നബി ﷺ യുടെ നിയോഗസമയത്ത് മദീനയിലുണ്ടായിരുന്ന ഏറ്റവുംവലിയ ജൂതവിഭാഗമാണ് ബനൂനളീര്‍. നബി ﷺ നിയോഗിക്കപ്പെടുകയും മദീനയിലേക്ക് പലായനം ചെയ്യുകയും ചെയ്തപ്പോള്‍ ജൂതന്മാരില്‍ നിന്നും അവിശ്വസിച്ചവരുടെ കൂട്ടത്തില്‍ ഇവരും അവിശ്വസിച്ചു. മദീനയില്‍ തന്റെ അയല്‍വാസികളായ ജൂതഗോത്രങ്ങളുമായി നബി ﷺ സന്ധിയുണ്ടാക്കി. ബദ്ര്‍യുദ്ധം കഴിഞ്ഞ് ആറു മാസത്തിനുശേഷം നബി ﷺ അവരുടെ അടുത്ത് ചെല്ലുകയും അംറുബ്‌നു ഉമയ്യതുള്ളംരിയെ കൊലചെയ്ത കുലാബികള്‍ക്കുള്ള പ്രായച്ഛിത്തം നല്‍കാന്‍ സഹായിക്കണമെന്ന് അവരോട് സംസാരിക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘അബുല്‍ക്വാസിമേ, ഞങ്ങളങ്ങനെ ചെയ്യാം. നിന്റെ ആവശ്യം ഞങ്ങള്‍ നിര്‍വഹിച്ചുതരുന്നതുവരെ നീ ഇവിടെയിരിക്കുക.’
അങ്ങനെ അവര്‍ പരസ്പരം മാറിയിരുന്നു. അവരുടെ ദുഷ്ടത അവര്‍ക്ക് പിശാച് അലങ്കാരമായി കാണിച്ചുകൊടുത്തു. നബി ﷺ യെ വധിക്കാന്‍ അവര്‍ ഗൂഢാലോചന നടത്തി. അവര്‍ ചോദിച്ചു: ‘ഈ ആട്ടുകല്ലെടുത്ത് മുകളില്‍ കയറി അത് മുഹമ്മദിന്റെ തലയിലിട്ട് അതുകൊണ്ട് തല ചതക്കാന്‍ നിങ്ങളിലാരുണ്ട്?’ അവരിലേറ്റവും ദുഷ്ടനായ അംറുബിന്‍ ജഹാഷ് പറഞ്ഞു: ‘ഞാന്‍ ചെയ്യാം.’ അപ്പോള്‍ സലാമിബ്‌നു മിഷ്‌കം അവരോട് പറഞ്ഞു: ‘നിങ്ങളങ്ങനെ ചെയ്യരുത്. നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യം അല്ലാഹു അദ്ദേഹത്തെ അറിയിക്കുകതന്നെ ചെയ്യും. തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെയും നമ്മുടെയും ഇടയിലുള്ള കരാര്‍ലംഘനം കൂടിയാണ്.’
അവരുടെ ഉദ്ദേശ്യത്തെക്കുറിച്ച് പെട്ടെന്നു തന്നെ തന്റെ രക്ഷിതാവിങ്കല്‍നിന്ന് നബി ﷺ ക്ക് വഹ്‌യ് വന്നു. നബി ﷺ എഴുന്നേറ്റ് പെട്ടെന്ന് മദീനയിലേക്ക് തിരിക്കുകയും ചെയ്തു. നബി ﷺ യുടെ അനുചരന്മാരും കൂടെ ചേര്‍ന്നു. അവര്‍ പറഞ്ഞു: ‘താങ്കള്‍ എഴുന്നേറ്റുപോന്നത് ഞങ്ങളറിഞ്ഞില്ല.’ അപ്പോള്‍ ജൂതന്മാരുടെ ഉദ്ദേശ്യത്തെക്കുറിച്ച് നബി ﷺ അവരെ അറിയിച്ചു. തുടര്‍ന്ന് നബി ﷺ അവരിലേക്ക് ആളെ അയക്കുകയും തന്റെ കൂടെ താമസിക്കേണ്ടതില്ലെന്നും മദീന വിട്ട് പുറത്തുപോകണമെന്നും അറിയിക്കുകയും ചെയ്തു. പത്ത് ദിവസത്തെ അവധി ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും അതിനുശേഷം ആരെയെങ്കിലും മദീനയില്‍ കണ്ടാല്‍ അവനെ വധിച്ചുകളയുമെന്നും അറിയിച്ചു.
