بسم الله الرحمن الرحيم
الحمد لله والصلاة والسلام على رسول الله ، وبعد
ഇഹ്റാമിൽ നിഷിദ്ധമായ കാര്യങ്ങൾ
ഹജ്ജിനോ ഉംറക്കോ ഇഹ്റാം ചെയ്ത ആൾക്ക് നിഷിദ്ധമായ കാര്യങ്ങൾക്ക് ‘മഹ്ദൂറാത്തുൽ ഇഹ്റാം’ എന്ന് പറയുന്നു. അവ: തലമുടി നീക്കം ചെയ്യൽ, നഖം മുറിക്കൽ, പറിക്കൽ. സുഗന്ധം ഉപയോഗിക്കൽ, വിവാഹക്കരാറിലേർപ്പെടൽ. വികാരഭരിതമായ ആലിംഗനം, ചുംബനം, സ്പർശനം മുതലായവ, സംയോഗം, വേട്ട മൃഗത്തെ കൊല്ലൽ എന്നിവയാണ് .
ഉംറയുടെ രൂപം
ഇഹ്റാം, ത്വവാഫ്, സഅ്യ, മുണ്ഡനം അല്ലെങ്കിൽ മുടി മുറിക്കൽ എന്നിവയുൾക്കൊള്ളുന്ന കർമ്മമാണ് ഉംറ, (ഹജജിന്റെയോ , ഉംറയുടെയോ) കർമ്മത്തിൽ പ്രവേശിക്കുന്ന നിയ്യത്തും അതിന്റെ വസ്ത്രം ധരിക്കലുമാണ് ഇഹ്റാം കൊണ്ടുള്ള വിവക്ഷ, അതിന് ഉദ്ദേശിക്കുന്ന ആൾ ജനാബത്ത് കുളിക്കുന്ന പോലെ കുളിക്കലും. തന്റെ തലയിലും താടിയിലും മറ്റും ദൂഹ്ന്, ഊദ് പോലത്തെ ഏറ്റവും നല്ലയിനം സുഗന്ധം പൂശലും സുന്നത്താണ്.
കുളിക്കുകയും സുഗന്ധം പൂശുകയും ചെയ്ത ശേഷം ഇഹ്റാമിന്റെ വസ്ത്രം ധരിക്കണം. പുരുഷന്മാർക്ക് ഒരു ഉടുമുണ്ടും ഒരു തട്ടവുമാണ് ഇഹ്റാമിന്റെ വസ്ത്രം, സ്ത്രീക്ക് ഭംഗി പ്രകടിപ്പിക്കാത്ത അവൾ ഉദ്ദേശിക്കുന്ന വസ്ത്രം ധരിക്കാവുന്നതാണ്, അവൾ മുഖം മറക്കാനോ, കയ്യുറ ധരിക്കാനോ പാടില്ല. എന്നാൽ അന്യപുരുഷന്മാരുടെ അടുക്കൽ അവൾ മുഖം മറക്കേണ്ടതാണ്.
ശേഷം ഫർദ് നമസ്കാരത്തിന്റെ സമയമാണെങ്കിൽ ആർത്തവകാരിയും പ്രസവിച്ചവളുമല്ലാത്തവർ നമസ്കാരം നിർവ്വഹിക്കണം. അല്ലെങ്കിൽ രണ്ട് റക്അത്ത് വുദുവിന്റെ സുന്നത്ത് നമസ്കരിക്കാവുന്നതാണ്. ഇഹ്റാമിന്ന് പ്രത്യേക സുന്നത്ത് നമസ്കാരമില്ല.
