സൂറ : അല്‍ ഫലഖ്

THADHKIRAH

വിശുദ്ധ ഖു൪ആനിലെ അവസാനത്തെ (113 ാമത്തെ) സൂറത്താണ് സൂറ: അല്‍ ഫലഖ് .  الفلق (ഫലഖ്) എന്നാൽ ‘പുലരി’ എന്നാണർത്തം. ഒന്നാമത്തെ ആയത്തിൽ പുലരിയെ കുറിച്ച് പരാമര്‍ശിക്കുന്നതാണ് ഈ പേരിനാധാരം.

മക്കിയായ ഈ സൂറത്തില്‍ 5 ആയത്തുകളാണുള്ളത്. മദനിയായ സൂറത്താണെന്നും അഭിപ്രായമുണ്ട്. ലബീദു ബ്നുൽ അഅ്സ്വം എന്ന് പേരുള്ള ഒരു യഹൂദൻ നബി ﷺ ക്കെതിരെ സിഹ്‌ർ (മാരണം) ചെയ്തപ്പോൾ മലക്കുകൾ മുഖേന അല്ലാഹു അവിടുത്തേക്ക് ഇക്കാര്യത്തെ കുറിച്ച് അറിയിച്ചു നൽകുകയും, സൂറതുൽ ഫലഖും സൂറതുന്നാസും അവതരിപ്പിച്ചു നൽകുകയും, ഈ രണ്ട് സൂറതുകൾ കൊണ്ട് മന്ത്രിക്കാൻ കൽപ്പിക്കുകയും ചെയ്തു. മക്കയിൽ അവതരിച്ച സൂറത്തുകൾ വീണ്ടും അവതരിക്കപ്പെടുക എന്നത് അസംഭവ്യമല്ല. അതല്ലെങ്കിൽ മക്കയിൽ അവതരിച്ച സൂറത്തുകളെ കൊണ്ട് മന്ത്രിക്കാൻ കൽപ്പിച്ചതാകാം. الله اعلم

സൂറ:അൽ ഫലഖിനും സൂറ:അന്നാസിനും ചേർത്ത് المعودتان (മുഅവ്വിദത്താനി) എന്ന് പറയപ്പെടുന്നു. ശരണം അഥവാ രക്ഷ നല്‍കുന്ന രണ്ടു സൂറത്തുകള്‍ എന്നര്‍ത്ഥം. വിവിധ തരത്തില്‍ ഉണ്ടാകുന്ന കെടുതലുകളില്‍ നിന്ന് അല്ലാഹുവില്‍ ശരണം പ്രാപിക്കുകയും, അവനോട് രക്ഷ തേടുകയും ചെയ്യുവാന്‍ പഠിപ്പിക്കുന്നതാണ് രണ്ട് സൂറത്തുകളും. അതിനാലാണ് മുഅവ്വിദത്താനി എന്ന പേര് നൽകപ്പെട്ടത്.

മുഅവ്വിദത്താനിയുടെ ധാരാളം ശ്രേഷ്ടതകള്‍ നബി ﷺ നമുക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്. കാവൽ തേടാൻ മഹത്തരമായ സൂറത്തുകളാണ് സൂറത്തുൽ ഫലഖും നാസും.

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَلَمْ تَرَ آيَاتٍ أُنْزِلَتِ اللَّيْلَةَ لَمْ يُرَ مِثْلُهُنَّ قَطُّ ‏{‏ قُلْ أَعُوذُ بِرَبِّ الْفَلَقِ‏}‏ وَ ‏{‏ قُلْ أَعُوذُ بِرَبِّ النَّاسِ‏}‏ ‏”‏ ‏.‏

ഉഖ്ത്ത് ബ്‌നുആമിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇന്നലെ രാത്രിയിൽ അവതരിക്കപ്പെട്ട സൂക്തങ്ങൾ നീ അറി‍ഞ്ഞില്ലയോ, അതിനു തുല്ല്യമായ വചനങ്ങൾ മുമ്പൊരിക്കലും കാണപ്പെട്ടിട്ടുമില്ല.സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നിവയത്രെ അത്. (മുസ്‌ലിം:814)

