‘ലക്ഷ്യം’ എന്നാണ് ഭാഷയിൽ ‘ഹജ്ജ്’ എന്നതിന്റെ അർഥം. ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക സ്ഥലത്തുവെച്ച് തിരുനബിﷺയുടെ മാതൃകയനുസരിച്ചുള്ള കർമങ്ങൾ അനുഷ്ഠിച്ചുകൊണ്ട് അല്ലാഹുവിന് ഇബാദത്തെടുക്കുക എന്നതാണ് മതപരമായി ഹജ്ജിനുള്ള നിർവചനം.
ഹജ്ജിന്റെ മതവിധിയും മഹത്ത്വവും
(1) ഹജ്ജിന്റെ വിധി:
ഇസ്‌ലാമിക സൗധത്തിന്റെ സ്തംഭങ്ങളിലൊന്നും ഇസ്‌ലാമിലെ മഹത്തായ നിർബന്ധ കാര്യങ്ങളിൽ ഒന്നുമാകുന്നു ഹജ്ജ്.
وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَٰلَمِينَ
ആ മന്ദിരത്തിൽ എത്തിച്ചേരാൻ കഴിവുള്ള മനുഷ്യർ അതിലേക്ക് ഹജ്ജ് തീർഥാടനം നടത്തൽ അവർക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്നപക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു. (ഖുർആൻ:3/97)
ﻭَﺃَﺗِﻤُّﻮا۟ ٱﻟْﺤَﺞَّ ﻭَٱﻟْﻌُﻤْﺮَﺓَ ﻟِﻠَّﻪِ ۚ
നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണ്ണമായി നിര്‍വ്വഹിക്കുക ….(ഖു൪ആന്‍:2/196)
ഇബ്‌നുഉമര്‍ رضي الله عنه വിൽ നിന്നുള്ള ഒരു ഹദീസിൽ ഇപ്രകാരമുണ്ട്:
بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَإِقَامِ الصَّلاَةِ وَإِيتَاءِ الزَّكَاةِ وَحَجِّ الْبَيْتِ وَصَوْمِ رَمَضَانَ ” .
അഞ്ചു സ്തംഭങ്ങളിലായി ഇസ്‌ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നു…..കഅ്ബത്തിങ്കൽ ചെന്ന് ഹജ്ജുചെയ്യൽ… (ബുഖാരി,മുസ്ലിം)
കഴിവും ശേഷിയുമുള്ളവന് ആയുസ്സിലൊരിക്കൽ ഹജ്ജ് നിർബന്ധമാണെന്നതിൽ മുസ്‌ലിം സമുദായം ഏകോപിച്ചിരിക്കുന്നു.
(2) ഹജ്ജിന്റെ മഹത്ത്വം:
ഹജ്ജിന്റെ മഹത്ത്വമറിയിക്കുന്ന ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അവയിൽ ചിലത് ചുവടെ:
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു ഉംറ മുതൽ അടുത്ത ഉംറവരെ അവയ്ക്കിടയിലുള്ള (ചെറുപാപങ്ങളുടെ) പ്രായച്ഛിത്തമാകുന്നു. മബ്‌റൂറായ ഹജ്ജിനു സ്വർഗമല്ലാതെ പ്രതിഫലമില്ല. (മുസ്ലിം:1349)
عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും അല്ലാഹുവിനുവേണ്ടി ഹജ്ജു ചെയ്തു. അവൻ കാമവികാര പ്രകടനം നടത്തിയില്ല. കുറ്റകരമായതു പ്രവർത്തിക്കുകയും ചെയ്തില്ല. അവൻ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലുണ്ടായിരുന്നതുപോലെ (പരിശുദ്ധനായി) തിരിച്ചുവരും. (ബുഖാരി: 1521)
ഇതുപോലെ വേറെയും ഹദീസുകൾ ഈ വിഷയത്തിലുണ്ട്.
ഒന്നിലധികം ഹജ്ജു നിർബന്ധമുണ്ടോ?
ആയുസ്സിൽ ഒരു തവണ മാത്രമാണ് ഹജ്ജു നിർബന്ധം. അതിനെക്കാൾ അധികമാവുന്നത് ഐച്ഛികമാണ്.
عَنْ أَبِي هُرَيْرَةَ، قَالَ خَطَبَنَا رَسُولُ اللَّهِ صلى الله عليه وسلم فَقَالَ ” أَيُّهَا النَّاسُ قَدْ فَرَضَ اللَّهُ عَلَيْكُمُ الْحَجَّ فَحُجُّوا ” . فَقَالَ رَجُلٌ أَكُلَّ عَامٍ يَا رَسُولَ اللَّهِ فَسَكَتَ حَتَّى قَالَهَا ثَلاَثًا فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” لَوْ قُلْتُ نَعَمْ لَوَجَبَتْ وَلَمَا اسْتَطَعْتُمْ –
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ജനങ്ങളേ, അല്ലാഹു നിങ്ങൾക്ക് ഹജ്ജു നിർബന്ധമാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ ഹജ്ജ് ചെയ്യുക.’ അപ്പോൾ ഒരു വ്യക്തി ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എല്ലാ വർഷവുമാണോ?’ തിരുനബിﷺ പറഞ്ഞു: ‘ഞാൻ അതെ എന്നു പറഞ്ഞിരുന്നെങ്കിൽ അത് എല്ലാ വർഷവും നിർബന്ധമാകുമായിരുന്നു. നിങ്ങൾക്കത് സാധിക്കുമായിരുന്നുമില്ല.’ (മുസ്ലിം:1337)
നബിﷺ ഒരു ഹജ്ജ് മാത്രമാണ് ചെയ്തിട്ടുള്ളത്. പണ്ഡിതന്മാരാകട്ടെ കഴിവും ശേഷിയുമുള്ളവന് ആയുസ്സിലൊരിക്കൽ മാത്രമാണ് ഹജ്ജു നിർബന്ധമെന്നതിൽ ഏകോപിച്ചിരിക്കുന്നു. ഒരാൾക്ക് ഹജ്ജിന്റെ ശർത്വുകളൊത്താൽ അതു നിർവഹിക്കുവാൻ ധൃതികാണിക്കൽ അവനു നിർബന്ധമാണ്. ഒഴിവുകഴിവൊന്നുമില്ലാതെ ഹജ്ജിനെ പിന്തിപ്പിക്കുന്നതുകൊണ്ട് അവൻ കുറ്റക്കാരനാകും. തിരുനബിﷺ പറഞ്ഞു:
تعجَّلوا إلى الحجِّ فإنَّ أحدَكم لا يدري ما يعرِضُ له.
ഹജ്ജിനു നിങ്ങൾ ധൃതികാണിക്കുക. കാരണം, നിങ്ങളിലൊരാൾക്ക് തനിക്കു വന്നണയുന്നത് അറിയുകയില്ല. (അഹ്മദ്)
തിരുമൊഴിയായും സ്വഹാബിയുടെ വാക്കായും ഒന്ന് ഒന്നിനെ ബലപ്പെടുത്തുന്ന പരമ്പരകളിൽ ഇവ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്:
من استطاع الحج فلم يحج فليمت إن شاء يهوديا وإن شاء نصرانيا
വല്ലവനും ഹജ്ജു ചെയ്യുവാൻ കഴിവുണ്ടായി; എന്നാൽ അവൻ ഹജ്ജു ചെയ്തില്ല. എങ്കിൽ അവൻ താനുദ്ദേശിക്കുംവിധം ജൂതനായിട്ടോ അല്ലെങ്കിൽ നസ്വ്‌റാനിയായിട്ടോ മരണം വരിക്കട്ടെ.
ഹജ്ജിന്റെ നിബന്ധനകൾ
ഹജ്ജ് നിർബന്ധമാകുന്നതിന് അഞ്ച് ശർത്വുകളുണ്ട്:
(1) ഇസ്‌ലാം: ഹജ്ജ് കാഫിറിനു നിർബന്ധമാവുകയില്ല. അത് അവനിൽനിന്നു സാധുവാകുകയുമില്ല. കാരണം, ഇബാദത്ത് ശരിയാകണമെങ്കിൽ ഇസ്‌ലാം ശർത്വാകുന്നു.
(2) ബുദ്ധി: ഭ്രാന്തനു ഹജ്ജു നിർബന്ധമില്ല. ഭ്രാന്തുള്ള അവസ്ഥയിൽ അവനിൽനിന്ന് ഹജ്ജ് ശരിയാകുകയുമില്ല. കാരണം, ബുദ്ധിയുണ്ടാവുകയെന്നത് വിധിവിലക്കുകൾ ബാധകമാകുവാനുള്ള ശർത്വാകുന്നു. ഭ്രാന്തനാകട്ടെ വിധിവിലക്കുകൾ ബാധകമായവരിൽ പെട്ടവനല്ല. അവനു ബോധോദയമുണ്ടാകുന്നതുവരെ അവനിൽനിന്ന് വിധിവിലക്കുകളുടെ തൂലിക ഉയർത്തപ്പെടുകുകയും ചെയ്തിരിക്കുന്നു. അലി رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:
رُفِعَ الْقَلَمُ عَنْ ثَلاَثَةٍ عَنِ النَّائِمِ حَتَّى يَسْتَيْقِظَ وَعَنِ الصَّغِيرِ حَتَّى يَكْبَرَ وَعَنِ الْمَجْنُونِ حَتَّى يَعْقِلَ أَوْ يُفِيقَ
മൂന്നു വിഭാഗങ്ങളിൽനിന്നു തൂലിക ഉയർത്തപ്പെട്ടിരിക്കുന്നു. (വിധിവിലക്കുകളിൽനിന്ന് അവർ ഒഴിവാക്കപ്പെട്ടിരിക്കുന്നു) ഉറങ്ങിയവൻ ഉണരുന്നതുവരെ, കുട്ടിക്ക് പ്രായപൂർത്തി എത്തുന്നതുവരെ, ഭ്രാന്തനു ബോധോദയമുണ്ടാകുന്നതുവരെ. (ഇബ്നുമാജ:2041)
(3) പ്രായപൂർത്തിയാവുക: കുട്ടിക്ക് ഹജ്ജ് നിർബന്ധമാവുകയില്ല. കാരണം, അവൻ വിധിവിലക്കുകൾ ബാധകമായവരിൽപെട്ടവനല്ല. പ്രായപൂർത്തിയെത്തുന്നതുവരെ അവന് വിധിവിലക്കുകൾ ബാധകമല്ല. മുമ്പ് ഉദ്ധരിച്ച ഹദീസിൽ ‘കുട്ടിക്ക് പ്രായപൂർത്തി എത്തുന്നതുവരെ വിധിവിലക്കുകളിൽനിന്ന് അവൻ ഒഴിവാക്കപ്പെട്ടിരിക്കുന്നു’ എന്നു പറഞ്ഞത് നാം കണ്ടു. എന്നാൽ അവൻ ഹജ്ജു ചെയ്താൽ അവന്റെ ഹജ്ജ് ശരിയാകും. കുട്ടിക്കു വകതിരിവ് എത്തിയിട്ടില്ലെങ്കിൽ അവന്റെ രക്ഷിതാവ് അവനുവേണ്ടി നിയ്യത്തു ചെയ്യണം. ഇസ്‌ലാമിൽ ബാധകമായ ഹജ്ജായി അവന് അതു മതിയാവുകയില്ല. അതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല.
عَنِ ابْنِ عَبَّاسٍ، قَالَ رَفَعَتِ امْرَأَةٌ صَبِيًّا لَهَا فَقَالَتْ يَا رَسُولَ اللَّهِ أَلِهَذَا حَجٌّ قَالَ “ نَعَمْ وَلَكِ أَجْرٌ ” .
ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُما വിൽനിന്നു നിവേദനം:ഒരു സ്ത്രീ കുഞ്ഞിനെ ഉയർത്തി കാണിച്ചു കൊണ്ട് ചോദിച്ചു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഈ കുഞ്ഞിന് ഹജ്ജ് ചെയ്യാമോ?’ തിരുനബിﷺ പറഞ്ഞു: ‘അതെ. നിനക്ക് അതിന്റെ കൂലിയുമുണ്ട്.’ (മുസ്ലിം:1336)
قال رسول الله صلى الله عليه وسلم : أيما صبي حج ثم بلغ فعليه حجة أخرى، وأيما عبد حج ثم عتق فعليه حجة أخرى
നബിﷺ പറഞ്ഞു: ഏതൊരു കുട്ടിയാണോ ഹജ്ജു ചെയ്യുകയും ശേഷം അവനു പ്രായപൂർത്തിയാവുകയും ചെയ്യുന്നത്, അവന്റെമേൽ മറ്റൊരു ഹജ്ജുകൂടി ബാധ്യതയാണ്. ഏതൊരു അടിമയാണോ ഹജ്ജു ചെയ്യുകയും ശേഷം മോചിപ്പിക്കപ്പെടുകയും ചെയ്യുന്നത്, അവന്റെമേൽ മറ്റൊരു ഹജ്ജുകൂടി ബാധ്യതയാണ്. (അൽ ഇർവാഅ്)
(4) സ്വാതന്ത്ര്യം: അടിമക്ക് ഹജ്ജ് നിർബന്ധമാവുകയില്ല. കാരണം അവൻ യാതൊന്നും ഉടമപ്പെടുത്താത്തവനാണ്. എന്നാൽ അവൻ തന്റെ യജമാനന്റെ അനുവാദപ്രകാരമാണ് ഹജ്ജു ചെയ്യുന്നതെങ്കിൽ അതു ശരിയാകും. അടിമയായിരിക്കെ ഒരാൾ ഹജ്ജു ചെയ്യുകയും ശേഷം മോചിതനാവുകയും ഹജ്ജു നിർവഹിക്കുവാനുള്ള മാർഗം അവൻ കണ്ടെത്തുകയും ചെയ്താൽ അവന്റെമേൽ ഇസ്‌ലാമിൽ വാജിബായ ഹജ്ജു ബാധ്യതയാണ്. അടിമയായിരിക്കെ ചെയ്ത ഹജ്ജ് അവനു മതിയാവുകയില്ല. മേൽപറഞ്ഞ ഹദീസിൽ നിന്ന് അവന്റെമേൽ മറ്റൊരു ഹജ്ജു കൂടി ബാധ്യതയാണ് എന്നു നാം മനസ്സിലാക്കി.
(5) ഇസ്തിത്വാഅത്ത് (കഴിവ്):
وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا ۚ
….. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. (ഖു൪ആന്‍:3/97)
അതിനാൽ തനിക്കും താൻ ആശ്രയം നൽകേണ്ടവർക്കും മതിയായ അന്നവും തന്നെ മക്കയിലേക്ക് എത്തിക്കുകയും മക്കയിൽനിന്നു തിരിച്ചെത്തിക്കുകയും ചെയ്യുന്ന വാഹനം ഉടമപ്പെടുത്താത്തതിനാൽ സാമ്പത്തികമായി ശേഷിയില്ലാത്തവനും, വാഹന സഞ്ചാരത്തിനും യാത്രാക്ലേശം താങ്ങാനും സാധ്യമാകാത്തവിധം രോഗിയോ വാർധക്യമായവനോ ആയതിനാൽ ശാരീരിക ശേഷിയില്ലാത്തവനും കഴിവുണ്ടാകുന്നതുവരെ ഹജ്ജ് നിർബന്ധമാവുകയില്ല. അല്ലെങ്കിൽ ഒരാൾ; തനിക്കോ തന്റെ സമ്പത്തിനോ ഭയക്കുന്നതായ വഴിക്കൊള്ളക്കാരോ പകർച്ച വ്യാധികളോ മറ്റോ തന്റെ യാത്രാ വഴിയിൽ ഉള്ളതിനാൽ അതു നിർഭയത്വമുള്ളതല്ലാത്തതിനാലും സാധ്യമാകുന്നതുവരെ ഹജ്ജ് നിർബന്ധമാവുകയില്ല.
لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ۚ
അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ (വുസ്അ്) പെട്ടതല്ലാതെ ചെയ്യാൻ നിർബന്ധിക്കുകയില്ല’’ (ക്വുർആൻ 2: 286).
ഇവിടെ അല്ലാഹു പറഞ്ഞ ‘വുസ്ഇ’ൽ പെട്ടതാകുന്നു ഇസ്തിത്വാഅത്ത്.
ഹജ്ജു യാത്രയിൽ തന്നെ അനുഗമിക്കുന്ന മഹ്‌റം (വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ടവൻ) ഉണ്ടാകൽ സ്തീയുടെ ഹജ്ജിന്റെ ഇസ്തിത്വാഅത്തിൽ പെട്ടതാകുന്നു. കാരണം ഹജ്ജിനാകട്ടെ, അല്ലാത്തതിനാകട്ടെ മഹ്‌റമില്ലാതെ സ്ത്രീക്കു യാത്ര അനുവദനീയമല്ല. തിരുനബിﷺ പറഞ്ഞു:
لاَ يَحِلُّ لاِمْرَأَةٍ تُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ أَنْ تُسَافِرَ سَفَرًا يَكُونُ ثَلاَثَةَ أَيَّامٍ فَصَاعِدًا إِلاَّ وَمَعَهَا أَبُوهَا أَوِ ابْنُهَا أَوْ زَوْجُهَا أَوْ أَخُوهَا أَوْ ذُو مَحْرَمٍ مِنْهَا
പിതാവോ മകനോ ഭർത്താവോ സഹോദരനോ മഹ്‌റമായ ഒരു വ്യക്തിയോ കൂടെയില്ലാതെ മൂന്നോ അതിൽ കൂടുതലോ നാളുകളെടുക്കുന്ന ഒരു യാത്ര ചെയ്യൽ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന യാതൊരു സ്ത്രീക്കും അനുവദനീയമാവുകയില്ല. (മുസ്ലിം:1340)
ഒരു വ്യക്തിയോടുള്ള തിരുനബിﷺയുടെ പ്രതികരണവും ഇതിനു തെളിവാണ്.
فَقَالَ يَا رَسُولَ اللَّهِ إِنَّ امْرَأَتِي خَرَجَتْ حَاجَّةً وَإِنِّي اكْتُتِبْتُ فِي غَزْوَةِ كَذَا وَكَذَا . قَالَ ” انْطَلِقْ فَحُجَّ مَعَ امْرَأَتِكَ ” .
അയാൾ പറഞ്ഞു: ‘നിശ്ചയം, എന്റെ ഭാര്യ ഹജ്ജിനു പുറപ്പെട്ടിരിക്കുന്നു. ഞാനാകട്ടെ ഒരു യുദ്ധത്തിനു പേരു ചേർക്കപെട്ടിരിക്കുന്നു.’ തിരുമേനിﷺ പറഞ്ഞു: ‘നീ പോയി അവളുടെ കൂടെ ഹജ്ജു ചെയ്യുക.’ (മുസ്ലിം:1341)
സ്ത്രീ മഹ്‌റമില്ലാതെ ഹജ്ജു ചെയ്താൽ അവളുടെ ഹജ്ജ് സാധുവാകുന്നതാണ്. മഹ്‌റമില്ലാതെ യാത്ര ചെയ്തതിനാൽ അവൾ കുറ്റക്കാരിയുമാണ്.
ഉംറ; മതവിധിയും തെളിവുകളും
കഴിവുള്ളവന് ആയുസ്സിൽ ഒരുതവണ ഉംറ ചെയ്യൽ നിർബന്ധമാകുന്നു.
ﻭَﺃَﺗِﻤُّﻮا۟ ٱﻟْﺤَﺞَّ ﻭَٱﻟْﻌُﻤْﺮَﺓَ ﻟِﻠَّﻪِ ۚ
നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണ്ണമായി നിര്‍വ്വഹിക്കുക ….(ഖു൪ആന്‍:2/196)
സ്ത്രീകൾക്കു ജിഹാദ് നിർബന്ധമുണ്ടോ എന്ന് ആഇശ رضى الله عنها ചോദിച്ചപ്പോൾ തിരുനബിﷺ അവരോടു പറഞ്ഞു:
نَعَمْ عَلَيْهِنَّ جِهَادٌ لاَ قِتَالَ فِيهِ الْحَجُّ وَالْعُمْرَةُ
അതെ, അവരുടെമേൽ ജിഹാദു നിർബന്ധമാണ്. അതിൽ സായുധപ്പോരാട്ടമില്ല. ഹജ്ജും ഉംറഃയുമാണത്. (ഇബ്നുമാജ:2901)
തന്റെ പിതാവിനു ഹജ്ജിനും ഉംറക്കും യാത്രക്കും സാധിക്കുകയില്ലെന്നു നബിﷺയോടു അബൂറസീൻ رضي الله عنه പറഞ്ഞപ്പോൾ അദ്ദേഹത്തോടു തിരുമേനി പറഞ്ഞു:
حُجَّ عَنْ أَبِيكَ وَاعْتَمِرْ
താങ്കളുടെ പിതാവിനുവേണ്ടി താങ്കൾ ഹജ്ജും ഉംറഃയും ചെയ്യുക. (നസാഇ)
ഉംറയുടെ റുക്‌നുകൾ
ഉംറയുടെ റുക്‌നുകൾ മുന്നെണ്ണമാകുന്നു: ഇഹ്‌റാം, ത്വവാഫ്, സഅ്‌യ്.
ഹജ്ജിന്റെയും ഉംറയുടെയും മീക്വാത്തുകൾ
‘മീക്വാത്ത്’ എന്നതിന് ‘അതിർത്തി’ എന്നാണ് ഭാഷാർഥം. മതത്തിൽ ‘മീക്വാത്ത്’ ഇബാദത്തിനുള്ള സ്ഥലവും കാലവുമാണ്. അതിനാൽ മീക്വാത്തുകളെ സമാനിയ്യ (സമയസംബന്ധമായ മീക്വാത്ത്), മകാനിയ്യ (സ്ഥലസംബന്ധമായ മീക്വാത്ത്) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
ഹജ്ജിന്റെയും ഉംറയുടെയും മീക്വാത്തുസമാനിയ്യ:
വർഷത്തിൽ എല്ലാ സമയത്തും ഉംറ നിർവഹിക്കൽ അനുവദനീയമാകുന്നു.
ഹജ്ജിനു സുപരിചിതമായ മാസങ്ങളുണ്ട്. ഹജ്ജു കർമങ്ങളിൽ യാതൊന്നും ആ മാസങ്ങളിലല്ലാതെ ശരിയാവുകയില്ല.
ٱلْحَجُّ أَشْهُرٌ مَّعْلُومَٰتٌ
അല്ലാഹു പറഞ്ഞു: ‘ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു’ (ക്വുർആൻ 2:197).
ശവ്വാലും ദുൽക്വഅദയും ദുൽഹിജ്ജയുമാകുന്നു ഈ മാസങ്ങൾ.
