ഹിജ്റ : ചില പാഠങ്ങൾ

THADHKIRAH

ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്കുള്ള യാത്രക്കാണ് ഭാഷയിൽ ഹിജ്റ എന്നുപറയുന്നത്. ഇസ്ലാം അനുസരിച്ച് ജീവിക്കാൻ സാധ്യമാകാത്ത പ്രദേശത്തുനിന്ന് അതിന് സ്വാതന്ത്ര്യമുള്ള പ്രദേശത്തേക്ക് മാറിപ്പോകുന്നതിനാണ് മതത്തിൽ ഹിജ്റ എന്നു പറയുന്നത്. അനിവാര്യഘട്ടത്തിൽ ഇങ്ങിനെയുള്ള താമസമാറ്റം നിർബന്ധമാണ്. അല്ലാഹുവിന്റെയടുക്കൽ വളരെ പ്രതിഫലമുണ്ട് ഹിജ്റക്ക്.

മാനവരാശിയെ വെളിച്ചത്തിലേക്ക് നയിക്കുവാന്‍ വേണ്ടി  സൃഷ്ടാവായ അല്ലാഹു നിയോഗിച്ച പ്രവാചകനായ മുഹമ്മദ് നബി ﷺ ക്കും അദ്ദേഹത്തിന്റെ അനുചരന്മാര്‍ക്കും തങ്ങള്‍ ജനിച്ചുവളര്‍ന്ന നാടും വീടും സമ്പത്തുമെല്ലാം വിട്ടേച്ചുകൊണ്ട് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. വര്‍ഷങ്ങളോളം നീണ്ട ശാരീരികവും മാനസികവുമായ പീഡനങ്ങളും ഊരുവിലക്കുമെല്ലാം സഹിച്ച ശേഷമാണ് പലായനം ചെയ്യുവാന്‍ അല്ലാഹുവിന്റെ നിര്‍ദേശമുണ്ടായത്. ഈ പാലായനമാണ് ഹിജ്റ എന്നറിയപ്പെടുന്നത്.

ഹിജ്റ കേവലമൊരു യാത്രയല്ല, പറിച്ചുനടലാണ്. മഹാത്യാഗമാണ്. പ്രിയപ്പെട്ടതും പ്രിയപ്പെട്ടവരുമായ പലതിനെയും പലരെയും വിട്ടേച്ചുകൊണ്ടുള്ള യാത്ര. ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ ആര്‍ക്കുമതിന് സാധ്യമല്ല. അതൊരു നാടുവിടലാണ്. ജോലിതേടിയോ കച്ചവടാവശ്യാര്‍ഥമോ വിവാഹാവശ്യാര്‍ഥമോ ഉള്ളതല്ല; വിശ്വാസ സംരക്ഷണാര്‍ഥമുള്ളത്. സത്യവിശ്വാസിയായി ജീവിച്ച് സല്‍കര്‍മങ്ങള്‍ ചെയ്ത് ദൈവപ്രീതി കരസ്ഥമാക്കി മരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നേടത്തേക്ക് അത് ലഭിക്കാത്ത നാട്ടില്‍നിന്നുള്ള യാത്ര. അനിവാര്യമായ ഘട്ടത്തില്‍ അവരതിന് വൈമനസ്യം കാണിച്ചില്ല. അവരുടെ മനസ്സില്‍ അല്ലാഹുവിനോടുള്ള സ്നേഹവും പരലോക രക്ഷയും മാത്രമായിരുന്നു. അതിനുവേണ്ടി ഏത് അഗ്‌നിപരീക്ഷയും നേരിടാന്‍ അവര്‍ ഒരുക്കമായിരുന്നു. മതമനുസരിച്ച് ജീവിക്കുവാന്‍ വേണ്ടി മാത്രമാണ് അവര്‍ സ്വദേശം വെടിയാന്‍ തയ്യാറായത്. അല്ലാഹുവിന്റെ കാരുണ്യത്തിലായിരുന്നു അവരുടെ പ്രതീക്ഷ. എല്ലാറ്റിലും വലുതായി അല്ലാഹുവിനെയും അവന്റെ റസൂലിനെയും കാണുന്നവര്‍ക്കേ ഈ മഹാത്യാഗത്തിന് കഴിയുകയുള്ളൂ.

إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَاجَرُوا۟ وَجَٰهَدُوا۟ فِى سَبِيلِ ٱللَّهِ أُو۟لَٰٓئِكَ يَرْجُونَ رَحْمَتَ ٱللَّهِ ۚ وَٱللَّهُ غَفُورٌ رَّحِيمٌ

വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖുര്‍ആൻ:2/218)

فَٱلَّذِينَ هَاجَرُوا۟ وَأُخْرِجُوا۟ مِن دِيَٰرِهِمْ وَأُوذُوا۟ فِى سَبِيلِى وَقَٰتَلُوا۟ وَقُتِلُوا۟ لَأُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَأُدْخِلَنَّهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ثَوَابًا مِّنْ عِندِ ٱللَّهِ ۗ وَٱللَّهُ عِندَهُۥ حُسْنُ ٱلثَّوَابِ

….. ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്റെ മാര്‍ഗത്തില്‍ മര്‍ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതിഫലമത്രെ അത്. അല്ലാഹുവിന്റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്. (ഖുര്‍ആൻ:3/195)

അംറ് ഇബ്നുല്‍ ആസ് رَضِيَ اللَّهُ عَنْهُ വിനോട് നബി ﷺപറഞ്ഞു:

