സ്വര്‍ഗം നേടാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആത്മാര്‍പ്പണം ചെയ്യുന്നവര്‍ക്കെല്ലാം വലിയ പാഠങ്ങള്‍ നല്‍കുന്നതാണ് ഇബ്രാഹീം നബി عليه السلام യുടെ ജീവിതം. അതുകൊണ്ടുതന്നെയായിരിക്കണം യഥാര്‍ത്ഥ ജിഹാദിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അദ്ധേഹത്തിന്റെ പേര് വിശുദ്ധ ഖുര്‍ആൻ പ്രത്യേകം എടുത്തു പറഞ്ഞത്. അല്ലാഹു പറയുന്നു:
وَجَٰهِدُوا۟ فِى ٱللَّهِ حَقَّ جِهَادِهِۦ ۚ هُوَ ٱجْتَبَىٰكُمْ وَمَا جَعَلَ عَلَيْكُمْ فِى ٱلدِّينِ مِنْ حَرَجٍ ۚ مِّلَّةَ أَبِيكُمْ إِبْرَٰهِيمَ ۚ هُوَ سَمَّىٰكُمُ ٱلْمُسْلِمِينَ مِن قَبْلُ وَفِى هَٰذَا لِيَكُونَ ٱلرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ ۚ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱعْتَصِمُوا۟ بِٱللَّهِ هُوَ مَوْلَىٰكُمْ ۖ فَنِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ സമരം ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മാര്‍ഗമത്രെ അത്. മുമ്പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്‌ലിംകളെന്ന് പേര് നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാല്‍ നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി (ഖു൪ആന്‍: 22/78)
ആ മഹാനുഭാവന്‍ റബ്ബിന്റെ മാര്‍ഗത്തില്‍ സഹിച്ച കഠിനമായ ജീവിതാനുഭാവങ്ങളെ കുറിച്ച് ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്:”’
قَالَ ابْنُ عَبَّاسٍ: أَوَّلَ مَا اتَّخَذَ النِّسَاءُ الْمِنْطَقَ مِنْ قِبَلِ أُمِّ إِسْمَاعِيلَ، اتَّخَذَتْ مِنْطَقًا لَتُعَفِّيَ أَثَرَهَا عَلَى سَارَةَ، ثُمَّ جَاءَ بِهَا إِبْرَاهِيمُ، وَبِابْنِهَا إِسْمَاعِيلَ وَهْىَ تُرْضِعُهُ حَتَّى وَضَعَهُمَا عِنْدَ الْبَيْتِ عِنْدَ دَوْحَةٍ، فَوْقَ زَمْزَمَ فِي أَعْلَى الْمَسْجِدِ، وَلَيْسَ بِمَكَّةَ يَوْمَئِذٍ أَحَدٌ، وَلَيْسَ بِهَا مَاءٌ، فَوَضَعَهُمَا هُنَالِكَ، وَوَضَعَ عِنْدَهُمَا جِرَابًا فِيهِ تَمْرٌ وَسِقَاءً فِيهِ مَاءٌ، ثُمَّ قَفَّى إِبْرَاهِيمُ مُنْطَلِقًا فَتَبِعَتْهُ أُمُّ إِسْمَاعِيلَ فَقَالَتْ يَا إِبْرَاهِيمُ أَيْنَ تَذْهَبُ وَتَتْرُكُنَا بِهَذَا الْوَادِي الَّذِي لَيْسَ فِيهِ إِنْسٌ وَلاَ شَىْءٌ فَقَالَتْ لَهُ ذَلِكَ مِرَارًا، وَجَعَلَ لاَ يَلْتَفِتُ إِلَيْهَا فَقَالَتْ لَهُ آللَّهُ الَّذِي أَمَرَكَ بِهَذَا قَالَ نَعَمْ. قَالَتْ إِذًا لاَ يُضَيِّعُنَا.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا പറയുന്നു: ഇസ്മാഈലിന്റെ മാതാവിനെയും (ഹാജറ) മുലകുടി പ്രായത്തിലുള്ള തന്റെ മകള്‍ ഇസാമാഈലിനെയും കൊണ്ടുവന്ന് ഇബ്രാഹീം عليه السلام കഅ്ബയുടെ അടുത്ത് താമസിപ്പിച്ചു. പള്ളിയുടെ ഉപരിഭാഗത്തും സംസമിന്റെ അടുത്തുമുള്ള ഒരു വൃക്ഷത്തിന്റെ അരികിലുമായിരുന്നു അത്. അന്ന് മക്കയില്‍ ജനവാസമോ ജലമോ ഉണ്ടായിരുന്നില്ല. അവരെ അവിടെ താമസിപ്പിക്കുമ്പോള്‍ അവര്‍ക്ക് സമീപം ഒരു സഞ്ചി കാരക്കയും ഒരു തോല്‍പാത്രം വെള്ളവും വെച്ചു കൊടുത്തിരുന്നു. ശേഷം ഇബ്രാഹീം عليه السلام തിരിച്ചുപോകാനൊരുങ്ങിയപ്പോള്‍ ഇസ്മാഈലിന്റെ മാതാവ് അദ്ദേഹത്തെ പിന്തുടര്‍ന്ന് കൊണ്ട് ചോദിച്ചു: ‘ഇബ്‌റാഹീം! മനുഷ്യവാസമില്ലാത്ത ഈ താഴ്‌വരയില്‍ ഞങ്ങളെ ഉപേക്ഷിച്ച് താങ്കള്‍ എങ്ങോട്ടാണ് പോകുന്നത്?’ ഇതേ ചോദ്യം പലതവണ ആവര്‍ത്തിച്ചെങ്കിലും ഇബ്രാഹീം عليه السلام അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. ‘ഇത് അല്ലാഹുവിന്റെ കല്പനയാണോ’ എന്നു ചോദിച്ചപ്പോള്‍ ‘അതെ’ എന്ന മറുപടി ലഭിച്ചു. ‘എങ്കില്‍ അവന്‍ ഞങ്ങളെ കൈവെടിയുകയില്ല.’ അങ്ങനെ അദ്ദേഹം തിരിച്ചു പോന്നു.