ഹജ്ജിന്റെയും ഉംറയുടെയും മീക്വാത്തു മകാനിയ്യ:
ഹജ്ജു ചെയ്യുന്നവനും ഉംറ നിർവഹിക്കുന്നവനും ഇഹ്‌റാമിൽ പ്രവേശിച്ചുകൊണ്ടെല്ലാതെ വിട്ടുകടക്കൽ അനുവദനീയമല്ലാത്ത അതിർത്തികളാകുന്നു അവ. ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُما യിൽനിന്നുള്ള ഹദീസിൽ തിരുദൂതർﷺ അത് വ്യക്തമാക്കുന്നുണ്ട്: “
وَقَّتَ لأَهْلِ الْمَدِينَةِ ذَا الْحُلَيْفَةِ، وَلأَهْلِ الشَّأْمِ الْجُحْفَةَ، وَلأَهْلِ نَجْدٍ قَرْنَ الْمَنَازِلِ، وَلأَهْلِ الْيَمَنِ يَلَمْلَمَ، هُنَّ لَهُنَّ وَلِمَنْ أَتَى عَلَيْهِنَّ مِنْ غَيْرِهِنَّ، مِمَّنْ أَرَادَ الْحَجَّ وَالْعُمْرَةَ، وَمَنْ كَانَ دُونَ ذَلِكَ فَمِنْ حَيْثُ أَنْشَأَ، حَتَّى أَهْلُ مَكَّةَ مِنْ مَكَّةَ.
മദീനഃക്കാർക്ക് ദുൽഹുലയ്ഫയും സിറിയക്കാർക്കു ജുഹ്ഫയും നജ്ദുകാർക്ക് ക്വർനുൽമനാസിലും യമനുകാർക്കു യലംലമും (ഇഹ്‌റാമിൽ പ്രവേശിക്കുവാൻ) തിരുദൂതർ നിശ്ചയിച്ചുകൊടുത്തു. ഹജ്ജും ഉംറയും ഉദ്ദേശിക്കുന്ന അവിടുത്തുകാർക്കും ആ വഴിക്കു വരുന്ന അവരല്ലാത്തവർക്കും അവയാകുന്നു (ഇഹ്‌റാമിൽ പ്രവേശിക്കുവാനുള്ള മീക്വാത്തുകൾ). മീക്വാത്തുകൾക്ക് ഉള്ളിലുള്ളവൻ (ഇഹ്‌റാമിൽ പ്രവേശിക്കേണ്ടത്) അവൻ ഹജ്ജിനും ഉംറക്കും പുറപ്പെടുന്ന സ്ഥലത്തുവെച്ചാണ്. അപ്പോൾ മക്കക്കാർ ഇഹ്‌റാമിൽ പ്രവേശിക്കേണ്ടതു മക്കയിൽ വെച്ചുതന്നെ. (ബുഖാരി:1524)
വല്ലവനും ഇഹ്‌റാമിൽ പ്രവേശിക്കാതെ ഈ മീക്വാത്തുകൾ വിട്ടുകടന്നാൽ സാധ്യമെങ്കിൽ മടങ്ങൽ അവനു നിർബന്ധമാണ്. മടങ്ങുവാൻ സാധ്യമായില്ലെങ്കിൽ പ്രായച്ഛിത്തം അവനു നിർബന്ധമാണ്. പ്രായച്ഛിത്തം ഒരു ആടാകുന്നു. അതിനെ മക്കയിൽ അറുത്ത് ഹറമിലെ സാധുക്കൾക്ക് വീതിച്ചുനൽകണം.
എന്നാൽ, മീക്വാത്തുകൾക്ക് അകത്ത് താമസസ്ഥലങ്ങളുള്ളവർ അവരുടെ സ്ഥലങ്ങളിൽ വെച്ചാണ് ഇഹ്‌റാമിൽ പ്രവേശിക്കേണ്ടത്. മുകളിൽ ഉദ്ധരിച്ച ഹദീസിൽ ‘മീക്വാത്തുകൾക്കിപ്പുറമുള്ളവൻ (ഇഹ്‌റാമിൽ പ്രവേശിക്കേണ്ടത്) അവൻ ഹജ്ജിനും ഉംറക്കും പുറപ്പെടുന്ന സ്ഥത്തുവെച്ചാണ്’ എന്നു പറഞ്ഞത് നാം കണ്ടു.
ഹജ്ജിന്റെ റുക്‌നുകൾ
ഹജ്ജിന്റെ റുക്‌നുകൾ നാലാണ്:
1. ഇഹ്‌റാം:
ഹജ്ജ് നിയ്യത്താക്കലും ഉദ്ദേശിക്കലുമാണത്. കാരണം ഹജ്ജ് ഇബാദത്താകുന്നു. അതിനാൽ മുസ്‌ലിംകളുടെ ഐകകണ്‌ഠ്യേനയുള്ള അഭിപ്രായപ്രകാരം നിയ്യത്തുകൊണ്ടല്ലാതെ അതു ശരിയാവു കയില്ല. തിരുനബിﷺയുടെ വചനമാണ് ഈ വിഷയത്തിൽ അടിസ്ഥാനം. അവിടുന്ന് പറഞ്ഞു:
إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى
നിശ്ചയം, കർമങ്ങൾ നിയ്യത്തുകൾ(ഉദ്ദേശ്യങ്ങൾ)കൊണ്ടു മാത്രമാണ്. ഓരോ മനുഷ്യനുമുള്ളത് അവൻ നിയ്യത്താക്കിയതു മാത്രമാണ്…’’ (ബുഖാരി: 1)
നിയ്യത്തിന്റെ സ്ഥാനം ഹൃദയമാകുന്നു. എന്നാൽ ഹജ്ജിൽ ഏറ്റവും ശ്രേഷ്ഠമായതു താൻ ചെയ്യുവാനുദ്ദേശിക്കുന്ന ഹജ്ജുകർമത്തെ നിർണയിച്ച് അത് ഉച്ചരിക്കലാണ്. കാരണം, തിരുനബിയുടെ ചര്യയിൽ അപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്.
2. അറഫയിൽ നിൽക്കൽ:
ഇതു റുക്‌നാണെന്നതിൽ ഏകോപിച്ച അഭിപ്രായം (ഇജ്മാഅ്) ഉണ്ട്. അതിനുള്ള തെളിവ് നബിവചനമാണ്. അവിടുന്ന് പറഞ്ഞു:
الْحَجُّ عَرَفَةُ
ഹജ്ജ് അറഫയാകുന്നു. (തിര്‍മിദി:889)
അറഫയിൽ നിൽക്കുവാനുള്ള സമയം അറഫാദിനം സൂര്യൻ ആകാശമധ്യത്തിൽനിന്നു തെറ്റിയ തുമുതൽ ബലിപെരുന്നാൾ ദിവസം ഫജ്‌റിന്റെ ഉദയംവരെയാകുന്നു.
3. ത്വവാഫുസ്സിയാറ:
ഈ ത്വവാഫിനു ത്വവാഫുൽ ഇഫാദയെന്നും പേരുപറയപ്പെടും. കാരണം, അത് അറഫയിൽനിന്നുള്ള പുറപ്പാടിനു ശേഷമാകുന്നു. ത്വവാഫുൽഫറദ് എന്നും ഈ ത്വവാഫിനു പേരുണ്ട്. ഈ ത്വവാഫും റുക്‌നാണെന്നതിൽ ഇജ്മാഅ് ഉണ്ട്.
ثُمَّ لْيَقْضُوا۟ تَفَثَهُمْ وَلْيُوفُوا۟ نُذُورَهُمْ وَلْيَطَّوَّفُوا۟ بِٱلْبَيْتِ ٱلْعَتِيقِ
പിന്നെ അവര്‍ തങ്ങളുടെ അഴുക്ക് നീക്കികളയുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ. (ഖു൪ആന്‍ :22/29)
4. സ്വഫാമർവകൾക്കിടയിൽ സഅ്‌യ് നടത്തൽ:
ഇതു റുക്‌നാകുന്നു. ആഇശ رضي الله عنها യിൽനിന്നുള്ള ഹദീസാണ് അതിനുള്ള തെളിവ്.അവർ പറഞ്ഞു:
مَا أَتَمَّ اللَّهُ حَجَّ امْرِئٍ وَلاَ عُمْرَتَهُ لَمْ يَطُفْ بَيْنَ الصَّفَا وَالْمَرْوَةِ
സ്വഫാ മർവകൾക്കിടയിൽ സഅ്‌യ് ചെയ്തിട്ടില്ലാത്ത ഒരാളുടെ ഹജ്ജും ഉംറയും അല്ലാഹു പൂർത്തീകരിക്കുകയില്ല. (മുസ്ലിം:1277)
اسعوا فإن الله كتب عليكم السعي
തിരുനബിﷺ പറഞ്ഞു: നിങ്ങൾ സഅ്‌യു ചെയ്യുക. കാരണം അല്ലാഹു നിങ്ങൾക്കു സഅ്‌യ് നിർബന്ധമാക്കിയിരിക്കുന്നു. (അഹ്മദ്)
ഈ റുക്‌നുകൾ കൊണ്ടല്ലാതെ ഹജ്ജ് ശരിയാവുകയില്ല. വല്ലവനും ഇവയിൽനിന്ന് വല്ലതും ഒഴിവാക്കിയാൽ അത് എത്തിക്കുന്നതുവരെ അവന്റെ ഹജ്ജ് പരിപൂർണമാകില്ല.
ഹജ്ജിന്റെ വാജിബുകൾ
1. ഇസ്‌ലാം പരിഗണിച്ച മീക്വാത്തിൽവെച്ച് ഇഹ്‌റാമിൽ പ്രവേശിക്കൽ.
2. അറഫയിൽ പകലിൽ എത്തിയവർ രാത്രിവരേക്കും അവിടെ നിൽക്കൽ: കാരണം തിരുനബിﷺ സൂര്യൻ അസ്തമിക്കുന്നതുവരെ അറഫയിൽ നിൽക്കുകയുണ്ടായി. നബിﷺയുടെ ഹജ്ജിന്റെ രീതി വിവരിക്കുമ്പോൾ അതിനെക്കുറിച്ച് വരുന്നുണ്ട്. നബിﷺ പറഞ്ഞു:
خذوا عني مناسككم
നിങ്ങൾ നിങ്ങളുടെ ഹജ്ജുകർമങ്ങൾ എന്നിൽനിന്നു സ്വീകരിക്കുക.
3. ബലിദിനരാവിൽ (ഒമ്പതിനു രാത്രി) അർധരാത്രിയാകുന്നതിനു മുമ്പ് മുസ്ദലിഫയിൽ എത്തുവാൻ സാധിച്ചാൽ അർധരാത്രിവരെ രാപാർക്കുക. തിരുനബിﷺ അപ്രകാരം ചെയ്തിട്ടുണ്ട്.
4. അയ്യാമുത്തശ്‌രീക്വിന്റെ രാവുകളിൽ മിനയിൽ രാപാർക്കുക.
5. ക്രമപ്രകാരം ജംറകളിൽ കല്ലെറിയുക.
6. മുടി വടിക്കുക, അല്ലെങ്കിൽ മുടി വെട്ടുക:
ﻣُﺤَﻠِّﻘِﻴﻦَ ﺭُءُﻭﺳَﻜُﻢْ ﻭَﻣُﻘَﺼِّﺮِﻳﻦَ
…….തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് … (ഖു൪ആന്‍: 48/27)
നബിﷺയുടെ പ്രവൃത്തിയും കൽപനയും ആ വിഷയത്തിലുണ്ട്.
7. ആർത്തവകാരിയും പ്രസവരക്തമുള്ളവരുമല്ലാത്തവർക്കു ത്വവാഫുൽവദാഅ്.
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ أُمِرَ النَّاسُ أَنْ يَكُونَ آخِرُ عَهْدِهِمْ بِالْبَيْتِ، إِلاَّ أَنَّهُ خُفِّفَ عَنِ الْحَائِضِ.
ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُما പറയുന്നു: ഹാജിമാരുടെ അവസാനത്തെ കർമം കഅ്ബയെ ത്വവാഫു ചെയ്യലാകണമെന്ന് അനുശാസിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഋതുമതികളായ സ്ത്രീകൾക്ക് ഇതിൽ ഇളവ് അനുവദിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി:1755)
വല്ലവനും ഈ വാജിബുകളിൽ വല്ലതും ബോധപൂർവമോ അല്ലെങ്കിൽ മറന്നുകൊണ്ടോ ഉപേക്ഷിച്ചാൽ ഒരു മൃഗബലി പ്രായച്ഛിത്തമായി നൽകി അതു പരിഹരിക്കുകയാണു വേണ്ടത്. അയാളുടെ ഹജ്ജ് സാധുവാകും. ഇബ്‌നുഅബ്ബാസ് رضى الله عنهما ഇപ്രകാരം പറഞ്ഞിട്ടുണ്ട്:
مَنْ نَسِيَ مِنْ نُسُكِهِ شَيْئًا أَوْ تَرَكَهُ فَلْيُهْرِقْ دَمًا
വല്ലവനും തന്റെ ഹജ്ജുകർമത്തിൽനിന്ന് വല്ലതും മറക്കുകയോ അല്ലെങ്കിൽ ഉപേക്ഷിക്കുകയോ ചെയ്താൽ അവൻ മൃഗബലിനടത്തി പ്രായച്ഛിത്തം ചെയ്യട്ടെ. (ദാറഖുത്നി, ബൈഹഖി)
ഹജ്ജിന്റെ സുന്നത്തുകൾ
ഉപരിയിൽ പറഞ്ഞതല്ലാത്ത കർമങ്ങളെല്ലാം സുന്നത്താകുന്നു. ഈ സുന്നത്തുകളിൽ പ്രധാനപെട്ടവ:
1. ഇഹ്‌റാമിനുവേണ്ടി കുളിക്കുക, സുഗന്ധം പൂശുക, വെളുത്ത രണ്ടു വസ്ത്രങ്ങൾ ധരിക്കുക.
2. നഖം വെട്ടുക, ഗുഹ്യരോമവും കക്ഷരോമവും നീക്കുക, മീശവെട്ടുക.
3. മുഫ്‌രിദും ക്വാരിനും ത്വവാഫുൽക്വുദൂം നിർവഹിക്കുക.
4. ത്വവാഫുൽക്വുദൂമിലെ മൂന്നു ചുറ്റുകളിൽ റമലു നടത്തം (കാലുകൾ അടുപ്പിച്ചുവെച്ച് ധൃതിയിലുള്ള നടത്തം).
5. ത്വവാഫുൽക്വുദൂമിൽ ഇദ്ത്വിബാഅ്. മേൽമുണ്ടിന്റെ മധ്യഭാഗം വലത്തെ ചുമലിനു താഴെയും അതിന്റെ രണ്ടറ്റങ്ങൾ ഇടത്തെ ചുമലിനു മീതെയും ആക്കുന്നതിനാണ് ഇദ്ത്വിബാഅ് എന്നു പറയുന്നത്.
6. അറഫാരാവിൽ (ദുൽഹിജ്ജ എട്ടിന്) മിനയിൽ രാപാർക്കൽ.
7. ഇഹ്‌റാമിൽ പ്രവേശിച്ചതു മുതൽ ജംറത്തുൽ അക്വബയിൽ എറിയുന്നതുവരെ തൽബിയ്യത്തു ചൊല്ലൽ.
8. മുസ്ദലിഫയിൽ മഗ്‌രിബും ഇശായും ജംആക്കി നമസ്‌കരിക്കൽ.
9. ഫജ്‌റിന്റെ ഉദയം മുതൽ സൂര്യോദയം വരെ മുസ്ദലിഫയിൽ മശ്അറുൽഹറാമിന്നടുത്ത് നിൽക്കൽ. സൗകര്യപ്പെട്ടെങ്കിലാണ് മശ്അറുൽഹറാമിന്നടുത്ത് നിൽക്കേണ്ടത്. അതിനായില്ലെങ്കിൽ മുസ്ദലിഫ മുഴുവനും നിൽക്കുവാനുള്ള സ്ഥലമാണ്.
ഇഹ്‌റാമിലെ നിഷിദ്ധങ്ങൾ, ഫിദ്‌യകൾ, ഹദ്‌യുകൾ
ഇഹ്‌റാംകൊണ്ടു നിഷിദ്ധമായവ: ഇഹ്‌റാമിൽ പ്രവേശിച്ചവനു ചെയ്യുവാൻ മതപരമായി പാടില്ലാത്ത കാര്യങ്ങളാണിവ. അവ ഒമ്പതെണ്ണമാകുന്നു:
1. തുന്നിയ വസ്ത്രം ധരിക്കൽ: കുപ്പായം, സിർവാൽ (കാൽശരായി) തുടങ്ങിയ, ശരീരത്തിന്റെയോ ശരീരാവയവങ്ങളുടെയോ വലിപ്പത്തിൽ തുന്നപ്പെട്ടതാണ് ഉദ്ദേശ്യം. എന്നാൽ ഉടുതുണിയില്ലാത്തവനു സിർവാൽ ധരിക്കാവുന്നതാണ്. ഇതു പുരുഷന്മാർക്കു പ്രത്യേകം നിഷിദ്ധമായതാണ്. എന്നാൽ സ്ത്രീക്ക് നിക്വാബും കയ്യുറകളുമൊഴിച്ച് അവളുദ്ദേശിക്കുന്ന വസ്ത്രം ധരിക്കാം. അതിന്റെ വിവരണം വഴിയെ വരുന്നുണ്ട്.
2. ശരീരത്തിലും വസ്ത്രത്തിലും സുഗന്ധം ഉപയോഗിക്കൽ: ഇപ്രകാരമാണ് സുഗന്ധം മനഃപൂർവം വാസനിക്കലും. സസ്യലതാതികളിൽ സുഗന്ധമായതു മണക്കുന്നത് അനുവദനീയമാകുന്നു. സുഗന്ധമില്ലാത്ത സുറുമ ഉപയോഗിക്കാവുന്നതാണ്.
3. മുടിയോ നഖമോ നീക്കൽ: പുരുഷനായാലും സ്ത്രീയായാലും ശരി. സാവകാശത്തിൽ തലകഴുകുന്നത് അനുവദനീയമാകുന്നു. നഖം മുറിഞ്ഞുപോയാൽ അത് എടുത്തുകളയലും അനുവദനീയമാകുന്നു.
4. പുരുഷൻ തല മറയ്ക്കൽ: തലയോടു ചേർന്നു നിൽക്കുന്നവകൊണ്ടു മറക്കലാണ് നിഷിദ്ധം. ടെന്റ്, മരം പോലുള്ളതിൽ തണൽകൊള്ളാവുന്നതാണ്. ഇഹ്‌റാമിൽ പ്രവേശിച്ചവന് ആവശ്യമെങ്കിൽ കുടചൂടി തണൽകൊള്ളാവുന്നതാണ്. നിക്വാബ്, ബുർക്വ പോലെ മുഖത്തിന്റെ വലിപ്പത്തിൽ തയ്യാറാക്കപ്പെട്ട വസ്ത്രങ്ങൾകൊണ്ട് മുഖം മറയ്ക്കൽ സ്ത്രീകൾക്കു പാടില്ല. കയ്യുറകൾ ധരിക്കുവാനും അവൾക്കു പാടില്ല. സ്ത്രീകൾക്കിണങ്ങിയ വസ്ത്രങ്ങളിൽനിന്ന് വേണ്ടത് അവൾക്ക് അണിയാവുന്നതാണ്.
അറിവില്ലായ്മ നിമിത്തമോ മറന്നുകൊണ്ടോ നിർബന്ധിതനായോ വല്ലവനും സുഗന്ധമുപയോഗിക്കുകയോ തലമറക്കുകയോ തുന്നിയ വസ്ത്രം ധരിക്കുകയോ ചെയ്താൽ അവനു കുറ്റമോ പ്രായച്ഛിത്തമോ ഇല്ല. നബിﷺ പറഞ്ഞു:
عفي لأمتي عن الخطأ، والنسيان، وما استكرهوا عليه
മറന്നുകൊണ്ടോ അബദ്ധത്തിലോ നിർബന്ധിതരായിട്ടോ എന്റെ ഉമ്മത്ത് ചെയ്യുന്ന കാര്യങ്ങളിൽ അല്ലാഹു വിട്ടുവീഴ്ച ചെയ്തിരിക്കുന്നു.
എന്നാൽ എപ്പോഴാണോ അറിവില്ലാത്തവൻ അറിയുകയും മറന്നവൻ ഓർക്കുകയും നിർബന്ധിതന്റെ നിർബന്ധാവസ്ഥ നീങ്ങുകയും ചെയ്യുന്നത് ഉടനടി നിഷിദ്ധമായത് തുടരുന്നത് അവസാനിപ്പിക്കൽ അവന്റെ ബാധ്യതയാണ്.
5. വിവാഹം ചെയ്യലും വിവാഹം ചെയ്തു കൊടുക്കലും.
6. ഗുഹ്യസ്ഥാനങ്ങളിൽ സംഭോഗം: ഹജ്ജിൽനിന്നുള്ള ഒന്നാം തഹല്ലുലി(വിരാമത്തി)നു ശേഷമാണ് സംയോഗമെങ്കിൽ അതു ഹജ്ജിനെ നഷ്ടപ്പെടുത്തും; അറഫയിൽ നിന്നതിനു ശേഷമാണ് അതെങ്കിലും ശരി.
7. സഹശയനം: ലൈംഗികവേഴ്ചയില്ലാതെയുള്ള ശൃംഗാരങ്ങൾ ഹജ്ജിനെ അസാധുവാക്കുകയില്ല. ഇപ്രകാരം ചുംബനവും സ്പർശനവും വികാരത്തോടെയുള്ള നോട്ടവും ഇഹ്‌റാമിൽ പാടില്ല.
8. കരയിലെ വേട്ടജന്തുക്കളെ കൊല്ലലും നായാട്ടും: ഹറമിൽവെച്ചും ഹറമിനു പുറത്തുവെച്ചും ഇഹ്‌റാമിൽ പ്രവേശിച്ചവനോടും അല്ലാത്തവനോടും കൊല്ലുവാൻ തിരുനബിﷺ കൽപിച്ച ഉപദ്രവജന്തുക്കളെ വധിക്കുന്നത് അനുവദനീയമാകുന്നു. കാക്ക, എലി, തേൾ, പരുന്ത്, പാമ്പ്, പേപ്പട്ടി എന്നിവയാകുന്നു അവ. ചൂണ്ടിക്കാണിച്ചോ മറ്റോ കരയിലെ വേട്ടജന്തുക്കളെ കൊല്ലുവാൻ സഹായിക്കുവാനോ താൻ കാരണം വേട്ടയാടിപ്പിടിച്ചത് തിന്നുവാനോ മുഹ്‌രിമിന് അനുവാദമില്ല.
9. ഇഹ്‌റാമിൽ പ്രവേശിച്ചവന്നും അല്ലാത്തവന്നും ഹറമിൽ വളരുന്ന ഉപദ്രവകരമല്ലാത്ത മരങ്ങളും സസ്യലതാതികളും മുറിക്കൽ അനുവദനീയമല്ല. വഴിയിലുള്ള ഉപദ്രവകരമായ കൊമ്പുകൾ മുറിക്കൽ അനുവദനീയമാകുന്നു. ഹറമിലെ വൃക്ഷങ്ങളിൽനിന്ന് ഇദ്ഖിറും (ഒരുതരം പുല്ല്) മനുഷ്യർ നട്ടുവളർത്തുന്നതും ഒഴിവാണെന്നതിൽ പണ്ഡിതന്മാരുടെ ഇജ്മാഉണ്ട്.
