നോമ്പുകാരൻ ചെവിയിലും മൂക്കിലും കണ്ണിലുമൊക്കെ തുള്ളിമരുന്ന് ഉറ്റിച്ചാൽ നോമ്പ് മുറിയുമോ?
ശൈഖ് സഅദ് ബ്നു തുർക്കി അൽ ഖഥ്ലാൻ حَفِظَهُ اللَّهُ പറയുന്നു: ചെവിയിൽ തുള്ളിമരുന്ന് ഉറ്റിച്ചാൽ നോമ്പ് മുറിയുകയില്ല. കാരണം, വയറ്റിലേക്ക് നേരിട്ട് ഭക്ഷണപാനീയങ്ങൾ എത്തിക്കുന്ന മാർഗമായി ഗണിക്കപ്പെടുന്ന ഒന്നല്ല ചെവി. ചെവിയിൽ മരുന്ന് ഉറ്റിച്ചതിൻ്റെ രുചി ഒരാളുടെ തൊണ്ടയിൽ അനുഭവപ്പെട്ടാലും ശരി, അത് നോമ്പിനെ ബാധിക്കുകയില്ല. ആരും ആർക്കും ചെവിയിലൂടെ ഭക്ഷണം കൊടുക്കാറില്ല.
അതുപോലെത്തന്നെ കണ്ണിൽ തുള്ളിമരുന്ന് ഉറ്റിച്ചാലും നോമ്പ് മുറിയുകയില്ല. കാരണം, വയറ്റിലേക്ക് അന്നപാനീയങ്ങൾ എത്തിക്കുന്ന നേരിട്ടുള്ള മാർഗമായി കണക്കാക്കപ്പെടുന്ന ഒന്നല്ല കണ്ണ്.
എന്നാൽ, മൂക്കിൽ തുള്ളിമരുന്ന് ഉറ്റിച്ചിട്ട് അത് വയറ്റിലേക്കെത്തിയാൽ നോമ്പ് മുറിയും. കാരണം, വായിലൂടെ ഭക്ഷണം കഴിക്കാൻ കഴിയാത്ത രോഗികൾക്ക് മൂക്കിലൂടെയാണ് സാധാരണ ഭക്ഷണം കൊടുക്കാറുള്ളത്. (വയറ്റിലേക്ക് അന്നപാനീയങ്ങൾ എത്തിക്കാനുള്ള നേരിട്ടുള്ള മാർഗമായി മൂക്ക് ഗണിക്കപ്പെടും). ലക്വീത്വ് ബ്നു സ്വബിറ رضى الله عنه വിനോട് നബിﷺ പറഞ്ഞു: {നീ നോമ്പുകാരനല്ലാത്തപ്പോൾ, മൂക്കിൽ നന്നായി വെള്ളം കയറ്റി ചീറ്റുക}(അബൂദാവൂദ്: 2366). മൂക്കിലേക്ക് നന്നായി വെള്ളം കയറ്റിയാൽ, വയറ്റിലേക്ക് വെള്ളമെത്താൻ സാധ്യതയുള്ളത് കൊണ്ടാണ് നോമ്പുകാരനായിരിക്കെ അങ്ങനെ ചെയ്യുന്നത് നബിﷺ വിലക്കിയത്. മൂക്കിലൂടെ എന്തെങ്കിലും വയറ്റിലേക്ക് എത്തിയാൽ നോമ്പ് മുറിയുമെന്നാണ് ഇതറിയിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, കണ്ണിലും ചെവിയിലും ഉറ്റിക്കുന്ന തുള്ളി മരുന്നുകൾ നോമ്പിനെ ബാധിക്കുകയില്ല. എന്നാൽ, മൂക്കിൽ തുള്ളിമരുന്ന് ഉറ്റിച്ചിട്ട്, അത് വയറ്റിലേക്കെത്തിയാൽ നോമ്പ് മുറിയും. (https://youtu.be/zcX15XFoRM0?feature=shared)
പല്ല് പറിച്ചാൽ നോമ്പ് മുറിയുമോ?
ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു:ഇല്ല. ആവശ്യമാണെങ്കിൽ നോമ്പുകാരന് പല്ല് പറിക്കാം. അത് അവന്റെ നോമ്പിനെ ബാധിക്കുകയില്ല. എന്നാൽ, രക്തം ഉള്ളിലേക്ക് ഇറങ്ങി പോകാതിരിക്കാൻ സൂക്ഷിക്കണം. ഇനി, മനഃപൂർവ്വമല്ലാതെ രക്തം ഉള്ളിലേക്ക് ഇറങ്ങിയാൽ, അത് നോമ്പിനെ ബാധിക്കുകയില്ല. എന്നാൽ, മനപ്പൂർവ്വം രക്തം ഉള്ളിലേക്ക് ഇറക്കിയാൽ നോമ്പ് മുറിയും. നിർബന്ധമായ നോമ്പാണെങ്കിൽ, അത് നോറ്റു വീട്ടുകയും ചെയ്യണം. അങ്ങനെ മനപ്പൂർവ്വം രക്തം ഉള്ളിലേക്ക് ഇറക്കാൻ പാടില്ല. കൊപ്ലിച്ചും അല്ലാതെയുമൊക്കെ, ഒന്നും ഉള്ളിലേക്ക് ഇറങ്ങി പോകുന്നില്ലെന്ന് ഉറപ്പിക്കണം. ഇനി, പിടിച്ചുവെക്കാനാവാതെ രക്തം ഉള്ളിലേക്ക് എത്തിയാൽ, അത് നോമ്പിനെ ബാധിക്കുകയില്ല. (https://bit.ly/3lWMgrv)
നോമ്പുകാരൻ ഉച്ചക്ക് ശേഷം പല്ല് തേക്കരുത് എന്ന് പറയുന്നത് ശരിയാണോ?
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: നോമ്പുകാരനോ അല്ലാത്തവനോ ഉച്ചക്ക് ശേഷം പല്ല് തേക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ല. പല്ലുതേക്കുക എന്നത് പ്രബലവും ശക്തവുമായ സുന്നത്താണ്. നോമ്പുകാരനെ അതിൽ നിന്ന് തടയാൻ തെളിവൊന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ല. ഉച്ചക്ക് മുമ്പാണെങ്കിലും ശേഷമാണെങ്കിലും ശരി, പല്ലു തേക്കുക എന്നത് നോമ്പുകാരനും നിരുപാധികം സുന്നത്ത് തന്നെയാണ് എന്നതാണ് അടിസ്ഥാനം. (https://youtu.be/6cs6fUQmQXQ)
ആസ്ത്മ രോഗികൾക്ക് നോമ്പുകാരായിരിക്കെ ഇൻഹേലർ ഉപയോഗിക്കാൻ പറ്റുമോ?
ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു: ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പിനെ ബാധിക്കുകയില്ല. കാരണം, കാരണം ഇത് കംപ്രസ് ചെയ്ത വാതകമാണ്. അത് ഭക്ഷണത്തിൻ്റെ ഗണത്തില്‍ പെടുകയില്ല. (https://t.ly/BymvP)
قال الشيخ ابن عثيمين رحمه الله: هذا البخاخ يتبخر ولا يصل إلى المعدة ، فحينئذٍ نقول : لا بأس أن تستعمل هذا البخاخ وأنت صائم ، ولا تفطر بذلك اهـ
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു: ഇന്‍ഹേലര്‍ വഴി എടുക്കുന്ന മരുന്ന് ആവിയായി ശ്വാസത്തില്‍ ലയിച്ചു പോകുന്നു. അത് വയറ്റിലേക്കെത്തുന്നില്ല. അതുകൊണ്ടുതന്നെ നോമ്പുകാരനായിരിക്കെ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അക്കാരണം കൊണ്ട് നോമ്പ് മുറിയുകയില്ല. (فتاوى أركان الإسلام ص 475.)
നോമ്പുകാരന് ഭക്ഷണത്തിന്റെ രുചി നോക്കൽ അനുവദനീയമാണോ?
