വിശ്വാസികളില്‍ അനിവാര്യമായും ഉണ്ടാകേണ്ട രണ്ട് സദ്ഗുണങ്ങളാണ് അറിവും ക്ഷമയും. മതകാര്യങ്ങളില്‍ അറിവുണ്ടാകലാണ് ഏറ്റവും പ്രധാനം. പഠിക്കാന്‍ തയ്യാറായാലേ അറിവുണ്ടാകൂ. അറിവിനോടൊപ്പം ക്ഷമയുമുണ്ടാകണം. ക്ഷമയുള്ളവര്‍ക്കാണ് മതവിഷയങ്ങള്‍ അറിയാനുള്ള സന്നദ്ധതയും തങ്ങളുടെ ചുറ്റുമുള്ളവര്‍ക്ക് അത് എത്തിച്ച് കൊടുക്കാനുള്ള വ്യഗ്രതയുമുണ്ടാകുക. ബനുഇസ്റഈല്യരില്‍ നന്മയിലേക്ക് വഴികാണിച്ചിരുന്ന നേതാക്കളെ പറ്റി അല്ലാഹു പറയുന്നു:
وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا۟ ۖ وَكَانُوا۟ بِـَٔايَٰتِنَا يُوقِنُونَ
അവര്‍ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള്‍ അവരില്‍ നിന്ന് നമ്മുടെ കല്‍പന അനുസരിച്ച് മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു. (ഖുർആൻ:32/24)
ഇതിന്റെ വിശദീകരണത്തില്‍ ശൈഖ് നാസിറുസ്സഅദി رحمه الله പറയുന്നു:ബനൂഇസ്റാഈല്യരില്‍ മതനിയമങ്ങളെക്കുറിച്ചും വേദഗ്രന്ഥത്തിലൂടെ ലഭിച്ച നേര്‍മാര്‍ഗത്തെ പറ്റിയും അറിവുള്ളവര്‍ എന്നാണിതിന്റെ താല്‍പര്യം. സ്വന്തത്തിനായി അവര്‍ നേര്‍മാര്‍ഗം പുല്‍കുകയും മറ്റുള്ളവര്‍ക്കത് കാണിച്ച് കൊടുക്കയും ചെയ്തു. ഇതില്‍ വിശ്വസിച്ചവര്‍ രണ്ടു വിധമാണ്. ഒന്ന്, നൂബുവൃത്തും രിസാലത്തും കഴിഞ്ഞാലുള്ള ഏറ്റവും വലിയ സ്ഥാനത്തെത്തിയവര്‍. സത്യസന്ധരുടെ സ്ഥാനമാണത്. പഠിക്കുക, പഠിപ്പിക്കുക, അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുക, സ്വന്തത്തെ തിന്മകളില്‍ നിന്നും ദേഹേച്ഛുകളെ തൊട്ടും തടയുക എന്നിങ്ങനെയുള്ളതില്‍ ക്ഷമിച്ചതിനാലാണ് ഈ പദവി അവര്‍ നേടിയത്. അല്ലാഹുവിന്റെ ആയത്തുകളില്‍ വിശ്വസിച്ച്; കര്‍മത്തെ നിര്‍ബന്ധമാക്കുന്ന അറിവാകുന്ന “ഉറച്ച വിശ്വാസം” (യഖീൻ) എന്ന പദവിയും അവര്‍ നേടി. മതകാര്യത്തിലെ പ്രശ്നങ്ങളില്‍ സ്വീകാര്യവും ഉപകാര പ്രദവുമായ തെളിവ് അവര്‍ കൈക്കൊണ്ടു. അപ്രകാരം അറിവും ക്ഷമയും അവരെ മതകാര്യത്തിന്റെ നേതാക്കളാക്കി. ഈ മാര്‍ഗം എത്തിച്ചു കൊടുക്കുന്നവരെ പിന്‍പറ്റിയവരാണ് രണ്ടാമത്തേത്. (തഫ്‌സീറുസ്സഅ്ദി)
അവരിൽ തന്നെ മറ്റൊരു വിഭാഗം നേതാക്കളുമുണ്ടായി; ഫിർഔനും അവൻ്റെ കൂട്ടാളികളും. ആളുകളെ നരകത്തിലേക്ക് വിളിക്കുന്ന പണിയായിരുന്നു അവരുടേത്. അല്ലാഹു പറയുന്നു:
وَجَعَلْنَٰهُمْ أَئِمَّةً يَدْعُونَ إِلَى ٱلنَّارِ ۖ وَيَوْمَ ٱلْقِيَٰمَةِ لَا يُنصَرُونَ
