അല്ലാഹു തന്റെ ദൂതൻ മുഹമ്മദ് നബി ﷺയെ തന്റെ സൃഷ്ടികളായ മനുഷ്യരിലേക്കും ജിന്നുകളിലേക്കും നിയോഗിച്ചു. പ്രവാചകത്വത്തിലേക്കും ദൈവിക സന്ദേശത്തിലേക്കും മുഴുവൻ ആളുകളെയും പ്രബോധനം ചെയ്യൽ നബി ﷺയുടെ മേൽ നിർബന്ധമാണ്. മനുഷ്യരെ താക്കീത് ചെയ്യാനും പ്രബോധനം ചെയ്യാനും നബി ﷺക്കുതന്നെ സാധിക്കും. എന്നാൽ ജിന്നുകളുടെ കാര്യത്തിൽ അങ്ങനെയല്ലല്ലോ. അല്ലാഹു ജിന്നുകളെ നബി ﷺയുടെ അടുത്തേക്ക് ഖുർആൻ ശ്രദ്ധിച്ചു കേൾക്കുവാനായി തിരിച്ചുവിട്ടു. .
ഒരു കൂട്ടം ജിന്നുകൾ നബി ﷺ യിൽ നിന്ന് ഖുര്‍ആൻ കേള്‍ക്കുകയും, അവർ ഖുര്‍ആനിലും നബി ﷺ യിലും വിശ്വസിക്കുകയും, അനന്തരം തങ്ങളുടെ സമുദായത്തെ അതിലേക്കു ക്ഷണിക്കുകയും ഉണ്ടായ സംഭവം വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നുണ്ട്. സ്വജനതയെ ക്ഷണിച്ചുകൊണ്ടു അവർ ചെയ്ത പ്രസ്താവനകൾ അല്ലാഹു വിശുദ്ധ ഖുര്‍ആനിൽ ഉദ്ധരിച്ചിരിക്കുന്നു.ജിന്നുകൾ ഖുര്‍ആൻ കേട്ടതിലും അതിന് ശേഷമുള്ള അവരുടെ പ്രസ്താവനകളിലും മനുഷ്യര്‍ക്കും ചില പാഠങ്ങളുണ്ട്. അതുകൊണ്ടാണല്ലോ അല്ലാഹു അത് വിശുദ്ധ ഖുര്‍ആനിൽ ഉദ്ദരിച്ചിട്ടുള്ളത്. സൂറ:അഹ്ഖാഫിൽ അല്ലാഹു പറയുന്നു:
وَإِذْ صَرَفْنَآ إِلَيْكَ نَفَرًا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ ۖ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ
ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്‍റെ അടുത്തേക്ക് ഖുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്.) അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ.അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി. (ഖുര്‍ആൻ:46/29)
▪️ മനുഷ്യരിലേക്ക് മാത്രമായിരുന്നില്ല നബി ﷺ യുടെ ദൗത്യം, അഥവാ ജിന്നുകളിലേക്കും കൂടിയുണ്ടായിരുന്നു.
▪️ ജിന്നുകളും അല്ലാഹുവിന്റെ നിയമങ്ങള്‍ക്കും ശാസനകള്‍ക്കും ബാധ്യസ്ഥരാണ്. അവര്‍ സത്യവിശ്വാസം സ്വീകരിച്ചതിൽ നിന്നും, തുടര്‍ന്നുള്ള അവരുടെ പ്രസ്താവനകളിൽ നിന്നും അത് വ്യക്തമാകുന്നു.
▪️ ഖുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി നിശ്ശബ്ദരാവാൻ ജിന്നുകൾ അന്യോന്യം ഉപദേശിച്ചു. ഇത് ഖുര്‍ആനിനോടുള്ള ആദരവാണ്.
ﻭَﺇِﺫَا ﻗُﺮِﺉَ ٱﻟْﻘُﺮْءَاﻥُ ﻓَﭑﺳْﺘَﻤِﻌُﻮا۟ ﻟَﻪُۥ ﻭَﺃَﻧﺼِﺘُﻮا۟ ﻟَﻌَﻠَّﻜُﻢْ ﺗُﺮْﺣَﻤُﻮﻥَ
ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.(ഖു൪ആന്‍:7/204)
▪️ ജിന്നുകൾ നബി ﷺ യിൽ നിന്നു ഖുര്‍ആൻ കേട്ടുകഴിഞ്ഞപ്പോൾ അവരിലത് സ്വാധീനമുണ്ടാക്കി.
▪️ അവര്‍ ഖുര്‍ആനിൽ ആകൃഷ്ടരാവുകയും വിശ്വസിക്കുകയും ചെയ്തു.
▪️ അവര്‍ ഖുര്‍ആനിൽ ആകൃഷ്ടരാവുകയും വിശ്വസിക്കുകയും ചെയ്തുവെന്ന് മാത്രമല്ല, അവർ സ്വജനങ്ങളില്‍ ചെന്നു അവരെ അതുവഴി സന്മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുകയും ചെയ്തു.
നബി ﷺ യിൽ നിന്നും ഖുര്‍ആന്‍ കേട്ടമാത്രയില്‍, മനുഷ്യേതരവര്‍ഗ്ഗമായ ജിന്നുകള്‍ക്കുപോലും ഇത്രത്തോളം മാനസാന്തരം ഉണ്ടായി. എന്നാല്‍ മനുഷ്യര്‍ അതേ ഖുര്‍ആന്റെ നേരെ സ്വീകരിക്കുന്ന നിലപാട് എന്താണ്? ഖുര്‍ആൻ അവതരിച്ച കാലത്തുള്ള മുശ്രിക്കുകളും കാഫിറുകളും ഖുര്‍ആൻ കേട്ടാൽ വിറളി പിടിക്കുമായിരുന്നു. ആധുനിക കാലത്തെ സത്യനിഷേധികളുടെ അവസ്ഥയും അതിൽ നിന്നും വിഭിന്നമല്ല. എന്തുകൊണ്ടാണത്? തങ്ങൾ സ്വന്തം താല്പര്യപ്രകാരം സ്വീകരിച്ചിട്ടുള്ള ആദര്‍ശത്തിനും വിശ്വാസത്തിനും എതിരാണ് വിശുദ്ധ ഖുര്‍ആനിന്റെ ആശയം. യഥാര്‍ത്ഥത്തിൽ മനുഷ്യൻ സ്വന്തമായിട്ട് ആദര്‍ശവും വിശ്വാസവും സ്വീകരിക്കുകയല്ല, പ്രത്യുത മനുഷ്യരെ സൃഷ്ടിച്ച റബ്ബിന്റെ സന്ദേശം സ്വീകരിക്കുകയും അതുവഴി ആദര്‍ശവും വിശ്വാസവും കെട്ടിപ്പടുക്കുകയുമാണ് വേണ്ടത്.
ജിന്നുകൾ പോലും ഖുര്‍ആൻ കേട്ട മാത്രയിൽ അതിൽ വിശ്വസിച്ച സ്ഥിതിക്ക് അവരേക്കാൾ ഉത്തമ വർഗ്ഗമായ മനുഷ്യർ അതിൽ വിശ്വസിക്കുവാൻ പല നിലക്കും അവരെക്കാൾ ബാധ്യസ്ഥരാകുന്നു. എന്നാൽ, ഖുര്‍ആൻ ആവര്‍ത്തിച്ചു കേട്ടിട്ടും അതിൽ വിശ്വസിക്കാത്തത് ഖുര്‍ആന്റെയോ നബി ﷺയുടെയോ ഏതെങ്കിലും പോരായ്മകൊണ്ടല്ല, അവരുടെ മര്‍ക്കടമുഷ്ടികൊണ്ട് മാത്രമാണ്.
