സൂറ:കഹ്ഫ് 32-44 ആയത്തുകളിൽ, അവിശ്വാസിയും അഹങ്കാരിയുമായ ഒരു തോട്ടക്കാരനും വിശ്വാസിയും വിനയാന്വിതനുമായ മറ്റൊരാളും തമ്മിലുള്ള സംഭാഷണം വിവരിക്കുന്നുണ്ട്. ആ ചരിത്രത്തിലൂടെ ….
وَٱضْرِبْ لَهُم مَّثَلًا رَّجُلَيْنِ جَعَلْنَا لِأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَٰبٍ وَحَفَفْنَٰهُمَا بِنَخْلٍ وَجَعَلْنَا بَيْنَهُمَا زَرْعًا ﴿٣٢﴾ كِلْتَا ٱلْجَنَّتَيْنِ ءَاتَتْ أُكُلَهَا وَلَمْ تَظْلِم مِّنْهُ شَيْـًٔا ۚ وَفَجَّرْنَا خِلَٰلَهُمَا نَهَرًا ﴿٣٣﴾
നീ അവര്‍ക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്‍മാര്‍. അവരില്‍ ഒരാള്‍ക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് വലയം ചെയ്തു. അവയ്ക്കിടയില്‍ (തോട്ടങ്ങള്‍ക്കിടയില്‍) ധാന്യകൃഷിയിടവും നാം നല്‍കി. ഇരു തോട്ടങ്ങളും അവയുടെ ഫലങ്ങള്‍ നല്‍കി വന്നു. അതില്‍ യാതൊരു ക്രമക്കേടും വരുത്തിയില്ല. അവയ്ക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു. (ഖു൪ആന്‍ :18/32-33)
ഫലസമൃദ്ധവും, വിവിധ ഇനങ്ങളുള്ളതുമായ രണ്ടു വലിയ മുന്തിരിത്തോട്ടങ്ങള്‍. ചുറ്റുപാടും ഈത്തപ്പനത്തോട്ടങ്ങളും. ഇടയില്‍ പലതരം കൃഷിസ്ഥലങ്ങളും, ഇടക്കിടെ വെള്ളച്ചാലുകളും. ഹാ! എന്തൊരു കൗതുകം! ഒന്നിലും ഒരു പോരായ്കയില്ല – ഒന്നിനൊന്നു മെച്ചം! (അമാനി തഫ്സീര്‍)
▪️ ആശയങ്ങൾ മനസ്സിൽ ഗ്രഹിക്കുവാൻ ഉദാഹരണങ്ങളും ഉപമകളും പറയൽ നല്ലതാണ്.
▪️ അല്ലാഹു ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടാത്തവർക്കും അവൻ സമ്പത്ത് നൽകും. എന്നാൽ ഈമാനും ഹിദായത്തും അല്ലാഹു ഇഷ്ടപ്പെടുന്നവർക്ക് മാത്രമേ നൽകുകയുള്ളൂ.
وَكَانَ لَهُۥ ثَمَرٌ فَقَالَ لِصَٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكْثَرُ مِنكَ مَالًا وَأَعَزُّ نَفَرً
അവന് പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്‍റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും കൂടുതല്‍ സംഘബലമുള്ളവനും. (ഖു൪ആന്‍ :18/34)
ധാരാളം സമ്പത്തും സംഘബലവും അവനെ അഹങ്കാരിയാക്കി. മനുഷ്യന്റെ ഗര്‍വ്വും അഹങ്കാരവും അവനെക്കൊണ്ടു പലതും പറയിക്കുന്നതും, ചെയ്യിക്കുന്നതുമാകുന്നു. കുറെ ധനവും കൂടിയുണ്ടെങ്കിൽ പിന്നെ പറയേണ്ടതില്ല. അവൻ പറയുന്നത് കാണുക:
وَدَخَلَ جَنَّتَهُۥ وَهُوَ ظَالِمٌ لِّنَفْسِهِۦ قَالَ مَآ أَظُنُّ أَن تَبِيدَ هَٰذِهِۦٓ أَبَدًا
സ്വന്തത്തോട് തന്നെ അന്യായം പ്രവര്‍ത്തിച്ച് കൊണ്ട് അവന്‍ തന്‍റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. (ഖു൪ആന്‍ :18/35)
തന്റെ ഐശ്വര്യവും സമ്പാദ്യവും എന്നും നിലനിൽക്കുമെന്ന വിചാരമാണ് മനുഷ്യനെ നശിപ്പിക്കുന്നത്. മറ്റൊരിടത്ത് അല്ലാഹു പറയുന്നു:
يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ
അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. (ഖു൪ആന്‍:104/3)
ഇത്തരക്കാർ ഖേദിക്കുന്ന രംഗം വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നുണ്ട്.
