അല്ലാഹു മനുഷ്യ൪ക്ക് ഒരു വസ്വിയത്തായി നല്‍കിയിട്ടുള്ള നി൪ദ്ദേശമാണ് ‘നിങ്ങള്‍ തഖ്‌വയുള്ളവരാകുക അഥവാ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരാകുക’ എന്നത്.
وَلَقَدْ وَصَّيْنَا ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلِكُمْ وَإِيَّاكُمْ أَنِ ٱتَّقُوا۟ ٱللَّهَ
നിങ്ങള്‍ക്കു മുമ്പ് (വേദ) ഗ്രന്ഥം നല്‍കപ്പെട്ടവരോടും, നിങ്ങളോടും നാം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന്. (ഖുർആൻ:4 /131)
നബി ﷺ യുടെ അവസാന കാലത്ത് നൽകിയ വസിയ്യത്തുകളിൽ പെട്ട ഒരു വസിയ്യത്ത് ‘നിങ്ങള്‍ തഖ്‌വയുള്ളവരാകുക’ എന്നായിരുന്നു.
ഇർബാള് ബ്നു സാരിയ رضي الله عنه നിന്നും നിവേദനം ചെയ്യുന്ന ഹദീസിൽ, സഹാബികൾ നബി ﷺ യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ ഇതൊരു വിട പറയുന്നവന്റെ ഉപദേശം പോലെയുണ്ടല്ലോ അങ്ങ് ഞങ്ങൾക്ക് ഒരു വസിയ്യത്ത് തന്നാലും അവിടുന്ന് പറഞ്ഞു:
أُوصِيكُمْ بِتَقْوَى اللَّهِ،
നിങ്ങളെ ഞാൻ തഖ്‌വ കൊണ്ട് വസിയ്യത്ത് ചെയ്യുന്നു.
നബി ﷺയുടെ അവസാന കാലത്ത് മുആദ് رضي الله عنه വിനെ യമനിലേക്ക് അയച്ചിരുന്നു. ആ സന്ദർഭത്തിൽ അവിടുന്ന് പറഞ്ഞു:
اتَّقِ اللَّهَ حَيْثُمَا كُنْت
നീ എവിടെയായിരുന്നാലും തഖ്‌വ പാലിക്കുക (അല്ലാഹുവിനെ സൂക്ഷിക്കുക)
പ്രവാചകന്മാരുടെ പ്രബോധന വിഷയങ്ങളില്‍ ഒന്നാമത്തേത് ഇബാദത്ത് അല്ലാഹുവിന് മാത്രം എന്നതായിരുന്നു. അതോടൊപ്പം അവർ പ്രബോധനം ചെയ്തതാണ് അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണം (തഖ്’വയുള്ളവരാകുക) എന്നതും. നൂഹ്, ഹൂദ്, സാലിഹ്, ലൂത്ത്, ശുഐബ്, ഈസ عليهم السلام എന്നീ പ്രവാചകന്മാർ തങ്ങളുടെ സമുദായങ്ങളോട് പറഞ്ഞു:
فَٱتَّقُوا۟ ٱللَّهَ وَأَطِیعُونِ
അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ.
“നമ്മൾ എന്തുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കണം?” എന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിയാൽ മാത്രമേ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നതിൽ ആസ്വാദനം ലഭിക്കുകയുള്ളൂ.
ഒന്നാമതായി, ‘അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണം’ എന്നത് അല്ലാഹുവിന്റെ വസ്വിയത്തും കല്പനയുമാണ്. അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങൾ ആസ്വദിച്ച് ജീവിക്കുന്ന ഒരു അടിമ ആ കൽപ്പന അനുസരിക്കാൻ ബാധ്യസ്ഥനാണ്.
وَلَقَدْ وَصَّيْنَا ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلِكُمْ وَإِيَّاكُمْ أَنِ ٱتَّقُوا۟ ٱللَّهَ
… നിങ്ങള്‍ക്കു മുമ്പ് (വേദ) ഗ്രന്ഥം നല്‍കപ്പെട്ടവരോടും, നിങ്ങളോടും നാം ‘വസ്വിയ്യത്ത് ‘ ചെയ്തിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് ……. (ഖുർആൻ:4 /131)
രണ്ടാമതായി, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. അവന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുക എന്നുള്ളതാണ്.
وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. (ഖുർആൻ:59/7)
മൂന്നാമതായി, ഈ ലോകത്തെ ജീവിതം നശ്വരമാണ്. അത് ഏത് നിമിഷവും അവസാനിക്കാം. നാം അവസാനം അല്ലാഹുവിലേക്ക് മടങ്ങി അവനെ കണ്ടുമുട്ടേണ്ടവനും അവൻറെ അടുക്കൽ ഒരുമിച്ചു കൂടേണ്ടവനും മാത്രമാണ്. അതുകൊണ്ട് അവനെയാണ് സൂക്ഷിച്ച് ജീവിക്കേണ്ടത്.
وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُمْ إِلَيْهِ تُحْشَرُونَ
നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖുർആൻ:2/203)
നാലാമതായി, അല്ലാഹുവിനെ നാം ഓരോരുത്തരും കണ്ടുമുട്ടേണ്ടി വരുമെന്നതൊരു യാഥാര്‍ത്ഥ്യമാണ്. അതിനാൽ അവനെ സൂക്ഷിച്ച് ജീവിക്കുക. അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചവർക്കാണ് സന്തോഷ വാർത്ത ഉള്ളത്
وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُم مُّلَٰقُوهُ ۗ وَبَشِّرِ ٱلْمُؤْمِنِينَ
നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങൾ കണ്ടുമുട്ടേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികൾക്ക് നീ സന്തോഷവാർത്ത അറിയിക്കുക. (ഖുർആൻ:2/223)
അഞ്ചാമതായി, അല്ലാഹു സകലതും അറിയുന്നവനാണ്, നാം പറയുന്ന ഓരോ വാക്കും നാം ചെയ്യുന്ന ഓരോ പ്രവർത്തനവും അറിയുന്നവനാണവൻ, അതിനാൽ അവനെ സൂക്ഷിച്ച് ജീവിക്കുക.
وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ
അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖുർആൻ:2/231)
ആറാമതായി, അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനും ആണ് നമ്മൾ എത്ര പതുക്കെ സംസാരിച്ചാലും അവൻ കേൾക്കും നമ്മൾ എവിടെ പതുങ്ങി ഇരുന്നാലും അവൻ നമ്മെ കാണും പിന്നെയെങ്ങനെ അവനെ സൂക്ഷിക്കാതിരിക്കും. അല്ലാഹു പറയുന്നു:
وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ
നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ് അല്ലാഹു എന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖുർആൻ:2/231)
ഏഴാമതായി, അല്ലാഹു അതിവേഗം വിചാരണ ചെയ്യുന്നവനാണ്. അവന്റെ ശിക്ഷ ദുനിയാവിൽ വെച്ചും ഉണ്ടാകാം. അതിനാൽ എല്ലായ്‌പോഴും അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും ഓര്‍മ്മയും ഉണ്ടായിരിക്കണം.
وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു. (ഖുർആൻ:5/4)
എട്ടാമതായി, നമ്മുടെ ഹൃദയങ്ങളിൽ ഉള്ളതെല്ലാം അറിയുന്നവനാണ് അല്ലാഹു. നമ്മുടെ ചിന്തകൾ പോലും അവൻ അറിയുന്നു. അതിനാൽ അവനെ സൂക്ഷിച്ച് ജീവിക്കുക.
وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ عَلِيمُۢ بِذَاتِ ٱلصُّدُورِ
നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു മനസ്സുകളിലുള്ളത് അറിയുന്നവനാകുന്നു. (ഖുർആൻ:5/7)
ഒമ്പതാമതായി, ദുനിയാവിലെയും ആഖിറത്തിലെയും നന്മകൾ ലഭിക്കുന്നത് അല്ലാഹുവിനെ സൂക്ഷിക്കുന്നതിലൂടെ മാത്രമാണ്. നമ്മുടെ വിജയം അവനെ സൂക്ഷിക്കുന്നതിൽ മാത്രമാണ്. പിന്നെയെങ്ങനെ അവനെ സൂക്ഷിക്കാതിരിക്കും.
وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
നിങ്ങൾ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം. (ഖുർആൻ:3/200)
പത്താമതായി, നമ്മൾ അല്ലാഹുവിനെ സൂക്ഷിച്ചാൽ അവൻ നമ്മോടൊപ്പം ഉണ്ടാകും. അതിനാൽ അവനെ സൂക്ഷിച്ച് ജീവിക്കുക.
وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖുർആൻ:2/194)
പതിനൊന്നാമതായി, നാം അല്ലാഹുവിനെ സൂക്ഷിച്ചാൽ അല്ലാഹു നമുക്ക് ഉപകാരമുള്ള അറിവ് തരും. അതിനാൽ അവനെ സൂക്ഷിച്ച് ജീവിക്കുക.