ശൈഖ് സുലൈമാൻ റുഹൈലി حَفِظَهُ اللَّهُ പറയുന്നു: അതെ, ഭക്ഷണത്തിന്റെ രുചി നോക്കുന്നതും അതിൽ ഉപ്പുണ്ടോ എന്ന് പരിശോധിക്കുന്നതുമൊക്കെ നോമ്പുകാരന് അനുവദനീയമാണ്. പക്ഷെ, വായിൽ വെക്കുന്നത് ഉള്ളിലേക്ക് ഇറക്കരുതെന്ന ഒരു നിബന്ധനയുണ്ട്. അപ്പോൾ, ഒരു നോമ്പ് കാരന് സ്പൂണിൽ കറിയോ മറ്റോ എടുത്ത് വായിൽ വെച്ച് രുചി നോക്കാവുന്നതാണ്. എന്നിട്ടത് ഇറക്കാതെ തുപ്പി കളയണം. (https://youtu.be/KwQSSNIXWSY)
അത്താഴം കഴിക്കാതെ നോമ്പനുഷ്ടിച്ചവന്റെ നോമ്പ് സ്വീകാര്യയോഗ്യമാണോ? ഇക്കാര്യത്തിൽ, ഫർദ്വ് നോമ്പെന്നോ സുന്നത്ത് നോമ്പെന്നോ വ്യത്യാസമുണ്ടോ?
ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു:
لا حرج فيه، صومه صحيح، وإن لم يتسحر، لكنه ترك السنة.. السنة أن يتسحر؛ لقول النبي ﷺ: تسحروا فإن في السحور بركة في الفرض والنفل، السنة أن يتسحر، كان النبي يتسحر -عليه الصلاة والسلام- فالسنة أن يتسحر بما تيسر من تمر، أو أي طعام، أو فاكهة، يتسحر بما تيسر، هذا هو السنة يستعين بذلك على صيامه، فإن صام ولم يتسحر؛ فلا حرج صومه صحيح، واصل النبي ﷺ بجماعة من الصحابة، يومين من غير سحور. نعم.
അത്താഴം കഴിച്ചിട്ടില്ലെങ്കിലും ഒരാളുടെ നോമ്പ് സ്വീകാര്യയോഗ്യമാണ്. പക്ഷേ, അത്താഴം ഒഴിവാക്കി നോമ്പെടുത്തവൻ സുന്നത്ത് ഉപേക്ഷിച്ചവനാണ്. കാരണം, നബിﷺ പറഞ്ഞു: {നിങ്ങൾ അത്താഴം കഴിക്കുക. തീർച്ചയായും അതിൽ ബറകത്തുണ്ട്}(ബുഖാരി: 1923). അപ്പോൾ, ഫർദ്വ് നോമ്പായാലും സുന്നത്ത് നോമ്പായാലും അത്താഴം കഴിക്കലാണ് സുന്നത്ത്. നബിﷺ അത്താഴം കഴിച്ചിട്ടാണ് നോമ്പനുഷ്ഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ, ഈത്തപ്പഴമോ പഴമോ മറ്റെന്തെങ്കിലും ഭക്ഷണമോ അത്താഴമായി കഴിച്ചിട്ട് നോമ്പെടുക്കലാണ് സുന്നത്ത്. ഒരാളെ നോമ്പെടുക്കാൻ സഹായിക്കുന്ന സുന്നത്താണ് അത്താഴം. ഇനിയൊരാൾ അത്താഴം കഴിക്കാതെ നോമ്പെടുത്താലും അവന്റെ നോമ്പ് സ്വീകാര്യയോഗ്യമാണ് ……… (https://bit.ly/3KfzMUY)
ഛർദ്ദിച്ചാൽ നോമ്പ് മുറിയുമോ?
