ഇസ്‌ലാമിക വിശ്വാസ സിദ്ധാന്തങ്ങളുടെയെല്ലാം അടിത്തറയാണ് അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസം. ദൈവാസ്തിത്വത്തിനും പുനരുത്ഥാനത്തിനും ധാരാളം തെളിവുകൾ ഇസ്ലാം മനുഷ്യരുടെ മുമ്പിൽ വെക്കുന്നുണ്ട്. അതിൽപെട്ട ഒന്നാണ് ഇക്കാര്യങ്ങൾക്ക് മനുഷ്യര്‍ തന്നെ തെളിവാണെന്നതും.
وَفِىٓ أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ
നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്) എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലെ? (ഖു൪ആന്‍:51/21)
അതിസൂക്ഷ്മമായ ഒരു ബീജം അതുപോലെ സൂക്ഷ്മമായ ഒരണ്ഡവുമായി ചേര്‍ന്ന് ശരീരാന്തര്‍ഭാഗത്തെ ഒരു മൂലയില്‍ വെച്ച് മനുഷ്യൻ സൃഷ്ടിക്കപ്പെടുകയും ആ ഇരുട്ടറക്കുള്ളിൽ ക്രമാനുഗതമായി പരിപാലിച്ചു വളര്‍ത്തപ്പെടുകയും ചെയ്യുന്നു. സൃഷ്ടി പൂര്‍ത്തിയാകുമ്പോള്‍ മാതൃഗര്‍ഭാശയത്തിന്റെ ഇരുട്ടറക്കുള്ളിൽ നിന്ന് അവനെ വിശാല ലോകത്തേക്കിറക്കുന്നു. ഈ മനുഷ്യനെ, അവന്റെ രൂപവും കഴിവും ശക്തിയും ബുദ്ധിയുമൊക്കെ പഠന വിധേയമാക്കിയാൽ അവനെ സൃഷ്ടിച്ച സ്രഷ്ടാവിനെ ബോധ്യപ്പെടും, മരണാനന്തരം വീണ്ടും സൃഷ്ടിക്കപ്പെടുമെന്നതും.
كذلك في نفس العبد من العبر والحكمة والرحمة ما يدل على أن الله وحده الأحد الفرد الصمد، وأنه لم يخلق الخلق سدى.
അപ്രകാരംതന്നെ ഓരോ അടിമക്കും തന്നില്‍തന്നെയുണ്ട് ഗുണപാഠങ്ങളും യുക്തിജ്ഞാനവും കാരുണ്യവും. അതെല്ലാംതന്നെ അല്ലാഹു ഒരുവനും ഏകനും നിരാശ്രയനുമാണെന്ന് അറിയിക്കുന്നു; അവന്‍ പടപ്പുകളെ വെറുതെ സൃഷ്ടിച്ചതല്ലെന്നും. (തഫ്സീറുസ്സഅ്ദി)
قال قتادة رَحِمَهُ اللَّهُ: من تفكر في خلق نفسه عرف أنه إنما خلق ولينت مفاصله للعبادة .
ഖതാദ رَحِمَهُ اللَّهُ പറഞ്ഞു: സ്വന്തം സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കുന്നവന് താൻ സൃഷ്ടിക്കപ്പെട്ടതും തൻ്റെ സന്ധികൾ പാകപ്പെടുത്തപ്പെട്ടിട്ടുള്ളതും അല്ലാഹുവിന് ഇബാദത്ത് ചെയ്യാൻ വേണ്ടിയാണെന്ന് ബോധ്യപ്പെടും. (ഇബ്നുകസീര്‍)
ഇപ്രകാരം പറയപ്പെടാറുണ്ട്:
من عرف نفسه فقد عرف ربه
ആര് തന്റെ സ്വന്തത്തെ അറിഞ്ഞുവോ, അവൻ തന്റെ റബ്ബിനെ അറിഞ്ഞു.
തന്റെ സ്വന്തത്തിന്റെ ദുർബലതയെയും, അതിലെ ദൃഷ്ടാന്തങ്ങളെയും മനസ്സിലാക്കിയവൻ തന്റെ റബ്ബിന്റെ കഴിവിനെ മനസ്സിലാക്കും എന്നര്‍ത്ഥം.
سَنُرِيهِمْ ءَايَٰتِنَا فِى ٱلْـَٔافَاقِ وَفِىٓ أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ ٱلْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَىْءٍ شَهِيدٌ
ഇത് (ഖുര്‍ആന്‍) സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്. നിന്‍റെ രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ? (ഖു൪ആന്‍:41/53)
{وَفِي أَنْفُسِهِمْ} مما اشتملت عليه أبدانهم، من بديع آيات اللّه وعجائب صنعته، وباهر قدرته،
{അവരിൽ തന്നെയും} അവരുടെ ശരീരങ്ങളിലുള്ള പുതുമയാർന്ന അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ, അതിന്റെ നിർമാണത്തിലെ അത്ഭുതങ്ങൾ, അവന്റെ കഴിവിന്റെ ഭംഗി ….. (തഫ്സീറുസ്സഅ്ദി)
يَعْلَمُونَ ظَٰهِرًا مِّنَ ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ عَنِ ٱلْـَٔاخِرَةِ هُمْ غَٰفِلُونَ ﴿٧﴾ أَوَلَمْ يَتَفَكَّرُوا۟ فِىٓ أَنفُسِهِ ……
ഐഹികജീവിതത്തില്‍ നിന്ന് പ്രത്യക്ഷമായത് അവര്‍ മനസ്സിലാക്കുന്നു. പരലോകത്തെപ്പറ്റിയാകട്ടെ അവര്‍ അശ്രദ്ധയില്‍ തന്നെയാകുന്നു. അവരുടെ സ്വന്തത്തെപ്പറ്റി അവര്‍ ചിന്തിച്ച് നോക്കിയിട്ടില്ലേ? (ഖു൪ആന്‍:30/7-8)
മറ്റ് വസ്തുക്കളില്‍നിന്ന് മനുഷ്യനെ വേര്‍തിരിച്ചുനിര്‍ത്തുന്ന മൂന്ന് സവിശേഷതകളുണ്ട്:
ഒന്ന്: ഭൂമിയിലും അതിന്റെ ചുറ്റുപാടുമുള്ള എണ്ണമറ്റ വസ്തുക്കള്‍ അവന്ന് വിധേയമാക്കിവെച്ചിരിക്കുന്നു. അവയെ കൈകാര്യം ചെയ്യാനുള്ള വിപുലമായ സ്വാതന്ത്ര്യവും മനുഷ്യന്ന് ലഭിച്ചിരിക്കുന്നു.
രണ്ട്: സ്വന്തം ജീവിതസരണി സ്വയം തിരഞ്ഞെടുക്കാന്‍ അവന്ന് സ്വാതന്ത്ര്യമുണ്ട്. നന്മയുടെയോ തിന്മയുടെയോ, വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ, അനുസരണത്തിന്റെയോ ധിക്കാരത്തിന്റെയോ ഏത് മാര്‍ഗത്തില്‍ വേണമെങ്കിലും അവന്ന് സഞ്ചരിക്കാം. സത്യമോ അസത്യമോ അബദ്ധമോ സുബദ്ധമോ എന്തുവേണമെങ്കിലും സ്വീകരിക്കാം. ഏത് വഴിയിലൂടെയും പോകാന്‍ അവന്ന് ഉതവിയുണ്ട്. അല്ലാഹു ഒരുക്കിവെച്ച സജ്ജീകരണങ്ങളുപയോഗപ്പെടുത്തുകയും ചെയ്യാം; അത് ദൈവഹിതത്തിന്റെ മാര്‍ഗമാകട്ടെ, ദൈവധിക്കാരത്തിന്റെ മാര്‍ഗമാകട്ടെ.
മൂന്ന്: മനുഷ്യനില്‍ ജന്മനാ ഒരു ധാര്‍മികാനുഭൂതി നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. അതുവഴി അവന്‍ ഇച്ഛയോടുകൂടിയതും അല്ലാത്തതുമായ പ്രവര്‍ത്തനങ്ങളെ തമ്മില്‍ വേര്‍തിരിക്കുകയും ഇച്ഛയോടുകൂടിയ പ്രവര്‍ത്തനങ്ങളെ നന്മയെന്നും തിന്മയെന്നും വിധിക്കുകയും നല്ല പ്രവര്‍ത്തനങ്ങള്‍ പ്രതിഫലാര്‍ഹവും ചീത്ത പ്രവര്‍ത്തനങ്ങള്‍ ശിക്ഷാര്‍ഹവുമാണെന്ന് സ്വയം കരുതുകയും ചെയ്യുന്നു.
മനുഷ്യാസ്തിത്വത്തില്‍ കാണപ്പെടുന്ന ഈ മൂന്നു സവിശേഷതകളും മനുഷ്യന്‍ ഏതെങ്കിലുമൊരവസരത്തില്‍ വിചാരണ ചെയ്യപ്പെടേണ്ടതുണ്ടെന്ന വസ്തുതയെ കുറിക്കുന്നു. ഐഹിക ജീവിതത്തില്‍ അവന്‍ എന്തൊക്കെ ചെയ്തുവെന്നും അവന്ന് നല്‍കപ്പെട്ട കൈകാര്യ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിച്ചുവെന്നും ചോദിക്കപ്പെടേണ്ടതുണ്ട്. തിരഞ്ഞെടുപ്പിനുള്ള അവന്റെ സ്വാതന്ത്ര്യം ശരിയായാണോ ഉപയോഗിച്ചത്; അതല്ല, തെറ്റായോ എന്ന് പരിശോധിക്കപ്പെടേണം. ഇച്ഛാപൂര്‍വമുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ണയിച്ച് അവയില്‍ നല്ലതിന് പ്രതിഫലവും തിയ്യതിന് ശിക്ഷയും നല്‍കപ്പെടണം. ഈ അവസരം ആഗതമാവേണ്ടത് അനിവാര്യമായും അവന്റെ ഐഹിക ജീവിതം സമാപിക്കുകയും കര്‍മ്മപുസ്തകം അടച്ചുവയ്ക്കുകയും ചെയ്തശേഷമാണ്; അതിന്റെ മുമ്പല്ല. ഈ സന്ദര്‍ഭം ആഗതമാകേണ്ടത് ഒരു വ്യക്തിയുടെയോ ഒരു സമൂഹത്തിന്റെയോ അന്ത്യത്തോടുകൂടിയുമല്ല; മറിച്ച്, മുഴുവന്‍ മനുഷ്യരുടെയും കര്‍മ്മപുസ്തകം പൂര്‍ത്തിയായ ശേഷമാണ്. കാരണം, ഒരു വ്യക്തിയോ ഒരു സമൂഹമോ മരിക്കുന്നതോടെ അവരുടെ കര്‍മങ്ങള്‍ ഈ ലോകത്തവശേഷിപ്പിച്ച പൈതൃകങ്ങള്‍ അവസാനിക്കുന്നില്ല. അവരുപേക്ഷിച്ച നല്ലതോ ചീത്തയോ ആയ പ്രതികരണങ്ങള്‍ അവരുടെ കണക്കില്‍ വരേണ്ടതുണ്ട്. ഈ പ്രതികരണങ്ങള്‍ സമ്പൂര്‍ണമായി വെളിപ്പെടാതെ നീതിപൂര്‍വം വിചാരണ ചെയ്യുകയോ രക്ഷാശിക്ഷകള്‍ നല്‍കുകയോ ചെയ്യുന്നതെങ്ങനെ? ഈ വിധം മനുഷ്യന്റെ അസ്തിത്വംതന്നെ ഈ വസ്തുതക്ക് സാക്ഷ്യംവഹിക്കുന്നു. ഭൂമിയില്‍ മനുഷ്യന്റെ നിലപാടും, അവന്റെ നിലവിലുള്ള ജീവിതത്തിനുശേഷം നീതിയോടും ന്യായത്തോടുംകൂടി മനുഷ്യകര്‍മങ്ങള്‍ വിചാരണ ചെയ്യപ്പെടുകയും ഓരോരുത്തര്‍ക്കും അവരവരുടെ കര്‍മത്തിന്റെ പ്രതിഫലം ലഭിക്കുകയും വേണമെന്നാണ് താല്‍പര്യപ്പെടുന്നത്.