അവരെ നാം നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കന്‍മാരാക്കി. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കൊരു സഹായവും നല്‍കപ്പെടുന്നതല്ല. (ഖുർആൻ:28/41)
(1) അറിവ്
അജ്ഞതയാകുന്ന ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് മനുഷ്യരെ എത്തിക്കുന്ന ഏറ്റവും വലിയ സമ്പത്താണ് അറിവ്. അറിവുള്ളവനും അതില്ലാത്തവനും സമാ വുകയില്ല. അല്ലാഹു പറയുന്നു:
قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَٰبِ
പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.(ഖുർആൻ:39/9)
വിജ്ഞാന സമ്പാദനത്തിനും മറ്റുള്ളവർക്കത് പകർന്ന് നൽകുന്നതിനും വലിയ പ്രാധാന്യവും പ്രേരണയുമാണ് ഇസ്ലാം നൽകിയിട്ടുള്ളത്. പ്രയോജനപ്രദമായ അറിവ് തരുന്ന പണ്ഡിതരിൽ നിന്നും വായനകൊണ്ടും പണ്ഡിതരുടെ വാക്കുകളിൽ ആഴമേറിയ ചർച്ച നടത്തിയുമെല്ലാം നാം അറിവ് നേടണം. വഹ്‌യായി (ദിവ്യബോധനം) കിട്ടിയിരുന്ന അറിവ് അനുചരന്മാരെ പഠിപ്പിക്കാൻ പ്രത്യേക സമയം നബി ﷺ നിശ്ചയിച്ചിരുന്നു. വാർധക്യത്തിലും ആ വഴി തന്നെ അവർ തുടർന്നു.
عَنِ ابْنِ مَسْعُودٍ، قَالَ كَانَ النَّبِيُّ صلى الله عليه وسلم يَتَخَوَّلُنَا بِالْمَوْعِظَةِ فِي الأَيَّامِ، كَرَاهَةَ السَّآمَةِ عَلَيْنَا.
ഇബ്നുമസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: എല്ലാ ദിവസവും ഞങ്ങളെ ഉപദേശിക്കാൻ മടുപ്പും വെറുപ്പു മില്ലാത്ത സമയം നബിൽ തെരഞ്ഞെടുത്തിരുന്നു. (ബുഖാരി :68)
നബി ﷺ ക്ക് ശേഷം ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ മറ്റുള്ളവർക്ക് വേണ്ടി ഈ രീതി തുടർന്നു. സ്വഹാബത്ത് മുതൽ തന്നെ ഒരോ തലമുറയിലും അറിവ് സംരക്ഷിക്കപ്പെട്ട് പോന്നു. ഉമറുബ്നുൽ അബ്ഹുൽ അസീസ് رحمه الله ബകറു ബ്‌നു ഹസമിന് അയച്ച എഴുത്ത് ഇമാം ബുഖാരി رحمه الله ഉദ്ധരിച്ചത് ഇങ്ങനെ വായിക്കാം: നബി ﷺ യുടെ ഹദീഥ് നിങ്ങൾ നോക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്യുക. നബി ﷺ യുടെ ഹദീഥല്ലാതെ നിങ്ങൾ സ്വീകരിക്കരുത്. നിശ്ചയം പഠനവും പണ്ഡിതന്മാരുടെ മരണവും ഞാൻ ഭയപ്പെടുന്നു. താങ്കൾ അറിവ് അന്വേഷിക്കുകയും പഠിക്കുന്നവർ പൂർണമായും പഠിക്കുന്നത്‌വരെ അവരുടെ സമീപത്തിരിക്കുകയും ചെയ്യുക. എന്തെന്നാൽ അറിവിനെ മറച്ച് വെക്കുന്നതാണ് അതിന്റെ നാശം.
