സൂറ: സ്വാഫ്ഫാത്ത് 22-39 ആയത്തുകളിലൂടെ ….
ശിര്‍ക്കിന്റെയും കുഫ്റിന്റെയും ആളുകൾ ഉയിർത്തെഴുന്നേൽപ് നാളിൽ വരികയും ഇഹലോകത്ത് അവര്‍ കളവാക്കിയതും പരിഹസിച്ചതുമെല്ലാം നേർക്കുനേർ കാണുകയും ബോധ്യപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ക്ക് അവർ നിഷേധിച്ച നരകം വിധിക്കുകയും നരകത്തിലേക്ക് പോകാൻ കൽപിക്കുകയു ചെയ്യും:
ٱحْشُرُوا۟ ٱلَّذِينَ ظَلَمُوا۟ وَأَزْوَٰجَهُمْ وَمَا كَانُوا۟ يَعْبُدُونَ ﴿٢٢﴾ مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَٰطِ ٱلْجَحِيمِ ﴿٢٣﴾
അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക. അല്ലാഹുവിനു പുറമെ. എന്നിട്ട് അവരെ നിങ്ങള്‍ നരകത്തിന്‍റെ വഴിയിലേക്ക് നയിക്കുക. (ഖുര്‍ആൻ:37/22-23)
ശിർക്കും അവിശ്വാസവും കൊണ്ട് അക്രമം ചെയ്തവരെയും ശിര്‍ക്കിലും അവിശ്വാസത്തിലും പങ്കാളികളായ അവരുടെ ഇണകളേയും അവര്‍ ആരാധിച്ചിരുന്നവയെയും ഒരുമിച്ചുകൂട്ടും. ആളുകളൊക്ക അല്ലാഹുവിനെ വെടിഞ്ഞ് തങ്ങളെ ആരാധിക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്ത വ്യക്തികളും ഇഹലോകത്ത് ആരാധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിഗ്രഹങ്ങളുമൊക്കെ അവരോടൊപ്പം ചേരും. എന്നിട്ട് അവരെ നരകത്തിന്റെ വഴിയിലേക്ക് നയിക്കും. എന്നാൽ അവരുടെ വിധി നരകമാണെന്ന് അവർക്ക് വ്യക്തമാവുകയും നാശത്തിന്റെ ഭവനത്തിലേക്കാണെന്ന് അറിയുകയും ചെയ്താൽ പറയപ്പെടും:
وَقِفُوهُمْ ۖ إِنَّهُم مَّسْـُٔولُونَ
അവരെ നിങ്ങളൊന്നു നിര്‍ത്തുക. അവരോട് ചോദ്യം ചെയ്യേണ്ടതാകുന്നു. (ഖുര്‍ആൻ:37/24)
നരകത്തിലേക്ക് എത്തും മുമ്പ് അവരോട് ചോദ്യം ചെയ്യേണ്ടതുണ്ട്. അവർ അപമാനിതരാകുന്നതിന് വേണ്ടിയാണത്. അവരോട് പറയപ്പെടും:
مَا لَكُمْ لَا تَنَاصَرُونَ
നിങ്ങള്‍ക്ക് എന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ. (ഖുര്‍ആൻ:37/25)
ഇഹലോകത്ത് നിങ്ങൾ വാദിച്ചത് നിങ്ങളുടെ ദൈവങ്ങൾ ശിക്ഷയിൽനിന്നും നിങ്ങളെ തടുക്കുമെന്നായിരുന്നില്ലേ? നിങ്ങളെ സഹായിക്കുമെന്നും അല്ലാഹുവിന്റെ അടുക്കൽ നിങ്ങൾക്ക് ശുപാർശ ചെയ്യുമെന്നും ആയിരുന്നില്ലേ? എന്നിട്ട് ഇപ്പോൾ നിങ്ങൾ പരസ്പരം സഹായിക്കുന്നില്ലല്ലോ?