أَمَا عَلِمْتَ أَنَّ الإِسْلاَمَ يَهْدِمُ مَا كَانَ قَبْلَهُ وَأَنَّ الْهِجْرَةَ تَهْدِمُ مَا كَانَ قَبْلَهَا وَأَنَّ الْحَجَّ يَهْدِمُ مَا كَانَ قَبْلَهُ

ഇസ്ലാമും ഹിജ്റയും ഹജ്ജും അവക്കുമുമ്പുള്ള പാപങ്ങളെ മായ്ച്ചുകളയുമെന്ന് നിനക്കറിയില്ലേ. (മുസ്ലിം:121)

ഹിജ്റയിലേക്ക് നയിച്ച സാഹചര്യം

നബി ﷺ യുടെ പിതൃവ്യന്‍ അബൂത്വാലിബ്‌ സത്യവിശ്വാസം സ്വീകരിച്ചില്ലെങ്കിലും ക്വുറൈശികളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനമാനവും, സ്വാധീനവും  നബി ﷺയോട് അദ്ദേഹത്തിനുണ്ടായിരുന്ന  വാല്‍സല്യവും നിമിത്തം അദ്ദേഹം നബി ﷺക്ക് സദാ ഒരു വമ്പിച്ച താങ്ങും തണലുമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ശത്രുക്കളുടെ ശത്രുതയും, വീറും വര്‍ദ്ധിച്ചു. അതോടുകൂടി മദീനായില്‍ നിന്നു ഹജ്ജിനു മക്കായില്‍ വന്നിരുന്ന കുറേ ആളുകള്‍ നബി ﷺ യില്‍ വിശ്വസിച്ചു തിരിച്ചു പോകുകയും ഉണ്ടായി. മദീനായില്‍ ഇസ്‌ലാം പ്രചരിപ്പിക്കുവാനും, അവിടെ ചെല്ലുന്ന മുസ്‌ലിംകളെ സഹായിക്കുവാനും അവര്‍ ബൈഅത്ത് (പ്രതിജ്ഞ) ചെയ്കയും ചെയ്തിരുന്നു. അങ്ങനെ മദീനായില്‍ ഇസ്‌ലാം പ്രചരിച്ചു കൊണ്ടിരിക്കുകയും മുസ്ലിംകള്‍ ക്രമേണ അവിടെ ചെന്നു അഭയം പ്രാപിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇതു ക്വുറൈശികളെ കൂടുതല്‍ ക്ഷുഭിതരാക്കി.

മദീനായില്‍ നിന്നു ഹജ്ജിനു മക്കയില്‍ വന്നിരുന്ന കുറേ ആളുകളിലൂടെ മദീനായില്‍  ഇസ്‌ലാം പ്രചരിച്ചു കൊണ്ടിരിക്കുന്നതും മുസ്ലിംകള്‍ ക്രമേണ അവിടെ ചെന്നു അഭയം പ്രാപിച്ചുകൊണ്ടിരിക്കുന്നതും ക്വുറൈശികളെ കൂടുതല്‍ ക്ഷുഭിതരാക്കി. മേലില്‍ മുഹമ്മദിനെ ഇങ്ങിനെ വിട്ടാല്‍, തങ്ങളുടെ ഭാവി അപകടത്തിലാണെന്നു അവര്‍ കണ്ടു. ഒരു അവസാന തീരുമാനമേടുക്കുവാന്‍ തങ്ങളുടെ കാര്യാലോചനാ മന്ദിരമായ ദാറുന്നദ്’വയില്‍ ക്വുറൈശീ നേതാക്കള്‍ ഒരു യോഗം ചേര്‍ന്നു.  മുഹമ്മദിനെ എന്തു ചെയ്യണമെന്നാണു യോഗത്തിന്റെ ആലോചനാ വിഷയം. മരണംവരെ അവനെ ബന്ധനത്തിലാക്കുക എന്നായിരുന്നു അഭിപ്രായം. അങ്ങിനെ ചെയ്‌താല്‍, അവന്റെ ആള്‍ക്കാര്‍ ക്രമേണ സംഘടിച്ചു കൊണ്ടു അവനെ രക്ഷപ്പെടുത്തിയേക്കാമെന്നു പറഞ്ഞു ഈ ഒരഭിപ്രായം തള്ളപ്പെട്ടു. അവനെ രാജ്യത്തുനിന്നു ബഹിഷ്കരിക്കുന്നപക്ഷം, നമുക്കു അവനെക്കൊണ്ടുള്ള ശല്യത്തില്‍നിന്നു മോചനം ലഭിക്കുമെന്നായിരുന്നു മറ്റൊരഭിപ്രായം. അങ്ങിനെ ചെയ്‌താല്‍, തന്റെ സംസാരമാധുര്യവും, ജനങ്ങളെ വശീകരിക്കുവാനുള്ള സാമര്‍ത്ഥ്യം കാരണം വിദേശങ്ങളില്‍ അവന്റെ മതം പ്രചരിക്കുവാന്‍ ഇടവരും. അങ്ങനെ കൂടുതല്‍ ജനസ്വാധീനം നേടി അവന്‍ നമ്മെ ആക്രമിക്കും എന്നിങ്ങിനെയുള്ള ന്യായത്തില്‍ ആ ആഭിപ്രായവും തള്ളപ്പെട്ടു. അവസാനത്തെ അഭിപ്രായം – ഇതിന്റെ അവതാരകന്‍ അബൂജഹ്ലായിരുന്നു – ഇതായിരുന്നു: എല്ലാ ഗോത്രത്തില്‍നിന്നും കരുത്തനായ ഓരോ യുവാവിനെ തിരഞ്ഞെടുത്ത് അവരെല്ലാവരുംകൂടി ഒപ്പം മുഹമ്മദിനെ വെട്ടിക്കൊല്ലുക. ഇങ്ങിനെ ചെയ്‌താല്‍, അവനെക്കൊണ്ടുള്ള ശല്യം തീരുന്നതിനു പുറമെ, എല്ലാ ഗോത്രക്കാരോടും ഒന്നിച്ച് പ്രതികാര നടപടിക്കൊരുങ്ങുവാന്‍ അവന്റെ കുടുംബത്തിനു കഴിയാതെ വരുകയും ചെയ്യും. അതല്ല, പതിവുപ്രകാരം തെണ്ടം വാങ്ങി, പ്രതിക്രിയ ചെയ്യാതെ അവര്‍ തൃപ്തിപ്പെടുകയാണെങ്കില്‍ അതു നമുക്കു എല്ലാവര്‍ക്കും ചേര്‍ന്നുകൊടുത്തു തീര്‍ക്കുകയും ചെയ്യാമല്ലോ. ഈ അഭിപ്രായം സര്‍വ്വസമ്മതമായി അംഗീകരിക്കപ്പെട്ടു. ഒരു രാത്രി നബി ﷺയുടെ വീടു വളഞ്ഞ് നബി ﷺ പുറത്തിറങ്ങുന്ന തക്കം നോക്കി പെട്ടന്നു ആ കൃത്യം നടപ്പില്‍ വരുത്തുവാനായിരുന്നു പരിപാടി.

