബൂ മൂസാ അൽ അശ്അരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഈ ഉമ്മത്ത് കരുണ ചെയ്യപ്പെട്ട ഉമ്മത്താകുന്നു. പരലോകത്ത് അവർക്ക് ശിക്ഷയില്ല. ദുനിയാവിൽ അവര്‍ക്കുള്ള ശിക്ഷ ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
അല്ലാഹു ഈ ഉമ്മത്തിനെ മുമ്പുണ്ടായ മറ്റു സമുദായങ്ങളെ മുഴുവനായും നശിപ്പിച്ച പോലെ നശിപ്പിക്കുകയില്ല. ഈ ഉമ്മത്തിലുള്ളവർ ബാക്കിയാവുന്നതാണ്. ഈ ഉമ്മത്തിലെ ചില ആളുകൾക്ക് മാത്രമാണ് ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളും കൊണ്ടൊക്കെ നാശമുണ്ടാകുക.