ഈ ചോദ്യങ്ങൾക്ക് അവർക്ക് ഉത്തരമില്ല! കാരണം, അപമാനവും നിന്ദ്യതയും അവരെ അതിജയിച്ചു. നരകശിക്ഷയ്ക്ക് അവർ വിധേയരായി. അവര്‍ ഇന്നു തികച്ചും ദുര്‍ബ്ബലരും നിസ്സഹായരുമായി കീഴൊതുങ്ങിയിരിക്കുകയാണ്. അവരുടെ മുമ്പത്തെ ധിക്കാരവും, നിഷേധവുമെല്ലാം ഇന്ന് അവരെ വിട്ടുമാറിയിരിക്കുന്നു. അതിനാൽ അവർ ഒന്നും സംസാരിച്ചില്ല. അവരെ നിന്ദിച്ചു കൊണ്ടുള്ള ചോദ്യത്തിന് അല്ലാഹു തന്നെ മറുപടിയും പറയുന്നു:
بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ
അല്ല, അവര്‍ ആ ദിവസത്തില്‍ കീഴടങ്ങിയവരായിരിക്കും. (ഖുര്‍ആൻ:37/26)
അവരെയും അവരുടെ ഇണകളെയും ആരാധ്യന്മാരെയും ഒരുമിച്ചുകൂട്ടി നരകത്തിലേക്ക് നയിക്കും. അതിനിടയിൽ അവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തിട്ടും ഉത്തരം നൽകാതെ അവർ പരസ്പരം തിരിയും. വഴിതെറ്റിയതിനും വഴിതെറ്റിച്ചതിനും അവർ പരസ്പരം കുറ്റപ്പെടുത്തും.
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ
അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും. (ഖുര്‍ആൻ:37/27)
അപ്പോൾ അനുയായികൾ നേതാക്കളോട് പറയും:
قَالُوٓا۟ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ
അവര്‍ പറയും: തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളുടെ അടുത്ത് കൈയ്യൂക്കുമായി വന്ന് (ഞങ്ങളെ സത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.) (ഖുര്‍ആൻ:37/28)
‘ശരിയായതും നല്ലതും ചെയ്യുന്നതിൽ നിന്ന് ബലപ്രയോഗത്തിലൂടെയും ശക്തിയിലൂടെയും നിങ്ങൾ ഞങ്ങളെ തടഞ്ഞു.’ അങ്ങനെ നിങ്ങൾ ഞങ്ങളെ വഴിതെറ്റിച്ചു. നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ വിശ്വാസികളാകുമായിരുന്നു.
നേതാക്കളുടെ മറുപടി ഇപ്രകാരമായിരിക്കും:
قَالُوا۟ بَل لَّمْ تَكُونُوا۟ مُؤْمِنِينَ
അവര്‍ മറുപടി പറയും: അല്ല, നിങ്ങള്‍ തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്. (ഖുര്‍ആൻ:37/29)
ഞങ്ങൾ ആയതുപോലെ തന്നെ നിങ്ങളും ബഹുദൈവ വിശ്വാസികളായി എന്നര്‍ത്ഥം. അതിനാൽ, എന്ത് മഹത്ത്വമാണ് ഞങ്ങളെക്കാൾ നിങ്ങൾക്കുള്ളത്? ഞങ്ങളെ കുറ്റം പറയാൻ നിങ്ങൾക്കെന്തവകാശം? അതാണ് അവര്‍ പറയുന്നത്:
وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَٰنِۭ ۖ بَلْ كُنتُمْ قَوْمًا طَٰغِينَ
ഞങ്ങള്‍ക്കാകട്ടെ നിങ്ങളുടെ മേല്‍ ഒരധികാരവും ഉണ്ടായിരുന്നതുമില്ല. പ്രത്യുത, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനവിഭാഗമായിരുന്നു. (ഖുര്‍ആൻ:37/30)
അവിശ്വാസം തിരഞ്ഞെടുക്കാൻ ഞങ്ങൾ നിങ്ങളെ നിർബന്ധിച്ചിട്ടില്ല. മറിച്ച് നിങ്ങളാണ് സത്യം കൈവിട്ട് അതിക്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന ജനം.
فَحَقَّ عَلَيْنَا قَوْلُ رَبِّنَآ ۖ إِنَّا لَذَآئِقُونَ
അങ്ങനെ നമ്മുടെ മേല്‍ നമ്മുടെ രക്ഷിതാവിന്‍റെ വചനം യാഥാര്‍ത്ഥ്യമായിതീര്‍ന്നു. തീര്‍ച്ചയായും നാം (ശിക്ഷ) അനുഭവിക്കാന്‍ പോകുകയാണ്. (ഖുര്‍ആൻ:37/31)
നമുക്കെല്ലാവർക്കും ശിക്ഷ അനിവാര്യമായി. നമ്മുടെ രക്ഷിതാവിന്റെ വിധിയുടെ തീരുമാനവും നമ്മുടെ മേൽ യാഥാർഥ്യമായി. നിങ്ങളും ഞങ്ങളും ശിക്ഷ അനുഭവിക്കും. ശിക്ഷയിൽ നാം ഒന്നിച്ചായിരിക്കും.