ثُمَّ رَجَعَتْ، فَانْطَلَقَ إِبْرَاهِيمُ حَتَّى إِذَا كَانَ عِنْدَ الثَّنِيَّةِ حَيْثُ لاَ يَرَوْنَهُ اسْتَقْبَلَ بِوَجْهِهِ الْبَيْتَ، ثُمَّ دَعَا بِهَؤُلاَءِ الْكَلِمَاتِ وَرَفَعَ يَدَيْهِ، فَقَالَ
ഇബ്രാഹീം عليه السلام സനിയ്യയിലെത്തി. തന്നെ ആരും കാണുന്നില്ലെന്ന് കണ്ടപ്പോള്‍ കഅ്ബയിലേക്ക് മുഖം തിരിച്ച് കൈകള്‍ ഉയര്‍ത്തി ഇങ്ങനെ പ്രാര്‍ഥിച്ചു:
رَّبَّنَآ إِنِّىٓ أَسْكَنتُ مِن ذُرِّيَّتِى بِوَادٍ غَيْرِ ذِى زَرْعٍ عِندَ بَيْتِكَ ٱلْمُحَرَّمِ رَبَّنَا لِيُقِيمُوا۟ ٱلصَّلَوٰةَ فَٱجْعَلْ أَفْـِٔدَةً مِّنَ ٱلنَّاسِ تَهْوِىٓ إِلَيْهِمْ وَٱرْزُقْهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمْ يَشْكُرُونَ
ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം. (ഖു൪ആന്‍: 14/37)
وَجَعَلَتْ أُمُّ إِسْمَاعِيلَ تُرْضِعُ إِسْمَاعِيلَ، وَتَشْرَبُ مِنْ ذَلِكَ الْمَاءِ، حَتَّى إِذَا نَفِدَ مَا فِي السِّقَاءِ عَطِشَتْ وَعَطِشَ ابْنُهَا، وَجَعَلَتْ تَنْظُرُ إِلَيْهِ يَتَلَوَّى ـ أَوْ قَالَ يَتَلَبَّطُ ـ فَانْطَلَقَتْ كَرَاهِيَةَ أَنْ تَنْظُرَ إِلَيْهِ، فَوَجَدَتِ الصَّفَا أَقْرَبَ جَبَلٍ فِي الأَرْضِ يَلِيهَا، فَقَامَتْ عَلَيْهِ ثُمَّ اسْتَقْبَلَتِ الْوَادِيَ تَنْظُرُ هَلْ تَرَى أَحَدًا فَلَمْ تَرَ أَحَدًا، فَهَبَطَتْ مِنَ، الصَّفَا حَتَّى إِذَا بَلَغَتِ الْوَادِيَ رَفَعَتْ طَرَفَ دِرْعِهَا، ثُمَّ سَعَتْ سَعْىَ الإِنْسَانِ الْمَجْهُودِ، حَتَّى جَاوَزَتِ الْوَادِيَ، ثُمَّ أَتَتِ الْمَرْوَةَ، فَقَامَتْ عَلَيْهَا وَنَظَرَتْ هَلْ تَرَى أَحَدًا، فَلَمْ تَرَ أَحَدًا، فَفَعَلَتْ ذَلِكَ سَبْعَ مَرَّاتٍ ـ
ഇസ്മാഈലിന്റെ മാതാവ് ഇസ്മാഈലിന്ന് മുലയൂട്ടിയും കൂടെയുണ്ടായിരുന്ന വെള്ളം കുടിച്ചും ജീവിച്ചു. അവസാനം തോല്‍സഞ്ചിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവരും മകനും ദാഹിച്ചുവലഞ്ഞു. കുട്ടി ദാഹിച്ച് പിടയുന്നത് അവര്‍ നോക്കി നിന്നു. ആ ദയനീയമായ കാഴ്ച നോക്കി നില്‍ക്കാനാവാതെ അവര്‍ സമീപത്തുള്ള സ്വഫാ മലയെ ലക്ഷ്യമാക്കി നീങ്ങി. അതിന് മുകളില്‍ കയറി നിന്ന് താഴ്‌വാരം നിരീക്ഷിച്ചു. ആരെയെങ്കിലും കാണുന്നുണ്ടോ? അവര്‍ ആരെയും കണ്ടില്ല. ഉടനെ സ്വഫയില്‍ നിന്നിറങ്ങി താഴ്‌വരയിലെത്തിയപ്പോള്‍ കുപ്പായക്കൈ അല്‍പം പൊക്കിപിടിച്ച് പരിഭ്രമിച്ചോടുന്ന മനുഷ്യരെ പോലെ ആ താഴ്‌വര താണ്ടിക്കടന്നു. അനന്തരം മര്‍വയില്‍ കയറി ആരെയെങ്കിലും കാണുന്നുണ്ടോ എന്നു നിരീക്ഷിച്ച്‌കൊണ്ടിരുന്നു. എന്നാല്‍ ആരെയും കണ്ടില്ല. അങ്ങനെ അവര്‍ ഏഴ് പ്രാവശ്യം ഇത് ആവര്‍ത്തിച്ചു.