ഇഹ്‌റാമിൽ നിഷിദ്ധമായതു ചെയ്താലുള്ള ഫിദ്‌യ
മുടിനീക്കുക, നഖം മുറിക്കുക, തുന്നിയതു ധരിക്കുക, സുഗന്ധം ഉപയോഗിക്കുക, തലമറയ്ക്കുക, വികാരനോട്ടത്തിലൂടെയുള്ള ബീജസ്ഖലനം, ബീജസ്ഖലനമുണ്ടാകാത്തവിധമുള്ള സഹശയനം എന്നിവയ്ക്കുള്ള ഫിദ്‌യയായി താഴെ പറയുന്ന മൂന്നിനങ്ങളിൽ ഒന്നു തെരഞ്ഞെടുക്കാവുന്നതാണ്.
1. മൂന്നു ദിവസം വ്രതമനുഷ്ഠിക്കുക.
2. ആറ് അഗതികൾക്ക് അന്നം കൊടുക്കുക.
3. ഒരു ആടിനെ ബലിയറുക്കുക.
തലയിലെ ഈരും പേനും ശല്യമുണ്ടാക്കിയപ്പോൾ കഅ്ബ് ഇബ്‌നു ഉജറ رضى الله عنه വിനോട് തിരുനബിﷺ പറഞ്ഞു:
احلق رأسك ، وصم ثلاثة أيام ، أو أطعم ستة مساكين ، أو انسك بشاة .
താങ്കൾ തലമുടി വടിക്കുക. മൂന്നുദിവസം നോമ്പെടുക്കുകയോ ആറ് അഗതികൾക്ക് അന്നം കൊടുക്കുകയോ ഒരു ആടിനെ അറുക്കുകയോ ചെയ്യുക. (ബുഖാരി, മുസ്ലിം)
മറ്റു ഏർപ്പാടുകൾ മുടിയെടുക്കുന്നതിനോട് ക്വിയാസ് (സാധർമ്യം) ചെയ്യപ്പെട്ടിരിക്കുന്നു. കാരണം അവ ഇഹ്‌റാംകൊണ്ടു നിഷിദ്ധമാക്കപ്പെട്ടവയാകുന്നു. അവ ഹജ്ജിനെ നഷ്ടപ്പെടുത്തുകയുമില്ല.
എന്നാൽ, വേട്ടജന്തുക്കളെ കൊന്നാൽ താൻ കൊന്നുകളഞ്ഞതിനു തുല്യമായ ഒരു കാലിയെ (ആട്, മാട്, ഒട്ടകം) ബലിയറുക്കുക. അല്ലെങ്കിൽ ആ കാലിക്ക് കൊന്നുകളഞ്ഞ സ്ഥലത്തുവെച്ച് വിലകെട്ടി പ്രസ്തുത വിലക്കു ഫിത്വ്ർ സകാത്തിനു മതിയാകുന്ന തരത്തിലുള്ള ഭക്ഷണം വാങ്ങി, ഗോതമ്പിൽനിന്ന് ഒരു മുദ്ദ് അല്ലെങ്കിൽ കാരക്ക, ബാർലി പോലുള്ളതിൽനിന്ന് അര സ്വാഅ് എന്ന അനുപാതത്തിൽ ഓരോ അഗതിക്കും അന്നം കൊടുക്കക. അതുമല്ലെങ്കിൽ ഓരോ അഗതിക്കും അന്നം കൊടുക്കുന്ന സ്ഥാനത്ത് ഓരോ ദിവസം നോമ്പനുഷ്ഠിക്കുക. വേട്ടമൃഗത്തെ കൊന്നവനു ഇവയിലൊന്ന് തെരഞ്ഞെടുക്കാവുന്നതാണ്.
وَمَن قَتَلَهُۥ مِنكُم مُّتَعَمِّدًا فَجَزَآءٌ مِّثْلُ مَا قَتَلَ مِنَ ٱلنَّعَمِ يَحْكُمُ بِهِۦ ذَوَا عَدْلٍ مِّنكُمْ هَدْيَۢا بَٰلِغَ ٱلْكَعْبَةِ أَوْ كَفَّٰرَةٌ طَعَامُ مَسَٰكِينَ أَوْ عَدْلُ ذَٰلِكَ صِيَامًا
നിങ്ങളിലൊരാൾ മനഃപൂർവം അതിനെ കൊല്ലുന്നപക്ഷം, അവൻ കൊന്നതിന് തുല്യമെന്ന് നിങ്ങളിൽ രണ്ടുപേർ തീർപ്പുകൽപിക്കുന്ന കാലിയെ (അഥവാ കാലികളെ) കഅ്ബത്തിങ്കൽ എത്തിച്ചേരേണ്ട ബലിമൃഗമായി നൽകേണ്ടതാണ്. അല്ലെങ്കിൽ പ്രായച്ഛിത്തമായി ഏതാനും അഗതികൾക്ക് ആഹാരം നൽകുകയോ, അല്ലെങ്കിൽ അതിന് തുല്യമായി നോമ്പെടുക്കുകയോ ചെയ്യേണ്ടതാണ്’’ (ഖു൪ആന്‍:5/95)
ഇഹ്‌റാമിൽ പ്രവേശിച്ചവൻ ഹജ്ജിലെ ഒന്നാം വിരാമത്തിനു മുമ്പ് സംഭോഗത്തിലേർപ്പെട്ടാൽ അറിവില്ലായ്മ നിമിത്തമോ മറന്നുകൊണ്ടോ നിർബന്ധിതനായോ ആയിരുന്നാലും ശരി അത് ഹജ്ജിനെ നഷ്ടപ്പെടുത്തും. അതിൽ ഒരു ഒട്ടകത്തെ പ്രായച്ഛിത്തമായി നൽകൽ നിർബന്ധമാകുകയും ചെയ്യും. എന്നാൽ ഒന്നാം വിരാമത്തിനു ശേഷമാണ് ലൈംഗികബന്ധമെങ്കിൽ അത് ഹജ്ജിനെ നഷ്ടപ്പെടുത്തുകയില്ല. അതിൽ ഒരു ആടിനെ പ്രായച്ഛിത്തമായി നൽകൽ നിർബന്ധമാകുന്നു.
സഹശയനം, മുഷ്ടിമൈഥുനം, ചുംബനം, വികാരപൂർവമുള്ള സ്പർശനം, ആവർത്തിച്ചുള്ള നോട്ടം എന്നിവയാൽ ബീജം സ്ഖലിപ്പിക്കൽ ഹറാമാകുന്നു. എന്നാൽ അത് ഹജ്ജിനെ അസാധുവാക്കില്ല. ഒന്നാം വിരാമത്തിനു മുമ്പാണ് അതു സംഭവിച്ചതെങ്കിൽ ഒരു ബലിമൃഗത്തെ പ്രായച്ഛിത്തമായി നൽകൽ നിർബന്ധമാണ്. വിവാഹബന്ധത്തിൽ പ്രായച്ഛിത്തം നിർബന്ധമില്ല. എന്നാൽ വിവാഹം അസാധുവാകുന്നതാണ്.
മനുഷ്യർ നട്ടുവളർത്തിയതല്ലാത്ത, ഹറമിൽ മുളച്ചുവളർന്ന വൃക്ഷങ്ങൾ മുറിച്ചാൽ ചെറിയ മരങ്ങൾക്ക് ഒരു ആടും അതിനെക്കാൾ ഉയരമുള്ള മരങ്ങൾക്ക് ഒരു പശുവും ബാധ്യതയാകുന്നു. വലുപ്പച്ചെറുപ്പമളക്കേണ്ടത് നാട്ടുപതിവനുസരിച്ചാണ്. ചെടികളും ഇലയും വില നിശ്ചയിക്കപ്പെടുന്നവയാകയാൽ അവ മുറിച്ചാൽ വില നൽകലും ബാധ്യതയാണ്. നിഷിദ്ധമായതു ചെയ്തവൻ ബോധപൂർവം ചെയ്‌തെങ്കിലാണ് ഇതെല്ലാം. എന്നാൽ അറിവില്ലായ്മയാലോ മറന്നോ ചെയ്തുപോയതിൽ യാതൊന്നുമില്ല.
ഹദ്‌യും വിധികളും
അല്ലാഹുവിലേക്ക് അടുക്കുവാനെന്നോണം ആട്, മാട്, ഒട്ടകം എന്നീ കാലിവർഗങ്ങളിൽനിന്ന് ബലിയറുക്കുവാൻ വിശുദ്ധ മക്കയിലേക്ക് നയിക്കപ്പെടുന്നതാണ് ഹദ്‌യ്.
ഹദ്‌യിന്റെ ഇനങ്ങൾ
1.തമത്തുഅ്, ക്വിറാൻ എന്നീ ഹജ്ജുകർമങ്ങൾക്കുള്ള ഹദ്‌യ്
ഹറമിന്റെ പരിസരവാസികളെല്ലാത്തവർ ക്കെല്ലാം ഇതു നിർബന്ധമാണ്. ഇതു ബലിയാകുന്നു. ഹജ്ജിലെ പോരായ്മകളും വീഴ്ചകളും പരിഹരിക്കുവാനുള്ള പ്രായച്ഛിത്തമല്ല.
فَمَن تَمَتَّعَ بِٱلْعُمْرَةِ إِلَى ٱلْحَجِّ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ
അപ്പോൾ ഒരാൾ ഉംറ നിർവഹിച്ചിട്ട് ഹജ്ജുവരെ സുഖമെടുക്കുന്നപക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലികഴിക്കേണ്ടതാണ്) (ഖു൪ആന്‍:2/196)
ബലിമൃഗത്തെയോ അതിന്റെ തുകയോ ലഭിക്കാതിരുന്നാൽ ഹജ്ജുവേളയിൽ മൂന്നു നോമ്പനുഷ്ഠിക്കണം. അവ അയ്യാമുത്തശ്‌രീക്വിൽ അനുഷ്ഠിക്കലും നാട്ടിൽ തിരിച്ചെത്തിയാൽ ഏഴു നോമ്പുകളനുഷ്ഠിക്കലും അനുവദനീയമാകുന്നു. അല്ലാഹു പറഞ്ഞു:
فَمَن لَّمْ يَجِدْ فَصِيَامُ ثَلَٰثَةِ أَيَّامٍ فِى ٱلْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ
ഇനി ആർക്കെങ്കിലും അത് കിട്ടാത്ത പക്ഷം ഹജ്ജിനിടയിൽ മൂന്നു ദിവസവും നിങ്ങൾ (നാട്ടിൽ) തിരിച്ചെത്തിയിട്ട് ഏഴു ദിവസവും നോമ്പനുഷ്ഠിക്കേണ്ടതാണ്. (ഖു൪ആന്‍:2/196)
തമത്തുഅ്, ക്വിറാൻ എന്നിവയിലുള്ള ഹദ്‌യിൽനിന്ന് ഭക്ഷിക്കൽ ഹാജിക്ക് സുന്നത്താണ്.
فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْقَانِعَ وَٱلْمُعْتَرَّ
അവയിൽനിന്നെടുത്ത് നിങ്ങൾ ഭക്ഷിക്കുകയും (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങൾ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക. (ഖു൪ആന്‍:22/36)
2. ഹദ്‌യു ജുബ്‌റാൻ
ഹജ്ജിന്റെ വാജിബുകളിൽ വല്ലതും ഉപേക്ഷിച്ചതിനോ ഇഹ്‌റാമിലെ നിഷിദ്ധങ്ങളിൽ വല്ലതും ചെയ്തതിനോ, ഉപരോധിക്കുവാനുള്ള കാരണമുണ്ടായതിനാൽ ഹജ്ജു ചെയ്യുന്നതിൽനിന്നു തടയപ്പെട്ടതിനാലോ നിർബന്ധമായും നൽകേണ്ട ഫിദ്‌യയാകുന്ന ബലിയാകുന്നു അത്.
