അല്ലാഹുവിന്റെ ധാരാളം അനുഗ്രഹങ്ങളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മനുഷ്യവർഗത്തോടും ജിന്നുവർഗത്തോടുമായി അല്ലാഹു ചോദിക്കുന്നു:
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിന്റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളിൽ ഏതിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?’’ (ഖു൪ആന്‍:55/13)
أَيْ : فَبِأَيِّ نِعَمِ اللَّهِ الدِّينِيَّةِ وَالدُّنْيَوِيَّةِ تُكَذِّبَانِ؟
അതായത് : മതപരവും ഭൗതികവുമായ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (തഫ്സീറുസ്സഅ്ദി)
മനുഷ്യരിൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നവര്‍ വ്യത്യസ്ത തരത്തിലുണ്ട്. ചിലര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ പാടേ നിഷേധിക്കുന്നു. നിരീശ്വരവാദികളേയും ഭൗതിക വാദികളേയും പോലെയുള്ള സത്യനിഷേധികൾ അതിൽ പെട്ടതാണ്. അവര്‍ തങ്ങൾക്ക് ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങളും തങ്ങളുടെ കഴിവ് കൊണ്ട് ലഭിച്ചതാണെന്ന് പറയുന്നു. മുസ്ലിം സമുദായത്തിൽ ജനിക്കുകയും മുസ്ലിം നാമധാരികളായി ജീവിക്കുകയും ചെയ്യുന്നവര്‍ ഇതിൽ ഉൾപ്പെടും.
ചിലര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അംഗീകരിക്കുകയും അത് അല്ലാഹു അല്ലാത്തവരിലേക്ക് ചേര്‍ത്തി പറയുകയും ചെയ്യുന്നു. അല്ലാഹുവിൽ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകളെ പോലെയുള്ളവര്‍ അതിൽ പെട്ടതാണ്. മുസ്ലിമാണെന്ന് പറയുകയും അല്ലാഹുവിന് ഇബാദത്തുകൾ അര്‍പ്പിക്കുകയും ചെയ്യുന്ന ചിലരിലും ഈ സ്വഭാവം കാണാറുണ്ട്. എന്തെങ്കിലും അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ മുഹ്യിദ്ദീൻ ശൈഖിലേക്കും ബദ്രീങ്ങളിലേക്കും തുടങ്ങി മഹാൻമാരിലേക്കും അവര്‍ ചേര്‍ത്തി പറയുന്നു. യഥാര്‍ത്ഥത്തിൽ ഈ മഹാൻമാരൊക്കെ മരിച്ച് ബര്‍സഖിലാണുള്ളത്. അവര്‍ക്കാര്‍ക്കും നമ്മുടെ ഈ ലോകത്തെ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ല. അവരോട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽപോലും അവരത് കേൾക്കുകയോ ഉത്തരം നൽകുകയേോ ചെയ്യുന്നില്ല. എന്നാൽ അല്ലാഹു റഹ്മാനാണ്. അവനാണ് ഈ അനുഗ്രഹങ്ങളൊക്കെ നൽകിയിട്ടുള്ളത്.
ചിലയാളുകള്‍ സകല അനുഗ്രഹങ്ങളുടെയും ദാതാവ് അല്ലാഹുവാണെന്ന് അംഗീകരിക്കുന്നു. പക്ഷേ, അത് ഓര്‍ത്ത് അല്ലാഹുവിന് നന്ദി കാണിക്കാൻ മെനക്കെടാറില്ല. തൗഹീദിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ജീവിതം ചിട്ടപ്പെടുത്തിയവര്‍വരെ ഇക്കാര്യം ഗൗരവത്തോടെ ശ്രദ്ധിക്കണം.
