സൂറ:തഹ്‌രീം 1-5 ആയത്തുകളിലെ പാഠം

THADHKIRAH

വിശുദ്ധ ഖുര്‍ആൻ സൂറ:തഹ്‌രീം 1-5 ആയത്തുകൾ ഒരു പ്രത്യേക സംഭവുമായി ബന്ധപ്പെട്ട് അവതരിക്കപ്പെട്ടതാണ്. ഈ ആയത്തുകളുമായി ബന്ധപ്പെട്ട പാഠങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. ആദ്യമായി പ്രസ്തുത ആയത്തുകൾ കാണുക:

يَٰٓأَيُّهَا ٱلنَّبِىُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ ۖ تَبْتَغِى مَرْضَاتَ أَزْوَٰجِكَ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ‎﴿١﴾‏ قَدْ فَرَضَ ٱللَّهُ لَكُمْ تَحِلَّةَ أَيْمَٰنِكُمْ ۚ وَٱللَّهُ مَوْلَىٰكُمْ ۖ وَهُوَ ٱلْعَلِيمُ ٱلْحَكِيمُ ‎﴿٢﴾‏ وَإِذْ أَسَرَّ ٱلنَّبِىُّ إِلَىٰ بَعْضِ أَزْوَٰجِهِۦ حَدِيثًا فَلَمَّا نَبَّأَتْ بِهِۦ وَأَظْهَرَهُ ٱللَّهُ عَلَيْهِ عَرَّفَ بَعْضَهُۥ وَأَعْرَضَ عَنۢ بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِۦ قَالَتْ مَنْ أَنۢبَأَكَ هَٰذَا ۖ قَالَ نَبَّأَنِىَ ٱلْعَلِيمُ ٱلْخَبِيرُ ‎﴿٣﴾‏ إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَٰهَرَا عَلَيْهِ فَإِنَّ ٱللَّهَ هُوَ مَوْلَىٰهُ وَجِبْرِيلُ وَصَٰلِحُ ٱلْمُؤْمِنِينَ ۖ وَٱلْمَلَٰٓئِكَةُ بَعْدَ ذَٰلِكَ ظَهِيرٌ ‎﴿٤﴾‏ عَسَىٰ رَبُّهُۥٓ إِن طَلَّقَكُنَّ أَن يُبْدِلَهُۥٓ أَزْوَٰجًا خَيْرًا مِّنكُنَّ مُسْلِمَٰتٍ مُّؤْمِنَٰتٍ قَٰنِتَٰتٍ تَٰٓئِبَٰتٍ عَٰبِدَٰتٍ سَٰٓئِحَٰتٍ ثَيِّبَٰتٍ وَأَبْكَارًا ‎﴿٥﴾‏

ഓ; നബീ, നീയെന്തിനാണ് നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത് നിഷിദ്ധമാക്കുന്നത്‌? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക് നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സര്‍വ്വജ്ഞനും യുക്തിമാനും. നബിﷺ അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് ആ ഭാര്യ അത് (മറ്റൊരാളെ) അറിയിക്കുകയും, നബി ﷺക്ക് അല്ലാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ അതിന്‍റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യയ്ക്ക്‌) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട് (ആ ഭാര്യയോട്‌) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത് ? നബി ﷺ  പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്‌. നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്‌) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്‌. (പ്രവാചകപത്നിമാരേ,) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ. (ഖുര്‍ആൻ:66/1-5)

هَذَا عِتَابٌ مِنَ اللَّهِ لِنَبِيَّهِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، حِينَ حَرَّمَ عَلَى نَفْسِهِ سَرِيَّتَهُ “مَارِيَةَ” أَوْ شُرْبَ الْعَسَلِ، مُرَاعَاةً لِخَاطِرِ بَعْضِ زَوْجَاتِهِ، فِي قِصَّةٍ مَعْرُوفَةٍ، فَأَنْزَلَ اللَّهُ تَعَالَى هَذِهِ الْآيَاتِ