ശൈഖ് സുലൈമാൻ റുഹൈലി حَفِظَهُ اللَّهُ പറയുന്നു: തന്റേതല്ലാത്ത കാരണം കൊണ്ട് ഒരാൾ ഛർദ്ദിച്ചാൽ അത് അവന്റെ നോമ്പിനെ ബാധിക്കുകയില്ല. എന്നാൽ, ഛർദ്ദിയിലൂടെ പുറത്തേക്ക് വരുന്ന ഒന്നും അകത്തേക്ക് തന്നെ തിരിച്ച് പോകാതിരിക്കാൻ അവൻ പരിശ്രമിക്കണമെന്ന നിബന്ധനയുണ്ട്. ഇനി അവൻ പരിശ്രമിച്ചിട്ടും വല്ലതും അകത്തേക്ക് തിരിച്ച് പോയാൽ, അതും അവന്റെ നോമ്പിനെ ബാധിക്കുകയില്ല. മനപ്പൂർവ്വം ഉണ്ടാക്കി ഛർദ്ദിക്കുന്നതും ഛർദ്ദിക്കാൻ സ്വയം കാരണക്കാരനാകുന്നതുമാണ് വിലക്കപ്പെട്ടിട്ടുള്ളത്. ഉദാഹരണത്തിന്, തൊണ്ടയിൽ കൈയിട്ട് മനപ്പൂർവ്വം ഛർദ്ദിക്കുക, തനിക്കൊരിക്കലും സഹിക്കാൻ കഴിയാത്ത ദുർഗന്ധമുള്ള സ്ഥലമാണെന്നറിഞ്ഞിട്ടും അങ്ങോട്ടു പോവുകയും ഛർദ്ദിക്കുകയും ചെയ്യുക- ഇങ്ങനെയുള്ള കാര്യങ്ങൾ കൊണ്ട് നോമ്പ് മുറിയുന്നതാണ്. എന്നാൽ, മനഃപൂർവ്വമല്ലാതെ സ്വാഭാവികമായി ഛർദ്ദിയുണ്ടാവുകയും അതിന്റെ ഭാഗമായി പുറത്തേക്ക് വന്ന ഒന്നും അകത്തേക്ക് തിരിച്ച് പോകാതിരിക്കാൻ സൂക്ഷിക്കുകയും ചെയ്തവന്റെ നോമ്പ് സ്വീകാര്യയോഗ്യമാണ്. ഗർഭിണിയായത് കൊണ്ട് ഛർദ്ദിക്കുന്ന സ്ത്രീയുടെ നോമ്പും സ്വീകാര്യയോഗ്യമാണ്. എന്നാൽ, ഛർദ്ദിയിലൂടെ പുറത്തേക്കുവരുന്ന ഒന്നും അകത്തേക്ക് തിരിച്ച് പോകാതിരിക്കാൻ അവർ പരിശ്രമിക്കണം. (https://youtu.be/QubTkDkdMcE)
റമദാനിലെ പകലിൽ സ്വപ്നസ്ഖലനം ഉണ്ടായാൽ നോമ്പ് മുറിയുമോ?
ശൈഖ് മുഹമ്മദ് അൽഹമൂദ് അന്നജ്ദി حَفِظَهُ اللَّهُ പറയുന്നു: സ്വപ്നസ്ഖലനം മനുഷ്യന്റെ കഴിവിൽ പെട്ടതോ, അവനുദ്ദേശിക്കുമ്പോൾ ഉണ്ടാകുന്നതോ അല്ല. അതുകൊണ്ടുതന്നെ, സ്വപ്നസ്ഖലനം ഉണ്ടായവന്റെ നോമ്പ് മുറിയുകയില്ല എന്നതിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. എന്നാൽ, റമദാനിലെ പകലിൽ ബോധപൂർവ്വം സ്വയംഭോഗം ചെയ്തവൻ കുറ്റക്കാരനാണ്. കാരണം, നോമ്പുകാരനെ പറ്റി ക്വുദ്സിയായ ഹദീഥിൽ അല്ലാഹു പറഞ്ഞു: {അവൻ എനിക്ക് വേണ്ടിയാണ് അന്നപാനീയങ്ങളും ലൈംഗിക വികാരങ്ങളും ഒഴിവാക്കിയത്} (ബുഖാരി: 1894). അതിനാൽ, റമദാനിലെ പകലിൽ സ്വയംഭോഗം ചെയ്തവന്റെ നോമ്പ് മുറിയുകയും ചെയ്യും. അവൻ തൗബ ചെയ്യുകയും ആ നോമ്പ് നോറ്റുവീട്ടുകയും വേണം. (https://youtu.be/BQ_U8MLj9Fk)
ശരീരം തണുപ്പിക്കാനും നോമ്പിന്റെ ക്ഷീണം മാറ്റാനും വേണ്ടി റമദ്വാനിന്റെ പകലിൽ കുളിക്കുന്നതിന്റെ വിധിയെന്താണ്?
ശൈഖ് അബ്ദുൽ കരീം ബ്ൻ അബ്ദില്ലാഹ് അൽ ഖുള്വെെർ حَفِظَهُ اللَّهُ പറയുന്നു:
لا بأس ولا حرج في أن يغتسل بالماء البارد في نهار رمضان إذا كان الجو حارًّا بقصد التبرد وتخفيف وطأة الحر، لا مانع من ذلك ولا بأس به، على أن يتحرَّز إذا كان في مسبح مثلًا ألّا يدخل الماء في جوفه، فيحتاط لصيامه.
