സൂറ:കൗഥര്‍ : അര്‍ത്ഥവും ആശയവും

THADHKIRAH

വിശുദ്ധ ഖുർആനിലെ 108 ാ മത്തെ സൂറത്താണ് سورة الكوثر (സൂറ: കൗഥര്‍). മൂന്ന് ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ചെറിയ സൂറത്താണിത്. കൗഥര്‍ എന്നാല്‍ ‘ധാരാളമായ നന്മ’ എന്നാണര്‍ത്ഥം.സൂറത്തിന്റെ തുടക്കത്തിൽ കൗഥര്‍ എന്ന പദം പരാമർശിക്കപ്പെട്ടിരിക്കുന്നു.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

إِنَّآ أَعْطَيْنَٰكَ ٱلْكَوْثَرَ ‎﴿١﴾‏ فَصَلِّ لِرَبِّكَ وَٱنْحَرْ ‎﴿٢﴾‏ إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ ‎﴿٣﴾‏‏

തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു. ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍). (സൂറ:അൽ കൗഥര്‍)

സൂറ:കൗഥറിന്റെ ശ്രേഷ്ടതകൾ

عَنْ أَنَسٍ، قَالَ بَيْنَا رَسُولُ اللَّهِ صلى الله عليه وسلم ذَاتَ يَوْمٍ بَيْنَ أَظْهُرِنَا إِذْ أَغْفَى إِغْفَاءَةً ثُمَّ رَفَعَ رَأْسَهُ مُتَبَسِّمًا فَقُلْنَا مَا أَضْحَكَكَ يَا رَسُولَ اللَّهِ قَالَ ‏”‏ أُنْزِلَتْ عَلَىَّ آنِفًا سُورَةٌ ‏”‏ ‏.‏ فَقَرَأَ ‏”‏ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ‏{‏ إِنَّا أَعْطَيْنَاكَ الْكَوْثَرَ – فَصَلِّ لِرَبِّكَ وَانْحَرْ – إِنَّ شَانِئَكَ هُوَ الأَبْتَرُ‏}‏ ‏”‏ ‏.‏ثُمَّ قَالَ ‏”‏ أَتَدْرُونَ مَا الْكَوْثَرُ ‏”‏ ‏.‏ فَقُلْنَا اللَّهُ وَرَسُولُهُ أَعْلَمُ ‏.‏ قَالَ ‏”‏ فَإِنَّهُ نَهْرٌ وَعَدَنِيهِ رَبِّي عَزَّ وَجَلَّ عَلَيْهِ خَيْرٌ كَثِيرٌ هُوَ حَوْضٌ تَرِدُ عَلَيْهِ أُمَّتِي يَوْمَ الْقِيَامَةِ آنِيَتُهُ عَدَدُ النُّجُومِ

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി ﷺ ഞങ്ങൾക്ക് ഇടയിലായിരിക്കെ ഒരു മയക്കത്തിലേക്ക് വഴുതിവീണു. പിന്നീട് അവിടുന്ന് പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു. ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്തിനാണ് താങ്കൾ ചിരിച്ചത്? അവിടുന്ന് പറഞ്ഞു: ഇപ്പോൾ എനിക്ക് മേൽ ഒരു സൂറത്ത് അവതരിപ്പിക്കപ്പെടുകയുണ്ടായി. ശേഷം അവിടുന്ന് സൂറ: കൗഥർ പാരായണം ചെയ്തു. എന്നിട്ട് നബി ﷺ ചോദിച്ചു: “കൗഥർ” എന്നാൽ എന്താണെന്ന് നിങ്ങൾക്കറിയുമോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിനും അവന്റെ റസൂലിനുമാണ് ഏറ്റവും അറിയുക. നബി ﷺ പറഞ്ഞു: എന്റെ റബ്ബ് എനിക്ക് വാഗ്ദാനം ചെയ്ത അരുവിയാണത്. അതിൽ ധാരാളം നന്മകളുണ്ട്. അതൊരു ഹൗളായിരിക്കും. എന്റെ ഉമ്മത്ത് അതിൽ നിന്ന് വെള്ളം കുടിക്കുന്നതിനായി വന്നുചേരുന്നതാണ്. അതിലെ വെള്ളപാത്രങ്ങൾ നക്ഷത്രങ്ങളോളമുണ്ടായിരിക്കും. (മുസ്ലിം: 400)