അങ്ങനെ അവര്‍ ആ ദിവസങ്ങളില്‍ തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നു. ആ സന്ദര്‍ഭത്തില്‍ കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സുലൂല്‍ അവരോട് വീടുവിട്ട് പുറത്തുപോകേണ്ടിതില്ലെന്നും തന്റെ കൂടെ രണ്ടായിരം പേരുണ്ടെന്നും അവര്‍ നിങ്ങളോടൊപ്പം കോട്ടയില്‍ പ്രവേശിക്കുമെന്നും നിങ്ങളോടൊപ്പം മരിക്കാന്‍ അവരും കൂടി ഉണ്ടായിരിക്കുമെന്നും പറഞ്ഞു. മാത്രവുമല്ല, ബനൂക്വുറൈളയും ഗത്ഫാന്‍കാരില്‍നിന്നുള്ള സഖ്യകക്ഷികളും നിങ്ങളെ സഹായിക്കുമെന്നുംപറഞ്ഞു.
ജൂതനേതാവായ ഹുയയ്യിബ്‌നു അഖ്തബിന് ഈ വാക്കുകളില്‍ പ്രതീക്ഷയുണ്ടായി. അയാള്‍ നബി ﷺ യുടെ അടുത്തേക്ക് ആളെ അയച്ചുകൊണ്ട് പറഞ്ഞു: ‘ഞങ്ങള്‍ ഞങ്ങളുടെ വീടുകളില്‍നിന്ന് പുറത്തുപോകുകയില്ല. നീ നിനക്കിഷ്ടമുള്ളത് ചെയ്തുകൊള്ളുക.’ അപ്പോള്‍ നബി ﷺ യും അനുചരന്മാരും അല്ലാഹുവിനെ മഹത്ത്വപ്പെടുത്തി അവരിലേക്ക് പുറപ്പെട്ടു. നേതൃത്വം അലിയ്യിബ്‌നു അബീത്വാലിബ് رَضِيَ اللهُ عَنْهُ വിനായിരുന്നു. കല്ലുകൊണ്ടും അമ്പുകൊണ്ടും എറിഞ്ഞുകൊണ്ട് കോട്ടകള്‍ക്കെതിരെ അവര്‍ നിലകൊണ്ടു. ബനൂക്വുറൈളക്കാര്‍ അവരെ കൈവിട്ടു. ഇബ്‌നുഉബയ്യും ഗത്ഫാന്‍ സഖ്യകക്ഷികളും അവരെ വഞ്ചിച്ചു. നബി ﷺ ﷺ അവരെ ഉപരോധിച്ചു. അവരുടെ ഈന്തപ്പനകള്‍ മുറിക്കുകയും കത്തിച്ചുകളയുകയും ചെയ്തു. അപ്പോള്‍ അവര്‍ നബി ﷺ യിലേക്ക് ആളെ അയച്ചു. ഞങ്ങള്‍ മദീനയില്‍ നിന്ന് പുറത്തുപോകാമെന്ന് അറിയിച്ചു. അവര്‍ക്കും അവരുടെ മക്കള്‍ക്കും ആയുധമൊഴികെ ഒരു ഒട്ടകത്തിനു വഹിക്കാവുന്ന വസ്തുക്കളുമായി അവരെ പോകാനനുവദിച്ചു. സ്വത്തുക്കളും ആയുധങ്ങളും നബി ﷺ പിടിച്ചുവെച്ചു.