ചൂടുള്ള കാലാവസ്ഥയാണെങ്കിൽ, തണുപ്പ് കിട്ടാനും ചൂടിന്റെ കാഠിന്യം കുറക്കാനും വേണ്ടി നോമ്പുകാരൻ കുളിക്കുന്നതിന് തെറ്റൊന്നുമില്ല. എന്നാൽ നീന്തൽകുളത്തിലൊക്കെയാണെങ്കിൽ, വെള്ളം ഉള്ളിലേക്ക് കയറി നോമ്പ് മുറിയുന്ന അവസ്ഥയില്ലാതിരിക്കാൻ നല്ലവണ്ണം ശ്രദ്ധിക്കണം. (https://shkhudheir.com/fatawa/521771528)
നോമ്പുകാരൻ അത്തർ ഉപയോഗിക്കുന്നതിന്റെ വിധിയെന്താണ്? അത് നോമ്പിനെ ബാധിക്കുമോ?
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: ഇല്ല. അത് നോമ്പിനെ ബാധിക്കുകയില്ല. റമദാനിൽ വസ്ത്രത്തിലോ ശരീരത്തിലോ അത്തർ പുരട്ടുന്നതിന് പ്രശ്നമൊന്നുമില്ല. (https://youtu.be/4xZvzmtTfTo)
ശൈഖ് അസീസ് ഫർഹാൻ അൽ അനിസി حَفِظَهُ اللَّهُ പറയുന്നു: സൂക്ഷ്മത എന്ന നിലക്ക്, നോമ്പുകാരൻ അത്തർ ഉപയോഗിക്കുന്നത് കറാഹത്താണ് എന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. എന്നാൽ, അതിന് തെളിവൊന്നുമില്ല. നോമ്പുകാരന് അത്തർ ഉപയോഗിക്കാവുന്നതാണ്. അതിന് പ്രശ്നമൊന്നുമില്ല. (https://youtu.be/N-NVCY-nAFc)
റമദ്വാനിലെ രാത്രികളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം ഫജ്ർ ബാങ്ക് കൊടുത്തിട്ടും ജനാബത്ത് കുളിക്കാത്തവൻ എന്ത് ചെയ്യണം?
ശൈഖ് മുഹമ്മദ് അൽ ഹമൂദ് അന്നജ്ദി حَفِظَهُ اللَّهُ പറയുന്നു: അവൻ കുളിക്കുകയും നോമ്പെടുക്കുകയും ചെയ്യണം. അവന്റെ നോമ്പ് സ്വീകാര്യമാണ്. ആയിശാ رضى الله عنها പറയുന്നു: {നബിﷺ റമദ്വാനില്‍ സ്വപ്നസ്ഖലനം കൊണ്ടല്ലാതെ സംയോഗത്തിലൂടെ തന്നെ ജനാബത്തുകാരനായി പ്രഭാതത്തില്‍ പ്രവേശിക്കാറുണ്ടായിരുന്നു. ശേഷം അവിടുന്ന് കുളിച്ച് ശുദ്ധിയായി നോമ്പ് അനുഷ്ടിക്കുമായിരുന്നു. (ബുഖാരി: 1930)} (https://youtu.be/FE5krgus1JE)
നോമ്പുകാരിയായിരിക്കെ മഗ്‌രിബ് ബാങ്കിന് അഞ്ച് മിനിറ്റ് മുമ്പ് ആർത്തവകാരിയായാൽ, ആ നോമ്പ് സ്വീകാര്യയോഗ്യമാണോ?
ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു:
مادامت الدورة جاءتها قبل غروب الشمس فليس عليها صلاة المغرب ولا غيرها، والصوم لا يصح ذاك اليوم الذي جاء فيه الحيض قبل أن تغيب الشمس فإن الصوم يبطل وعليها قضاؤه، هذا إذا كانت تعلم أنها جاءتها قبل غروب الشمس ولو بخمس دقائق. نعم.
സൂര്യൻ അസ്തമിക്കുന്നതിന്റെ മുമ്പ് ഒരു സ്ത്രീ ആർത്തവകാരിയായാൽ, പിന്നെ അവൾക്ക് മഗ്‌രിബ് നമസ്കാരമോ അല്ലാത്ത നമസ്കാരങ്ങളോ ഇല്ല. ആ ദിവസത്തെ നോമ്പ് സ്വീകാര്യയോഗ്യവുമല്ല; സൂര്യൻ അസ്തമിക്കാൻ വെറും അഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് അവൾ ആർത്തവകാരിയായതെങ്കിലും ശരി. ഇനി, നിർബന്ധമായ നോമ്പാണെങ്കിൽ അതവൾ പിന്നീട് നോറ്റ് വീട്ടണം. (https://bit.ly/3eR5KKf)
ഇളവൊന്നുമില്ലെങ്കിലും, റമദ്വാനിൽ എന്റെ ഭർത്താവ് നോമ്പെടുക്കാറില്ല. അദ്ദേഹത്തിന് ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നതിന് എനിക്ക് കുറ്റമുണ്ടോ?
ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു:
نعم؛ عليك إثم في ذلك، وعليك التوبة إلى الله من ذلك؛ لأنك بالطبخ له في النهار أعنتِه على معصية الله، والله يقول -جل وعلا-: وَلا تَعَاوَنُوا عَلَى الإِثْمِ وَالْعُدْوَانِ [المائدة:2] فالطبخ له في نهار رمضان أو تقديم الطعام، أو الدخان، أو الخمر كله معصية، كله منكر، شر في شر، نسأل الله العافية، فليس لك أن تعينيه على عدم الصيام، لا بالطعام، ولا بالشراب، ولا بالتدخين إن كان يدخن، ولا بالخمر؛ لأنها معاصٍ في معاصٍ -نسأل الله العافية- بل عليك أن تنصحيه وتمتنعي، وتقولي: لا أعينك على هذا الأمر، هو ونيته يخدم نفسه، ويبوء بالإثم عليه وحده، نسأل الله العافية، نعم.
അതെ, അതിന് നിങ്ങൾക്ക് കുറ്റമുണ്ട്. ആ തെറ്റിന്റെ പേരിൽ നിങ്ങൾ അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങണം. കാരണം റമദാനിലെ പകലിൽ കഴിക്കാൻ വേണ്ടി ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നതിലൂടെ, അല്ലാഹുവിനെ ധിക്കരിക്കാൻ നിങ്ങൾ അദ്ദേഹത്തെ സഹായിക്കുകയാണ് ചെയ്യുന്നത്. {നിങ്ങൾ കുറ്റത്തിലും അതിക്രമത്തിലും പരസ്പരം സഹായിക്കരുത്} എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. (ക്വുർആൻ- 5:2) റമദാനിൽ ഇളവ് ഒന്നുമില്ലാതെ നോമ്പ് എടുക്കാതിരിക്കുന്നവർക്ക് ഭക്ഷണമോ വെള്ളമോ നല്കരുത്; അത് തിന്മയും പാപവുമാണ്. ഭർത്താവിനെ ഗുണദോഷിക്കുകയും ആ തിന്മയിൽ നിന്ന് അദ്ദേഹത്തെ തടയുകയുമാണ് ചെയ്യേണ്ടത്. ഇങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങളെ ഞാൻ സഹായിക്കുകയില്ല എന്ന് പറയുകയും വേണം. അയാൾക്ക് ആവശ്യമുണ്ടെങ്കിൽ ആ കാര്യങ്ങളൊക്കെ അയാൾ സ്വയം ഒരുക്കുകയും പാപഭാരം ഒറ്റയ്ക്ക് വഹിക്കുകയും ചെയ്തുകൊള്ളട്ടെ. (https://bit.ly/3nSE0YD)
റമദ്വാനിൽ നോമ്പെടുക്കാൻ കഴിയാത്ത ഷുഗർ രോഗികൾ എന്താണ് ചെയ്യേണ്ടത്?