مَآ أَغْنَىٰ عَنِّى مَالِيَهْ ۜ ﴿٢٨﴾ هَلَكَ عَنِّى سُلْطَٰنِيَهْ ﴿٢٩﴾
എന്‍റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല. എന്‍റെ അധികാരം എന്നില്‍ നിന്ന് നഷ്ടപ്പെട്ടുപോയി. (ഖു൪ആന്‍ :69/28-29)
തോട്ടക്കാരനായ വ്യക്തി തുടരുന്നു:
وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّدِدتُّ إِلَىٰ رَبِّى لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا
അന്ത്യസമയം നിലവില്‍ വരും എന്നും ഞാന്‍ വിചാരിക്കുന്നില്ല. ഇനി ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയാണെങ്കിലോ, തീര്‍ച്ചയായും, മടങ്ങിച്ചെല്ലുന്നതിന് ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യും. (ഖു൪ആന്‍ :18/36)
അഥവാ, മറ്റൊരു ജീവിതം ഉണ്ടെന്നു വന്നാല്‍ത്തന്നെ അവിടെ ഞാന്‍ കൂടുതല്‍ സുഖസ്ഥിതിയിലായിരിക്കുമെന്നു സാരം. കാരണം, താന്‍ ദൈവത്തിന് പ്രിയങ്കരനായിരിക്കുന്നതു കൊണ്ടാണല്ലോ ഇവിടെ തനിക്ക് സുഖസമൃദ്ധി നല്‍കപ്പെട്ടിരിക്കുന്നത്.
ഇഹലോകത്ത് അനുഗ്രഹം ലഭിച്ചപ്പോൾ അതിനേക്കാൾ ഉത്തമമായത് പാരത്രിക ലോകത്ത് ലഭിക്കുമെന്നാണ് തോട്ടക്കാരൻ വിചാരിച്ചത്. വിശുദ്ധ ഖുര്‍ആനിൽ മറ്റൊരിടത്ത് ഇതേ കാര്യം അല്ലാഹു ആവർത്തിച്ച് പറയുന്നു:
لَّا يَسْـَٔمُ ٱلْإِنسَٰنُ مِن دُعَآءِ ٱلْخَيْرِ وَإِن مَّسَّهُ ٱلشَّرُّ فَيَـُٔوسٌ قَنُوطٌ ﴿٤٩﴾ وَلَئِنْ أَذَقْنَٰهُ رَحْمَةً مِّنَّا مِنۢ بَعْدِ ضَرَّآءَ مَسَّتْهُ لَيَقُولَنَّ هَٰذَا لِى وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّجِعْتُ إِلَىٰ رَبِّىٓ إِنَّ لِى عِندَهُۥ لَلْحُسْنَىٰ ۚ فَلَنُنَبِّئَنَّ ٱلَّذِينَ كَفَرُوا۟ بِمَا عَمِلُوا۟ وَلَنُذِيقَنَّهُم مِّنْ عَذَابٍ غَلِيظٍ ﴿٥٠﴾
നന്‍മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ മനുഷ്യന് മടുപ്പ് തോന്നുന്നില്ല. തിന്‍മ അവനെ ബാധിച്ചാലോ അവന്‍ മനം മടുത്തവനും നിരാശനുമായിത്തീരുന്നു. അവന്ന് കഷ്ടത ബാധിച്ചതിനു ശേഷം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നാം അവന്ന് അനുഭവിപ്പിച്ചാല്‍ തീര്‍ച്ചയായും അവന്‍ പറയും: ഇത് എനിക്ക് അവകാശപ്പെട്ടതാകുന്നു. അന്ത്യസമയം നിലവില്‍ വരുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഇനി എന്‍റെ രക്ഷിതാവിങ്കലേക്ക് ഞാന്‍ തിരിച്ചയക്കപ്പെടുകയാണെങ്കിലോ എനിക്ക് അവന്‍റെ അടുക്കല്‍ തീര്‍ച്ചയായും ഏറ്റവും മെച്ചപ്പെട്ട നില തന്നെയാണുണ്ടായിരിക്കുക. എന്നാല്‍ സത്യനിഷേധികള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നാം വിവരം നല്‍കുകയും കഠിനമായ ശിക്ഷയില്‍ നിന്ന് നാം അവര്‍ക്ക് അനുഭവിപ്പിക്കുകയും ചെയ്യും. (ഖു൪ആന്‍ :41/49-50)
▪️ അഹങ്കാരം കുഫ്റിലേക്കും ശിർക്കിലേക്കും വഴി നടത്തുന്നു.