▪️ ജിന്നുകൾക്ക് മനുഷ്യന്റെ സംസാരവും ഭാഷയും മനസ്സിലാക്കുവാൻ സാധിക്കും. അവര്‍ ഖുര്‍ആൻ കേട്ടു മനസ്സിലാക്കിയല്ലോ.
▪️ ജിന്നുകൾ ഒരുതരം സാമൂഹ്യജീവിതം നയിക്കുന്നവരും പരസ്പരം ഉപദേശം നല്‍കുക മുതലായ കൃത്യങ്ങൾ നടത്താറുള്ളവരുമാകുന്നു.
ജിന്നുകള്‍ തങ്ങളുടെ അനുഭവം സ്വജനങ്ങളെ അറിയിക്കുന്നതും ഉപദേശിക്കുന്നതും നോക്കുക. സൂറ:അഹ്ഖാഫിലെ തുടര്‍ന്നുള്ള ആയത്തിൽ അല്ലാഹു പറയുന്നു:
قَالُوا۟ يَٰقَوْمَنَآ إِنَّا سَمِعْنَا كِتَٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ
അവര്‍ (ജിന്നുകൾ) പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും, അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴി കാട്ടുന്നു. (ഖുര്‍ആൻ:46/30)
▪️ ഖുര്‍ആന്‍ കേട്ടപ്പോള്‍, മുന്‍ പ്രവാചകന്മാര്‍ നല്‍കിവന്ന ഉപദേശങ്ങള്‍തന്നെയാണിതെന്ന് ജിന്നുകള്‍ക്ക് ബോധ്യമായി. അങ്ങനെ അവര്‍ ഈ വേദത്തിലും അതിന്റെ വാഹകനായ നബി ﷺ യിലും വിശ്വസിച്ചു.
▪️ വിശുദ്ധ ഖുര്‍ആൻ മുമ്പുള്ള വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നു.
▪️ വിശുദ്ധ ഖുര്‍ആൻ സത്യത്തിലേക്കും നേരായ പാതയിലേക്കും വഴി കാട്ടുന്നു.
{إِلَى الْحَقِّ} وَهُوَ الصَّوَابُ فِي كُلِّ مَطْلُوبٍ وَخَبَرٍ {وَإِلَى طَرِيقٍ مُسْتَقِيمٍ} مُوَصِّلٍ إِلَى اللَّهِ وَإِلَى جَنَّتِهِ مِنَ الْعِلْمِ بِاللَّهِ وَبِأَحْكَامِهِ الدِّينِيَّةِ وَأَحْكَامِ الْجَزَاءِ.
{സത്യത്തിലേക്ക്} എല്ലാ വാർത്തകളിലും അന്വേഷണങ്ങളിലും ശരിയായത് ആണത്. {നേരായ പാതയിലേക്കും} അല്ലാഹുവിലേക്കും അവന്റെ സ്വർഗത്തിലേക്കും എത്തിക്കുവാനാവശ്യമായ, അല്ലാഹുവിനെക്കുറിച്ചും അവന്റെ മതവിധികളെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചുമെല്ലാമുള്ള അറിവുകളിലൂടെ. (തഫ്സീറുസ്സഅ്ദി)
വിശുദ്ധ ഖുർആനിനെ പ്രശംസിക്കുകയും അതിന്റെ സ്ഥാനവും പദവിയും അവർ വ്യക്തമാക്കുകയും ചെയ്തതിനു ശേഷം അല്ലാഹുവിൽ വിശ്വസിക്കാൻ ജിന്നുകൾ സ്വസമൂഹത്തെ ക്ഷണിച്ചു. ജിന്നുകളുടെ പ്രസ്താവന തുടരുന്നു. സൂറ:അഹ്ഖാഫിലെ തുടര്‍ന്നുള്ള ആയത്തിൽ അല്ലാഹു പറയുന്നു:
يَٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ ﴿٣١﴾ وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَٰٓئِكَ فِى ضَلَٰلٍ مُّبِينٍ ﴿٣٢﴾
ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കുകയും, അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതാണ്. അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് വല്ലവനും ഉത്തരം നല്‍കാതിരിക്കുന്ന പക്ഷം ഈ ഭൂമിയില്‍ (അല്ലാഹുവെ) അവന്ന് തോല്‍പിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികള്‍ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാര്‍ വ്യക്തമായ വഴികേടിലാകുന്നു. (ഖുര്‍ആൻ:46/31-32)
▪️ സത്യവിശ്വാസം സ്വീകരിക്കൽ പാപപരിഹാരമാര്‍ഗമാണ്.
▪️ സത്യവിശ്വാസം സ്വീകരിക്കൽ നരകശിക്ഷയിൽ നിന്ന് മോചനം നൽകുന്നു.
▪️ ഒരാൾ സത്യവിശ്വാസം സ്വീകരിക്കുന്നില്ല എന്നത് അല്ലാഹുവിന് യാതൊരു കുറവും വരുത്തുന്നില്ല
▪️ പ്രവാചകന്മാർ ക്ഷണിക്കുകയും താക്കീതുകൾ വ്യക്തമായ തെളിവുകളിലൂടെയും വിശ്വസ്തമായ പ്രമാണങ്ങളിലൂടെയും വന്നുകിട്ടുകയും ചെയ്തതിനുശേഷം തിരിഞ്ഞുകളയുകയും അഹങ്കരിക്കുകയും ചെയ്യുന്നത് ഏറ്റവും വലിയ വഴികേടാണ്.
ജിന്നുകളുടെ ആഗമനം നബി ﷺ അറിഞ്ഞിരുന്നില്ല. പ്രത്യുത, പിന്നീട് അല്ലാഹു വഹ്‌യ് മുഖേന അവരുടെ ആഗമനവും ഖുര്‍ആന്‍ ശ്രവണവും നബി ﷺ യെ അറിയിക്കുകയായിരുന്നു. സൂറ: ജിന്ന് ആരംഭിക്കുന്നതുതന്നെ ഇത് അറിയിച്ചുകൊണ്ടാണ്.