ബനുന്നളീര്‍ ഗോത്രം നബി ﷺ ക്ക് ആപത്ത് വരുത്താനും മുസ്‌ലിംകളുടെ ഗുണത്തിനെതിരായും മാത്രം നിലകൊണ്ടവരുമായിരുന്നു. ഈ സ്വത്തുക്കള്‍ നബി ﷺ വീതിച്ചില്ല. കാരണം അത് യുദ്ധം ചെയ്യാതെ ലഭിച്ച യുദ്ധമുതലാണ്. മുസ്‌ലിംകള്‍ക്ക് അതിന് വേണ്ടി കുതിരകളോ വാഹനങ്ങളോ അധ്വാനങ്ങളോ വേണ്ടിവന്നിട്ടില്ല. ഖൈബറിലേക്ക് അവരെ നാടുകടത്തുകയും ചെയ്തു. അവരില്‍ അവരുടെ നേതാവായ ഹുയയ്യിബ്‌നു അഖ്തബ് ഉണ്ടായിരുന്നു. അവരുടെ വീടുകളും സ്ഥലങ്ങളും അധീനപ്പെടുത്തി. ആയുധങ്ങള്‍ പിടിച്ചെടുത്തു. അന്‍പതോളം അങ്കികളും അന്‍പത് യുദ്ധത്തൊപ്പികളും മുന്നൂറ്റി നാല്‍പത് വാളുകളും ലഭിച്ചു. ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ അവരുടെ ചരിത്രത്തിന്റെ ഒരു ചുരുക്കമിതാണ്.
ഇതിനെ കുറിച്ചാണ് സൂറ:ഹശ്റിന്റെ ആദ്യഭാഗത്ത് പരാമര്‍ശിക്കുന്നത്. തന്റെ ദൂതനായ, മുഹമ്മദ് നബി ﷺ യുടെ കൈകളിലൂടെ അല്ലാഹു നിശ്ചയിച്ച ആദ്യ നാടുകടത്തലും തുരത്തലുമായിരുന്നു അവരെ പുറത്താക്കല്‍. അങ്ങനെ അവരെ ഖൈബറിലേക്ക് നാടുകടത്തി. ഖൈബറില്‍നിന്നും വീണ്ടും നബി ﷺ അവരെ നാടുകടത്തിയപ്പോള്‍ മറ്റൊരു തുരത്തിയോടിക്കലും നാടുകടത്തലും നടന്നിട്ടുണ്ടെന്ന് കൂടി ഈ ആയത്തില്‍ അറിയിക്കുന്നുണ്ട്. പിന്നീട് ഉമര്‍ رَضِيَ اللهُ عَنْهُ ആണ് ശേഷിക്കുന്നവരെ അവിടെ നിന്നും പുറത്താക്കിയത്.
هُوَ ٱلَّذِىٓ أَخْرَجَ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ مِن دِيَٰرِهِمْ لِأَوَّلِ ٱلْحَشْرِ ۚ مَا ظَنَنتُمْ أَن يَخْرُجُوا۟ ۖ وَظَنُّوٓا۟ أَنَّهُم مَّانِعَتُهُمْ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا۟ ۖ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ ۚ يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِى ٱلْمُؤْمِنِينَ فَٱعْتَبِرُوا۟ يَٰٓأُو۟لِى ٱلْأَبْصَٰرِ
വേദക്കാരില്‍ പെട്ട സത്യനിഷേധികളെ ഒന്നാമത്തെ തുരത്തിയോടിക്കലില്‍ തന്നെ അവരുടെ വീടുകളില്‍ നിന്നു പുറത്തിറക്കിയവന്‍ അവനാകുന്നു. അവര്‍ പുറത്തിറങ്ങുമെന്ന് നിങ്ങള്‍ വിചാരിച്ചിരുന്നില്ല. തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ പ്രതിരോധിക്കുമെന്ന് അവര്‍ വിചാരിച്ചിരുന്നു. എന്നാല്‍ അവര്‍ കണക്കാക്കാത്ത വിധത്തില്‍ അല്ലാഹു അവരുടെ അടുക്കല്‍ ചെല്ലുകയും അവരുടെ മനസ്സുകളില്‍ ഭയം ഇടുകയും ചെയ്തു. അവര്‍ സ്വന്തം കൈകള്‍കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍കൊണ്ടും അവരുടെ വീടുകള്‍ നശിപ്പിച്ചിരുന്നു. ആകയാല്‍ കണ്ണുകളുള്ളവരേ, നിങ്ങള്‍ ഗുണപാഠം ഉള്‍കൊള്ളുക. (ഖുര്‍ആൻ:59/2)
തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍നിന്ന് തങ്ങളെ പ്രതിരോധിക്കുമെന്ന് അവര്‍ വിചാരിച്ചിരുന്നു. അങ്ങനെ അതിലവര്‍ അഹങ്കരിക്കുകയും പിടിക്കപ്പെടില്ലെന്ന് അവര്‍ ധരിക്കുകയും ചെയ്തു. അതവരെ വഞ്ചിച്ചു കളഞ്ഞു. അതിനെല്ലാം അപ്പുറത്തായിരുന്നു അല്ലാഹുവിന്റെ നിശ്ചയം. ആ കോട്ടകള്‍ അവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. പ്രതിരോധമോ ശക്തിയോ അതിലവര്‍ക്ക് ഉപകാരപ്പെട്ടില്ല. അല്ലാഹു അവരുടെ മനസ്സുകളില്‍ കഠിനമായ ഭയം ഇടുകയും ചെയ്തു. അല്ലാഹു അല്ലാത്തതില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍ കയ്യൊഴിക്കപ്പെടും. അല്ലാഹുവല്ലാത്തവരില്‍ അവലംബിക്കുന്നവന്‍ നാശമടയും.