فَأَغْوَيْنَٰكُمْ إِنَّا كُنَّا غَٰوِينَ
അപ്പോള്‍ ഞങ്ങള്‍ നിങ്ങളെ വഴികേടിലെത്തിച്ചിരിക്കുന്നു.(കാരണം) തീര്‍ച്ചയായും ഞങ്ങള്‍ വഴിതെറ്റിയവരായിരുന്നു. (ഖുര്‍ആൻ:37/32)
അതായത്: ഞങ്ങൾ പിന്തുടരുന്ന വഴിയിലേക്ക് ഞങ്ങൾ നിങ്ങളെ വിളിച്ചു. അത് വഴികേടായിരുന്നു. നിങ്ങൾ ഞങ്ങളുടെ ആഹ്വാനം സ്വീകരിച്ചു. അതിനാൽ ഞങ്ങളെ കുറ്റപ്പെടുത്തരുത്. നിങ്ങൾ നിങ്ങളെ ത്തന്നെ കുറ്റപ്പെടുത്തുക.
ആരോപണങ്ങള്‍കൊണ്ടോ, പ്രത്യാരോപണങ്ങള്‍കൊണ്ടോ ഒരു ഫലവും ഇരുവിഭാഗക്കാര്‍ക്കും ലഭിക്കുവാനില്ല. ഇരുകൂട്ടര്‍ക്കും രക്ഷാമാര്‍ഗ്ഗം നഷ്ടപ്പെട്ടിരിക്കുന്നു.
فَإِنَّهُمْ يَوْمَئِذٍ فِى ٱلْعَذَابِ مُشْتَرِكُونَ
അപ്പോള്‍ അന്നേ ദിവസം തീര്‍ച്ചയായും അവര്‍ (ഇരുവിഭാഗവും) ശിക്ഷയില്‍ പങ്കാളികളായിരിക്കും. (ഖുര്‍ആൻ:37/33)
ഇഹലോകത്ത് അവർ അവിശ്വാസം പങ്കുവെച്ചതുപോലെ പരലോകത്ത് അതിന്റെ അനന്തരഫലങ്ങളും പങ്കുവെക്കും. അതാണ് അല്ലാഹു പറഞ്ഞത്:
إِنَّا كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ
തീര്‍ച്ചയായും നാം കുറ്റവാളികളെക്കൊണ്ട് ചെയ്യുന്നത് അപ്രകാരമാകുന്നു. (ഖുര്‍ആൻ:37/34)
അവര്‍ പരിധി വിടുകയും അതിരുകൾ ലംഘിക്കുകയും ചെയ്ത കാര്യം
إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَٰهَ إِلَّا ٱللَّهُ يَسْتَكْبِرُونَ ﴿٣٥﴾ وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍ مَّجْنُونِۭ ﴿٣٦﴾
‘അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ല’ എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു.ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ആരാധ്യന്‍മാരെ ഉപേക്ഷിച്ച് കളയണമോ എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു. (ഖു൪ആന്‍:37/35-36)
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ആദര്‍ശത്തിലേക്ക് വിളിക്കപ്പെടുകയും മറ്റെല്ലാ ദൈവങ്ങളെയും ഉപേക്ഷിക്കാൻ നിർദേശിക്കുകയും ചെയ്താൽ അവർ അഹങ്കാരം നടിക്കുമായിരുന്നു. അവരെ ഖണ്ഡിച്ചു കൊണ്ട് അല്ലാഹു പറയുന്നതുകൂടി കാണുക:
بَلْ جَآءَ بِٱلْحَقِّ وَصَدَّقَ ٱلْمُرْسَلِينَ ﴿٣٧﴾ إِنَّكُمْ لَذَآئِقُوا۟ ٱلْعَذَابِ ٱلْأَلِيمِ ﴿٣٨﴾ وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ﴿٣٩﴾
അല്ല, സത്യവും കൊണ്ടാണ് അദ്ദേഹം വന്നത്. (മുമ്പ് വന്ന) ദൈവദൂതന്‍മാരെ അദ്ദേഹം സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ വേദനയേറിയ ശിക്ഷ ആസ്വദിക്കുക തന്നെ ചെയ്യേണ്ടവരാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനു മാത്രമേ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുള്ളു. (ഖു൪ആന്‍:37/37-39)
ശ്രദ്ധേയമായ പാഠം