‘അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ ഏതിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?’ എന്ന ചോദ്യം ഇതേ സൂറത്തിൽ 31 പ്രാവശ്യം ആവർത്തിക്കുന്നതായി കാണാം. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുകയും, അവര്‍ക്ക് നന്ദി കാണിക്കുകയും ചെയ്യുന്നതിന്റെ ഗൗരവം എത്രമേല്‍ വമ്പിച്ചതാണെന്നു ഇതില്‍നിന്നു മനസ്സിലാക്കാം. ഈ വചനം ഓതികേട്ടപ്പോള്‍ ഓരോ പ്രാവശ്യവും ജിന്നുകള്‍ മറുപടി പറഞ്ഞതുപോലെ നാമും പറയുക:
عَنْ جَابِرٍ، رضى الله عنه قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم عَلَى أَصْحَابِهِ فَقَرَأَ عَلَيْهِمْ سُورَةَ الرَّحْمَنِ مِنْ أَوَّلِهَا إِلَى آخِرِهَا فَسَكَتُوا فَقَالَ : لَقَدْ قَرَأْتُهَا عَلَى الْجِنِّ لَيْلَةَ الْجِنِّ فَكَانُوا أَحْسَنَ مَرْدُودًا مِنْكُمْ كُنْتُ كُلَّمَا أَتَيْتُ عَلَى قَوْلِهِِ : {فبأَىِّ آلاَءِ رَبِّكُمَا تُكَذِّبَانِ} قَالُوا لاَ بِشَيْءٍ مِنْ نِعَمِكَ رَبَّنَا نُكَذِّبُ فَلَكَ الْحَمْدُ.
ജാബിർ رَضِيَ اللَّهُ عَنْهُ പറയുന്നു: നബിﷺ ഒരിക്കൽ അനുചരന്മാരുടെ അടുക്കലേക്ക് പുറപ്പെട്ടു. എന്നിട്ട് സൂറതുർറഹ്‌മാൻ ആദ്യംമുതൽ അവസാനംവരെ അവർക്ക് ഓതിക്കൊടുത്തു. അപ്പോൾ അവർ നിശ്ശബ്ദരായി ഇരുന്നു. അപ്പോൾ നബിﷺ പറഞ്ഞു: ‘ജിന്നുകൾ വന്ന രാത്രിയിൽ ഞാൻ അവർക്ക് ഇത് ഓതിക്കേൾപിച്ചിരുന്നു. എന്നാൽ നിങ്ങളെക്കാൾ നല്ല രൂപത്തിലായിരുന്നു അവർ പ്രതികരിച്ചത്. ‘നിങ്ങളുടെ രക്ഷിതാവിന്റെ ഏതേത് അനുഗ്രഹങ്ങളെയാണ് നിങ്ങൾ കളവാക്കുന്നത്’ എന്ന വചനം ആവർത്തിക്കുമ്പോഴെല്ലാം അവർ ഇപ്രകാരം പറഞ്ഞിരുന്നു:
لاَ بِشَيْءٍ مِنْ نِعَمِكَ رَبَّنَا نُكَذِّبُ فَلَكَ الْحَمْدُ.
ഞങ്ങളുടെ രക്ഷിതാവേ, നിന്റെ അനുഗ്രഹങ്ങളിൽ യാതൊന്നിനെയും ഞങ്ങൾ കളവാക്കുന്നില്ല, നിനക്കാകുന്നു സർവസ്തുതിയും. (തിർമുദി)
فَهَكَذَا يَنْبَغِي لِلْعَبْدِ إِذَا تُلِيَتْ عَلَيْهِ نِعَمُ اللَّهِ وَآلَاؤُهُ، أَنْ يُقِرَّ بِهَا وَيَشْكُرَ، وَيَحْمِدَ اللَّهَ عَلَيْهَا.
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ തന്റെ മേല്‍ ഓതിക്കേള്‍പിക്കപ്പെട്ടാല്‍ ഇപ്രകാരം ചെയ്യല്‍ ഏതൊരു അടിമക്കും നിര്‍ബന്ധമാണ്; അവന്റെ അനുഗ്രഹങ്ങളെ അംഗീകരിച്ചും നന്ദികാണിച്ചുകൊണ്ടും അതിന്റെമേല്‍ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും. (തഫ്സീറുസ്സഅ്ദി)