മുഹമ്മദ് നബി ﷺ ക്ക് അല്ലാഹുവില്‍ നിന്നുള്ള ആക്ഷേപമാണ് ഇവിടത്തെ വിഷയം. ഒരു പ്രധാന സംഭവത്തോടനുബന്ധിച്ച് ചില ഭാര്യമാര്‍ക്കുണ്ടായ തോന്നലുകളെ പരിഗണിച്ച് മാരിയ എന്ന അടിമസ്ത്രീയെ  അല്ലെങ്കില്‍ തേന്‍ കുടിക്കുന്നത് തനിക്ക് സ്വയം നിഷിദ്ധമാക്കി. അപ്പോഴാണ് അല്ലാഹു ഈ വചനങ്ങള്‍ അവതരിപ്പിച്ചത്. (തഫ്സീറുസ്സഅ്ദി)

അസര്‍ നമസ്കാരം കഴിഞ്ഞാല്‍ നബി ﷺ തന്‍റെ ഭാര്യമാരുടെ അടുക്കല്‍ പോകാറുണ്ടായിരുന്നു. അക്കൂട്ടത്തില്‍ സൈനബ رضي الله عنه യുടെ അടുത്ത് പോകുകയും, അവിടെ നിന്ന് തേന്‍ കുടിക്കുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഈ ആയത്തുകൾ അവതരിച്ചതെന്നാണ് പ്രബലാഭിപ്രായം. പ്രസ്തുത സംഭവം സൂചിപ്പിക്കുന്ന ഒരു ഹദീസ് കാണുക:

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَشْرَبُ عَسَلاً عِنْدَ زَيْنَبَ ابْنَةِ جَحْشٍ وَيَمْكُثُ عِنْدَهَا فَوَاطَيْتُ أَنَا وَحَفْصَةُ عَنْ أَيَّتُنَا دَخَلَ عَلَيْهَا فَلْتَقُلْ لَهُ أَكَلْتَ مَغَافِيرَ إِنِّي أَجِدُ مِنْكَ رِيحَ مَغَافِيرَ‏.‏ قَالَ ‏ “‏ لاَ وَلَكِنِّي كُنْتُ أَشْرَبُ عَسَلاً عِنْدَ زَيْنَبَ ابْنَةِ جَحْشٍ فَلَنْ أَعُودَ لَهُ وَقَدْ حَلَفْتُ لاَ تُخْبِرِي بِذَلِكِ أَحَدًا ‏”‏‏.‏

ആയിശ  رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: അര്വര്‍ പറയുന്നു: : അല്ലാഹുവിന്റെ റസൂൽ ﷺ സൈനബ ബിൻത് ജഹ്ശ് رَضِيَ اللَّهُ عَنْها യുടെ വീട്ടിൽനിന്ന് തേൻ കുടിക്കുകയും അവരുടെ അടുക്കൽ കുറച്ചുസമയം ചെലവഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. അപ്പോൾ ഞാനും ഹഫ്‌സയും കൂടി ഒരു തീരുമാനത്തിലെത്തി. നമ്മുടെ ആരുടെ വീട്ടിലേക്ക് നബി ﷺ വന്നാലും ‘താങ്കൾ മഗാഫീർ കഴിച്ചിട്ടുണ്ടോ’ എന്ന് ചോദിക്കണം. താങ്കളിൽനിന്ന് മഗാഫീറിന്റെ ദുർഗ്ഗന്ധം അനുഭവപ്പെടുന്നുണ്ടല്ലോ എന്നും പറയണം. (അവരങ്ങിനെ ചോദിച്ചപ്പോൾ) നബി ﷺ പറഞ്ഞു: ഇല്ല; സൈനബ ബിൻത് ജഹ്ശിന്റെ അടുക്കൽ നിന്ന് തേൻ കുടിക്കുകമാത്രമാണ് ഞാൻ ചെയ്ത‌ത്‌. (നിങ്ങൾക്ക് അരോചകമായി തോന്നുന്നുണ്ടെങ്കിൽ) ഞാനത് ഇനി ആവർത്തിക്കുകയില്ല. ഞാനത് സത്യം ചെയ്യുന്നു. നിങ്ങളത് മറ്റാരോടും പറയരുത്. (ബുഖാരി:4912)

