ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം മനുഷ്യര്‍ക്ക് സൗകര്യപ്പെടുത്തിയതിന്റെ പിന്നിൽ

THADHKIRAH

ٱللَّهُ ٱلَّذِى سَخَّرَ لَكُمُ ٱلْبَحْرَ لِتَجْرِىَ ٱلْفُلْكُ فِيهِ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ

അല്ലാഹുവാകുന്നു സമുദ്രത്തെ നിങ്ങള്‍ക്ക് അധീനമാക്കി തന്നവന്‍. അവന്‍റെ കല്‍പന പ്രകാരം അതിലൂടെ കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ തേടുവാനും, നിങ്ങള്‍ നന്ദികാണിക്കുന്നവരായേക്കാനും വേണ്ടി. (ഖു൪ആന്‍:45/12)

വാഹനങ്ങളും കപ്പലുകളും അല്ലാഹുവിന്റെ അനുഗ്രഹമാണ്. കടലിൽ സഞ്ചരിക്കത്തക്കവിധം അതിനെ കീഴ്‌പ്പെടുത്തിയത് തന്റെ ദാസന്മാർക്ക് അവൻ ചെയ്തുകൊടുത്ത ഒരു അനുഗ്രഹവും കാരുണ്യവുമായി ഇവിടെ പരാമർശിക്കുന്നു. വ്യത്യസ്തമായ കച്ചവടങ്ങളിലൂടെയും സമ്പാദ്യമാർഗങ്ങളിലൂടെയും {അവന്റെ അനുഗ്രഹത്തിൽനിന്നും നിങ്ങൾ തേടുവാനും} {നിങ്ങൾ നന്ദി കാണിക്കുന്നവരായേക്കാനും വേണ്ടി} അല്ലാഹുവിന് നിങ്ങൾ നന്ദി കാണിക്കുന്നപക്ഷം അവന്റെ അനുഗ്രഹങ്ങളെ നിങ്ങൾക്ക് വർധിപ്പിച്ചുതരികയും നന്ദി ചെയ്തതിന് മഹത്തായ പ്രതിഫലം നൽകുകയും ചെയ്യും.

وَسَخَّرَ لَكُم مَّا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ جَمِيعًا مِّنْهُ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَتَفَكَّرُونَ

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്‍റെ വകയായി അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. (ഖു൪ആന്‍:45/13)

{ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്റെ വകയായി അവൻ നിങ്ങൾക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു} അവന്റെ ഔദാര്യങ്ങളാലും നന്മയാലും. ആകാശഭൂമിഗോളങ്ങളെല്ലാം ഇതിൽപെടും. അവ രണ്ടിലും അല്ലാഹു സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, വാഹനങ്ങൾ, വ്യത്യസ്ത ജീവജാലങ്ങൾ, മരങ്ങൾ, പഴങ്ങൾ, വിവിധ ഖനിജങ്ങൾ, മറ്റു പലതിനെയും ഉണ്ടാക്കി. ഇതെല്ലാം മനുഷ്യന്റെ ഗുണത്തിനുവേണ്ടിയാണ്. അവയെല്ലാം അവന്റെ ജീവിത നന്മക്ക് ഏറെ അനിവാര്യവുമാണ്. ഇതെല്ലാം പരമാവധി നന്ദി ചെയ്യാൻ അവരെ നിർബന്ധിക്കുകയും അല്ലാഹുവിന്റെ വിധികളെക്കുറിച്ചും ദൃഷ്ടാന്തങ്ങളെക്കുറിച്ചും ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. അതാണ് അല്ലാഹു പറഞ്ഞത്: {ചിന്തിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്}

അതിന്റെയെല്ലാം സൃഷ്ടിപ്പിലും നിയന്ത്രണത്തിലും സൗകര്യപ്പെടുത്തലിലുമെല്ലാം അല്ലാഹു അവന്റെ ഉദ്ദേശ്യങ്ങൾ നടപ്പിലാക്കാൻ പരിപൂർണ കഴിവുള്ളവനാണെന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണ്.

അതിലുള്ള മറ്റൊന്ന്, അവയുടെ സൃഷ്ടിപ്പിലെ അന്യൂനതയും ദൃഢതയുമാണ്. നിർമാണ ഭംഗിയും സൃഷ്ടിസൗന്ദര്യവും അല്ലാഹുവിന്റെ അറിവിന്റെയും യുക്തിയുടെയും തെളിവിലേക്ക് വിരൽ ചൂണ്ടുന്നു.

മറ്റൊന്ന്, അതിലുള്ള വിശാലതയും വലിപ്പവും ആധിക്യവുമെല്ലാം അവന്റെ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും െളിവാണ്.

മറ്റൊന്ന്, അവയുടെ ചില സവിശേഷതകളും വസ്തുക്കൾ തമ്മിലുള്ള വൈരുധ്യങ്ങളും അറിയിക്കുന്നത് അവനുദ്ദേശിക്കുന്നതെന്തും ചെയ്യാൻ അവനൊരു തടസ്സവുമുണ്ടാക്കിയിട്ടില്ലെന്നതാണ്.

