വായു, വെള്ളം എന്നിവ പോലെ മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഭക്ഷണം. മനുഷ്യന്‍ തന്റെ ജീവിതത്തില്‍ അധികസമയവും ഭക്ഷണത്തിനായുള്ള നെട്ടോട്ടത്തിനായാണ് ചെലവഴിക്കുന്നത്. പണക്കാര്‍ക്ക് വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കാന്‍ പലപ്പോഴും കഴിയാറില്ലെങ്കിലും ഒരുനേരത്തെ അന്നത്തിനു വേണ്ടി യാചിക്കുന്നവരും മക്കളുടെ ഒരു ചാണ്‍ വയറിനു വേണ്ടി ഓടി നടക്കുന്നവരും കുറവല്ല. സമ്പന്ന രാജ്യങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ച് കളയുമ്പോള്‍ ദരിദ്ര രാജ്യങ്ങളിലുള്ളവര്‍ ഭക്ഷണത്തിനുവേണ്ടി അടിപിടി കൂടുന്നു.
ദൈവിക മതമായ ഇസ്‌ലാം മനുഷ്യരുടെ വിശപ്പടക്കുവാന്‍ ധാരാളം പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. സകാത്തും ഫിത്വ്ര്‍ സകാത്തും, ചില തെറ്റുകള്‍ ചെയ്താല്‍ അതിന്റെ പ്രായച്ഛിത്തമായി അഗതികള്‍ക്ക് ആഹാരം നല്‍കലുമൊക്കെ അത്തരം പരിഹാരമാര്‍ഗങ്ങളാണ്. ഭക്ഷണം കൊടുക്കുന്നത് മാത്രമല്ല, അതിനുവേണ്ടി ആളുകളെ പ്രേരിപ്പിക്കുന്നത് പോലും പുണ്യമായി ഇസ്‌ലാം പഠിപ്പിച്ചു.
‘അന്നം നല്‍കിയ കൈകളെ മറക്കാറില്ല’ എന്നതും, ‘ദാരിദ്ര്യവും പട്ടിണിയും മനുഷ്യനെ പിഴച്ച ചിന്തകളിലേക്ക് നയിക്കും’ എന്നതും ചിലപ്പോഴെങ്കിലും സത്യമായി തീരാറുണ്ട്.
വിശന്ന വയറുകളുടെ വിളി കേള്‍ക്കുന്ന, അതിന് പരിഹാരം നിര്‍ദേശിക്കുന്ന അന്തിമ പ്രവാചകനെയാണ് നമുക്ക് കാണാന്‍ കഴിയുക.
മദീനയിലേക്ക് ഹിജ്‌റ വന്ന പ്രവാചകനില്‍ നിന്നും താന്‍ ആദ്യം കേട്ട വാക്കുകള്‍ എന്തായിരുന്നുവെന്ന് ഒരുകാലത്ത് ജൂതനായിരുന്ന, പിന്നീട് പ്രവാചക ശിഷ്യനായി മാറിയ അബ്ദുല്ലാഹ് ഇബ്‌നു സലാം رَضِيَ اللَّهُ عَنْهُ പറയുന്നുണ്ട്:
يَا أَيُّهَا النَّاسُ أَفْشُوا السَّلاَمَ وَأَطْعِمُوا الطَّعَامَ وَصِلُوا الأَرْحَامَ وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ تَدْخُلُوا الْجَنَّةَ بِسَلاَمٍ
ജനങ്ങളേ, സലാം വ്യാപിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രാത്രിയില്‍ ജനങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ എഴുന്നേറ്റ് നമസ്‌കരിക്കുക. എന്നാല്‍ സുരക്ഷിതരായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. (തി൪മിദി:29/3374)
പ്രവാചക ജീവിതത്തിന് മുമ്പ് തന്നെ ഇത്തരം വിശിഷ്ട ഗുണങ്ങള്‍ ഒത്തുചേര്‍ന്ന മഹല്‍ വ്യക്തിത്വമായിരുന്നു നബി തിരുമേനി ﷺ എന്ന് പ്രവാചകന്റെ പ്രിയപത്‌നി ഖദീജ رَضِيَ اللَّهُ عَنْها സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രവാചകത്വം ലഭിച്ച അന്ന് ആദ്യമായി ജിബ്‌രീലിനെ കണ്ട വേളയില്‍ ഭയപ്പെട്ട് ഭാര്യയുടെ അടുക്കല്‍ എത്തിയ നബിയെ അവര്‍ ആശ്വസിപ്പിക്കുന്നത് ഇപ്രകാരമാണ്:
كَلاَّ وَاللَّهِ مَا يُخْزِيكَ اللَّهُ أَبَدًا، إِنَّكَ لَتَصِلُ الرَّحِمَ، وَتَحْمِلُ الْكَلَّ، وَتَكْسِبُ الْمَعْدُومَ، وَتَقْرِي الضَّيْفَ، وَتُعِينُ عَلَى نَوَائِبِ الْحَقِّ.