فَإِنْ أُحْصِرْتُمْ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ
നിങ്ങൾക്ക് (ഹജ്ജ് നിർവഹിക്കുന്നതിന്) തടസ്സം സൃഷ്ടിക്കപ്പെട്ടാൽ നിങ്ങൾക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയർപ്പിക്കേണ്ടതാണ്) (ഖു൪ആന്‍:2/196)
ഇബ്‌നുഅബ്ബാസ് رضى الله عنهما ഇപ്രകാരം പറഞ്ഞു:
مَنْ نَسِيَ مِنْ نُسُكِهِ شَيْئًا أَوْ تَرَكَهُ فَلْيُهْرِقْ دَمًا
വല്ലവനും തന്റെ ഹജ്ജ് കർമത്തിൽനിന്നു വല്ലതും മറക്കുകയോ അല്ലെങ്കിൽ ഉപേക്ഷിക്കുകയോ ചെയ്താൽ അവൻ മൃഗബലിനടത്തി പ്രായച്ഛിത്തം നൽകട്ടെ. (ബൈഹഖി)
ഈയിനം ബലിയിൽനിന്നു തീർഥാടകൻ ഭക്ഷിക്കൽ അനുവദനീയമല്ല. പ്രത്യുത അതു ഹറമിലെ അഗതികൾക്കു ധർമം ചെയ്യുകയാണു വേണ്ടത്.
3. ഹദ്‌യു തത്വവ്വുഅ്
തിരുനബി ﷺയുടെ ചര്യയെ അനുധാവനം ചെയ്തുകൊണ്ട് എല്ലാ ഹാജിമാർക്കും ഉംറക്കാർക്കും സുന്നത്തായുള്ള അറവാണത്. തിരുമേനിﷺ ഹജ്ജത്തുൽവദാഇൽ നൂറ് ഒട്ടകങ്ങളെ ബലിയായി സമർപ്പിക്കുകയുണ്ടായി. അതിൻനിന്നു ഭക്ഷിക്കൽ സുന്നത്താണ്. കാരണം, തിരുനബി ഓരോ ഒട്ടകത്തിൽനിന്നും മാംസക്കഷ്ണമെടുക്കുവാൻ കൽപിച്ചു. അതു പാചകം ചെയ്യപ്പെടുകയും അതിൽനിന്നു ഭക്ഷിക്കുകയും അതിന്റെ കറി കുടിക്കുകയും ചെയ്തു.
ഇഹ്‌റാമിൽ പ്രവേശിക്കാത്തവനും പുണ്യമുദ്ദേശിച്ചുകൊണ്ട് ബലിയറുക്കുവാൻ ബലിമൃഗങ്ങളെ മക്കയിലേക്ക് അയക്കൽ അനുവദനീയമാകുന്നു. ഇഹ്‌റാമിൽ പ്രവേശിച്ചവനു പാടില്ലാത്ത കാര്യങ്ങൾ അവനു നിഷിദ്ധമാവുകയില്ല.
4. ഹദ്‌യുന്നദ്ർ
കഅ്ബത്തിങ്കൽ അല്ലാഹുവിലേക്കുള്ള ബലിയെന്നോണം ഹാജി നേർച്ചനേരുന്ന താണത്. ഈ നേർച്ച പൂർത്തീകരിക്കൽ നിർബന്ധമാകുന്നു.
ثُمَّ لْيَقْضُوا۟ تَفَثَهُمْ وَلْيُوفُوا۟ نُذُورَهُمْ
പിന്നെ അവർ തങ്ങളുടെ അഴുക്കുനീക്കികളയുകയും തങ്ങളുടെ നേർച്ചകൾ നിറവേറ്റുകയും ചെയ്തുകൊള്ളട്ടെ. (ഖു൪ആന്‍:22/29)
ഇതിൽനിന്ന് നേർച്ചയാക്കിയവൻ ഭക്ഷിക്കൽ അനുവദനീയമല്ല.
ബലിയറുക്കേണ്ട സമയം
ബലിപെരുന്നാൾ ദിനം പെരുന്നാൾ നമസ്‌കാരത്തോടെ തമത്തുഅ്, ക്വിറാൻ എന്നിവയിലുള്ള ഹദ്‌യ് അറുക്കേണ്ട സമയം തുടങ്ങുന്നു. അയ്യാമുത്തശ്‌രീക്വിന്റെ നാളുകളുടെ അവസാനംവരെ പ്രസ്തുത സമയം നീണ്ടുനിൽക്കുന്നു.
മുടി നീക്കുക, നഖം മുറിക്കുക, തുന്നിയതു ധരിക്കുക പോലെ ഇഹ്‌റാമിലെ നിഷിദ്ധങ്ങളിൽ വല്ലതും ചെയ്തതിനുള്ള പ്രായച്ഛിത്തബലി അതു പ്രവർത്തിച്ച സമയം മുതലാണ്. ഇപ്രകാരമാണ് ഹജ്ജിന്റെ വല്ല വാജിബും ഉപേക്ഷിച്ചതിനുള്ള ഫിദ്‌യയും. എന്നാൽ ഹജ്ജുചെയ്യുന്നതിൽനിന്നു തടയപ്പെട്ടതി നാലുള്ള ബലി നൽകേണ്ടത് ഉപരോധത്തിന്റെ കാരണം സംജാതമാകുമ്പോഴാണ്. ഒരു ആടാണ് പ്രസ്തുത ബലി. അല്ലെങ്കിൽ ഒരു പശുവിന്റെയോ ഒരു ഒട്ടകത്തിന്റെയോ ഏഴിലൊന്നു ഭാഗം.
فَإِنْ أُحْصِرْتُمْ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ
നിങ്ങൾക്ക് (ഹജ്ജ് നിർവഹിക്കുന്നതിന്) തടസ്സം സൃഷ്ടിക്കപ്പെട്ടാൽ നിങ്ങൾക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയർപ്പിക്കേണ്ടതാണ്) (ഖു൪ആന്‍:2/196)
ബലിയറുക്കേണ്ട സ്ഥലം
തമത്തുഅ്, ക്വിറാൻ എന്നിവയിലുള്ള ഹദ്‌യ് മിനയിൽവെച്ച് അറുക്കൽ സുന്നത്താകുന്നു. ഹറമിന്റെ ഏത് ഭാഗത്തുവെച്ച് അറുത്താലും അതു മതിയാകുന്നതാണ്. ഹജ്ജിന്റെ വല്ല വാജിബും ഉപേക്ഷിച്ചതിനുള്ള ഫിദ്‌യയും ഇഹ്‌റാമിലെ നിഷിദ്ധങ്ങളിൽ വല്ലതും ചെയ്തതിനുള്ള ഫിദ്‌യയും ഹറമിൽവെച്ചാണ് അറുക്കപ്പെടേണ്ടത്; ഉപരോധത്തിന്റെ ഹദ്‌യ് ഒഴികെ. അത് ഉപരോധം നടന്ന സ്ഥലത്താണ് അറുക്കേണ്ടത്. എന്നാൽ നോമ്പ് എല്ലായിടത്തുവെച്ചും മതിയാകുന്നതാണ്. ഹജ്ജിന്റെ നാളുകളിൽ മൂന്നു ദിവസവും നാട്ടിലേക്കു മടങ്ങിയാൽ ഏഴു ദിവസവും നോമ്പെടുക്കലാണ് സുന്നത്ത്.
فَإِذَآ أَمِنتُمْ فَمَن تَمَتَّعَ بِٱلْعُمْرَةِ إِلَى ٱلْحَجِّ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۚ فَمَن لَّمْ يَجِدْ فَصِيَامُ ثَلَٰثَةِ أَيَّامٍ فِى ٱلْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌ كَامِلَةٌ
ഇനി നിങ്ങൾ നിർഭയാവസ്ഥയിലാണെങ്കിലോ, അപ്പോൾ ഒരാൾ ഉംറ നിർവഹിച്ചിട്ട് ഹജ്ജുവരെ സുഖമെടു ക്കുന്നപക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയിൽ ബലികഴിക്കേണ്ടതാണ്). ഇനി ആർക്കെങ്കിലും അതു കിട്ടാത്തപക്ഷം ഹജ്ജിനിടയിൽ മൂന്നു ദിവസവും, നിങ്ങൾ(നാട്ടിൽ) തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേർത്ത് ആകെ പത്തു ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. (ഖു൪ആന്‍:2/196)
ഹാജി സ്വന്തമായി അറുക്കൽ സുന്നത്താകുന്നു. അറുക്കുവാൻ മറ്റൊരാളെ പകരമേൽപിച്ചാൽ അതു കൊണ്ടു കുഴപ്പമില്ല. അറുക്കുമ്പോൾ, ‘അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവേ, ഇതു നിന്നിൽനിന്നാകുന്നു. നിനക്കുമാകുന്നു’ എന്നു ചൊല്ലൽ സുന്നത്താകുന്നു.
ഹദ്‌യിന്റെ നിബന്ധനകൾ
ഹദ്‌യിന്റെത് ഉദ്ഹിയ്യയുടെ അതേ ശർത്വുകളാകുന്നു:
1. അത് കാലികളിൽ (ആട്, മാട്, ഒട്ടകം) പെട്ടതായിരിക്കണം.
2. ബലിക്കു പര്യാപ്തമാകുന്നതിനു തടസ്സമാകുന്ന രോഗം, അന്ധത, മുടന്ത്, മെലിച്ചിൽ പോലുള്ള ന്യൂനതകളിൽനിന്ന് മുക്തമായിരിക്കണം.
3. നിയമമാക്കപ്പെട്ട വയസ്സ് അതിനു തികഞ്ഞിരിക്കണം. ഒട്ടകത്തിന് അഞ്ചു വയസ്സും പശുവിനു രണ്ടു വയസ്സും കോലാടിന് ആറ് മാസവും ചെമ്മരിയാടിന് ഒരു വയസ്സുമാണ് പ്രായം.
ഹജ്ജിന്റെയും ഉംറയുടെയും രൂപം
ജാബിര്‍ رضى الله عنه വിൽ നിന്നുള്ള പ്രസിദ്ധമായ ഹദീസിനാകുന്നു ഹജ്ജിന്റെ രീതി വിവരിക്കുന്നതിൽ പണ്ഡിതന്മാരുടെ അടുക്കൽ അടിസ്ഥാനം. തിരുനബി ﷺയിൽ നിന്നു വന്ന സ്വഹീഹായ നിവേദനങ്ങളെ നാം പരിശോധിക്കുകയും താഴെ വരുന്ന സംക്ഷിപ്തരൂപം അവയിൽനിന്നു നമുക്ക് ലഭിക്കുകയും ചെയ്തു.