മഗാഫീര്‍ എന്ന് പറഞ്ഞത് ഏതോ ഒരു വൃക്ഷത്തിന്റെ കറ അഥവാ ഗൂന്ത് ആകുന്നു. അതിന്റെ വാസന സുഖകരമല്ല. രുചിയാകട്ടെ മധുരവുമാണ്. (അമാനി തഫ്സീര്‍)

സൂറ:തഹ്‌രീം മൂന്നാമത്തെ ആയത്ത് കൂടി ചേര്‍ത്ത് വായിക്കുക.

وَإِذْ أَسَرَّ ٱلنَّبِىُّ إِلَىٰ بَعْضِ أَزْوَٰجِهِۦ حَدِيثًا فَلَمَّا نَبَّأَتْ بِهِۦ وَأَظْهَرَهُ ٱللَّهُ عَلَيْهِ عَرَّفَ بَعْضَهُۥ وَأَعْرَضَ عَنۢ بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِۦ قَالَتْ مَنْ أَنۢبَأَكَ هَٰذَا ۖ قَالَ نَبَّأَنِىَ ٱلْعَلِيمُ ٱلْخَبِيرُ

നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് ആ ഭാര്യ അത് (മറ്റൊരാളെ) അറിയിക്കുകയും, നബിക്ക് അല്ലാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ അതിന്‍റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യയ്ക്ക്‌) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട് (ആ ഭാര്യയോട്‌) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത് ? നബി ﷺ പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്‌. (ഖുര്‍ആൻ:66/3)

وَقَوْلُهُ: {وَإِذْ أَسَرَّ النَّبِيُّ إِلَى بَعْضِ أَزْوَاجِهِ حَدِيثًا} قَالَ كَثِيرٌ مِنَ الْمُفَسِّرِينَ: هِيَ حَفْصَةُ أُمُّ الْمُؤْمِنِينَ رَضِيَ اللَّهُ عَنْهَا، أَسَرَّ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَدِيثًا، وَأَمَرَ أَنْ لَا تُخْبِرَ بِهِ أَحَدًا، فَحَدَّثَتْ بِهِ عَائِشَةَ رَضِيَ اللَّهُ عَنْهُمَا، وَأَخْبَرَهُ اللَّهُ بِذَلِكَ الْخَبَرِ الَّذِي أَذَاعَتْهُ، فَعَرَّفَهَا صَلَّى اللَّهُ عَلَيْهِ وَسَلَّمَ، بِبَعْضِ مَا قَالَتْ، وَأَعْرَضَ عَنْ بَعْضِهِ، كَرَمًا مِنْهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَحِلْمًا، فَـ قَالَتْ لَهُ: مَنْ أَنْبَأَكَ هَذَا الْخَبَرَ الَّذِي لَمْ يَخْرُجْ مِنَّا؟ قَالَ نَبَّأَنِيَ الْعَلِيمُ الْخَبِيرُ الَّذِي لَا تُخْفَى عَلَيْهِ خَافِيَةٌ، يَعْلَمُ السِّرَّ وَأَخْفَى.