അല്ലാഹുവില്‍ വിശ്വസിക്കുന്നതോടൊപ്പം തങ്ങള്‍ അല്ലാഹുവല്ലാത്ത പ്രവാചകന്‍മാ൪ക്കും മഹാന്‍മാ൪ക്കും ആരാധനയുടെ വകുപ്പില്‍ വരുന്ന പല കാര്യങ്ങളും സമ൪പ്പിച്ചിരുന്നതില്‍ നിന്നെല്ലാം മുക്തരാകണം എന്നതാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ താല്‍പര്യമെന്ന് മക്കയിലെ മുശ്രിക്കുകള്‍ക്ക് അറിയാമായിരുന്നു. ‘ലാഇലാഹ ഇല്ലല്ലാഹ് ‘ എന്നത് അംഗീകരിച്ചാല്‍ പിന്നെ അല്ലാഹുവിനോട് മാത്രമേ ദുആ ചെയ്യാവൂ, അവന് വേണ്ടി മാത്രമേ ബലി അ൪പ്പിക്കാവൂ, അവന് മാത്രമേ നേ൪ച്ച സമ൪പ്പിക്കാവൂ എന്ന് തുടങ്ങി ഇബാദത്തിന്റെ സകല വശങ്ങളും അല്ലാഹുവിനോട് മാത്രമേ പറ്റുകയുള്ളൂവെന്നും അവനിലേക്ക് അടുക്കുന്നതിന് വേണ്ടി മധ്യസ്ഥന്‍മാരെയും ശുപാ൪ശകന്‍മാരെയും സ്വീകരിക്കേണ്ടതില്ലെന്നും അവ൪ മനസ്സിലാക്കി. അല്ലാഹു അല്ലാത്തവ൪ക്കുള്ള ആരാധന ഉപേക്ഷിക്കുക എന്നുള്ളത് ‘ലാ ഇലാഹ ഇല്ലല്ലാഹ എന്ന വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അല്ലാഹുവിനെ ആരാധന കൊണ്ട് ഒരുവനാക്കലാണെന്നും അവ൪ മനസ്സിലാക്കി. അതുകൊണ്ടാണ് “എല്ലാ ആരാധ്യന്മാരെയും നീ ഒറ്റ ആരാധ്യനാക്കുകയാണോ” എന്ന് അവർ ചോദിച്ചത്.
ﺃَﺟَﻌَﻞَ ٱﻻْءَﻟِﻬَﺔَ ﺇِﻟَٰﻬًﺎ ﻭَٰﺣِﺪًا ۖ ﺇِﻥَّ ﻫَٰﺬَا ﻟَﺸَﻰْءٌ ﻋُﺠَﺎﺏٌ
ഇവന്‍ പല ഇലാഹുകളെ ഒരൊറ്റ ‘ഇലാഹ് ‘ ആക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ. (ഖു൪ആന്‍:38/5)
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നത് അംഗീകരിക്കുകയാണെങ്കില്‍ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കുന്നതിനും അവനോട് ശുപാ൪ശ നടത്തുന്നതിനും വേണ്ടി മരണപ്പെട്ടവരെയോ അവരുടെ പ്രതീകങ്ങളായ വിഗ്രഹങ്ങളേയോ സ്വീകരിക്കാന്‍ പാടില്ലെന്നുള്ളത് അവരെ അസ്വസ്ഥരാക്കി. അതവ൪ക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ അവരതില്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. അഥവാ റബ്ബും, സൃഷ്ടാവും, റാസിക്കുമായ അല്ലാഹുവിനെ മാത്രമേ ഇലാഹ് ആക്കാവൂ എന്നത് അവ൪ അംഗീകരിച്ചില്ല. അതുകൊണ്ട് തന്നെ ‘ലാഇലാഹ ഇല്ലല്ലാഹ്’ അംഗീകരിക്കണമെന്ന് പറഞ്ഞാല്‍ അവ൪ പിന്തിരിഞ്ഞ് കളയുമായിരുന്നു.
ഇവിടയാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ മ൪മ്മം. അതായത് അല്ലാഹു മാത്രമാണ് സൃഷ്ടാവും രക്ഷിതാവും നിയന്താവും അന്നം നല്‍കുന്നവനുമെന്ന് വിശ്വസിക്കുന്നതോടൊപ്പം ആ അല്ലാഹുവിന് മാത്രമേ ആരാധനയുടെ വകുപ്പില്‍ പെടുന്ന സകലതും സമ൪പ്പിക്കാന്‍ പാടുള്ളൂ.’ അതായത് ആരാധനയുടെ വകുപ്പില്‍ വരുന്ന നമസ്കാരം, നോമ്പ്, പ്രാ൪ത്ഥന, ഇസ്തിഗാസ (സഹായം തേടല്‍), നേ൪ച്ച, ബലി, പ്രതീക്ഷ, ഭയം, ആഗ്രഹം, പേടി, ഭാരമേല്‍പ്പിക്കല്‍ എന്നിവയെല്ലാം അല്ലാഹുവിന് മാത്രം ചെയ്യണം. ആരാധനയുടെ വകുപ്പില്‍ വരുന്ന എന്തെങ്കിലും അല്ലാഹു അല്ലാത്തവ൪ക്ക് അ൪പ്പിച്ചാല്‍ അത് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന് എതിരാണ്. അവന്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘എന്ന സാക്ഷ്യം പൂ൪ത്തീകരിച്ചിട്ടില്ല.