‘അങ്ങനെയല്ല, അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ (സത്യം) അല്ലാഹു അങ്ങയെ ഒരിക്കലും നിന്ദിക്കുകയില്ല. അല്ലാഹുവാണ (സത്യം), അങ്ങ് കുടുംബ ബന്ധം ചേര്‍ക്കുന്നു. സത്യം പറയുന്നു. (കഷ്ടപ്പെടുന്നവന്റെ) ഭാരം ചുമക്കുന്നു. ഇല്ലാത്തവന് വേണ്ടി സമ്പാദിക്കുന്നു. അതിഥിയെ മാനിക്കുന്നു. അവകാശം നഷ്ടപ്പെട്ടവരെ സഹായിക്കുന്നു.’(ബുഖാരി:3)
പ്രവാചക ജീവിതത്തിന്റെ മഹനീയ മാതൃക ജീവിതചര്യയാക്കിയ അനുയായികള്‍ അന്യര്‍ക്ക് അന്നം നല്‍കുന്നതില്‍ അതീവതല്‍പരരായിരുന്നു. രാത്രി വിളക്കണച്ചു മകനു മാത്രമുണ്ടായിരുന്ന ഭക്ഷണം അതിഥിക്ക് നല്‍കിയ അന്‍സ്വാരിയെ വിശുദ്ധ ക്വുര്‍ആന്‍ പുകഴ്ത്തിപ്പറയുന്നുണ്ട്. വിശ്വാസ സംരക്ഷണത്തിനുവേണ്ടി മക്കയില്‍ നിന്നും പലായനത്തിന് പുറപ്പെട്ട സമ്പന്നനായിരിന്ന അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ വിനെ വഴിയില്‍വെച്ച് ബഹുദൈവ വിശ്വാസിയായ ഇബ്‌നു ദുഗിന്ന കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: ‘താങ്കളെപ്പോലുള്ളവര്‍ ഇവിടെ നിന്നും പോകുവാനോ പുറത്താക്കപ്പെടുവാനോ പാടില്ല. കാരണം താങ്കള്‍ പാവങ്ങള്‍ക്ക് ധനം നല്‍കുന്നു, കുടുംബബന്ധം ചേര്‍ക്കുന്നു, മറ്റുള്ളവരുടെ ഭാരം വഹിക്കുന്നു, അതിഥിയെ സല്‍കരിക്കുന്നു, ദുരിതങ്ങളും ആപത്തുകളും ബാധിച്ചവരെ സഹായിക്കുന്നു.”
ജാഹിലിയ്യ യുഗത്തില്‍ തന്നെ പാവങ്ങളെ ഭക്ഷിപ്പിക്കലും അവരെ വിരുന്നൂട്ടലും അറബികള്‍ക്ക് അങ്ങേയറ്റം പ്രിയപ്പെട്ട കാര്യമായിരുന്നു. പ്രവാചകത്വത്തിന് മുമ്പ് മക്കയില്‍ ഉണ്ടായിരുന്ന അബ്ദുല്ലാഹ് ഇബ്‌നു ജദ്ആനും ക്രൈസ്തവനായിരുന്ന ഗോത്ര നേതാവ് ഹാതിമുത്താഇയും ഈ വിഷയത്തില്‍ അറിയപ്പെട്ട വ്യക്തികളായിരുന്നു.