إِنَّآ أَعْطَيْنَٰكَ ٱلْكَوْثَرَ ‎

തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു. (സൂറ:അൽ കൗഥര്‍ 1)

يَقُولُ اللَّهُ تَعَالَى لِنَبِيِّهِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُمْتَنًّا عَلَيْهِ: {إِنَّا أَعْطَيْنَاكَ الْكَوْثَرَ} أَيِ: الْخَيْرَ الْكَثِيرَ، وَالْفَضْلَ الْغَزِيرَ، الَّذِي مِنْ جُمْلَتِهِ، مَا يُعْطِيهُ اللَّهُ لِنَبِيِّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ الْقِيَامَةِ، مِنَ النَّهْرِ الَّذِي يُقَالُ لَهُ الْكَوْثَرُ وَمِنَ الْحَوْضِ .

അല്ലാഹു മുഹമ്മദ് നബി ﷺ യോട് പറയുന്നു: {തീര്‍ച്ചയായും നിനക്ക് നാം ധാരാളമായ നേട്ടം നല്‍കിയിരിക്കുന്നു} അതായത്: നിനക്ക് നാം ധാരാളം നന്മയും വര്‍ധിച്ച ഔദാര്യവും നല്‍കിയിരിക്കുന്നു. അതില്‍ പെട്ടതാണ് അന്ത്യനാളില്‍ അല്ലാഹു തന്റെ പ്രവാചകന് ﷺ നല്‍കുന്ന ഹൗളുല്‍ കൗസര്‍. (തഫ്സീറുസ്സഅ്ദി)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَ سَأَلْتُهَا عَنْ قَوْلِهِ تَعَالَى ‏{‏إِنَّا أَعْطَيْنَاكَ الْكَوْثَرَ‏}‏ قَالَتْ نَهَرٌ أُعْطِيَهُ نَبِيُّكُمْ صلى الله عليه وسلم شَاطِئَاهُ عَلَيْهِ دُرٌّ مُجَوَّفٌ آنِيَتُهُ كَعَدَدِ النُّجُومِ‏.‏

ആഇശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം:{തീർച്ചയായും താങ്കൾക്ക് നാം കൗഥർ നൽകിയിട്ടുണ്ട്} എന്നതിനെക്കുറിച്ച് ചോദിക്കപ്പെട്ടു. അവർ പറഞ്ഞു; അത് നിങ്ങളുടെ പ്രവാചകന് നൽകപ്പെട്ട ഒരു അരുവിയാണ്. അതിന്റെ ഇരു തീരങ്ങളിലും വിശാലമായ, രത്നനിർമ്മിതമായ കൊട്ടാരങ്ങളുണ്ട്. അതിലെ പാനപ്പാത്രങ്ങൾ നക്ഷത്രങ്ങളുടെ എണ്ണത്തോളമുണ്ട്. (ബുഖാരി:4965)

عَنْ أَنَسٍ ـ رضى الله عنه ـ قَالَ لَمَّا عُرِجَ بِالنَّبِيِّ صلى الله عليه وسلم إِلَى السَّمَاءِ قَالَ ‏ “‏ أَتَيْتُ عَلَى نَهَرٍ حَافَتَاهُ قِبَابُ اللُّؤْلُؤِ مُجَوَّفًا فَقُلْتُ مَا هَذَا يَا جِبْرِيلُ قَالَ هَذَا الْكَوْثَرُ ‏”‏‏.‏

അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ആകാശാരോഹണം ചെയ്‌പ്പോൾ പറഞ്ഞു: ഒരു നദിയുടെ അടുക്കൽ ഞാൻ ചെന്നു. അതിൻ്റെ ഇരുകരകളിലും ഉൾഭാഗം വിശാലമായ രത്ന നിർമ്മിതമായ ഗോപുരങ്ങളുണ്ട്. ഞാൻ ചോദിച്ചു: ജിബ്രീൽ, ഇതെന്താണ്? ജിബ്‌രീൽ പറഞ്ഞു; ഇതാണ് കൗഥർ. (ബുഖാരി:4964)