ഉഖ്ബത്ത് ബിൻ رَضِيَ اللَّهُ عَنْهُ വിനോട് നബി ﷺ പറഞ്ഞു:

‏ يَا عُقْبَةُ تَعَوَّذْ بِهِمَا فَمَا تَعَوَّذَ مُتَعَوِّذٌ بِمِثْلِهِمَا

ഈ രണ്ട് സൂറത്തുകൾ കൊണ്ട് അല്ലാഹുവിനോട് കാവൽ തേടൂ. ഇതു പോലെ അല്ലാഹുവിനോട് മറ്റൊന്ന് കൊണ്ടും ആരും കാവല്‍ തേടിയിട്ടില്ല. (അബൂദാവൂദ് :1463)

عَنْ أَبِي سَعِيدٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَتَعَوَّذُ مِنَ الْجَانِّ وَعَيْنِ الإِنْسَانِ حَتَّى نَزَلَتِ الْمُعَوِّذَتَانِ فَلَمَّا نَزَلَتَا أَخَذَ بِهِمَا وَتَرَكَ مَا سِوَاهُمَا ‏.‏

അബൂസഈദ് رَضِيَ اللَّهُ عَنْهُ പറയുന്നു: ‘മുഅവ്വിദതാനി അവതരിക്കുന്നത് വരെ നബി ﷺ ജിന്നുകളില്‍ നിന്നും, മനുഷ്യന്റെ കണ്ണേറില്‍ നിന്നും (അല്ലാഹുവിനോടു) കാവൽ തേടാറുണ്ടായിരുന്നു. പിന്നീട് അവ (ആ സൂറത്തുകള്‍) സ്വീകരിക്കുകയും മറ്റുള്ളവ (മറ്റു വാചകങ്ങളില്‍ ഉള്ള കാവൽ തേടല്‍) വിട്ടുകളയുകയും ചെയ്തു. (തിര്‍മിദി:2058)

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا: أَنَّ رَسُولَ اللَّهِ -ﷺ- كَانَ إِذَا اشْتَكَى يَقْرَأُ عَلَى نَفْسِهِ بِالْمُعَوِّذَاتِ وَيَنْفُثُ، فَلَمَّا اشْتَدَّ وَجَعُهُ كُنْتُ أَقْرَأُ عَلَيْهِ وَأَمْسَحُ بِيَدِهِ رَجَاءَ بَرَكَتِهَا.

ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ അസുഖമായാൽ ‘മുഅവ്വിദാതുകൾ’ പാരായണം ചെയ്ത ശേഷം സ്വന്തം ശരീരത്തിൽ മന്ത്രിക്കുമായിരുന്നു. അവിടുത്തേക്ക് വേദന കഠിനമായപ്പോൾ ഞാൻ അവ പാരായണം ചെയ്യുകയും, അവിടുത്തെ കൈകൾ കൊണ്ട് തടവിക്കൊടുക്കുകയും ചെയ്യുമായിരുന്നു; (നബി ﷺ യുടെ കൈകളുടെ) ബറകത് പ്രതീക്ഷിച്ചു കൊണ്ട്. (ബുഖാരി: 4629)

സൂറ: ഫലഖിലെ പ്രതിപാദ്യ വിഷയം

ഈ സൂറത്ത് പൊതുവായും പ്രത്യേകമായും ഉള്ള എല്ലാവിധ ഉപദ്രവങ്ങളില്‍ നിന്നും രക്ഷ തേടുന്നതിനെ ഉള്‍ക്കൊള്ളുന്നു.