വിളറി വെളുത്തു വയറൊട്ടിയ ഒരുകൂട്ടം ആളുകള്‍ മദീനയിലെത്തിയപ്പോള്‍ അവരുടെ ഊരും പേരും ഗോത്രവും ചോദിച്ചറിയാനല്ല നബിതിരുമേനി ﷺ വെമ്പല്‍ കൊണ്ടത്. അവരുടെ കഷ്ടപ്പാട് കണ്ടപ്പോള്‍ നബിയുടെ മുഖത്ത് ദുഃഖം തളംകെട്ടി. മിമ്പറില്‍ കയറി തന്റെ അനുയായികളെ വിളിച്ചുചേര്‍ത്ത് ഈ പാവപ്പെട്ടവരെ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ചു. ജനങ്ങള്‍ ഓരോരുത്തരായി തങ്ങളുടെ കയ്യിലുള്ള ഭക്ഷണവും വസ്ത്രവും ദീനാറും ദിര്‍ഹമും കൊണ്ടുവന്നു. അത് പ്രവാചകന്റെ മുമ്പില്‍ ഒരു കൂമ്പാരമായി. അപ്പോള്‍ പ്രവാചകന്റെ മുഖം വിടര്‍ന്നു.
ഏറ്റവും വലിയ സല്‍കര്‍മം ഏതാണെന്ന് ചോദിച്ച സ്വഹാബിയോട് നബി ﷺ യുടെ മറുപടി ഇപ്രകാരമായിരുന്നു: ജനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുക, നിനക്ക് പരിചയമുള്ളവരോടും ഇല്ലാത്തവരോടും സലാം പറയുക.
പ്രവാചക സവിധത്തിലേക്ക് ഒരു ഗ്രാമീണ അറബി കടന്നുവന്ന് ഇപ്രകാരം ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ സാധ്യമായ ഒരു പ്രവര്‍ത്തനം താങ്കള്‍ എന്നെ പഠിപ്പിച്ചു തരണം.” നബി ﷺ പറഞ്ഞു: ”താങ്കളുടെ ചോദ്യത്തിലെ വാക്കുകള്‍ കുറവാണെങ്കിലും അതില്‍ ആവശ്യപ്പെട്ടിരിക്കുന്നത് വലിയ ഒരു കാര്യമാണ്. താങ്കള്‍ അടിമയെ മോചിപ്പിക്കുകയോ അതിനു സഹായിക്കുകയോ ചെയ്യുക… ഇതിനൊന്നും സാധ്യമല്ലെങ്കില്‍ വിശക്കുന്നവന് ഭക്ഷണം കൊടുക്കുകയും ദാഹിക്കുന്നവന് വെള്ളം കൊടുക്കുകയും നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക. ഇതിനൊന്നും സാധ്യമല്ലെങ്കില്‍ നിന്റെ നാവിനെ അടക്കി നിര്‍ത്തുക.”
സാധുവിന് ഭക്ഷണം നല്‍കണമെന്ന് ക്വുര്‍ആന്‍ ഒന്നിലധികം സ്ഥലങ്ങളിലൂടെ കല്‍പിക്കുന്നുണ്ട്. മനുഷ്യന്‍ ദൈവിക കല്‍പനകള്‍ എത്രമാത്രം പാലിക്കുന്നവനാണ് എന്ന തിരിച്ചറിവാണ് ബലികര്‍മത്തില്‍ ഉള്ളത്. അതോടൊപ്പം സാധുക്കള്‍ക്ക് വിശപ്പടക്കാനുള്ള വഴിയും അതില്‍ ഉണ്ട്. അല്ലാഹു പറയുന്നു
وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ﴿٢٧﴾ لِّيَشْهَدُوا۟ مَنَٰفِعَ لَهُمْ وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍ مَّعْلُومَٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَٰمِ ۖ فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْبَآئِسَ ٱلْفَقِيرَ ﴿٢٨﴾
(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ഥാടനത്തെ പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്റെയടുത്ത് വന്നുകൊള്ളും. അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. (ഖു൪ആന്‍:22/27-28)