വിജ്ഞാന ദാഹത്തോടൊപ്പം ഈ ഭയം നമുക്കോരോരുത്തർക്കുമുണ്ടാകണം. ഇതിനോട് ചേർത്ത് വായിക്കേണ്ട ചില വാക്കുകൾ കൂടി ഉണർത്താം. ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നേതാക്കളാക്കപ്പെടും മുമ്പ് നിങ്ങൾ അറിവ് നേടുക. (ബുഖാരി)
റബീഅ رَضِيَ اللَّهُ عَنْهُ പറഞ്ഞു: വല്ല അറിവും ഒരാൾക്ക് ലഭിച്ചാൽ സ്വന്തത്തെ അതിനെ തൊട്ട് നഷ്ടപ്പെടുത്താൻ പാടില്ല. (ബുഖാരി)
അറിവിനെ അവഗണിക്കുകയും അറിവുള്ളവരെ നിന്ദിക്കുകയും അജ്ഞതയുടെ വസ്ത്രം ധരിച്ചവരെ ആദരിക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് വ്യപകമാണ്. മതത്തിൻ്റെ അടിസ്ഥാന പ്രമാണങ്ങൾ മനസ്സിലാക്കാൻ സച്ചരിതരുടെ പാതയാണ് നാം പിൻപറ്റേണ്ടത്. സമൂഹത്തിൽ എത്രപേർ അതിനെ എതിർത്താലും ശരി. എന്തെന്നാൽ പ്രമാണങ്ങൾ അറിയുന്നതിന് അഹ്‌ലുസ്സുന്നത്തി വൽജമാഅയുടെ പണ്ഡിതർ ഒന്നാമതായി പറഞ്ഞ നിബന്ധന ഖുർആനും സുന്നത്തും ഈ സമുദായത്തിൻ്റെ ആദ്യ തലമുറക്കാർ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുക എന്നതാണ്.
സത്യസന്ധമായ അറിവ് വേണമെന്ന് ആഗ്രഹിക്കുന്നവർ അണുഅളവ് ഇതിൽ നിന്ന് വ്യതിചലിക്കുകയില്ല.
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ إِنَّ اللَّهَ لاَ يَقْبِضُ الْعِلْمَ انْتِزَاعًا، يَنْتَزِعُهُ مِنَ الْعِبَادِ، وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ، حَتَّى إِذَا لَمْ يُبْقِ عَالِمًا، اتَّخَذَ النَّاسُ رُءُوسًا جُهَّالاً فَسُئِلُوا، فَأَفْتَوْا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا ”.
അംറ് ബ്നുൽ ആസ്വ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു അറിവിനെ ജനങ്ങളിൽ നിന്ന് ഊരിയെടുത്തുക്കൊണ്ട് പിടിക്കുകയല്ല ചെയ്യുന്നത്. അവൻ പണ്ഡിതന്മാരെ പിടിച്ചു കൊണ്ടാണ് അറിവിനെ പിടിക്കുക. അങ്ങനെ ഒരു പണ്ഡിതനും അവശേഷിക്കാതെ വരുമ്പോൾ ജനങ്ങൾ വിവരമില്ലാത്തവരെ നേതാക്കളായി സ്വീകരിക്കും. അങ്ങനെ അവരോട് ചോദിക്കപ്പെടുമ്പോൾ വിവരമില്ലാതെ ഫത്വ നൽകും. അങ്ങനെ അവർ സ്വയം പിഴക്കുകയുംചെയ്യും. (ബുഖാരി: 100)
സത്യത്തിൽ നബി ﷺ യുടെ ഈ മുന്നറിയിപ്പാണ് ഇന്ന് പുലർന്ന് കാണുന്നത്. ഇതിനിടയിൽ അറിവുള്ളരാൽ നിർവഹിക്കപ്പെടുന്ന ദൗത്യം മഹത്തരമാണ്. അല്ലാഹു പറയുന്നു:
مَا كَانَ لِبَشَرٍ أَن يُؤْتِيَهُ ٱللَّهُ ٱلْكِتَٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا۟ عِبَادًا لِّى مِن دُونِ ٱللَّهِ وَلَٰكِن كُونُوا۟ رَبَّٰنِيِّـۧنَ بِمَا كُنتُمْ تُعَلِّمُونَ ٱلْكِتَٰبَ وَبِمَا كُنتُمْ تَدْرُسُونَ
അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്‍റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്‍റെ നിഷ്കളങ്ക ദാസന്‍മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്.) (ഖുർആൻ:3/79)
ഇമാം ബുഖാരി رحمه الله ഇതിനെ വിശദീകരിച്ച് പറയുന്നു: നിഷ്‌കളങ്ക ദാസൻമാരെന്നാൽ വിവേകവും പാണ്ഡിത്യവുമുള്ളവരാണ്. അഥവാ ചെറിയ അറിവ് കൊണ്ട് തന്നെ ജനങ്ങളെ വളർത്തുന്നവർ … (ബുഖാരി)
ഏത് കാര്യത്തെക്കുറിച്ചുള്ള അറിവാണെങ്കിലും അത് മൂടിവെക്കാനുള്ളതല്ല, തുറന്ന് പഠിപ്പിക്കാനുള്ളത് തന്നെയാണ്. പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട അറിവിനെ മറച്ചുവെച്ച് മതത്തെ കച്ചവടച്ചരക്കാക്കി മാറ്റിയവർ ജൂത-ക്രൈസ്‌തവരാണ്. അല്ലാഹു അവർക്ക് നൽകിയ താക്കീത് കാണുക:
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلْكِتَٰبِ وَيَشْتَرُونَ بِهِۦ ثَمَنًا قَلِيلًا ۙ أُو۟لَٰٓئِكَ مَا يَأْكُلُونَ فِى بُطُونِهِمْ إِلَّا ٱلنَّارَ وَلَا يُكَلِّمُهُمُ ٱللَّهُ يَوْمَ ٱلْقِيَٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ
അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. (ഖുർആൻ:2/174)
അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും പ്രധാന കാരണമാകുന്ന ഈ ദുഷ് പ്രവർത്തനം വലിയ തോതിൽ തന്നെയാണ് സമൂഹത്തെ ബാധിച്ചിരിക്കുന്നത്. ഉത്ബോധനത്തിലൂടെ അതിന്റെ ഗൗരവം ബോധ്യപ്പെടുത്തുമ്പോൾ അധികപേരും ചെവികൊടുക്കുന്നുമില്ല.
عَنْ أَبِي هُرَيْرَةَ، قَالَ إِنَّ النَّاسَ يَقُولُونَ أَكْثَرَ أَبُو هُرَيْرَةَ، وَلَوْلاَ آيَتَانِ فِي كِتَابِ اللَّهِ مَا حَدَّثْتُ حَدِيثًا، ثُمَّ يَتْلُو {إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ} إِلَى قَوْلِهِ {الرَّحِيمُ} إِنَّ إِخْوَانَنَا مِنَ الْمُهَاجِرِينَ كَانَ يَشْغَلُهُمُ الصَّفْقُ بِالأَسْوَاقِ، وِإِنَّ إِخْوَانَنَا مِنَ الأَنْصَارِ كَانَ يَشْغَلُهُمُ الْعَمَلُ فِي أَمْوَالِهِمْ، وَإِنَّ أَبَا هُرَيْرَةَ كَانَ يَلْزَمُ رَسُولَ اللَّهِ صلى الله عليه وسلم بِشِبَعِ بَطْنِهِ وَيَحْضُرُ مَا لاَ يَحْضُرُونَ، وَيَحْفَظُ مَا لاَ يَحْفَظُونَ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: “നിങ്ങൾ പറയുന്നു; അബൂഹുറൈറ നബി ﷺ യിൽ നിന്ന് ധാരാളം ഹദീഥുകൾ ഉദ്ധരിക്കുന്നുവെന്ന്. അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ രണ്ട് ആയത്തുകൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരു ഹദീഥും പറയുമായിരുന്നില്ല.” എന്നിട്ട് അദ്ദേഹം ഓതി:
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَٰتِ وَٱلْهُدَىٰ مِنۢ بَعْدِ مَا بَيَّنَّٰهُ لِلنَّاسِ فِى ٱلْكِتَٰبِ ۙ أُو۟لَٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّٰعِنُونَ ﴿١٥٩﴾ إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَبَيَّنُوا۟ فَأُو۟لَٰٓئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ ﴿١٦٠﴾
നാം അവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കി കൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്. എന്നാല്‍ പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും, (സത്യം ജനങ്ങള്‍ക്ക്) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:2/159-160)
“മുഹാജിറുകളിൽപെട്ട എൻ്റെ സഹോദരൻമാർ അങ്ങാടിയിലെ കച്ചവടവുമായി വ്യാപൃതരായിരുന്നു. അൻസ്വാറുകളിൽപെട്ട എൻ്റെ സഹോദരങ്ങൾ അവരുടെ സമ്പത്തുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളിൽ വ്യാപൃതരാണ്. ഞാനപ്പോഴും റസൂൽ ﷺ യുടെ കൂടെയായിരുന്നു. എനിക്ക് വയറിൻ്റെ പ്രശ്‌നം മാത്രമെ നോക്കേണ്ടതുള്ളു. അവർ സ്ഥലം വിടുമ്പോൾ ഞാൻ സ്ഥലത്തുണ്ടാകും. അവർ മറക്കുന്ന കാര്യം ഞാൻ ഓർക്കാറുണ്ട്.” (ബുഖാരി: 118)
(2) ക്ഷമ
അറിവുള്ളവരെ വിവേകമുള്ളവരാക്കുന്ന സ്വഭാവ ഗുണമാണ് ക്ഷമ എന്നത്. ഏത് ഘട്ടത്തിലായാലും വിശ്വാസികൾ ക്ഷമയുള്ളവരാകണം. അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱصْبِرُوا۟ وَصَابِرُوا۟ وَرَابِطُوا۟ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവു കാണിക്കുകയും പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖു൪ആന്‍:3/200)
അല്ലാഹു ഇഷ്‌ടപ്പെട്ട മതത്തിൽ മുസ്‌ലിംകളായി മരിക്കുന്നതുവരെയും സന്തോഷത്തിലും സങ്കടത്തിലും പ്രയാസത്തിലും പ്രതീക്ഷയിലും ക്ഷമ ഒഴിവാക്കാൻ പാടില്ലെന്നാണ് ഇതിൻ്റെ വിവക്ഷ. ക്ഷമിക്കാനും പരസ്‌പരം ക്ഷമ ഉപദേശിക്കാനും തയ്യാറായവർക്ക് മാത്രമെ ഇഹലോകത്തിലെ നഷ്‌ടത്തിൽ നിന്ന് രക്ഷ പ്രാപിക്കാനാവൂ എന്ന് ഖുർആൻ അറിയിക്കുന്നു. അല്ലാഹു പറയുന്നു:
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ
പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക. (ഖു൪ആന്‍:90/17)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ
നിങ്ങള്‍ സഹനവും നമസ്‌കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു. (ഖു൪ആന്‍:2/153)
ഇതിൻ്റെ വിശദീകരണത്തിൽ ഇബ്‌നു കഥീർ പറയുന്നു: ക്ഷമ മൂന്ന് വിധമാണ്. തിന്മകളും നിഷിദ്ധമായ കാര്യങ്ങളും ഒഴിവാക്കുന്നതിൻ്റെ മേൽ ക്ഷമിക്കുക. അല്ലാഹുവിനെ അനുസരിച്ച് കർമങ്ങൾ ചെയ്യുന്നതിൻ്റെ മേൽ ക്ഷമിക്കുക. വിപത്തുകളുടെയും പരീക്ഷണങ്ങളുടെയും മേൽ ക്ഷമിക്കുക എന്നിവയാണത്. (ഇബ്‌നു കഥീർ : 1/224)
തിന്മകളും നിഷിദ്ധമായ കാര്യങ്ങളും ഒഴിവാക്കുന്നതിൽ ക്ഷമിക്കുക എന്നാൽ തന്നിഷ്‌ടങ്ങളുടെ അടിമകളാക്കാതിരിക്കുക എന്നതാണ്. അതാണല്ലോ മതവിജ്ഞാനം നേടുന്നതിന് അധിക പേർക്കും തടസ്സമാകുന്നത്. ഇത്തരം വഴികളെതൊട്ട് ക്ഷമിക്കാതിരുന്നാൽ ഇതിന്റെ കെണിയിൽ നിന്ന് രക്ഷപ്രാപിക്കാനാവില്ല. ഇവിടെ ഖുർആൻ നൽകിയ ഉപദേശത്തെ നാം ഏറെ ശ്രദ്ധിക്കണം. അല്ലാഹു പറയുന്നു:
قُلْ يَٰعِبَادِ ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا۟ فِى هَٰذِهِ ٱلدُّنْيَا حَسَنَةٌ ۗ وَأَرْضُ ٱللَّهِ وَٰسِعَةٌ ۗ إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ
പറയുക: വിശ്വസിച്ചവരായ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്‍മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്. അല്ലാഹുവിന്‍റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്. (ഖു൪ആന്‍:39/10)
ലഭിച്ച അറിവ് അനുസരിച്ച് ജീവിക്കുക എന്നതാണ് അല്ലാഹുവിനെ അനുസരിച്ച് കർമങ്ങൾ ചെയ്യുന്നതിലുള്ള ക്ഷമിക്കൽ. അങ്ങനെ ജീവിക്കുമ്പോൾ പല വിധേനയുള്ള പരീക്ഷണങ്ങളും സഹിക്കേണ്ടിവരും. അവയ്ക്കു മുന്നിൽ പതറാതെ അറിഞ്ഞതിൽ തന്നെ ഉറച്ച് നിൽക്കണം. മാനസികവും ശാരീരികവും കുടുംബപരവും സാമൂഹികവുമായി ഏൽക്കേണ്ടിവരുന്ന പരിക്ഷണങ്ങളിൽ വലിച്ചെറിയാനുള്ളതല്ലല്ലോ ഇസ്‌ലാം നമുക്ക് നൽകിയ അറിവ് പൈശാചിക സഹായത്താൽ വിശ്വാസികളെ പ്രലോഭിപ്പിക്കാൻ പലരും പ്രകടിപ്പിക്കുന്ന മതപരിഹാസവും നിഷേധവും സത്യത്തെ കളവാക്കലും നമ്മെ എത്തിക്കേണ്ടത് ക്ഷമയി ല്ലാത്ത പ്രതിരോധത്തിലേക്കല്ല, പ്രാർഥനയോടെ ക്ഷമ കടിച്ചു പിടിച്ച് പ്രവർത്തിക്കുന്നതിലേക്കാണ്. അല്ലാഹു പറയുന്നു:
إِنَّهُۥ كَانَ فَرِيقٌ مِّنْ عِبَادِى يَقُولُونَ رَبَّنَآ ءَامَنَّا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلرَّٰحِمِينَ ﴿١٠٩﴾ فَٱتَّخَذْتُمُوهُمْ سِخْرِيًّا حَتَّىٰٓ أَنسَوْكُمْ ذِكْرِى وَكُنتُم مِّنْهُمْ تَضْحَكُونَ ﴿١١٠﴾ إِنِّى جَزَيْتُهُمُ ٱلْيَوْمَ بِمَا صَبَرُوٓا۟ أَنَّهُمْ هُمُ ٱلْفَآئِزُونَ ﴿١١١﴾
തീര്‍ച്ചയായും എന്‍റെ ദാസന്‍മാരില്‍ ഒരു വിഭാഗം ഇപ്രകാരം പറയാറുണ്ടായിരുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഉത്തമനാണല്ലോ. അപ്പോള്‍ നിങ്ങള്‍ അവരെ പരിഹാസപാത്രമാക്കുകയാണ് ചെയ്തത്. അങ്ങനെ നിങ്ങള്‍ക്ക് എന്നെപ്പറ്റിയുള്ള ഓര്‍മ മറന്നുപോകാന്‍ അവര്‍ ഒരു കാരണമായിത്തീര്‍ന്നു. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ ക്ഷമിച്ചതു കൊണ്ട് ഇന്നിതാ ഞാനവര്‍ക്ക് പ്രതിഫലം നല്‍കിയിരിക്കുന്നു. അതെന്തെന്നാല്‍ അവര്‍ തന്നെയാകുന്നു ഭാഗ്യവാന്‍മാര്‍. (ഖു൪ആന്‍:23/109-111)
ജീവിതത്തിൽ അല്ലാഹു തീരുമാനിച്ച തനുസരിച്ചുണ്ടാകുന്ന വിധികളിൽ ക്ഷമിക്കാൻ കഴിയലും പ്രധാനമാണ്. അല്ലാഹു പറയുന്നു:
ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:2/155)
സുപ്രധാനമായ ഈ രണ്ട് കാര്യങ്ങളെ സൂക്ഷമമായി ശ്രദ്ധിക്കുന്നവർക്ക് മാത്രമെ മതമൂല്യങ്ങളെ സംരക്ഷിക്കുന്ന മതപണ്ഡിതരും നേതാക്കളുമായി മാറാൻ കഴിയുകയുള്ളൂ. അല്ലാഹു അനുഗ്രഹിക്കട്ടെ.
മൂസ സ്വലാഹി കാര