عَنْ أَبِي ذَرٍّ، قَالَ قُلْتُ يَا رَسُولَ اللَّهِ مَا آنِيَةُ الْحَوْضِ قَالَ ‏ “‏ وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لآنِيَتُهُ أَكْثَرُ مِنْ عَدَدِ نُجُومِ السَّمَاءِ وَكَوَاكِبِهَا أَلاَ فِي اللَّيْلَةِ الْمُظْلِمَةِ الْمُصْحِيَةِ آنِيَةُ الْجَنَّةِ مَنْ شَرِبَ مِنْهَا لَمْ يَظْمَأْ آخِرَ مَا عَلَيْهِ يَشْخُبُ فِيهِ مِيزَابَانِ مِنَ الْجَنَّةِ مَنْ شَرِبَ مِنْهُ لَمْ يَظْمَأْ عَرْضُهُ مِثْلُ طُولِهِ مَا بَيْنَ عَمَّانَ إِلَى أَيْلَةَ مَاؤُهُ أَشَدُّ بَيَاضًا مِنَ اللَّبَنِ وَأَحْلَى مِنَ الْعَسَلِ ‏”‏ ‏.‏

അബൂദ൪റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂലേ, ഹൗളുല്‍ കൌസറിന്റെ പാത്രങ്ങള്‍ എങ്ങനെയുള്ളതായിരിക്കും? നബി ﷺ പറഞ്ഞു: മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെയാണെ സത്യം, അതിലെ പാത്രങ്ങൾ ആകാശങ്ങളിലെ നക്ഷത്രങ്ങളുടെ അത്രയും വരുന്നതാണ്. അന്ധകാരം നിറഞ്ഞ രാത്രിയില്‍ തെളിഞ്ഞുകാണുന്ന നക്ഷത്രങ്ങളെ പോലെയാണ് സ്വ൪ഗത്തിലെ പാത്രങ്ങൾ. അതില്‍ നിന്ന്‍ ആരെങ്കിലും കുടിച്ചാല്‍ അവസാനം വരെ ദാഹിക്കുകയില്ല. സ്വര്‍ഗ്ഗത്തില്‍ നിന്ന് അതിലേക്ക് രണ്ടു അരുവികള്‍ പതിക്കുന്നു. ആരെങ്കിലും അതില്‍ നിന്ന്‍ കുടിച്ചാല്‍ അവന് ദാഹിക്കുകയില്ല. അതിന്റെ വീതി അതിന്റെ നീളം പോലെ തന്നെയാകുന്നു. അമ്മാന്‍ മുതല്‍ ഐല വരെയാണ്. അതിലെ വെള്ളം പാലിനേക്കാള്‍ വെളുത്തതും തേനിനേക്കാള്‍ മധുരമുള്ളതുമാണ്. (മുസ്ലിം:2300)

فَصَلِّ لِرَبِّكَ وَٱنْحَرْ

ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. (സൂറ:അൽ കൗഥര്‍ 2)

وَلَمَّا ذَكَرَ مِنَّتَهُ عَلَيْهِ، أَمَرَهُ بِشُكْرِهَا فَقَالَ: {فَصَلِّ لِرَبِّكَ وَانْحَرْ} خَصَّ هَاتَيْنِ الْعِبَادَتَيْنِ بِالذِّكْرِ، لِأَنَّهُمَا أَفْضَلُ الْعِبَادَاتِ وَأَجَلُّ الْقُرُبَاتِ. وَلِأَنَّ الصَّلَاةَ تَتَضَمَّنُ الْخُضُوعَ فِي الْقَلْبِ وَالْجَوَارِحِ لِلَّهِ، وَتَنَقُّلُهُ فِي أَنْوَاعِ الْعُبُودِيَّةِ، وَفِي النَّحْرِ تَقَرُّبٌ إِلَى اللَّهِ بِأَفْضَلِ مَا عِنْدَ الْعَبْدِ مِنَ النَّحَائِرِ، وَإِخْرَاجٌ لِلْمَالِ الَّذِي جُبِلَتِ النُّفُوسُ عَلَى مَحَبَّتِهِ وَالشُّحِّ بِهِ.