അവന്റെ വിശ്വാസിയായ സുഹൃത്ത് അവനോട് പറയുന്നതാണ് തുടര്‍ന്ന് വിവരിക്കുന്നത്.
قَالَ لَهُۥ صَاحِبُهُۥ وَهُوَ يُحَاوِرُهُۥٓ أَكَفَرْتَ بِٱلَّذِى خَلَقَكَ مِن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّىٰكَ رَجُلًا ﴿٣٧﴾ لَّٰكِنَّا۠ هُوَ ٱللَّهُ رَبِّى وَلَآ أُشْرِكُ بِرَبِّىٓ أَحَدًا ﴿٣٨﴾
അവന്‍റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണില്‍ നിന്നും അനന്തരം ബീജത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനില്‍ നീ അവിശ്വസിച്ചിരിക്കുകയാണോ? എന്നാല്‍ (എന്‍റെ വിശ്വാസമിതാണ്.) അവന്‍ അഥവാ അല്ലാഹുവാകുന്നു എന്‍റെ രക്ഷിതാവ്. എന്‍റെ രക്ഷിതാവിനോട് യാതൊന്നിനെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. (ഖു൪ആന്‍ :18/37-38)
നിന്നെ സൃഷ്ടിച്ച് പരിപാലിച്ച് വന്ന റബ്ബിൽ ഈ ധന സമൃദ്ധിയിലും സുഖജീവിതത്തിലും വഞ്ചിതനായിക്കൊണ്ട് അവിശ്വസിക്കുവാനാണോ നിന്റെ ഭാവം എന്നാണ് സത്യവിശ്വാസിയായ സുഹൃത്ത് ചോദിക്കുന്നത്. എന്നാല്‍ ഞാനതിനു തെയ്യാറില്ല. എന്നെ സംബന്ധിച്ചിടത്തോളം: ‘അല്ലാഹു എന്റെ റബ്ബാണ്, ഞാന്‍ അവന്റെ ഏകത്വത്തില്‍ അചഞ്ചലമായി വിശ്വസിക്കുന്നു.’
▪️ റുബൂബിയ്യത്തിലൂടെ ഉലൂഹിയ്യത്തിനെ സ്ഥാപിക്കുന്നു.
സൃഷ്ടികർതൃത്വത്തിലെ ഏകത്വവും ആരാധ്യതയിലെ ഏകത്വവും ധാരാളം സ്ഥലങ്ങളിൽ അല്ലാഹു ചേർത്തു പറയുന്നുണ്ട്. കാരണം, അത് പരസ്പരം തെളിവാണ്.സൃഷ്ടികർതൃത്വത്തിൽ അല്ലാഹു ഏകനാണ്. സർവ്വതിനെയും സൃഷ്ടിച്ചതും സംവിധാനിച്ചതും നിയന്ത്രിക്കുന്നതും അവൻ ഏകനായിട്ടാണ്. അതിലൊരാൾക്കും പങ്കോ കഴിവോ ഇല്ല. അതിനാൽതന്നെ ആരാധനക്കും അവനേകനാണ്. മറ്റൊരാളും അതിന് അർഹനല്ല. ആരാധ്യത യിലാവട്ടെ, രക്ഷാകർതൃത്വത്തിലാവട്ടെ അവന് പങ്കുകാരില്ല. ഇതറിയുമ്പോൾ ഹൃദയത്തിൽ അല്ലാഹുവിനെ ബോധ്യപ്പെടുകയും അവനെ സ്‌നേഹിക്കുകയും ഭയപ്പെടുകയും അവനിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്നു.