قَالَ ابْنُ عَبَّاسٍ قَالَ النَّبِيُّ صلى الله عليه وسلم ” فَذَلِكَ سَعْىُ النَّاسِ بَيْنَهُمَا ”.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا പറയുന്നു: നബി ﷺ പറഞ്ഞു: ‘അതിനാലാണ് ജനങ്ങള്‍ സ്വഫാ മര്‍വക്കിടയില്‍ സഅ്‌യ് നടത്തുന്നത്.’
فَلَمَّا أَشْرَفَتْ عَلَى الْمَرْوَةِ سَمِعَتْ صَوْتًا، فَقَالَتْ صَهٍ. تُرِيدَ نَفْسَهَا، ثُمَّ تَسَمَّعَتْ، فَسَمِعَتْ أَيْضًا، فَقَالَتْ قَدْ أَسْمَعْتَ، إِنْ كَانَ عِنْدَكَ غِوَاثٌ. فَإِذَا هِيَ بِالْمَلَكِ، عِنْدَ مَوْضِعِ زَمْزَمَ، فَبَحَثَ بِعَقِبِهِ ـ أَوْ قَالَ بِجَنَاحِهِ ـ حَتَّى ظَهَرَ الْمَاءُ، فَجَعَلَتْ تُحَوِّضُهُ وَتَقُولُ بِيَدِهَا هَكَذَا، وَجَعَلَتْ تَغْرِفُ مِنَ الْمَاءِ فِي سِقَائِهَا، وَهْوَ يَفُورُ بَعْدَ مَا تَغْرِفُ ـ
(ഏഴാം തവണ) അവര്‍ മര്‍വക്ക് മുകളില്‍ കയറിയപ്പോള്‍ ഒരശരീരി കേട്ടു. മൗനം പാലിക്കുക എന്ന് അവര്‍ സ്വയം പറഞ്ഞു. ശ്രദ്ധിച്ച് നിന്നപ്പോള്‍ വീണ്ടും ആ ശബ്ദം കേട്ടു. അവര്‍ പറഞ്ഞു: ‘നിന്റെ ശബ്ദം ഞാന്‍ കേട്ടിരിക്കുന്നു. നിന്റെ പക്കല്‍ വല്ല സഹായവുമുണ്ടോ?’ അപ്പോള്‍ അവര്‍ സംസമിന്റെ സ്ഥാനത്ത് ഒരു മലക്കിനെ കണ്ടു. മലക്ക് തന്റെ മടമ്പ് കൊണ്ടോ ചിറക് കൊണ്ടോ കുഴിച്ചപ്പോള്‍ വെള്ളം പ്രത്യക്ഷമായി. അന്നേരം ഹാജറ തന്റെ കൈകൊണ്ട് തട നിര്‍മിക്കാനും വെള്ളം കോരിയെടുത്ത് തന്റെ തോല്‍സഞ്ചിയില്‍ നിറക്കാനും തുടങ്ങി. വെള്ളം കോരിയെടുത്ത ശേഷവും അത് പ്രവഹിച്ചു കൊണ്ടിരുന്നു.”
قَالَ ابْنُ عَبَّاسٍ قَالَ النَّبِيُّ صلى الله عليه وسلم ” يَرْحَمُ اللَّهُ أُمَّ إِسْمَاعِيلَ لَوْ تَرَكَتْ زَمْزَمَ ـ أَوْ قَالَ لَوْ لَمْ تَغْرِفْ مِنَ الْمَاءِ ـ لَكَانَتْ زَمْزَمُ عَيْنًا مَعِينًا ”. ـ
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا പറയുന്നു: നബി ﷺ പറഞ്ഞു: ‘ഇസ്മാഈലിന്റെ മാതാവിനെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവര്‍ സംസം വെറുതെ വിടുകയോ കോരിയെടുക്കാതിരിക്കുകയോ ചെയ്തിരുന്നെങ്കില്‍ സംസം ഒരു സമൃദ്ധമായ അരുവിയായി ഒഴുകുമായിരുന്നു.’