ജിബ്‌രീല്‍  عليه السلام മുഖേന അല്ലാഹു നബി ﷺക്കു ഈ വിവരം അറിയിക്കുകയും, ഹിജ്ര പോയിക്കൊള്ളുവാന്‍ അനുവാദം നല്‍കുകയും ചെയ്തു. അന്നു രാത്രി, നബി ﷺ സാധാരണ കിടക്കാറുള്ള സ്ഥാനത്ത് അവിടുന്ന് ഉപയോഗിക്കാറുള്ള പുതപ്പും ധരിച്ച് അലി  رَضِيَ اللهُ تَعَالَى عَنْهُ  കിടക്കുവാന്‍ ഏര്‍പ്പാടു ചെയ്തുകൊണ്ടു നബി ﷺ പുറത്തിറങ്ങി  വീടുവളഞ്ഞ ശത്രുക്കളുടെ ഇടയില്‍ കൂടി അവരറിയാതെ സ്ഥലം വിട്ടു. തന്റെ വീടിന്റെ മുമ്പിലിരിക്കുന്ന ആളുകള്‍ക്ക് നേരെ ഒരുപിടി മണ്ണ് വാരി എറിഞ്ഞുകൊണ്ടാണ് നബി ﷺ പുറപ്പെടുന്നത്. നേരെ അബൂബക്കര്‍  رَضِيَ اللهُ تَعَالَى عَنْهُ  ന്റെ വീട്ടില്‍ ചെന്നു. മുന്‍കൂട്ടി ഒരുക്കി നിറുത്തിയിരുന്ന വാഹനത്തില്‍ ഏറിക്കൊണ്ടു രണ്ടുപേരും ഥൌര്‍ ഗുഹയില്‍ പോയി ഒളിച്ചിരുന്നു. നേരം പുലര്‍ന്നപ്പോഴാണു ശത്രുക്കള്‍ക്കു തങ്ങളുടെ അമളി മനസ്സിലായത്. അവര്‍ നാലുപാടും ഓടി. വിളിയും തെളിയുമായി. കൂട്ടത്തില്‍ ആ ഗുഹാമുഖത്തും എത്തി. പക്ഷേ, ഗുഹാമുഖത്തു എട്ടുകാലി വളകെട്ടിയിരുന്നതു കണ്ടപ്പോള്‍, അതില്‍ ആരുമില്ലെന്നു സമാധാനിച്ച് അവര്‍ വിട്ടുപോകുകയാണു ചെയ്തത്. മൂന്നാം ദിവസം ഒരു വഴികാട്ടിയോടൊപ്പം നബി ﷺ യും, അബൂബക്കര്‍ رَضِيَ اللهُ عَنْهُ വും മദീനായിലേക്കു യാത്ര തുടരുകയും ചെയ്തു. ഇതിനെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

وَإِذْ يَمْكُرُ بِكَ ٱلَّذِينَ كَفَرُوا۟ لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ

നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍. (ഖു൪ആന്‍:8/30)

ഹിജ്റ നൽകുന്ന പാഠങ്ങൾ

നിയ്യത്ത്

عَنْ أَمِيرِ الْمُؤْمِنِينَ أَبِي حَفْصٍ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إلَى اللَّهِ وَرَسُولِهِ فَهِجْرَتُهُ إلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَوْ امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إلَى مَا هَاجَرَ إلَيْهِ