മറ്റൊന്ന്, അതിലുള്ള മതപരവും ഭൗതികവുമായ ഗുണങ്ങളും പ്രയോജനങ്ങളും അവന്റെ കാരുണ്യത്തിന്റെ വിശാലതയക്കും ഔദാര്യത്തിനും നന്മക്കും സ്‌നേഹത്തിനുമെല്ലാം തെളിവാണ്.

ഇവയെല്ലാം അറിയിക്കുന്നത് ആരാധന അവനുമാത്രമായിരിക്കണമെന്നും സ്‌നേഹവും കീഴ്‌പ്പെടലും അവനല്ലാതെ മറ്റാർക്കും നൽകിക്കൂടെന്നുമാണ്. പ്രവാചകന്മാർ കൊണ്ടുവന്നത് സത്യമാണെന്നുകൂടി ഇത് തെളിയിക്കുന്നു. ഇവയെല്ലാം ശങ്കയോ സംശയമോ ഇല്ലാതെ സ്വീകരിക്കാൻ കഴിയുന്ന ബുദ്ധിപരവും വ്യക്തവുമായ തെളിവുകളാണ്. (തഫ്സീറുസ്സഅ്ദി)

മനുഷ്യന്റെ നന്മക്കും പുരോഗതിക്കും ഉപയുക്തമായ വിധത്തില്‍, അവന്റെ പ്രയത്നവും കഴിവുമനുസരിച്ച് ഉപയോഗപ്പെടുത്തത്തക്കവണ്ണം ആകാശത്തിലെയും ഭൂമിയിലെയും വസ്തുക്കളെ അല്ലാഹു അവനു സൗകര്യപ്പെടുത്തിക്കൊടുത്തിരിക്കുന്നു. ഇതു അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള അതിമഹത്തായ ഒരു അനുഗ്രഹമത്രെ. അതേസമയത്ത് അവയെപ്പറ്റി ചിന്തിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ അപാരമായ കഴിവിനും മഹത്വത്തിനും ധാരാളം ദൃഷ്ടാന്തങ്ങളും അവയില്‍ അടങ്ങിയിരിക്കുന്നു. മനുഷ്യന്‍ ഇന്നുവരെ നേടിക്കഴിഞ്ഞതും, മേലില്‍ നേടുവാനിരിക്കുന്നതുമായ എല്ലാ ശാസ്ത്രീയ വിജ്ഞാനങ്ങളും, നിരീക്ഷണഫലങ്ങളും, ജീവിത പുരോഗതികളുമെല്ലാം പ്രസ്തുത അനുഗ്രഹം കൊണ്ടുമാത്രം ലഭിക്കുന്നവയാണ്. (അമാനി തഫ്സീര്‍)

പ്രപഞ്ചത്തിലെ എല്ലാ അനുഗ്രഹങ്ങളും പടച്ചുണ്ടാക്കുന്നതിലോ അവയെ മനുഷ്യന് കീഴ്‌പ്പെടുത്തിക്കൊടുക്കുന്നതിലോ അല്ലാഹുവിന്റെ കൂടെ ഒരു പങ്കാളിയുമില്ല. അല്ലാഹു മാത്രമാണവയെ സൃഷ്ടിച്ചത്. ഈ വസ്തുക്കളെല്ലാം മനുഷ്യര്‍ക്ക് പ്രയോജനമുള്ളതാക്കലില്‍ ചിന്തിക്കുന്നവര്‍ക്ക് മഹത്തായ ദൃഷ്ടാന്തങ്ങളുണ്ട്. ഭൂമി മുതല്‍ ആകാശലോകങ്ങള്‍ വരെയുള്ള സകല വസ്തുക്കളുടെയും  സ്രഷ്ടാവും സംവിധായകനും നിയന്താവും ഉടമസ്ഥനും ഒരേയൊരു ശക്തിയാണെന്ന യാഥാര്‍ത്ഥ്യം ഈ ദൃഷ്ടാന്തങ്ങളെല്ലാം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ആ ഏകദൈവം തന്നെയാണ് മനുഷ്യന്റെയും റബ്ബ്. അവനാണ് തന്റെ യുക്തികൊണ്ടും കഴിവുകൊണ്ടും കാരുണ്യംകൊണ്ടും ഈ വസ്തുക്കളെയെല്ലാം മനുഷ്യന് കീഴ്‌പ്പെടുത്തിക്കൊടുത്തത്. ഏകനായ ആ റബ്ബിന് (അല്ലാഹുവിന്) മാത്രമേ ആരാധനകൾ അര്‍പ്പിക്കാൻ പാടുള്ളൂ. മറ്റൊരു വ്യക്തിയും ഇതിൽ ഒരു പങ്കും വഹിച്ചിട്ടില്ല.

Leave a Reply

Your email address will not be published.

Similar Posts