قَالَ فَشَرِبَتْ وَأَرْضَعَتْ وَلَدَهَا، فَقَالَ لَهَا الْمَلَكُ لاَ تَخَافُوا الضَّيْعَةَ، فَإِنَّ هَا هُنَا بَيْتَ اللَّهِ، يَبْنِي هَذَا الْغُلاَمُ، وَأَبُوهُ، وَإِنَّ اللَّهَ لاَ يُضِيعُ أَهْلَهُ
അവര്‍ അതില്‍ നിന്ന് കുടിച്ചും കുഞ്ഞിനെ മുലയൂട്ടിയും കഴിഞ്ഞു. മലക്ക് അവരോട് പറഞ്ഞു: ‘ഈ കുട്ടിയും അവന്റെ പിതാവും ചേര്‍ന്ന് ഇവിടെ ഒരു ഭവനം പണിയുന്നതാണ്. അതിന്റെ സേവകരെ അല്ലാഹു കൈവെടിയുകയില്ല.’
وَكَانَ الْبَيْتُ مُرْتَفِعًا مِنَ الأَرْضِ كَالرَّابِيَةِ، تَأْتِيهِ السُّيُولُ فَتَأْخُذُ عَنْ يَمِينِهِ وَشِمَالِهِ، فَكَانَتْ كَذَلِكَ، حَتَّى مَرَّتْ بِهِمْ رُفْقَةٌ مِنْ جُرْهُمَ ـ أَوْ أَهْلُ بَيْتٍ مِنْ جُرْهُمَ ـ مُقْبِلِينَ مِنْ طَرِيقِ كَدَاءٍ فَنَزَلُوا فِي أَسْفَلِ مَكَّةَ، فَرَأَوْا طَائِرًا عَائِفًا. فَقَالُوا إِنَّ هَذَا الطَّائِرَ لَيَدُورُ عَلَى مَاءٍ، لَعَهْدُنَا بِهَذَا الْوَادِي وَمَا فِيهِ مَاءٌ، فَأَرْسَلُوا جَرِيًّا أَوْ جَرِيَّيْنِ، فَإِذَا هُمْ بِالْمَاءِ، فَرَجَعُوا فَأَخْبَرُوهُمْ بِالْمَاءِ، فَأَقْبَلُوا، قَالَ وَأُمُّ إِسْمَاعِيلَ عِنْدَ الْمَاءِ فَقَالُوا أَتَأْذَنِينَ لَنَا أَنْ نَنْزِلَ عِنْدَكِ فَقَالَتْ نَعَمْ، وَلَكِنْ لاَ حَقَّ لَكُمْ فِي الْمَاءِ. قَالُوا نَعَمْ.
അന്ന് കഅ്ബ ഒരു കുന്നു പോലെ ഉയര്‍ന്ന് നില്‍ക്കുകയായിരുന്നു. അതിന്റെ വലതും ഇടതും ഭാഗത്ത് നിന്ന് മലവെള്ളം കവര്‍ന്നെടുക്കുമായിരുന്നു. ഹാജറ ഇപ്രകാരം ജീവിച്ചുകൊണ്ടിരിക്കെ ജംറൂഹ് ഗോത്രത്തിലെ ഒരു യാത്രാസംഘം (അല്ലെങ്കില്‍ അവരിലെ ഒരു കുടുംബം)കദാഅ് വഴി കടന്നുവന്നു. മക്കയുടെ അടിഭാഗത്ത് ഇറങ്ങിയപ്പോള്‍ ഒരു പക്ഷി വട്ടമിട്ട് പറക്കുന്നത് കണ്ട് അവര്‍ പറഞ്ഞു: ‘ജലത്തിന്‍മേല്‍ വട്ടമിട്ട് പറക്കുന്ന പക്ഷിയാണിത്. വെള്ളമില്ലാത്ത താഴ്‌വര എന്നാണല്ലോ ഇതിനെക്കുറിച്ച് മുമ്പ് നാം മനസ്സിലാക്കിയിട്ടുള്ളത്.’ വെള്ളം ഉണ്ടോ എന്ന് അന്വേഷിക്കുവാനായി ഒന്നോ രണ്ടോ പേരെ അവര്‍ നിയോഗിച്ചു. അവര്‍ വെള്ളം കാണുകയും തിരിച്ച് യാത്രാ സംഘത്തെ വിവരം ധരിപ്പിക്കുകയും ചെയ്തു. അനന്തരം യാത്രാസംഘം അവിടെ എത്തിയപ്പോള്‍ ഇസ്മാഈലിന്റെ മാതാവ് വെള്ളം എടുത്ത് നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ ഇവിടെ താമസിച്ചു കൊള്ളട്ടേ എന്ന് അവര്‍ മഹതിയോട് അനുവാദം ചോദിച്ചു. അവര്‍ പറഞ്ഞു: ‘താമസിച്ചു കൊള്ളുക, എന്നാല്‍ വെള്ളത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അവകാശമൊന്നും ഉണ്ടായിരിക്കുന്നതല്ല.’ അവര്‍ സമ്മതിച്ചു.”