അദ്ദേഹം വീണ്ടും തുടരുന്നു:
وَلَوْلَآ إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ ۚ إِن تَرَنِ أَنَا۠ أَقَلَّ مِنكَ مَالًا وَوَلَدًا
നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്, مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ (ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല) എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ? നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍. (ഖുര്‍ആന്‍:18/39)
അതായത്, അല്ലാഹു ഇച്ഛിക്കുന്നതെന്തോ അതുമാത്രം നടക്കും. എനിക്കോ മറ്റുള്ളവര്‍ക്കോ ഒരു ശക്തിയും സ്വാധീനവുമില്ല. ഞങ്ങള്‍ക്ക് വല്ലതും നടക്കുമെങ്കില്‍ അല്ലാഹുവിന്റെ അനുഗ്രഹവും പിന്തുണയും കൊണ്ടുമാത്രം.
ഒരു വ്യക്തിക്ക് അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ അയാൾ അല്ലാഹുവിനെ മറക്കുകയും ഇതൊക്കെ എന്റെ അറിവും കഴിവും യോഗ്യതയും കൊണ്ട് എനിക്ക് നേടിയെടുക്കാൻ സാധിച്ചതാണെന്നോ അല്ലെങ്കിൽ അല്ലാഹു എന്നെ ആദരിച്ചതാണെന്നോ ഒക്കെയുള്ള നന്ദികേടിന്റെ ചിന്ത ഉണ്ടാകുമ്പോൾ അല്ലാഹുവിനെ ഓർക്കാൻ വേണ്ടിയും ഇതൊക്കെ അല്ലാഹു നൽകിയതാണെന്ന തിരിച്ചറിവ് ലഭിക്കാൻ വേണ്ടിയും അയാളോട് പറയുന്ന പ്രസ്താവനയാണ് مَا شَاءَ الله. ഇങ്ങനെ പറയുന്നതിന് അയാളെ ഓർമ്മിപ്പിക്കുകയും ചെയ്യാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ അല്ലാഹു ഉദ്ദേശിച്ചതാണിത്, അല്ലാഹു ഉദ്ദേശിച്ചതേ നടക്കുകയുള്ളൂ എന്നൊക്കെയാണ് ഇതിലൂടെ പ്രസ്താവിക്കുന്നത്.
وهلا إذ دخلت بستانك، فأعجبك ما رأيت منه، قلت ما شاء الله كان
നീ നിന്റെ തോട്ടത്തിൽ പ്രവേശിച്ചപ്പോൽ കണ്ട കാര്യത്തിൽ നിനക്ക് അൽഭുതം തോന്നിയെങ്കിൽ مَا شَاءَ الله كَان (അല്ലാഹു എന്താണോ ഉദ്ദേശിച്ചത് അതേ നടപ്പിൽ വരികയുള്ളൂ) എന്ന് നിനക്ക് പറഞ്ഞു കൂടായിരുന്നോ. (തഫ്സീറുത്ത്വബ്’രി)
أي ما شاء الله كان ، وما لا يشاء لا يكون . لا قوة إلا بالله أي ما اجتمع لك من المال فهو بقدرة الله – تعالى – وقوته لا بقدرتك وقوتك ، ولو شاء لنزع البركة منه فلم يجتمع .