{നബി അദ്ദേഹത്തിന്റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം} ഇതിനെക്കുറിച്ച് അധികം വ്യാഖ്യാതാക്കളും പറഞ്ഞത് അത് വിശ്വാസികളുടെ മാതാവ് ഹഫ്‌സ رَضِيَ اللَّهُ عَنْها ആണെന്നാണ്. നബി ﷺ അവരോട് ഒരു കാര്യം പറഞ്ഞു. അതാരെയും അറിയിക്കരുതെന്ന് കല്‍പിക്കുകയും ചെയ്തു. എന്നാല്‍ അവരത് ആഇശ رَضِيَ اللَّهُ عَنْها യോട് പറഞ്ഞു. അക്കാര്യം നബി ﷺ യെ അല്ലാഹു അറിയിച്ചു. അവര്‍ പറഞ്ഞതില്‍ ചിലത് നബി ﷺ അവരെ അറിയിച്ചു. ചിലത് വിട്ടുകളയുകയും ചെയ്തു. അത് നബി ﷺ യുടെ വിവേകവും മാന്യതയുമാണ്. {അവള്‍ പറഞ്ഞു} അദ്ദേഹത്തോട്. {താങ്കള്‍ക്കാരാണ് ഈ വിവരം അറിയിച്ചുതന്നത്?} ഞങ്ങള്‍ മറ്റാരോടും പറയാത്ത വിവരം. {നബി പറഞ്ഞു}: സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമയിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്. ഒരു രഹസ്യവും രഹസ്യമായി നില്‍ക്കാത്ത, രഹസ്യവും പരസ്യവുമറിയുന്നവന്‍. (അമാനി തഫ്സീര്‍)

സൈനബ رضي الله عنها യുടെ വീട്ടില്‍ നിന്നും തേന്‍ കുടിച്ചതും, മേലില്‍ കുടിക്കുകയില്ലെന്നു സത്യം ചെയ്തതും തിരുമേനി ഹഫ്സ  رضي الله عنها യോട് പറഞ്ഞപ്പോള്‍ ഇത് ആരെയും അറിയിക്കരുതെന്ന് കൂടി പറഞ്ഞിട്ടുണ്ടായിരുന്നുവല്ലോ. പക്ഷെ ഹഫ്സ  رضي الله عنها  ആ വിവരം ആയിശ  رضي الله عنها  യോട് പറഞ്ഞു. ഈ വിവരം വഹ്‌യു മുഖേന അല്ലാഹു നബി ﷺ ക്കു വിവരം കൊടുത്തു. തിരുമേനി തന്‍റെ സ്വകാര്യം പുറത്തായ വിവരം ഹഫ്സ  رضي الله عنها യെ അറിയിച്ചു എങ്കിലും, ചില ഭാഗം മാത്രമേ തിരുമേനി പ്രസ്‌താവിച്ചിട്ടുള്ളൂ. കാരണം, മുഴുവന്‍ ഭാഗം അറിഞ്ഞതായി പ്രസ്‌താവിച്ചാല്‍ അത് അവര്‍ക്ക് അപമാനകരമായിരിക്കുമല്ലോ. തങ്ങള്‍ തമ്മില്‍ നടന്ന ഈ രഹസ്യം എങ്ങിനെയാണ് തിരുമേനി അറിഞ്ഞത്? ആയിശ  رضي الله عنها  നബി ﷺ യോട് പറഞ്ഞിരിക്കുമോ? എന്നൊന്നും അറിയാതെ അവര്‍ക്ക് പരിഭ്രമമായി. ആരാണ് അങ്ങേക്ക് ഈ വിവരം അറിയിച്ചു തന്നത് എന്നവര്‍ തിരുമേനിയോട് ചോദിച്ചു. എല്ലാം അറിയുന്ന അല്ലഹുവാണ് അറിയിച്ചു തന്നതെന്നും അവിടുന്ന് ഉത്തരം പറഞ്ഞു. ഇതാണ് ഈ വചനത്തിന്റെ താൽപര്യം. (അമാനി തഫ്സീര്‍)

നബി ﷺ ക്കും അവിടുത്തെ സമുദായത്തിനും അല്ലാഹു അനുഗ്രഹമായി നല്‍കിയ വിശിഷ്ട വസ്തുക്കളെ അവിടുത്തെ ഭാര്യമാരുടെ പ്രീതി തേടിക്കൊണ്ട് നിഷിദ്ധമാക്കുന്നതിനെ അല്ലാഹു ആക്ഷേപിച്ചുകൊണ്ട് ആയത്തിറക്കി.

