ഹൃദയത്തിൽ മറയിടുന്നതിനെ ഭയക്കുക

THADHKIRAH

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَجِيبُوا۟ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَحُولُ بَيْنَ ٱلْمَرْءِ وَقَلْبِهِۦ وَأَنَّهُۥٓ إِلَيْهِ تُحْشَرُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യനും അവന്‍റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞ് കൊള്ളുക. (ഖുർആൻ:8/24)

‘മനുഷ്യന്റെയും അവന്റെ ഹൃദയത്തിന്റെയും ഇടയില്‍ അല്ലാഹു മറയിടും’ അഥവാ ‘തടസ്സം ഏര്‍പ്പെടുത്തും’. സത്യവിശ്വാസികള്‍ എല്ലായ്പ്പോഴും വളരെ ഗൗരവപൂര്‍വ്വം ഓര്‍മ്മവെക്കേണ്ടുന്ന ഒരു വിഷയമാണിത്. മനുഷ്യ മനസ്സിന് സ്ഥിരതയില്ല. പരസ്പര വിരുദ്ധങ്ങളായ മാറ്റങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും അതു വിധേയമാകും. ചിലപ്പോള്‍ അതു പെട്ടെന്നാകും. ചിലപ്പോള്‍ സാവധാനത്തിലായിരിക്കും. കാരണം ചിലപ്പോള്‍ വ്യക്തമായിരിക്കുമെങ്കില്‍, വേറെ ചിലപ്പോള്‍ തികച്ചും അജ്ഞാതമായിരിക്കും. അങ്ങനെ, നല്ലവന്‍ ചീത്തയാകുന്നു. ചീത്തയായവന്‍ നല്ലവനായി മാറുന്നു. ഭയഭക്തനും സന്മാര്‍ഗ്ഗനിഷ്ഠയുള്ളവാനുമായി അറിയപ്പെട്ടിരുന്നവന്‍ ദുഷ്ടനും തോന്നിയവാസിയുമായി മാറുന്നു. പലപ്പോഴും മറിച്ചും സംഭവിക്കുന്നു. ദീര്‍ഘകാലത്തോളം വളരെ വാശിയോടും വീറോടുംകൂടി അഭിപ്രായത്തില്‍ ഉറച്ചു നിന്ന ഒരാള്‍ പെട്ടെന്നൊരിക്കല്‍ ആ അഭിപ്രായം വലിച്ചെറിഞ്ഞ് അതിനെതിരായ മറ്റൊരഭിപ്രായക്കാരനായി മാറുന്നു. മുന്‍വിധിയോ, സ്വന്തം തീരുമാനമോ കൂടാതെത്തന്നെ ഇതെല്ലാം സംഭവിക്കുന്നു. പലപ്പോഴും ഒരാളില്‍ വന്ന മാറ്റം അവനു തന്നെ അറിയുവാന്‍ കഴിയാതെ വരുന്നു.  ചുരുക്കത്തില്‍ മനുഷ്യഹൃദയം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണുള്ളത്. അതില്‍ എന്തു മാറ്റം വരും, എന്തു വേണം, എപ്പോള്‍ വേണം, എങ്ങിനെ വേണം എന്നൊക്കെ അറിയുന്നവനും, നിശ്ചയിക്കുന്നവനും അവന്‍ തന്നെ. മനുഷ്യന്‍ അതില്‍ സ്വതന്ത്രനല്ല.