സൂറ: ഫലഖ്

قُلْ أَعُوذُ بِرَبِّ ٱلْفَلَقِ ‎﴿١﴾‏ مِن شَرِّ مَا خَلَقَ ‎﴿٢﴾‏ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ‎﴿٣﴾‏ وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلْعُقَدِ ‎﴿٤﴾‏ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ‎﴿٥﴾‏

പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌.  ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും. കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും, അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും. (ഖുർആൻ:113/1-5)

സൂറത്തിന്റെ ആദ്യഭാഗത്ത് അല്ലാഹുവിനോട് രക്ഷ തേടാൻ (അഭയം ചോദിക്കാൻ) വേണ്ടി അതിന്റെ വാക്കുകൾ പറയാൻ നബി ﷺ യോട്  നിര്‍ദ്ദേശിക്കുന്നു. ഈ വചനത്തിന്റെ പ്രാഥമിക സംബോധിതന്‍ നബി ﷺ തന്നെയാണെങ്കിലും സത്യവിശ്വാസികളും അതിന്റെ സംബോധിതരാകുന്നു.

 أَعُوذُ എന്നാണ് പറയേണ്ടത്. ഞാന്‍ സുരക്ഷ ചോദിക്കുന്നു എന്നതാണ് ഉദ്ദേശ്യം. ആരോടാണ് രക്ഷ തേടേണ്ടത്? الفلق (പുലരി) ന്റെ റബ്ബായ അല്ലാഹുവിനോട്.

ഇസ്തിആദത് പ്രാര്‍ഥനകളില്‍ പെട്ടതാണ്. അത് അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. സൃഷ്ടികളെ കൊണ്ട് അവര്‍ക്ക് സാധ്യമാകാത്ത കാര്യങ്ങളില്‍ ഇസ്തിആദ നടത്തുക എന്നത് ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുന്ന ശിര്‍ക്കാണ്‌.

الفلق (പുലരി) ന്റെ റബ്ബിനോടാണ് രക്ഷ തേടേണ്ടത് എന്നാണ് പറഞ്ഞിട്ടുള്ളത്. الفلق (ഫലഖ്) എന്നാല്‍, പിളര്‍ത്തുക എന്നാണ് അതിന്റെ സാക്ഷാല്‍ അര്‍ത്ഥം. വിത്തുകളെയും ധാന്യങ്ങളെയും പിളര്‍ത്തി അതിന്റെ മുള പൊട്ടിക്കുന്നതിന് ഈ വാക്ക് ഉപയോഗിക്കാം. അല്ലാഹു പറഞ്ഞതുപോലെ:

إِنَّ ٱللَّهَ فَالِقُ ٱلْحَبِّ وَٱلنَّوَىٰ

തീര്‍ച്ചയായും ധാന്യമണികളും ഈന്തപ്പഴക്കുരുവും പിളര്‍ക്കുന്നവനാകുന്നു അല്ലാഹു. (ഖുർആൻ:6/95)

അല്ലാഹുവിനെക്കുറിച്ച് فَالِقُ الْإِصْبَاحِ (പ്രഭാതത്തെ പിളര്‍ത്തിയവന്‍) എന്ന് പറഞ്ഞിട്ടുള്ള വാക്യവും (ഖുർആൻ:6/96) ഇതേപോലെയുള്ളതാണ്. രാത്രിയുടെ ഇരുട്ടിനെ പിളര്‍ന്നു പ്രഭാതത്തെ പുറത്തുകൊണ്ടുവരുന്നവന്‍ എന്നാണതിന്റെ താല്‍പര്യം.

ഒന്ന് പിളര്‍ത്തി അതില്‍ നിന്ന് മറ്റൊന്ന് ഉത്ഭവിപ്പിക്കുന്ന – അഥവാ സൃഷ്ടിച്ചുണ്ടാക്കുന്ന – റബ്ബിനോടു ശരണം തേടുന്നു എന്നര്‍ത്ഥം. രാത്രിയുടെ ഇരുട്ട് പിളര്‍ന്ന് അതില്‍ നിന്നാണല്ലോ പ്രഭാതത്തിന്റെ പുലരി വെളിപ്പെടുന്നത് . ആകയാല്‍ ‘പുലരി’ അല്ലെങ്കില്‍ ‘പ്രഭാതം’ എന്ന അര്‍ത്ഥത്തിലും ആ വാക്കു ഉപയോഗിക്കപ്പെടുന്നു.