അല്ലാഹുവിന്റെ പ്രവൃത്തി മനസ്സിലാക്കാവുന്ന ഒരു പാഠം ഇതിലുണ്ട്. ദേഹേച്ഛകളെ പിന്‍പറ്റുന്നവരില്‍ തങ്ങള്‍ ചെയ്ത തെറ്റുകള്‍ക്കുള്ള മാതൃകാപരമായ ശിക്ഷ വന്നപ്പോഴും അല്ലാഹുവിന്റെ കല്‍പന വന്നപ്പോഴും അവരുടെ പ്രതാപം അവര്‍ക്ക് ഉപകാരപ്പെട്ടില്ല. അവരുടെ ശക്തി അവരെ തടുത്തില്ല. കോട്ടകള്‍ അവരെ പ്രതിരോധിച്ചതുമില്ല.
ഇഹലോകത്തെ കഠിനമായ ശിക്ഷ അവര്‍ക്ക് ഒഴിവാക്കുകയാണ് അല്ലാഹു ചെയ്തത്. അവര്‍ക്ക് ശിക്ഷ നാടുകടത്തലായി ലഘൂകരിച്ചു. ഇതു സംഭവിച്ചില്ലെങ്കില്‍ ഇഹലോക ശിക്ഷയില്‍നിന്നും മാതൃകാപരമായ മറ്റൊന്നിന് അവര്‍ വിധേയമാകുമായിരുന്നു. പരലോകത്താകട്ടെ, കഠിനമായ നരകശിക്ഷ അവര്‍ക്കുണ്ട്.
وَلَوْلَآ أَن كَتَبَ ٱللَّهُ عَلَيْهِمُ ٱلْجَلَآءَ لَعَذَّبَهُمْ فِى ٱلدُّنْيَا ۖ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابُ ٱلنَّارِ
അല്ലാഹു അവരുടെ മേല്‍ നാടുവിട്ടുപോക്ക് വിധിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഇഹലോകത്ത് വെച്ച് അവന്‍ അവരെ ശിക്ഷിക്കുമായിരുന്നു.പരലോകത്ത് അവര്‍ക്കു നരകശിക്ഷയുമുണ്ട്. (ഖുര്‍ആൻ:59/3)
അല്ലാഹുവിനോടും റസൂലിനോടും അനുസരണക്കേട് കാണിക്കുന്നതില്‍ അവര്‍ പരിശ്രമിക്കുകയും ഏറ്റുമുട്ടുകയും ശത്രുത കാണിക്കുകയും ചെയ്തിന്റെ ഫലമത്രെ ഇത്. അല്ലാഹുവുമായി മത്സരിക്കുന്നവരുടെ കാര്യത്തില്‍ അവന്റെ പതിവും ചര്യയും ഇതാണ്.