അതായത്: അല്ലാഹു എന്താണോ ഉദ്ദേശിച്ചത് അതേ സംഭവിക്കുകയുള്ളൂ, അല്ലാഹു ഉദ്ദേശിക്കാത്തത് സംഭവിക്കുകയില്ല, അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല. നിനക്ക് ലഭിച്ച സമ്പത്തും സുഖസൗകര്യങ്ങളും അല്ലാഹുവിന്റെ കഴിവ് കൊണ്ട് ലഭിച്ചതാണ്. എന്റെ കഴിവ് കൊണ്ടോ നിന്റെ കഴിവ് കൊണ്ടോ ലഭിച്ചതല്ല. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അതിൽ നിന്ന് ബറകത്ത് നീക്കി കളയുമായിരുന്നു. നിനക്കത് ഒരുമിച്ച് കൂട്ടാൻ കഴിയുമായിരുന്നില്ല. (തഫ്സീറുൽ ക്വുർത്തുബി)
أي : هلا إذا أعجبتك حين دخلتها ونظرت إليها حمدت الله على ما أنعم به عليك ، وأعطاك من المال والولد ما لم يعطه غيرك ، وقلت : ( ما شاء الله لا قوة إلا بالله ) ؛ ولهذا قال بعض السلف : من أعجبه شيء من حاله أو ماله أو ولده أو ماله ، فليقل : ( ما شاء الله لا قوة إلا بالله ) وهذا مأخوذ من هذه الآية الكريمة .
നീ നിന്റെ തോട്ടത്തിൽ പ്രവേശിച്ചപ്പോൽ അവിടെ കണ്ട കാര്യത്തിൽ നിനക്ക് അൽഭുതം തോന്നിയെങ്കിൽ മറ്റാർക്കും നൽകാത്ത സമ്പത്തും സന്താനങ്ങളും അല്ലാഹു നിനക്ക് നൽകി നിന്നെ അനുഗ്രഹിച്ചപ്പോൾ നിനക്ക് അവനെ സ്തുതിച്ച് കൂടായിരുന്നോ. നിനക്ക് ما شاء الله لا قوة إلا بالله എന്ന് പറഞ്ഞു കൂടായിരുന്നോ. അതുകൊണ്ടാണ് സലഫുകളിൽ പെട്ട പലരും ഇങ്ങനെ പറഞ്ഞിട്ടുള്ളത്. ആർക്കെങ്കിലും തന്റെ ജീവിതത്തിൽ തന്റെ അവസ്ഥ, തന്റെ സമ്പത്ത്, തന്റെ സന്താനങ്ങൾ, ഇതൊക്കെ അൽഭുതപ്പെടുത്തുന്നുവെങ്കിൽ ما شاء الله لا قوة إلا بالله എന്ന് പറയട്ടെ. ഈ ആയത്തിൽ അവർ തെളിവായി പിടിച്ചതാണത്. (തഫ്സീർ ഇബ്നുകസീർ)
അദ്ദേഹം വീണ്ടും തുടരുന്നു:
فَعَسَىٰ رَبِّىٓ أَن يُؤْتِيَنِ خَيْرًا مِّن جَنَّتِكَ وَيُرْسِلَ عَلَيْهَا حُسْبَانًا مِّنَ ٱلسَّمَآءِ فَتُصْبِحَ صَعِيدًا زَلَقًا ﴿٤٠﴾ أَوْ يُصْبِحَ مَآؤُهَا غَوْرًا فَلَن تَسْتَطِيعَ لَهُۥ طَلَبًا ﴿٤١﴾
എന്‍റെ രക്ഷിതാവ് എനിക്ക് നിന്‍റെ തോട്ടത്തെക്കാള്‍ നല്ലത് നല്‍കി എന്ന് വരാം. നിന്‍റെ തോട്ടത്തിന്‍റെ നേരെ അവന്‍ ആകാശത്ത് നിന്ന് ശിക്ഷ അയക്കുകയും, അങ്ങനെ അത് ചതുപ്പുനിലമായിത്തീരുകയും ചെയ്തു എന്ന് വരാം. അല്ലെങ്കില്‍ അതിലെ വെള്ളം നിനക്ക് ഒരിക്കലും തേടിപ്പിടിച്ച് കൊണ്ട് വരുവാന്‍ കഴിയാത്ത വിധം വറ്റിപ്പോയെന്നും വരാം. (ഖുര്‍ആന്‍:18/40-41)