قُلْ أُوحِىَ إِلَىَّ أَنَّهُ ٱسْتَمَعَ نَفَرٌ مِّنَ ٱلْجِنِّ فَقَالُوٓا۟ إِنَّا سَمِعْنَا قُرْءَانًا عَجَبًا
(നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. (ഖുര്‍ആൻ:72/1)
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ انْطَلَقَ النَّبِيُّ صلى الله عليه وسلم فِي طَائِفَةٍ مِنْ أَصْحَابِهِ عَامِدِينَ إِلَى سُوقِ عُكَاظٍ، وَقَدْ حِيلَ بَيْنَ الشَّيَاطِينِ وَبَيْنَ خَبَرِ السَّمَاءِ، وَأُرْسِلَتْ عَلَيْهِمُ الشُّهُبُ، فَرَجَعَتِ الشَّيَاطِينُ إِلَى قَوْمِهِمْ. فَقَالُوا مَا لَكُمْ فَقَالُوا حِيلَ بَيْنَنَا وَبَيْنَ خَبَرِ السَّمَاءِ، وَأُرْسِلَتْ عَلَيْنَا الشُّهُبُ. قَالُوا مَا حَالَ بَيْنَكُمْ وَبَيْنَ خَبَرِ السَّمَاءِ إِلاَّ شَىْءٌ حَدَثَ، فَاضْرِبُوا مَشَارِقَ الأَرْضِ وَمَغَارِبَهَا، فَانْظُرُوا مَا هَذَا الَّذِي حَالَ بَيْنَكُمْ وَبَيْنَ خَبَرِ السَّمَاءِ فَانْصَرَفَ أُولَئِكَ الَّذِينَ تَوَجَّهُوا نَحْوَ تِهَامَةَ إِلَى النَّبِيِّ صلى الله عليه وسلم وَهْوَ بِنَخْلَةَ، عَامِدِينَ إِلَى سُوقِ عُكَاظٍ وَهْوَ يُصَلِّي بِأَصْحَابِهِ صَلاَةَ الْفَجْرِ، فَلَمَّا سَمِعُوا الْقُرْآنَ اسْتَمَعُوا لَهُ فَقَالُوا هَذَا وَاللَّهِ الَّذِي حَالَ بَيْنَكُمْ وَبَيْنَ خَبَرِ السَّمَاءِ. فَهُنَالِكَ حِينَ رَجَعُوا إِلَى قَوْمِهِمْ وَقَالُوا يَا قَوْمَنَا {إِنَّا سَمِعْنَا قُرْءَانًا عَجَبًا – يَهْدِىٓ إِلَى ٱلرُّشْدِ فَـَٔامَنَّا بِهِۦ ۖ وَلَن نُّشْرِكَ بِرَبِّنَآ أَحَدًا} فَأَنْزَلَ اللَّهُ عَلَى نَبِيِّهِ صلى الله عليه وسلم {قُلْ أُوحِىَ إِلَىَّ} وَإِنَّمَا أُوحِيَ إِلَيْهِ قَوْلُ الْجِنِّ.
ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ ചില സഹാബികളൊന്നിച്ചു സൂഖു ഉക്കാള്വിലേക്ക് (ഉക്കാള മാ൪ക്കറ്റ്) പുറപ്പെട്ടു. പിശാചുക്കള്‍ക്കും ആകാശത്തെ വര്‍ത്തമാനങ്ങള്‍ക്കുമിടയില്‍ തടസ്സം ചെയ്യപ്പെടുകയും, അവരില്‍ തീജ്വാല അയക്കപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു. അതിനാല്‍ പിശാചുക്കള്‍ മടങ്ങിപ്പോരേണ്ടതായി വന്നിരുന്നു. എന്തെങ്കിലും ഒരു പുതിയ സംഭവമല്ലാതെ ഇതിനു കാരണമില്ലെന്നു കരുതി അവര്‍ (പിശാചുക്കള്‍) നാനാഭാഗങ്ങളിലും പോയി അന്വേഷിക്കുകയുണ്ടായി. അങ്ങിനെ, തിഹാമയുടെ നേരെ പോയവര്‍, നബി ﷺ നഖ്’ലയിലെത്തിയപ്പോള്‍ തിരുമേനിയുടെ അടുക്കല്‍ എത്തി. നബി ﷺ പ്രഭാത നമസ്കാരം നിര്‍വ്വഹിക്കുകയായിരുന്നു. ഖുര്‍ആന്‍ പാരായണം കേട്ടപ്പോള്‍ അവര്‍ അതിലേക്കു ശ്രദ്ധകൊടുത്തു. ഇതുതന്നെയാണ് ആകാശവാര്‍ത്ത തടയപ്പെടുവാന്‍ കാരണം എന്നു അവര്‍ പറഞ്ഞു. അനന്തരം അവര്‍ തങ്ങളുടെ ജനതയിലേക്കു മടങ്ങിച്ചെന്നു് إِنَّا سَمِعْنَا قُرْآنًا عَجَبًا (ഞങ്ങള്‍ ആശ്ചര്യകരമായ ഒരു ഖുര്‍ആന്‍ കേട്ടു) എന്നും മറ്റും പറഞ്ഞു. നബി ﷺക്ക് …قُلْ أُوحِيَ إِلَيَّ എന്ന് (സൂറത്തുല്‍ ജിന്നു്) അവതരിക്കുകയും ചെയ്തു. (ബുഖാരി:773)
സൂറ: ജിന്നിൽ ജിന്നുകളുടെ സംസാരം ധാരാളമായി അല്ലാഹു ഉദ്ദരിച്ചിരിക്കുന്നു.
قُلْ أُوحِىَ إِلَىَّ أَنَّهُ ٱسْتَمَعَ نَفَرٌ مِّنَ ٱلْجِنِّ فَقَالُوٓا۟ إِنَّا سَمِعْنَا قُرْءَانًا عَجَبًا
(നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. (ഖുര്‍ആൻ:72/1)
ഖുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി നിശ്ശബ്ദരാവാൻ ജിന്നുകൾ അന്യോന്യം ഉപദേശിച്ചകാര്യം സൂറ:അഹ്ഖാഫിൽ ഉദ്ദരിച്ചല്ലോ. അങ്ങനെ അവര്‍ നിശ്ശബ്ദരായി ഖുര്‍ആൻ കേട്ടു. തുടര്‍ന്ന് അവര്‍ അതിന്റെ ആശയം ഗ്രഹിക്കുകയും അതിലുള്ള യാഥാര്‍ഥ്യങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ പ്രവേശിക്കുകയും ചെയ്തു. എന്നിട്ടവര്‍ പറഞ്ഞു:തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു.
أَيْ: مِنَ الْعَجَائِبِ الْغَالِيَةِ، وَالْمَطَالِبِ الْعَالِيَةِ.
അതായത്: ഉന്നത ലക്ഷ്യങ്ങളുള്ള, അത്യത്ഭുതകരമായ ക്വുര്‍ആന്‍. (തഫ്സീറുസ്സഅ്ദി)
സൂറ:ജിന്നിൽ ജിന്നുകളുടെ പ്രസ്താവന തുടരുന്നു:
يَهْدِىٓ إِلَى ٱلرُّشْدِ فَـَٔامَنَّا بِهِۦ ۖ وَلَن نُّشْرِكَ بِرَبِّنَآ أَحَدًا
അത് സന്‍മാര്‍ഗത്തിലേക്ക് വഴി കാണിക്കുന്നു. അതു കൊണ്ട് ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട് ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല. (ഖുര്‍ആൻ:72/2)
▪️ വിശുദ്ധ ഖുര്‍ആൻ സന്മാര്‍ഗത്തിലേക്ക് വഴികാണിക്കുന്നു.