يَٰٓأَيُّهَا ٱلنَّبِىُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ ۖ تَبْتَغِى مَرْضَاتَ أَزْوَٰجِكَ ۚ وَٱللَّهُ غَفُورٌ رَّحِيمٌ

ഓ; നബീ, നീയെന്തിനാണ് നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത് നിഷിദ്ധമാക്കുന്നത്‌? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുര്‍ആൻ:66/1)

അല്ലാഹു അനുവദിച്ചു തന്നിട്ടുള്ള നല്ല വസ്തുക്കളൊന്നും  സ്വയം നിഷിദ്ധമാക്കിത്തീര്‍ക്കാൻ പാടുള്ളതല്ല. അപ്രകാരം നിഷിദ്ധമാക്കുന്നത് അവന്റെ അനുഗ്രഹത്തിനു നേരെയുള്ള നന്ദികേടാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحَرِّمُوا۟ طَيِّبَٰتِ مَآ أَحَلَّ ٱللَّهُ لَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ

സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച് തന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്‌. നിങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്യരുത്‌. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല. (ഖുര്‍ആൻ:5/87)

അല്ലാഹു ഹലാലാക്കിയ (അനുവദനീയമാക്കിയ) ഒരു ഉത്തമ വസ്തുവാണ് തേന്‍. ചില ഭാര്യമാരുടെ അപ്രീതി സമ്പാദിക്കാതിരിക്കുവാന്‍ വേണ്ടിയാണ് തിരുമേനി മേലില്‍ അത് കുടിക്കുകയില്ലെന്നു ശപഥം ചെയ്തത്. ഇതിനെക്കുറിച്ചാണ് അല്ലാഹു തിരുമേനിയെ ആക്ഷേപിച്ചത്. അത് തിരുമേനിയുടെ പദവിക്ക് യോജിച്ചതായില്ല – അഥവാ, ഭാര്യമാരുടെ പ്രീതിക്ക് വേണ്ടി ആ പറഞ്ഞത് നന്നായില്ല – എന്നതാണ് ആക്ഷേപത്തിന് കാരണം. എന്നല്ലാതെ, അല്ലാഹു അനുവദനീയമാണെന്ന് കൽപിച്ച ഒരു കാര്യം തിരുമേനി നിഷിദ്ധമാണെന്ന് (ഹറാമാണെന്ന്) വിധിച്ചു എന്നോ, അല്ലാഹുവിന്‍റെ വിധിയെ നബി ﷺ അവഗണിച്ചു എന്നോ അല്ല ഉദ്ദേശം. നബി ﷺ തിരുമേനി ഒരിക്കലും അങ്ങിനെ ചെയ്യുകയില്ലെന്നു സ്പഷ്ടമാണല്ലോ. (അമാനി തഫ്സീര്‍)

മുസ്ലിം സമുദായത്തിനു മുഴുവന്‍ ബാധകമാകുന്ന ഒരു മതവിധിയുണ്ടാകാന്‍ നബി ﷺ യുടെ നിഷിദ്ധമാക്കല്‍  കാരണമായി എന്നതാണ് സത്യം.

ചെയ്ത സത്യത്തില്‍ നിന്ന് മടങ്ങുമ്പോള്‍ അതിന് പ്രായശ്ചിത്തം നല്‍കേണ്ടതുണ്ടെന്നും അല്ലാഹു നിയമമാക്കി.