ശൈഖ് അസീസ് ഫർഹാൻ അൽ അനിസി حَفِظَهُ اللَّهُ പറയുന്നു: ഷുഗർ രോഗികൾ പല തരക്കാരാണ്. എല്ലാവരും ഒരുപോലെയല്ല. നോമ്പെടുക്കാൻ കഴിയുന്ന ഷുഗർ രോഗികളുണ്ടാവും. അവർ നോമ്പെടുക്കണം. എന്നാൽ, ഉഷ്ണകാലത്ത് പകലിന്റെ ദൈർഘ്യവും അന്തരീക്ഷത്തിലെ ചൂടും കാരണം നോമ്പെടുക്കാൻ കഴിയാത്തവർ അവരുടെ കൂട്ടത്തിലുണ്ടാവും. അവർ പിന്നീട് നോറ്റ് വീട്ടുകയാണ് ചെയ്യേണ്ടത്. എന്നാൽ, ജീവിതത്തിൽ തന്നെ നോമ്പെടുക്കാൻ കഴിയാത്ത ഷുഗർ രോഗികളും ഉണ്ടാവും. നോമ്പനുഷ്ഠിക്കുകയാണെങ്കിൽ അതവരുടെ ജീവനെത്തന്നെ അപകടത്തിലാക്കും. ഇങ്ങനെയുള്ളവർ നോമ്പുകൾ ഒഴിവാക്കുകയും ഓരോ ദിവസത്തെ നോമ്പിനും ഒരു പാവപ്പെട്ടവനെ ഭക്ഷിപ്പിക്കുകയാണ് വേണ്ടത്. അതവരുടെ നോമ്പിന് പകരമാണ്. (https://youtu.be/znj4BSaxF2k)
യാത്രക്കാരന് ഏറ്റവും ഉത്തമം ഏതാണ് – നോമ്പെടുക്കലാണോ ഒഴിവാക്കലാണോ?
ശൈഖ് മുഹമ്മദ് അൽ ഹമൂദ് അന്നജ്ദി حَفِظَهُ اللَّهُ പറയുന്നു: നോമ്പെടുക്കുന്നത് കൊണ്ട് പ്രയാസമൊന്നുമില്ലെങ്കിൽ, നോമ്പെന്ന ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാനും നിർബന്ധബാധ്യത എത്രയും പെട്ടെന്ന് വീട്ടാനുമായി, മുസ്‌ലിംകളുടെ കൂടെ നോമ്പെടുക്കുന്നതാണ് ഒരു യാത്രക്കാരന് ഏറ്റവും നല്ലത്. എന്നാൽ, നോമ്പെടുക്കുന്നത് യാത്രക്കാരന് പ്രയാസമാണെങ്കിൽ നോമ്പ് മുറിക്കുന്നതാണ് അവന് ഏറ്റവും ഉത്തമം. കാരണം, അല്ലാഹു പറയുന്നു: {ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല}(ക്വുർആൻ – 2:185) നബിﷺ പറയുന്നു: {നിർബന്ധമായ കാര്യങ്ങൾ (പൂർണ്ണമായി) നിർവഹിക്കുന്നത് ഇഷ്ടപ്പെടുന്നത് പോലെത്തന്നെ, ഇളവുകളുള്ളപ്പോൾ ആ ഇളവുകൾ സ്വീകരിക്കുന്നതും അല്ലാഹുവിന് ഇഷ്ടമാണ്} (സ്വഹീഹുത്തർഗീബ്: 1060) (https://youtu.be/rLrfq3UMIxA)
വൃദ്ധരായ ആളുകൾക്ക് നോമ്പ് നിർബന്ധമാണോ?
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: നോമ്പ് എടുക്കാൻ കഴിയുമെങ്കിൽ വൃദ്ധരായ ആളുകളും മറ്റുള്ളവരെപ്പോലെ തന്നെയാണ്. അവർക്കും നോമ്പ് നിർബന്ധമാണ്. റമദാനിലെ ഏതെങ്കിലും ദിവസങ്ങളിൽ നോമ്പ് എടുക്കാൻ കഴിയാതെ അവർ നോമ്പ് ഒഴിവാക്കിയിട്ടുണ്ടെങ്കിൽ, അത് പിന്നീട് നോറ്റുവീട്ടുകയാണ് ചെയ്യേണ്ടത്. എന്നാൽ, നിലവിൽ റമദാനിലും റമദാനിനു ശേഷം പിന്നീടും നോമ്പ് എടുക്കാൻ കഴിയാത്തവരാണെങ്കിൽ, അവർ ഓരോ ദിവസത്തെ നോമ്പിനും പകരമായി ഒരു മിസ്ക്കീനിനെ ഭക്ഷിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഓരോ ദിവസവും ഒന്നര കിലോ എന്ന കണക്കു വെച്ചാണ് അവർ ‘ഫിദ്‌യ’ (പ്രായശ്ചിത്തം) നൽകേണ്ടത്. നോമ്പെടുക്കാൻ കഴിയാത്തവരെ പറ്റി അല്ലാഹു പറയുന്നു: {ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ നോമ്പുപേക്ഷിച്ചാല്‍ പകരം പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നല്‍കണം}
(ക്വുർആൻ – 2:184) (https://youtu.be/OLGTweGZ8SQ)