ഇഹ്തിസാബ് എന്ന പദം നാം ധാരാളമായി കേൾക്കാറും പറയാറുമുണ്ട്. അല്ലാഹുവിന്റെ അടുക്കൽ നിന്ന് പ്രതിഫലം ആഗ്രഹിക്കുക എന്നതാണ് അതിന്റെ  സാങ്കേതികമായ അർത്ഥം. ‘പ്രതിഫലേച്ഛ’ എന്ന് ഒറ്റവാക്കിൽ അര്‍ത്ഥം പറയാം.

قال ابن حجر رحمه الله: واحتساباً أي طلباً للأجر لا لقصد آخر من رياء أو نحوه.

ഇബ്നു ഹജര്‍ رحمه الله പറഞ്ഞു: ഇഹ്തിസാബ് എന്നാൽ പ്രതിഫലം തേടലാണ്, ലോകമാന്യതയോ അതുപോലെയുള്ള മറ്റെന്തെങ്കിലുമോ ലക്ഷ്യമല്ല. (ഫത്ഹുൽബാരി)

ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹുൽ ഉഥൈമീൻ رحمه الله പറഞ്ഞു:  ഇഹ്തിസാബ് കൊണ്ടർത്ഥമാക്കുന്നത് :
തന്റെ ക്ഷമ കാരണമായി അല്ലാഹു തനിക്ക് കൂലി നൽകും എന്ന് ഒരാൾ മനസ്സിൽ ഉറച്ചു വിശ്വസിക്കലും,അതോടൊപ്പം അല്ലാഹുവിനെപ്പറ്റി സദ് വിചാരം കാത്തു സൂക്ഷിക്കലുമാണ്. അല്ലാഹുവിനെപ്പറ്റി ഒരാളുടെ വിചാരം എപ്പ്രകാരമാണോ അപ്പ്രകാരമായിരിക്കും അല്ലാഹു അയാൾക്ക് പ്രതിഫലം നൽകുക. (അത്തഅ്ലീക്ക് അലാ സ്വഹീഹി മുസ്ലിം:1/113)

കണക്കാക്കുക, വിചാരിക്കുക, തൃപ്തിപ്പെടുക എന്ന അർത്ഥത്തിലൊക്കെ ഈ പദം ഖുര്‍ആനിലും ഹദീസിലും ഉപയോഗിച്ചതായി കാണാം.

‘ഇഖ്‌ലാസ്’ എന്നതിനോട് ചേർന്നുവരുന്ന ഒന്നാണ് ഇഹ്തിസാബും . ഇഖ്‌ലാസ് എന്നത് അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ച് പ്രവർത്തിക്കലാണല്ലോ. അല്ലാഹുവിനോട് മാത്രം പ്രതിഫലം ആഗ്രഹിക്കലും ചോദിക്കലും ആണ് ഇവിടെ വരുന്നത്.

ഒരു കര്‍മ്മം ഇഖ്‌ലാസോടെയും ഇഹ്തിസാബോടെയുമാണ് പ്രവർത്തിക്കേണ്ടത്. അപ്പോഴാണ് കര്‍മ്മം സമ്പൂർണ്ണമാകുന്നത്. ഇബാദത്തിന്റെ ലക്ഷ്യം മറ്റാരുടെയെങ്കിലും പ്രീതിയോ പ്രതിഫലമോ അല്ലെന്നും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രമാണെന്നും ചുരുക്കം.

രണ്ട് മേഖലയിലാണ് ഇഹ്തിസാബ് എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത്.

ഒന്ന്: വിപത്തുകളിൽ ക്ഷമിക്കുമ്പോൾ അല്ലാഹുവിൽ നിന്നും പ്രതിഫലം ആഗ്രഹിക്കുക.

