സൂറ:അല്‍ ആദിയാത്ത്

THADHKIRAH

വിശുദ്ധ ഖുർആനിലെ 100 ാ മത്തെ സൂറത്താണ് سورة العاديات (സൂറ: അല്‍ ആദിയാത്ത്). 11 ആയത്തുകളാണ് മക്കയിൽ അവതരിച്ച (മദനീയാണെന്നും അഭിപ്രായമുണ്ട്) ഈ സൂറത്തിലുള്ളത്. അല്‍ ആദിയാത്ത് എന്നാൽ ‘ഓടുന്നവ’ എന്നാണർത്ഥം. ഒന്നാമത്തെ ആയത്തിൽ വേഗതയിൽ സഞ്ചരിക്കുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നതാണ് ഈ പേരിനാധാരം.

കുതിരയെക്കൊണ്ട് സത്യം ചെയ്തു കൊണ്ടാണ് സൂറത്ത് ആരംഭിക്കുന്നത്. അല്ലാഹുവിന്റെ പ്രകടമായ ദൃഷ്ടാന്തങ്ങളും പ്രത്യക്ഷമായ അനുഗ്രഹങ്ങളും മനുഷ്യര്‍ക്ക് അറിയാവുന്ന വിധത്തില്‍ കുതിരയിലുള്ളതാണ് അല്ലാഹു അതിനെക്കൊണ്ട് സത്യം ചെയ്യാന്‍ കാരണം. മറ്റു മൃഗങ്ങള്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ കുതിരകള്‍ക്കുള്ളതുകൊണ്ട് കൂടിയാണ് അതിനെക്കൊണ്ട് സത്യം ചെയ്യുന്നത്.

وَٱلْعَٰدِيَٰتِ ضَبْحًا ‎﴿١﴾‏ فَٱلْمُورِيَٰتِ قَدْحًا ‎﴿٢﴾‏ فَٱلْمُغِيرَٰتِ صُبْحًا ‎﴿٣﴾‏ فَأَثَرْنَ بِهِۦ نَقْعًا ‎﴿٤﴾‏ فَوَسَطْنَ بِهِۦ جَمْعًا ‎﴿٥﴾

കിതച്ചു കൊണ്ട് ഓടുന്നവയും,  അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും, എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും , അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം. (ഖു൪ആന്‍:100/1-5)

ഒന്നാമത്തെ ആയത്തിൽ വേഗതയിൽ സഞ്ചരിക്കുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

രണ്ടാമത്തെ ആയത്തിൽ പാറക്കല്ലുകൾക്ക് മുകളിൽ കുളമ്പുകൾ ശക്തമായി ഉരസി തീപ്പൊരി പറപ്പിച്ച് കുതിക്കുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു.

മൂന്നാമത്തെ ആയത്തിൽ പ്രഭാതത്തിൽ ശത്രുക്കൾക്ക് നേരെ കുതിച്ചു പായുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. അവയുടെ ഓട്ടത്താലും ആക്രമണത്താലും പൊടിപടലം ഇളക്കിവിടുന്നു.അങ്ങനെ തങ്ങളുടെ മേലിരിക്കുന്ന പടയാളിയെയും കൊണ്ട് ശത്രുസംഘത്തിന് നടുവിൽ അത് പ്രവേശിച്ചിരിക്കുന്നു.

മനുഷ്യന്റെ പൊതുവെയുള്ള ഒരു സ്വഭാവമാണ് ഈ സത്യം മുഖേന അല്ലാഹു എടുത്ത് കാട്ടുന്നത്. അല്ലാഹു പറയുന്നു:

إِنَّ ٱلْإِنسَٰنَ لِرَبِّهِۦ لَكَنُودٌ

തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ. (ഖു൪ആന്‍:100/6)

إِنَّ الإِنْسَانَ لَمَنُوعٌ لِلْخَيْرِ الذِّي يُرِيدُهُ مِنْهُ رَبُّهُ.