അതുകൊണ്ടുതന്നെ ഒരാളും താന്‍ സന്മാര്‍ഗ്ഗവും സത്യനിഷ്ഠയും തെറ്റി നടക്കാത്തവനാണെന്നുവെച്ച് സ്വയം വഞ്ചിതനാകുകയും, താന്‍ വഴിപിഴച്ചുപോകുകയില്ലെന്നു ധരിക്കുകയും ചെയ്തുകൂടാ. വഴിപിഴച്ചുപോകാതിരിക്കുവാന്‍ സദാ സൂക്ഷിക്കുകയും, അതിനായി അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യേണ്ടതുണ്ട്. അതേപോലെ ഒരാള്‍, താന്‍ പാപിയും ദുര്‍മ്മാര്‍ഗ്ഗിയുമാണെന്നുവെച്ചു തനിക്ക് ഇനി രക്ഷയും മോചനവുമില്ലെന്നു കരുതി നിരാശനാകുകയും ചെയ്തുകൂടാ. അവന്റെ സ്ഥിതിഗതികളില്‍ ആവുന്നത്ര മാറ്റം വരുത്തുവാന്‍ ശ്രമിക്കുന്നതോടൊപ്പം തനിക്ക് സന്മനസ്സു നല്‍കുവാന്‍ അവന്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും വേണം.

عَنْ أَنَسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُكْثِرُ أَنْ يَقُولَ ‏{يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ }‏ فَقُلْتُ يَا رَسُولَ اللَّهِ آمَنَّا بِكَ وَبِمَا جِئْتَ بِهِ فَهَلْ تَخَافُ عَلَيْنَا قَالَ ‏”‏ نَعَمْ إِنَّ الْقُلُوبَ بَيْنَ أَصْبُعَيْنِ مِنْ أَصَابِعِ اللَّهِ يُقَلِّبُهَا كَيْفَ يَشَاءُ ‏”‏ ‏.‏

അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ധാരാളമായി ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു:

يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

ഹൃദയങ്ങളെ മാറ്റം വരുത്തുന്നവനേ! എന്റെ ഹൃദയത്തെ നിന്റെ ദീനിൽ നീ ഉറപ്പിച്ചു നിറുത്തേണമേ!

അങ്ങനെ, ഞങ്ങള്‍ പറഞ്ഞു:  അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ അങ്ങയിലും, അങ്ങ് കൊണ്ടു വന്നതിലും വിശ്വസിക്കുന്നു. ഞങ്ങളെക്കുറിച്ചും അങ്ങ് (ഹൃദയ മാറ്റം സംഭവിക്കുന്നതിനെ) ഭയപ്പെടുന്നുണ്ടോ?’ തിനബി ﷺ പറഞ്ഞു: ‘അതെ, ഹൃദയങ്ങള്‍ അല്ലാഹുവിന്റെ രണ്ടുവിരലുകള്‍ക്കിടയിലാണ്. അവന്‍ അവയെ തിരിച്ചു മറിക്കുന്നു’. (തിര്‍മിദി:2140)

ഈ പ്രാര്‍ത്ഥന അധികരിപ്പിക്കുന്നതിന്റെ കാരണം എന്താണെന്ന് ഉമ്മുസലമ رَضِيَ اللَّهُ عَنْها  നബി ﷺ യോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു:

يَا أُمَّ سَلَمَةَ إِنَّهُ لَيْسَ آدَمِيٌّ إِلاَّ وَقَلْبُهُ بَيْنَ أُصْبُعَيْنِ مِنْ أَصَابِعِ اللَّهِ فَمَنْ شَاءَ أَقَامَ وَمَنْ شَاءَ أَزَاغَ

ഹേ, ഉമ്മുസലമ! നിശ്ചയമായും, അവന്റെ ഹൃദയം അല്ലാഹുവിന്റെ രണ്ട് വിരലുകൾക്കിടയിലാണ്, അതിനാൽ അവൻ ഉദ്ദേശിക്കുന്നവരെ അവൻ സ്ഥിരപ്പെടുത്തുകയും അവൻ ഉദ്ദേശിക്കുന്നവരെ അവൻ വ്യതിചലിപ്പിക്കുകയും ചെയ്യുന്നു എന്നല്ലാതെ ഒരു മനുഷ്യനില്ല. (തിര്‍മിദി:3522)

അബ്ദുല്ലാഹിബ്നു അംറ്  رَضِيَ اللهُ تَعَالَى عَنْهُ നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ നബി ﷺ ഇപ്രകാരം പ്രാര്‍ത്ഥിച്ചതായി കാണാം:

اللَّهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ

ഹൃദയങ്ങളെ കൈകാര്യം ചെയ്യുന്നവനായ അല്ലാഹുവേ! ഞങ്ങളുടെ ഹൃദയങ്ങളെ  നിന്നെ അനുസരിക്കുന്നതിലേക്ക്  നീ തിരിച്ചു വിടേണമേ! (മുസ്ലിം: 2655)

عَنِ ابْنِ عُمَرَ، قَالَ كَانَتْ يَمِينُ النَّبِيِّ صلى الله عليه وسلم ‏ “‏ لاَ وَمُقَلِّبِ الْقُلُوبِ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു:നബി ﷺ സത്യം ചെയ്തു പറയുമ്പോള്‍ لا وَمُقَلِّبِ الْقُلُوبِ (ഇല്ല, ഹൃദയങ്ങളെ തിരിച്ചു മറിക്കുന്നവന്‍ തന്നെയാണ്) എന്ന് പറയാറുണ്ടായിരുന്നു. (ബുഖാരി:6628)

വിശുദ്ധ ഖുര്‍ആനിലബടെ അല്ലാഹു പഠിപ്പിച്ചു തന്ന പ്രാര്‍ത്ഥന ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ശ്രദ്ധേയമാകുന്നു.

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ

ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു. (ഖുർആൻ:3/8)

അല്ലാഹുവിന്റെ നോട്ടം നമ്മുടെ ഹൃദയത്തിലേക്കാണ്. അതുകൊണ്ട് നമ്മുടെ ഹൃദയം അല്ലാഹുവിന്ന് തൃപ്തിപ്പെടുന്ന കാര്യങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി പരിശ്രമിക്കുക. അഥവാ അല്ലാഹു തൃപ്തിപ്പെടുന്ന കാര്യങ്ങളിൽ ഏര്‍പ്പെടുക. അല്ലാഹു തൃപ്തിപ്പെടാത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.

{وَاعْلَمُوا أَنَّ اللَّهَ يَحُولُ بَيْنَ الْمَرْءِ وَقَلْبِهِ} فَإِيَّاكُمْ أَنْ تَرُدُّوا أَمْرَ اللَّهِ أَوَّلَ مَا يَأْتِيكُمْ، فَيُحَالُ بَيْنَكُمْ وَبَيْنَهُ إِذَا أَرَدْتُمُوهُ بَعْدَ ذَلِكَ، وَتَخْتَلِفُ قُلُوبُكُمْ، فَإِنَّ اللَّهَ يَحُولُ بَيْنَ الْمَرْءِ وَقَلْبِهِ، يُقَلِّبُ الْقُلُوبَ حَيْثُ شَاءَ وَيَصْرِفُهَا أَنَّى شَاءَ.

{മനുഷ്യനും അവന്‍റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് (ഖുർആൻ:8/24)} അല്ലാഹുവിന്റെ ഒരു കൽപന ആദ്യമായി നിങ്ങൾ കേൾക്കുന്ന അവസരത്തിൽ അത് തള്ളിക്കളയുന്നതിനെ നിങ്ങൾ സൂക്ഷിക്കുക. അങ്ങനെ നിങ്ങൾ തള്ളിക്കളഞ്ഞാൽ പിന്നീട് ആ കൽപന അനുസരിക്കാൻ നിങ്ങൾ ഉദ്ദേശിച്ചാൽ പോലും നിങ്ങൾക്ക് അതിനു സാധിക്കാത്തവിധം നിങ്ങൾക്കും പ്രവർത്തിക്കുമിടയിൽ മറയിടപ്പെട്ടേക്കും. അങ്ങനെ നിങ്ങളുടെ മനസ്സുകൾക്ക് മാറ്റംവരും. അല്ലാഹു മനുഷ്യന്നും അവന്റെ മനസ്സിനുമിടയിൽ മറയിടും. അവൻ മനസ്സുകളെ അവനുദ്ദേശിക്കുന്ന രൂപത്തിൽ മാറ്റിമറിക്കുകയും തിരിച്ചു വിടുകയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി)

 

Leave a Reply

Your email address will not be published.

Similar Posts