قَالَ ابْنُ عَبَّاسٍ قَالَ النَّبِيُّ صلى الله عليه وسلم ” فَأَلْفَى ذَلِكَ أُمَّ إِسْمَاعِيلَ، وَهْىَ تُحِبُّ الإِنْسَ ” فَنَزَلُوا وَأَرْسَلُوا إِلَى أَهْلِيهِمْ، فَنَزَلُوا مَعَهُمْ حَتَّى إِذَا كَانَ بِهَا أَهْلُ أَبْيَاتٍ مِنْهُمْ، وَشَبَّ الْغُلاَمُ، وَتَعَلَّمَ الْعَرَبِيَّةَ مِنْهُمْ، وَأَنْفَسَهُمْ وَأَعْجَبَهُمْ حِينَ شَبَّ، فَلَمَّا أَدْرَكَ زَوَّجُوهُ امْرَأَةً مِنْهُمْ، وَمَاتَتْ أُمُّ إِسْمَاعِيلَ،
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا തുടരുന്നു: നബി ﷺ പറഞ്ഞു: ‘ഇസ്മാഈലിന്റെ മാതാവ് അതൊരു മഹാഭാഗ്യമായിട്ടാണ് ദര്‍ശിച്ചത്. അവര്‍ ജനസമ്പര്‍ക്കം വളരെയേറെ ആഗ്രഹിച്ചിരുന്നു. അങ്ങനെ അവര്‍ അവിടെ താമസിച്ചു. അനന്തരമവര്‍ തങ്ങളുടെ കുടുംബമിത്രാതികളെയും വിളിച്ചു വരുത്തി അവരെയും അവിടെ പാര്‍പ്പിച്ചു. ക്രമേണ അവിടെ കുറെ കുടുംബങ്ങളുണ്ടായി. കുട്ടി യൗവനം പ്രാപിച്ചു. അവരില്‍ നിന്ന് അറബി ഭാഷ പഠിച്ച് അവര്‍ക്ക് പ്രിയപ്പെട്ടവനും വേണ്ടപ്പെട്ടവനുമായി മാറി. പ്രായപൂര്‍ത്തിയായപ്പോള്‍ അവരില്‍ നിന്നൊരു സ്ത്രീയെ വിവാഹം ചെയ്തു കൊടുത്തു. ഇസ്മാഈലിന്റെ മാതാവ് ഇഹലോകം വെടിഞ്ഞു.
فَجَاءَ إِبْرَاهِيمُ، بَعْدَ مَا تَزَوَّجَ إِسْمَاعِيلُ يُطَالِعُ تَرِكَتَهُ، فَلَمْ يَجِدْ إِسْمَاعِيلَ، فَسَأَلَ امْرَأَتَهُ عَنْهُ فَقَالَتْ خَرَجَ يَبْتَغِي لَنَا. ثُمَّ سَأَلَهَا عَنْ عَيْشِهِمْ وَهَيْئَتِهِمْ فَقَالَتْ نَحْنُ بِشَرٍّ، نَحْنُ فِي ضِيقٍ وَشِدَّةٍ. فَشَكَتْ إِلَيْهِ. قَالَ فَإِذَا جَاءَ زَوْجُكِ فَاقْرَئِي عَلَيْهِ السَّلاَمَ، وَقُولِي لَهُ يُغَيِّرْ عَتَبَةَ بَابِهِ.
ഇസാമാഈലിന്റെ വിവാഹ ശേഷം ഇബ്രാഹീം عليه السلام തന്റെ കുടുംബത്തെ അന്വേഷിച്ച് അതുവഴി വന്നു. അദ്ദേഹം ഇസാമാഈലിനെ കണ്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയോട് അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആഹാരം തേടി പോയതാണ് (മറ്റൊരു റിപ്പോര്‍ട്ടില്‍ വേട്ടക്ക് പോയതാണ്)എന്ന് മറുപടി പറഞ്ഞു. ശേഷം അവരുടെ ജീവിതത്തെയും അവസ്ഥയെയും കുറിച്ച് അവളോടന്വേഷിച്ചു. ‘ഞങ്ങളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ഞാന്‍ കഷ്ടപ്പാടിലും ഞെരുക്കത്തിലുമാണ്’ എന്നിങ്ങനെ അവള്‍ പരിവേദനം പറഞ്ഞു. ഇബ്രാഹീം عليه السلام പറഞ്ഞു: ‘നിന്റെ ഭര്‍ത്താവ് വരുമ്പോള്‍ നീ സലാം പറയുകയും അദ്ദേഹത്തിന്റെ ഉമ്മറപ്പടി മാറ്റി വെക്കാന്‍ ഉപദേശിക്കുകയും ചെയ്യുക.’