‘നിന്റെ സമ്പല്‍സമൃദ്ധിയും, അഭിവൃദ്ധിയും കണ്ടു നീ മതിമറന്നുപോകുന്നു. ഇതെല്ലാം നിനക്കു പ്രദാനം ചെയ്ത അല്ലാഹുവിനെ നീ ധിക്കരിക്കുന്നു. ഇതൊക്കെ അല്ലാഹു തന്നതാണ്, അവന്‍ ഉദ്ദേശിച്ചതേ ഉണ്ടാകൂ’. എന്നിങ്ങിനെ, മിതവും മര്യാദയുമായ വാക്കുകള്‍ പറഞ്ഞാല്‍പോരെ?! ഒരുപക്ഷേ, ഇതിനെക്കാള്‍ നല്ല സമ്പത്തു അല്ലാഹു എനിക്കു തന്നുവെന്നുവരാം. അല്ലെങ്കില്‍, ഒരു ദിവസം നേരം പുലരുമ്പോഴേക്കും ഒരു വമ്പിച്ച ഇടിവര്‍ഷമുണ്ടായി നിന്റെ തോട്ടമാകെ നശിച്ചുപോയെന്നും വരാം; അതുമല്ലെങ്കില്‍, ഈ ജലം അപ്പടി വറ്റിപ്പോയെന്നു വരാം. ഇതൊന്നും തന്നെ സംഭവിച്ചുകൂടായ്കയില്ല. അതുകൊണ്ട് കുറച്ചൊരു വിനയത്തിലും, ദൈവവിചാരത്തിലും നടക്കുകയാണ് തനിക്കു ഉത്തമം’. എന്നൊക്കെ ആ ഉപദേഷ്ടാവു പറഞ്ഞുനോക്കുന്നു. പക്ഷേ, തോട്ടക്കാരന്റെ മനസ്സില്‍ അതൊന്നും പ്രവേശിക്കുന്നില്ല. ഫലമെന്തായി? അദ്ദേഹം പറഞ്ഞതു പോലെത്തന്നെ! (അമാനി തഫ്സീര്‍)
وَأُحِيطَ بِثَمَرِهِۦ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَىٰ مَآ أَنفَقَ فِيهَا وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَٰلَيْتَنِى لَمْ أُشْرِكْ بِرَبِّىٓ أَحَدًا ﴿٤٢﴾ وَلَمْ تَكُن لَّهُۥ فِئَةٌ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مُنتَصِرًا ﴿٤٣﴾ هُنَالِكَ ٱلْوَلَٰيَةُ لِلَّهِ ٱلْحَقِّ ۚ هُوَ خَيْرٌ ثَوَابًا وَخَيْرٌ عُقْبًا ﴿٤٤﴾
അവന്‍റെ ഫലസമൃദ്ധി (നാശത്താല്‍) വലയം ചെയ്യപ്പെട്ടു. അവ (തോട്ടങ്ങള്‍) അവയുടെ പന്തലുകളോടെ വീണടിഞ്ഞ് കിടക്കവെ താന്‍ അതില്‍ ചെലവഴിച്ചതിന്‍റെ പേരില്‍ അവന്‍ (നഷ്ടബോധത്താല്‍) കൈ മലര്‍ത്തുന്നവനായിത്തീര്‍ന്നു. എന്‍റെ രക്ഷിതാവിനോട് ആരെയും ഞാന്‍ പങ്കുചേര്‍ക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് അവന്‍ പറയുകയും ചെയ്ത്കൊണ്ടിരുന്നു. അല്ലാഹുവിന് പുറമെ യാതൊരു കക്ഷിയും അവന്ന് സഹായം നല്‍കുവാനുണ്ടായില്ല. അവന്ന് (സ്വയം) അതിജയിക്കുവാന്‍ കഴിഞ്ഞതുമില്ല. യഥാര്‍ത്ഥ ദൈവമായ അല്ലാഹുവിന്നത്രെ അവിടെ രക്ഷാധികാരം. നല്ല പ്രതിഫലം നല്‍കുന്നവനും നല്ല പര്യവസാനത്തിലെത്തുക്കുന്നവനും അവനത്രെ. (ഖുര്‍ആന്‍:18/42-44)
▪️ ധിക്കാരത്തിന് ദുനിയാവിൽ വെച്ച് തന്നെ ശിക്ഷ ലഭിച്ചേക്കാം.