നമസ്കാരത്തിൽ നിന്നും വിരമിച്ചാൽ ശേഷം ഇഹ്റാമിൽ പ്രവേശിക്കണം. അതിന് ‘ലബ്ബൈക്ക ഉംറതൻ’ എന്ന് പറയുക ശേഷം തൽബിയത്ത് ചൊല്ലണം . അതിന്റെ പദങ്ങൾ ഇപ്രകാരമാണ്
لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ، وَالنِّعْمَةَ، لَكَ وَالْمُلْكَ، لاَ شَرِيكَ لَكَ
ലബ്ബൈക്കല്ലാഹുമ്മ ലബ്ബക് , ലബൈക ലാ ശരീക്ക ലക ലബ്ബക് , ഇന്നൽഹംദ വന്നിഅ്മത , ലക വൽമുൽക് ലാ ശരീക ലക്
‘അല്ലാഹുവേ നിന്റെ വിളിക്കുത്തരം ചെയ്ത് ഞങ്ങൾ ഇതാ വന്നിരിക്കുന്നു, ഞങ്ങൾ നിനക്കുത്തരം ചെയ്തിരിക്കുന്നു, നിനക്ക് യാതൊരു പങ്കുകാരുമില്ല, നിനക്ക് ഞങ്ങൾ ഉത്തരം ചെയ്തിരിക്കുന്നു, തീർച്ചയായും എല്ലാ സ്തുതിയും എല്ലാ അനുഗ്രഹങ്ങളും എല്ലാ ആധിപത്യവും നിനക്കാണ്. നിനക്ക് യാതൊരു പങ്കുകാരുമില്ല.’
ഇതാണ് തൽബിയത്തിന്റെ രൂപം. ചിലപ്പോൾ അദ്ദേഹം لَبَيْكَ إِلهُ ألحق لَبَيْك (ലബൈക ഇലാഹൽ ഹഖി ലബ്ബക്) എന്നുകൂടി അധികരിപ്പിച്ചിരുന്നു. സാരം; “സത്യദൈവമേ നിന്റെ വിളിക്കുത്തരം ചെയ്ത് ഞങ്ങൾ വന്നിരിക്കുന്നു”.
പുരുഷന്മാർ തൽബിയത്ത് ഉച്ചത്തിലാക്കലാണ് സുന്നത്ത്. എന്നാൽ സ്ത്രീ തൽബിയത്തോ മറ്റേതെങ്കിലും ദിക്‌റുകളോ ഉറക്കെയാക്കാൻ പാടില്ല. കാരണം, മറച്ചുവെക്കലാണ് സ്ത്രീയുടെ ബാധ്യത.
ജനങ്ങളോട് ഹജ്ജിന് വരാനായി ഇബ്രാഹീം നബി عليه السلام യുടെയും മുഹമ്മദ് നബി ﷺ യുടെയും നാവിലൂടെ അല്ലാഹു പ്രഖ്യാപിച്ച വിളിയുടെ ഉത്തരമാണ് തൽബിയത്തിന്റെ വിവക്ഷ. ഇഹ്റാം ഉദ്ദേശിക്കുന്നയാൾ രോഗമോ അതുപോലെ മറ്റു വല്ലതുമോ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ തടസ്സമാവുമെന്ന് ഭയപ്പെട്ടാൽ ഇഹ്റാമിന്റെ നിയ്യത്തിൽ അയാൾക്ക് നിബന്ധന വെക്കാവുന്നതാണ്. ‘ രോഗമോ, വൈകലോ, മറ്റു എന്തെങ്കിലുമോ എന്റെ കർമ്മങ്ങൾ പൂർത്തിയാക്കുന്നതിൽ നിന്നും എനിക്ക് തടസ്സമായാൽ ഞാൻ അവിടെ വെച്ച് ഇഹ്റാമിൽ നിന്നും മോചിതനാവുന്നതാണ്.’ എന്ന് ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ അയാൾ പറഞ്ഞാൽ മതി.
ഇഹ്റാമിൽ പ്രവേശിച്ചയാൾ തൽബിയത്ത് ധാരാളമായി ചൊല്ലണം . മസ്ജിദുൽ ഹറാമിൽ എത്തിയാൽ തന്റെ വലത്തെ കാൽ വെച്ച് അകത്ത് കേറണം.
بسم الله وَالصَّلاةَ وَالسَّلَامُ عَلَى رَسُول الله ، اللّهُمَّ اغفِرُلي دُنُوبي وافتح لي أبواب رحمتِك
{ബിസ്മില്ലാഹി വസ്സ്വലാത്തു വസ്സലാമു അലാ റസൂലില്ലാഹി , അല്ലാഹുമ്മഗ്ഫിർ ലീ ദുനൂബീ വഫ്തഹ് ലീ അബ്വാബ് റഹ്മതിക്} എന്ന് ചൊല്ലുകയും വേണം.