നബി ﷺ ക്ക് അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹത്തെ കുറിച്ച് പറഞ്ഞുകൊണ്ട് അതിന് നന്ദി കാണിക്കാന്‍ കല്‍പിക്കുകയും ചെയ്യുന്നു. {ആകയാല്‍, നിന്റെ രക്ഷിതാവിനു വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക} ഈ രണ്ട് ആരാധനകളെ ഇവിടെ പ്രത്യേകം പരാമര്‍ശിച്ചു. കാരണം അവ രണ്ടും ആരാധനകളില്‍ അതി ശ്രേഷ്ഠവും പുണ്യകര്‍മങ്ങളില്‍ മഹത്വമേറിയതുമാണ്. നമസ്‌കാരം ഹൃദയം കൊണ്ടും അവയവങ്ങള്‍ കൊണ്ടും അല്ലാഹുവിനുള്ള വിധേയത്വവും ആരാധനയുമാണ്. ബലിയാവട്ടെ ഒരു അടിമ തന്റെ അടുക്കലുള്ള വിശിഷ്ടമായ ബലിമൃഗങ്ങളിലൂടെ അല്ലാഹുവിലേക്ക് അടുക്കലും മനുഷ്യ മനസ്സുകള്‍ ഏറെ ഇഷ്ടപ്പെടുകയും പിശുക്ക് കാണിക്കുകയും ചെയ്യുന്ന ധനത്തെ ചെലവഴിക്കലുമാണ്. (തഫ്സീറുസ്സഅ്ദി)

അല്ലാഹുവിന് വേണ്ടി മാത്രം നമസ്കരിക്കുകയും, അവന് മാത്രമായി ബലിയർപ്പിക്കുകയും ചെയ്യുക. ബഹുദൈവാരാധകർ അവരുടെ വിഗ്രഹങ്ങളോട് സാമീപ്യം ലഭിക്കാൻ വേണ്ടി അവക്കായി ബലിയർപ്പിക്കുന്നതിന് എതിരാകുക എന്നും സൂചനയുണ്ട്.

ഈ ഉപദേശം നബി ﷺ തിരുമേനി വേണ്ടും വണ്ണം സ്വീകരിച്ചുവന്നിട്ടുണ്ട് താനും. രാത്രിയില്‍ അധിക സമയം നിന്ന് നമസ്കരിക്കുന്നതുമൂലം അവിടുത്തെ കാലില്‍ നീരുകെട്ടിപ്പോകുമായിരുന്നു. അവിടുത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തന്നിരിക്കെ ഇത്രത്തോളം വിഷമിക്കുന്നത് എന്തിനാണെന്ന് ആയിശ  رضي الله عنها ചോദിച്ചപ്പോള്‍ ‘ഞാന്‍ ഒരു നന്ദിയുള്ള അടിമ ആകേണ്ടതല്ലേ?’ എന്നായിരുന്നു അവിടുന്ന് മറുപടി പറഞ്ഞത്. നമസ്കാരം വര്‍ദ്ധിപ്പിക്കുന്നതില്‍ തിരുമേനിക്കുണ്ടായിരുന്ന അതീവ താല്‍പര്യം പ്രസിദ്ധമാണ്. മൃഗബലി നടത്തുന്ന കാര്യത്തിലും തിരുമേനി മുന്‍പന്തിയില്‍ തന്നെയായിരുന്നു. വലിയ പെരുന്നാളിലും, ഹജ്ജിന്റെയും ഉംറഃയുടെയും അവസാനത്തിലും ധാരാളം ബലികര്‍മം നടത്തുക അവിടുത്തെ പതിവായിരുന്നു. (അമാനി തഫ്സീര്‍)

إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ ‏‏

തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍). (സൂറ:അൽ കൗഥര്‍ 3)

മദീനയിലെ യഹൂദ നേതാവായിരുന്ന കഅ്ബു ബ്നുൽ അശ്റഫിന്റെ വിഷയത്തിലാണ് ഈ ആയത്തിന്റെ അവതരണം.

إِنَّ شَانِئَكَ أَيْ: مُبْغِضُكَ وَذَامُّكَ وَمُنْتَقِصُكَ هُوَ الأَبْتَرُ أَيِ: الْمَقْطُوعُ مِنْ كُلِّ خَيْرٍ، مَقْطُوعُ الْعَمَلِ، مَقْطُوعُ الذِّكْرِ. وَأَمَّا مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَهُوَ الْكَامِلُ حَقًّا، الَّذِي لَهُ الْكَمَالُ الْمُمْكِنُ لِلْمَخْلُوقِ، مِنْ رَفْعِ الذِّكْرِ، وَكَثْرَةِ الْأَنْصَارِ، وَالْأَتْبَاعِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.

{തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍} അതായത്: നിന്നോട് വിദ്വേഷം കാണിക്കുകയും നിന്നെ ആക്ഷേപിക്കുകയും നിസ്സാരവത്കരിക്കുകയും ചെയ്യുന്നവന്‍. {അവന്‍ തന്നെയാണ് വാലറ്റവന്‍} എല്ലാ നന്മയും കര്‍മങ്ങളും പ്രശസ്തിയും നഷ്ടപ്പെട്ടവന്‍. എന്നാല്‍ മുഹമ്മദ് നബി ﷺ യാവട്ടെ, യഥാര്‍ഥത്തില്‍ പരിപൂര്‍ണന്‍ തന്നെയാണ്. അതായത്, പ്രശസ്തിയിലും സഹായികളുടെയും അനുയായികളുടെയും ആധിക്യത്തിലും ഒരു സൃഷ്ടിക്ക് സാധ്യമാവുന്ന രൂപത്തിലുള്ള പരിപൂര്‍ണത. (തഫ്സീറുസ്സഅ്ദി)

നബി ﷺ തിരുമേനിയെ അവിടുത്തെ പ്രബോധന സംരംഭത്തില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ തങ്ങള്‍ പ്രയോഗിക്കുന്ന എല്ലാ അടവുകളും പരാജയപ്പെടുന്നതില്‍ ക്ഷുഭിതരായ ശത്രുക്കള്‍ തിരുമേനിയെക്കുറിച്ചു പലതും പറഞ്ഞുകൊണ്ടിരിക്കും. അക്കൂട്ടത്തില്‍, ‘മുഹമ്മദ് അധികം താമസിയാതെ മരണമടയും, അതോടെ ഈ പുത്തന്‍ പ്രസ്ഥാനവും നശിച്ചുകൊള്ളും, അവനു ആണ്‍മക്കള്‍ ജീവിക്കുന്നില്ല, അതു കൊണ്ടു അവന്റെ പ്രാതിനിധ്യം ഏറ്റെടുക്കുവാന്‍ ആളുണ്ടാകുകയില്ല. ആകയാല്‍ അവന്‌ ഇവിടെ ഭാവിയില്ല’ എന്നൊക്കെപ്പറഞ്ഞു അവര്‍ കൃതാര്‍ത്ഥത അടയും. ഇവരെക്കുറിച്ചാണ് അവസാനത്തെ സൂക്തത്തില്‍ പ്രസ്താവിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സംഭവിക്കുവാന്‍ പോകുന്നത് നേരെ മറിച്ചാണ്, നബി ﷺ യോട് വിദ്വേഷവും പകയും വെച്ചു പുലര്‍ത്തുന്ന അക്കൂട്ടരാണ് വാലറ്റവര്‍, അവര്‍ക്കാണ് പിന്തുടര്‍ച്ചയില്ലാത്തത്, അവരുടെ പേരും പ്രശസ്തിയുമാണ് നശിക്കാന്‍ പോകുന്നത്. നബി ﷺ യുടെ പിന്തുടര്‍ച്ചയും സ്മരണയും പ്രശസ്തിയുമെല്ലാം തന്നെ ലോകാവസാനം വരെ നിലനില്‍ക്കാതിരിക്കയില്ല എന്നൊക്കെയാണ് അവസാനത്തെ വചനത്തില്‍ സൂചിപ്പിക്കുന്നത്. സംഭവിച്ചതും അങ്ങിനെത്തന്നെ. والله اعلم. (അമാനി തഫ്സീര്‍)

ഈ സൂറത്തിൽ, അല്ലാഹു നബി ﷺ ക്ക് നൽകിയ അനുഗ്രഹങ്ങൾ ഓർമ്മപ്പെടുത്തുകയും, അവിടുത്തോട് ശത്രുത പുലർത്തുന്നവർക്ക് ശക്തമായ മറുപടി നൽകുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published.

Similar Posts