വിശ്വാസികളുടെ നേതാവായ അബൂഹഫ്സ ഉമറുബ്നു ഖത്താബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം പറയുന്നു: നബി ﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: നിയത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കർമ്മങ്ങൾ പരിഗണിക്കപ്പെടുക. ഓരോ വ്യക്തിക്കും അവനവന്റെ നിയ്യത്ത് അനുസരിച്ച് ലഭിക്കും. വല്ലവനും അല്ലാഹുവിലേക്കും അവൻറെ ദൂതനിലേക്കും ഹിജ്റ ചെയ്യുന്നുവെങ്കിൽ അവൻറെ ഹിജ്റ അല്ലാഹുവിലേക്കും അവൻറെ ദൂതനിലേക്കും ആയിരിക്കും. പ്രത്യുത, വല്ലവന്റേയും ഹിജ്റ ഐഹിക നേട്ടങ്ങൾക്ക് വേണ്ടിയോ ഒരു സ്ത്രീയെ വിവാഹം ചെയ്യാൻ വേണ്ടിയോ ആണെങ്കിൽ അയാൾക്ക് അത് മാത്രമായിരിക്കും ലഭിക്കുക. (ബുഖാരി: 1 – മുസ്‌ലിം: 1907)

ആദര്‍ശത്തിന് ഒരു ആസ്ഥാനം വേണം

നബി ﷺ ക്കും അനുയായികള്‍ക്കുമുള്ള ഏറ്റവും നല്ല സ്ഥലം തന്നെയായിരുന്നു മദീന. ഇസ്‌ലാമിക പ്രബോധനത്തിന്റെ കേന്ദ്രമായും താവളമായും സ്വീകരിക്കുവാനും ഇസ്‌ലാമിനെ ശക്തിപ്പെടുത്തുവാനും ശേഷം ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് ഇസ്‌ലാമിനെ പ്രചരിപ്പിക്കുവാനും ഒരു ഉത്തമ സ്ഥാനം തന്നെയായിരുന്നു അത്.

അമാനത്ത് പാലിക്കുന്നതിന്റെ പ്രാധാന്യം

ഒരാള്‍ മറ്റൊരാളെ വിശ്വാസപൂര്‍വ്വം ഏല്‍പിക്കുകയും, ആ ആള്‍ ഏറ്റെടുക്കുകയും ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും, വസ്തുക്കള്‍ക്കും ‘അമാനത്ത്’ എന്ന് പറയപ്പെടുന്നു. അമാനത്തുകള്‍ നിര്‍വഹിക്കേണ്ടുന്നതിന്റെ ഗൗരവവും പ്രധാന്യവും ഹിജ്റയുടെ പാഠങ്ങളിൽ പെട്ടതാണ്. നബി ﷺയെ വിശ്വസ്തനായി ആളുകൾ കണ്ടിരുന്നതിനാൽ അവരുടെ വിലപിടിപ്പുള്ള പല മുതലുകളും സൂക്ഷിക്കാൻ നബി ﷺയെ ഏല്‍പ്പിച്ചിരുന്നു. അവയെല്ലാം ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കാനുള്ള ഏർപ്പാട് ചെയ്തശേഷമായിരുന്നു നബി ﷺ ഹിജ്റ ചെയ്തത്.

അല്ലാഹുവിന്റെ സഹായം

മദീനായില്‍ നിന്നു ഹജ്ജിനു മക്കായില്‍ വന്നിരുന്ന കുറേ ആളുകളിലൂടെ മദീനായില്‍  ഇസ്‌ലാം പ്രചരിച്ചു കൊണ്ടിരിക്കുന്നതും മുസ്ലിംകള്‍ ക്രമേണ അവിടെ ചെന്നു അഭയം പ്രാപിച്ചുകൊണ്ടിരിക്കുന്നതും ക്വുറൈശികളെ കൂടുതല്‍ ക്ഷുഭിതരാക്കി. മേലില്‍ മുഹമ്മദിനെ ഇങ്ങിനെ വിട്ടാല്‍, തങ്ങളുടെ ഭാവി അപകടത്തിലാണെന്നു അവര്‍ കണ്ടു. അങ്ങനെ നബി ﷺ യെ ബന്ധനത്തിലാക്കാനും നാട്ടിൽ നിന്ന് പുറത്താക്കാനും കൊലപ്പെടുത്താനുമൊക്കെ തീരുമാനിച്ചിരുന്നല്ലോ. ഒരു രാത്രി നബി ﷺയുടെ വീടു വളഞ്ഞ് നബി ﷺ പുറത്തിറങ്ങുന്ന തക്കം നോക്കി പെട്ടന്നു ആ കൃത്യം നടപ്പില്‍ വരുത്തുവാനായിരുന്നു പരിപാടി. അതിൽ നിന്നും അല്ലാഹു രക്ഷപെടുത്തി.