സ്വര്‍ഗ പ്രവേശനത്തിനുള്ള വലിയൊരു കാരണമാണ് പാവപ്പെട്ടവന്റെ വിശപ്പു മാറ്റാന്‍ സഹായിക്കല്‍.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِمًا ” . قَالَ أَبُو بَكْرٍ أَنَا . قَالَ ” فَمَنْ تَبِعَ مِنْكُمُ الْيَوْمَ جَنَازَةً ” . قَالَ أَبُو بَكْرٍ أَنَا . قَالَ ” فَمَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِينًا ” . قَالَ أَبُو بَكْرٍ أَنَا . قَالَ ” فَمَنْ عَادَ مِنْكُمُ الْيَوْمَ مَرِيضًا ” . قَالَ أَبُو بَكْرٍ أَنَا . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَا اجْتَمَعْنَ فِي امْرِئٍ إِلاَّ دَخَلَ الْجَنَّةَ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: (ഒരു സദസ്സില്‍) നബി ﷺ ചോദിച്ചു: ഇന്ന് ആരാണ് നിങ്ങളില്‍ നോമ്പുകാരനായിരുന്നത്? അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു ‘ഞാന്‍’. നബി ﷺ ചോദിച്ചു: ഇന്ന് ആരാണ് ജനാസയെ അനുഗമിച്ചത്? അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘ഞാന്‍’. നബി ﷺ ചോദിച്ചു : നിങ്ങളില്‍ ആരാണ് ഒരു അഗതിക്ക് ഭക്ഷണം നല്‍കിയത്. അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘ഞാന്‍’. നബി ﷺ ചോദിച്ചു:നിങ്ങളില്‍ ആരാണ് ഇന്ന് രോഗിയെ സന്ദര്‍ശിച്ചത്. അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘ഞാന്‍’. അപ്പോള്‍ നബി ﷺ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഒരു മനുഷ്യനില്‍ ഒരുമിച്ചുവന്നാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കില്ല. (മുസ്‌ലിം:1028)
عَنْ عَلِيٍّ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ” إِنَّ فِي الْجَنَّةِ غُرَفًا تُرَى ظُهُورُهَا مِنْ بُطُونِهَا وَبُطُونُهَا مِنْ ظُهُورِهَا ” . فَقَامَ أَعْرَابِيٌّ فَقَالَ لِمَنْ هِيَ يَا رَسُولَ اللَّهِ قَالَ ” لِمَنْ أَطَابَ الْكَلاَمَ وَأَطْعَمَ الطَّعَامَ وَأَدَامَ الصِّيَامَ وَصَلَّى لِلَّهِ بِاللَّيْلِ وَالنَّاسُ نِيَامٌ ” .
അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:തീര്‍ച്ചയായും സ്വര്‍ഗത്തില്‍ ചില മുറികളുണ്ട്. അവയുടെ പുറം ഭാഗം അകത്തിരുന്നും അകത്തളങ്ങള്‍ പുറമെ നിന്നും കാണാം. അല്ലാഹുവിന്റെ ദൂതരെ, അത് ആര്‍ക്കുള്ളതാണെന്നു ചോദിക്കപ്പെട്ടപ്പോള്‍ നബി ﷺ പറഞ്ഞു: ‘സംസാരം നന്നാക്കുന്നവരും ഭക്ഷണം നല്‍കുന്നവരും നോമ്പ് അനുഷ്ഠിക്കുന്നവരും രാത്രി ജനങ്ങള്‍ ഉറങ്ങുമ്പോള്‍ നമസ്‌കരിക്കുന്നവരുമായ ആളുകള്‍കുള്ളതാണ് അത്. (തിര്‍മിദി:1984)
عن أنس بن مالك رضى الله عنه قال قال رسول الله صلى الله عليه وسلم: ما آمن بي من بات شبعانَ وجارُه جائعٌ إلى جنبِه وهو يعلم به
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ അയൽവാസി തന്റെ ഓരത്ത് വിശക്കുന്നവനായിരിക്കെ , അവനെ കുറിച്ച് അറിഞ്ഞു കൊണ്ട് വല്ലവനും വയറു നിറച്ചു അന്തിയുറങ്ങിയാൽ അവൻ എന്നിൽ വിശ്വസിച്ചവനാവുകയില്ല .(ത്വബ്റാനി-സ്വഹീഹ് അൽബാനി)
عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ يَا أَبَا ذَرٍّ إِذَا طَبَخْتَ مَرَقَةً فَأَكْثِرْ مَاءَهَا وَتَعَاهَدْ جِيرَانَكَ ” .
അബൂദര്‍റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞു: ‘ഓ അബൂദര്‍റ്, താങ്കളൊരു കറി വെക്കുകയാണെങ്കില്‍ അതില്‍ വെള്ളം അല്‍പം കൂട്ടിക്കൊണ്ട് നിങ്ങളുടെ അയല്‍വാസിയെക്കൂടി നിങ്ങള്‍ പരിഗണിക്കുക. (മുസ്‌ലിം:2625)
കേവലം മനുഷ്യര്‍ക്കു മാത്രമല്ല ജീവജാലങ്ങള്‍ക്ക് പോലും അവയ്ക്കാവശ്യമായ ഉപജീവനം നല്‍കണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ” بَيْنَا رَجُلٌ بِطَرِيقٍ، اشْتَدَّ عَلَيْهِ الْعَطَشُ فَوَجَدَ بِئْرًا فَنَزَلَ فِيهَا فَشَرِبَ، ثُمَّ خَرَجَ، فَإِذَا كَلْبٌ يَلْهَثُ يَأْكُلُ الثَّرَى مِنَ الْعَطَشِ، فَقَالَ الرَّجُلُ لَقَدْ بَلَغَ هَذَا الْكَلْبَ مِنَ الْعَطَشِ مِثْلُ الَّذِي كَانَ بَلَغَ مِنِّي، فَنَزَلَ الْبِئْرَ، فَمَلأَ خُفَّهُ مَاءً، فَسَقَى الْكَلْبَ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ ”. قَالُوا يَا رَسُولَ اللَّهِ وَإِنَّ لَنَا فِي الْبَهَائِمِ لأَجْرًا فَقَالَ ” فِي كُلِّ ذَاتِ كَبِدٍ رَطْبَةٍ أَجْرٌ ”
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവേ അയാള്‍ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്നതു കണ്ടു. ‘ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്നപോലെ’ എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്ക് പൊറുത്തു കൊടുത്തു.’ ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ? നബി ﷺ പ്രതിവചിച്ചു: പച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്.’ (ബുഖാരി:2466)
മറ്റൊരു നിവേദനത്തില്‍, ബനൂഇസ്‌റാഈല്യരില്‍ ഉണ്ടായിരുന്ന ഒരു അഭിസാരികയാണ് നായക്ക് വെള്ളം കൊടുത്തതെന്നും അത് കാരണത്താല്‍ അവളുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടു എന്നുമാണുള്ളത്.
സാധുക്കളുടെ പ്രശ്‌നങ്ങള്‍ കണ്ടറിയുകയും അവരുടെ വിശപ്പ് തീര്‍ക്കുകയും ചെയ്യുന്ന ആളുക ളുടെ ജീവിതത്തില്‍ ഐശ്വര്യങ്ങളും ധനവര്‍ധനവും ഉണ്ടാവുക തന്നെ ചെയ്യും. എന്നാല്‍ അവരെ അവഗണിക്കുകയും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹു നല്‍കിയ പല അനുഗ്രഹങ്ങളും ഇല്ലാതെയാകുവാന്‍ സാധ്യതയുണ്ട്.
സൂറഃ അല്‍ക്വലമില്‍ ഒരു തോട്ടക്കാരുടെ കഥ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. വിളവെടുപ്പിന് പാകമായ തങ്ങളുടെ തോട്ടത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പാവപ്പെട്ടവര്‍ക്ക് അതില്‍നിന്ന് ഒന്നും കൊടുക്കുകയില്ലെന്ന് ചിലര്‍ തീരുമാനിച്ചു. സാധുക്കള്‍ തങ്ങളെ കാണാതിരിക്കാന്‍ അതിരാവിലെ അവര്‍ അങ്ങോട്ട് പുറപ്പെടുകയും ചെയ്തു. അവരുടെ പ്രവര്‍ത്തനത്തിന്റെ ദുരന്ത ഫലം അപ്പോള്‍ തന്നെ അവര്‍ അനുഭവിച്ചു. എല്ലാം തകര്‍ന്നടിഞ്ഞ തോട്ടത്തെയാണ് അവര്‍ക്ക് അവിടെ ചെന്നപ്പോള്‍ കാണാന്‍ സാധിച്ചത് . പിന്നീട് സംഭവിച്ചത് അവരുടെ വിലാപവും ഖേദപ്രകടനവുമായിരുന്നു.
ഒരുപക്ഷേ, നരകാഗ്‌നിയില്‍ നിന്നും മനുഷ്യനെ കാക്കുന്നത് അവന്‍ ഒരു സാധുവിന് നല്‍കിയ ഒരുപിടി ഭക്ഷണമായിരിക്കും. പ്രവാചകന്‍ ﷺ പറഞ്ഞു: ‘ഒരു കാരക്കയുടെ ചീള് കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കണേ.’
എഴുപത് മുഴമുള്ള ചങ്ങലയില്‍ ബന്ധിക്കപ്പെട്ടു നരകാഗ്‌നിയുടെ ആഴങ്ങളിലേക്ക് വലി ച്ചെറിയപ്പെടുന്ന ആളുകള്‍ അതില്‍ പ്രവേശിക്കുവാനുള്ള കാരണമായി ഖുര്‍ആന്‍ പറയുന്നത് കാണുക:
إِنَّهُۥ كَانَ لَا يُؤْمِنُ بِٱللَّهِ ٱلْعَظِيمِ ﴿٣٣﴾ وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ ﴿٣٤﴾
തീര്‍ച്ചയായും അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. സാധുവിന് ഭക്ഷണം കൊടുക്കുവാന്‍ അവന്‍ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല. (ഖു൪ആന്‍ :69/33-34)
സൂറഃ അല്‍ഫജ്‌റില്‍ മനുഷ്യര്‍ അല്ലാഹുവിന്റെ ആക്ഷേപത്തിന് വിധേയരാകാന്‍ കാരണമായി പറയുന്നത് യതീമിനെ ആദരിക്കാത്തതും സാധുവിന് ഭക്ഷണം നല്‍കുവാന്‍ പ്രേരിപ്പിക്കാത്തതുമാണ്. മതത്തെ തന്നെ കളവാക്കുന്നവന്റെ ലക്ഷണമായി ക്വുര്‍ആന്‍ പറയുന്നത് യതീമിനെ ആട്ടിയോടിക്കുന്ന, സാധുവിന് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കുന്നില്ല എന്നിവയാണ്.
പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കല്‍ എത്രമാത്രം പുണ്യകരമാണെന്ന് ഒരു ക്വുദ്‌സിയ്യായ ഹദീഥിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും: പരലോകത്ത് മനുഷ്യരെ വിചാരണ ചെയ്യുന്ന സന്ദ൪ഭം വിവരിക്കുന്ന ഹദrസില്‍ ഇപ്രകാരം കാണാം.
يَا ابْنَ آدَمَ اسْتَطْعَمْتُكَ فَلَمْ تُطْعِمْنِي . قَالَ يَا رَبِّ وَكَيْفَ أُطْعِمُكَ وَأَنْتَ رَبُّ الْعَالَمِينَ . قَالَ أَمَا عَلِمْتَ أَنَّهُ اسْتَطْعَمَكَ عَبْدِي فُلاَنٌ فَلَمْ تُطْعِمْهُ أَمَا عَلِمْتَ أَنَّكَ لَوْ أَطْعَمْتَهُ لَوَجَدْتَ ذَلِكَ عِنْدِي
‘ആദമിന്റെ പുത്രാ, ഞാന്‍ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു; പക്ഷേ, നീ എന്നെ ഭക്ഷിപ്പിച്ചില്ല.’ അപ്പോള്‍ അയാള്‍ ചോദിക്കുന്നു: ‘പ്രപഞ്ചത്തിന്റെ രക്ഷിതാവായ നിന്നെ ഞാനെങ്ങനെ ഭക്ഷിപ്പിക്കാനാണ്?’ അല്ലാഹു പറയും: ‘നിനക്കറിയില്ലേ, എന്റെ ഒരു അടിമ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു, അപ്പോള്‍ നീ അവനത് നല്‍കിയില്ല. നീയെങ്ങാനും അവന് വല്ലതും ഭക്ഷിക്കുവാന്‍ കൊടുത്തിരുന്നുവെങ്കില്‍ അത് എന്റെ അടുക്കല്‍ നിനക്ക് കാണാമായിരുന്നു. (മുസ്ലിം:2569)
യഥാര്‍ഥത്തില്‍ ഇത്തരം സല്‍കര്‍മങ്ങള്‍ കൊണ്ടുള്ള ലക്ഷ്യം അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുക എന്നത് മാത്രമാണ്. ജനങ്ങളുടെ പ്രശംസയും പുകഴ്ത്തലും അറിയപ്പെടണം എന്ന ഉദ്ദേശ്യവുമായിരിക്കരുത്.
സത്യവിശ്വാസികളുടെ ലക്ഷണമായി അല്ലാഹു പറയുന്നു:
وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسْكِينًا وَيَتِيمًا وَأَسِيرًا ﴿٨﴾ إِنَّمَا نُطْعِمُكُمْ لِوَجْهِ ٱللَّهِ لَا نُرِيدُ مِنكُمْ جَزَآءً وَلَا شُكُورًا ﴿٩﴾
ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും. (അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. (ഖു൪ആന്‍:76/8-9)