ഏതെല്ലാം കാര്യങ്ങളില്‍ നിന്നാണ് അല്ലാഹുവിനോടു ശരണം തേടേണ്ടതെന്നു തുടര്‍ന്നുള്ള വചനങ്ങളില്‍ പറയുന്നു.

ഒന്ന് : مِن شَرِّ مَا خَلَقَ (അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌)

{مِنْ شَرِّ مَا خَلَقَ} وَهَذَا يَشْمَلُ جَمِيعَ مَا خَلَقَ اللَّهُ، مِنْ إِنْسٍ، وَجِنٍّ، وَحَيَوَانَاتٍ، فَيُسْتَعَاذُ بِخَالِقِهَا، مِنَ الشَّرِّ الَّذِي فِيهَا،

{അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌} ജീവികള്‍, ജിന്ന്, മനുഷ്യന്‍ തുടങ്ങി അല്ലാഹുവിന്റെ മുഴുവന്‍ സൃഷ്ടിജാലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അവയില്‍ നിന്നുണ്ടാകുന്ന ഉപദ്രവത്തില്‍ നിന്ന് സ്രഷ്ടാവിനോട് രക്ഷ തേടുന്നു. (തഫ്സീറുസ്സഅ്ദി)

അല്ലാഹുവിന്റെ സൃഷ്ടികളുടെ ഭാഗത്ത് നിന്നുള്ള എന്തെങ്കിലും കാരണത്താൽ ചിലപ്പോള്‍ വല്ല് നാശനഷ്ടവും ആപത്തും നമുക്ക് സംഭവിച്ചേക്കാം. സൃഷ്ടികളുടെ ഭാഗത്ത് നിന്നുള്ള ദോഷങ്ങളില്‍ ചിലതെല്ലാം മനുഷ്യന്റെ മുന്‍കരുതല്‍ കൊണ്ടോ, പ്രതിരോധ നടപടികൊണ്ടോ ഒഴിവായെന്നു വരാം. കഴിയുന്നത്ര സൂക്ഷ്മത ഉണ്ടായിരിക്കല്‍ ആവശ്യവുമാണ് . എന്നാല്‍ അതും ഫലപ്രദമായിത്തീരുന്നത് അല്ലാഹുവിന്റെ സഹായത്തോടെ മാത്രമായിരിക്കും. മിക്കതില്‍ നിന്നും രക്ഷ ലഭിക്കുന്നതില്‍ മനുഷ്യര്‍ക്കോ മറ്റു വല്ലവര്‍ക്കോ ഒരു പങ്കും ഉണ്ടായിരിക്കയുമില്ല. അപ്പോൾ അല്ലാഹു സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്നുള്ള രക്ഷ തേടൽ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

അല്ലാഹു സൃഷ്ടിച്ച തിന്മകളില്‍നിന്ന് ശരണം തേടുന്നു എന്നല്ല, പ്രത്യുത അല്ലാഹു സൃഷ്ടിച്ച സൃഷ്ടികള്‍ ഉളവാക്കുന്ന തിന്മകളില്‍നിന്ന് ശരണം തേടുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. അല്ലാഹു സൃഷ്ടിപ്പ് നടത്തിയത് തിന്മകള്‍ ഉണ്ടാക്കാനല്ല. അവന്റെ എല്ലാ കാര്യങ്ങളും നന്മക്കും ഗുണത്തിനും വേണ്ടിമാത്രം ഉള്ളതാകുന്നു. സൃഷ്ടികളില്‍ അവന്‍ നിക്ഷേപിച്ച ഗുണങ്ങളെല്ലാം അതിന്റെ സൃഷ്ടിതാല്‍പര്യം പൂര്‍ത്തീകരിക്കുന്നതിനുവേണ്ടിയുള്ളതാണ്. എന്നാൽ, ചില സമയങ്ങളില്‍ ചില സൃഷ്ടികളിൽ നിന്ന് ചില കാരണങ്ങളാൽ നമുക്ക് തിൻമയായി ഭവിക്കുന്നുവെന്ന്മാത്രം.

പൊതുവായ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ തേടിയ ശേഷം ചില പ്രത്യേക കാര്യങ്ങളില്‍ നിന്നും രക്ഷ തേടുന്നതിനെക്കുറിച്ചാണ് തുടര്‍ന്ന് വരുന്നത്.

രണ്ട് : وَمِن شَرِّ غَاسِقٍ إِذَا وَقَبَ (ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും)

{وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ} أَيْ: مِنْ شَرِّ مَا يَكُونُ فِي اللَّيْلِ، حِينَ يَغْشَى النَّاسَ، وَتَنْتَشِرُ فِيهِ كَثِيرٌ مِنَ الْأَرْوَاحِ الشِّرِّيرَةِ، وَالْحَيَوَانَاتِ الْمُؤْذِيَةِ.

{ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും} അതായത്: രാത്രി മനുഷ്യരെ മൂടുമ്പോള്‍ അതിലുണ്ടാകുന്ന ഉപദ്രവങ്ങളില്‍ നിന്നും. കാരണം ഉപദ്രവകാരികളായ ജീവികളും മറ്റു ജന്തുക്കളും ധാരാളമായി രാത്രിയില്‍ വ്യാപിക്കുന്നു. (തഫ്സീറുസ്സഅ്ദി)

ആപത്തുകള്‍ സംഭവിക്കുവാനുള്ള സാധ്യത പകലിനെക്കാള്‍ രാത്രി കൂടുതലാണ്. പ്രത്യേകിച്ച് വിഷജന്തുക്കളിൽ നിന്നും കള്ളന്മാരിൽ നിന്നും. അക്രമങ്ങളും പാപകൃത്യങ്ങളും ഏറെ നടക്കുന്നത് രാത്രിയിലാണ്.

ഇരുണ്ട രാത്രിയുടെ തിന്മകളില്‍നിന്ന് പുലരിയുടെ റബ്ബായ അല്ലാഹുവിനോടാണ് അഭയം തേടേണ്ടത്

മൂന്ന് : وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلْعُقَدِ (കെട്ടുകളില്‍ ഊതുന്നവരുടെ കെടുതിയില്‍നിന്നും)

وقوله : {ومن شر النفاثات في العقد} قال مجاهد ، وعكرمة ، والحسن ، وقتادة ، والضحاك : يعني : السواحر

{കെട്ടുകളില്‍ ഊതുന്നവരുടെ കെടുതിയില്‍നിന്നും} ഇമാം മുജാഹിദ്, ഇക്രിമ, ഹസന്‍, ഖതാദ, ദിഹാക് എന്നിവര്‍ പറയുന്നു: അത് കൊണ്ടുള്ള ഉദ്ദേശം സിഹ്ര്‍ ചെയ്യുന്ന സ്ത്രീകളാണ്. (തഫ്സീര്‍ ഇബ്നു കഥീര്‍)

{وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ} أَيْ: وَمِنْ شَرِّ السَّوَاحِرِ، اللَّاتِي يَسْتَعِنَّ عَلَى سِحْرِهِنَّ بِالنَّفْثِ فِي الْعُقَدِ، الَّتِي يَعْقِدْنَهَا عَلَى السِّحْرِ.

{കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും} സിഹ്ര്‍ (മാരണം) ചെയ്യുന്നതിന് വേണ്ടി കെട്ടുന്ന കെട്ടുകളില്‍ ഊതി അത് തങ്ങളുടെ സിഹ്റിന് ഉപയോഗിക്കുന്നവരുടെ (മന്ത്രവാദികളുടെ) ഉപദ്രവങ്ങളില്‍ നിന്നും എന്നതാണ് അര്‍ഥമാക്കുന്നത്. (തഫ്സീറുസ്സഅ്ദി)

മന്ത്രവാദം നടത്തുന്നവരും, ‘സിഹ്ര്‍’ (മാരണം, ജാലവിദ്യ മുതലായവ) നടത്തുന്നവരുമാണ് കെട്ടുകളില്‍ ഊതുന്നവരെക്കൊണ്ട് ഉദ്ദേശ്യം. نَفَث (നഫ്ഥ്) എന്ന മൂല പദത്തില്‍ നിന്നുള്ളതാണ് نَفّاَثَات എന്ന വാക്ക്, അല്‍പ്പം തുപ്പുനീര്‍ തെറിപ്പിച്ചുകൊണ്ടുള്ള ഊത്തിന്നാണ് അത് ഉപയോഗിക്കാറുള്ളത്. ഇത് മന്ത്ര തന്ത്രങ്ങള്‍ നടത്തുന്നവരുടെ പതിവാണ്. നൂലിലോ കയറിന്റെ കഷ്ണത്തിലോ കെട്ടുകളുണ്ടാക്കി അതില്‍ ഊതലും അത്തരക്കാര്‍ ചെയ്യുന്നു. അത് കൊണ്ടാണ് മിക്ക മുഫസ്സിറുകളും – മുന്‍ഗാമികള്‍ വിശേഷിച്ചും – അങ്ങനെ വിവക്ഷ നല്‍കുവാന്‍ കാരണം. മന്ത്രക്കാരും ‘സിഹ്റു’ കാരും വരുത്തിത്തീര്‍ക്കുന്ന വിനകള്‍ ഭയങ്കരവും, ദുര്‍ഗ്രാഹ്യവുമായിരിക്കുന്നതുകൊണ്ടാണ് അല്ലാഹു അത് പ്രത്യേകം എടുത്തു പറഞ്ഞത്. (അമാനി തഫ്സീര്‍)

وَدَلَّتْ عَلَى أَنَّ السِّحْرَ لَهُ حَقِيقَةٌ يُخْشَى مِنْ ضَرَرِهِ، وَيُسْتَعَاذُ بِاللَّهِ مِنْهُ وَمِنْ أَهْلِهِ .

സിഹ്റിന് യാഥാര്‍ത്ഥ്യമുണ്ട്, അത് ഉപദ്രവം ഭയപ്പെടേണ്ട ഒന്നാണ് എന്നതിനും അതില്‍ നിന്നും, അതിന്റെ ആളുകളില്‍ നിന്നും രക്ഷ തേടണമെന്നതിനും ഇതില്‍ തെളിവുണ്ട്. (തഫ്സീറുസ്സഅ്ദി)

നാല് : وَمِن شَرِّ حَاسِدٍ إِذَا حَسَدَ (അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.)

അല്ലാഹു അവന്റെ അടിമകള്‍ക്ക് ചെയ്തുകൊടുത്ത അനുഗ്രഹങ്ങളില്‍ ചില ആളുകളുടെ മനസ്സുകള്‍ക്കുണ്ടാകുന്ന ഒരു തരം നീറ്റലാണ് ‘അസൂയ’ എന്ന് പറയുന്ന രോഗം.

മറ്റുള്ളവര്‍ക്ക് വല്ല നന്മയും കൈവരുന്നതിലുള്ള അതൃപ്തിയാണ് അസൂയ. മറ്റുള്ളവരുടെ നന്മ മൂലം തനിക്കൊന്നും നഷ്ടപെടാനില്ലെങ്കിലും അസൂയക്കാരന് അതു സഹിക്കുവാന്‍ സാധിക്കുകയില്ല. അങ്ങനെ, അവന്‍ അവര്‍ക്ക് തുരങ്കം വെക്കുവാനും, അവരെ അബദ്ധത്തില്‍ ചാടിക്കുവാനും തന്നാലാകുന്ന കുതന്ത്രങ്ങളും ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കും. സമനിലക്കാരെന്നു കരുതപെടുന്നവര്‍ തമ്മിലാണ് അസൂയക്ക്‌ കൂടുതല്‍ സ്ഥാനമുണ്ടാകുക. സാധാരണക്കാരെ അപേക്ഷിച്ച് യോഗ്യതയും സ്ഥാനമാനമുളളവര്‍ക്കിടയിലും കൂടുതലായിക്കാണാം. ഭൌതിക നന്മകളില്‍ മാത്രമല്ല, മതപരവും പാരത്രികവുമായ കാര്യങ്ങളിലും അസൂയ ഉണ്ടാകാറുണ്ട്. വ്യക്തികള്‍ തമ്മിലെന്ന പോലെ, സമൂഹങ്ങളും സമുദായങ്ങളും രാഷ്ട്രങ്ങളും തമ്മിലും അസൂയ പിടിപെടും. യൂസുഫ്  عليه السلام നബിയുടെ സഹോദരന്മാര്‍ അദ്ദേഹത്തെ കിണറ്റിലിട്ടതും, ഒരു നീണ്ടകാലം അക്ഷമയോടെ തങ്ങള്‍ കാത്തുകൊണ്ടിരുന്ന പ്രവാചകന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം അറബികളില്‍പെട്ട ആളാകക്കൊണ്ട് വേദക്കാര്‍ ഇസ്‌ലാമിന്റെ ശത്രുക്കളായി മാറിയതും അസൂയകൊണ്ടായിരുന്നു. എന്നിരിക്കെ, അസൂയ നിമിത്തം നേരിടുന്ന ആപത്തുകള്‍ അതിഭയങ്കരമാണെന്നു ഊഹിക്കാമല്ലോ. (അമാനി തഫ്സീര്‍)

{وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ} وَالْحَاسِدُ، هُوَ الَّذِي يُحِبُّ زَوَالَ النِّعْمَةِ عَنِ الْمَحْسُودِ فَيَسْعَى فِي زَوَالِهَا بِمَا يَقْدِرُ عَلَيْهِ مِنَ الْأَسْبَابِ، فَاحْتِيجَ إِلَى الِاسْتِعَاذَةِ بِاللَّهِ مِنْ شَرِّهِ، وَإِبْطَالِ كَيْدِهِ،

{അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.} അസൂയപ്പെടുന്നവന്റെ കെടുതിയില്‍ നിന്നും. മറ്റൊരാളുടെ അനുഗ്രഹം നീങ്ങിക്കാണാന്‍ ഇഷ്ടപ്പെടുന്നതാണ് അസൂയ. അതിനായി അവനാല്‍ കഴിയുന്ന എല്ലാ മാര്‍ഗങ്ങളിലും അവന്‍ പരിശ്രമിക്കുന്നു. അതിനാല്‍ അവന്റെ കുതന്ത്രങ്ങളെ നിഷ്ഫലമാക്കാനും അവന്റെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടാനും അല്ലാഹുവിനോട് രക്ഷ തേടല്‍ അനിവാര്യമാണ്. (തഫ്സീറുസ്സഅ്ദി)

وَيَدْخُلُ فِي الْحَاسِدِ الْعَايِنِ، لِأَنَّهُ لَا تَصْدُرُ الْعَيْنُ إِلَّا مِنْ حَاسِدٍ شِرِّيرِ الطَّبْعِ، خَبِيثِ النَّفْسِ،

അല്‍ഹാസിദ് എന്നതില്‍ കണ്ണേറും ഉള്‍പ്പെടും. ചീത്ത മനസ്സും ദുഷ്പ്രകൃതിയും ഉള്ള അസൂയക്കാരനില്‍ നിന്നല്ലാതെ കണ്ണേറുണ്ടാവുകയില്ല. (തഫ്സീറുസ്സഅ്ദി)

അല്ലാഹുവിന്റെ സൃഷ്ടികളില്‍ പെട്ട എല്ലാത്തിന്റെയും കെടുതികളില്‍ നിന്ന് ശരണം തേടാന്‍ കൽപ്പിച്ച ശേഷം ചില കെടുതികള്‍  പ്രത്യേകമായി എടുത്തു പറഞ്ഞിരിക്കുന്നതിൽ നിന്നും, അവവയുടെ കെടുതികള്‍ അത്ര മാത്രം അധികമാണെന്നതു കൊണ്ടാണ്.

Leave a Reply

Your email address will not be published.

Similar Posts