{يَهْدِي إِلَى الرُّشْدِ} وَالرُّشْدُ: اسْمٌ جَامِعٌ لِكُلِّ مَا يُرْشِدُ النَّاسَ إِلَى مَصَالِحِ دِينِهِمْ وَدُنْيَاهُمْ،
{അത് സന്മാര്‍ഗത്തിലേക്ക് വഴികാണിക്കുന്നു} ഭൗതികവും മതപരവുമായ എല്ലാ നന്മകളിലേക്കും വഴികാണിക്കുന്നത് എന്ന സമ്പൂര്‍ണ അര്‍ഥമാണ് (رشد) എന്ന പദത്തിനുള്ളത്. (തഫ്സീറുസ്സഅ്ദി)
▪️ ജിന്നുകൾ ഖുര്‍ആനിൽ വിശ്വസിക്കുകയും മേലില്‍ അല്ലാഹുവിനോട് ആരെയും പങ്കുചേര്‍ക്കുകയേ ഇല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
فَجَمَعُوا بَيْنَ الْإِيمَانِ الَّذِي يَدْخُلُ فِيهِ جَمِيعُ أَعْمَالِ الْخَيْرِ، وَبَيْنَ التَّقْوَى، الْمُتَضَمِّنَةِ لِتَرْكِ الشَّرِّ
മുഴുവന്‍ സല്‍പ്രവൃത്തികളെയും ഉള്‍ക്കൊള്ളുന്ന ഈമാനിനെയും തിന്മകള്‍ ഉപേക്ഷിക്കുക എന്ന ആശയം ഉള്‍ക്കൊള്ളുന്ന തക്വ്‌വയെയും അവര്‍ ഒരുമിപ്പിച്ചു. (തഫ്സീറുസ്സഅ്ദി)
വിശുദ്ധ ക്വുര്‍ആനിന്റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ നിന്നും അവര്‍ മനസ്സിലാക്കിയ കാര്യങ്ങളാണ് ശരിയായ വിശ്വാസത്തിലേക്കും അതിന്റെ അനുബന്ധങ്ങളിലേക്കും എത്തിച്ചേരാനുള്ള പ്രേരണയും കാരണവുമാക്കിയത്. അതോടൊപ്പം ക്വുര്‍ആന്‍ നിര്‍ദേശിക്കുന്ന ദോഷകരമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും പ്രേരണയായത്. അതിനാൽ നാം ഓരോരുത്തരും ക്വുര്‍ആനിന്റെ മാര്‍ഗദര്‍ശനം സ്വീകരിക്കുകയും അതിനാല്‍ വെളിച്ചമന്വേഷിക്കുകയും ചെയ്യുക.
ജിന്നുകൾ പറയുന്നു:
وَأَنَّهُۥ تَعَٰلَىٰ جَدُّ رَبِّنَا مَا ٱتَّخَذَ صَٰحِبَةً وَلَا وَلَدًا
നമ്മുടെ രക്ഷിതാവിന്‍റെ മഹത്വം ഉന്നതമാകുന്നു. അവന്‍ കൂട്ടുകാരിയെയോ, സന്താനത്തെയോ സ്വീകരിച്ചിട്ടില്ല. (ഖുര്‍ആൻ:72/3)
അല്ലാഹുവിന്റെ മഹത്ത്വവും ശ്രേഷ്ഠതയും അവര്‍ക്ക് മനസ്സിലായി. ഇണയെയും സന്താനത്തെയും ആവശ്യമില്ലാത്തവനാണവന്‍.
ജിന്നുകൾ പറയുന്നു:
وَأَنَّهُۥ كَانَ يَقُولُ سَفِيهُنَا عَلَى ٱللَّهِ شَطَطًا
ഞങ്ങളിലുള്ള വിഡ്ഢികള്‍ അല്ലാഹുവെപറ്റി അതിക്രമപരമായ പരാമര്‍ശം നടത്തുമായിരുന്നു. (ഖുര്‍ആൻ:72/4)
അല്ലാഹുവിനു മക്കളും ഭാര്യയുമുണ്ട് എന്നിങ്ങിനെ യാഥാര്‍ത്ഥ്യവുമായി വിദൂരബന്ധം പോലുമില്ലാത്ത വ്യാജങ്ങൾ അവന്റെ പേരിൽ മനുഷ്യവർഗ്ഗമോ ജിന്നുവർഗ്ഗമോ പറഞ്ഞുണ്ടാക്കുമെന്ന് ജിന്നുകൾ വിചാരിച്ചിരുന്നില്ല. ഇപ്പോൾ ഖുര്‍ആൻ കേള്‍ക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തപ്പോഴാണ് അതെല്ലാം വിഡ്ഢിത്തങ്ങളാണെന്നും, അല്ലാഹു അതിൽ നിന്നെല്ലാം പരിശുദ്ധനാണെന്നും അവര്‍ക്ക് ബോധ്യമായത്.
ജിന്നുകൾ പറയുന്നു:
وَأَنَّا ظَنَنَّآ أَن لَّن تَقُولَ ٱلْإِنسُ وَٱلْجِنُّ عَلَى ٱللَّهِ كَذِبًا
ഞങ്ങള്‍ വിചാരിച്ചു; മനുഷ്യരും ജിന്നുകളും അല്ലാഹുവിന്‍റെ പേരില്‍ ഒരിക്കലും കള്ളം പറയുകയില്ലെന്ന്. (ഖുര്‍ആൻ:72/5)
{وَأَنَّا ظَنَنَّا أَنْ لَنْ تَقُولَ الإِنْسُ وَالْجِنُّ عَلَى اللَّهِ كَذِبًا} أَيْ: كُنَّا مُغْتَرِّينَ قَبْلَ ذَلِكَ، غَرَّتْنَا السَّادَةُ وَالرُّؤَسَاءُ مِنَ الْجِنِّ وَالْإِنْسِ، فَأَحْسَنَّا بِهِمُ الظَّنَّ، وَحَسَبْنَاهُمْ لَا يَتَجَرَّءُونَ عَلَى الْكَذِبِ عَلَى اللَّهِ، فَلِذَلِكَ كُنَّا قَبْلَ هَذَا عَلَى طَرِيقِهِمْ، فَالْيَوْمَ إِذْ بَانَ لَنَا الْحَقُّ، سَلَكْنَا طَرِيقَهُ ، وَانْقَدْنَا لَهُ، وَلَمْ نُبَالِ بِقَوْلِ أَحَدٍ مِنَ الْخَلْقِ يُعَارِضُ الْهُدَى.
{ഞങ്ങള്‍ വിചാരിച്ചു മനുഷ്യരും ജിന്നുകളും അല്ലാഹുവിന്റെ മേല്‍ ഒരിക്കലും കള്ളം പറയുകയില്ലെന്ന്} ജിന്നുകളിലും മനുഷ്യരിലും പെട്ട നേതാക്കളുടെയും നായകരുടെയും കാര്യങ്ങളില്‍ ഞങ്ങള്‍ വഞ്ചിതരായിരുന്നു. അവര്‍ ഞങ്ങളെ വഞ്ചിച്ചുകളഞ്ഞു. ഞങ്ങള്‍ അവരെക്കുറിച്ച് നല്ലത് വിചാരിച്ചു. ഞങ്ങളുടെ ധാരണ അല്ലാഹുവിന്റെ മേല്‍ കളവ് പറയാന്‍ അവര്‍ ധൈര്യപ്പെടുകയില്ലെന്ന് തന്നെയായിരുന്നു. അതിനാല്‍ മുമ്പ് ഞങ്ങള്‍ അവരുടെ വഴി പിന്തടരുന്നു. എന്നാല്‍ ഇന്ന് ഞങ്ങള്‍ക്ക് സത്യം വ്യക്തമായി. ആ സത്യത്തിന്റെ വഴിയില്‍ ഞങ്ങള്‍ പ്രവേശിക്കുകയും കീഴൊതുങ്ങുകയും ചെയ്തു. ഇനി സത്യത്തിനെതിരായി സൃഷ്ടികളില്‍ നിന്ന് ഒരാളുടെയും വാക്ക് ഞങ്ങള്‍ പരിഗണിക്കില്ല. (തഫ്സീറുസ്സഅ്ദി)
ജിന്നുകൾ പറയുന്നു:
وَأَنَّهُۥ كَانَ رِجَالٌ مِّنَ ٱلْإِنسِ يَعُوذُونَ بِرِجَالٍ مِّنَ ٱلْجِنِّ فَزَادُوهُمْ رَهَقًا
മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു. (ഖുര്‍ആൻ:72/6)
أَيْ: كَانَ الْإِنْسُ يَعُوذُونَ بِالْجِنِّ عِنْدَ الْمَخَاوِفِ وَالْأَفْزَاعِ وَيَعْبُدُونَهُمْ ، فَزَادَ الْإِنْسُ الْجِنَّ رَهَقًا أَيْ: طُغْيَانًا وَتَكَبُّرًا لَمَّا رَأَوُا الْإِنْسَ يَعْبُدُونَهُمْ، وَيَسْتَعِيذُونَ بِهِمْ،
മനുഷ്യന്‍ ഭയത്തിന്റെയും ആശങ്കയുടെയും സന്ദര്‍ഭങ്ങളില്‍ ജിന്നുകളോട് രക്ഷതേടുകയും അവരെ ആരാധിക്കുകയും ചെയ്തിരുന്നു. ഇത് അവര്‍ക്ക് ഗര്‍വ് വര്‍ധിപ്പിച്ചു. അതായത് അഹങ്കാരവും അതിക്രമവും; മനുഷ്യര്‍ അവരെ ആരാധിക്കുന്നതും രക്ഷതേടുന്നതും കണ്ടപ്പോള്‍. (തഫ്സീറുസ്സഅ്ദി)
ജിന്നുകളെക്കുറിച്ചും, അവരിലുള്ള ദുഷ്ടവിഭാഗമായ ശൈത്വാനെ (പിശാചിനെ)ക്കുറിച്ചും ഇന്ന് പലരിലും കണ്ടുവരുന്നതുപോലെ, അറബികള്‍ക്കിടയിലും പല തെറ്റായ ധാരണകളും അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നു. വിജനപ്രദേശങ്ങളായ വല്ല താഴ്‌വരയിലൂടെയോ മറ്റോ സഞ്ചരിക്കുമ്പോൾ ആ പ്രദേശനിവാസികളായ ജിന്നുകളിൽ നിന്ന് വല്ല ഉപദ്രവമോ ആപത്തോ നേരിട്ടേക്കാമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. അതിനാൽ, അങ്ങിനെയുള്ള സ്ഥലങ്ങളിൽ കൂടി പോകുമ്പോൾ ‘ഈ താഴ്‌വരയിലെ വിവരമില്ലാത്തവരായ ജിന്നുകളെ സംബന്ധിച്ച് ഇവിടുത്തെ നേതാവായ ജിന്നിനോടു ഞങ്ങൾ ശരണം തേടുന്നു’ എന്നു അവർ പറയാറുണ്ടായിരുന്നു. ഇങ്ങിനെ പറയുന്നതായാൽ തങ്ങള്‍ക്ക് അവരിൽ നിന്നു ഉപദ്രവങ്ങളൊന്നും നേരിടുകയില്ലെന്നു അവർ സമാധാനിക്കുകയും ചെയ്യും. ഇതിനെപ്പറ്റിയാണ് 6-ാം വചനത്തിൽ ജിന്നുകൾ പ്രസ്താവിക്കുന്നത്. (അമാനിതഫ്സീര്‍)
ജിന്നുകൾ പറയുന്നു:
وَأَنَّهُمْ ظَنُّوا۟ كَمَا ظَنَنتُمْ أَن لَّن يَبْعَثَ ٱللَّهُ أَحَدًا
നിങ്ങള്‍ ധരിച്ചത് പോലെ അവരും ധരിച്ചു; അല്ലാഹു ആരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ലെന്ന് എന്നും (അവര്‍ പറഞ്ഞു.) (ഖുര്‍ആൻ:72/7)
മരണശേഷം അല്ലാഹു ആരെയും രണ്ടാമത് എഴുന്നേൽപിക്കുകയില്ല എന്ന ജിന്നുവർഗ്ഗവും മനുഷ്യവർഗ്ഗവും ധരിച്ചുവന്നിരുന്ന ധാരണ തെറ്റാണെന്ന് അവര്‍ക്ക് ബോധ്യമായി.
فَلَمَّا أَنْكَرُوا الْبَعْثَ أَقْدَمُوا عَلَى الشِّرْكِ وَالطُّغْيَانِ
ഉയിര്‍ത്തെഴുന്നേല്‍പിനെ അവര്‍ നിഷേധിച്ചപ്പോള്‍ ബഹുദൈവത്വത്തിലേക്കും അതിക്രമത്തിലേക്കും അവരെത്തി. (തഫ്സീറുസ്സഅ്ദി)
ജിന്നുകൾ പറയുന്നു:
أَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَٰهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا ﴿٨﴾ وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَٰعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ ٱلْـَٔانَ يَجِدْ لَهُۥ شِهَابًا رَّصَدًا ﴿٩﴾
ഞങ്ങള്‍ ആകാശത്തെ സ്പര്‍ശിച്ചു നോക്കി. അപ്പോള്‍ അത് ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി എന്നും (അവര്‍ പറഞ്ഞു.) (ആകാശത്തിലെ) ചില ഇരിപ്പിടങ്ങളില്‍ ഞങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ചു കേള്‍ക്കുകയാണെങ്കില്‍ കാത്തിരിക്കുന്ന അഗ്നിജ്വാലയെ അവന്ന് കണ്ടെത്താനാവും. എന്നും (അവര്‍ പറഞ്ഞു.) (ഖുര്‍ആൻ:72/8-9)
മുന്‍കാലത്തു ആകാശത്തു ചില പ്രത്യേക സ്ഥലങ്ങളിൽ കയറിച്ചെന്നു പതിയിരിക്കുകയും, ഭൂമിയിൽ നടക്കുവാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് മലക്കുകൾ തമ്മിൽ സംസാരിക്കുന്ന സംഭാഷണങ്ങളിൽ നിന്നു വല്ലതും ഉപായത്തിൽ കേള്‍ക്കുകയും അതിൽ വളരെയേറെ വ്യാജങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ട് ആ വിവരം തങ്ങളുടെ സേവകരും ആരാധകരുമായ മനുഷ്യര്‍ക്കു എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന ഒരു പതിവ് ജിന്നുകളിൽ – ജിന്നുകളിലെ ദുഷ്ടജനങ്ങളായ പിശാചുക്കളിൽ – ഉണ്ടായിരുന്നു. നബി ﷺ തിരുമേനിയുടെ നിയോഗത്തോടുകൂടി അവര്‍ക്കു ആകാശത്തേക്കുള്ള പ്രവേശനം തടയപ്പെട്ടു. പ്രത്യേകം ചില കാവലുകൾ ഏര്‍പ്പെടുത്തപ്പെടുകയും, നക്ഷത്രങ്ങളിൽ നിന്നുള്ള ഉൽക്കകളാൽ അവർ എറിഞ്ഞാട്ടപ്പെടുകയും ചെയ്തു. ഇതിനെപ്പറ്റിയാണ് ജിന്നുകളുടെ ഈ പ്രസ്താവന.
إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ ﴿٦﴾ وَحِفْظًا مِّن كُلِّ شَيْطَٰنٍ مَّارِدٍ ﴿٧﴾ لَّا يَسَّمَّعُونَ إِلَى ٱلْمَلَإِ ٱلْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ ﴿٨﴾ دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ ﴿٩﴾ إِلَّا مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُۥ شِهَابٌ ثَاقِبٌ ﴿١٠﴾
തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു. ധിക്കാരിയായ ഏതു പിശാചില്‍ നിന്നും (അതിനെ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. അത്യുന്നതമായ സമൂഹത്തിന്റെ നേരെ അവര്‍ക്ക് (പിശാചുക്കള്‍ക്ക്) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും, ബഹിഷ്കൃതരായിക്കൊണ്ട്. അവര്‍ക്ക് ശാശ്വതമായ ശിക്ഷയുമുണ്ട്. പക്ഷെ, ആരെങ്കിലും പെട്ടെന്ന് വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ തുളച്ച് കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്.(ഖു൪ആന്‍:37/6-10)
وَلَقَدْ جَعَلْنَا فِى ٱلسَّمَآءِ بُرُوجًا وَزَيَّنَّٰهَا لِلنَّٰظِرِينَ ﴿١٦﴾ وَحَفِظْنَٰهَا مِن كُلِّ شَيْطَٰنٍ رَّجِيمٍ ﴿١٧﴾ إِلَّا مَنِ ٱسْتَرَقَ ٱلسَّمْعَ فَأَتْبَعَهُۥ شِهَابٌ مُّبِينٌ ﴿١٨﴾
ആകാശത്ത് നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക് അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.എന്നാല്‍ കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്. (ഖു൪ആന്‍:15/16-18)
ഖുര്‍ആനിന്റെ അവതരണത്തോടെ ജിന്നുകളുടെ കട്ടുകേള്‍ക്കല്‍ തടയപ്പെട്ടിരിക്കുന്നുവെന്നും അവിടെ അല്ലാഹു ഒരുതരം പാറാവ് ഏര്‍പ്പെടുത്തിയിരിക്കുകയും അവിടം തീജ്വാലകള്‍ നിറക്കപ്പെടുകയും ചെയ്തിരിക്കുന്നുവെന്നും ഇനിയും ആരെങ്കിലും കട്ടുകേള്‍ക്കുകയാണെങ്കില്‍ നാനാഭാഗത്തുനിന്നും അവ൪ക്ക് ഏറ് ബാധിക്കുമെന്നും അതോടൊപ്പം കാത്തിരിക്കുന്ന അഗ്നിജ്വാലയെ കണ്ടെത്താനാകും അഥവാ അവ൪ അഗ്നിജ്വാലയാല്‍ നശിപ്പിക്കപ്പെടുമെന്നും പറഞ്ഞുവല്ലോ. എന്നാല്‍ ചിലപ്പോൾ തീജ്വാലകൾ പിടികൂടുന്നതിന് മുമ്പായി അവ൪ അത് ജ്യോൽസ്യന്റെയോ മാരണക്കാരന്റെയോ അടുക്കല്‍ എത്തിച്ചു നൽകുമെന്ന് നബി ﷺ വിശദീകരിച്ചിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ ـ صلى الله عليه وسلم ـ قَالَ “ إِذَا قَضَى اللَّهُ الأَمْرَ فِي السَّمَاءِ ضَرَبَتِ الْمَلاَئِكَةُ بِأَجْنِحَتِهَا خُضْعَانًا لِقَوْلِهِ كَأَنَّهُ سِلْسِلَةٌ عَلَى صَفْوَانٍ فَإِذَا فُزِّعَ عَنْ قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ، قَالُوا لِلَّذِي قَالَ الْحَقَّ وَهُوَ الْعَلِيُّ الْكَبِيرُ فَيَسْمَعُهَا مُسْتَرِقُ السَّمْعِ، وَمُسْتَرِقُ السَّمْعِ هَكَذَا بَعْضُهُ فَوْقَ بَعْضٍ ـ وَوَصَفَ سُفْيَانُ بِكَفِّهِ فَحَرَفَهَا وَبَدَّدَ بَيْنَ أَصَابِعِهِ ـ فَيَسْمَعُ الْكَلِمَةَ، فَيُلْقِيهَا إِلَى مَنْ تَحْتَهُ ثُمَّ يُلْقِيهَا الآخَرُ إِلَى مَنْ تَحْتَهُ، حَتَّى يُلْقِيَهَا عَلَى لِسَانِ السَّاحِرِ أَوِ الْكَاهِنِ، فَرُبَّمَا أَدْرَكَ الشِّهَابُ قَبْلَ أَنْ يُلْقِيَهَا، وَرُبَّمَا أَلْقَاهَا قَبْلَ أَنْ يُدْرِكَهُ، فَيَكْذِبُ مَعَهَا مِائَةَ كَذْبَةٍ، فَيُقَالُ أَلَيْسَ قَدْ قَالَ لَنَا يَوْمَ كَذَا وَكَذَا كَذَا وَكَذَا فَيُصَدَّقُ بِتِلْكَ الْكَلِمَةِ الَّتِي سَمِعَ مِنَ السَّمَاءِ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ആകാശത്ത് ഒരു കാര്യം വിധിച്ചാൽ അല്ലാഹുവിന്റെ വാക്കിന് വിനയാന്വിതരായി മലക്കുകൾ തങ്ങളുടെ ചിറകുകളടിക്കും. ( കേള്‍ക്കപ്പെടുന്ന പ്രസ്തുത ശബ്ദം ) മിനുസമുള്ള പാറയിൽ ചങ്ങല വലിക്കുന്നത് പോലെയിരിക്കും. ആ ശബ്ദം (അല്ലാഹുവിന്റെ വചനം ) മലക്കുകളിലേക്ക് ചെന്നെത്തും. അല്ലാഹു പറഞ്ഞു :അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങികഴിയുമ്പോള്‍ അവര്‍ ചോദിക്കും: നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത്. അവര്‍ മറുപടി പറയും: (അവന്‍ പറഞ്ഞത്) സത്യമാണ്, അവന്‍ ഉന്നതനും മഹാനുമാകുന്നു. അപ്പോൾ അല്ലാഹു വിധിച്ച ആ വചനത്തെ കട്ടു കേൾക്കുന്ന പിശാചുക്കൾ കേൾക്കും. കട്ടു കേൾക്കുന്ന പിശാചുക്കൾ ചിലർ, ചിലർക്കു മുകളിൽ അട്ടിയട്ടിയായിക്കൊണ്ടായിരിക്കുമെന്ന് സുഫ്‌യാനുബിനു ഉയൈയ്ന (റ) തന്റെ വിരലുകൾ വിടർത്തിയും ചെരിച്ചും കൈപ്പത്തി കൊണ്ട് വിവരിച്ചു കാണിച്ചു. വചനങ്ങൾ കട്ടുകേൾക്കുകയും തന്റെ താഴെയുള്ളവരിലേക്ക് നൽകുകയും, പിന്നീട് അയാൾ തന്റെ താഴെയുള്ളവരിലേക്ക് നൽകുകയും ചെയ്യും. അങ്ങനെ ജ്യോൽസ്യന്റെയോ മാരണക്കാരന്റെയോ നാവുകളിലേക്കവർ അതിനെ (ആ വാർത്തയെ) എത്തിക്കും. ചിലപ്പോൾ അതിനെ എത്തിച്ചു നൽകുന്നതിനു മുമ്പായി തീജ്വാലകൾ അവരെ പിടികൂടും. ചിലപ്പോൾ തീജ്വാലകൾ പിടികൂടുന്നതിനു മുമ്പായി അവരതിനെ എത്തിച്ചു നൽകും. (വചനം ലഭിച്ച ജ്യോൽസ്യനും മാരണക്കാരനും) അതോടൊപ്പം നൂറ് കളവുകൾ ചേർത്ത് പറയും. അപ്പോൾ പറയപ്പെടും : അയാൾ നമ്മോട് നിർണ്ണിത ദിനങ്ങളിലെ ഏതാനും കാര്യങ്ങള്‍ പറഞ്ഞിട്ടില്ലേ? ആകാശത്തിൽ നിന്നും കേളക്കപ്പെട്ട പ്രസ്തുത വചനംകൊണ്ട് (മാരണക്കാരനും ജ്യോൽസ്യനും തങ്ങള്‍ പറഞ്ഞ നൂറ് കളവുകളില്‍) സത്യപ്പെടുത്തപ്പെടുകയുംചെയ്യും. (ബുഖാരി:4800)
ജിന്നുകൾ പറയുന്നു:
وَأَنَّا لَا نَدْرِىٓ أَشَرٌّ أُرِيدَ بِمَن فِى ٱلْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا
ഭൂമിയിലുള്ളവരുടെ കാര്യത്തില്‍ തിന്‍മയാണോ, ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, അതല്ല അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ എന്ന് ഞങ്ങള്‍ക്ക് അറിഞ്ഞ് കൂടാ.(ഖുര്‍ആൻ:72/10)
ആകാശത്തു കാവൽ ഏര്‍പ്പെടുത്തിക്കൊണ്ട് തങ്ങളുടെ പ്രവേശനം തടയപ്പെട്ടിരിക്കുന്നതുമൂലം വല്ല അനിഷ്ടസംഭവങ്ങളും ഭൂമിയിൽ സംഭവിക്കുവാൻ പോകുന്നുണ്ടോ അതല്ല, വല്ല നന്മയും ഭൂമിയിലുള്ളവര്‍ക്കു അതുമൂലം വരുവാനിരിക്കുന്നുവോ എന്നു തങ്ങള്‍ക്കു അറിഞ്ഞുകൂടാ എന്ന് ജിന്നുകൾ പറയുന്നു.
وَفِي هَذَا بَيَانٌ لِأَدَبِهِمْ، إِذْ أَضَافُوا الْخَيْرَ إِلَى اللَّهِ تَعَالَى، وَالشَّرَّ حَذَفُوا فَاعِلَهُ تَأَدُّبًا مَعَ اللَّهِ.
അവരുടെ ഒരു മര്യാദ കൂടി ഇവിടെ വ്യക്തമാകുന്നു. നന്മയെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് അല്ലാഹുവിലേക്ക് ചേര്‍ത്തുപറഞ്ഞു. എന്നാല്‍ തിന്മയെക്കുറിച്ച് പറഞ്ഞപ്പോഴാവട്ടെ, അതിന്റെ കര്‍ത്താവിനെ വിട്ടുകളയുകയും ചെയ്തു. ഇത് അല്ലാഹുവോടുള്ള ഒരു മര്യാദയാണ്. (തഫ്സീറുസ്സഅ്ദി)
ഏതായാലും, വളരെ കരുതലോടും മര്യാദയോടും കൂടിയാണ് ജിന്നുകൾ ഈ വാചകം ഉപയോഗിച്ചിരിക്കുന്നതെന്ന് കാണാം. നമുക്കും അതിൽ നല്ല മാതൃകയാണ്. നോക്കുക: തിന്മയെപ്പറ്റി പറഞ്ഞപ്പോൾ ‘ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവോ (أُرِيدَ)’ എന്നു കര്‍ത്താവിനെ വ്യക്തമാക്കാതെ (അവരുടെ റബ്ബ് ഉദ്ദേശിച്ചു എന്ന് പറയാതെ)യും, നന്മയെക്കുറിച്ച് പറഞ്ഞപ്പോൾ ‘അവരുടെ റബ്ബ് ഉദ്ദേശിച്ചു (أَرَادَ بِهِمْ رَبُّهُمْ)’ എന്ന് കര്‍ത്താവിനെ വ്യക്തമാക്കിക്കൊണ്ടുമാണല്ലോ അവർ പറഞ്ഞത്. എല്ലാ ഗുണവും ദോഷവും ഭൂമിയിൽ സംഭവിക്കുന്നത് അല്ലാഹുവിൽ നിന്നാണെങ്കിലും ദോഷങ്ങളുടെ കാരണം സൃഷ്ടികളിൽ നിന്ന് ഉത്ഭവിക്കുന്നതാണെന്ന തത്വമാണ് ഇതിൽ അന്തര്‍ഭവിച്ചിരിക്കുന്നത്. അതുകൊണ്ടാണ് തിന്മയെ അല്ലഹുവിനോടു ചേര്‍ത്തു പറയാതിരിക്കുന്നത്. (അമാനി തഫ്സീര്‍)
ജിന്നുകൾ പറയുന്നു:
وَأَنَّا مِنَّا ٱلصَّٰلِحُونَ وَمِنَّا دُونَ ذَٰلِكَ ۖ كُنَّا طَرَآئِقَ قِدَدًا
ഞങ്ങളാകട്ടെ, ഞങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തന്‍മാരുണ്ട്. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഞങ്ങള്‍ വിഭിന്ന മാര്‍ഗങ്ങളായിതീര്‍ന്നിരിക്കുന്നു. എന്നും (അവര്‍ പറഞ്ഞു.).(ഖുര്‍ആൻ:72/11)
ജിന്നുകളുടെ കൂട്ടത്തില്‍ സദവൃത്തന്മാരുണ്ട്. അധര്‍മകാരികളും താന്തോന്നികളും നിഷേധികളുമുണ്ട്.അങ്ങനെ അവര്‍ വ്യത്യസ്ത കക്ഷികളും വിഭിന്ന മാര്‍ഗക്കാരുമാണ്.
ജിന്നുകൾ പറയുന്നു:
وَأَنَّا ظَنَنَّآ أَن لَّن نُّعْجِزَ ٱللَّهَ فِى ٱلْأَرْضِ وَلَن نُّعْجِزَهُۥ هَرَبًا
ഭൂമിയില്‍ വെച്ച് അല്ലാഹുവെ ഞങ്ങള്‍ക്ക് തോല്‍പിക്കാനാവില്ല എന്നും, ഓടി മാറിക്കളഞ്ഞിട്ട് അവനെ തോല്‍പിക്കാനാവില്ലെന്നും ഞങ്ങള്‍ ധരിച്ചിരിക്കുന്നു..(ഖുര്‍ആൻ:72/12)
ജിന്നുകൾക്ക് തങ്ങളുടെ അശക്തിയുടെ ആഴവും അല്ലാഹുവിന്റെ കഴിവിന്റെ പരിപൂര്‍ണതയും ബോധ്യമായി. അവരുടെ കടിഞ്ഞാണ്‍ അല്ലാഹുവിന്റെ കയ്യിലാണെന്നും ഭൂമിയില്‍ അവനെ തോല്‍പിക്കാനോ ഓടിപ്പോയോ പുറത്ത് കടന്നോ രക്ഷപ്പെടാനുള്ള മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ അവന്റെ കഴിവിനെ തോല്‍പിക്കാനാവില്ലെന്നും അവനില്‍ നിന്നും അവനല്ലാതെ അഭയമില്ലെന്നും അവര്‍ക്ക് ബോധ്യപ്പെട്ടു.
ജിന്നുകൾ പറയുന്നു:
وَأَنَّا لَمَّا سَمِعْنَا ٱلْهُدَىٰٓ ءَامَنَّا بِهِۦ ۖ فَمَن يُؤْمِنۢ بِرَبِّهِۦ فَلَا يَخَافُ بَخْسًا وَلَا رَهَقًا
സന്‍മാര്‍ഗം കേട്ടപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു. അപ്പോള്‍ ഏതൊരുത്തന്‍ തന്‍റെ രക്ഷിതാവില്‍ വിശ്വസിക്കുന്നുവോ അവന്‍ യാതൊരു നഷ്ടത്തെയും അനീതിയെയും പറ്റി ഭയപ്പെടേണ്ടി വരില്ല. എന്നും (അവര്‍ പറഞ്ഞു.).(ഖുര്‍ആൻ:72/13)
مَنْ آمَنَ بِهِ إِيمَانًا صَادِقًا فَلَا عَلَيْهِ نَقْصٌ وَلَا أَذًى يَلْحَقُهُ ، وَإِذَا سَلِمَ مِنَ الشَّرِّ حَصَلَ لَهُ الْخَيْرُ، فَالْإِيمَانُ سَبَبٌ دَاعٍ إِلَى حُصُولِ كُلِّ خَيْرٍ وَانْتِفَاءِ كُلِّ شَرٍّ.
സത്യസന്ധമായി വിശ്വസിച്ചവന് ഒരു നഷ്ടവും സംഭവിക്കുകയില്ല. യാതൊരു ഉപദ്രവവും പിടികൂടുകയുമില്ല. ദോഷങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും ഗുണം കൈവരിക്കുകയും ചെയ്യും. വിശ്വാസമാണ് എല്ലാ നല്ല പ്രചോദനങ്ങള്‍ക്കും എല്ലാ തിന്മകളുടെയും നിരാകരണത്തിനും കാരണം. (തഫ്സീറുസ്സഅ്ദി)
ജിന്നുകൾ പറയുന്നു:
وَأَنَّا مِنَّا ٱلْمُسْلِمُونَ وَمِنَّا ٱلْقَٰسِطُونَ ۖ فَمَنْ أَسْلَمَ فَأُو۟لَٰٓئِكَ تَحَرَّوْا۟ رَشَدًا ﴿١٤﴾ وَأَمَّا ٱلْقَٰسِطُونَ فَكَانُوا۟ لِجَهَنَّمَ حَطَبًا ﴿١٥﴾
ഞങ്ങളുടെ കൂട്ടത്തില്‍ കീഴ്പെട്ടു ജീവിക്കുന്നവരുണ്ട്. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ആര്‍ കീഴ്പെട്ടിരിക്കുന്നുവോ അത്തരക്കാര്‍ സന്മാര്ഗം അവലംബിച്ചിരിക്കുന്നു. അനീതി പ്രവര്‍ത്തിച്ചകരാകട്ടെ നരകത്തിനുള്ള വിറക് ആയി തീരുന്നതാണ്. (എന്നും അവര്‍ പറഞ്ഞു.)(ഖുര്‍ആൻ:72/14-15)
മനുഷ്യരിലെന്ന പോലെത്തന്നെ ജിന്നുകളിലും സദ്‌വൃത്തരും, ദുര്‍വൃത്തരും, സത്യവിശ്വാസികളും, അവിശ്വാസികളും ഉണ്ട്. ആര് അല്ലാഹുവിന് കീഴ്പ്പെട്ടിരിക്കുന്നുവോ കീഴ്‌പ്പെട്ടിരിക്കുന്നുവോ അത്തരക്കാര്‍ സന്മാര്ഗം അവലംബിച്ചിരിക്കുന്നു അഥവാ സ്വര്‍ഗത്തിലേക്കും അതിന്റെ സുഖാനുഗ്രഹങ്ങളിലേക്കും എത്തിച്ചേരുന്ന ശരിയായ മാര്‍ഗം അവലംബിച്ചിരിക്കുന്നു. അല്ലാത്തവര്‍ക്കു നരകം തന്നെയാണാധാരം.
ജിന്നുകളുടെ പ്രസ്താവന ഇതോടെ അവസാനിച്ചു. തുടര്‍ന്ന് അല്ലാഹു നബി ﷺ ക്ക് ഇപ്രകാരം വഹ്‌യ് നൽകുന്നു:
وَأَلَّوِ ٱسْتَقَٰمُوا۟ عَلَى ٱلطَّرِيقَةِ لَأَسْقَيْنَٰهُم مَّآءً غَدَقًا ﴿١٦﴾ لِّنَفْتِنَهُمْ فِيهِ ۚ وَمَن يُعْرِضْ عَن ذِكْرِ رَبِّهِۦ يَسْلُكْهُ عَذَابًا صَعَدًا ﴿١٧﴾
ആ മാര്‍ഗത്തില്‍ (ഇസ്ലാമില്‍) അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ്. അതിലൂടെ നാം അവരെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. തന്‍റെ രക്ഷിതാവിന്‍റെ ഉല്‍ബോധനത്തെ വിട്ട് ആര്‍ തിരിഞ്ഞുകളയുന്നുവോ അവനെ അവന്‍ (രക്ഷിതാവ്) പ്രയാസകരമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുന്നതാണ്. (എന്നും എനിക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു.)(ഖുര്‍ആൻ:72/16-17)
അവര്‍ നേരെ അഥവാ ശ്രേഷ്ഠമായ മാര്‍ഗത്തില്‍ നിലകൊള്ളുകയാണെങ്കില്‍ ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ് അഥവാ അവരുടെ ജീവിതമാര്‍ഗ്ഗം സുഖകരമാക്കിക്കൊടുക്കും. അതായത് നേരായ മാര്‍ഗ്ഗത്തിൽ അവർ ചൊവ്വിനു ഉറച്ചുനിൽക്കുന്നപക്ഷം, അല്ലാഹുവിങ്കൽ ലഭിക്കുവാനിരിക്കുന്ന പ്രതിഫലങ്ങള്‍ക്കു പുറമെ ഭൂമിയിൽ വെച്ച് സുഖകരമായ ജീവിതവും അവൻ നൽകുന്നതാകുന്നു. അവര്‍ എന്നത് ജിന്നുകളെ ഉദ്ദേശിച്ചോ, മനുഷ്യരെ ഉദ്ദേശിച്ചോ, രണ്ടു കൂട്ടരെയുംകൂടി ഉദ്ദേശിച്ചോ ആകാവുന്നതാകുന്നു.
വെള്ളം മുതലായ ജീവിതോപാധികൾ നൽകപ്പെടുന്നതിൽ അവരെ പരീക്ഷിക്കുകയെന്ന ലക്ഷ്യം ഉള്‍കൊള്ളുന്നു. അവര്‍ നന്ദികാണിക്കുമോ, നന്ദികേട് കാണിക്കുമോ? ഇതാണ് പരീക്ഷണം. അസത്യവാന്മാരില്‍ നിന്നും സത്യവാന്മാരെ വ്യക്തമാക്കുന്നതിന് വേണ്ടിയാണ് പരീക്ഷണം.
അല്ലാഹുവിന്റെ ഉല്‍ബോധനമാകുന്ന അവന്റെ ഗ്രന്ഥത്തെ അവഗണിക്കുകയും അതിനെ പിന്‍പറ്റുകയോ മനസ്സിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യാതിരിക്കുകയും അതില്‍നിന്ന് അശ്രദ്ധനാവുകയും ചെയ്യുകയും ചെയ്യുന്നവരെ അല്ലാഹു പ്രയാസകരമായ ശിക്ഷയില്‍ പ്രവേശിക്കും.