قَدْ فَرَضَ ٱللَّهُ لَكُمْ تَحِلَّةَ أَيْمَٰنِكُمْ ۚ وَٱللَّهُ مَوْلَىٰكُمْ ۖ وَهُوَ ٱلْعَلِيمُ ٱلْحَكِيمُ

നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക് നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സര്‍വ്വജ്ഞനും യുക്തിമാനും. (ഖുര്‍ആൻ:66/2)

وَهَذَا عَامٌّ فِي جَمِيعِ أَيْمَانِ الْمُؤْمِنِينَ أَيْ: قَدْ شَرَعَ لَكُمْ

സത്യവിശ്വാസികളുടെ മുഴുവന്‍ ശപഥങ്ങള്‍ക്കും ഈ വിധി ബാധകമാണ്. നിയമമാക്കിയിരിക്കുന്നു എന്നാണ് ഇവിടെ പ്രയോഗിച്ചത്. (തഫ്സീറുസ്സഅ്ദി)

പ്രായശ്ചിത്തം എന്താണെന്ന് സൂറ:മാഇദ: 89-ാം വചനത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. 10 ദരിദ്രന്മാര്‍ക്ക് ഭക്ഷണമോ വസ്ത്രമോ നല്‍കുക, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുക, സാധിക്കാത്ത പക്ഷം 3 ദിവസം നോമ്പ് പിടിക്കുക, ഇതാണ് സത്യത്തിന്റെ പ്രായശ്ചിത്തം.

لَا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَٰنِكُمْ وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَٰنَ ۖ فَكَفَّٰرَتُهُۥٓ إِطْعَامُ عَشَرَةِ مَسَٰكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ ثَلَٰثَةِ أَيَّامٍ ۚ ذَٰلِكَ كَفَّٰرَةُ أَيْمَٰنِكُمْ إِذَا حَلَفْتُمْ ۚ وَٱحْفَظُوٓا۟ أَيْمَٰنَكُمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ لَعَلَّكُمْ تَشْكُرُونَ

ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്‌. അപ്പോള്‍ അതിന്‍റെ (അത് ലംഘിക്കുന്നതിന്‍റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊന്നും) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്‌. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്‌. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക. അപ്രകാരം അല്ലാഹു അവന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി. (ഖുര്‍ആൻ:5/89)

عَنْ عَبْدِ الرَّحْمَنِ بْنِ سَمُرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ …. وَإِذَا حَلَفْتَ عَلَى يَمِينٍ فَرَأَيْتَ غَيْرَهَا خَيْرًا مِنْهَا، فَأْتِ الَّذِي هُوَ خَيْرٌ، وَكَفِّرْ عَنْ يَمِينِكَ

അബ്ദുറഹ്മാൻ ബിൻ സമൂറ رضى الله عنه വില്‍ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ….. നീ ഒരു വിഷയത്തിൽ സത്യം ചെയ്തു പിന്നീട് അതിനേക്കാൾ മെച്ചപ്പെട്ടത് കാണുകയും ചെയ്താൽ കൂടുതൽ നല്ലത് ചെയ്യുകയും സത്യത്തിന്റെ പേരിൽ പ്രായശ്ചിത്തം ചെയ്യുകയും വേണ്ടതാണ്. (ബുഖാരി: 6723)

فَكُلُّ مَنْ حَرَّمَ حَلَالًا عَلَيْهِ، مِنْ طَعَامٍ أَوْ شَرَابٍ أَوْ سَرِيَّةٍ، أَوْ حَلَفَ يَمِينًا بِاللَّهِ، عَلَى فِعْلٍ أَوْ تَرْكٍ، ثُمَّ حَنَثَ أَوْ أَرَادَ الْحِنْثَ، فَعَلَيْهِ هَذِهِ الْكَفَّارَةُ الْمَذْكُورَةُ،

അനുവദനീയമായ ഒരു കാര്യത്തെ തന്റെ മേല്‍ നിഷിദ്ധമാക്കുന്ന ഒരാള്‍, അത് ഭക്ഷണമാകട്ടെ, പാനീയമാകട്ടെ, അടിമയാകട്ടെ, അതല്ലെങ്കില്‍ അല്ലാഹുവോട് ചെയ്ത ശപഥമാകട്ടെ; ഒരു കാര്യം പ്രവര്‍ത്തിക്കലാകാം, ഉപേക്ഷിക്കലാകാം, അങ്ങനെ ശപഥം ലംഘിക്കുകയോ ലംഘിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്താല്‍ അവന്റെ മേല്‍ ഈ പറയപ്പെട്ട പ്രായച്ഛിത്തങ്ങള്‍ നിര്‍ബന്ധമാകും. (തഫ്സീറുസ്സഅ്ദി)

ഏതെങ്കിലും നല്ല കാര്യത്തിന് തടസ്സം ആയേക്കുന്നതോ, നന്നല്ലാത്ത കാര്യത്തിനു കാരണമായേക്കുന്നതോ ആയ വല്ല ശപഥവും ചെയ്തു പോയാല്‍ അതിനു പ്രായശ്ചിത്തം നല്‍കികൊണ്ട് അതില്‍ നിന്ന് മടങ്ങേണ്ടതാണെന്നു സാരം. (അമാനി തഫ്സീര്‍)

നബി ﷺ ക്കെതിരായി നടന്ന ഈ ഗൂഡ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത രണ്ടു പേരുടെയും പേര് വ്യക്തമാക്കാതെ, രണ്ടുപേരെയും അഭിമുഖീകരിച്ചു കൊണ്ട് അല്ലാഹു പറയുന്നു:

إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَٰهَرَا عَلَيْهِ فَإِنَّ ٱللَّهَ هُوَ مَوْلَىٰهُ وَجِبْرِيلُ وَصَٰلِحُ ٱلْمُؤْمِنِينَ ۖ وَٱلْمَلَٰٓئِكَةُ بَعْدَ ذَٰلِكَ ظَهِيرٌ

നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്‌) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്‌. (ഖുര്‍ആൻ:66/4)

നബി തനിക്ക് ഇഷ്ടപ്പെട്ടത് നിഷിദ്ധമാക്കാന്‍ കാരണക്കാരായ വിശുദ്ധ പത്‌നിമാരായ ആഇശ رضى الله عنها യോടും ഹഫ്‌സ رضى الله عنها യോടും പശ്ചാത്തപിക്കാന്‍ നിര്‍ദേശിക്കുകയും അവരെ ആക്ഷേപിക്കുകയുമാണിവിടെ. അവരുടെ ഹൃദയങ്ങള്‍ തെറ്റിപ്പോയിട്ടുണ്ടെന്ന് അവരെ അറിയിക്കുകയും ചെയ്യുന്നു. അതായത്, അവര്‍ കാണിക്കേണ്ടിയിരുന്ന സൂക്ഷ്മതയില്‍ കുറവ് വന്നെന്നും നബി ﷺ യോട് കാണിക്കേണ്ട ആദരവിലും മര്യാദയിലും അപാകത സംഭവിച്ചിരിക്കുന്നു എന്നും അദ്ദേഹത്തെ പ്രയാസപ്പെടുത്തരുതെന്നും നിര്‍ദേശിക്കുന്നു.

ഈ നിലപാട് തുടരുകയാണെങ്കില്‍ നബി ﷺ യോടൊപ്പം സഹായത്തിന്  അല്ലാഹുവും ജിബ്‌രീലും സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും  ഉണ്ടായിരിക്കുമെന്ന് അറിയിക്കുന്നു. പിന്നീട് അവരെ രണ്ടുപേരെയും ഭയപ്പെടുത്തുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമുള്ള കാര്യത്തെക്കൊണ്ടാണ്. അത് വിവാഹമോചനമാണ്. അതാവട്ടെ, അവര്‍ക്ക് ഏറെ വിഷമമുള്ളതാണ്.