وَٱتَّقُوا۟ ٱللَّهَ ۖ وَيُعَلِّمُكُمُ ٱللَّهُ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ
നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങൾക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖുർആൻ:2/282)
പന്ത്രണ്ടാമതായി, അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുക എന്നുള്ളത് അടിമകളുടെ മേൽ ബാധ്യതയായിട്ടുള്ള ഒരു കാര്യമാണ്. അവനെ സൂക്ഷിച്ച് ജീവിക്കുന്നതിലൂടെ അവന് നന്ദി കാണിക്കാൻ സാധിക്കും.
فَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تَشْكُرُونَ
അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങൾ നന്ദിയുള്ളവരായേക്കാം. (ഖുർആൻ:3/123)
പതിമൂന്നാമതായി, നാം അല്ലാഹുവിനെ സൂക്ഷിച്ചാൽ അവൻ നമ്മോട് കരുണ കാണിക്കും. അവന്റെ കാരുണ്യത്തിലേക്ക് നാം എത്രമാത്രം ആവശ്യക്കാരാണ് അല്ലാഹു പറഞ്ഞു:
وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ
നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം. (ഖുർആൻ:49/10)
പതിനാലാമതായി, നാം അല്ലാഹുവിനെ സൂക്ഷിച്ചാൽ അവൻ നമുക്ക് പ്രയാസങ്ങളിൽ നിന്ന് തുറവി നൽകും, ഉപജീവനത്തിൽ വിശാലത നൽകും, ലഭിച്ചത് കൊണ്ട് തൃപ്തിയും അത് മൂലം സൗഭാഗ്യവാന്മാരാകാനും നമുക്ക് സാധിക്കും.
وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا ﴿٢﴾ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ﴿٣﴾
… ആര് അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അല്ലാഹു അവന് ഒരു പോംവഴി ഏര്‍പ്പെടുത്തി കൊടുക്കും, (മാത്രമല്ല) അവന്‍ കണക്കാക്കാത്ത വിധത്തിലൂടെ അവന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ് …… (ഖു൪ആന്‍:65 /2,3)
പതിനഞ്ചാമതായി, നാം അല്ലാഹുവിനെ സൂക്ഷിച്ചാൽ അവൻ നമ്മുടെ പാപങ്ങൾ പൊറുത്തു തരും, പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പാപങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന നാം അല്ലാഹുവിൻറെ പാപമോചനത്തിലേക്ക് എത്രമാത്രം ആവശ്യക്കാരാണ് അല്ലാഹു പറഞ്ഞു:
وَمَن يَتَّقِ ٱللَّهَ يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُعْظِمْ لَهُۥٓ أَجْرًا
അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്റെ തിന്മകളെ അവൻ മായ്ച്ചുകളയുകയും അവന്നുള്ള പ്രതിഫലം അവൻ വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍:65/5)
പതിനാറാമതായി, നാം ഈ ദുനിയാവിൽ അല്ലാഹുവിനെ സൂക്ഷിച്ചാൽ നാളെ ഖിയാമത്ത് നാളിൽ നമുക്ക് സൗഭാഗ്യവാന്മാരാകാൻ സാധിക്കും.
إِنَّ لِلْمُتَّقِينَ مَفَازًا ﴿٣١﴾ حَدَآئِقَ وَأَعْنَٰبًا ﴿٣٢﴾ وَكَوَاعِبَ أَتْرَابًا ﴿٣٣﴾ وَكَأْسًا دِهَاقًا ﴿٣٤﴾ لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّٰبًا ﴿٣٥﴾ جَزَآءً مِّن رَّبِّكَ عَطَآءً حِسَابًا ﴿٣٦﴾
തീ൪ച്ചയായും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവ൪ക്ക് വിജയം (അഥവാ ഭാഗ്യസ്ഥാനം) ഉണ്ട്. അതായത് (സ്വ൪ഗ്ഗത്തിലെ) തോട്ടങ്ങളും, മുന്തിരികളും, തുടുത്ത മാ൪വിടമുള്ള സമപ്രായക്കാരായ തരുണികളും, (ശുദ്ധമായ കള്ളിന്റെ) നിറഞ്ഞ പാന പാത്രങ്ങളും (ഉണ്ട്). അവിടെ വെച്ച് വല്ല അനാവശ്യമാകട്ടെ, വ്യാജ വാര്‍ത്തയാകട്ടെ അവര്‍ കേള്‍ക്കുകയില്ല. നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും , കണക്കൊത്ത ഒരു സമ്മാനവും. (ഖു൪ആന്‍:78 / 31-36)