وَإِذْ يَمْكُرُ بِكَ ٱلَّذِينَ كَفَرُوا۟ لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ

നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍. (ഖു൪ആന്‍:8/30)

ഈമാനും തവക്കുലും

അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും അവനിലുള്ള ആത്മാര്‍ഥമായ ഭരമേല്‍പിക്കലിന്റെയും ഉദാത്തമായ മാതൃകകള്‍ ഏറെ ഹിജ്‌റയുടെ ചരിത്രത്തില്‍ കാണാം. മദീനയിലേക്കുള്ള ഹിജ്റയിൽ നബി ﷺ യുടെ കൂടെ പോവാന്‍ അവസരം ലഭിച്ചത് അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ വിനായിരുന്നു. ശത്രുക്കള്‍ ഒന്നടങ്കം നബി ﷺ യെ അകപ്പെടുത്താനും നശിപ്പിക്കാനും ഒരുങ്ങിയ ഘട്ടത്തിൽ അവരിരുവരും രാത്രിയില്‍ പുറപ്പെട്ട്‌ ഥൗര്‍ മലയിലെ ഗുഹയില്‍ പോയി ഒളിച്ചിരുന്നു. ഈ സന്ദ൪ഭത്തില്‍ അവരെ തേടിനടക്കുന്ന ശത്രുക്കള്‍ ഗുഹാമുഖത്ത്‌ എത്തുന്നു. ഗുഹയില്‍നിന്ന് ശത്രുവിന്റെ കാല്‍ ഗുഹാമുഖത്ത് ഇരുവരും കാണുന്നുണ്ട്! ഈ രംഗം വിശുദ്ധ ഖുർആൻ വിവരിക്കുന്നത് കാണുക:

إِلَّا تَنصُرُوهُ فَقَدْ نَصَرَهُ ٱللَّهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُوا۟ ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَٰحِبِهِۦ لَا تَحْزَنْ إِنَّ ٱللَّهَ مَعَنَا ۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا۟ ٱلسُّفْلَىٰ ۗ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا ۗ وَٱللَّهُ عَزِيزٌ حَكِيمٌ

നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍, സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്റെ കൂട്ടുകാരനോട്‌, ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.(ഖു൪ആന്‍:9/40)

حَدَّثَنَا أَنَسٌ، قَالَ حَدَّثَنِي أَبُو بَكْرٍ ـ رضى الله عنه ـ قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي الْغَارِ، فَرَأَيْتُ آثَارَ الْمُشْرِكِينَ قُلْتُ يَا رَسُولَ اللَّهِ، لَوْ أَنَّ أَحَدَهُمْ رَفَعَ قَدَمَهُ رَآنَا‏.‏ قَالَ ‏ :‏ مَا ظَنُّكَ بِاثْنَيْنِ اللَّهُ ثَالِثُهُمَا ‏‏

അബൂബക്കർ رَضِيَ اللَّهُ عَنْهُ തന്നോട്‌ ഇപ്രകാരം പറഞ്ഞതായി അനസ്‌ رَضِيَ اللَّهُ عَنْهُ ഉദ്ധരിക്കുന്നു: ഞങ്ങള്‍ ഗുഹയിലായിരുന്നപ്പോള്‍ ഞാന്‍ നബി ﷺ യോട് പറഞ്ഞു: അവരില്‍ (ശത്രുക്കളില്‍) ആരെങ്കിലും അവരുടെ കാലടിക്കു താഴോട്ടു നോക്കിയാല്‍ നമ്മെ കാണുമല്ലോ. അപ്പോള്‍ നബി ﷺ പറഞ്ഞു: അബൂബക്കറേ, അല്ലാഹു മൂന്നാമനായിക്കൊണ്ടുള്ള രണ്ടുപേരെപ്പറ്റി താങ്കളുടെ വിചാരമെന്താണ്‌? (ബുഖാരി:4663)

തവക്കുൽ ചെയ്തവൻ ചെയ്യാനുള്ളത് ചെയ്യണം

അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത് (ഭരമേല്‍പിച്ച്) ജീവിക്കുന്നവന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തിട്ടായിരിക്കണം ഭരമേല്‍പിക്കേണ്ടത് എന്ന ഒരു സന്ദേശം ഇതില്‍നിന്ന് നമുക്ക് ലഭിക്കുന്നുണ്ട്. നബി ﷺ ഹിജ്‌റക്ക് ഒരുങ്ങുന്നതിന് മുമ്പേ ആവശ്യമായ ഓരോന്നും തയ്യാറാക്കിയിരുന്നു. യാത്രക്കാവശ്യമായ വാഹനങ്ങളും സാധനങ്ങളും തയ്യാറാക്കി. ശത്രുക്കളിൽ നിന്നും രക്ഷ പെടുന്നതിനുള്ള മാര്‍ഗങ്ങൾ സ്വീകരിച്ചു. വഴി കാണിച്ചു തരുവാന്‍ വേണ്ടിയും  അവര്‍ നടക്കുന്ന വഴികളിലൂടെ കാല്‍പാദ അടയാളങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയും ആളെ ഏര്‍പ്പാട് ചെയ്തു.

ആദര്‍ശത്തിന് വേണ്ടി എന്തും ത്യജിക്കും

എല്ലാം ദീനിന് വേണ്ടി ത്യജിച്ച് ആദർശ സംരക്ഷണാർത്ഥം നാടുവിടാൻ ഒരുങ്ങിയ സത്യവിശ്വാസികൾക്ക് നേരിടേണ്ടി വന്ന കഷ്ടതകൾ കുറച്ചൊന്നുമായിരുന്നില്ല.ആദ്യമായി ഹിജ്റ പുറപ്പെട്ട അബൂസൽമ رَضِيَ اللَّهُ عَنْهُ വിനേയും ഭാര്യ  ഉമ്മുസൽമ رَضِيَ اللَّهُ عَنْها യേയും മകനേയും വഴിയിൽ ശത്രുക്കൾ തടയുകയും ഭാര്യയേയും കുഞ്ഞിനേയും രണ്ട് സ്ഥലത്തായി തടഞ്ഞുവെച്ചുകൊണ്ട് അബൂസൽമ رَضِيَ اللَّهُ عَنْهُ വിനെ മാത്രം പോകാൻ അനുവദിച്ചു. ഉമ്മുസൽമ رَضِيَ اللَّهُ عَنْها ഭർത്താവിൽ നിന്നും പിഞ്ചു മകനിൽ നിന്നും വേർ പിരിയേണ്ടിവന്ന ദു:ഖഭാരത്താൽ തന്നെ പാർപ്പിച്ച തടവറയുടെ (വീടിൻറ) മുററത്ത് അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് മദീനയുടെ വഴിയിലേക്ക് നോക്കി കരഞ്ഞു കൊണ്ട് കഴിഞ്ഞു കൂടി. ഈ അവസ്ഥയിൽ നീണ്ട മാസങ്ങൾ കഴിച്ചുകൂട്ടി. ഏകദേശം ഒരു കൊല്ലം പിന്നിട്ട ശേഷം അതുവഴി കടന്നുവന്ന അബൂസൽമ رَضِيَ اللَّهُ عَنْهُ വിന്റെ കുടുംബത്തിൽ പെട്ട, തന്നെ തടഞ്ഞുവെച്ചവരിൽ ഒരാൾക്ക് അവരുടെ അവസ്ഥയിൽ അലിവ് തോന്നി അവരെ യഥ്രിബിലേക്ക് പറഞ്ഞയക്കാൻ കൂട്ടാളികളോട് ആവശ്യപ്പെട്ടു. അങ്ങിനെ അവർക്ക്  മകനെ തിരിച്ചുകൊടുത്ത് ഇറക്കിവിട്ടു. അങ്ങനെ അവര്‍ മദീനയിലേക്ക് പുറപ്പെട്ടു.

ഹിജ്റയുടെ പേരിൽ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്ന സുഹൈബ്  رضي الله عنه  വിനെ മക്കക്കാർ തടഞ്ഞുകൊണ്ട്, റോമിൽ നിന്നും അഭയാർത്ഥിയായി എത്തിയ നീ ഞങ്ങളുടെ ദേശത്ത് വന്ന് സമ്പാദിച്ച സമ്പത്തുമായി നിന്നെ ഞങ്ങൾ പോകാൻ അനുവദിക്കില്ല എന്നു പറഞ്ഞ് തടഞ്ഞു. അദ്ദേഹത്തിന് കൂടുതൽ ആലോചിക്കാനുണ്ടായിരുന്നില്ല, നിങ്ങൾക്ക് എന്റെ സമ്പത്ത് അല്ലേ ആവശ്യം; എന്നു പറഞ്ഞ് ദീർഘകാലത്തെ തൻറ സമ്പാദ്യം മുഴുവനും നൽകിക്കൊണ്ട് തന്റെ ആദർശവുമായി മദീനയിലേക്ക് നീങ്ങി.

വ്യത്യസ്ത രൂപത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് ശത്രുക്കൾ മുസ്‌ലിംകളെ വിധേയരാക്കി. ഇസ്‌ലാമില്‍ നിന്നും അവരെ തടയുവാന്‍ വേണ്ടിയായിരുന്നു അത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍, തങ്ങളുടെ രാജ്യമോ സമ്പത്തോ ശരീരമോ അവര്‍ക്ക് ഒന്നുമായിരുന്നില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വേണ്ടിവന്നാല്‍ മരണം വരിക്കാനും അവര്‍ തയ്യാറായിരുന്നു.

عَنْ خَبَّابٌ ـ رضى الله عنه ـ قَالَ هَاجَرْنَا مَعَ النَّبِيِّ صلى الله عليه وسلم نَلْتَمِسُ وَجْهَ اللَّهِ، فَوَقَعَ أَجْرُنَا عَلَى اللَّهِ، فَمِنَّا مَنْ مَاتَ لَمْ يَأْكُلْ مِنْ أَجْرِهِ شَيْئًا مِنْهُمْ مُصْعَبُ بْنُ عُمَيْرٍ، وَمِنَّا مَنْ أَيْنَعَتْ لَهُ ثَمَرَتُهُ فَهُوَ يَهْدِبُهَا‏.‏ قُتِلَ يَوْمَ أُحُدٍ، فَلَمْ نَجِدْ مَا نُكَفِّنُهُ إِلاَّ بُرْدَةً إِذَا غَطَّيْنَا بِهَا رَأْسَهُ خَرَجَتْ رِجْلاَهُ، وَإِذَا غَطَّيْنَا رِجْلَيْهِ خَرَجَ رَأْسُهُ، فَأَمَرَنَا النَّبِيُّ صلى الله عليه وسلم أَنْ نُغَطِّيَ رَأْسَهُ، وَأَنْ نَجْعَلَ عَلَى رِجْلَيْهِ مِنَ الإِذْخِرِ‏.‏