فَلَمَّا جَاءَ إِسْمَاعِيلُ، كَأَنَّهُ آنَسَ شَيْئًا، فَقَالَ هَلْ جَاءَكُمْ مِنْ أَحَدٍ قَالَتْ نَعَمْ، جَاءَنَا شَيْخٌ كَذَا وَكَذَا، فَسَأَلَنَا عَنْكَ فَأَخْبَرْتُهُ، وَسَأَلَنِي كَيْفَ عَيْشُنَا فَأَخْبَرْتُهُ أَنَّا فِي جَهْدٍ وَشِدَّةٍ. قَالَ فَهَلْ أَوْصَاكِ بِشَىْءٍ قَالَتْ نَعَمْ، أَمَرَنِي أَنْ أَقْرَأَ عَلَيْكَ السَّلاَمَ، وَيَقُولُ غَيِّرْ عَتَبَةَ بَابِكَ. قَالَ ذَاكِ أَبِي وَقَدْ أَمَرَنِي أَنْ أُفَارِقَكِ الْحَقِي بِأَهْلِكِ. فَطَلَّقَهَا، وَتَزَوَّجَ مِنْهُمْ أُخْرَى،
പിന്നീട് ഇസ്മാഈല്‍ عليه السلام വന്നപ്പോള്‍ ആരോ വന്നുപോയ ലക്ഷണം അിറഞ്ഞിട്ടെന്ന വിധം ഇവിടെ ആരെങ്കിലും വന്നിരുന്നോ എന്ന് ചോദിച്ചു. അവള്‍ മറുപടി പറഞ്ഞു: ‘അതെ, ഇന്നിന്ന രൂപത്തിലുള്ള ഒരു വൃദ്ധന്‍ വന്നിരുന്നു. അദ്ദേഹം അങ്ങയെ കുറിച്ച് ചോദിച്ചപ്പോള്‍ അതിന് മറുപടി പറഞ്ഞു. ശേഷം തങ്ങളുടെ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വളരെ പ്രയാസത്തിലും ഞെരുക്കത്തിലുമാണെന്ന് മറുപടി പറഞ്ഞു.’ അദ്ദേഹം ചോദിച്ചു: ‘അദ്ദേഹം എന്തെങ്കിലും കല്‍പിച്ചിട്ടുണ്ടോ?’അവള്‍ പറഞ്ഞു: ‘അതെ, നിങ്ങള്‍ക്ക് സലാം പറഞ്ഞിട്ടുണ്ട്.അങ്ങയുടെ ഉമ്മറപ്പടി മാറ്റാനും പറഞ്ഞിരിക്കുന്നു.’ ഇസ്മാഈല്‍ عليه السلام പറഞ്ഞു: ‘അതെന്റെ പിതാവാണ്. നീയുമായി വിട്ടുപിരിയാനാണ് അദ്ദേഹം കല്‍പിച്ചത്.’ അങ്ങനെ അവളെ വിവാഹ മോചനം ചെയ്തത് അവളുടെ കുടുംബത്തിലേക്ക് പോകാന്‍ നിര്‍ദേശിച്ചുകൊണ്ട് അവരില്‍ നിന്നു തന്നെ മറ്റൊരാളെ വിവാഹം ചെയ്തു.
فَلَبِثَ عَنْهُمْ إِبْرَاهِيمُ مَا شَاءَ اللَّهُ ثُمَّ أَتَاهُمْ بَعْدُ، فَلَمْ يَجِدْهُ، فَدَخَلَ عَلَى امْرَأَتِهِ، فَسَأَلَهَا عَنْهُ. فَقَالَتْ خَرَجَ يَبْتَغِي لَنَا. قَالَ كَيْفَ أَنْتُمْ وَسَأَلَهَا عَنْ عَيْشِهِمْ، وَهَيْئَتِهِمْ. فَقَالَتْ نَحْنُ بِخَيْرٍ وَسَعَةٍ. وَأَثْنَتْ عَلَى اللَّهِ. فَقَالَ مَا طَعَامُكُمْ قَالَتِ اللَّحْمُ. قَالَ فَمَا شَرَابُكُمْ قَالَتِ الْمَاءُ. فَقَالَ اللَّهُمَّ بَارِكْ لَهُمْ فِي اللَّحْمِ وَالْمَاءِ.
കുറെ കാലങ്ങള്‍ കഴിഞ്ഞ് ഇബ്രാഹീം عليه السلام വീണ്ടും അവരെ സന്ദര്‍ശിക്കാന്‍ വന്നു. അപ്പോഴും അദ്ദേഹം ഇസ്മാഈലിനെ കണ്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയോട് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആഹാരം തേടി പുറത്ത് പോയതാണെന്ന് അവള്‍ മറുപടി പറഞ്ഞു. ‘നിങ്ങളുടെ അവസ്ഥയെന്താണ്?’ അവരുടെ ജീവിതത്തെയും സ്ഥിതിഗതികളേയും കുറിച്ച് ഇബ്രാഹീം عليه السلام അന്വേഷിച്ചു. അവര്‍ അല്ലാഹുവിനെ സ്തുതിക്കുകയും സൗഖ്യത്തിലും ക്ഷേമത്തിലുമാണെന്ന് പറയുകയും ചെയ്തു.’നിങ്ങളുടെ ഭക്ഷണമെന്താണ്?’ മാംസമെന്ന് അവള്‍ മറുപടി പറഞ്ഞു. ‘നിങ്ങളുടെ പാനീയമോ?’ വെള്ളമെന്ന് അവര്‍ മറുപടി പറഞ്ഞു. അദ്ദേഹം പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, ഇവര്‍ക്ക് മാംസത്തിലും വെള്ളത്തിലും അനുഗ്രഹം ചൊരിയേണമേ.’