ذَٰلِكَ بِأَنَّهُمْ شَآقُّوا۟ ٱللَّهَ وَرَسُولَهُۥ ۖ وَمَن يُشَآقِّ ٱللَّهَ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
അത് അല്ലാഹുവോടും അവന്‍റെ റസൂലിനോടും അവര്‍ മത്സരിച്ചു നിന്നതിന്‍റെ ഫലമത്രെ. വല്ലവനും അല്ലാഹുവുമായി മത്സരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. (ഖുര്‍ആൻ:59/4)
ഈ യുദ്ധത്തിൽ മുസ്‌ലിംകള്‍ക്ക് അതിന് വേണ്ടി കുതിരകളോ വാഹനങ്ങളോ അധ്വാനങ്ങളോ വേണ്ടിവന്നിട്ടില്ല. അങ്ങനെ യുദ്ധം ചെയ്യാതെ ലഭിച്ച മുതലായതിനാലാണ് ഈ സ്വത്തുക്കള്‍ നബി ﷺ വീതിക്കാതിരുന്നത്. അല്ലാഹു പറയുന്നത് കാണുക:
وَمَآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْهُمْ فَمَآ أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَٰكِنَّ ٱللَّهَ يُسَلِّطُ رُسُلَهُۥ عَلَىٰ مَن يَشَآءُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴿٦﴾ مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْ أَهْلِ ٱلْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ كَىْ لَا يَكُونَ دُولَةَۢ بَيْنَ ٱلْأَغْنِيَآءِ مِنكُمْ ۚ وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴿٧﴾
അവരില്‍ നിന്ന് (യഹൂദരില്‍ നിന്ന്) അല്ലാഹു അവന്‍റെ റസൂലിന് കൈവരുത്തി കൊടുത്തതെന്തോ അതിനായി നിങ്ങള്‍ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കുകയുണ്ടായിട്ടില്ല. പക്ഷെ, അല്ലാഹു അവന്‍റെ ദൂതന്‍മാരെ അവന്‍ ഉദ്ദേശിക്കുന്നവരുടെ നേര്‍ക്ക് അധികാരപ്പെടുത്തി അയക്കുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹു അവന്‍റെ റസൂലിന് വിവിധ രാജ്യക്കാരില്‍ നിന്ന് കൈവരുത്തി കൊടുത്തതെന്തോ അത് അല്ലാഹുവിനും റസൂലിനും അടുത്ത കുടുംബങ്ങള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാകുന്നു. അത് (ധനം) നിങ്ങളില്‍ നിന്നുള്ള ധനികന്‍മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്. നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. (ഖുര്‍ആൻ:59/6-7)
സൂറഃ അന്‍ഫാലിലുള്ള വചനത്തിന്റെ (8/41) അതേ അര്‍ഥം തന്നെയാണ് ഈ വചനത്തിനും.
وَاعْلَمُوا أَنَّمَا غَنِمْتُمْ مِنْ شَيْءٍ فَأَنَّ لِلَّهِ خُمُسَهُ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ
നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍നിന്നും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (റസൂലിന്റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കര്‍ക്കും ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍. (ഖുര്‍ആൻ:8/41)
ഈ ഫൈഅ് (കൈവശപ്പെടുത്തിയത്) അഞ്ച് ഭാഗമായി ഓഹരി വെക്കപ്പെടും. അതിലൊന്ന് അല്ലാഹുവിനും റസൂലിനുമാണ്. അത് മുസ്‌ലിംകളുടെ പൊതുനന്മക്കു വേണ്ടി വിനിയോഗിക്കും. അഞ്ചിലൊന്ന് നബികുടുംബത്തിന്. ബനൂഹാശിം, ബനൂമുത്വലിബ് കുടുംബങ്ങളാണവര്‍. അവരിലെ സ്ത്രീപുരുഷന്മാര്‍ക്ക് തുല്യമായി ഭാഗിക്കപ്പെടും. അഞ്ചില്‍ ഒന്നിന്റെ അഞ്ചിലൊന്നില്‍ ബനൂഹാശിമിനോടൊപ്പം ബനൂമുത്വലിബും ഉള്‍പ്പെടും. മറ്റുള്ള ബനൂഅബ്ദുമനാഫ് അവരില്‍ പങ്കുചേരില്ല.
അഞ്ചിലൊന്ന് അനാഥകള്‍ക്കും ദരിദ്രര്‍ക്കും. അനാഥരെന്നാല്‍ പിതാവ് മരിച്ചവരും പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും. അഞ്ചിലൊന്ന് സാധുക്കള്‍ക്ക്. അഞ്ചിലൊന്ന് വഴിയാത്രക്കാര്‍ക്കും. അവര്‍ സ്വന്തം നാട്ടിലല്ലാതെ ഒറ്റപ്പെട്ടുപോയവരാണ്.