▪️ അല്ലാഹുവിനെ സംബന്ധിച്ച് എപ്പോഴും നല്ലവിചാരം വേണം.
ഈ ആയത്തുകൾ വിശദീകരിച്ച ശേഷം മുഹമ്മദ് അമാനി മൗലവിعليه السلام എഴുതുന്നു: മേല്‍ വിവരിച്ച ഉപമയെ സംബന്ധിച്ചു വ്യാഖ്യാതാക്കള്‍ക്കിടയില്‍ രണ്ടു അഭിപ്രായമുണ്ട്: ബനൂഇസ്രാഈലില്‍ (ഇസ്രായീല്‍ സന്തതികളില്‍) നടന്ന ഒരു സംഭവമാണതെന്നു ഒരു വിഭാഗക്കാര്‍ പറയുന്നു. ഉദാഹരണാര്‍ത്ഥം പറയപ്പെട്ട ഒരു സങ്കല്‍പകഥയാണെന്നാണു മറ്റു പലരുടെയും അഭിപ്രായം. രണ്ടായിരുന്നാലും ഉദ്ദേശ്യം വ്യക്തമാകുന്നു. ഉദാഹരണവും ഉപമയും പറയുമ്പോള്‍, അതിലടങ്ങിയ പാഠമെന്താണെന്നേ നാം നോക്കേണ്ടതുള്ളു.
സത്യമതം സ്വീകരിക്കുന്നതും, സ്വീകരിക്കാതിരിക്കുന്നതും ജനങ്ങളുടെ ഇഷ്ടമാണ്, അതില്‍ ബലാല്‍ക്കാരമില്ല. പക്ഷേ, വിശ്വസിച്ചവരുടെ സല്‍ക്കര്‍മ്മഫലം അവര്‍ അനുഭവിക്കും; വിശ്വസിക്കാത്തവരുടെ കര്‍മ്മഫലം അവരും അനുഭവിക്കേണ്ടിവരും എന്നു അല്ലാഹു ആദ്യം ഉണര്‍ത്തി. പാരത്രികരക്ഷാശിക്ഷകളുടെയും, പ്രതിഫലങ്ങളുടെയും സാമാന്യ രൂപവും വിവരിച്ചു. അതെ, സത്യനിഷേധികള്‍ക്കു എരിപൊരികൊള്ളുന്ന നരകാഗ്നിയും, സത്യവിശ്വാസികള്‍ക്കു സുഖാനുഭൂതികള്‍ നിറഞ്ഞ നിത്യസ്വര്‍ഗ്ഗവും ആണെന്നു പറഞ്ഞു. അതുകൊണ്ടു മതിയാക്കാതെ, സത്യനിഷേധികള്‍ പരലോകത്തു മാത്രമല്ല, ഇഹലോകത്തും ദൗര്‍ഭാഗ്യകരമായ പല നാശനഷ്ടങ്ങള്‍ക്കും വിധേയരായേക്കുമെന്നു മറ്റൊരു താക്കീതുകൂടി നല്‍കുകയാണ്. താല്‍ക്കാലിക സുഖസൗകര്യങ്ങള്‍ കണ്ട് അവര്‍ വഞ്ചിതരാകരുതെന്നു മുന്നറിയിപ്പു നല്‍കുന്നു. നേരെ മറിച്ചു സത്യവിശ്വാസികളോട് അവര്‍ തങ്ങളുടെ താല്‍ക്കാലിക വിഷമതകളും, നിസ്സഹായതയും കണ്ട് നിരാശപ്പെടരുത്, ഐഹിക സുഖാഡംബരങ്ങള്‍ നിലനില്‍പില്ലാത്തതാണ്, നാശത്തിലേക്കു നീങ്ങുവാന്‍ ശ്രമിച്ചാല്‍ അവയ്ക്കു നിമിഷങ്ങളേ താമസമുണ്ടാകുകയുള്ളു, മനുഷ്യന്റെ ഊക്കും ശക്തിയും അവിടെ ഫലം ചെയ്കയില്ല, എന്നിങ്ങനെ ഉപദേശിച്ചുകൊണ്ടു അവരെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നു.