قَالَ النَّبِيُّ صلى الله عليه وسلم ” وَلَمْ يَكُنْ لَهُمْ يَوْمَئِذٍ حَبٌّ، وَلَوْ كَانَ لَهُمْ دَعَا لَهُمْ فِيهِ ”. قَالَ فَهُمَا لاَ يَخْلُو عَلَيْهِمَا أَحَدٌ بِغَيْرِ مَكَّةَ إِلاَّ لَمْ يُوَافِقَاهُ.
നബി ﷺ പറഞ്ഞു: അന്നവര്‍ക്ക് ധാന്യാഹാരം ഉണ്ടായിരുന്നില്ല. അത് ഉണ്ടായിരുന്നെങ്കില്‍ അതിലും അനുഗ്രഹത്തിന് വേണ്ടി അദ്ദേഹം പ്രാര്‍ഥിക്കുമായിരുനു. നബി ﷺ തുടര്‍ന്നു: ‘മക്കയിലല്ലാതെ മറ്റൊരിടത്തും മാംസവും വെള്ളവും മാത്രം ആശ്രയിച്ച് ഒരാള്‍ക്കും (ആരോഗ്യത്തോടെ)ജീവിക്കാന്‍ സാധ്യമല്ല.
قَالَ فَإِذَا جَاءَ زَوْجُكِ فَاقْرَئِي عَلَيْهِ السَّلاَمَ، وَمُرِيهِ يُثْبِتُ عَتَبَةَ بَابِهِ، فَلَمَّا جَاءَ إِسْمَاعِيلُ قَالَ هَلْ أَتَاكُمْ مِنْ أَحَدٍ قَالَتْ نَعَمْ أَتَانَا شَيْخٌ حَسَنُ الْهَيْئَةِ، وَأَثْنَتْ عَلَيْهِ، فَسَأَلَنِي عَنْكَ فَأَخْبَرْتُهُ، فَسَأَلَنِي كَيْفَ عَيْشُنَا فَأَخْبَرْتُهُ أَنَّا بِخَيْرٍ. قَالَ فَأَوْصَاكِ بِشَىْءٍ قَالَتْ نَعَمْ، هُوَ يَقْرَأُ عَلَيْكَ السَّلاَمَ، وَيَأْمُرُكَ أَنْ تُثْبِتَ عَتَبَةَ بَابِكَ. قَالَ ذَاكِ أَبِي، وَأَنْتِ الْعَتَبَةُ، أَمَرَنِي أَنْ أُمْسِكَكِ. ثُمَّ لَبِثَ عَنْهُمْ مَا شَاءَ اللَّهُ، ثُمَّ جَاءَ بَعْدَ ذَلِكَ، وَإِسْمَاعِيلُ يَبْرِي نَبْلاً لَهُ تَحْتَ دَوْحَةٍ قَرِيبًا مِنْ زَمْزَمَ، فَلَمَّا رَآهُ قَامَ إِلَيْهِ، فَصَنَعَا كَمَا يَصْنَعُ الْوَالِدُ بِالْوَلَدِ وَالْوَلَدُ بِالْوَالِدِ، ثُمَّ قَالَ
ഇബ്രാഹീം عليه السلام പറഞ്ഞു: ‘നിന്റെ ഭര്‍ത്താവ് വന്നാല്‍ അദ്ദേഹത്തിന് സലാം പറയുക. അദ്ദേഹത്തിന്റെ ഉമ്മറപ്പടി ഉറപ്പിച്ചു വെക്കാൻ പറയുക.’ അങ്ങനെ ഇസ്മാഈല്‍ عليه السلام തിരിച്ചെത്തിയപ്പോള്‍ ഇവിടെ ആരെങ്കിലും വന്നിരുന്നോ എന്ന് ആരാഞ്ഞു. ‘അതിസുന്ദര സ്വരൂപനായ ഒരു വൃദ്ധന്‍ ഇവിടെ വന്നിരുന്നു’ എന്ന് പറഞ്ഞ് അവരദ്ദേഹത്തെ പ്രശംസിച്ചു. ‘അദ്ദേഹം അങ്ങയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞാന്‍ വിവരങ്ങളെല്ലാം പറഞ്ഞു. നമ്മുടെ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സുഖമാണെന്ന് മറുപടി പറഞ്ഞു.’ അദ്ദേഹം എന്തെങ്കിലും ഉപദേശിച്ചിരുന്നോയെന്ന് ഇസ്മാഈല്‍ عليه السلام ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു: ‘അതെ, നിങ്ങള്‍ക്ക് സലാം പറയാനും വാതിലിന്റെ ഉമ്മറപ്പടി സ്ഥിരപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.’ ഇസ്മാഈല്‍ عليه السلام പറഞ്ഞു: ‘അതെന്റെ പിതാവാണ്. ഉമ്മറപ്പടി നീയാണ്.നിന്നെ സ്ഥിരപ്പെടുത്തണമെന്നാണ് അദ്ദേഹം എന്നോട് കല്‍പ്പിച്ചിട്ടുള്ളത്.’ കാലം കുറെ കഴിഞ്ഞ ശേഷം ഒരിക്കല്‍കൂടി ഇബ്രാഹീം عليه السلام ആഗതനായപ്പോള്‍ ഇസ്മാഈല്‍ عليه السلام സംസമിന്ന് സമീപത്തുള്ള ഒരു വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് അമ്പ് ശരിപ്പെടുത്തുകയായിരുന്നു. പിതാവിനെ കണ്ടമാത്രയില്‍ അദ്ദേഹം എഴുന്നേറ്റ് നിന്ന് പിതാവ് മകനുമായും മകന്‍ പിതാവുമായും കാണിക്കാറുള്ള ഉപചാര പ്രവര്‍ത്തനങ്ങള്‍ (ആലിംഗനവും കെട്ടിപ്പുണരലും)ചെയ്തു. ശേഷം അദ്ദേഹം പറഞ്ഞു:
يَا إِسْمَاعِيلُ، إِنَّ اللَّهَ أَمَرَنِي بِأَمْرٍ. قَالَ فَاصْنَعْ مَا أَمَرَكَ رَبُّكَ. قَالَ وَتُعِينُنِي قَالَ وَأُعِينُكَ. قَالَ فَإِنَّ اللَّهَ أَمَرَنِي أَنْ أَبْنِيَ هَا هُنَا بَيْتًا. وَأَشَارَ إِلَى أَكَمَةٍ مُرْتَفِعَةٍ عَلَى مَا حَوْلَهَا.
‘ഇസ്മാഈല്‍, അല്ലാഹു എന്നോട് ഒരു കാര്യം കല്‍പിച്ചിരിക്കുന്നു.’ മകന്‍ പറഞ്ഞു: ‘നാഥന്‍ കല്‍പിച്ചത് പ്രാവര്‍ത്തികമാക്കുക.’ പിതാവ് ചോദിച്ചു: ‘നീ എന്നെ സഹായിക്കുമോ?’ ‘ഞാന്‍ നിങ്ങളെ സഹായിക്കാം’ മകന്‍ പ്രത്യുത്തരം നല്‍കി. പിതാവ് പറഞ്ഞു: ‘ഇവിടെ ഒരു ഭവനം നിര്‍മിക്കാന്‍ അല്ലാഹു എന്നോട് കല്‍പിച്ചിരിക്കുന്നു.’ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കുന്നിലേക്ക് അദ്ദേഹം കൈചൂണ്ടി.
قَالَ فَعِنْدَ ذَلِكَ رَفَعَا الْقَوَاعِدَ مِنَ الْبَيْتِ، فَجَعَلَ إِسْمَاعِيلُ يَأْتِي بِالْحِجَارَةِ، وَإِبْرَاهِيمُ يَبْنِي، حَتَّى إِذَا ارْتَفَعَ الْبِنَاءُ جَاءَ بِهَذَا الْحَجَرِ فَوَضَعَهُ لَهُ، فَقَامَ عَلَيْهِ وَهْوَ يَبْنِي، وَإِسْمَاعِيلُ يُنَاوِلُهُ الْحِجَارَةَ، وَهُمَا يَقُولاَنِ {رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ}. قَالَ فَجَعَلاَ يَبْنِيَانِ حَتَّى يَدُورَا حَوْلَ الْبَيْتِ، وَهُمَا يَقُولاَنِ {رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ }.
അവിടെയാണ് കഅ്ബയുടെ അടിത്തറ കെട്ടിയുയര്‍ത്തിയത്. ഇസ്മാഈല്‍ عليه السلام കല്ല് കൊണ്ട് വരുകയും ഇബ്രാഹീം عليه السلام പടുത്തുയര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ കൈ എത്താത്തവിധം കെട്ടിടം ഉയര്‍ന്നപ്പോള്‍ ഇസ്മാഈല്‍ عليه السلام ഒരു കല്ല് (മക്വാമു ഇബ്‌റാഹീം) കൊണ്ട് വന്ന് കൊടുക്കുകയും ഇബ്രാഹീം عليه السلام അതിന്‍മേല്‍ കയറി നിന്ന് പണി പൂര്‍ത്തിയാക്കുകയും ചെയ്തു. ഇസ്മാഈല്‍ عليه السلام കല്ലെടുത്ത് കൊടുക്കുകയും ഇബ്രാഹീം عليه السلامപടുക്കുകയും ചെയ്യുമ്പോള്‍ അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു: ‘ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ നിന്ന് സ്വീകരിച്ചാലും. നിശ്ചയം നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണല്ലോ’. (ബുഖാരി:3364)
ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പരീക്ഷണങ്ങളില്‍ പതറാതെ മുന്നേറാന്‍ അല്ലാഹു നമ്മയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ.