ദേഹേച്ഛയെ ഇലാഹ് ആക്കുന്നവര്‍

THADHKIRAH

അല്ലാഹു കല്പിച്ച ഒരു കാര്യം പ്രവര്‍ത്തിക്കൽ അടിമകളുടെ മേൽ നിര്‍ബന്ധമായതാണ്. അത് അല്ലാഹുവിനുള്ള ഇബാദത്തുമാണ്. അല്ലാഹു വിരോധിച്ച ഒരു കാര്യത്തിൽ നിന്ന് വിട്ടുനിൽക്കൽ അടിമകളുടെ മേൽ നിര്‍ബന്ധമായതാണ്. അത് അല്ലാഹുവിനുള്ള ഇബാദത്തുമാണ്. ഒരാൾ അല്ലാഹു കല്പനകൾ പാലിക്കുകയും, വിരോധങ്ങൾ വെടിയുകയും ചെയ്യുമ്പോൾ അല്ലാഹുവിനെ ഇലാഹ് ആക്കുകയാണ് ചെയ്യുന്നത്.  എന്നാൽ അല്ലാഹുവിന്റെ കല്പനകളും വിരോധങ്ങളും പരിഗണിക്കാതെ സ്വന്തം ദേഹേച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവൻ ദേഹേച്ഛയെ ഇലാഹ് ആക്കുകയാണ് ചെയ്യുന്നത്.

أَرَءَيْتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا

തന്‍റെ ആരാധ്യനെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ? എന്നിരിക്കെ നീ അവന്‍റെ കാര്യത്തിന് ചുമതലപ്പെട്ടവനാകുമോ? (ഖു൪ആന്‍ :25/43)

وَهَلْ فَوْقَ ضَلَالِ مَنْ جَعَلَ إِلَهَهُ مَعْبُودَهُ هَوَاهُ، فَمَا هَوِيَهُ فَعَلَهُ فَلِهَذَا قَالَ: {أَرَأَيْتَ مَنِ اتَّخَذَ إِلَهَهُ هَوَاهُ} أَلَا تَعْجَبُ مِنْ حَالِهِ وَتَنْظُرُ مَا هُوَ فِيهِ مِنَ الضَّلَالِ؟ وَهُوَ يَحْكُمُ لِنَفْسِهِ بِالْمَنَازِلِ الرَّفِيعَةِ؟

തന്റെ ദേഹേച്ഛകളെ ആരാധ്യനാക്കിയവനേക്കാൾ വഴിപിഴവുണ്ടോ? അവന്റെ ദേഹേച്ഛകൾക്കനുസരിച്ച് അവൻ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞിട്ടുള്ളത് {തന്‍റെ ആരാധ്യനെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ?} അവന്റെ അവസ്ഥയിൽ നിങ്ങൾ അൽഭുതപ്പെടുന്നില്ലേ, അവൻ എന്തൊരു വഴിപിഴവിലാണ് എന്ന് നോക്കൂ? അവൻ ഉയർന്ന പദവിയിലാണെന്ന് അവൻ വിധിക്കുകയാണോ? (തഫ്സീറുസ്സഅ്ദി)

أَفَرَءَيْتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَٰوَةً فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ

തന്‍റെ ആരാധ്യനെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ? അറിഞ്ഞ് കൊണ്ട് തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്‍റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്‍റെ കണ്ണിന് മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിന് പുറമെ ആരാണ് അവനെ നേര്‍വഴിയിലാക്കുവാനുള്ളത്‌? എന്നിരിക്കെ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ? (ഖു൪ആന്‍ :45/23)

يَقُولُ تَعَالَى: {أَفَرَأَيْتَ} الرَّجُلَ الضَّالَّ الَّذِي {اتَّخَذَ إِلَهَهُ هَوَاهُ} فَمَا هَوِيَهُ سَلَكَهُ سَوَاءٌ كَانَ يُرْضِي اللَّهَ أَوْ يُسْخِطُهُ. {وَأَضَلَّهُ اللَّهُ عَلَى عِلْمٍ} مِنَ اللَّهِ تَعَالَى أَنَّهُ لَا تَلِيقُ بِهِ الْهِدَايَةُ وَلَا يَزْكُو عَلَيْهَا. {وَخَتَمَ عَلَى سَمْعِهِ} فَلَا يَسْمَعُ مَا يَنْفَعُهُ، {وَقَلْبِهِ} فَلَا يَعِي الْخَيْرَ {وَجَعَلَ عَلَى بَصَرِهِ غِشَاوَةً} تَمْنَعُهُ مِنْ نَظَرِ الْحَقِّ، {فَمَنْ يَهْدِيهِ مِنْ بَعْدِ اللَّهِ} أَيْ: لَا أَحَدَ يَهْدِيهِ وَقَدْ سَدَّ اللَّهُ عَلَيْهِ أَبْوَابَ الْهِدَايَةِ وَفَتَحَ لَهُ أَبْوَابَ الْغِوَايَةِ، وَمَا ظَلَمَهُ اللَّهُ وَلَكِنْ هُوَ الَّذِي ظَلَمَ نَفْسَهُ وَتَسَبَّبَ لِمَنْعِ رَحْمَةِ اللَّهِ عَلَيْهِ {أَفَلا تَذَكَّرُونَ} مَا يَنْفَعُكُمْ فَتَسْلُكُونَهُ وَمَا يَضُرُّكُمْ فَتَجْتَنِبُونَهُ.

അല്ലാഹു പറയുന്നു: {നീ കണ്ടുവോ} വഴിതെറ്റിയ മനുഷ്യനെ. {തന്റെ ആരാധ്യനെ തന്റെ തന്നിഷ്ടമാക്കിയവനെ} അവന്റെ ഇഷ്ടം അവൻ ചെയ്യും. അല്ലാഹു തൃപ്തിപ്പെട്ടാലും വെറുത്താലും അവനൊരുപോലെയാണ്. {അറിഞ്ഞുകൊണ്ടുതന്നെ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും ചെയ്തു} അല്ലാഹുവിന്നറിയാം ആ സന്മാർഗം അവന് യോജിച്ചതല്ലെന്നും അതിലവൻ നന്നാവില്ലെന്നും. (അവന്റെ കാതിന് മുദ്രവെക്കുകയും) അവൻ ഉപകാരപ്പെടുന്നത് കേൾക്കില്ല. (ഹൃദയത്തിനും) നന്മയിലേക്ക് അവൻ ശ്രദ്ധിക്കുകയില്ല. (അവന്റെ കണ്ണിനുമേൽ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു). സത്യം കാണാൻ അതവനെ തടയുന്നു. (അപ്പോൾ അല്ലാഹുവിനുപുറമെ ആരാണ് അവനെ നേർവഴിയിലാക്കാനുള്ളത്?). അതായത്, അവനെ നേർവഴിയിലാക്കാൻ ഒരാളുമില്ല. സന്മാർഗത്തിന്റെ കവാടങ്ങൾ അവന്റെമേൽ അല്ലാഹു അടച്ചു. വഴികേടിന്റെ കവാടങ്ങൾ അവന് തുറന്നുകൊടുക്കുകയും ചെയ്തു. അല്ലാഹു അവനോട് അക്രമം കാണിച്ചിട്ടില്ല. മറിച്ച്, അവൻ തന്നെയാണ് അവനോട് അക്രമം കാണിച്ചത്. അവന്റെമേൽ അല്ലാഹുവിന്റെ കാരുണ്യം തടയാൻ അത് കാരണമാക്കപ്പെട്ടു. (നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ?) ഉപകാരമുള്ളതിനെക്കുറിച്ച്; എന്നിട്ടത് സ്വീകരിക്കുവാനും, ദോഷകരമായതിനെക്കുറിച്ച്; എന്നിട്ടത് ഉപേക്ഷിക്കുവാനും. (തഫ്സീറുസ്സഅ്ദി)

സ്വന്തം ഇച്ഛകളെ ആരാധ്യനാക്കുകയെന്നാല്‍, മനുഷ്യന്‍ ദേഹേച്ഛകളുടെ അടിമയായിത്തീരുക എന്നാണര്‍ഥം. അല്ലാഹു അനുവദിച്ചതോ നിരോധിച്ചതോ എന്ന വിവേചനമില്ലാതെ തോന്നിയതൊക്കെ പ്രവര്‍ത്തിക്കുക. ഒരു കാര്യം അല്ലാഹു കല്പിച്ചു. തന്റെ മനസ്സിന് താല്‍പ്പര്യം തോന്നാത്തതാണെങ്കിൽ ഒരാള്‍ അത് നിര്‍വ്വഹിക്കുന്നില്ല. അതേപോലെ ഒരു കാര്യം അല്ലാഹു വിരോധിച്ചു. തന്റെ മനസ്സിന് താല്‍പ്പര്യം തോന്നുന്നതാണെങ്കിൽ ഒരാള്‍ അത് പ്രവര്‍ത്തിക്കുന്നു. അപ്പോൾ അയാളുടെ ആരാധ്യന്‍ അല്ലാഹുവല്ല; മറിച്ച്, അയാള്‍ ഇങ്ങനെ അനുസരിക്കുന്നതെന്തിനെയാണോ അതാണ് എന്നാണ്.

{أرأيت من اتخذ إلهه هواه} أي : مهما استحسن من شيء ورآه حسنا في هوى نفسه ، كان دينه ومذهبه ، كما قال تعالى : {أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنًا ۖ فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَٰتٍ} [ فاطر : 8 ] ;

{തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ?}അതായത് :ഏതെങ്കിലും ഒരു കാര്യം ഒരാള്‍ക്ക്‌ നന്നായി തോന്നുകയും, തന്റെ ഇച്ഛയുടെ അടിസ്ഥാനത്തില്‍ അത് നല്ലതെന്ന് അഭിപ്രായപ്പെടുകയും ചെയ്‌താല്‍, ആ കാര്യം തന്റെ മതവും, ആദര്‍ശവുമാണ്. അല്ലാഹു പറഞ്ഞതുപോലെ:{എന്നാല്‍ തന്‍റെ ദുഷ്പ്രവൃത്തികള്‍ അലംകൃതമായി തോന്നിക്കപ്പെടുകയും, അങ്ങനെ അത് നല്ലതായി കാണുകയും ചെയ്തവന്‍റെ കാര്യമോ? അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ അവരെപ്പറ്റിയുള്ള കൊടുംഖേദം നിമിത്തം നിന്‍റെ പ്രാണന്‍ പോകാതിരിക്കട്ടെ (ഫാത്വിര്‍:8)} (ഇബ്നു കസീര്‍)

ഇതുപ്രകാരം ഇച്ഛക്കൊത്ത ആശയാദര്‍ശങ്ങളും, തന്നിഷ്ടത്തിനനുകൂലമായ പ്രസ്ഥാനങ്ങളും സിദ്ധാന്തങ്ങളും സ്വീകരിക്കുന്നവരും, സൗഖ്യജീവിതം, ആഡംബരം, സമ്പത്ത്, പ്രേമം, കാമം, വിനോദം, പന്തയം ആദിയായവയില്‍ മനം ലയിച്ചവരും  അതതിനെ ഇലാഹാക്കിയവരാണെന്ന് പറയാം. ഇതേ അടിസ്ഥാനത്തില്‍തന്നെയാണ്  നബി ﷺ ഇപ്രകാരം  പറഞ്ഞിട്ടുള്ളത്:

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ تَعِسَ عَبْدُ الدِّينَارِ وَالدِّرْهَمِ وَالْقَطِيفَةِ وَالْخَمِيصَةِ، إِنْ أُعْطِيَ رَضِيَ، وَإِنْ لَمْ يُعْطَ لَمْ يَرْضَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദീനാറിന്റെയും ദിർഹമിന്റെയും പുതപ്പിന്റെയും വസ്ത്രത്തിന്റെയും അടിമ നശിച്ചിരിക്കുന്നു. അവ ലഭ്യമായാൽ അയാൾ സന്തുഷ്ടനാണ്. അവ ലഭ്യമായില്ലെങ്കിലോ അസന്തുഷ്ടനുമായിരിക്കും. (ബുഖാരി: 6435)

قال ابن عباس رَضِيَ اللَّهُ عَنْهُ: كان الرجل في الجاهلية يعبد الحجر الأبيض زمانا ، فإذا رأى غيره أحسن منه عبد الثاني وترك الأول .

ഇബ്നു അബ്ബാസ്‌  رضي الله عنه പറയുന്നു:‘ജാഹിലിയ്യാ’ കാലത്ത് (ഇസ്‌ലാമിനുമുമ്പ് അജ്ഞാനകാലത്ത്) ചില ആളുകള്‍, കുറേകാലം ഒരു കല്ലിനെ ആരാധ്യവസ്തുവായി വെച്ചുകൊണ്ടിരിക്കെ അതിനെക്കാള്‍ നല്ലതായ വേറൊരു കല്ല്‌ കാണുമ്പോള്‍, ആദ്യത്തേതിനെ ഉപേക്ഷിച്ച് ആ പുതിയ കല്ല്‌ തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ച് ആരാധിച്ചു വരുക പതിവുണ്ടായിരുന്നു. (ഇത്തരം സമ്പ്രദായത്തെ ഉദ്ദേശിച്ചാണ് ‘ഇച്ഛയെ ഇലാഹാക്കി’ എന്ന് പ്രസ്താവിച്ചിരിക്കുന്നത്)

അപ്പോള്‍, തത്വദീക്ഷയും വിവേചന ബുദ്ധിയും കൂടാതെ ആരാധ്യവസ്തുക്കളെ – വിഗ്രഹങ്ങളോ, ദേവീദേവന്‍മാരോ, മനുഷ്യരോ, പ്രതിമകളോ, ഭൂതങ്ങളോ, ചിഹ്നങ്ങളോ ഏതായാലും ശരി – സ്വീകരിക്കുന്നവരെല്ലാം ഈ ആക്ഷേപത്തിന് വിധേയരാകുന്നു. ആഗ്രഹസഫലീകരണത്തിൽ മഹാൻമാരുടെ മഖ്ബറകൾ തേടിനടക്കുന്നവര്‍ ഇതിനെ കുറിച്ച് ചിന്തിക്കുക. ഒരു മഖ്ബറയിൽ പോയി പ്രാര്‍ത്ഥിക്കുന്നു, കാര്യം നടന്നില്ലെങ്കിൽ അടുത്ത മഖ്ബറ അന്വേഷിച്ചു നടക്കുന്നു. അവരെല്ലാം ഇതിൽ ഉൾപ്പെടും.

ചുരുക്കത്തിൽ പ്രമാണങ്ങളും, ലക്ഷ്യങ്ങളും വകവെക്കാതെ, സത്യത്തിനും ന്യായത്തിനും വില കല്‍പിക്കാതെ, ഉപദേശങ്ങളും ലക്ഷ്യങ്ങളും വകവെക്കാതെ, ദൃഷ്ടാന്തങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും നേരെ കണ്ണടച്ച് ദേഹേച്ഛയും, തന്നിഷ്ടവും ആധാരമാക്കി ജീവിതം നയിക്കുന്നവന്‍ അതിനെ ഒരു തരത്തില്‍ തന്റെ ഇലാഹാക്കി വെക്കുകയാണ് ചെയ്യുന്നത്. ഇങ്ങിനെയുള്ളവരെ സംസ്കരിക്കുവാനോ, അവരുടെ ചുമതല ഏറ്റെടുത്തു നടത്തുവാനോ സാധ്യമാകുന്നതല്ല. കാരണം  അവര്‍ക്ക് മനസ്സാക്ഷിയും, മനുഷ്യത്വപരമായ വിവേചനവും നഷ്ടപ്പെട്ട് തനി മൃഗതുല്യരായിരിക്കുകയാണ്. അതാണ് അടുത്ത ആയത്തിൽ അല്ലാഹു പറഞ്ഞിട്ടുള്ളത്.

أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَٱلْأَنْعَٰمِ ۖ بَلْ هُمْ أَضَلُّ سَبِيلًا

അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍. (ഖു൪ആന്‍ :25/44)

ഇങ്ങിനെയുള്ളവര്‍ സന്‍മാര്‍ഗ്ഗം പ്രാപിച്ചേക്കുമെന്ന പ്രതീക്ഷക്കു ഒട്ടും അവകാശമില്ല. അതുകൊണ്ട് അവന്റെ എല്ലാ സ്ഥിതിഗതികളും സൂക്ഷ്മമായി അറിയുന്ന അല്ലാഹു അവനെ കൈവെടിയുകയും, അവന്റെ പാട്ടിനു വിട്ടേക്കുകയും ചെയ്യുന്നു. അങ്ങിനെ, തന്റെ ഭാവിനന്മക്കു ഉപകരിക്കുന്ന വല്ലതും ഗ്രഹിക്കുവാനോ, കേള്‍ക്കുവാനോ, കണ്ടറിയുവാനോ ഉള്ള അവസരം അവനു നിശ്ശേഷം നഷ്ടപ്പെടുന്നു. അല്ലാഹു കൈവെടിഞ്ഞവരെ നേര്‍മ്മാര്‍ഗ്ഗത്തിലേക്കു കൊണ്ടുവരുവാന്‍ ആര്‍ക്കാണ് സാധിക്കുക?!

أَفَرَءَيْتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَٰوَةً فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ

തന്‍റെ ആരാധ്യനെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ? അറിഞ്ഞ് കൊണ്ട് തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്‍റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്‍റെ കണ്ണിന് മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിന് പുറമെ ആരാണ് അവനെ നേര്‍വഴിയിലാക്കുവാനുള്ളത്‌? എന്നിരിക്കെ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ? (ഖു൪ആന്‍ :45/23)

ദേഹേച്ഛയെ പിന്‍പറ്റി ഭൗതികലക്ഷ്യം വെച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റി മറ്റൊരു സ്ഥലത്തു അല്ലാഹു പറയുന്നതു ഇങ്ങനെയാണ്:

وَٱتْلُ عَلَيْهِمْ نَبَأَ ٱلَّذِىٓ ءَاتَيْنَٰهُ ءَايَٰتِنَا فَٱنسَلَخَ مِنْهَا فَأَتْبَعَهُ ٱلشَّيْطَٰنُ فَكَانَ مِنَ ٱلْغَاوِينَ وَلَوْ شِئْنَا لَرَفَعْنَٰهُ بِهَا وَلَٰكِنَّهُۥٓ أَخْلَدَ إِلَى ٱلْأَرْضِ وَٱتَّبَعَ هَوَىٰهُ ۚ فَمَثَلُهُۥ كَمَثَلِ ٱلْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا ۚ فَٱقْصُصِ ٱلْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ سَآءَ مَثَلًا ٱلْقَوْمُ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا وَأَنفُسَهُمْ كَانُوا۟ يَظْلِمُونَ

നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍ നിന്ന് ഊരിച്ചാടുകയും, അങ്ങനെ പിശാച് പിന്നാലെ കൂടുകയും, എന്നിട്ട് ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്‍റെ വൃത്താന്തം നീ അവര്‍ക്ക് വായിച്ചുകേള്‍പിച്ചു കൊടുക്കുക. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്‌. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്‌) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും, സ്വദേഹങ്ങള്‍ക്ക് തന്നെ ദ്രോഹം വരുത്തിക്കൊണ്ടിരിക്കുകയും ചെയ്ത ആളുകളുടെ ഉപമ വളരെ ചീത്ത തന്നെ. (ഖു൪ആന്‍ :7/175-177)

عَنْ شَدَّادِ بْنِ أَوْسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: الْكَيِّسُ مَنْ دَانَ نَفْسَهُ وَعَمِلَ لِمَا بَعْدَ الْمَوْتِ وَالْعَاجِزُ مَنْ أَتْبَعَ نَفْسَهُ هَوَاهَا وَتَمَنَّى عَلَى اللَّهِ

ശദ്ദാദിബ്നു ഔസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വന്തത്തെ കീഴ്പ്പെടുത്തിയവനും മരണാനന്തര ജീവിതത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാന്‍. സ്വന്തത്തെ അതിന്റെ ഇച്ഛാനുസാരം ചലിപ്പിക്കുകയും അല്ലാഹുവിന്റെ പേരില്‍ വ്യാമോഹം വെച്ചുപുലര്‍ത്തുകയും ചെയ്തവനാണ് ദുര്‍ബലന്‍. (അഹ്മദ് – തി൪മിദി)

സത്യവിശ്വാസികളെ, ഇക്കാര്യം ഗൗരവപൂര്‍വ്വം ചിന്തിക്കുക. നമ്മുടെ ഇലാഹ് അല്ലാഹുവാണോ ദേഹേച്ഛയാണോ?

عَنْ عَمْرِو بْنِ الْعَاصِ رَضِيَ اللَّهُ عَنْهُمَا، قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم : لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعًا لِمَا جِئْتُ بِهِ

അംറിബ്നു ആസ്വ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരുവന്റെ ഇച്ഛ ഞാന്‍ കൊണ്ടുവന്നിട്ടുള്ളതിനെ അനുകരിച്ചുകൊണ്ടാകുന്നതുവരെ അവന്‍ വിശ്വാസിയായിരിക്കുകയില്ല. (ഇമാം നവവിയുടെ 40 ഹദീസുകള്‍ – ഹദീസ് നമ്പ൪:41)

Leave a Reply

Your email address will not be published.

Similar Posts