അല്ലാഹു ഇങ്ങനെ ഒരു കണക്ക് നിശ്ചയിക്കുകയും ഫൈഅ് സ്വത്ത് ഈ നിര്‍ണിത വിഭാഗങ്ങളില്‍ പരിമിതപ്പെടുത്തുകയും ചെയ്തു. ധനം ധനികര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്. അതിനൊരു കണക്ക് നിശ്ചയിച്ചിട്ടില്ലെങ്കില്‍ അത് ശക്തിയുള്ളവരും സമ്പന്നരും മാത്രം കൈകാര്യം ചെയ്യുന്നു. അവരല്ലാത്ത ദുര്‍ബലര്‍ക്ക് യാതൊന്നും ലഭിക്കാതെ വരും. അല്ലാഹുവിന് മാത്രമറിയുന്ന ഒട്ടനവധി പ്രശ്‌നങ്ങളുണ്ടതില്‍. അല്ലാഹു നിര്‍ദേശിച്ച മതനിയമങ്ങളും കല്‍പനകളും പിന്തുടരുമ്പോള്‍ കണക്കാക്കാനാകാത്ത ഗുണങ്ങളുള്ളതു പോലെ തന്നെ.
ഒരു പൊതു അടിസ്ഥാനവും പൊതുനിയമവും അല്ലാഹു ഇവിടെ നിര്‍ദേശിക്കുന്നു.
وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ
നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക
മതത്തിന്റെ അടിസ്ഥാന നിയമങ്ങളും ശാഖകളും പ്രത്യക്ഷമായതും പരോക്ഷമായതുമെല്ലാം ഈ വചനം ഉള്‍ക്കൊള്ളുന്നുണ്ട്. റസൂല്‍ ﷺ കൊണ്ടുവന്നത് സ്വീകരിക്കിലും പിന്‍പറ്റലും ദാസന്മാരുടെമേല്‍ നിശ്ചയിക്കപ്പെട്ടതാണ്. അതിന് എതിരു പ്രവര്‍ത്തിക്കല്‍ പാടില്ലാത്തതാണ്. ഒരു കാര്യത്തില്‍ റസൂലിന്റെ വിധി അല്ലാഹുവിന്റെ വിധിപോലെ തന്നെയാണ്. അത് ഉപേക്ഷിക്കാന്‍ ഒരാള്‍ക്കും ഒരു ന്യായമോ ഇളവോ ഇല്ല. റസൂലിന്റെ വാക്കിനെക്കാള്‍ ഒരാളുടെ വാക്കിനും മുന്‍ഗണന നല്‍കാവതല്ല. ഇഹപരജീവിതങ്ങളെയും ആത്മാവിനെയും ഹൃദയങ്ങളെയും സമ്പന്നമാക്കുന്ന സൂക്ഷ്മതാബോധത്തെയാണ് തുടര്‍ന്ന് ഉണര്‍ത്തുന്നത്. അതിലാണ് നിത്യസൗഭാഗ്യവും മഹത്തായ വിജയവുമുള്ളത്. അത് പാഴാക്കുന്നതിലൂടെ നിത്യമായ ദൗര്‍ഭാഗ്യവും അനശ്വരമായ ശിക്ഷയും ലഭിക്കുന്നു.
മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്കും അവകാശപ്പെട്ടതാകുന്നു ആ ധനം. ഈ സ്വത്തിന് അര്‍ഹതപ്പെട്ട മറ്റു ചിലര്‍ അന്‍സാരികളില്‍ നിന്നാണ്. അല്ലാഹു പറയുന്നു:
لِلْفُقَرَآءِ ٱلْمُهَٰجِرِينَ ٱلَّذِينَ أُخْرِجُوا۟ مِن دِيَٰرِهِمْ وَأَمْوَٰلِهِمْ يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ ﴿٨﴾ وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةً مِّمَّآ أُوتُوا۟ وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴿٩﴾
അതായത് സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം.) അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍. അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.(ഖുര്‍ആൻ:59/8-9)
അന്‍സ്വാറുകളുടെ മഹത്വവും ശ്രേഷ്ടതയും ഈ ആയത്തിൽ നിന്നും വ്യക്തമാണ്. അന്‍സ്വാറുകളെക്കാള്‍ ശ്രേഷ്ഠര്‍ മുഹാജിറുകളാണെന്നും ഇതില്‍ നിന്ന് മനസ്സിലാകുന്നു. കാരണം ഇവിടെ ആദ്യം പരാമര്‍ശിച്ചത് മുഹാജിറുകളെയാണ്. അവര്‍ക്ക് നല്‍കിയതില്‍ അന്‍സ്വാറുകള്‍ തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും കണ്ടെത്തുന്നുമില്ല എന്ന് അല്ലാഹു പറയുകയും ചെയ്യുന്നു. അപ്പോള്‍ അതില്‍ നിന്ന് മനസ്സിലാകുന്നത് അന്‍സ്വാറുകള്‍ക്കോ അല്ലാത്തവര്‍ക്കോ നല്‍കിയിട്ടില്ലാത്തത് മുഹാജിറുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കൂടിയാണ്. കാരണം അവര്‍ പ്രവാചകനെ സഹായിക്കുകയും ഹിജ്‌റ പോവുകയും ചെയ്തു എന്നാണ്.
മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു മനസ്സ് ആര്‍ക്കെങ്കിലും നല്‍കപ്പെട്ടാല്‍ മനസ്സിന്റെ പിശുക്കില്‍ നിന്നും കാത്തുരക്ഷിക്കപ്പെടും എന്ന ശ്രദ്ധേയമായ പാഠവും ഇതിലുണ്ട്. മനസ്സിന്റെ പിശുക്കില്‍ നിന്ന് രക്ഷപ്പെട്ടത് എന്നാൽ എല്ലാ മതകല്‍പനകളിലും സംഭവിക്കാവുന്ന പിശുക്കില്‍ നിന്നുള്ള രക്ഷ കൂടി ഉള്‍ക്കൊള്ളുന്നു. കാരണം മനസ്സിന്റെ പിശുക്കില്‍ നിന്ന് ഒരടിമ രക്ഷപ്പെട്ടാല്‍ അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകള്‍ നിറവേറ്റാന്‍ അവന്റെ മനസ്സ് വിശാലമാകും. ഹൃദയവിശാലതയോടെ കീഴ്‌പ്പെട്ടവനായി അനുസരണയുള്ളവാരായി അവനത് പ്രവര്‍ത്തിക്കും. വിരോധിക്കപ്പെട്ടത് ഉപേക്ഷിക്കുന്നതിലും അവന്റെ മനസ്സ് വിശാലമാകും. മനസ്സ് ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതുമാണെങ്കിലും. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് അവന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കാന്‍ അവന്റെ മനസ്സ് വിശാലമാകും. അതിനാല്‍ അവന്‍ പിശുക്കുള്ള മനസ്സില്‍ നിന്ന് വ്യത്യസ്തമായി വിജയം നേടും. മാത്രവുമല്ല, തിന്മകളുടെ അടിസ്ഥാനമായ പിശുക്കിനാല്‍ നന്മയുടെ കാര്യത്തില്‍ പരീക്ഷിക്കപ്പെട്ടവനാകുന്നു മനസ്സിന്റെ പിശുക്കില്‍ നിന്ന് രക്ഷപ്പെടാത്തവന്‍.
മറ്റൊരു വിഭാഗത്തെ കൂടി അല്ലാഹു ഉൾപ്പെടുത്തുന്നു:
وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ
അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. (ഖുര്‍ആൻ:59/10)
അതായത് മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും ശേഷം വന്നവര്‍. ഈ മൂന്ന് വിഭാഗവും ഈ സമുദായത്തില്‍ പെട്ടവര്‍ തന്നെയാണ്. അവര്‍ ഇസ്‌ലാമിന്റെ നന്മക്ക് വേണ്ടി നീക്കിവെച്ച (ഫൈഅ്) യുദ്ധസ്വത്തിന് അര്‍ഹതപ്പെട്ടവരാണ്.
വിശദമായ പഠനത്തിന് സൂറ:ഹശ്ര്‍ കാണുക.
അവലംബം : തഫ്സീറുസ്സഅ്ദി
കടപ്പാട് : ഹാരിസ് ബിന്‍ സലീം