ഖബ്ബാബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ട് ഞങ്ങൾ നബി ﷺ യുടെ കൂടെ ഹിജ്റ ചെയ്തു. അങ്ങനെ ഞങ്ങൾക്കതിന്റെ പ്രതിഫലം അല്ലാഹുവിങ്കൽ സ്ഥിരപ്പെട്ടു. ഇഹലോകത്ത് വെച്ച് യാതൊന്നും അനുഭവിക്കാൻ കഴിയാതെ മരിച്ചുപോയവർ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. മിസ്അബ് ഇബ്നു ഉമൈർ رَضِيَ اللَّهُ عَنْهُ അക്കൂട്ടത്തിൽ പെടുന്നു. ഉഹ്ദ് യുദ്ധത്തിലാണ് അദ്ദേഹം രക്തസാക്ഷിയായത്. ഒരു പുള്ളിപുതപ്പ് മാത്രമാണ് അദ്ദേഹം ഉപേക്ഷിച്ച് പോയത്. ഞങ്ങൾ അതുകൊണ്ട് അദ്ദേഹത്തിന്റെ തലമൂടുമ്പോൾ കാലുകളും കാലുകൾ മൂടുമ്പോൾ, തലയും പുറത്ത് കാണുമായിരുന്നു. അങ്ങനെ പ്രവാചകന്റെ കൽപന പ്രകാരം, ആ പുതപ്പ് കൊണ്ട് തല മൂടുകയും കാലുകൾ ചണപ്പുല്ലു കൊണ്ട് മറക്കുകയുമാണുണ്ടായത്. (ബുഖാരി: 1276)

നല്ല കൂട്ടുകെട്ട്

മദീനയിലേക്കുള്ള ഹിജ്റയിൽ നബി ﷺ യുടെ കൂടെ പോവാന്‍ അവസരം ലഭിച്ചത് അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ വിനായിരുന്നു. ഹിജ്റയെ സംബന്ധിച്ചു പരിശുദ്ധ ഖുര്‍ആന്‍ വിവരിച്ചപ്പോള്‍ അബൂബക്കർ رَضِيَ اللَّهُ عَنْهُ വിനെക്കുറിച്ച് വിശേഷിപ്പിച്ചത് നബി ﷺ യുടെ സാഹിബ് (സഹചരന്‍) എന്നായിരുന്നു. നബി ﷺ യും സ്വഹാബികളും മദീനയില്‍ കഴിയുമ്പോഴും അബൂബക്കർ رَضِيَ اللَّهُ عَنْهُ നബി ﷺ ക്ക് താങ്ങും തണലുമായി നിലകൊണ്ടു. യുദ്ധത്തിലും സന്ധിയിലും സമാധാനത്തിലുമെല്ലാം ഒന്നുപോലെ!

ഇസ്ലാമിക കലണ്ടറിന്റെ ഉൽഭവം

ഇസ്മാമിൽ വർഷങ്ങളും മാസങ്ങളും കണക്കാക്കുന്നത് ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയാണ്. അത് ഒരു കലണ്ടർ എന്ന നിലക്ക് തുടങ്ങിയത് ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ കാലത്തായിരുന്നു. അതായത് ഹിജ്റയെ അടിസ്ഥാനമാക്കി ഇസ്ലാമിക കലണ്ടർ ആരംഭിച്ചത് ഉമർ رَضِيَ اللَّهُ عَنْهُ ആയിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് അദ്ദേഹം അമീറായി നിയോഗിച്ചിരുന്ന അബൂ മൂസല്‍ അശ്അരി رَضِيَ اللَّهُ عَنْهُ ഉമര്‍ رَضِيَ اللَّهُ عَنْهُ വിന് എഴുതി: ‘തിയ്യതി രേഖപ്പെടുത്താത്ത ധാരാളം എഴുത്തുകള്‍ ഞങ്ങള്‍ക്ക് വന്നെത്തുന്നു. അവയില്‍ ഏതാണ് ആദ്യത്തെത്, ഏതാണ് പിന്നീട് അയച്ചത് എന്ന് ഞങ്ങള്‍ക്കറിയുവാന്‍ കഴിയുന്നില്ല. ഈ സന്ദര്‍ഭത്തില്‍ ഉമര്‍ رَضِيَ اللَّهُ عَنْهُ ജനങ്ങളെ ഒരുമിച്ചുകൂട്ടി എന്തിനെ മാനദണ്ഡമാക്കിയാണ് കലണ്ടര്‍ തീരുമാനിക്കുക എന്ന് ചര്‍ച്ച ചെയ്തു. നബി ﷺ യുടെ ജന്മദിനത്തെ ആധാരമാക്കാം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഹിജ്‌റയെ മാനദണ്ഡമാക്കാം എന്നു മറ്റു ചിലര്‍ പറഞ്ഞു. അപ്പോള്‍ ഉമര്‍ പറഞ്ഞു. ‘ഹിജ്‌റ സത്യത്തെയും നീതിയെയും വേര്‍തിരിച്ച ചരിത്രപ്രാധാന്യമുള്ള സംഭവമാണത്. അതിനാല്‍ അതനുസരിച്ച് കലണ്ടര്‍ തയ്യാറാക്കാം’ അത് ഹിജ്‌റ പതിനേഴാം വര്‍ഷമായിരുന്നു. സഹാബികള്‍ പ്രസ്തുത അഭിപ്രായത്തില്‍ ഐകകണ്‌ഠ്യേന തീരുമാനമെടുക്കുകയുണ്ടായി.

ഹിജ്‌റ അടിസ്ഥാനമാക്കി കലണ്ടര്‍ നിശ്ചയിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ ഏത് മാസം കൊണ്ടാണ് വര്‍ഷമാരംഭിക്കുക എന്ന ചര്‍ച്ച വരുകയുണ്ടായി. അവസാനം മുഹര്‍റം മുതല്‍ തുടങ്ങാം എന്നവർ തീരുമാനിച്ചു.