عَنْ أُسَامَةُ بْنُ زَيْدٍ ـ رضى الله عنهما ـ قَالَ أَرْسَلَتِ ابْنَةُ النَّبِيِّ صلى الله عليه وسلم إِلَيْهِ إِنَّ ابْنًا لِي قُبِضَ فَائْتِنَا‏.‏ فَأَرْسَلَ يُقْرِئُ السَّلاَمَ وَيَقُولُ ‏”‏ إِنَّ لِلَّهِ مَا أَخَذَ وَلَهُ مَا أَعْطَى وَكُلٌّ عِنْدَهُ بِأَجَلٍ مُسَمًّى، فَلْتَصْبِرْ وَلْتَحْتَسِبْ ‏”‏‏.‏ فَأَرْسَلَتْ إِلَيْهِ تُقْسِمُ عَلَيْهِ لَيَأْتِيَنَّهَا، فَقَامَ وَمَعَهُ سَعْدُ بْنُ عُبَادَةَ وَمُعَاذُ بْنُ جَبَلٍ وَأُبَىُّ بْنُ كَعْبٍ وَزَيْدُ بْنُ ثَابِتٍ وَرِجَالٌ، فَرُفِعَ إِلَى رَسُولِ اللَّهِ صلى الله عليه وسلم الصَّبِيُّ وَنَفْسُهُ تَتَقَعْقَعُ ـ قَالَ حَسِبْتُهُ أَنَّهُ قَالَ ـ كَأَنَّهَا شَنٌّ‏.‏ فَفَاضَتْ عَيْنَاهُ‏.‏ فَقَالَ سَعْدٌ يَا رَسُولَ اللَّهِ مَا هَذَا فَقَالَ ‏”‏ هَذِهِ رَحْمَةٌ جَعَلَهَا اللَّهُ فِي قُلُوبِ عِبَادِهِ، وَإِنَّمَا يَرْحَمُ اللَّهُ مِنْ عِبَادِهِ الرُّحَمَاءَ ‏”‏‏.‏

ഉസാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: തന്‍റെ പുത്രന് മരണം ആസന്നമായിരിക്കുകയാണെന്നും അതുകൊണ്ട് ഇവിടം വരെ വന്നാല്‍ കൊള്ളാമെന്നും അറിയിച്ചുകൊണ്ട് മകള്‍ (സൈനബ رضى الله عنها ) നബി ﷺ യുടെ അടുക്കലേക്ക് ആളയച്ചു.നബി ﷺ യാകട്ടെ പുത്രിക്ക് സലാം പറഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു. അല്ലാഹു വിട്ടുതന്നതും അവന്‍ തിരിച്ചെടുത്തതും അവന്റേത് തന്നെയാണ്. എല്ലാ കാര്യങ്ങള്‍ക്കും അവന്‍റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട്. അതിനാല്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവള്‍ ക്ഷമകൈക്കൊള്ളട്ടെ. അപ്പോള്‍ നബി ﷺ വരിക തന്നെ വേണമെന്ന് സത്യം ചെയ്തുകൊണ്ട് അവള്‍ വീണ്ടും ആളയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ് (رَضِيَ اللَّهُ عَنْهُمْ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി ﷺ പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കുട്ടിയെ നബി ﷺ യുടെ അടുത്തേക്ക് ഉയര്‍ത്തികാണിച്ചു. ആ കുട്ടിയുടെ ജീവന്‍ കിടന്നു പിടയുന്നുണ്ട്. വെള്ളം നിറച്ച ഒരു പഴയ തോല്‍പാത്രം പോലെ. നബി ﷺ യുടെ ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ സഅ്ദ് رَضِيَ اللَّهُ عَنْهُ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരേ, ഇതെന്താണ് (അങ്ങ് കരയുകയോ!) നബി ﷺ പറഞ്ഞു: ഇത് അല്ലാഹു അവന്‍റെ ദാസന്മാരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുന്ന കാരുണ്യമാണ്. നിശ്ചയം കാരുണ്യമുള്ള തന്‍റെ ദാസന്മാരോടാണ് അല്ലാഹു കരുണ കാണിക്കുക. (ബുഖാരി:1284)

ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹുൽ ഉഥൈമീൻ رحمه الله പറഞ്ഞു:  ക്ഷമയുടെ ഫലമായി അല്ലാഹുവിൽ നിന്നുള്ള കൂലി ലഭിക്കണമെങ്കിൽ ഇഹ്തിസാബ് ഉണ്ടായിരിക്കൽ അനിവാര്യമാണ്. കാരണം ഇഹ്തിസാബ് കൂടാതെയുള്ള ക്ഷമ അവലംബിച്ചു കൊണ്ടാണ് ഒരാൾ ആപത്തുകളെ നേരിടുന്നതെങ്കിൽ അതവന്റെ പാപങ്ങൾക്കുള്ള പ്രായശ്ചിത്വമായി പരിണമിക്കും. അതല്ല ഇഹ്തിസാബോട് കൂടി അവൻ ക്ഷമിക്കുകയാണെങ്കിൽ പാപങ്ങൾക്കുള്ള പ്രായശ്ചിത്വമാകുന്നതോടൊപ്പം അതവന് അല്ലാഹുവിൽ നിന്നുള്ള കൂലിയും പ്രതിഫലവും വർദ്ധിപ്പിക്കുകയും ചെയ്യും. (അത്തഅ്ലീക്ക് അലാ സ്വഹീഹി മുസ്ലിം:1/113)

ജീവിതത്തിൽ പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ ക്ഷമിക്കുമ്പോൾ പ്രതിഫലം അല്ലാഹുവിൽ നിന്ന് ആഗ്രഹിക്കുക എന്നതാണ് ഇവിടെ ഉദ്ദേശം.

രണ്ട്: സൽകർമങ്ങൾ അഥവാ ഇബാദത്തുകൾ ചെയ്യുമ്പോൾ പ്രതിഫലം അല്ലാഹുവിൽ നിന്ന് ആഗ്രഹിക്കുക

റമളാനിലെ നോമ്പിന്റെയും രാത്രി നമസ്കാരത്തിന്റെയും ഹദീസിൽ വന്നതുപോലെ:

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഈമാനോടെയും (വിശ്വാസം) ഇഹ്തിസാബോടെയും (പ്രതിഫലേച്ഛ) റമദാൻ മാസത്തിൽ ആരെങ്കിലും വ്രതമനുഷ്ഠിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും. (ബുഖാരി:2014)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഈമാനോടെയും (വിശ്വാസം) ഇഹ്തിസാബോടെയും (പ്രതിഫലേച്ഛ) ആരെങ്കിലും ലൈലത്തുൽ ഖദ്‌റിൽ നമസ്‌കരിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും. (ബുഖാരി:2014)

ജനാസയുടെ ഹദീസിൽ ഈ പദം പ്രയോഗിച്ചിട്ടുണ്ട്

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ مَنِ اتَّبَعَ جَنَازَةَ مُسْلِمٍ إِيمَانًا وَاحْتِسَابًا، وَكَانَ مَعَهُ حَتَّى يُصَلَّى عَلَيْهَا، وَيَفْرُغَ مِنْ دَفْنِهَا، فَإِنَّهُ يَرْجِعُ مِنَ الأَجْرِ بِقِيرَاطَيْنِ، كُلُّ قِيرَاطٍ مِثْلُ أُحُدٍ، وَمَنْ صَلَّى عَلَيْهَا ثُمَّ رَجَعَ قَبْلَ أَنْ تُدْفَنَ فَإِنَّهُ يَرْجِعُ بِقِيرَاطٍ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഈമാനോടെയും (വിശ്വാസം) ഇഹ്തിസാബോടെയും (പ്രതിഫലേച്ഛ) കൂടി ഒരു മുസ്ലിമിന്‍റെ മയ്യിത്തിനെ അനുഗമിക്കുകയും നമസ്കാരവും ഖബറടക്കവും കഴിയുന്നതുവരെ കൂടെയുണ്ടാവുകയും ചെയ്താല്‍ അയാള്‍ രണ്ടു ഖീറാത്തു പ്രതിഫലവും കൊണ്ടാണ്‌ തിരിച്ചുവരിക.ഓരോ ഖീറാത്തും ഉഹ്ദ് മല പോലെയാണ്.ആരെങ്കിലും ജനാസ നിസ്‌ക്കരിക്കുകയും മറമാടുന്നതിന് മുമ്പേ മടങ്ങുകയും ചെയ്‌താൽ അവൻ ഒരു
ഖീറാത്ത് പ്രതിഫലവും കൊണ്ടാണ്‌ തിരിച്ചുവരിക. (ബുഖാരി:47)

ഇഹ്തിസാബ് ഈമാനിന്റെ പൂർണ്ണതക്കുള്ള തെളിവാണ്. അല്ലാഹുവിന്റെ തീരുമാനങ്ങളിൽ തൃപ്തിയുണ്ട് എന്നതിന്റെയും തെളിവാണ്.

ഇഹ്തിസാബ് മനസ്സമാധാനവും ഇരുലോകത്തും സൗഭാഗ്യത്തിനുമുള്ളതാണ്. കര്‍മ്മങ്ങൾക്ക് പൂർണ്ണമായ പ്രതിഫലം ലഭിക്കാനും ഓരോ കര്‍മ്മത്തിനും അല്ലാഹു പ്രത്യേകമായി പറഞ്ഞിട്ടുള്ള ഓഫറുകൾ ലഭിക്കാനും ഇഹ്തിസാബ് അനിവാര്യമാണ്.

Leave a Reply

Your email address will not be published.

Similar Posts