തീർച്ചയായും മനുഷ്യൻ അവന്റെ രക്ഷിതാവ് അവനിൽ നിന്ന് ആവശ്യപ്പെടുന്ന നന്മയോട് വളരെ നിഷേധാത്മക സമീപനമുള്ളവൻ തന്നെ. (തഫ്സീർ മുഖ്തസ്വർ)

{إِنَّ الإِنْسَانَ لِرَبِّهِ لَكَنُودٌ} أَيْ: مَنُوعٌ لِلْخَيْرِ الَّذِي لِلَّهِ عَلَيْهِ. فَطَبِيعَةُ الْإِنْسَانِ وَجِبِلَّتُهُ، أَنَّ نَفْسَهُ لَا تَسْمَحُ بِمَا عَلَيْهِ مِنَ الْحُقُوقِ، فَتُؤَدِّيهَا كَامِلَةً مُوَفَّرَةً، بَلْ طَبِيعَتُهَا الْكَسَلُ وَالْمَنْعُ لِمَا عَلَيْهَا مِنَ الْحُقُوقِ الْمَالِيَّةِ وَالْبَدَنِيَّةِ، إِلَّا مَنْ هَدَاهُ اللَّهُ وَخَرَجَ عَنْ هَذَا الْوَصْفِ إِلَى وَصْفِ السَّمَاحِ بِأَدَاءِ الْحُقُوقِ،

{തീര്‍ച്ചയായും മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് നന്ദി കെട്ടവര്‍ തന്നെ} തന്റെ രക്ഷിതാവിന് നന്ദിയായി ചെയ്യേണ്ട നന്മകള്‍ മുടക്കുന്നവന്‍. തന്റെ മേല്‍ ബാധ്യതയുള്ള കടമകളെ പൂര്‍ണമായി നിര്‍വഹിക്കാന്‍ അനുവദിക്കാത്ത മനസ്സാണ് മനുഷ്യന്റെ പ്രകൃതി. മാത്രവുമല്ല, മടിയും. താന്‍ നിര്‍വഹിക്കേണ്ട ശാരീരികവും സാമ്പത്തികവുമായ ഉത്തരവാദിത്തങ്ങള്‍ ചെയ്യാതിരിക്കലും അവന്റെ പ്രകൃതിയാണ്. അല്ലാഹു സന്മാര്‍ഗത്തിലാക്കിയവരും തങ്ങളുടെ ബാധ്യതകള്‍ പൂര്‍ണമായി നിര്‍വഹിച്ചവരും മാത്രമാണ് ഇതില്‍ നിന്ന് ഒഴിവായവര്‍. (തഫ്സീറുസ്സഅ്ദി)

മനുഷ്യൻ നന്മക്ക് വളരെയധികം തടസ്സം നിൽക്കുന്നവനാണ് എന്നതിന് അവൻ സ്വയം തന്നെ സാക്ഷിയാണ്.

وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٌ

തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു. (ഖു൪ആന്‍:100/7)

{وَإِنَّهُ عَلَى ذَلِكَ لَشَهِيدٌ} أَيْ: إِنَّ الْإِنْسَانَ عَلَى مَا يَعْرِفُ مِنْ نَفْسِهِ مِنَ الْمَنْعِ وَالْكَنَدِ لَشَاهِدٌ بِذَلِكَ، لَا يَجْحَدُهُ وَلَا يُنْكِرُهُ، لِأَنَّ ذَلِكَ أَمْرٌ بَيِّنٌ وَاضِحٌ.