മക്കയുടെ പവിത്രത

عَنْ عَبْدِ اللَّهِ بْنِ عَدِيِّ بْنِ حَمْرَاءَ الزُّهْرِيِّ، قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم وَاقِفًا عَلَى الْحَزْوَرَةِ فَقَالَ ‏ “‏ وَاللَّهِ إِنَّكِ لَخَيْرُ أَرْضِ اللَّهِ وَأَحَبُّ أَرْضِ اللَّهِ إِلَى اللَّهِ وَلَوْلاَ أَنِّي أُخْرِجْتُ مِنْكِ مَا خَرَجْتُ ‏”‏ ‏.

അബ്ദുല്ലാഹിബ്‌നു അദിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ഹസൂറയില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവാണെ, തീര്‍ച്ചയായും അല്ലാഹുവിന്റെ ഭൂമിയില്‍ നല്ലത് നീയാണ്. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് നീയാണ്. നിന്നില്‍നിന്ന് എന്നെ പുറത്താക്കിയിട്ടില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പുറത്ത് പോകുമായിരുന്നില്ല’. (തിര്‍മിദി: 3925)

അനിവാര്യ സാഹചര്യത്തിൽ ഹിജ്റക്കുള്ള പ്രാധാന്യം

‏ إِنَّ ٱلَّذِينَ تَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ ظَالِمِىٓ أَنفُسِهِمْ قَالُوا۟ فِيمَ كُنتُمْ ۖ قَالُوا۟ كُنَّا مُسْتَضْعَفِينَ فِى ٱلْأَرْضِ ۚ قَالُوٓا۟ أَلَمْ تَكُنْ أَرْضُ ٱللَّهِ وَٰسِعَةً فَتُهَاجِرُوا۟ فِيهَا ۚ فَأُو۟لَٰٓئِكَ مَأْوَىٰهُمْ جَهَنَّمُ ۖ وَسَآءَتْ مَصِيرً

അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്‌) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം! (ഖു൪ആന്‍ :4/97)

عَنِ ابْنِ عَبَّاسٍ، أَنَّ نَاسًا مِنَ الْمُسْلِمِينَ كَانُوا مَعَ الْمُشْرِكِينَ يُكَثِّرُونَ سَوَادَ الْمُشْرِكِينَ عَلَى رَسُولِ اللَّهِ صلى الله عليه وسلم يَأْتِي السَّهْمُ فَيُرْمَى بِهِ، فَيُصِيبُ أَحَدَهُمْ فَيَقْتُلُهُ أَوْ يُضْرَبُ فَيُقْتَلُ، فَأَنْزَلَ اللَّهُ ‏{‏إِنَّ الَّذِينَ تَوَفَّاهُمُ الْمَلاَئِكَةُ ظَالِمِي أَنْفُسِهِمْ‏}‏ الآيَةَ‏.‏ رَوَاهُ اللَّيْثُ عَنْ أَبِي الأَسْوَدِ‏.‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: മുസ്‌ലിംകളായ ചിലർ ബഹുദൈവ വിശ്വാസികളുടെ കൂടെയായിരുന്നു. നബി ﷺ യുടെ കാലത്ത് അവർ മുശ് രിക്കുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയിരുന്നു. അവർക്കുനേരെ അയക്കുന്ന ഒരമ്പ് മുസ് ലിംകളിലൊരുവന് കൊള്ളുകയും അയാൾ വധിക്കപ്പെടുകയും ചെയ്തു. അല്ലെങ്കിൽ അടിയേറ്റ് കൊല്ലപ്പെടും. അപ്പോൾ അല്ലാഹു ഈ സുക്തമിറക്കി:{സ്വന്തത്തോട് തന്നെ അതിക്രമം പ്രവർത്തിച്ചവരെ മരിപ്പിക്കുമ്പോൾ മലക്കുകൾ അവരോട് ചോദിക്കും: നിങ്ങൾ എന്തവസ്ഥയിലാണകപ്പെട്ടിരുന്നത്? അവർ പറയും: ഞങ്ങൾ ഭൂമിയിൽ അടിച്ചമർത്തപ്പെട്ടവരായിരുന്നു. മലക്കുകൾ ചോതിക്കും. അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങൾക്ക് സ്വദേശം വെടിഞ്ഞു പാലായനം ചെയ്തുകൂടായിരുന്നുവോ?} (ബുഖാരി: 4596)

പള്ളിയുമായുള്ള ബന്ധം

നബി ﷺ മദീനയിലേക്ക്‌ ഹിജ്‌റഃ വരുമ്പോള്‍, മദീനയില്‍ നിന്ന്‌ രണ്ട് നാഴിക തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്വുബായില്‍ ഇറങ്ങി അല്‍പദിവസം അവിടെ താമസിക്കുകയുണ്ടായി. ആ അവസരത്തില്‍ നിര്‍മിക്കപ്പെട്ടതും, ഇസ്‌ലാമില്‍ ഒന്നാമതായി സ്ഥാപിക്കപ്പെട്ടതുമായ പള്ളിയത്രെ ക്വുബായിലെ പള്ളി. ഈ പള്ളിയെ കുറിച്ച് വിശുദ്ധ ഖുർആൻ പറഞ്ഞു:

لَّمَسْجِدٌ أُسِّسَ عَلَى ٱلتَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ

ആദ്യ ദിവസം തന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്‌. (ഖുർആൻ:9/108)

Leave a Reply

Your email address will not be published.

Similar Posts