പ്രസ്തുത യാഥാര്‍ത്ഥ്യങ്ങളെ ഒരു ഉപമമൂലം വ്യക്തമാക്കിയതാണ് മുകളില്‍ നാം കാണുന്നത്. അതായതു, രണ്ടാളുകള്‍: ഒരാള്‍ക്കു സുഖസൗകര്യങ്ങളെല്ലാം തികഞ്ഞിട്ടുണ്ട്. മറ്റേവനു ഒന്നുമില്ല. ആദ്യത്തേവന്‍ വഞ്ചിതനാകുന്നു, രണ്ടാമത്തേവനെ അവന്‍ നിസ്സാരനായിക്കാണുന്നു. അഹങ്കാരത്തോടെ അതിരുവിട്ട് പലതും അവന്‍ അവനോടു പറയുന്നു. അതേസമയത്തു രണ്ടാമത്തേവന്‍ അവനെ ഉപദേശിക്കുന്നു: ‘ഇതെല്ലാം കണ്ടു നീ വഞ്ചിതനാകേണ്ടതില്ല, ഞൊടിയിടകൊണ്ടു ഇതൊക്കെ നാശപ്പെട്ടുപോയിക്കൂടെന്നില്ല’ എന്നൊക്കെ. മറ്റേവനതു പരിഹാസ്യമായി ഗണിക്കുന്നു. അതാ, പെട്ടെന്നൊരു പ്രഭാതം! അവനെ അഹങ്കാരഭരിതനാക്കിയ തോട്ടങ്ങളും, ധനവിഭവങ്ങളുമെല്ലാം തകര്‍ന്നു തരിപ്പണമായിത്തീര്‍ന്നു! അവന്റെ അഹങ്കാരം അതാ, നിൽക്കുന്നു! ആശങ്കകള്‍ നശിക്കുന്നു! ഖേദിച്ചു കൈ മലര്‍ത്തുന്നു! ഇതാണ് ഉപമയുടെ ചുരുക്കം.
അഹങ്കാരിയായ തോട്ടക്കാരനെപ്പോലെ, മക്കായിലെ ഖുറൈശി പ്രധാനികളെയും, അവരെപ്പോലെയുള്ള ഇതര ധിക്കാരികളെയും കരുതാം. അബലരും നിർധനരുമായ സത്യവിശ്വാസികളെ, ആ സാധുസഹോദരന്റെ പക്ഷക്കാരായും ഗണിക്കാം. മേല്‍കണ്ട തോട്ടത്തിന്റെ ചിത്രീകരണം അറബികളെ സംബന്ധിച്ചിടത്തോളം വളരെ അനുയോജ്യമായതാണ്. സിരിയായിലെ മുന്തിരിത്തോട്ടങ്ങള്‍പോലെയുള്ള രണ്ടു വമ്പിച്ച തോട്ടങ്ങള്‍. ചുറ്റുപാടും ഈത്തപ്പനകള്‍ തലപൊക്കി നില്‍ക്കുന്നു. തോട്ടത്തിന്റെ ഏതു ഭാഗത്തും വെള്ളം എത്തിക്കുന്ന തോടുകള്‍ മദ്ധ്യത്തിലും. ഇരു കരകളിലും, ചാഞ്ചാടിക്കളിച്ചു കൊണ്ടിരിക്കുന്ന കൃഷിപ്പാടങ്ങള്‍, ഇതിലപ്പുറം അറബികള്‍ക്കിടയില്‍ സുഖൈശ്വര്യങ്ങള്‍ക്കുള്ള ഉപാധികളായി മറ്റെന്താണുള്ളത്?! എന്നാല്‍, തോട്ടക്കാരെമാത്രം ബാധിക്കുന്ന ഒരു ഉപമയല്ല ഇത്. ക്ഷേമൈശ്വര്യങ്ങള്‍ വേണ്ടത്ര ലഭിച്ച് അഹങ്കാരികളും, ആഡംബരപ്രിയരുമായി മതിമറന്നു കഴിഞ്ഞുകൂടുന്ന ഏവനേയും താക്കീത് ചെയ്യുന്ന ഒരു ഉദാഹരണമത്രെ ഇത്. (അമാനി തഫ്സീര്‍)