തീർഥാടകൻ മീക്വാത്തിലേക്ക് എത്തിയാൽ കുളിക്കലും കക്ഷരോമം, ഗുഹ്യരോമം, മീശ, എടുക്കൽ അനുവദനീയമായതും ആവശ്യമായതുമായ മറ്റു രോമങ്ങൾ എന്നിവ നീക്കലും നഖം വെട്ടലും സുന്നത്താകുന്നു. പുരുഷൻ തുന്നിയ വസ്ത്രങ്ങളിൽനിന്ന് ഒഴിവാകുകയും കർമത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയ്യത്തിനു മുമ്പായി ശരീരത്തിൽ സുഗന്ധം പൂശുകയും ചെയ്യുക. പുരുഷൻ വൃത്തിയുള്ളതും വെളുത്തതുമായ ഒരു ഉടുമുണ്ടും ഒരു മേൽമുണ്ടും ധരിക്കുകയും സ്ത്രീ താനുദ്ദേശിക്കുന്ന വസ്ത്രത്തിൽ ഇഹ്‌റാമിൽ പ്രവേശിക്കുകയും ചെയ്യുക. പുരുഷൻ മേൽമുണ്ടുകൊണ്ട് തന്റെ ഇരുചുമലുകൾ മറയ്ക്കുകയും താനുദ്ദേശിക്കുന്ന കർമം പ്രഖ്യാപിക്കുകയും ചെയ്യുക. തന്റെ വാഹനത്തിൽ കയറിയ ശേഷം ഈ പ്രഖ്യാപനം നടത്തലാണ് ഏറ്റവും ഉത്തമം. രോഗം, വഴിക്കൊള്ള പോലുള്ളതു കാരണത്താൽ തന്റെ കർമത്തെ പൂർത്തീകരിക്കുന്നതിനു തടസ്സമാകുന്ന വല്ല വിഘ്‌നവും ഇഹ്‌റാമിൽ പ്രവേശിക്കുന്നവൻ ഭയക്കുകയായാൽ അവൻ ഉപാധിവെക്കട്ടെ. അഥവാ ‘അല്ലാഹുവേ, എവിടെ വെച്ച് നീ എന്നെ തടയുന്നുവോ ഞാൻ അവിടെ വെച്ചു ഇഹ്‌റാമിൽനിന്ന് വിരമിക്കുന്നതാണ്’ എന്നു ഉപാധിവെക്കുക.
താനുദ്ദേശിക്കുന്ന കർമം പ്രഖ്യാപിക്കുമ്പോൾ ക്വിബ്‌ലക്കു മുന്നിടൽ സുന്നത്താണ്. ‘അല്ലാഹുവേ, ലോകമാന്യതയും പ്രശസ്തിയുമില്ലാത്ത ഹജ്ജാകുന്നു ഇത്’ എന്നു പ്രാർഥിക്കുകയും തൽബിയ്യത്തു തുടങ്ങുകയും ചെയ്യുക:
لَبَّيْكَ اللَّهُمَّ لَبَّيْكَ،لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ،إنَّ الْحَمَدَ وَالنِّعْمَةَ لّكَ وّالْمُلْكَ لاَ شَرِيكَ لَكَ
അല്ലാഹുവേ, നിന്റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. നിനക്കു യാതൊരു പങ്കുകാരുമില്ല. നിന്റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. മുഴുവൻ സ്തുതികളും അനുഗ്രഹങ്ങളും നിനക്കാകുന്നു. അധികാരവും നിനക്കാകുന്നു. നിനക്കു യാതൊരു പങ്കുകാരുമില്ല
തൽബിയ്യത്തു കൊണ്ട് ശബ്ദം ഉയർത്തൽ സുന്നത്താണ്. ഇഹ്‌റാമിൽ പ്രവേശിച്ചവൻ മക്കയിലെത്തിയാൽ കുളിക്കൽ സുന്നത്താകുന്നു. പുരുഷൻ ത്വവാഫു ചെയ്യുവാനുദ്ദേശിച്ചാൽ വലത്തെ ചുമലു വെളിപ്പെടുത്തി മേൽമുണ്ടുകൊണ്ട് ഇടത്തെ ചുമലു പുതച്ച് ഇദ്ത്വിബാഅ് ചെയ്യണം. ത്വവാഫിന്റെ അവസരത്തിൽ വുദൂഅ് ഉണ്ടാകൽ നിബന്ധന (ശർത്വ്)യാണ്. ഹജറുൽഅസ്‌വദിനെ തടവലും ചുംബിക്കലും സുന്നത്താകുന്നു. ചുംബിക്കുവാൻ സാധിച്ചില്ലയെങ്കിൽ കൈകൊണ്ട് തടവി കൈ ചുംബിക്കുക. അതിനും അവസരമില്ലെങ്കിൽ കൈകൊണ്ട് ചൂണ്ടുക. ആ കൈ ചുംബിക്കരുത്. ഓരോ ചുറ്റിലും ഇപ്രകാരം ചെയ്യുക. ഓരോ ചുറ്റും തക്ബീർകൊണ്ടു തുടങ്ങുക. ബിസ്മില്ലാഹി വല്ലാഹു അക്ബർ എന്നു ചൊല്ലി ത്വവാഫു തുടങ്ങിയാൽ അതാണു നല്ലത്.
റുക്‌നുൽയമാനി (കഅ്ബയിൽ ഹജറുൽഅസ്‌വദുള്ള മൂലയുടെ തൊട്ടു മുമ്പുള്ള മൂല) എത്തിയാൽ അതിനെ തടവുക. അതിനെ ചുംബിക്കരുത്. റുക്‌നുൽയമാനിയെ തടവാൻ സാധ്യമായില്ലെങ്കിൽ അതിലേക്കു ചൂണ്ടുകയോ അതു ചുംബിക്കുകയോ ചെയ്യരുത്. ഹജറുൽഅസ്‌വദ്, റുക്‌നുൽയമാനീ എന്നീ മൂലകൾക്കിടയിൽ
رَبَّنَا آتِنَا فِي الدُّنْيا حَسَنَةَ وَفِي الآخِرَةِ حَسَنَةَ وَقِنَا عَذَابَ النَّارْ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയിൽനിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ
എന്നു ദുആ ചെയ്യണം. ത്വവാഫിൽ ശേഷിക്കുന്ന സമയം താനുദ്ദേശിക്കുന്ന ദുആകൾ ചെയ്യാവുന്നതാണ്. ത്വവാഫിന്റെ ആദ്യ മൂന്നു ചുറ്റലിലും റമലും നാലു ചുറ്റലിൽ നടത്തവും സുന്നത്താകുന്നു. നടത്തത്തിനും ഓട്ടത്തിനും ഇടയിൽ ധൃതിയുള്ള ഒരുതരം നടത്തമാണ് റമൽ. ഏഴു ചുറ്റുകൾ പൂർത്തിയാക്കിയാൽ തന്റെ മേൽമുണ്ടുകൊണ്ട് രണ്ടു ചുമലുകളും പൊതിഞ്ഞശേഷം മക്വാമു ഇബ്‌റാഹീമിലേക്കു ചെന്ന് ഇപ്രകാരം ഓതുക:
ﻭَٱﺗَّﺨِﺬُﻭا۟ ﻣِﻦ ﻣَّﻘَﺎﻡِ ﺇِﺑْﺮَٰﻫِۦﻢَ ﻣُﺼَﻠًّﻰ
….ഇബ്രാഹീം നിന്ന് പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര (പ്രാര്‍ത്ഥന) വേദിയായി സ്വീകരിക്കുക…… (ഖു൪ആന്‍ :2/125)
മക്വാമു ഇബ്‌റാഹീമിന്റെ പിന്നിൽ നിന്നു രണ്ടു റക്അത്ത് നമസ്‌കരിക്കുക. ആദ്യത്തെ റക്അത്തിൽ (ഫാതിഹക്കുശേഷം) സൂറത്തുൽകാഫിറൂനും രണ്ടാമത്തെതിൽ സൂറത്തുൽഇഖ്‌ലാസ്വും ഓതുക. തിരക്കുകൊണ്ടോ മറ്റോ മക്വാമു ഇബ്‌റാഹീമിനു പിന്നിൽ നമസ്‌കരിക്കുവാൻ സാധിച്ചില്ലെങ്കിൽ പള്ളിയിൽ ഏതു സ്ഥലത്തും നമസ്‌കരിക്കാവുന്നതാണ്. ഈ ത്വവാഫ് ഇഫ്‌റാദായും ക്വിറാനായും ഹജ്ജു ചെയ്യുന്നവർക്കു തവാഫുൽക്വുദൂമും തമത്തുആയി ഹജ്ജു ചെയ്യുന്നവർക്കു ഉംറയുടെ ത്വവാഫുമാകുന്നു. പിന്നീട് സംസം കുടിക്കുക.
ശേഷം സ്വഫായിലേക്കു പുറപ്പെടുക. അല്ലാഹുവിന്റെ ഈ വിശുദ്ധ വചനം (ക്വുർആൻ 2:158) പാരായണം ചെയ്യുകയും ചെയ്യുക:
إنَّ الصَّفَا وَالْمَرْوَةَ مِنْ شَعَائِرِ اللهِ
തീർച്ചയായും സ്വഫായും മർവയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതിൽ പെട്ടതാകുന്നു. (ഖു൪ആന്‍ :2/158)
കഅ്ബ കാണുവോളം സ്വഫാ കുന്നിലേക്കു കയറിനിന്ന് ക്വിബ്‌ലക്കു മുന്നിടുകയും ഇരുകരങ്ങളും ഉയർത്തി ‘അല്ലാഹു അക്ബർ’ എന്നു മൂന്നു പ്രാവശ്യം പറഞ്ഞു ഇപ്രകാരം ചൊല്ലുകയും ചെയ്യുക:
لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ، لَا إِلَهَ إِلَّا اللهُ وَحْدَهُ أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ وَهَزَمَ الأَحْزَابَ وَحْدَهُ
യഥാർഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. ആധിപത്യം മുഴുവനും അവനു മാത്രമാകുന്നു. സ്തുതികൾ മുഴുവനും അവനുമാത്രമാകുന്നു. അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്. യഥാർഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവൻ അവന്റെ വാഗ്ദാനം നിറവേറ്റി. അവൻ തന്റെ ദാസനെ സഹായിച്ചു. സംഘ ടിച്ചുവന്ന ശത്രുക്കളെ അവൻ തനിച്ചു തുരത്തി.
ഇത് മൂന്നുതവണ ചൊല്ലുകയും അവയ്ക്കിടയിൽ ദീർഘനേരം പ്രാർഥിക്കുകയും ചെയ്യുക. ശേഷം മർവയിലേക്ക് ഇറങ്ങി നടക്കുക. പച്ച അടയാളമുള്ള തൂണുകൾക്കിടയിൽ ഓടുക. ഇതു പുരുഷന്മാർക്കു മാത്രമാണ്; സ്ത്രീകൾക്കില്ല. പിന്നീടു നടന്നു മർവയിൽ കയറി അതിന്മേൽ സ്വഫയിൽ ചെയ്തതുപോലെ ചെയ്യുക. ഇത് ഒരു ചുറ്റാകുന്നു. മർവയിൽനിന്ന് സ്വഫയിലേക്ക് മറ്റൊരു ചുറ്റ്. അങ്ങനെ സഅ്‌യ് ഏഴു ചുറ്റുകൾ പൂർത്തിയാക്കുക.
ഇത് മുഫ്‌രിദിനും ക്വാരിനിനും ഹജ്ജിന്റെ സഅ്‌യ് ആകുന്നു. അവർ ഇതിനുശേഷം തഹല്ലുലാകുവാൻ (ഇഹ്‌റാമിൽനിന്ന് വിരമിക്കുവാൻ) പാടില്ല; അവർ ഇഹ്‌റാമിൽ തുടരുകയാണു വേണ്ടത്. ഈ സഅ്‌യ് മുതമത്തിഇനു ഉംറയുടെ സഅ്‌യാകുന്നു.
തന്റെ മുടി മുറിച്ചുകൊണ്ട് മുതമത്തിഅ് തന്റെ ഉംറയിൽനിന്ന് വിരമിക്കുകയും തന്റെ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുക. യൗമുത്തർവിയയുടെ ദിവസം അഥവാ ദുൽഹജ്ജ് എട്ടിനു മുതമത്തിഅ് താനുള്ള സ്ഥലത്തുവെച്ച് ഹജ്ജിന് ഇഹ്‌റാമിൽ പ്രവേശിക്കുക. മക്കയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവരും ഇപ്രകാരം ഇഹ്‌റാമിൽ പ്രവേശിക്കുക. ഇഹ്‌റാമിനു മുമ്പായി കുളിക്കുക, സുഗന്ധമു പയോഗിക്കുക, രോമങ്ങൾ വെടിപ്പാക്കുക തുടങ്ങി മീക്വാത്തിൽ വെച്ച് ചെയ്തതെല്ലാം ചെയ്യൽ സുന്നത്താകുന്നു. എല്ലാ ഹാജിമാരും തൽബിയത്തു ചൊല്ലിക്കൊണ്ട് മിനയിലേക്കു തിരിക്കുകയും മിനയിൽ ദ്വുഹ്‌റും അസ്വ്‌റും മഗ്‌രിബും ഇശാഉം സ്വുബ്ഹിയും, അവയിൽ നാലു റക്അത്തുള്ളത് ക്വസ്വ്‌റാക്കി(രണ്ടാക്കിച്ചുരുക്കി) ജംആക്കാതെ നമസ്‌കരിക്കുക.
ദുൽഹജ്ജ് ഒമ്പതിന്റെ പ്രഭാതത്തിൽ അറഫയിലേക്ക് സഞ്ചരിക്കണം. ഉച്ചസമയംവരെ നമിറയിൽ ഇറങ്ങി തങ്ങുവാൻ അവസരമുണ്ടായാൽ അതു നല്ലതാണ്. സൂര്യൻ മധ്യത്തിൽനിന്നു തെറ്റിയാൽ ഭരണാധികാരിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ സംക്ഷിപ്തമായ ഒരു ഖുത്വുബ നിർവഹിക്കുകയും ശേഷം ദ്വുഹ്‌റും അസ്വ്‌റും ദ്വുഹ്‌റിന്റെ സമയത്ത് ജംഉം ക്വസ്വ്‌റുമാക്കി നമസ്‌കരിക്കുകയും ചെയ്യുക. പിന്നീട് അറഫയിൽ പ്രവേശിക്കുക. താൻ അറഫയുടെ അതിരുകൾക്കുള്ളിലാണെന്നത് ഉറപ്പുവരുത്തൽ ഹാജിക്കു നിർബന്ധമാണ്. ക്വിബ്‌ലക്കു മുന്നിട്ടുകൊണ്ട് ഇരുകരങ്ങളുമുയർത്തി ദുആയിരക്കുകയും തൽബിയ്യത്തു ചൊല്ലുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക. മഹത്തായ അറഫാദിനം വിനയപ്പെടുന്നതിലും ദിക്‌റെടുക്കുന്നതിലും ദുആയിരക്കുന്നതിലും സാഹസപ്പെടുക. അറഫാ ദിനത്തിൽ ചൊല്ലപ്പെടുന്നതിൽ ഏറ്റവും ശ്രേഷ്ഠമായ വചനം:
لاَ الَهَ إلاَّ اللهُ وَحْدَهُ لاّ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءِِ قَدِيرْ
യഥാർഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. ആധിപത്യം മുഴുവനും അവനു മാത്രമാകുന്നു. സ്തുതികൾ മുഴുവനും അവനു മാത്രമാകുന്നു. അവൻ എന്തിനും കഴിവുള്ളവനാണ്.
അറഫാദിനത്തിൽ നോമ്പ് ഒഴിവാക്കുക; അതാണ് ഇബാദത്തെടുക്കുവാൻ അവനു കരുത്തേകുക. സൂര്യാസ്തമയംവരെ വിനയപ്പെട്ടും താഴ്മയോടും നിൽകുന്നവനായി തുടരണം.
സൂര്യൻ അസ്തമിച്ചാൽ അറഫയിൽനിന്ന് സമാധാനത്തിൽ പുറപ്പെടുക. മുസ്ദലിഫയിൽ എത്തുന്നതുവരെ തൽബിയ്യത്തു ചൊല്ലിക്കൊണ്ട് സഞ്ചരിക്കുകയും അവിടെവെച്ച് മഗ്‌രിബും ഇശാഉും ജംആക്കിയും ഇശാഅ് ക്വസ്വ്‌റാക്കിയും നമസ്‌കരിക്കുകയും ചെയ്യുക. ദുർബലർക്കു രാത്രിയിൽ മുസ്ദലിഫയിൽനിന്നു പുറപ്പെടുവാൻ ഇളവു നൽകപ്പെട്ടിട്ടുണ്ട്. കരുത്തുള്ളവർ സ്വുബ്ഹി നമസ്‌കരിക്കുവോളം മുസ്ദലിഫയിൽ തങ്ങണം. ശേഷം നന്നായി പ്രകാശം പരക്കുന്നതുവരെ ക്വിബ്‌ലക്കു മുന്നിട്ട് അല്ലാഹുവിനു തഹ്‌മീദും (അൽഹംദു ലില്ലാഹ്) തക്ബീറും (അല്ലാഹു അക്ബർ) തഹ്‌ലീലും (ലാ ഇലാഹ ഇല്ലല്ലാഹ്) നിർവഹിക്കുക. സൂര്യൻ ഉദിക്കുന്നതിനു മുമ്പായി മുസ്ദലിഫയിൽനിന്നു തൽബിയ്യത്തു ചൊല്ലിക്കൊണ്ട് ശാന്തമായി പുറപ്പെടുക. വഴിയിൽനിന്നു ഏഴ് ചെറുകല്ലുകൾ പെറുക്കുകയും അങ്ങനെ ജംറത്തുൽ അക്വബയിലെത്തിയാൽ ഏഴു കല്ലുകൾകൊണ്ട് അതിനെ എറിയുകയും ഒരോ കല്ലെറിയുമ്പോഴും തക്ബീർ ചൊല്ലുകയും ചെയ്യുക. തൽബിയ്യത്ത് ചൊല്ലുന്നത് അവസാനിപ്പിക്കുക. ശേഷം ബലിയറുക്കുക. തന്റെ ബലിയിൽനിന്നു ഭക്ഷിക്കൽ സുന്നത്താകുന്നു. തുടർന്ന് തലമുണ്ഡനം ചെയ്യുകയും തവാഫുൽഇഫാദ (ഹജ്ജിന്റെ ത്വവാഫ്) നിർവഹിക്കുകയും മുതമത്തിഅ് ആണെങ്കിൽ ഹജ്ജിന്റെ സഅ്‌യ് ചെയ്യുകയും മുഫ്‌രിദോ ക്വാരിനോ ആണെങ്കിൽ ത്വവാഫുൽക്വുദൂമിനോടൊപ്പം സഅ്‌യ് ചെയ്തിട്ടില്ലെങ്കിൽ അവരും സഅ്‌യ് ചെയ്യുക. ജംറയിൽ എറിയുക, ബലിയറുക്കുക, മുടി വടിക്കുക അല്ലെങ്കിൽ വെട്ടുക എന്നീ കർമങ്ങൾ തുടർച്ചയായി ചെയ്യലാണ് സുന്നത്ത്. അവയിൽ ഒന്ന് മറ്റൊന്നിനെക്കാൾ മുന്തിപ്പിച്ചാൽ അതിൽ കുഴപ്പമൊന്നുമില്ല.
ജംറത്തുൽഅക്വബയിൽ എറിയുക, മുടി വടിക്കുക അല്ലെങ്കിൽ വെട്ടുക, സഅ്‌യുണ്ടെങ്കിൽ സഅ്‌യും ത്വവാഫും ചെയ്യുക എന്നീ മൂന്നു കർമങ്ങളിൽ രണ്ടെണ്ണം ചെയ്താൽ ഒന്നാമത്തെ തഹല്ലുൽ(വിരാമം) ആയി. ഭാര്യാ സംസർഗമൊഴിച്ച് ഇഹ്‌റാം കൊണ്ട് അവനു നിഷിദ്ധമായ എല്ലാ കാര്യങ്ങളും അവന് അനുവദനീയമായി. മൂന്നു കർമങ്ങളും അവൻ അനുഷ്ഠിച്ചാൽ അവനു വലിയ തഹല്ലുലായി (വിരാമമായി). അതോടെ ഭാര്യാസംസർഗമുൾപ്പടെ ഇഹ്‌റാംകൊണ്ട് നിഷിദ്ധമായ എല്ലാ കാര്യങ്ങളും അവന് അനുവദനീയമായി.
ദുൽഹജ്ജ് പതിനൊന്നാം രാവിലും പന്ത്രണ്ടാം രാവിലും നിർബന്ധമായും മിനയിൽ രാപാർക്കണം. ജംറത്തുസ്സ്വുഗ്‌റാ, ജംറത്തുൽവുസ്ത്വാ, ജംറത്തുൽ കുബ്‌റാ എന്നീ ക്രമത്തിൽ അവൻ ജംറത്തുസ്സ്വുഗ്‌റയിൽ തുടങ്ങി മൂന്നു ജംറകളിലും കല്ലെറിയണം. ഇപ്രകാരം പന്ത്രണ്ടിനും എറിയണം. സൂര്യൻ ഉച്ചതെറ്റിയതു മുതലാണ് കല്ലെറിയുന്ന സമയം തുടങ്ങുന്നത്. ഫജ്‌റിന്റെ ഉദയംവരെയാണ് ഏറ്. ജംറത്തുസ്സ്വുഗ്‌റായിൽ എറിഞ്ഞാൽ തന്റെ വലതുഭാഗത്തേക്ക് അൽപം മുന്നിട്ട് ക്വിബ്‌ലയിലേക്കു തിരിഞ്ഞ് ഇരുകരങ്ങളുമുയർത്തി ദുആചെയ്യലും ജംറത്തുൽവുസ്ത്വായിൽ എറിഞ്ഞാൽ തന്റെ ഇടതുഭാഗത്തേക്ക് അൽപം മുന്നിട്ട് ക്വിബ്‌ലയിലേക്കു തിരിഞ്ഞ് ഇരുകരങ്ങളുമുയർത്തി ദീർഘനേരം ദുആചെയ്യലും സുന്നത്താകുന്നു. ജംറത്തുൽഅക്വബയിൽ എറിഞ്ഞ ശേഷം അവിടെ നിൽക്കരുത്.
മിനയിലെ താമസം ദുൽഹജ്ജ് പതിനൊന്ന്, പന്ത്രണ്ട് ദിവസങ്ങളിൽ മതിയാക്കി വല്ലവരും ധൃതിപ്പെട്ടു പോരുവാനുദ്ദേശിച്ചാൽ ദുൽഹജ്ജ് പന്ത്രണ്ടിനു സൂര്യൻ അസ്തമിക്കുന്നതിനു മുമ്പായി മിനയിൽനിന്നു പുറപ്പെടൽ അവനു നിർബന്ധമാണ്. സ്വേഛപ്രകാരം അവൻ മിനയിൽ തങ്ങുകയും സൂര്യനസ്തമിക്കുകയും ചെയ്താൽ പതിമൂന്നാം രാവിലും രാപാർക്കൽ അവനു നിർബന്ധമാണ്.
ഹാജി മക്കയിൽനിന്ന് പുറപ്പെടുവാനുദ്ദേശിച്ചാൽ ത്വവാഫുൽവദാഅ് നിർവഹിക്കൽ നിർബന്ധമാണ്. കഅ്ബയോടുള്ള അവന്റെ വിടവാങ്ങൽ ത്വവാഫുകൊണ്ടായിരിക്കണം. വിടവാങ്ങൽ ത്വവാഫിൽ ഋതുമതിക്കും പ്രസവരക്തമുള്ള സ്ത്രീക്കും ഇളവുണ്ട്.
(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)
വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി