എന്താണ് അദബ്

ഒരു ദാസനിൽ അഹമഹമികയാ നന്മയുടെ പ്രവണതകൾ ക്വുർആനിലും സുന്നത്തിലും വന്നതിനനുസൃതമായി സമ്മേളിക്കലാണ് അദബ് എന്നു പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.

ഇമാം ഇബ്നുൽക്വയ്യിം  رحمه الله പറഞ്ഞു: ഒരു ദാസനിൽ നന്മയുടെ പ്രവണതകൾ സമ്മേളിക്കലാണ് അദബ്. ജനങ്ങൾ ഒരുമിച്ചുകൂടുന്ന ഭക്ഷണത്തിനു മഅ്ദുബഃ എന്നു പറയും. മഅ്ദുബഃ യാകട്ടെ അദബ് എന്നതിൽനിന്ന് എടുക്കപെട്ടതാണ്….. സുന്ദരമായ സ്വഭാവങ്ങൾ ഒരാൾ ശീലമാക്കലാണ് യഥാർത്ഥ അദബ്….. ഇസ്ലാം മുഴുവനും അദബാണ്. കാരണം, ഔറത് മറക്കൽ അദബാണ്. വുദ്വൂഉം വലിയ അശുദ്ധിയിൽനിന്നുള്ള കുളിയും അദബാണ്. മാലിന്യങ്ങൾ നീക്കം ചെയ്ത് ശുദ്ധിവരിക്കലും അദബാണ്….. (മദാരിജുസ്സാലികീൻ 2: 384)

ഒരു മുസ്ലിം അദബുള്ളവനാകുവാൻ ഉദ്ദേശിച്ചാൽ തന്റെ അക്വീദയിലും ആദർശത്തിലും ആരാധനകളിലും സ്വഭാവങ്ങളിലും കർമ്മങ്ങളിലും വാക്കുകളിലും രീതികളിലും ക്വുർആനും തിരുസുന്നത്തും അവൻ സ്വയമേവകൊണ്ടുനടക്കൽ ബാധ്യതയാണെന്നത് നടേകുറിച്ച വചനങ്ങൾ നമ്മോടോതുന്നു. കാരണം ഒരു വ്യക്തിയുടെ മുഴുജീവിതത്തിലേക്കും വെളിച്ചം വീശുന്ന നന്മകളും മഹിതമായ മര്യാദകളും സൽസ്വഭാവങ്ങളുമാണ് ഇസ്ലാം. പ്രസ്തുത ന ന്മകളുടേയും മര്യാദകളുടേയും സ്വഭാവങ്ങളുടേയും പ്രാവർത്തിക രൂപമായിരുന്നു മുഹമ്മദ് നബി ﷺ.

സൃഷ്ടികർത്താവായ അല്ലാഹുവിൽനിന്ന് അവതീർണമായ അദബുകളെ പ്രയോഗവൽക്കരിക്കൽ മാത്രമാണ് ഇഹപര സൗഭാഗ്യത്തിനും വിജയത്തിനും അനിവാര്യമായത്.

ഇമാം ഇബ്നുൽ ക്വയ്യിം رحمه الله പറഞ്ഞു: ഒരു മനുഷ്യന്റെ അദബ് അവന്റെ സൗഭാഗ്യത്തിന്റേയും വിജയത്തിന്റേയും മേൽവിലാസമാണ്. അവന്റെ അദബ് കമ്മി അവന്റെ ദൗർഭാഗ്യത്തിന്റേയും പരാജയത്തിന്റേയും മേൽവിലാസവുമാണ്. അദബാണ് ഇഹപര നന്മകളെയെല്ലാം കൊണ്ടെത്തിച്ചിട്ടുള്ളത്. അദബിന്റെ കുറവാണ് ഇഹപര നന്മകൾ ലഭി ക്കുന്നതിനെ തടഞ്ഞിട്ടുമുള്ളത്….. (മദാരിജുസ്സാലികീൻ 2: 391)

ഇമാം അബ്ദുല്ലാഹ് ഇബ്നുൽമുബാറക് رحمه الله പറഞ്ഞു: വല്ലവനും അദബിൽ അലസനായാൽ സുന്നത്തുകൾ തടയപ്പെടൽ കൊണ്ട് അവൻ ശിക്ഷിക്കപ്പെടും. വല്ലവനും സുന്നത്തുകളിൽ അലസനായാൽ അവൻ നിർബന്ധബാധ്യതകൾ തടയപ്പെടൽ കൊണ്ടും ശിക്ഷിക്കപ്പെടും. (മദാരിജുസ്സാലികീൻ 2: 381)

ഇൽമും അദബും

ഇൽമും (അറിവും) അദബും (മര്യാദയും)  പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

وقال علي بن أبي طالب – رضي الله عنه – في قوله تعالى: {يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا } [التحريم: 6]، قال: أدِّبوهم وعلِّموهم”

അലി رضي الله عنه പറഞ്ഞു:{സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും  നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. (ഖു൪ആന്‍ :66/6)} നിങ്ങൾ അവര്‍ക്ക് ഇൽമും (അറിവും) അദബും (മര്യാദയും) പഠിപ്പിക്കുക.

عن أبي زكريا العنبري  رحمه الله أنه كان يقول : علم بلا أدب كنار بلا حطب، وأدب بلا علم كروح بلا جسم.

അബൂ സക്കരിയ അല്‍ അന്‍ബരി رحمه الله പറയുന്നു : അദബില്ലാത്തവന്റെ അറിവ് വിറകില്ലാത്ത തീ പോലെയാണ്. അറിവില്ലാത്തവന്റെ അദബാകട്ടെ ആത്മാവില്ലാത്ത ശരീരം പോലെയുമാണ്. (ഖതീബ് അല്‍ ബഗ്ദാദി رحمه الله ഉദ്ധരിച്ചത്)

അറിവ് പഠിക്കുന്നതിന് മുൻപ് അദബ് പഠിക്കണമെന്നാണ് മുൻഗാമികൾ ഉണർത്തിയത്.

قال مالك بن أنسٍ لفتًى من قريشٍ:يا بن أخي، تعلَّمِ الأدب قبل أن تتعلَّمَ العلم

ഇമാം മാലിക് رحمه الله ഖുറൈശികളിൽ പെട്ട ഒരു ചെറുപ്പക്കാരനോട് പറഞ്ഞു: എന്റെ സഹോദരപുത്രാ! നീ ഇൽമ് നേടുന്നതിനു മുമ്പ് അദബ് പഠിക്കുക. (حلية الأولياء – لأبي نعيم الأصبهاني – جـ 6 – صـ 330)

عن عمر رضي الله عنه قال تأدبوا ، ثم تعلموا

ഉമർ رضي الله عنه പറഞ്ഞു : നിങ്ങൾ അദബ് പഠിക്കൂ, പിന്നെ ഇൽമു പഠിക്കൂ.

قال الإمام عبدالله بن المبارك رحمه الله: كاد الأدب أن يكون ثُلُثي الدِّين

ഇമാം അബ്ദുല്ലാഹ് ഇബ്നുൽമുബാറക് رحمه الله പറഞ്ഞു: അറിവിന്റെ മൂന്നിൽ രണ്ടു ഭാഗവും അദബാണ്.(ഗായത്തുന്നിഹായഃ, ഇബ്നുൽജസരി)

قال الإمام عبدالله بن المبارك رحمه الله: طلبت الأدب ثلاثين سنةً, وطلبت العلم عشرين سنةً.

ഇമാം അബ്ദുല്ലാഹ് ഇബ്നുൽമുബാറക് رحمه الله പറഞ്ഞു: ഞാൻ മുപ്പത് വർഷം അദബും ഇരുപത് വർഷം അറിവും അഭ്യസിച്ചു. (ഗായത്തുന്നിഹായഃ, ഇബ്നുൽജസരി)

Leave a Reply

Your email address will not be published.

Similar Posts