عَسَىٰ رَبُّهُۥٓ إِن طَلَّقَكُنَّ أَن يُبْدِلَهُۥٓ أَزْوَٰجًا خَيْرًا مِّنكُنَّ مُسْلِمَٰتٍ مُّؤْمِنَٰتٍ قَٰنِتَٰتٍ تَٰٓئِبَٰتٍ عَٰبِدَٰتٍ سَٰٓئِحَٰتٍ ثَيِّبَٰتٍ وَأَبْكَارًا ‎

(പ്രവാചകപത്നിമാരേ,) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ. (ഖുര്‍ആൻ:66/5)

ഈ താക്കീതുകളും ഉപദേശങ്ങളും കേട്ടപ്പോള്‍ പ്രവാചകന്റെ തൃപ്തിയിലേക്കവര്‍ ധൃതിപ്പെട്ടു. ഈ വിശേഷണങ്ങളത്രയും അവര്‍ക്കിണങ്ങുന്നതാണ്. അങ്ങനെ അവര്‍ വിശ്വാസിനികളായ സ്ത്രീകളില്‍ ശ്രേഷ്ഠരായി.

ആയത്തുകളിലെ പാഠം ചുരുക്കത്തിൽ

മേല്‍ കഴിഞ്ഞ തിരുവചനങ്ങളില്‍ നിന്ന് നമുക്ക് പലതും മനസ്സിലാക്കാവുന്നതാണ്. ഉദാഹരണമായി;

(1) നബി ﷺ യുടെ സ്ഥാനപദവികള്‍ക്ക് അനുയോജ്യമല്ലാത്ത വല്ല നിസ്സാരകാര്യം പോലും തിരുമേനിയില്‍ നിന്ന് ഉണ്ടായേക്കുന്നപക്ഷം അല്ലാഹു അത് തിരുത്തിക്കൊടുക്കുന്നതാണ്.

(2) അല്ലാഹു ഹലാലാക്കിയ – അനുവദനീയമാക്കിയ വസ്തുക്കളെ ഉപയോഗിക്കുകയില്ലെന്നു ആരും, ദൃഢനിശ്ചയം ചെയ്തു കൂടാത്തതാണ്.

(3) നന്നല്ലാത്ത വിഷയങ്ങളില്‍ സത്യം ചെയ്യരുത്.

(4) അങ്ങിനെ സത്യം ചെയ്തു പോയാല്‍ അതിനു പ്രായശ്ചിത്തം (കഫ്ഫാറത്ത്‌) നല്‍കി അതില്‍ നിന്ന് വിരമിക്കേണ്ടതാണ്.

(5) സ്‌ത്രീകള്‍ എത്ര ഉന്നത പദവിയുള്ളവരായാലും അവരുടേതായ ചില സ്വഭാവങ്ങള്‍ അവരില്‍ നിന്ന് പ്രകടമായേക്കുക സ്വാഭാവികമാണ്.

(6) ഒരാളോട് ഒരാള്‍ ഒരു രഹസ്യ വിവരം പറഞ്ഞാല്‍ അതു മറ്റൊരാളെ അറിയിച്ചുകൂടാ.

(7) നബി ﷺ തിരുമേനിയുടെ സ്ഥാന പദവി അല്ലാഹുവിങ്കല്‍ ഉന്നതമായിട്ടുള്ളതാണ്.

(8) അല്ലാഹുവിന്റെയും, റസൂലിന്റെയും കൽപനക്കോ തൃപ്തിക്കോ എതിരായി പ്രവര്‍ത്തിക്കുന്നത് ആര്‍ തന്നെ ആയാലും അല്ലാഹു അത് ഒട്ടും ഇഷ്ടപ്പെടുന്നതല്ല.

(9) ഭാര്യമാരുടെയോ മറ്റോ ഇഷ്ടത്തെ മുന്‍നിര്‍ത്തി നന്നല്ലാത്ത കാര്യങ്ങളില്‍ പ്രവേശിക്കരുത്, അങ്ങനെ പലതും. (അമാനി തഫ്സീര്‍)

Leave a Reply

Your email address will not be published.

Similar Posts