{അല്ലാഹുവേ നിന്റെ നാമത്തിൽ , അല്ലാഹുവിന്റെ ദൂതരുടെ മേൽ രക്ഷയും സമാധാനവും ഉണ്ടാവട്ടെ, അല്ലാഹുവേ എന്റെ പാപങ്ങൾ നീ പൊറുത്ത് തരേണമേ, നിന്റെ കാരുണ്യത്തിന്റെ കവാടം എനിക്ക് നീ തുറന്ന് തരികയും ചെയ്യേണമേ} എന്നാണിതിന്റെ സാരം.
ശേഷം ത്വവാഫ് തുടങ്ങാനായി ഹജറുൽ അസ്വദിന്റെ നേരെ കഅ്ബത്തിങ്കലേക്ക് ചെല്ലണം, അവിടെ പ്രത്യേകം നിയ്യത്ത് ആവശ്യ മില്ല. അപ്രകാരം നബി ﷺ യിൽ നിന്നും പഠിപ്പിക്കപ്പെട്ടില്ല. നിയ്യത്തിന്റെ സ്ഥാനം മനസ്സാണ്. (അത് ചൊല്ലിപ്പറയൽ ബിദ്അത്താണ്).
ശേഷം തന്റെ വലത്തെ കൈ കൊണ്ട് ഹജറുൽ അസ്വവദ് സ്പർശിക്കുകയും സാധ്യമായെങ്കിൽ ഹജറിനെ ചുംബിക്കുകയും വേണം. ചുംബിക്കാൻ സാധിച്ചില്ലെങ്കിൽ തന്റെ കൈകൊണ്ട് തൊടുകയും കൈ ചുംബിക്കുകയും ചെയ്താൽ മതി. കൈകൊണ്ട് സ്പർശിക്കാൻ ഒരാൾക്ക് സാധിച്ചില്ലെങ്കിൽ അതിന് വേണ്ടി തിക്കിത്തിരക്കരുത്. ദൂരെ നിന്നാണെങ്കിലും ശരി ഹജറിന്റെ നേരെ ചൂണ്ടിയാൽ മതി, ചുംബിക്കേണ്ടതില്ല. (സ്പർശിക്കുമ്പോൾ മാത്രമേ കൈ ചുംബിക്കേണ്ടതുള്ളു). ശേഷം ത്വവാഫ് ആരംഭിക്കുക , റുക്‌നുൽ യമാനിയുടെ അടുത്തെത്തിയാൽ സാധ്യമായെങ്കിൽ മാത്രം അതിനെ സ്പർശിക്കണം, ചുംബിക്കാൻ പാടില്ല. പ്രയാസമെങ്കിൽ സ്പർശിക്കേണ്ടതില്ല. അതിനായി തിരിക്കാൻ പാടില്ല. ഹജറുൽ അസ്വദും റുക്‌നുൽ യമാനിയുമല്ലാതെ കഅ്ബയുടെ മറ്റൊരു ഭാഗവും സ്പർശിക്കാൻ പാടില്ല. നബി ﷺ അവ രണ്ടുമല്ലാതെ സ്പർശിച്ചിട്ടുമില്ല. ഓരോ പ്രാവശ്യം ഹജറിന്റെ അടുക്കലൂടെ നടന്നു പോവുമ്പോഴും നേരത്തെ ചെയ്തതുപോലെ ചെയ്യുകയും തക്ബീർ ചൊല്ലുകയും വേണം. ത്വവാഫുകളിലുടനീളം തനിക്ക് ആവശ്യമുള്ള പ്രാർത്ഥനകൾ പ്രാർത്ഥിക്കുകയോ ദിക്റുകളും ഖുർആൻ പാരായണവും നിർവ്വഹിക്കുകയോ ചെയ്യാം. ഈ ത്വവാഫിൽ (മക്കയിൽ എത്തിയ ശേഷം ചെയ്യുന്ന ആദ്യത്തെ ത്വവാഫ്, ത്വവാഫുൽ ഖുദൂം) പുരുഷന്മാർക്ക് ‘ഇദ്ത്വിബാഅ്’ ചെയ്യലും (തട്ടം വലതു കക്ഷത്തിനടിയിലൂടെ എടുത്ത് രണ്ടറ്റവും ഇടത്തെ ചുമലിന്മേൽ ഇട്ട്, വലത്തെ ചുമൽ തുറന്നിടുക) ആദ്യത്തെ മൂന്ന് ചുറ്റിൽ ‘റമൽ’ നടക്കലും (കാലുകൾ അടുപ്പിച്ച് വെച്ച് ധ്യതിയിൽ നടക്കുക) സുന്നത്താണ്. ത്വവാഫിന് ഏഴ് ചുറ്റുകളാണുള്ളത്, ഓരോചുറ്റും ഹജറുൽ അസ്വദ്ദിൽ നിന്നും തുടങ്ങി അതിന്റെ അടുക്കൽ തന്നെ അവസാനിക്കുന്നു. ഹിജ്റിന് ഉള്ളിലൂടെ (കഅ്ബയുടെ പുറത്ത് കാണുന്ന കമാനാ കൃതിയിലുള്ള ചുമരിന്നകത്തുള്ള ഭാഗം) ത്വവാഫ് ചെയ്താൽ ശരിയാവുകയില്ല. (കാരണം ഇത് കഅ്ബക്ക് ഉള്ളിൽപ്പെട്ടതാണ്). ഏഴ് ത്വവാഫ് പൂർത്തിയാക്കിയാൽ ഇബ്റാഹിം മഖാമിനരികിലേക്ക് ചെല്ലുകയും, അതിന്റെ പിന്നിലായി രണ്ട് റക്അത്ത് നമസ്കരിക്കുകയും വേണം. സാധ്യമായാൽ അതിന്റെ അടുത്ത് നിൽക്കുക, സാധിക്കാത്ത പക്ഷം വിദൂരത്തും നിന്ന് നമസ്കരിക്കാം. അതിൽ ഒന്നാമത്തെ റകഅത്തിൽ ഫാതിഹക്ക് ശേഷം {قُلْ يَا أَيُهَا الْكَافِرُونَ} എന്ന സൂറത്തും രണ്ടാമത്തെ റക്അത്തിൽ {قُلْ هُوَ اللَّهُ أَحَدَ} എന്ന സൂറത്തും ഓതണം. അതിന് ശേഷം സാധ്യമായാൽ വീണ്ടും ഒരിക്കൽക്കൂടി ഹജറുൽ അസ്വദിന്റെ അടുക്കൽ വന്ന് അതിനെ സ്പർശിക്കണം, സാധ്യമായില്ലെങ്കിൽ അതിലേക്ക് ആംഗ്യം കാണിച്ചാൽ മതി. ശേഷം സഅ്യ്യ ചെയ്യാനായി പോവണം. സ്വഫയോടടുത്താൽ
{إنّ الصّفَا وَالْمَرْوَةً مِن شعائر الله} ( ഉന്നസ്സ്വഫാ വൽമർവത മിൻ ശആഇരി ല്ലാഹി ) (ബഖറ : 158 ). എന്ന ഖുർആൻ വചനം ഓതൽ സുന്നത്താണ്. ‘തീർച്ചയായും സ്വഫായും മർവയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതിൽപ്പെട്ടതാകുന്നു’ എന്ന് സാരം. ഇവിടെയല്ലാതെ ഇത് വേറെയൊരിടത്തും ഓതേണ്ടതില്ല.
ശേഷം കഅ്ബയെ കാണുന്നതുവരെ സ്വഫായിലേക്ക് കയറുകയും അതിന് നേരെ തിരിഞ്ഞ് നിന്ന് കൈകൾ ഉയർത്തി താൻ ഉദ്ദേശിക്കുന്നത് പ്രാർത്ഥിക്കുകയും ചെയ്യുക. നബി ﷺ ഇവിടെ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، لَا إِلَهَ إِلَّا اللهُ وَحْدَهُ ، أَنْجَزَ وَعْدَهُ ، وَنَصَرَ عَبْدَهُ ، وَهَزَمَ الأَحْزَابَ وَحْدَهُ
ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു , ലഹുൽ മുൽകു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ . ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു , അൻജസ് വഅ്ദഹു , വനസ്വറ അബ്ദഹു വ ഹസമൽ അഹ്സാബ വഹ്ദഹു
അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല, അവൻ ഏകൻ, എല്ലാ ആധിപത്യവും സർവ്വസ്തുതിയും അവന്നാണ്, അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്. അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവൻ ഏകൻ , അവൻ തന്റെ കരാർ പാലിച്ചു, അവന്റെ അടിമയെ അവൻ സഹായിച്ചു, അവൻ തനിച്ച് സംഘങ്ങളെ പരാജയപ്പെടുത്തി
അത് മൂന്ന് പ്രാവശ്യം ആവർത്തിക്കുകയും അതി നിടയിൽ പ്രാർത്ഥിക്കുകയും വേണം.
ശേഷം സ്വഫായിൽ നിന്നും ഇറങ്ങി നടക്കുക. പച്ച നിറത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഭാഗത്തെത്തിയാൽ അടുത്ത പച്ച അടയാളം വരെ ഓടുക. സാധ്യമായാൽ മാത്രമേ അപ്രകാരം ചെയ്യേണ്ടതുള്ളു , മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കാൻ പാടില്ല. പിന്നീട് മർവയിൽ എത്തുന്നത് വരെ സാധാരണ നിലക്ക് നടന്നാൽ മതി. മർവയിൽ എത്തിയാൽ അതിൽ കയറുകയും ഖിബിലക്ക് അഭിമുഖമായി നിന്ന് കൈകളുയർത്തി സ്വഫായിൽ പ്രാർത്ഥിച്ച പോലെ പ്രാർത്ഥിക്കുകയും ചെയ്യുക. പിന്നീട് മർവയിൽ നിന്നിറങ്ങി സ്വഫായിലേക്ക് നടക്കുക. നടക്കേണ്ട സ്ഥലങ്ങളിൽ നടക്കുകയും ധൃതികുട്ടേണ്ട സ്ഥലങ്ങളിൽ ധൃതി കൂട്ടുകയും ചെയ്യുക. ശേഷം വീണ്ടും സ്വഫായിൽ കയറുകയും ഖിബ്ക്കഭിമുഖമായി കൈകളുയർത്തി ആദ്യം പ്രാർത്ഥിച്ച പോലെ പ്രാർത്ഥിക്കുകയും വേണം. സഅ്’യിന്റെ ബാക്കി ഭാഗങ്ങളിലൊക്കെ താനിഷ്ടപ്പെടുന്ന ദിക്റുകളും, ഖുർആൻ പാരായണവും ദുആകളും നിർവ്വഹിക്കാവുന്നതാണ്. സ്വഫാമർവകളിൽ കയറലും ധ്യതിയിൽ നടക്കലുമെല്ലാം സുന്നത്താണ്, നിർബന്ധമല്ല. സ്വഫായിൽ നിന്ന് മർവയിലേക്ക് ഒന്ന്, മർവയിൽനിന്ന് സ്വഫായിലേക്ക് രണ്ട് എന്ന രൂപത്തിൽ ഏഴ് സഅ്’യുകൾ പൂർത്തിയാക്കിയാൽ പുരുഷൻ തല മുണ്ഡനം ചെയ്യുകയോ മുടി മുറിക്കുകയോ ചെയ്യണം, മുണ്ഡനം ചെയ്യലാണ് മുടി മുറിക്കുന്നതിനെക്കാൾ ഉത്തമം. എന്നാൽ ഹജജ് അടുത്താണെങ്കിൽ വീണ്ടും തലയിൽ മുടി മുളക്കാനുള്ള സമയമില്ല എങ്കിൽ ‘മുതമത്തിഇ’ ന് മുടി മുറിക്കുന്നതാണ് ഉത്തമം. ഹജ്ജിൽ മുണ്ഡനം ചെയ്യാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. കാരണം സ്വഹാബിമാരോട് മുടി മുറിച്ചു കൊണ്ട് വിരമിക്കാൻ നബി ﷺ കൽപ്പിച്ചു. ഈ കർമ്മങ്ങളോടെ ഉംറ പൂർത്തിയാവുകയും അതിൽ നിന്ന് പൂർണ്ണമായും വിരമിക്കുകയും ചെയ്തു. അതോടെ ഇഹ്റാമിൽ നിഷിദ്ധമായിരുന്ന മുഴുവൻ കാര്യങ്ങളും അയാൾക്ക് അനുവദനീയമായി.
وصل الله على نبينا محمد ، وعلى آله وصحبه أجمعين
മുഹമ്മദ് സ്വാലിഹ് അൽ ഉസൈമീൻ رحمه الله