{തീര്‍ച്ചയായും അവന്‍ അതിന് സാക്ഷ്യംവഹിക്കുന്നവനുമാകുന്നു} മനുഷ്യനറിയാം, അവന്റെ മനസ്സിലുള്ള നന്ദികേടും മുടക്കവുമെല്ലാം. അത് നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യാത്ത വിധം അവന്‍ തന്നെ സാക്ഷ്യംവഹിക്കുകയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി)

وَيُحْتَمَلُ أَنَّ الضَّمِيرَ عَائِدٌ إِلَى اللَّهِ تَعَالَى أَيْ: إِنَّ الْعَبْدَ لِرَبِّهِ لِكَنُودٌ، وَاللَّهُ شَهِيدٌ عَلَى ذَلِكَ، فَفِيهِ الْوَعِيدُ، وَالتَّهْدِيدُ الشَّدِيدُ، لِمَنْ هُوَ لِرَبِّهِ كَنُودٌ، بِأَنَّ اللَّهَ عَلَيْهِ شَهِيدٌ.

ഇവിടെ ‘അതിനവന്‍ സാക്ഷ്യംവഹിക്കുന്നവനാകുന്നു’ എന്നത് അല്ലാഹുവിനെ കുറിച്ചുമാകാം. അതായത് മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് അങ്ങേയറ്റം നന്ദികേട് കാണിക്കുന്നവനും അല്ലാഹു അതിന് സാക്ഷിയുമാകുന്നു എന്നര്‍ഥം. അല്ലാഹു സാക്ഷിയാണെന്ന അര്‍ഥം വരുമ്പോള്‍ അവനോട് നന്ദികേട് കാണിക്കുന്നവര്‍ക്ക് അതില്‍ ശക്തമായ താക്കീതും മുന്നറിയിപ്പുമുണ്ട്. (തഫ്സീറുസ്സഅ്ദി)

وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ

തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു. (ഖു൪ആന്‍:100/8)

وَإِنَّهُ أَيِ: الْإِنْسَانُ لِحُبِّ الْخَيْرِ أَيِ: الْمَالِ لَشَدِيدٌ أَيْ: كَثِيرُ الْحُبِّ لِلْمَالِ. وَحُبُّهُ لِذَلِكَ، هُوَ الَّذِي أَوْجَبَ لَهُ تَرْكَ الْحُقُوقِ الْوَاجِبَةِ عَلَيْهِ، قَدَّمَ شَهْوَةَ نَفْسِهِ عَلَى رِضَا رَبِّهِ، وَكُلُّ هَذَا لِأَنَّهُ قَصَرَ نَظَرَهُ عَلَى هَذِهِ الدَّارِ، وَغَفَلَ عَنِ الْآخِرَةِ، وَلِهَذَا قَالَ حَاثًّا لَهُ عَلَى خَوْفِ يَوْمِ الْوَعِيدِ:

{തീര്‍ച്ചയായും അവന്‍} മനുഷ്യന്‍ {ഖൈറിനോടുള്ള സ്‌നേഹം} അതായത് ധനത്തോടുള്ള സ്‌നേഹം. {കഠിനമായവനാകുന്നു} തന്റെ നിര്‍ബന്ധ ബാധ്യതകളെ ഉപേക്ഷിക്കേണ്ടി വരുന്ന വിധത്തില്‍ അവന്‍ ധനത്തെ അധികമായി സ്‌നേഹിക്കുന്നു. തന്റെ രക്ഷിതാവിന്റെ തൃപ്തിയെക്കാള്‍ അവന് പ്രധാനം സ്വന്തം താല്‍പര്യങ്ങളാണ്. ഇതെല്ലാം സംഭവിക്കുന്നത് തന്റെ ശ്രദ്ധ ഈ ലോകത്തില്‍ പരിമിതമാവുകയും പരലോകത്തെക്കുറിച്ച് അശ്രദ്ധമാവുകയും ചെയ്യുന്നതിനാലാണ്. (തഫ്സീറുസ്സഅ്ദി)

وَإِنَّهُ لِفَرْطِ حُبِّهِ لِلْمَالِ يَبْخَلُ بِهِ.

സമ്പത്തിനോടുള്ള കഠിനമായ സ്നേഹം കാരത്താൽ അവൻ അതിൽ പിശുക്ക് കാണിക്കുന്നു. (തഫ്സീർ മുഖ്തസ്വർ)

മനുഷ്യനെ സൃഷ്ടിച്ചുണ്ടാക്കി അവന് വേണ്ടുന്ന ആരോഗ്യം, ധനം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി കൊടുത്ത്, രക്ഷിച്ച് വളർത്തിപ്പോരുന്ന അവന്റെ രക്ഷിതാവാണല്ലോ അല്ലാഹു. അവനെ കുറിച്ചുള്ള ബോധമോ ഭയപ്പാടോ ഇല്ലാതെ, അവന്റെ കൽപനകള്‍ മാനിക്കാതെ, അവന്റെ മുമ്പില്‍ തലകുനിക്കാതെ, അവന്റെ അനുഗ്രഹങ്ങൾക്ക് നന്ദിയും കൂറുമില്ലാതെ കഴിഞ്ഞു കൂടുകയാണ് മനുഷ്യന്‍. അവന്‍ തന്നെ അതിന് സാക്ഷ്യവും വഹിക്കുന്നുണ്ട്. അവന്റെ സ്ഥിതിഗതികള്‍, അവന്റെ വാക്കുകള്‍, പ്രവർത്തികൾ എന്നിവയും – അവന്റെ മനസ്സാക്ഷി പോലും – അതിന് സാക്ഷിയാണ്. പരപ്രേരണകളും, സ്ഥാപിത താല്‍പര്യങ്ങളും ഒഴിച്ച് നിറുത്തി അല്‍പനേരം അവനൊന്ന് മനസ്സ് തുറന്ന് ചിന്തിച്ച് നോക്കിയാല്‍ അവന്റെ മനസ്സാക്ഷി തന്നെ അവനോടത് തുറന്ന് പറയും. അല്ലാഹുവിനോട് നന്ദി കാട്ടുന്നതിന് പകരം ഐഹിക സുഖസൗകര്യങ്ങളിലാണ് അവന്റെ ശ്രദ്ധ അവന്‍ കേന്ദ്രീകരിക്കുന്നത്. ധനമാണ് അവന്റെ ഏറ്റവും വലിയ ലക്‌ഷ്യം. അതിനായി എന്ത് മാർഗവും അവന്‍ സ്വീകരിക്കും. കിട്ടിയതെല്ലാം സ്വായത്തമാക്കും. കയ്യിലണഞ്ഞത് ചിലവാക്കാന്‍ കൂട്ടാക്കുകയില്ല. അവിടെയും നന്ദികേട് തന്നെ. (അമാനി തഫ്സീര്‍)

താക്കീതിന്റെ ദിനത്തെ അഥവാ പരലോകത്തെ ഭയപ്പെടാന്‍ പ്രേരിപ്പിക്കുന്ന  വചനങ്ങളെ കൊണ്ടാണ് അല്ലാഹു സൂറത്ത് അവസാനിപ്പിച്ചിരിക്കുന്നത്:

أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ ‎﴿٩﴾‏ وَحُصِّلَ مَا فِى ٱلصُّدُورِ ‎﴿١٠﴾‏ إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرُۢ ‎﴿١١﴾‏

എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും , ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍ , തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു. (ഖു൪ആന്‍:100/7)

أَفَلَا يَعْلَمُ هَذَا الإِنْسَانُ المُغْتَرُّ بِالحَيَاةِ الدُّنْيَا إِذَا بَعَثَ اللَّهُ مَا فِي القُبُورِ مِنَ الأَمْوَاتِ وَأَخْرَجَهُمْ مِنَ الأَرْضِ لِلْحِسَابِ وَالجَزَاءِ أَنَّ الأَمْرَ لَمْ يَكُنْ كَمَا كَانَ يَتَوَهَّمُ؟

ഐഹിക ജീവിതത്തിൽ വഞ്ചിതനായിട്ടുള്ള ഈ മനുഷ്യൻ മനസ്സിലാക്കുന്നില്ലേ; അല്ലാഹു ഖബ്റുകളിൽ കിടക്കുന്ന മരിച്ചവരെ തിരിച്ചു കൊണ്ടു വരികയും, വിചാരണക്കും പ്രതിഫലത്തിനുമായി അവരെ ഭൂമിക്കടിയിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്താൽ അവൻ ധരിച്ചു വെച്ചിരുന്നത് പോലെയായിരിക്കില്ല കാര്യമെന്ന്? (തഫ്സീർ മുഖ്തസ്വർ)

{وَحُصِّلَ مَا فِي الصُّدُورِ} أَيْ: ظَهَرَ وَبَانَ مَا فِيهَا وَ مَا اسْتَتَرَ فِي الصُّدُورِ مِنْ كَمَائِنِ الْخَيْرِ وَالشَّرِّ، فَصَارَ السِّرُّ عَلَانِيَةً، وَالْبَاطِنُ ظَاهِرًا، وَبَانَ عَلَى وُجُوهِ الْخَلْقِ نَتِيجَةُ أَعْمَالِهِمْ.

{ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടുവരപ്പെടുകയും ചെയ്താല്‍} നന്മ തിന്മകളില്‍ നിന്ന് മനുഷ്യന്‍ തന്റെ ഹൃദയങ്ങളില്‍ ഒളിപ്പിച്ചുവെച്ചത് വെളിവായി പുറത്തുവരികയും രഹസ്യം പരസ്യമാവുകയും മറഞ്ഞതെല്ലാം പ്രകടമാവുകയും മനുഷ്യന്റെ മുഖത്ത് അവന്റെ പ്രവര്‍ത്തന ഫലങ്ങള്‍ തെളിയുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)

إِنَّ رَبَّهُمْ بِهِمْ فِي ذَلِكَ اليَوْمِ لَخَبِيرٌ، لَا يَخْفَى عَلَيْهِ مِنْ أَمْرِ عِبَادِهِ شَيْءٌ، وَسَيُجَازِيهِمْ عَلَى ذَلِكَ.

തീർച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവൻ തന്നെയാകുന്നു; അവരുടെ ഒരു കാര്യവും അവന് അവ്യക്തമായിരിക്കുകയില്ല. അതിന്റെ അടിസ്ഥാനത്തിൽ തന്നെ അവർക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യും. (തഫ്സീർ മുഖ്തസ്വർ)

മരണപ്പെട്ടവരെല്ലാം ഖബ്റുകളില്‍ നിന്ന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപെടുകയും, ഒരോരുത്തന്റെയും ഹൃദയത്തില്‍ ഒളിഞ്ഞു കിടപ്പുള്ള വിചാരവികാര രഹസ്യങ്ങളെല്ലാം വെളിക്ക് കൊണ്ടുവരപ്പെടുകയും ചെയ്യുന്ന ഒരു ദിവസമുണ്ടെന്ന്‍ അവന്‍ മനസ്സിലാക്കുന്നില്ലേ? അവന്റെ ഒരൊറ്റ രഹസ്യവും അന്ന് വെളിക്ക് വരാതിരിക്കയില്ല. എല്ലാം അല്ലാഹു ശരിക്കും സൂക്ഷ്മമായും അറിയുന്നവനാണ്. ഇതവര്‍ ഓര്‍ത്തുകൊള്ളട്ടെ! (അമാനി തഫ്സീര്‍)

എല്ലാ സമയങ്ങളിലുള്ളതും അറിയുന്ന അല്ലാഹു അന്നേദിവസം എന്ന് പ്രത്യേകം പറഞ്ഞത് കര്‍മങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് തന്നെയാണ് അല്ലാഹു പ്രതിഫലം നല്‍കുന്നത് എന്ന് ബോധ്യപ്പെടുത്താനാണ്.

Leave a Reply

Your email address will not be published.

Similar Posts